Saturday, November 9, 2024

ad

Homeപ്രതികരണംകേരളം സമഗ്ര ഭൂരേഖാ ഡിജിറ്റൽ സംവിധാനത്തിലേക്ക്

കേരളം സമഗ്ര ഭൂരേഖാ ഡിജിറ്റൽ സംവിധാനത്തിലേക്ക്

പിണറായി വിജയൻ

രാജ്യത്തിനാകെ മാതൃകയായ ഒരു പുതിയ പദ്ധതിയ്ക്കു കൂടി കേരളം തുടക്കം കുറിച്ചു. റവന്യൂ, രജിസ്ട്രേഷന്‍, സര്‍വേ എന്നീ വകുപ്പുകള്‍ സംയുക്തമായി നടപ്പിലാക്കുന്ന ‘എന്റെ ഭൂമി സമഗ്ര ഭൂവിവര ഡിജിറ്റല്‍ സംവിധാനം’ യാഥാര്‍ത്ഥ്യമായി. ഇന്ത്യയിലെ തന്നെ ആദ്യത്തെ സമഗ്ര ഭൂവിവര ഡിജിറ്റല്‍ സംവിധാനമാണിത്. ഡിജിറ്റല്‍ മേഖലയില്‍ ഏറെ വികസിച്ചിട്ടുള്ള ലോകരാജ്യങ്ങള്‍ക്കിടയില്‍ പോലും വിരലിലെണ്ണാവുന്ന ഇടങ്ങളില്‍ മാത്രമാണ് സമഗ്ര ഭൂരേഖാ ഡിജിറ്റല്‍ സംവിധാനങ്ങള്‍ നിലവിലുള്ളത്. ലോകരാജ്യങ്ങൾക്കിടയിൽ തന്നെ എസ്തോണിയ ,സിംഗപ്പൂർ, ന്യൂസിലാൻഡ് എന്നിവിടങ്ങളിൽ മാത്രമാണ് നിലവിൽ സമഗ്ര ഭൂരേഖ ഡിജിറ്റൽ സംവിധാനങ്ങൾ നിലവിൽ ഉള്ളത്. ബ്രിട്ടനിലും ആസ്ത്രേലിയയിലും കാനഡയിലും ജർമ്മനിയിലും ഈ മേഖലയിൽ മുന്നേറ്റങ്ങൾ ഉണ്ടായിട്ടുണ്ട്. അതിനാല്‍ ഭൂരേഖാ പരിപാലനത്തിനുള്ള ഈ സംവിധാനം യാഥാര്‍ത്ഥ്യമാക്കുക വഴി കേരളം രാജ്യത്തിനാകെ വഴികാട്ടുകയാണ്.

ഡിജിറ്റല്‍ ലാന്‍ഡ് സര്‍വേ മൂന്നാം ഘട്ടത്തിലേക്ക് കടക്കുന്ന സാഹചര്യത്തിലാണ് ഈ ഡിജിറ്റല്‍ ഭൂരേഖാ സംവിധാനം യാഥാര്‍ത്ഥ്യമായിട്ടുള്ളത്. സംസ്ഥാനത്തെ ഭൂരേഖാ വിവരങ്ങള്‍ ഇനി ആര്‍ക്കും ഒറ്റ ക്ലിക്കിലൂടെ ലഭ്യമാകും. ഭൂമിയുടെ കൈമാറ്റം, ഭൂമി രജിസ്റ്റര്‍ ചെയ്യുന്നതിനുള്ള ടെംപ്ലേറ്റ് സംവിധാനം, പ്രീ മ്യൂട്ടേഷന്‍ സ്കെച്ച്, സര്‍ട്ടിഫിക്കറ്റ്, ഭൂനികുതി അടവ്, ന്യായവില നിര്‍ണയം, ഓട്ടോമ്യൂട്ടേഷന്‍, ലൊക്കേഷന്‍ സ്കെച്ച്, ഭൂമിയുടെ തരംമാറ്റം തുടങ്ങിയ ഒട്ടേറെ സേവനങ്ങള്‍ ഇനി ഈ പോര്‍ട്ടലിലൂടെ ലഭ്യമാകും. വിവിധ ഓഫീസുകള്‍ കയറിയിറങ്ങാതെ തന്നെ ഇനി പൊതുജനങ്ങള്‍ക്ക് ഭൂമിസംബന്ധമായ ഇടപാടുകള്‍ കാര്യക്ഷമമായും സുതാര്യമായും ലഭ്യമാകും.

കാസര്‍കോട് ജില്ലയിലെ ഉജ്ജാര്‍ ഉള്‍വാര്‍ വില്ലേജില്‍ തുടക്കം കുറിക്കുന്ന ‘എന്റെ ഭൂമി’ പോര്‍ട്ടല്‍ മൂന്നു മാസത്തിനകം ഡിജിറ്റല്‍ സര്‍വേ പൂര്‍ത്തിയായ 212 വില്ലേജുകളിലേക്കും വ്യാപിപ്പിക്കും. ഭൂരേഖാ വിവരങ്ങളുടെ നിരന്തരവും കൃത്യവുമായ പുതുക്കലുകളിലൂടെ ഇന്റഗ്രേറ്റഡ് ലാന്‍ഡ് ഇന്‍ഫര്‍മേഷന്‍ മാനേജ്മെന്റ്- സിസ്റ്റം ഭൂരേഖാ പരിപാലനത്തെ സമഗ്രമാക്കും. ‘എല്ലാവര്‍ക്കും ഭൂമി, എല്ലാ ഭൂമിക്കും രേഖ, എല്ലാ സേവനങ്ങളും സ്മാര്‍ട്ട്’ എന്നീ ലക്ഷ്യങ്ങൾ മുന്‍നിര്‍ത്തി സംസ്ഥാന സര്‍ക്കാര്‍ ആരംഭിച്ച ‘എന്റെ ഭൂമി ഡിജിറ്റല്‍ ലാന്‍ഡ് സര്‍വേ’ പദ്ധതിയിലൂടെ 212 വില്ലേജുകളിലെ 35.2 ലക്ഷം പാര്‍സലുകളിലായി 4.8 ലക്ഷം ഹെക്ടര്‍ ഭൂമിയുടെ സര്‍വേ ഇതിനോടകം പൂര്‍ത്തിയാക്കിയിട്ടുണ്ട്. ഇന്ത്യയില്‍ തന്നെ ഡിജിറ്റല്‍ ലാന്‍ഡ് സര്‍വേയില്‍ കാര്യമായ പുരോഗതി കൈവരിച്ച ഏക സംസ്ഥാനമാണ് കേരളം.

സര്‍ക്കാരും ജനങ്ങളും തമ്മിലുള്ള ഇഴയടുപ്പം കൂടുതല്‍ വര്‍ദ്ധിപ്പിക്കുക എന്നതാണ് ഇടതുപക്ഷ ജനാധിപത്യ മുന്നണി സര്‍ക്കാരിന്റെ ലക്ഷ്യം. ഈ കാഴ്ചപ്പാടോടെ സര്‍ക്കാരിന്റെ നൂറുദിന കര്‍മപരിപാടിയുടെ ഭാഗമായി പന്ത്രണ്ട് പുതിയ റവന്യൂ ഇ സേവനങ്ങള്‍ പൊതുജനങ്ങള്‍ക്ക് ലഭ്യമാക്കിയിട്ടുണ്ട്. വസ്തുവിന്മേലുള്ള ബാധ്യത രേഖപ്പെടുത്തുന്നതിനും ഭൂമിയെക്കുറിച്ചുള്ള വിവരങ്ങള്‍ ലഭ്യമാക്കുന്നതിനും കെട്ടിട നികുതി അപ്പീല്‍ നല്‍കുന്നതിനുമുള്ള ഓണ്‍ലൈന്‍ സംവിധാനങ്ങള്‍ സംസ്ഥാനത്ത് ഇന്ന് ലഭ്യമാണ്. റവന്യൂ റിക്കവറി ഡിജിറ്റല്‍ പേമെന്റ്- സംവിധാനവും ഇ- സര്‍വ്വീസ് മൊബൈല്‍ ആപ്ലിക്കേഷന്‍ പരാതി പരിഹാര സംവിധാനങ്ങളും ഭൂമി സംബന്ധമായ കേസുകള്‍ കൈകാര്യം ചെയ്യുന്ന കോടതികളുടെ വിവരം ലഭ്യമാക്കാനുള്ള സംവിധാനവും എല്ലാം ഇ- സര്‍വീസ് മുഖേനയാക്കിവരികയാണ്.

ഇതെല്ലാം തന്നെ ജനങ്ങളുടെ ജീവിതത്തെ കൂടുതല്‍ മെച്ചപ്പെടുത്താനായി ഇടതുപക്ഷ ജനാധിപത്യ മുന്നണി സര്‍ക്കാര്‍ സാങ്കേതികവിദ്യകളെ പ്രയോജനപ്പെടുത്തുന്നതിന്റെ ദൃഷ്ടാന്തങ്ങളാണ്. ശാസ്ത്രത്തെയും സാങ്കേതികവിദ്യകളെയും മനുഷ്യപുരോഗതിക്കും സാമൂഹിക പരിവര്‍ത്തനത്തിനുമായി ഉപയോഗപ്പെടുത്തുക എന്ന കാഴ്ചപ്പാടാണ് നമ്മെ നയിക്കുന്നത്. വ്യവസായ,-തദ്ദേശ സ്വയംഭരണ വകുപ്പുകളില്‍ ഉള്‍പ്പെടെ ആ കാഴ്ചപ്പാട് പ്രാവര്‍ത്തികമാക്കുന്നതിലൂടെ ഉണ്ടായിട്ടുള്ള പ്രകടമായ മാറ്റം ഇന്ന് കേരളത്തിന്റെ പൊതുസമൂഹത്തിനാകെ അനുഭവവേദ്യമാണ്.

റവന്യൂ വകുപ്പിന്റെ പ്രവര്‍ത്തനങ്ങളില്‍ നൂതന സാങ്കേതികവിദ്യകളെ പ്രയോജനപ്പെടുത്തുന്നതിനുള്ള ഇടപെടലുകള്‍ സംസ്ഥാന സര്‍ക്കാര്‍ നേരത്തെ തന്നെ ആരംഭിച്ചിരുന്നു. ഡിജിറ്റല്‍ റീസര്‍വ്വേ നടപ്പാക്കിയും സ്മാര്‍ട്ട് വില്ലേജ് ഓഫീസുകള്‍ ഒരുക്കിയും യുണീക്ക് തണ്ടപ്പേര്‍ ഏര്‍പ്പെടുത്തിയും ഇ- ഗവേണന്‍സ് സംവിധാനങ്ങളെ ശക്തിപ്പെടുത്തിയും കേരളത്തിലുള്ളവര്‍ക്കു മാത്രമല്ല, ലോകമെങ്ങുമുള്ള കേരളീയ പ്രവാസി സഹോദരങ്ങള്‍ക്കാകെ ഉപകാരപ്രദമാകും വിധം റവന്യൂ വകുപ്പിന്റെ സേവനങ്ങള്‍ വ്യാപിപ്പിച്ചിട്ടുണ്ട്. റവന്യൂ വെബ് പോര്‍ട്ടല്‍ വഴി നല്‍കുന്ന സേവനങ്ങള്‍ ഇന്ന് 10 വിദേശ രാജ്യങ്ങളില്‍ കൂടി ലഭ്യമാണ്. യു കെ, യു എസ് എ, കാനഡ, സിങ്കപ്പൂര്‍, സൗദി അറേബ്യ, യു എ ഇ, ഒമാന്‍, ഖത്തര്‍, കുവൈറ്റ്, ബഹറിന്‍ എന്നീ രാജ്യങ്ങളിലാണ് ആദ്യഘട്ടമായി സേവനങ്ങള്‍ ലഭ്യമാക്കുന്നത്. പടിപടിയായി ഇത് മറ്റിടങ്ങളിലേക്കും വ്യാപിപ്പിക്കും.

സംസ്ഥാനത്ത് ഇ- പട്ടയങ്ങള്‍ വിതരണം ചെയ്യുന്നതിനുള്ള നടപടികള്‍ സ്വീകരിച്ചതും പ്രത്യേക പട്ടയമിഷനു രൂപം നല്‍കിയതും എല്ലാം ഭൂമിയുടെ കൈവശാവകാശം ലഭ്യമാക്കുന്നതിനുള്ള പ്രത്യേക ഇടപെടലുകളാണ്. ഇതിനൊക്കെ പുറമെയാണ് ഐ എല്‍ ഐ എം എസ് പോര്‍ട്ടല്‍ യാഥാര്‍ത്ഥ്യമാക്കിയിട്ടുള്ളത്. റവന്യൂ വകുപ്പിനെ കൂടുതല്‍ ജനോന്മുഖമാക്കുക എന്ന ലക്ഷ്യത്തോടെയാണ് സർക്കാർ മുന്നോട്ടുപോകുന്നത്. ഈ പ്രവർത്തനങ്ങൾ ആ ലക്ഷ്യ പൂർത്തീകരണത്തിലേക്കുള്ള ഉറച്ച ചുവടുവയ്പുകളാണ്.

ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

15 − six =

Most Popular