പൃഥ്വിരാജ്
ഹേമ കമ്മിറ്റി റിപ്പോർട്ടിൽ കുറ്റക്കാരായി കണ്ടെത്തുന്നവരെ മാതൃകാപരമായി ശിക്ഷിക്കണം . ഒരു കാര്യം വിസ്മരിക്കരുത്. ഇങ്ങനെയൊരു തിരുത്തൽ ,ശരിയായ ദിശയിലേക്കുള്ള വഴിമാറ്റിവിടൽ ആദ്യം സംഭവിച്ചത് മലയാള സിനിമ മേഖലയിൽ ആണെന്ന് ഒരിക്കൽ ഇന്ത്യൻ സിനിമാ ചരിത്രം രേഖപ്പെടുത്തും.
ആരോപണങ്ങൾ ഉണ്ടാകുമ്പോൾ അവ അന്വേഷിക്കപ്പെടണം.
അന്വേഷണത്തിനൊടുവിൽ കുറ്റക്കാരനാണെന്ന് കണ്ടെത്തിയാൽ മാതൃകാപരമായി ശിക്ഷിക്കപ്പെടണം. ആരോപണങ്ങൾ കള്ളമാണെന്ന് ബോധ്യപ്പെട്ടാൽ മറിച്ചും മാതൃകാപരമായ ശിക്ഷാനടപടികൾ ഉണ്ടാകണം. ഇരകളുടെ പേരുകളാണ് നമ്മുടെ നാട്ടിലെ നിയമവ്യവസ്ഥിതി അനുസരിച്ച് സംരക്ഷിക്കപ്പെടേണ്ടത്. ആരോപണ വിധേയരുടെ പേരുകൾ സംരക്ഷിക്കപ്പെടാൻ നിയമം അനുശാസിക്കാത്തിടത്തോളം കാലം ആ പേരുകൾ പുറത്തുവിടാൻ നിയമതടസം ഉണ്ടെന്ന് ഞാൻ കരുതുന്നില്ല.
ഹേമ കമ്മിറ്റി റിപ്പോർട്ടിലുള്ള പേരുകൾ പുറത്തുവിടണോ വേണ്ടയോ എന്ന് തീരുമാനിക്കേണ്ടത് അധികാരത്തിൽ ഇരിക്കുന്നവരാണ്. ഹേമ കമ്മിറ്റിയുമായി ആദ്യം സംസാരിച്ചവരിൽ ഒരാൾ ഞാൻ ആണ്. അതുകൊണ്ട് റിപ്പോർട്ട് പുറത്തുവന്നപ്പോൾ ഞെട്ടലൊന്നും ഉണ്ടായില്ല. ഈ റിപ്പോർട്ട് സമർപ്പിക്കപ്പെടുന്നത് സിനിമാ മേഖലയിൽ സ്ത്രീകൾ നേരിടുന്ന പ്രശ്‌നങ്ങളെക്കുറിച്ച് സമഗ്രമായ പഠനം നടത്തുവാനും എങ്ങനെയൊരു സുരക്ഷിതമായ തൊഴിലിടം സാധ്യമാകും എന്നതിനെക്കുറിച്ച് ചിന്തിക്കാനുമാണ്.
പരാതികൾ പരിഹരിക്കുന്നതിൽ ‘AMMAയ്ക്ക്’ വീഴ്ച സംഭവിച്ചിട്ടുണ്ട്. എനിക്ക് ചെയ്യാൻ കഴിയുന്നത് എനിക്ക് ചുറ്റുമുള്ള തൊഴിലിടം സുരക്ഷിതമാക്കുക എന്നുള്ളതാണ്. പക്ഷേ അതിൽ ഉത്തരവാദിത്വം തീരുന്നില്ല. സിനിമ സെറ്റിൽ ആഭ്യന്തര പരാതി സമിതി രൂപീകരിക്കണം എന്ന നിർദേശം ഉണ്ടെങ്കിൽ അതുണ്ടാകണം. എന്റെ സെറ്റിൽ അതുണ്ട് എന്നതിൽ എന്റെ ഉത്തരവാദിത്തം തീരുന്നില്ല. എന്റെയോ നിങ്ങളുടേയോ ഉത്തരവാദിത്തം അതുകൊണ്ട് അവസാനിക്കുന്നില്ല.
പവർഗ്രൂപ്പിനെ എനിക്ക് അഭിമുഖീകരിക്കേണ്ടിവന്നിട്ടില്ല. എന്നാൽ അതുകൊണ്ട് , അങ്ങനെയൊരു ഗ്രൂപ്പ് ഇവിടെ ഇല്ല എന്ന് അവകാശപ്പെടാനാവില്ല. അവർ കാരണം അവസരം നിഷേധിക്കപ്പെട്ടവർ മലയാള സിനിമയിലുണ്ടെങ്കിൽ അവരുടെ വിഷമം കേൾക്കണം. അങ്ങനെയൊരു ഗ്രൂപ്പ് ഉണ്ടെങ്കിൽ അതില്ലാതാകണം. ശക്തമായ നടപടികളും ഇടപെടലുകളും AMMA സംഘടനയുടെ ഭാഗത്തുനിന്നുണ്ടാകേണ്ടതുതന്നെയാണ്.
ഏതെങ്കിലും സ്ഥാനങ്ങളിലിരിക്കുന്ന ആളുകൾക്കെതിരെ ആരോപണങ്ങൾ ഉണ്ടാവുകയാണെങ്കിൽ മര്യാദയുടെ ഭാഗമായി ചെയ്യേണ്ടത് ആ സ്ഥാനത്തുനിന്ന് അവർ മാറിനിന്ന് അന്വേഷണം നേരിടുക എന്നതാണ്. കാരണം ഒരു സ്ഥാനത്തിരിക്കുമ്പോൾ അന്വേഷണം നേരിടാൻ പാടില്ല എന്നാണ് ഞാൻ വിശ്വസിക്കുന്നത്.
ആക്രമിക്കപ്പെട്ട നടി തിരികെ താരസംഘടനയിലേക്ക് എത്തട്ടെ എന്നാണ് പ്രത്യാശിക്കുന്നത്. ഒരു സിനിമ എങ്ങനെ നിർമിക്കുന്നു എന്ന് കൃത്യമായി അറിയാത്തവർക്ക് ഏകതാനമായി പ്രവർത്തിക്കുന്ന, ഒരേ സ്വഭാവമുള്ള ബോഡിയായി സിനിമയെ കുറിച്ചു തോന്നിയേക്കാം. പക്ഷേ ഒരു സിനിമാ സെറ്റ് അങ്ങനെയല്ല. അവിടെ ഭക്ഷണം നല്കുന്നവരുണ്ട്, മറ്റു ജോലികൾ ചെയ്യുന്നവരുണ്ട്. ജൂനിയർ ആർട്ടിസ്റ്റുമാരെ കൊണ്ടുവരുന്ന ഏജന്റുമാരുണ്ട്. കൃത്യമായി ചിട്ടയോടെ അല്ല സിനിമയുടെ പ്രവർത്തനം.അതുണ്ടാകണം.അതിനു വേണ്ട കാര്യങ്ങൾ ചർച്ച ചെയ്തു തീരുമാനിക്കണം.
വിലക്കിന്റെ കാര്യത്തിൽ പാർവതി തിരുവോത്തിനു മുമ്പ് നിങ്ങളുടെ മുമ്പിലുള്ള ഉദാഹരണം ഞാനല്ലേ. നിരോധനം എന്ന് ഇതിനെ വിളിക്കുന്നത് തെറ്റാണ്. ബഹിഷ്കരണം എന്നത് ഓരോരുത്തരുടേയും വ്യക്തിപരമായ അവകാശമാണ്. എന്നാൽ ഇതേകാര്യം ഒരു അധികാര സ്ഥാനത്തിരിക്കുന്നയാളുകളുടെ ഭാഗത്തുനിന്നു വരുമ്പോൾ അത് പലപ്പോഴും പ്രതിധ്വനിക്കുന്നത് നിരോധനമായിട്ടാണ്. ഇന്നും സംഘടിതമായരീതിയിൽ ഒരാളുടെ തൊഴിലവസരം നിഷേധിക്കപ്പെടുന്നുണ്ടെങ്കിൽ അത് കണ്ണുതുറന്ന് കണ്ടേ മതിയാവൂ. അങ്ങനെ ചെയ്യാൻ അവകാശമോ അധികാരമോ ആർക്കുമില്ല.ഇതിനെയാണ് പവർ ഗ്രൂപ്പ് എന്ന് പറയുന്നതെങ്കിൽ ആ ഗ്രൂപ്പ് മലയാള സിനിമയിൽ ഉണ്ടാവാനേ പാടില്ല.
ആസിഫ് അലി
എന്റെ ഭാഗത്തുനിന്ന് എല്ലാ പിന്തുണയും ബുദ്ധിമുട്ടനുഭവിച്ചവർക്ക് ഉണ്ടാകും. ഇങ്ങനെ ബുദ്ധിമുട്ടനുഭവിച്ചതായി റിപ്പോർട്ട് നൽകിയ എല്ലാവരുടെയും കൂടെ നമ്മളെല്ലാവരും ഉണ്ടാകും. പരാതി എന്താണെന്ന് കണ്ടെത്താനും പരിഹാരങ്ങൾ എടുക്കാനും കഴിയട്ടെ. മൊഴികൾ എന്താണെന്ന് പഠിക്കണം, മനസിലാക്കണം. അതിനുശേഷമായിരിക്കണം എല്ലാവരും പ്രതികരിക്കേണ്ടത്. ചെറിയ ധാരണയുടെ പുറത്ത് ആളുകൾ പ്രതികരിക്കാതെയിരിക്കുക. ഒരു സഹപ്രവർത്തകൻ എന്ന നിലയിൽ ബുദ്ധിമുട്ടുണ്ടായവരുടെ കൂടെ തന്നെയായിരിക്കും എല്ലാ സമയത്തും ഉണ്ടാവുകയെന്നത് ഇതിന് മുന്നേ ഞാൻ പറഞ്ഞിട്ടുള്ളതാണ്. അതിൽ തന്നെയാണ് ഇപ്പോഴും ഉറച്ചു നിൽക്കുന്നത്.
ജഗദീഷ്
ഹേമ കമ്മിറ്റി റിപ്പോർട്ട് വൈകിയതിൽ പൊതുസമൂഹത്തോട് മാപ്പു പറയുന്നു.
കമ്മിറ്റി റിപ്പോർട്ടിന്മേലുള്ള പ്രതികരണം വൈകിയതിൽ AMMAയ്ക്ക് വീഴ്ച സംഭവിച്ചു.ഇത് ഒറ്റപ്പെട്ട സംഭവമാക്കി ഒഴിഞ്ഞുമാറാൻ സാധിക്കില്ല. പരാതി ലഭിച്ചിട്ടുണ്ടെങ്കിൽ അത് അന്വേഷിക്കണം. വാതിൽ മുട്ടിയെന്ന് നടിമാർ പറയുമ്പോൾ എവിടെ മുട്ടി എന്ന് ചോദിക്കേണ്ട കാര്യമില്ല. ഇരയുടെ പേര് ഒഴിവാക്കാം. വേട്ടക്കാരന്റെ പേര് വെട്ടിമാറ്റേണ്ടതില്ല. പേജുകൾ എന്തുകൊണ്ട് ഒഴിവാക്കിയെന്നതിൽ സർക്കാർ വ്യക്തമായ വിശദീകരണം നൽകണം . ഇത്തരം സംഭവങ്ങൾ ഇനിയും ഉണ്ടാകരുത്. ഹേമ കമ്മിറ്റി റിപ്പോർട്ടിൽ നേരത്തേ അന്വേഷണം നടത്തിയിരുന്നെങ്കിൽ ഇന്ന് പല വിഷയങ്ങളിലും വലിയ മാറ്റം സംഭവിച്ചേനെ. ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തുവന്നതോടെ സിനിമ മേഖലയിൽ ഒരു ഭയമുണ്ട്. ഇത്തരം സംഭവങ്ങളുണ്ടായാൽ ചോദിക്കാനും പരാതി പറയാനും ഒരിടമുണ്ടെന്ന തോന്നലുണ്ടായിട്ടുണ്ട്.
റിപ്പോർട്ടിലെ പരാതികളെ കുറിച്ച് സമഗ്രമായ അന്വേഷണം നടത്തേണ്ടതാണ്. അതിൽ നിന്നും AMMAയ്ക്കോ പ്രൊഡ്യൂസേഴ്സ് അസോസിയേഷനോ ഒഴിഞ്ഞുമാറാൻ കഴിയില്ല. മോശമായി പ്രവർത്തിച്ചവർ ശിക്ഷിക്കപ്പെടണം. ഒരു കേസാണെങ്കിലും നടപടി വേണം. നമ്മുടെ പേര് വന്നിട്ടില്ലെന്ന് കരുതി ഇതിൽ നിന്നും ഒഴിഞ്ഞുമാറാൻ പാടില്ല. ഹേമ കമ്മിറ്റിയിലെ നിർദേശങ്ങൾ വ്യാഖാനിക്കുമ്പോൾ സിനിമാ മേഖലയുടെ ആകെ സ്വഭാവത്തെ ബാധിക്കരുത്. വിജയിച്ച നടന്മാരോ നടിമാരോ ഇത്തരത്തിൽ തെറ്റായ വഴികളിലൂടെ സഞ്ചരിച്ചാണ് വിജയം കൈവരിച്ചത് എന്ന് റിപ്പോർട്ടിൽ എവിടെയും പരാമർശിച്ചിട്ടില്ല.
വാതിൽ മുട്ടിയെന്ന് നടിമാർ പറയുമ്പോൾ എവിടെ മുട്ടി എന്ന് ചോദിക്കേണ്ട കാര്യമില്ല. പരാതി ലഭിച്ചാൽ അത് പരിശോധിക്കണം. ഒറ്റപ്പെട്ട സംഭവമെന്ന് പറഞ്ഞ് മാറ്റിനിർത്തുന്നത് ശരിയല്ല. ഒറ്റപ്പെട്ട സംഭവങ്ങിൽപോലും അന്വേഷണം ആരംഭിച്ച് പ്രതികൾക്ക് ശിക്ഷ ഉറപ്പാക്കണമെന്നാണ് AMMAയുടെയും നിലപാട്. വർഷങ്ങൾക്കു മുൻപ് നടന്ന സംഭവങ്ങളാണെങ്കിലും ഇനിയും അത് ആവർത്തിക്കാതിരിക്കാൻ വിഷയത്തിൽ റിപ്പോർട്ട് മുന്നോട്ടുവെച്ച നിർദേശങ്ങൾക്ക് സാധിക്കട്ടെയെന്നാണ് സംഘടനയുടേയും ആഗ്രഹം. സിനിമയിൽ മാത്രമല്ല മറ്റ് തൊഴിലിടങ്ങളിലും ഇത്തരം സംഭവങ്ങൾ നടക്കുന്നില്ലേ എന്ന ചോദ്യം ശരിയല്ല. സിനിമാ മേഖലയിൽ ഇത്തരം സംഭവങ്ങൾ നടക്കുന്നുണ്ടെങ്കിൽ അത് വ്യക്തമായി പരിശോധിച്ച് ആവർത്തിക്കാതിരിക്കാൻ ശ്രദ്ധിക്കുകയാണ് വേണ്ടത്. പൊതുവത്കരണം നടത്തുന്നത് ശരിയല്ല.
ടൊവിനോ
ജസ്റ്റിസ് ഹേമ കമ്മിറ്റി റിപ്പോർട്ട് മലയാള സിനിമാ മേഖലയിൽ സ്ത്രീകൾ അനുഭവിക്കുന്ന ചില ‘ദാരുണമായ’ അനുഭവങ്ങൾ പുറത്തു കൊണ്ടുവന്നു .ഞാൻ ഹേമ കമ്മിറ്റിയുമായി സംസാരിച്ചിരുന്നു .രാജ്യത്തെ പുരോഗമന സിനിമയുടെ പ്രഭവകേന്ദ്രമെന്ന നിലയിൽ, പ്രാധാന്യം നേടിയ മലയാള സിനിമാ വ്യവസായത്തിന്റെ ആന്തരിക പ്രവർത്തനങ്ങളെക്കുറിച്ചുള്ള തന്റെ അഭിപ്രായങ്ങൾ പങ്കുവെക്കാനാണ് കമ്മിറ്റി എന്നെ വിളിപ്പിച്ചത്. മലയാള സിനിമാ വ്യവസായത്തിൽ മാത്രമാണ് ഈ കമ്മിറ്റി രൂപീകരിച്ചത്, അതുകൊണ്ടാണ് നമ്മൾ മലയാള സിനിമാ വ്യവസായത്തിൽ നടക്കുന്ന കാര്യങ്ങളെക്കുറിച്ച് സംസാരിക്കുന്നത്. സിനിമയിൽ മാത്രമല്ല, മറ്റേതെങ്കിലും ഇൻഡസ്ട്രിയിലോ ലോകത്തെവിടെയെങ്കിലുമോ ഇത്തരമൊരു കമ്മിറ്റി രൂപീകരിക്കുകയാണെങ്കിൽ, ഈ പ്രശ്നം അവിടെയും ഉണ്ടാകും. ഇപ്പോൾ, ഇത് മലയാളം സിനിമ ഇൻഡസ്‌ട്രിയിൽ മാത്രമാണ് സംഭവിക്കുന്നതെന്ന് ആളുകൾ പറയുന്നുണ്ടെങ്കിൽ, അത് എന്നെ വേദനിപ്പിക്കുന്നു, കാരണം ഞാനും ഈ ഇൻഡസ്ട്രിയുടെ ഭാഗമാണ്.
“ഇൻഡസ്ട്രിയിലെ എല്ലാവരും കുഴപ്പക്കാരല്ല എന്നു വ്യക്തമാക്കാൻ ഞാൻ ആഗ്രഹിക്കുന്നു. ഇത്തരം പ്രവൃത്തികൾ ചെയ്യുന്നവർക്ക് കർശനമായ ശിക്ഷ നൽകണം, മാത്രമല്ല ജോലിസ്ഥലം സ്ത്രീകൾക്ക് സുരക്ഷിതമാക്കുന്നതിലും ശ്രദ്ധ കേന്ദ്രീകരിക്കണം’’. ആരായാലും, പുരുഷനായാലും സ്ത്രീയായാലും, ഇത്തരം ഭീകരമായ പ്രവൃത്തികൾ ചെയ്തിട്ടുണ്ടെങ്കിൽ അവർ അർഹിക്കുന്ന ശിക്ഷ അനുഭവിക്കണം. അവരെ ഒഴിവാക്കരുത്, അതാണ് ചെയ്യേണ്ട അടിസ്ഥാന കാര്യം. അവർ ശിക്ഷിക്കപ്പെടുക മാത്രമല്ല, ഇത് ആവർത്തിക്കില്ലെന്ന് ഉറപ്പാക്കുകയും വേണം. ആ അവബോധം, ആ പരിശീലന സമ്പ്രദായം ഉണ്ടാകണം, അങ്ങനെ തൊഴിൽസ്ഥലം സ്ത്രീകൾക്ക് സുരക്ഷിതമാക്കി മാറ്റണം. l