Saturday, November 9, 2024

ad

Homeകവര്‍സ്റ്റോറിസ്ത്രീപക്ഷ - 
സാംസ്കാരിക 
സിനിമ

സ്ത്രീപക്ഷ – 
സാംസ്കാരിക 
സിനിമ

ഗായത്രി വർഷ

‘‘നിഗൂഢതകളുടെ ആകാശത്ത് നിറയെ തിളങ്ങുന്ന നക്ഷത്രങ്ങളും ചന്ദ്രനും.
ഉപ്പു പോലും മധുരം കിനിയുന്ന പഞ്ചസാരയെന്ന് തോന്നിപ്പിക്കുന്ന കാല്പനികതയുടെ ലോകത്തിനപ്പുറത്ത് ആകാശതാരകങ്ങളും ചന്ദ്രനും തിളങ്ങുന്നവയല്ല. ശാസ്ത്രീയ അന്വേഷണങ്ങളിൽ തുറക്കുന്ന വൈജ്ഞാനികഗഗനത്തിൽ നക്ഷത്രങ്ങൾ തിളങ്ങുന്നില്ല; ചന്ദ്രൻ സുന്ദരവുമല്ല’’ – – ജസ്റ്റിസ് ഹേമ.

ജസ്റ്റിസ് ഹേമ നേതൃത്വം കൊടുത്ത്, മലയാളക്കരയുടെ പ്രിയ നായിക ശാരദയും റിട്ട. ഐ.എ.എസ് ഉദ്യോഗസ്ഥ കെ.ബി.വൽസലകുമാരിയും ഉൾക്കൊണ്ട മൂന്നംഗക്കമ്മിറ്റി സമർപ്പിച്ച റിപ്പോർട്ട് നിരാശയുടെയും ഒറ്റപ്പെടലിന്റെയും ഹൃദയം വിങ്ങുന്ന അനുഭവങ്ങളുടെ വേദന ഇരുൾ പരത്തിയ സിനിമാ ലോകത്തിൽ ഇരകളാക്കപ്പെട്ടത് തിളക്കമില്ലാത്ത താരകുമാരിമാർ മാത്രമല്ല താര രാജകുമാരന്മാരും കൂടിയാണെന്ന് വ്യക്തമാകുന്നു. ആൺ –- പെൺ വ്യത്യാസമില്ലാതെ ബലികഴിക്കപ്പെട്ട ഒരു പറ്റം അഭിനേതാക്കളുടെയും സാങ്കേതിക പ്രവർത്തകരുടേയും കണ്ണീരിലലിഞ്ഞ നെഞ്ചിടിപ്പിന്റെ ‘ചലച്ചിത്ര’മായി ഹേമക്കമ്മിറ്റി റിപ്പോർട്ട് മാറുന്നിടത്ത് ഇനിയുള്ള മാറ്റത്തിന്റെ കഠിനമായ ഉത്തരവാദിത്വം ആർക്കൊക്കെ എന്ന ചോദ്യം ഇടിമുഴക്കമായി നമ്മുടെ കാതുകളിൽ മുഴങ്ങുന്നു.

എന്തും ആവാം, എങ്ങനെയും ആവാം എന്നിടത്തുണ്ടായ അതിദാരുണമായ സംഭവത്തിന്റെ പരിണിതഫലമായി സിനിമയിൽ രാജ്യത്താദ്യമായി ഒരു സർക്കാർ അന്വേഷണകമ്മിറ്റി രൂപീകരിക്കുകയും സ്വതന്ത്രവും ശക്തവുമായ അന്വേഷണത്തിന് ആവശ്യമായ എല്ലാ പിന്തുണയും നൽകുകയും ചെയ്തു എന്നത് സാംസ്കാരിക കേരളത്തിന്റെ ഭാഗമായ ചരിത്രമായി മാറി . 2017 മേയ് മാസത്തിൽ വിമൻ കളക്ടീവ് ഇൻ സിനിമ (WCC )യുടെ ആവിർഭാവവും ആവശ്യവും അന്നുവരെ നിശബ്ദമായിരുന്ന സ്ത്രീ നിശ്വാസങ്ങളെപ്പോലും ശബ്ദമാക്കുകയും; ആ ശബ്ദം അനുഭാവപൂർവ്വം കേട്ട് പരിഗണിക്കാൻ സ്ത്രീപക്ഷ – സാംസ്കാരിക കേരളം എന്ന മുദ്രാവാക്യത്തോടെ ഇടതുപക്ഷജനാധിപത്യ മുന്നണി സർക്കാരും അന്നത്തെ സാംസ്-കാരിക മന്ത്രി എ കെ ബാലനും അതിനെല്ലാമുപരി ശക്തമായ നിലപാടുകളോടെ ബഹുമാന്യനായ മുഖ്യമന്ത്രി പിണറായി വിജയനും കേരളത്തിലുണ്ട് എന്നതുകൊണ്ടുതന്നെ 2017 നവംബർ 16ന് സർക്കാർ TOR (TERMS OF REFERENCE) ഉണ്ടാക്കുകയും കാര്യനിർവ്വഹണം കേരള ചലച്ചിത്ര അക്കാദമിയെ ഏൽപ്പിക്കുകയും ചെയ്തു.സർക്കാരിന്റെ TOR അനുസരിച്ച് അന്വേഷണങ്ങൾക്കുള്ള നിർദ്ദേശങ്ങൾ താഴെ പറയുന്നവയായിരുന്നു:

1. സിനിമയിലെ സ്ത്രീ സുരക്ഷയില്ലായ്മയും പരിഹാര മാർഗ നിർദ്ദേശങ്ങളും.

2. സ്ത്രീയുടെ പാർശ്വവത്കരിക്കപ്പെട്ട തൊഴിൽ -– വേതന വ്യവസ്ഥകളെ സംബന്ധിച്ച്.

3. സിനിമയുമായി ബന്ധപ്പെട്ട് അഭിനയവും ഇതര സ്വഭാവമുൾപ്പെടെയുള്ള തൊഴിലുകളിലെ സ്ത്രീ പ്രാതിനിധ്യത്തെക്കുറിച്ച്.

4. എങ്ങനെയാണ് സിനിമയിലെ സാങ്കേതികയിടങ്ങളിലേക്ക് കൂടുതൽ സുരക്ഷിതമായി സ്ത്രീകളെ പങ്കെടുപ്പിക്കേണ്ടത് എന്നതിനെ സംബന്ധിച്ച്, അനുവദിയ്ക്കപ്പെടാവുന്ന ആനുകൂല്യങ്ങളെയും സ്കോളർഷിപ്പുകളെയും സംബന്ധിച്ച്.

5. സിനിമയുമായി ബന്ധപ്പെട്ട് പ്രവർത്തിയ്ക്കുന്ന സ്ത്രീകളുടെ പ്രസവവും പ്രസവാന്തരകാലവും ഉൾപ്പെടെയുള്ള ആരോഗ്യപരിചരണ കാലങ്ങളിലെ സഹായങ്ങളെക്കുറിച്ച്.

6. സിനിമയുടെ പ്രമേയത്തിലുണ്ടാവേണ്ട ലിംഗപദവി സമത്വത്തെ സംബന്ധിച്ച്.

7. ഏറ്റവും നാമമാത്രമായ സ്ത്രീ പങ്കാളിത്തമുണ്ടാവുന്ന നിർമാണ പ്രക്രിയയിലെ മിനിമം 30% സ്ത്രീ പങ്കാളിത്ത നിർണയത്തെ സംബന്ധിച്ച്.

കാര്യനിർദ്ദേശ പ്രസക്തമായ ഈ ടേംസ് ഓഫ് റെഫറൻസ് ഇങ്ങനെ നിൽക്കെ തന്നെ ഹേമക്കമ്മിറ്റി അന്വേഷണത്തിലേക്ക് കടക്കുമ്പോൾ അഭിമുഖീകരിച്ച പ്രതിബന്ധങ്ങളാണ് റിപ്പോർട്ടിൽ ജസ്റ്റിസ് ഹേമ ആദ്യം വിശദീകരിച്ചത്.

ഏറ്റവും വലിയ ജനകീയ മാധ്യമം, അല്ല – എല്ലാവരും അവനവൻ എന്നോ,അവനവന്റെ എന്നോ,അവനവന്റെ ആരൊക്കെയോയെന്നോ, അവനവനിലെ സ്വപ്നങ്ങൾ പൂവണിയിപ്പിച്ച് ആസ്വദിയ്ക്കുന്നയിടമെന്നോ ഒക്കെ തന്മയീഭാവം കൊള്ളുന്ന ജനകീയതയുടെ സാംസ്-കാരികതലത്തിലുണ്ടാകാൻ പോകുന്ന വിപ്ലവത്തിന്റെ സാരഥ്യം എന്ന ആത്മാനുഭൂതിക്കപ്പുറം എന്തുകൊണ്ടാണ് —

1. കമ്മിറ്റിക്ക് പ്രതിസന്ധി തോന്നിയത്?

2. ഈ തൊഴിലിടത്തിന്റെ സുരക്ഷിതവും സൗന്ദര്യാത്മകവുമായ മറുപുറ സ്വപ്നങ്ങൾ മുന്നിലുയർത്തിക്കാണിച്ച നടപടിയുടെ ദിശാ ഫലകത്തിനപ്പുറം വന്ന് തങ്ങളുടെ വേദനകളുടെ,അപമാനത്തിന്റെ ഭാണ്ഡമഴിച്ച് സ്വാനുഭവങ്ങളിലേക്ക് എന്തുകൊണ്ടാണ് സിനിമാ തൊഴിലാളികളായ സ്ത്രീകൾ പോലും എത്താതിരുന്നത് ? പുരുഷന്മാരും ?

ഉത്തരം ഒന്നു മാത്രം. – അത്ര പോലും അഭിപ്രായസ്വാതന്ത്ര്യം അനുവദിക്കപ്പെടുന്ന ഒരിടമല്ല സിനിമയെന്ന തൊഴിലിടം.

ഗായത്രി വര്‍ഷ

അഥവാ നിലനിൽക്കുന്ന അധികാരയിടങ്ങളോട് കലഹിച്ചാൽ, പരിഭവിച്ചാൽ, അല്ല തികച്ചും സ്വാർത്ഥപരമായ അവരുടെ താല്പര്യങ്ങൾക്കനുസരിച്ച് അടിയറവ് പറഞ്ഞ്- പഞ്ചപുച്ഛമടക്കി നിന്നില്ലെങ്കിൽ നാളെ സിനിമ തനിയ്ക്കുള്ള ഇടമല്ലെന്ന് ഓരോരുത്തർക്കും അറിയാം.അതുകൊണ്ട് കാലാകാലങ്ങളായി അനുവർത്തിച്ചു വരുന്ന അടിമയുടെ മൗനത്തിന് ആൺ –- പെൺ വ്യത്യാസം പോലുമില്ല. ചരിത്രം നെയ്തുതീർത്ത മാറ്റത്തിനിപ്പുറം അടിമ -– ഉടമ വ്യവസ്ഥിതിയുടെ ഉച്ചനീചത്വങ്ങളിൽ നിന്ന് തൊഴിലാളി -– മുതലാളി എന്ന വ്യവസ്ഥിതി പരിണാമഘട്ടത്തിലേക്ക് സിനിമ ഇനിയും എത്തിയിട്ടില്ലേ എന്ന ചോദ്യത്തിനർഹമാം വിധം ഈ പ്രതലവിന്യാസം ഇനിയും ഇടുങ്ങിയിരിക്കുന്നു എന്ന ഭയം നമ്മിൽ വല്ലാതെ നിറഞ്ഞുനിൽക്കുന്നു.

“‘ഭയക്കുന്നു എല്ലാവരും,അതുകൊണ്ട് സുരക്ഷയെക്കുറിച്ച് ജാഗ്രതയുണ്ടായി. അവരെക്കുറിച്ച് മാത്രമല്ല,അവരുടെ അടുത്ത ബന്ധുക്കളെക്കുറിച്ചും’’ – – ജസ്റ്റിസ് ഹേമ.

അന്വേഷണത്തിലേക്ക് കടക്കുന്നു എന്ന ഘട്ടത്തിൽ ജസ്റ്റിസ് ഹേമ തന്റെ റിപ്പോർട്ടിന്റെ പേജ് നമ്പർ 15 ൽ അടിവരയിട്ട് എഴുതിയ വരികളാണിത്. ലോകം ഒന്നായ ആധുനിക കാലഘട്ടത്തിലും ബൃഹത്തായ ഭരണഘടന കൊണ്ട് ‘ആയിരം കുറ്റവാളികൾ രക്ഷപ്പെട്ടാലും ഒരു നിരപരാധിപോലും ശിക്ഷിക്കപ്പെടരുത് ‘ എന്നെഴുതിയ സാംസ്കാരിക,- രാഷ്ട്രീയ, – ജനാധിപത്യ ഇന്ത്യയിലെ ഏറ്റവും പ്രബുദ്ധരെന്ന് ഊറ്റം കൊള്ളുന്ന മാനവികതയുടെ കേരളത്തിലെ ചലച്ചിത്ര കാവ്യലോകത്തിലെ നിർമല കഥാപാത്രങ്ങൾക്ക് ഊടുംപാവും നെയ്യുന്ന സ്ത്രീകൾക്ക് തങ്ങളുടെ തൊഴിലിടങ്ങളിലെ സ്വാനുഭവങ്ങളെ കുറിച്ച് പറയാൻ ഭയമാകുന്നു .അത് സത്യസന്ധമായ വെളിപ്പെടുത്തലാണ്.

വർത്തമാനകാല അനുഭവങ്ങൾ ഭീകരതയുടെ വായ പിളർന്നു മുന്നിൽ നിൽക്കുന്ന ഓർമകൾ പോലും ഭയപ്പെടുത്തുന്നു . അതുകൊണ്ടുതന്നെ അവർ മൗനികളാകുന്നു എന്നത് സത്യം മാത്രം .പെൺകുട്ടികളുടെയോ സ്ത്രീകളുടെയോ മാത്രമല്ല ഈ ഭയം. കൊച്ചു കൊച്ചു കാര്യങ്ങൾക്കുപോലും ‘ബാൻ’ ചെയ്യപ്പെടുന്ന പുരുഷന്മാരായ നടന്മാരും സാങ്കേതിക പ്രവർത്തകരും ഭിന്നരല്ല. സ്ത്രീകളുടെ കാര്യത്തിൽ ശക്തമായ കുടുംബാന്തരീക്ഷത്തിൽ ജീവിക്കുന്ന സ്ത്രീകൾക്ക് ഈ ദുരനുഭവങ്ങൾ കുടുംബത്തിൽ ഏറ്റവും അടുത്തു നിൽക്കുന്നവർ പോലും അറിയുന്നത് ഭയപ്പാടുണ്ടാക്കുന്നു. സ്വന്തം കുടുംബത്തിന് വേണ്ടി മാത്രം വീട്ടിലുള്ളവരുടെ വിശപ്പു മുതൽ അന്തസ്സുവരെയുള്ള മാനദണ്ഡങ്ങൾക്ക് വേണ്ടി മാത്രം അഗ്നിപരീക്ഷകൾ കടന്ന് സമൂഹത്തിന്റെ ആരാധനാ പാത്രങ്ങളായവരുടെ നെഞ്ചിൽ അമർന്നു തപിയ്ക്കുന്ന കനൽകൂനകൾ പുറത്തറിഞ്ഞാൽ ആത്മഹത്യ പോലും പരിഹാരമല്ലാതെ മാറുന്നുവെന്ന ഭയം. കഴിഞ്ഞ കാലങ്ങളിൽ കലാ – യവനികകൾക്കപ്പുറത്ത് നിന്ന് കാലയവനികകൾക്കുള്ളിലേക്ക്, കനലാഴങ്ങളിലേക്ക് കത്തിയമർന്ന നമ്മുടെ നായികമാർ ഇന്നും മലയാളത്തിന്റെ ദീപ്തസ്മരണകളായി നിൽക്കുന്നു.അതുകൊണ്ടുതന്നെ 30 കാറ്റഗറികളിലായി പണിയെടുക്കുന്ന മലയാള സിനിമയിലെ സ്ത്രീ തൊഴിലാളികൾ ഹേമക്കമ്മിറ്റിയുടെ അന്വേഷണങ്ങളോട് പ്രതികരിക്കാൻ തയ്യാറായത് തികഞ്ഞ സ്വകാര്യത ഉറപ്പു കിട്ടിയതിനു ശേഷം മാത്രമാണ്. മാധ്യമങ്ങൾ ഉൾപ്പെടെ ഈ യത്നത്തിൽ ഏറ്റവും സഹായകരമായ നിലപാടാണ് സ്വീകരിച്ചത് എന്ന് അന്വേഷണ കമ്മിറ്റിയും വ്യക്തമാക്കുന്നു. വ്യക്തമായ ചോദ്യാവലിയുണ്ടാക്കി, വളരെ പരിമിതമായി മാത്രം സാധ്യമായ കലാകാരർക്കും പ്രവർത്തകർക്കും നൽകിയതിൽ നിന്ന് കിട്ടിയ അറിവുകൾ നാമമാത്രമായതും ഉപരിപ്ലവമായതുമാണെന്ന് ഈ മേഖലയെക്കുറിച്ചറിയുന്നവർക്ക് ശക്തമായ അഭിപ്രായമുണ്ടാകാം. എങ്കിലും ഹേമകമ്മിറ്റിയുടെ പ്രാഥമിക ഉത്തരവാദിത്വം സിനിമയിൽ സ്ത്രീകൾ അഭിമുഖീകരിക്കുന്ന പ്രശ്നങ്ങൾ കണ്ടെത്തുകയാണെന്നുള്ള ഉറച്ച വിശ്വാസം നടപടികൾ മുന്നോട്ടു കൊണ്ടുപോകാൻ വഴിയൊരുക്കി എന്നു തന്നെ നമുക്ക് കാണാം.

ആണധികാരത്തിന്റെ ഇടങ്ങളോട് വർത്തമാനകാലഘട്ടത്തിൽ ഉരുണ്ടുകൂടിയ നിഷേധാത്മക നിലപാടുകളിൽ നിന്ന് വെട്ടിത്തെളിക്കപ്പെട്ടതാണീ വഴിയെങ്കിലും ഹേമക്കമ്മിറ്റിയുടെ അന്വേഷണങ്ങളിൽ സിനിമയുടെ ബ്ലാക്ക് ആൻഡ്- വൈറ്റ് കാലവും ഉൾപ്പെടുന്നു. അന്വേഷണക്കമ്മിറ്റിയിലെ ശാരദയുടെ സാന്നിധ്യം ആ കാലയളവിലെ അവലോകനത്തിന് സ്വാനുഭാവാത്മകത്വം നൽകുന്നു. പേജ് നമ്പർ 41 ൽ ഹേമക്കമ്മിറ്റി ഊന്നി പറയുന്നു: – ബ്ലാക്ക് ആൻഡ് വൈറ്റ് കാലഘട്ടത്തിലും “പണത്തിനു മീതേ ഒരു പരുന്തും പറന്നിട്ടില്ല’. മാർക്കറ്റ് വാല്യൂ ഉള്ള സംവിധായകനോ നടനോ എതിരെ എന്തുപരാതി വന്നാലും നിർമാതാവ് ഒരു നടപടിയ്ക്കും തയ്യാറാവില്ല. അത് ഇന്നും. അതിനപ്പുറം ഇന്നു പലപ്പോഴും നിർമാതാവ് നിസ്സഹായനാണ്. ഇത്തരത്തിലുള്ള ചിന്തയിലേക്ക് വഴിതെളിക്കുന്ന സ്ത്രീ തൊഴിലാളികളുടെ വെളിപ്പെടുത്തൽ ഹേമകമ്മിറ്റിയുടെ പേജ് 40 ൽ കൊടുത്തിരിക്കുന്നു : -‘‘എല്ലാ ആണുങ്ങളും സിനിമാമേഖലയുടെ അപമാനകരമായ ഈ അവസ്ഥയ്ക്ക് ഉത്തരവാദികളല്ല.’’

പരസ്പരപൂരകങ്ങളായി വർത്തിക്കുന്ന ഓരോ തൊഴിലാളിയും (സ്ത്രീകളും പുരുഷന്മാരും ) സാങ്കേതിക പ്രവർത്തകരും ഒറ്റക്കൊറ്റയ്ക്ക് ഉത്തരവാദികളാണെന്ന കണ്ടെത്തലിലേയ്ക്ക് ഒരു പക്ഷേ കമ്മിറ്റിയ്ക്ക് വരാനാവുകയില്ല. പക്ഷേ സിനിമയുടെ ആദ്യകാലം മുതൽ എന്ന് സൂചിപ്പിക്കപ്പെട്ട മാർക്കറ്റ്, മാർക്കറ്റിലെ താരമൂല്യം, അത് സൃഷ്ടിക്കുന്ന കച്ചവടാധികാരം, ആണധികാരയിടങ്ങളുടെ ആസ്വാദനതലങ്ങളിലെ സ്ത്രീലിംഗ അസമത്വം, ഫ്യൂഡൽ കാലഘട്ടം മുതലുള്ള വിനോദോപാധികളിലെ സ്ത്രീശരീര ഉപഭോഗബോധം, സ്ത്രീക്ക് ഇന്നും അനുവദിയ്ക്കപ്പെടാത്ത സ്ത്രീ ലൈംഗികതയുടെ സ്വതന്ത്രചിന്ത അങ്ങനെയങ്ങനെ ഓരോ ഘട്ടത്തിലും വളർന്നു വന്ന പണാധിപത്യ ‘മാഫിയ ‘ അഥവാ അധികാര ‘ലോബി ‘ കൾ എന്നിവയിൽ അകപ്പെട്ട് ഞെരിഞ്ഞു തകർക്കപ്പെടുന്ന മലയാള സിനിമയിലെ കിരീടം വയ്ക്കാത്ത രാജാക്കന്മാരുടെ “ഈഗോ’ ആണ് യഥാർത്ഥ കാരണം. ഈ രീതിയിൽ ഇതിനെ അഭിമുഖീകരിക്കുകയും പരിഹാരം കണ്ടെത്തുകയും ചെയ്യണമെങ്കിൽ അടിമുടി സുതാര്യമായ സിനിമാ നിർമാണ ചുമതലയിലേക്ക് നിയമപരമായ സർക്കാർ ഇടപെടൽ നേരിട്ട് ഉണ്ടാവണം. ഹേമക്കമ്മിറ്റി പേജ് 112 ൽ അർത്ഥശങ്കയ്-ക്കിടയില്ലാത്തവിധം സ്വതന്ത്രസ്വഭാവമുള്ള സർക്കാർ സംവിധാനം നിയമപരമായി തന്നെ സിനിമയിലെ പ്രശ്ന പരിഹാരത്തിനുള്ള മാർഗങ്ങളായി മാറേണ്ടതുണ്ട് എന്ന് നിർദ്ദേശിക്കുന്നു.

ഹേമ കമ്മിറ്റിയുടെ നിർദ്ദേശങ്ങളും അതിനെ തുടർന്ന് സധൈര്യം സ്ത്രീകളും കുടുംബവും മുന്നോട്ടുവച്ച പരാതികളും, പരിപൂർണമായ സ്ത്രീ സ്വാതന്ത്ര്യത്തിന്റെ പുതിയ ആകാശം സൃഷ്ടിയ്ക്കുമെന്ന വ്യർത്ഥസുന്ദര സ്വപ്നമൊന്നും നമ്മൾ കാണേണ്ടതില്ല. പക്ഷേ ഹേമ കമ്മിറ്റിയും അനുബന്ധ സർക്കാർ നടപടികളും അനുകൂലചലനങ്ങൾ സൃഷ്ടിച്ചിരിയ്ക്കുന്ന ഈ സാഹചര്യത്തിൽ കുറേക്കൂടി വിശാലാർത്ഥത്തിൽ സിനിമാരംഗപ്രശ്ന പരിഹാരത്തിന് സർക്കാരിനാവും എന്നു തന്നെ നമുക്ക് ഉറച്ചു വിശ്വസിക്കാം. നിർദ്ദിഷ്ട കോൺക്ലേവും നയരൂപീകരണവും അതു തന്നെ അർത്ഥമാക്കുന്നുമുണ്ട്. കോടിക്കണക്കിന് രൂപയുടെ ക്രയവിക്രയം നടക്കുന്ന ഈ സാംസ്കാരിക വ്യവസായ മേഖല ഈ അസന്ദിഗ്ദ്ധാവസ്ഥ എന്തുകൊണ്ട് അഭിമുഖീകരിയ്ക്കുന്നു എന്നതാണ് വീണ്ടും വീണ്ടും നമ്മുടെ മുന്നിലെത്തുന്ന ചോദ്യം. മറ്റു പല വ്യവസായ മേഖലകളെയും അപേക്ഷിച്ച് തുലോം എണ്ണത്തിൽ കുറവായ, അതേ സമയം പ്രത്യേക നൈപുണ്യമുള്ള കലാകാരരായ തൊഴിലാളികൾക്ക് എന്തുകൊണ്ടാണ് ഈ രംഗത്ത് പരിരക്ഷ കിട്ടാതെ പോകുന്നത്?

കൃത്യമായ നയം ഇല്ലാത്തതുകൊണ്ടാണ് എന്ന ഉത്തരത്തിലേക്ക് നമ്മൾ എത്തുമ്പോൾ നിലവിൽ പരിഗണിക്കപ്പെടേണ്ട ഘടകങ്ങൾ എന്തെല്ലാമാണെന്നത് പ്രധാനമാണ്. സിനിമയുമായി ബന്ധപ്പെട്ട കാര്യങ്ങൾ സർക്കാരിന്റെ കീഴിൽ നാലു വകുപ്പുകളിലായാണ് വരുന്നത്:

1. സാംസ്കാരിക വകുപ്പ്
2. തൊഴിൽ വകുപ്പ്
3. ധനകാര്യ വകുപ്പ്
4. വ്യവസായ വകുപ്പ്

വിവിധ വകുപ്പുകളുടെ കീഴിലുള്ള സിനിമാ തൊഴിലുകൾ സമാന സ്വഭാവം ഉള്ളതല്ല.

ചായകൊടുക്കുന്നവർ മുതൽ ചമയവും വസ്ത്രാലങ്കാരവും നടത്തുന്നവരും ഇലക്ട്രീഷ്യനും ക്യാമറാ ടെക്നീഷ്യന്മാരും കലാസംവിധായകരും നൃത്തസംവിധായകരും ഫൈറ്റ് കൊറിയോഗ്രാഫർമാരും ഛായാഗ്രാഹകരും എഴുത്തുകാരും സംവിധായകരും എല്ലാമുൾപ്പെടെ ഈ രംഗത്ത് പണം മുടക്കുന്ന പ്രൊഡ്യൂസറും പ്രൊഡക്ഷൻ കൺട്രോളറുമെല്ലാം അസമാനമായ – മാർക്സിയൻ പ്രയോഗത്തിൽ വർഗ വ്യത്യാസമുള്ള – തൊഴിലുകളുടെ ആകെ തുകയാണ് സിനിമ. അതുകൊണ്ടു തന്നെ സിനിമയെ ഒരു പ്രത്യേക വകുപ്പാക്കി നയരൂപീകരണം നടത്തേണ്ടിവരും. നയരൂപീകരണത്തിൽ ഏറ്റവും പ്രധാനം ഒരു വ്യവസായ സംരംഭം എന്നനിലയിൽ രജിസ്ട്രേഷൻ വേണം എന്നതാണ്. പരമ്പരാഗതമായി സിനിമയ്ക്കകത്തുള്ള ഇടങ്ങളിലെ രജിസ്ട്രേഷൻ എന്നതിലുപരി ഇത്രയധികം വരുമാനം നികുതിയിനത്തിൽ സർക്കാർ കൈപ്പറ്റുന്ന നിലയ്ക്കെങ്കിലും ഉത്തരവാദിത്വപൂർണമായ സമീപനത്തോടെ, മറ്റേതൊരു വ്യവസായ സംരംഭം പോലെയും സർക്കാർ ഒരോ പ്രൊജക്ടിനും രജിസ്ട്രേഷൻ നൽകേണ്ടതുണ്ട്. അതിലൂടെ മാത്രമേ ആ പ്രൊജക്ടിന്റെ ഫിനാൻഷ്യൽ അക്കൗണ്ടബിലിറ്റിയും ഉറപ്പുവരുത്താനാകൂ.

സിനിമയിലെ തൊഴിലവസരങ്ങളിൽ ഏറ്റവും വലിയ പ്രവണതയാണ് ഇഷ്ടജന സാധ്യത. ഹേമക്കമ്മിറ്റി റിപ്പോർട്ടിൽ പേജ് 105 ൽ സൂചിപ്പിക്കുന്ന പവർ ലോബിയിൽ അല്ലാത്തവർ പുറത്ത് എന്നു തന്നെയാണ് ഇഷ്ടജനസാധ്യതയുടെ പ്രായോഗികത. പലപ്പോഴും ജാതിയുടെയും മതത്തിന്റെയും പേരിൽ പോലും ഈ രംഗത്തെ തൊഴിൽ വിതരണം നടത്തപ്പെടുന്നു എന്നിടത്ത് ഏറ്റവും വലിയ സാംസ്കാരിക മാധ്യമം എന്ന വിളിപ്പേര് സിനിമയ‍്ക്ക് ഉചിതമല്ലാതെയാകുന്നു. അതിനാൽ കാർഡെടുത്ത് അംഗത്വം പുതുക്കി വരുന്ന തൊഴിലാളികൾക്ക് രജിസ്ട്രേഡ് പ്രൊജക്ട് നടക്കുന്നതിന്റെ അടിസ്ഥാനത്തിൽ തൊഴിലവസരങ്ങൾ സമത്വാധിഷ്ഠിതമായി സൃഷ്ടിക്കപ്പെടുന്നതിലും സർക്കാർ ഇടപെടലുണ്ടാവണം.

തൊഴിൽ വിതരണത്തേക്കാൾ അതിരൂക്ഷമായ പ്രശ്നങ്ങളാണ് സിനിമയിലെ വേതന വ്യവസ്ഥയിൽ നിലനിൽക്കുന്നത്. വേതന വ്യവസ്ഥയിലുള്ള ഈ അജഗജാന്തര സംവിധാനം തന്നെയാണ് സിനിമാ മേഖലയിലുള്ള എല്ലാ അധികാരയിടങ്ങളെയും അനുബന്ധ അധികാരപ്രയോഗങ്ങളെയും, കീഴടക്കലുകളെയും നിസ്സഹായതകളെയും സൃഷ്ടിയ്ക്കുന്നത് എന്നത് ഏറ്റവും ഗൗരവമായി കാണേണ്ടതുണ്ട്. താരങ്ങൾ (അഭിനേതാക്കൾ,സംവിധായകർ, എഴുത്തുകാർ) അവരവരുടെ മൂല്യം സ്വയം നിശ്ചയിക്കുകയും അവരിലൂടെ കച്ചവടം നടക്കുകയും ചെയ്യുന്ന സിനിമയിൽ എപ്പോഴും വേതന ഏകീകരണം ഒരു ബാലികേറാമലയായാണ് ഗണിക്കപ്പെടുന്നത്. മൂലധനത്തിന്റെ ഭീമമായ ഭാഗം താരങ്ങൾക്കുള്ള പ്രതിഫലമായി മാറ്റപ്പെടുമ്പോൾ ക്രമേണ ബഹുഭൂരിപക്ഷത്തിന്റെ ജീവിതവും ദുരിതപൂർണമായി മാറുന്നു. സിനിമയുടെയും സിനിമാ മേഖലയുടെയും മൂല്യവും കെട്ടുറപ്പും വെല്ലുവിളിയിലാവുകയും അതിപ്പോൾ സംഭവിച്ചുകൊണ്ടിരിക്കുകയും ചെയ്യുന്നു. അതുകൊണ്ടുതന്നെ മിനിമം വേതനം നിശ്ചയിയ്ക്കപ്പെടുകയും താരവേതനങ്ങൾ മൂലധനത്തിന് അഥവാ പ്രൊജക്ടിന്റെ ബജറ്റിന് ആനുപാതിക ശതമാനമായി നിജപ്പെടുത്താൻ കഴിയുകയും വേണം. തൊഴിൽ സുരക്ഷാ പരിഗണനയിൽ ഇൻഷുറൻസ് പോലുള്ള സംവിധാനങ്ങളുടെ കെട്ടുറപ്പ് നൽകാൻ കഴിയണം.

സിനിമ തനതു വകുപ്പെന്ന നിലയിലിലുള്ള കാഴ്ചപ്പാടിൽ വേണം ഹേമ കമ്മിറ്റി നിർദ്ദേശങ്ങളുടെ പരിഗണനയും, അനന്തര പരിഷ്കരണങ്ങളും നടപ്പാക്കേണ്ടത്. അത്തരത്തിൽ പരിഗണിക്കപ്പെടുമ്പോൾ സിനിമയുടെ ആസ്വാദനം മുതൽ സർഗ പ്രകിയയിലും നിർമാണത്തിലും സർക്കാർ സംവിധാനത്തിലുൾപ്പെടെയുള്ള കാര്യനിർവഹണ നിലപാടിലും പുതിയൊരു സിനിമാ കാഴ്ചപ്പാടും സാക്ഷരതയും ഉണ്ടാവുകയും, നവകേരളത്തിന്റെ ‘സ്ത്രീപക്ഷ – സാംസ്കാരിക സിനിമ’ സാർത്ഥകമാകുകയും ചെയ്യും. l

ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

five × five =

Most Popular