Saturday, July 27, 2024

ad

Homeപ്രതികരണംഏകീകൃത സിവില്‍ കോഡ് 
കൊണ്ടുവരുന്നതിനു പിന്നിൽ

ഏകീകൃത സിവില്‍ കോഡ് 
കൊണ്ടുവരുന്നതിനു പിന്നിൽ

പിണറായി വിജയൻ

കീകൃത സിവില്‍ കോഡിനെ കുറിച്ച് പെട്ടെന്ന് ചര്‍ച്ച ഉയര്‍ത്തിക്കൊണ്ടുവരുന്നതിനു പിന്നിൽ കേന്ദ്ര ഭരണകക്ഷിയായ ബിജെപിയുടെ തിരഞ്ഞെടുപ്പ് അജൻഡയാണുള്ളത്. ഇപ്പോള്‍ ഏകീകൃത സിവില്‍ കോഡിനെക്കുറിച്ചുയരുന്ന ഏത് ചര്‍ച്ചയും രാജ്യത്തിന്റെ ബഹുസ്വരതയെ തകര്‍ക്കാനും ഭൂരിപക്ഷ ആധിപത്യം സ്ഥാപിക്കാനുമാണെന്ന് സംശയിക്കുന്നവരെ കുറ്റപ്പെടുത്താന്‍ കഴിയില്ല. രാജ്യത്തെ സാംസ്കാരിക വൈരുധ്യങ്ങളെ ഇല്ലാതാക്കി ‘ഒരു രാഷ്ട്രം ഒരു സംസ്കാരം’ എന്ന ഭൂരിപക്ഷ വര്‍ഗീയ അജൻഡ നടപ്പാക്കാനുള്ള പദ്ധതിയായി മാത്രമേ ഈ നീക്കത്തെ കാണാനാകൂ.

ഏകീകൃത സിവില്‍ കോഡ് ഈ ഘട്ടത്തില്‍ ആവശ്യമായതോ അഭികാമ്യമോ അല്ലെന്ന് കഴിഞ്ഞ ലോ കമ്മീഷന്‍ 2018 ല്‍ വിലയിരുത്തിയിരുന്നു. ആ നിലപാടില്‍ നിന്നും വ്യതിചലിക്കേണ്ട സാഹചര്യം പെട്ടെന്ന് എങ്ങനെ ഉണ്ടായി എന്നാണ് പുതിയ നീക്കത്തിന്റെ വക്താക്കള്‍ ആദ്യം വിശദീകരിക്കേണ്ടത്. വ്യത്യസ്തതകളെ തച്ചുടകയ്ക്കുന്ന ഏകരൂപതയല്ല മറിച്ച് വ്യത്യസ്തതകളെയും വിയോജിപ്പുകളെയും കൂടി ഉള്‍ക്കൊള്ളാന്‍ കഴിയുന്ന വൈവിധ്യമാണ് ഇന്ത്യയുടെ സവിശേഷത. വ്യക്തിനിയമങ്ങളെ പ്രത്യേക അജൻഡവെച്ച് ഏകീകരിക്കലല്ല, മറിച്ച് വിവിധ സാംസ്കാരിക വിശ്വാസ ധാരകളുടെ വ്യക്തിനിയമങ്ങളെ കാലോചിതമായി പരിഷ്കരിക്കലാണ് ചെയ്യേണ്ടുന്ന കാര്യം.

നിലവിൽ വിവിധ സമുദായങ്ങളുടെ വ്യക്തിനിയമങ്ങൾ അവരുടെ മതവിശ്വാസങ്ങളാൽ നിയന്ത്രിക്കപ്പെടുന്ന സ്‌ഥിതിയാണ്. വ്യത്യസ്ത സംസ്കാര വിശ്വാസ ധാരകൾ പിന്തുടരുന്നവരിൽ ഏകരൂപമുള്ള വ്യക്തിനിയമങ്ങൾ സ്വാഭാവികമായും ഉണ്ടാവില്ല. വിവാഹം, വിവാഹമോചനം, രക്ഷാകർതൃത്വം, അനന്തരാവകാശം, ദത്തെടുക്കൽ തുടങ്ങിയ കാര്യങ്ങളിൽ വിവിധ മത വിശ്വാസികൾ പിന്തുടരുന്ന വ്യക്തിനിയമങ്ങളിൽ വിവേചനപരമായ കാര്യങ്ങളുണ്ട് എന്നതും വസ്തുത തന്നെയാണ്. അവയിൽ കാലാനുസൃതമായ മാറ്റങ്ങളും അനിവാര്യമാണ്.

ഈയൊരു മാറ്റങ്ങൾക്കാവശ്യമായ സാമൂഹിക മുന്നേറ്റങ്ങൾ ഉണ്ടാവുകയും അതിനനുസൃതമായ കൂട്ടായ അഭിപ്രായ സമന്വയത്തിലൂടെ മാത്രം പരിഷ്കരണ പ്രക്രിയ നടക്കുന്നതുമാവും ഉചിതം. ഇതെല്ലാം അതാത് മത സാമുദായിക നേതൃത്വങ്ങളെകൂടി വിശ്വാസത്തിലെടുത്ത് തീരുമാനിക്കുന്നതാണ് കരണീയം. നവീകരണ ശ്രമങ്ങൾ നടക്കേണ്ടത് ഉള്ളിൽ നിന്നുമാണ്, അല്ലാതെ പുറത്തുനിന്നുമല്ല. ഏതൊരു മതത്തിലെയും പരിഷ്കരണ പ്രസ്‌ഥാനങ്ങൾ അവയ്ക്കകത്തുനിന്നുമാണ് ഉണ്ടായിട്ടുള്ളത്. നിർബന്ധപൂർവ്വം അടിച്ചേൽപ്പിക്കുന്ന ഏകീകൃത സിവിൽ കോഡിനുപകരം വ്യക്തിനിയമങ്ങൾക്കുള്ളിലെ വിവേചനപരമായ സമ്പ്രദായങ്ങളുടെ പരിഷ്കരണത്തിനും ഭേദഗതികൾക്കും അനുകൂലമായ ശ്രമങ്ങളാണുണ്ടാവേണ്ടത്. അത്തരം ശ്രമങ്ങൾക്ക് ആ വിശ്വാസ സമൂഹത്തിന്റെ പിന്തുണ അത്യാവശ്യവുമാണ്. ബന്ധപ്പെട്ട എല്ലാ കക്ഷികളെയും ഉൾപ്പെടുത്തിയുള്ള ചർച്ചകളിലൂടെ മാത്രമേ അതുണ്ടാകാൻ പാടുള്ളൂ.

ഇപ്പോൾ ഏകീകൃത സിവിൽ കോഡിനെക്കുറിച്ചുയരുന്ന ഏത് ചർച്ചയും രാജ്യത്തിന്റെ ബഹുസ്വരതയെ തകർക്കാനും ഭൂരിപക്ഷ ആധിപത്യം സ്‌ഥാപിക്കാനുമാണെന്ന് സംശയിക്കുന്നവരെ കുറ്റപ്പെടുത്താൻ കഴിയില്ല. ഏകീകൃത സിവിൽ കോഡ് അടിച്ചേൽപ്പിക്കുന്നു എന്ന തോന്നൽ ആർക്കും ഉണ്ടാവരുത്. അല്ലാത്ത പക്ഷം അത് സാമൂഹ്യ അരക്ഷിതാവസ്‌ഥയിലേക്കാവും നയിക്കുക.

വ്യക്തിനിയമങ്ങളെ പൊതുനിയമത്തിൽ നിന്ന് വേർതിരിക്കുന്നത് ആർട്ടിക്കിൾ 25ഉം -28 ഉം ആണ്. ഇത് പൗരർക്ക് മതസ്വാതന്ത്ര്യം ഉറപ്പുനൽകുകയും മതവിഭാഗങ്ങളെ അവരുടെ സ്വന്തം വിശ്വാസ പ്രമാണങ്ങൾക്കനുസരിച്ച് ജീവിക്കാൻ അനുവദിക്കുകയും ചെയ്യുന്നു. അതായത് ഭരണഘടന വഴി മതവിശ്വാസികളുടെ അവകാശങ്ങൾ പരിരക്ഷിക്കപ്പെടുന്നു. എന്നാൽ ദേശീയ നയങ്ങൾ രൂപീകരിക്കുമ്പോൾ എല്ലാ ഇന്ത്യൻ പൗരർക്കുമായി നിർദ്ദേശക തത്വങ്ങളും പൊതു നിയമങ്ങളും ബാധകമാക്കണമെന്ന ഭരണഘടനയുടെ ആർട്ടിക്കിൾ 44 ഇതിന് വൈരുധ്യമാണെന്ന് ചൂണ്ടിക്കാട്ടിയാണ് ഏകീകൃത സിവിൽ കോഡിന്റെ പ്രശ്നം ഉയർന്നുവന്നത്. ഇവിടെ നിർദ്ദേശക തത്വങ്ങൾ നടപ്പിലാക്കുന്നതിൽ ഒരു സംസ്‌ഥാന സർക്കാരിന് ഒറ്റയ്ക്ക് നിലപാട് കൈക്കൊള്ളാൻ കഴിയില്ല. എക്‌സിക്യൂട്ടീവ് തീരുമാനത്തിലൂടെയല്ല ഇവിടെ പരിഹാരം വേണ്ടത് എന്നതും സുവ്യക്തമായ കാര്യമാണ്. സംസ്‌ഥാന സർക്കാരിന് ഇന്നത്തെ ഭരണഘടനാ ചട്ടക്കൂടിൽ നിന്നും ഇതിൽ ഒരു തീരുമാനമെടുക്കുക പ്രായോഗികമല്ല.

രാജ്യത്തെ സാംസ്കാരിക വൈരുധ്യങ്ങളെ ഇല്ലാതാക്കി “ഒരു രാഷ്ട്രം ഒരു സംസ്കാരം’ എന്ന ഭൂരിപക്ഷ വർഗീയ അജൻഡ നടപ്പാക്കാനുള്ള പദ്ധതിയായി മാത്രമേ ഏകീകൃത സിവിൽ കോഡ് നടപ്പാക്കാനുള്ള തിടുക്കപ്പെട്ട ശ്രമങ്ങളെ കാണാൻ കഴിയൂ. എല്ലാ വ്യക്തിഗത നിയമങ്ങൾക്കും പകരം ഏകീകൃത സിവിൽ കോഡ് കൊണ്ടുവരിക എന്നത് ഭൂരിപക്ഷ മത വർഗീയ അജൻഡയുടെ ഭാഗമാണ്. വിവാഹം, വിവാഹമോചനം, രക്ഷാകർതൃത്വം, അനന്തരാവകാശം, ദത്തെടുക്കൽ, പിന്തുടർച്ചാവകാശം, പരിപാലനം മുതലായ കാര്യങ്ങളിൽ ഏകീകൃത നിയമങ്ങൾ ഉണ്ടാക്കുക എന്നതാണ് ഏകീകൃത സിവിൽ കോഡിന്റെ ലക്ഷ്യമെങ്കിലും രാജ്യത്തിന്റെ സാമൂഹിക ഘടനയെ തകർക്കുന്ന രീതിയിലാണ് പ്രസ്തുത കോഡ് വന്നു ഭവിക്കുക. അതിനാൽ ഏകീകൃത സിവില്‍ കോഡ് അടിച്ചേല്‍പ്പിക്കാനുള്ള നീക്കത്തില്‍ നിന്ന് കേന്ദ്ര സര്‍ക്കാരും നിയമ കമ്മീഷനും പിന്മാറണം. 

ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

1 × four =

Most Popular