സിനിമയെ പ്രണയിച്ച ,സിനിമയെ സ്വപ്നം കണ്ട ഒരു പെൺകുട്ടി. സംഗീതവും നൃത്തവും അവൾക്ക് ജീവനാണ് . സിനിമയുടെ വെള്ളിവെളിച്ചത്തിൽ തനിക്കൊരു ഇടം ഉണ്ടാക്കാൻ കഴിയുമെന്ന ആത്മവിശ്വാസം അവൾക്ക് ഉണ്ടായിരുന്നു. തന്റെ എല്ലാ ഇഷ്ടങ്ങൾക്കും ഒപ്പം നിൽക്കുന്ന അച്ഛനും അമ്മയുമായിരുന്നു അവളുടെ ധൈര്യം. എന്നാൽ നിർഭാഗ്യവശാൽ രേവതി സമ്പത്തിനു നേരിടേണ്ടി വന്നത് അതിക്രമങ്ങളും അവഹേളനങ്ങളും ആണ്.
എങ്കിലും ഇന്നവൾ ഒരു തിരിച്ചുവരവിനുള്ള തയാറെടുപ്പിലാണ്; അതിനുള്ള പോരാട്ടത്തിലാണ്. അന്തസ്സോടെ, ആത്മാഭിമാനം പണയപ്പെടുത്താതെ തന്റെ ലക്ഷ്യം നേടണമെന്ന വാശിയിലാണവൾ.
എന്നാൽ ഈ നിമിഷത്തിൽ അവൾ അറിയപ്പെടുന്നത് തുറന്നുപറച്ചിലിലൂടെ മലയാള സിനിമയിൽ ഒരു ബോംബ് വർഷിച്ച വ്യക്തി എന്ന നിലയിലാണ്. ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തുവരികയും ചില സ്ത്രീകളെങ്കിലും ധൈര്യമായി തങ്ങൾക്കുണ്ടായ ദുരനുഭവങ്ങൾ , ലൈംഗികാതിക്രമങ്ങൾ വെളിപ്പെടുത്തുകയും ചെയ്തപ്പോഴാണ് രേവതി സമ്പത്തും തനിക്ക് വർഷങ്ങൾക്കു മുൻപുണ്ടായ അനുഭവത്തെക്കുറിച്ച് മാധ്യമങ്ങൾക്കുമുന്നിൽ തുറന്നു പറഞ്ഞത്.
ചലച്ചിത്രത്തിലെന്ന പോലെ അവൾ തന്റെ കഥ പറഞ്ഞു:
തിരുവനന്തപുരത്ത് മണക്കാടാണ് ഞങ്ങളുടെ സ്ഥലം. നന്മ മാത്രമുള്ള, യാതൊരു ആണധികാര രീതികളും ഇല്ലാത്ത എന്റെ അച്ഛൻ സമ്പത്ത് കുമാർ ആരുടേയും സഹായം ഇല്ലാതെ സ്വയം ജീവിതം കരുപ്പിടിപ്പിച്ച വ്യക്തിയാണ്.അച്ഛന്റെ കുട്ടിക്കാലം ദാരിദ്ര്യവും പീഡനവും നിറഞ്ഞതായിരുന്നു. അച്ഛൻ റിയാദിൽ 15 വർഷം ജോലി ചെയ്തശേഷം മടങ്ങി വന്നു. കമലേശ്വരം സ്വദേശിയായ അമ്മ പ്രിയ വീട്ടമ്മയാണെങ്കിലും ഒരുപാട് പ്രതിഭയുള്ള സ്ത്രീയാണ്.പക്ഷേ അമ്മയുടെ വീട്ടിലെ രീതികൾ കാരണം അമ്മയുടെ കഴിവുകൾ വളർത്തിയെടുക്കാനായില്ല. അതുകൊണ്ടാകാം എന്റെ എല്ലാ ഇഷ്ടങ്ങൾക്കും അമ്മ കൂട്ടുനിന്നു .എന്നെ പാട്ടുംനൃത്തവും അഭ്യസിപ്പിച്ചു. നല്ല പുസ്തകങ്ങളും നല്ല സിനിമയും പരിചയപ്പെടുത്തി . അച്ഛനും അമ്മയും തമ്മിലുള്ള മനോഹരമായ പാരസ്പര്യം ആണ് എന്റെ മാതൃക. എല്ലാ വാരാന്ത്യത്തിലും പുറത്തുപോയി ഭക്ഷണം കഴിക്കുകയും സിനിമ കാണുകയും ചെയ്യുന്ന സന്തുഷ്ടമായ ഒരു കൊച്ചു കുടുംബമായിരുന്നു ഞങ്ങളുടേത്. ആരെയും ദ്രോഹിക്കാത്ത, ആരുടെയും കാര്യത്തിൽ ഇടപെടാത്തവരാണ് എന്റെ അച്ഛനും അമ്മയും. അച്ഛൻ പല ബിസിനസ്സും നടത്തി ഒരു കുറവും ഇല്ലാതെ കുടുംബം പോറ്റി.
എന്നാൽ എന്റെ സ്‌കൂൾ ജീവിതം എനിക്ക് ഒട്ടും സന്തോഷകരമായിരുന്നില്ല. എന്റെ ജാതിയെ കുറിച്ചും നിറത്തെ കുറിച്ചും പറഞ്ഞ് എന്നെ ടീച്ചർമാർ അധിക്ഷേപിച്ചു. എന്നെ മത്സരങ്ങളിൽ നിന്നും മാറ്റി നിർത്തി. എല്ലായിടത്തും നിന്നും മാറ്റി നിർത്തി. എന്നെക്കൊണ്ട് ഒന്നിനും കൊള്ളില്ലെന്ന് ഞാൻ ധരിച്ചു. എനിക്ക് എന്നെത്തന്നെ ഒട്ടും ഇഷ്ടമുണ്ടായിരുന്നില്ല. പക്ഷേ പ്ലസ് ടൂ പഠനത്തിന് സ്റ്റേറ്റ് സിലബസിൽ മറ്റൊരു സ്‌കൂളിൽ ആണ് ചേർന്നത്. നേരെ മറിച്ചായിരുന്നു ഇവിടെ. എന്റെ ജീവിതം തളിർത്തു. ഞാൻ നല്ല മാർക്കുവാങ്ങി .എന്നെ ഞാനാക്കി മാറ്റിയ ജ്യോതിശ്രീ ടീച്ചർ അവിടെ ഉണ്ടായിരുന്നു. ഞാൻ മത്സരങ്ങളിൽ പങ്കെടുത്തു.സമ്മാനങ്ങൾ വാങ്ങി. അങ്ങനെ എന്റെ സ്വപ്നങ്ങൾക്ക് ചിറകു മുളച്ചു തുടങ്ങി. പക്ഷേ, അപ്പോഴും എന്താണ് ഞാൻ ജീവിതത്തിൽ ചെയ്യാൻ പോകുന്നത് എന്നത് സംബന്ധിച്ച വ്യക്തത ഉണ്ടായിരുന്നില്ല. സൗന്ദര്യ മത്സരങ്ങളും മറ്റും എന്നെ ആകർഷിച്ചു. ആയിടയ്ക്കാണ് യാദൃച്ഛികമായി നടൻ സിദ്ദിഖിനെയും പരിചയപ്പെട്ടത്. ഒരു അപ്പൂപ്പനെപ്പോലെയായിരുന്നു എനിക്ക് അദ്ദേഹത്തെ ക്കുറിച്ച് തോന്നിയത്. എന്റെ അപ്പൂപ്പൻ നേരത്തെ മരിച്ചു പോയതാണ്. പക്ഷേ വലിയ ചതിക്കുഴിയിലാണ് ഞാൻ വീണു പോയത്. അതിന്റെ വിശദാംശങ്ങൾ കോടതിയിൽ കേസുള്ളതുകൊണ്ട് പറയുന്നില്ല. ഈ സംഭവം എന്നെ വല്ലാത്ത മനസികാവസ്ഥയിലാക്കി. അതിന്റെ ഷോക്ക് വാക്കുകളിൽ വിവരിക്കാനാവില്ല.
പാട്ടും നൃത്തവും അഭിനയവുമെല്ലാം ആയിരുന്നു എനിക്ക് പ്രിയം.
20 – -21 വയസായപ്പോഴാണ് ഞാൻ മോഡലിങ് ചെയ്തു തുടങ്ങിയത്.ഏറ്റവും വലിയ ഭാഗ്യം ഡാലു കൃഷ്ണദാസിന്റെ ഒപ്പം പ്രവർത്തിയ്ക്കാൻ കഴിഞ്ഞതാണ്.ഏറ്റവും മാന്യനായ അദ്ദേഹമാണ് എന്നെ മോഡലിങ്ങിൽ നിലനിൽക്കാൻ സഹായിച്ചത്. പല പ്രധാന ഷോകളിലും ഞാൻ പങ്കെടുത്തു. റാംപായിരുന്നു എനിക്കിഷ്ടം. പരസ്യങ്ങളിൽ അഭിനയിച്ചില്ല. ഹൈദരാബാദിൽ രാമോജി റാവു ഫിലിം സിറ്റിയിൽ നടന്ന ഒരു സൗന്ദര്യ മത്സരത്തിൽ സെക്കൻഡ് റണ്ണർ അപ് ആയത് വലിയ ഒരു സ്വപ്നത്തിന്റെ സാക്ഷാത്കാരമായിരുന്നു. പിന്നീട് ഒരുപാട് സ്റ്റേജ് ലഭിച്ചു.
കൊച്ചിയിലെ ആക്ട് ലാബ് സ്റ്റുഡിയോയിൽ ചേർന്ന് അഭിനയം പഠിച്ചു . അതൊരു വലിയ മാറ്റം ആയിരുന്നു.അഭിനയം എന്നത് പഠിക്കേണ്ട വിഷയം ആണെന്ന് ഞാൻ തിരിച്ചറിഞ്ഞത് അപ്പോഴാണ്. 2018 ൽ ആയിരുന്നു ഇത്. അതേ വർഷം തന്നെയാണ് രാജേഷ് ടച് റിവറിന്റെ ഒഡിയ ഭാഷയിലുള്ള”ഭട്നഗർ’ എന്ന സിനിമയിൽ അമൃത എന്ന പൊലീസ് ഓഫീസറുടെ ഭാഗം ചെയ്യാൻ അവസരം ലഭിച്ചത്. സാമൂഹ്യ പ്രവർത്തകയായ സുനിത കൃഷ്ണന്റെ ഭർത്താവായ രാജേഷിന്റെ ഒപ്പം ജോലി ചെയ്യുന്നതിൽ ഞാൻ സന്തോഷിച്ചു. സുനിതയാണ് സഹനിർമാതാവ്. പക്ഷേ ആ സെറ്റിലും കടുത്ത അപമാനങ്ങൾ എനിക്ക് അനുഭവിക്കേണ്ടി വന്നു. വളരെ മോശപ്പെട്ട അനുഭവങ്ങളുണ്ടായി. പണം കിട്ടാൻ പോലും വഴക്കുണ്ടാക്കേണ്ടി വന്നു. അക്കൊല്ലം തന്നെ ആദ്യമായി പരസ്യമായി എനിക്കുണ്ടായ ദുരനുഭവത്തെ കുറിച്ച് പ്രതികരിച്ചു. അന്ന് ‘മി ടൂ’വിന്റെ ഒരു പ്രവാഹം തന്നെ ഉണ്ടായ കാലമായിരുന്നു. പിന്നീട് 2019 ൽ സിദ്ദിഖിനെതിരെയും എഴുതി. അതോടെ ഞാൻ പൂർണമായി സിനിമാലോകത്തു നിന്നും തഴയപ്പെട്ടു. സൈബർ ആക്രമണം ഭീകരമായിരുന്നു. 2021 ൽ 14 പേരുടെ ലിസ്റ്റ് കൂടി പരസ്യപ്പെടുത്തി. പിന്നെ വ്യാജപ്രചാരണങ്ങൾ തുടങ്ങി.എന്നെ തകർക്കുന്ന തരം ദുഷ്പ്രചാരണങ്ങളും ദുരാരോപണങ്ങളും കൊണ്ട് എന്നെ ഇല്ലാതാക്കാനായിരുന്നു അവരുടെ ശ്രമം.
ഇപ്പോഴും നടക്കുന്നുണ്ട് അപവാദ പ്രചാരണങ്ങൾ. എന്തോ നേട്ടത്തിനായി ഞാൻ ശ്രമിക്കുന്നു എന്നാണ് ചിലർ പറയുന്നത്. ഞാൻ അനീതിയെയും അക്രമത്തെയുംഎതിർക്കുന്നതു കൊണ്ട് എനിക്ക് നഷ്ടങ്ങൾ മാത്രമേ ഉള്ളൂ.കഠിനമായ മാനസിക സംഘർഷത്തിലൂടെയാണ് ഞാൻ കടന്നു പോകുന്നത്. എനിക്ക് ഭയമില്ല,ഒട്ടും. മരിക്കാനും പേടിയില്ല. പക്ഷേ പലതരം ആശങ്കകൾ ഉണ്ട്. കോടതിയും പൊലീസും കേസുമായി പോകുമ്പോൾ ജീവിതം കഠിനമായിത്തീരും. കുറ്റവാളികൾ വളരെ വേഗത്തിൽ ജാമ്യവും മുൻകൂർ ജാമ്യവും എടുത്ത് പുറത്തു നടക്കുന്നത് കാണുന്പോൾ ചിലപ്പോൾ നിരാശ തോന്നും.
ഒരുപാടുപേർ പിന്തുണയ്-ക്കുന്നുമുണ്ട്. എന്റെ മാതാപിതാക്കൾ എന്റെ കൂടെത്തന്നെ നിൽക്കുന്നു. സഖി പോലെയുള്ള സംഘടനകൾ നൽകുന്ന ശക്തി ചെറുതല്ല. ഹേമ കമ്മിറ്റിയിൽ ഞാൻ പ്രസ്താവനകൾ കൊടുത്തിട്ടില്ല. അന്ന് അതിനു കഴിഞ്ഞില്ല. പക്ഷേ ഹേമകമ്മിറ്റി റിപ്പോർട്ടാണ് ഇപ്പോൾ ഞങ്ങൾക്ക് തുറന്നു പറയാൻ ധൈര്യം നൽകിയത്. സിനിമ വ്യവസായത്തിൽ ഗുണകരമായ മാറ്റം ഉണ്ടാകുമെന്ന് തന്നെ ഞാൻ പ്രതീക്ഷിക്കുന്നു.
എന്റെ ആഗ്രഹം അഭിമാനത്തോടെ സിനിമയിൽ നിൽക്കണം എന്നാണ്. എനിക്കിപ്പോൾ അതാണ് ലക്ഷ്യം. ഞാൻ സൈക്കോളജി ബി എസ് സിയും ക്ലിനിക്കൽ സൈക്കോളജി എം എസ് സിയും കഴിഞ്ഞു. മനഃശാസ്ത്രം ഞാൻ പ്രൊഫഷൻ ആയിത്തന്നെ കാണുന്നു. പക്ഷേ എന്റെ സ്വപ്നം സിനിമ തന്നെയാണ്. ആ സ്വപ്നത്തിന്റെ പിന്നാലെ തന്നെയാണ് ഞാൻ. ആ സ്വപ്നസാക്ഷാത്കാരം ഉണ്ടാകുമെന്നു തന്നെ ഞാൻ വിശ്വസിക്കുന്നു. സിനിമയുടെ എല്ലാ വശങ്ങളെക്കുറിച്ചും പഠിക്കാൻ എനിക്കാഗ്രഹമുണ്ട് .കഥ എഴുതാനും സംവിധാനം ചെയ്യാനും മോഹമുണ്ട്. സിനിമ ഞാൻ അത്രയേറെ ഇഷ്ടപ്പെടുന്നു. ഏത് പെൺകുട്ടിക്കും അന്തസ്സോടെ സിനിമയിൽ പ്രവർത്തിക്കാൻ കഴിയണം.
ഹേമ കമ്മിറ്റി റിപ്പോർട്ട് സർക്കാർ വളരെ ഗൗരവത്തിൽ എടുത്തതായി കാണുന്നു. എന്റെ പോരാട്ടം മലയാള സിനിമയുടെ അന്തരീക്ഷം ജനാധിപത്യപരവും നീതിയുക്തവും ആക്കിത്തീർക്കുമെന്ന ശുഭപ്രതീക്ഷ എനിക്കുണ്ട്. ചരിത്രം എന്റെ സമരത്തെ പൂർണമായ അർത്ഥത്തിൽ തിരിച്ചറിയുമെന്നും എനിക്ക് ഉറപ്പുണ്ട്. l