സിനിമാമേഖലയിലെ സ്ത്രീകൾ നേരിടുന്ന പ്രശ്നങ്ങൾ പഠിക്കുന്നതിന് ലോകത്ത് തന്നെ ആദ്യമായി ഒരു ഔദ്യോഗിക കമ്മിറ്റിയെ നിയോഗിച്ചു കൊണ്ട് കേരളത്തിലെ എൽഡിഎഫ് സർക്കാർ ചരിത്രം സൃഷ്ടിച്ചിരിക്കുകയാണ് . ഒരു അഭിനേത്രിയെ ലൈംഗികമായി ആക്രമിക്കുന്നതിനു ദിലീപ് എന്ന നടൻ ക്വൊട്ടേഷൻ സംഘത്തെ ഏർപ്പെടുത്തിയതായി പരാതി ഉണ്ടായതാണ് എല്ലാത്തിനും തുടക്കമായത്. ദിലീപിനെതിരെ കേസു കൊടുക്കാൻ നടി ധീരമായി മുന്നോട്ടു വന്നതോടെ അനീതിയുടെയും അക്രമത്തിന്റെയും ഞെട്ടിക്കുന്ന കഥകളാണ് പുറത്തുവന്നത്. ഇതേ തുടർന്ന് സ്ത്രീവിമോചനചരിത്രത്തിൽ നൂതനമായ അധ്യായം രചിച്ചുകൊണ്ട് ചലച്ചിത്രമേഖലയിലെ സ്ത്രീകൾ സംഘടിക്കുകയും വിമൻ ഇൻ സിനിമ കളക്ടീവിന് 2017 മെയ് മാസത്തിൽ രൂപം നൽകുകയും ചെയ്തു. ഈ കൂട്ടായ്മയും വലിയ തോതിൽ അപമാനത്തിനും ആക്രമണത്തിനും ഇരയായി. എന്നാൽ റീമ കല്ലിങ്കലും മഞ്ജു വാര്യരും പാർവതി തിരുവോത്തും ബീന പോളും സജിത മഠത്തിലും ദീദി ദാമോദരനും അടങ്ങുന്ന ശക്തരായ സ്ത്രീകൾ കൂട്ടായ്മയുടെ നേതൃത്വത്തിൽ ഉറച്ചു നിൽക്കുകയും സിനിമയിലെ കൊള്ളരുതായ്മകൾക്കും സ്ത്രീവിരുദ്ധതക്കുമെതിരെ കഴിഞ്ഞ ഏഴു വർഷമായി പൊരുതുകയും ചെയ്യുന്നു. ചിലർ ഇതിൽ നിന്നും പൊഴിഞ്ഞു പോയി. ചിലർ കൂടുതലായി കടന്നു വന്നു.
wcc പ്രതിനിധികൾ മുഖ്യമന്ത്രി പിണറായി വിജയനെ നേരിൽ കണ്ട് ആവശ്യപ്പെട്ടതിനെ തുടർന്നാണ് ഹേമ കമ്മിറ്റി നിലവിൽ വന്നത്.
ജസ്റ്റിസ് ഹേമയ്ക്കു പുറമെ കെ ബി വത്സല കുമാരി ഐ എ എസ് , സിനിമ താരം ടി ശാരദ എന്നിവരാണ് കമ്മിറ്റിയിൽ ഉണ്ടായിരുന്നത്.
ഒരു തൊഴിൽ മേഖല എന്ന തരത്തിൽ ചലച്ചിത്ര വ്യവസായത്തിൽ നിലനിൽക്കുന്ന സ്ത്രീ വിരുദ്ധത പഠിക്കുക എന്നതായിരുന്നു കമ്മിറ്റിയുടെ ലക്ഷ്യം.
പരാമർശവിഷയങ്ങൾ
താഴെപറയുന്ന ഏഴു പരാമർശ വിഷയങ്ങളാണ് കമ്മിറ്റിയുടെ പരിഗണനയ്ക്കായി തീരുമാനിച്ചത്:
1. സുരക്ഷ ഉൾപ്പടെ സ്ത്രീകൾ നേരിടുന്ന പ്രശ്നങ്ങളും അവയ്ക്കുള്ള പരിഹാരങ്ങളും
2. സിനിമയിലെ സ്ത്രീകളുടെ സേവന – വേതന വ്യവസ്ഥകൾ.
3. സിനിമയുടെ എല്ലാ മേഖലകളിലും സ്ത്രീകളുടെ പങ്കാളിത്തം വർധിപ്പിക്കുക.
4. സ്കോളർഷിപ് ഉൾപ്പടെ ഏർപ്പെടുത്തിക്കൊണ്ട് സ്ത്രീകളെ എങ്ങനെ കൂടുതലായി സാങ്കേതികമേഖലയിലേക്ക് കൊണ്ടുവരാൻ കഴിയും?
5. പ്രസവം , ശിശുപരിപാലനം ,മറ്റ് ആരോഗ്യപ്രശ്നങ്ങൾ എന്നിവ മൂലം ജോലിയിൽ നിന്നും വിട്ടു നിൽക്കേണ്ടി വരുന്ന സ്ത്രീകളെ എങ്ങനെ സഹായിക്കാൻ കഴിയും?
6. സിനിമയുടെ ഉള്ളടക്കത്തിൽ എങ്ങനെ ലിംഗനീതി ഉറപ്പാക്കുവാൻ കഴിയും?
7. നിർമ്മാണ പ്രക്രിയയിൽ 30 % സ്ത്രീകൾ ഉള്ള സിനിമകളെ എങ്ങനെ പ്രോത്സാഹിപ്പിക്കാം?
ജനാധിപത്യപരമായി ചലച്ചിത്ര വ്യവസായത്തെ പരിണമിപ്പിക്കുന്നതിന് ഉതകുന്ന നിർദേശങ്ങൾക്ക് സഹായിക്കുന്ന വിഷയങ്ങളാണ് കമ്മിറ്റി പരിഗണിച്ചതെന്നു കാണാം . റിപ്പോർട്ടിന്റെ തുടക്കത്തിൽ തന്നെ പറയുന്നതു പോലെ സ്ത്രീകൾക്ക് മാത്രമല്ല പുരുഷന്മാർക്കും നിരവധി പ്രശ്നങ്ങൾ സിനിമയിൽ പ്രവർത്തിക്കുമ്പോൾ ഉണ്ടാകുന്നുണ്ട്. ജനാധിപത്യം ഇല്ലാതാകുമ്പോൾ ഏതാനും ചിലരുടെ കെെകളിൽ അധികാരം കേന്ദ്രീകരിക്കപ്പെടുകയും ഭൂരിപക്ഷം പേരും ചൂഷണത്തിന് വിധേയരാകുകയും ചെയ്യും. ഏത് ജാതി,മത ,വർഗ, വംശ, ന്യൂനപക്ഷ വിഭാഗത്തിലെയും ഏറ്റവും അടിച്ചമർത്തപ്പെട്ടവർ സ്ത്രീകളും മറ്റു ലിംഗവിഭാഗങ്ങളും ആയതിനാൽ അവർ സ്വാഭാവികമായും അടിമസമാനമായ അവസ്ഥയിൽ ആയിത്തീരുകയും ചെയ്യുന്നു.
അതിന്റെ ഉത്തമ ദൃഷ്ടാന്തമാണ് ചലച്ചിത്രം എന്ന തൊഴിൽമേഖല. ഇവിടെ കാലങ്ങളായി നിലനിൽക്കുന്ന ചൂഷണാധിഷ്ഠിതമായ സംവിധാനത്തെ പൊളിച്ചുകാട്ടുകയാണ് ഹേമ കമ്മിറ്റി റിപ്പോർട്ട് ചെയ്തിരിക്കുന്നത്.
പ്രവർത്തനരീതി
അത്ര അനായസേന നടക്കുന്ന ഒരു ദൗത്യമല്ല കമ്മിറ്റി ഏറ്റെടുത്തത്. ആദ്യ ഘട്ടത്തിൽ ആരും കമ്മിറ്റിയുടെ മുന്നിൽ പ്രസ്താവനകൾ നല്കാൻ പോലും തയ്യാറായില്ല. വിവരങ്ങൾ ശേഖരിക്കുന്നതിന് കമ്മിറ്റി കണ്ടെത്തിയ മാർഗങ്ങൾ റിപ്പോർട്ടിൽ വിശദീകരിക്കുന്നുണ്ട്. മാധ്യമങ്ങൾ വഴി ആദ്യം അറിയിപ്പ് കൊടുത്തപ്പോൾ തീരെ പ്രതികരണം ഉണ്ടായില്ല.പിന്നീട് പലരുടെയും ഫോൺ നമ്പറുകളും മേൽവിലാസവും ബുദ്ധിമുട്ടി ശേഖരിച്ചു. അതിനായി വളരെ കൂടുതൽ സമയം ആവശ്യമായിരുന്നു. എന്നാൽ ഈ നമ്പറുകളിൽ വിളിക്കുമ്പോൾ പലപ്പോഴും പ്രതികരണം ഉണ്ടാവില്ല. മേൽവിലാസത്തിൽ ആളുണ്ടാവില്ല.നോട്ടീസ് അയക്കുമ്പോൾ അവർ മേൽ-വിലാസക്കാർക്ക് കൃത്യമായി കിട്ടാറില്ല. കാലതാമസം വളരെയധികമുണ്ടായി. ഇത്തരം ജോലികൾക്കായി കമ്മിറ്റിയെ സഹായിക്കാൻ ഒരു ഓഫീസ് അസിസ്റ്റന്റിനെ കിട്ടിയതും കുറെക്കാലം കഴിഞ്ഞാണ്. കൊച്ചിയിലാണ് കമ്മിറ്റി പ്രവർത്തിച്ചത്. വത്സല കുമാരി തിരുവനന്തപുരത്തു നിന്നും ശാരദ ചെന്നൈയിൽ നിന്നും വന്ന് മാസം തോറും മൂന്നാലു ദിവസം കൊച്ചിയിൽ തങ്ങിയാണ് പലരെയും കാണാൻ ശ്രമം നടത്തിയിരുന്നത്. എന്നാൽ കമ്മിറ്റി അംഗങ്ങളുടെ സമയവും പ്രസ്‌താവന നല്കാൻ വരുന്നവരുടെ സമയവും ഒത്തുപോയില്ല. വരാമെന്ന് പറയുന്നവർ അവരുടെ പലതരം തിരക്കുമൂലവും മറ്റും പറഞ്ഞ സമയത്തു വന്നില്ല.പലദിവസങ്ങളിലും രാവിലെ 9 മുതൽ രാത്രി 9 വരെ ഇരുന്നാണ് പലരുമായും കമ്മിറ്റി അംഗങ്ങൾ സംസാരിച്ചത്. ഇതിനിടയിൽ 2018 ൽ കേരളത്തിൽ ഉണ്ടായ പ്രളയം കാര്യങ്ങൾ കൂടുതൽ ദുഷ്കരമാക്കി.എന്നാൽ അതി പ്രശസ്തരായ ഏറെ തിരക്കുള്ള സിനിമ പ്രവർത്തകർ കമ്മിറ്റിക്കു മുന്നിൽ വരുകയും ദീർഘ നേരം ചെലവഴിക്കുകയും ചെയ്തത് റിപ്പോർട്ടിൽ എടുത്തു പറയുന്നു. മാത്രമല്ല ഇവർ വന്നതും പോയതും ആരും അറിയാതെ സൂക്ഷിക്കാനും കഴിഞ്ഞു. അതുകൊണ്ടുതന്നെ ഒരു മാധ്യമത്തിനും ഒന്നും ചോർത്താൻ കഴിഞ്ഞില്ല. അതു മാത്രമല്ല റിപ്പോർട്ട് സമർപ്പിക്കുന്നതുവരെയുള്ള നാലര വർഷത്തിനിടയിലും വാർത്ത ചോർന്നില്ല എന്നത് അഭിമാനകരമാണ്.
30 വിഭാഗങ്ങൾ
സിനിമ മേഖലയിൽ ജോലി ചെയ്യുന്ന സ്ത്രീകൾ 30 വിഭാഗങ്ങളിലുണ്ടെന്നാണ് കമ്മിറ്റിയുടെ കണ്ടെത്തൽ. അതവർ പട്ടികപ്പെടുത്തിയിട്ടുണ്ട്. ഈ ഓരോ വിഭാഗത്തിലും പെട്ടവരെ നേരിൽ കണ്ട് പ്രശ്നങ്ങൾ മനസ്സിലാക്കുകയാണ് കമ്മിറ്റി ചെയ്തത്.പട്ടിക താഴെ കൊടുക്കുന്നു:
1 നടികൾ
2 നിർമ്മാതാക്കൾ
3 ജൂനിയർ ആർട്ടിസ്റ്റുകൾ
4 സംവിധായികർ
5 ഫിലിമറ്റോഗ്രാഫർമാർ/ ക്യാമറ
6 അസോസിയേറ്റ് ഡയറക്ടർ/ അസിസ്റ്റന്റ് ഡയറക്ടർമാർ
7 കോസ്റ്റ്യൂം ഡിസൈനർമാർ
8 ഗ്രാഫിക് ഡിസൈനർമാർ
9 മേക്കപ്പ് ആർട്ടിസ്റ്റുകൾ
10 സിനിമ വിതരണക്കാർ
1 1 ഹെയർസ്റ്റൈലിസ്റ്റുകൾ
12 സിനിമാ പ്രദർശകർ
1 3 പ്രൊഡക്ഷൻ എക്സിക്യൂട്ടീവ്മാർ
14 നിശ്ചല ഫോട്ടോഗ്രാഫർമാർ
15 ഡബ്ബിംഗ് ആർട്ടിസ്റ്റുകൾ
16 പിന്നണി ഗായകർ
1 7 എഡിറ്റർമാർ
18 ഗാനരചയിതാക്കൾ
1 9 സാങ്കേതിക വിദഗ്ധർ
20 സംഗീത സംവിധായകർ
2 1 തിരക്കഥാകൃത്തുക്കൾ
22 പി.ആർ.ഒ
23 നർത്തകർ
24 കലാസംവിധായകർ
2 5 ഡാൻസ് കൊറിയോഗ്രാഫർമാർ
26 സൗണ്ട് എഞ്ചിനീയർമാർ
27 കൊറിയോഗ്രാഫർമാർ
28 സ്റ്റുഡിയോ ജീവനക്കാർ
29 നിർമാണവിഭാഗം ജീവനക്കാർ
30 അക്കാദീമിഷ്യർ
എന്നാൽ പ്രശ്നങ്ങൾ തുറന്നുപറയാൻ സ്ത്രീകൾ മാത്രമല്ല പുരുഷന്മാർ പോലും ഭയന്നു എന്നും റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടുന്നു. ഈ രംഗത്തെ അധികാര കേന്ദ്രമായി പ്രവർത്തിക്കുന്ന സംഘത്തെ പിണക്കുന്നത് വലിയ പ്രത്യാഘാതങ്ങൾക്കാണത്രെ ഇടവരുത്തുന്നത്. തൊഴിൽനിഷേധിക്കപ്പെട്ട പല പ്രധാനപ്പെട്ട അഭിനേതാക്കളും ഉണ്ട്. നിസ്സാര കാര്യങ്ങൾക്കുപോലും വൈരാഗ്യം വച്ചുപുലർത്തുന്ന ചില വ്യക്തികളെ എല്ലാവരും ഭയക്കുന്നു.
വാട്ട്സ് ആപ്പ് ഗ്രൂപ്പുകൾ ഉണ്ടാക്കിയാണ് വിവരങ്ങൾ ശേഖരിച്ചിരുന്നത്. എന്നാൽ തീരെ സഹകരിക്കാതിരുന്നവർ നർത്തകരുടെ സംഘടനയും ജൂനിയർ ആർട്ടിസ്റ്റുകളുടെ കോർഡിനേറ്റർമാരും ആണ് . നർത്തകരെ കമ്മിറ്റിക്കു മുന്നിൽ വരുന്നതിൽ നിന്നുപോലും വിലക്കി. എന്നിട്ടും ചിലർ ധൈര്യപൂർവം വന്നു . ജൂനിയർ ആർട്ടിസ്റ്റുകൾക്ക് പ്രശ്നങ്ങളില്ല എന്നാണ് അവർ പറഞ്ഞു കൊണ്ടിരുന്നത്. എന്നാൽ സാംസ്‌കാരിക മന്ത്രിക്കും മുഖ്യമന്ത്രിക്കും ഇതിനിടയിൽ ലഭിച്ച പരാതികൾ കമ്മിറ്റിക്ക് കൈമാറിയതോടെയാണ് കമ്മിറ്റി ജൂനിയർ ആർട്ടിസ്റ്റുകളുടെ പ്രസ്താവനകൾ വാങ്ങിയത്. ഒരുപക്ഷേ, ഏറ്റവും ഭീകരമായ ചൂഷണവും പീഡനവും വിവേചനവും നേരിടേണ്ടി വരുന്നവർ ജൂനിയർ ആർട്ടിസ്റ്റുകളാണ്. വ്യാജ കോർഡിനേറ്റർമാരുടെയും ഇടനിലക്കാരുടെയും അവഹേളനങ്ങൾക്കും ക്രൂരമായ പെരുമാറ്റത്തിനും ഇരയാകുന്ന ഇക്കൂട്ടർ സമൂഹത്തിന്റെ ഏറ്റവും താഴെ തട്ടിൽ നിന്നും വരുന്നവരുമാണ്. വളരെ വിശദമായി ഇവരുടെ പ്രശ്നങ്ങൾ ഹേമകമ്മിറ്റി പരാമർശിക്കുന്നു.
അതുപോലെയുള്ള മറ്റൊരു വിഭാഗം ഹെയർസ്റ്റൈലിസ്റ്റുകൾ ആണ്. ഇവരിൽ ചിലർ അടുത്തയിടെ മാധ്യമങ്ങളിൽ തങ്ങളുടെ പ്രശ്നങ്ങൾ തുറന്നുപറഞ്ഞിരുന്നു.
കണ്ടെത്തിയ പ്രധാന പ്രശ്നങ്ങൾ
1. സിനിമയിൽ കയറുന്നതിനും അവസരം ലഭിക്കുന്നതിനും ലൈംഗികാവശ്യങ്ങൾക്ക് വഴങ്ങണം.
2. തൊഴിൽ സ്ഥലത്തും യാത്രാമധ്യേയും താമസിക്കുന്ന സ്ഥലത്തും ലൈംഗികാതിക്രമം , ലൈംഗികപീഡനം, ഉപദ്രവം.
3. ലൈംഗികാവശ്യങ്ങളോട് എതിർപ്പു പ്രകടിപ്പിക്കുകയോ വഴങ്ങാതിരിക്കുകയോ ചെയ്താൽ ദണ്ഡനം
4. ശുചിമുറിയും വസ്ത്രം മാറാൻ സൗകര്യവും നല്കതെ മനുഷ്യാവകാശ ലംഘനം
5. താമസ സ്ഥലത്തും യാത്രകളിലും സുരക്ഷിതത്വമില്ലായ്മ
6. വിവിധ വിഭാഗങ്ങളിൽ ജോലി ചെയ്യുന്ന വ്യക്തികൾക്ക് നിയമവിരുദ്ധമായും അധികാരമില്ലാതെയും തൊഴിൽ നിഷേധിക്കുന്നു
7. സ്ത്രീകളെ തൊഴിൽനിഷേധം പറഞ്ഞ് നിശ്ശബ്ദരാക്കുക.
8. പുരുഷാധിപത്യവും ലിംഗവിവേചനവും ലിംഗപരമായ മുൻവിധിയും.
9. കടുത്ത അച്ചടക്കരാഹിത്യം , മദ്യം,മയക്കുമരുന്ന് എന്നിവയുടെ ഉപയോഗം, മോശമായ പെരുമാറ്റം , അപമര്യാദയോടെയുള്ള ഇടപെടൽ.
10. തൊഴിൽസ്ഥലത്തും ഫോണിലൂടെയും അപമാനകരവും അശ്ലീലവുമായ ഭാഷയിലുള്ള സംസാരം.
11. തൊഴിലുടമയുമായുള്ള രേഖാമൂലമുള്ള കരാർ നടപ്പാക്കാതിരിക്കൽ.
12. മുൻകൂട്ടി സമ്മതിച്ച വേതനം പോലും നൽകാതിരിക്കൽ.
13. വേതനത്തിൽ ലിംഗവിവേചനം .സ്ത്രീകൾക്കും പുരുഷന്മാർക്കും വേതനത്തിൽ അന്തരം.
14. സാങ്കേതികരംഗത്ത് സ്ത്രീകളെ ഉൾപ്പെടുത്തുന്നതിലും അവർക്ക് അവസരങ്ങൾ നൽകുന്നതിലും വിമുഖത /എതിർപ്പ്.
15. ഓൺലൈൻ പീഡനം.
16. സ്വന്തം അവകാശങ്ങളെക്കുറിച്ച് സ്ത്രീകൾക്ക് കടുത്ത അജ്ഞത.
17. പരാതികൾ പരിഹരിക്കുന്നതിന് നിയമാനുസൃത സംവിധാനത്തിന്റെ അഭാവം.
നിലവിലുള്ള നിയമങ്ങൾ
1. സിനിമാട്ടോഗ്രാഫ് നിയമം 1952.
2. സിനിമാസ് (നിയന്ത്രണം) നിയമം 1958 (കേരളം).
3. സിനിമാ തൊഴിലാളികളും സിനിമാ തിയേറ്റർ തൊഴിലാളികളും (നിയന്ത്രണം), 1981.
4. സിനിമാ തൊഴിലാളി ക്ഷേമ സെസ് നിയമം, 1981.
5. സിനിമാ തൊഴിലാളി ക്ഷേമനിധി നിയമം, 1981.
എന്നിവയാണ് സിനിമാ മേഖലയുമായി ബന്ധപ്പെട്ടു നിലവിലുള്ള നിയമങ്ങൾ . എന്നാൽ ഈ റിപ്പോർട്ടിൽ ചർച്ച ചെയ്യുന്ന പ്രശ്നങ്ങൾ പരിഗണിക്കുമ്പോൾ ഇവയെല്ലാം അപര്യാപ്തമാണെന്ന് വ്യക്തമാണ് . ഇന്ത്യൻ പീനൽ കോഡിലെ നിയമങ്ങളും പോഷ് (POSH) ആക്ടും സിനിമയിൽ പ്രവർത്തിക്കുന്ന സ്ത്രീകൾ ഉയർത്തിയ ഗുരുതരപ്രശ്നങ്ങൾക്ക് പരിഹാരമാകുന്നില്ല.
അതിനാൽ കേരള സിനി എംപ്ലോയർ എംപ്ലോയീ റെഗുലേഷൻ ആക്ട് രൂപീകരിക്കണം എന്നും ഒരു ട്രിബ്യുണൽ പരാതികൾ കൈകാര്യം ചെയ്യണമെന്നുമാണ് ജസ്റ്റിസ് ഹേമയുടെ നിർദേശം. മേൽ പട്ടികപ്പെടുത്തിയ ഓരോ പ്രശ്നവും എങ്ങനെ കൈകാര്യം ചെയ്യണം ,കുറ്റക്കാർക്ക് എന്തു ശിക്ഷ കൊടുക്കണം തുടങ്ങിയവയെല്ലാം റിപ്പോർട്ടിൽ വിശദമാക്കിയിട്ടുണ്ട്.
കെ ബി വത്സലകുമാരി ഐ എ എസ്
കെ ബി വത്സലകുമാരി സ്ത്രീപക്ഷ വീക്ഷണത്തോടെ സ്ത്രീവാദ സിദ്ധാന്തങ്ങളുടെ അടിസ്ഥാനത്തിൽ സിനിമയിൽ നിലനിൽക്കുന്ന അനീതിയെയും ചൂഷണത്തെയും വിവേചനത്തെയും നോക്കിക്കണ്ടുകൊണ്ടാണ് നിർദേശങ്ങൾ നൽകിയിരിക്കുന്നത്. അവ സംക്ഷിപ്തമായി താഴെ കൊടുക്കുന്നു:
1. രേഖാമൂലമുള്ള കരാർ നിർബന്ധമാക്കുക
2. സിനിമാ വ്യവസായത്തിൽ ഉള്ള എല്ലാവർക്കും നിർബന്ധിത ഓൺ ലൈൻ ജൻഡർ പരിശീലനം
3. തൊഴിൽ സ്ഥലത്ത് മദ്യവും മയക്കുമരുന്നും ഒഴിവാക്കുക.
4. മിനിമം വേതനം നിശ്ചയിക്കുകയും വേതനത്തിലെ വലിയ അന്തരം കുറയ്-ക്കുകയും വേണം.
5. ജില്ലാ ജഡ്ജിയുടെ നേതൃത്വത്തിൽ ട്രിബ്യുണൽ സ്ഥാപിക്കണം.
6. തൊഴിൽ സ്ഥലത്തും യാത്രയിലും താമസസ്ഥലത്തും സുരക്ഷയ്ക്കായി നടപടികൾ ഉണ്ടാകണം. ആവശ്യമെങ്കിൽ പൊലീസ് സഹായം തേടണം.
7. ഹെയർ സ്‌റ്റൈലിസ്‌റ്റിനെ ചീഫ് ടെക്‌നിഷ്യൻ ആയി പരിഗണിക്കണം.
8. മേക്കപ്പ് വുമണിന് അംഗീകാരം കൊടുക്കണം.
9. സാങ്കേതിക മേഖലയിൽ സ്ത്രീകളെ കൂടുതലായി ഉൾപ്പെടുത്തണം (അതിനായി നിരവധി കാര്യങ്ങൾ പറയുന്നുണ്ട്)
10. സമഗ്രമായ സിനിമാ നയം രൂപീകരിക്കണം.
11 . ഏറ്റവും നല്ല വനിതാ സംവിധായിക, ഛായാഗ്രാഹക , നിർമാതാവ്, എഡിറ്റർ തുടങ്ങിയവർക്ക് അവാർഡ് പ്രഖ്യാപിക്കണം.
12. സ്ത്രീകൾക്കായി ക്ഷേമനിധി ഫണ്ട് രൂപീകരിക്കണം
13. സിനിമയുടെ ഉള്ളടക്കത്തിൽ ലിംഗനീതി ഉണ്ടാകാൻ ബോധപൂർവമായ പ്രവർത്തനങ്ങൾ നടത്തണം
14. സിനിമാനിർമാണ പ്രവർത്തനങ്ങളിൽ 30 % സ്ത്രീകളെ ഉൾപ്പെടുത്താൻ സാമ്പത്തികപിന്തുണ ഉൾപ്പടെയുള്ള നടപടികൾ സ്വീകരിക്കുക.
എണ്ണത്തിലും അധികാരത്തിലും പുരുഷാധിപത്യപരമാണ് സിനിമാ വ്യവസായം. പുരുഷന്മാരുടെ സാംസ്കാരികാധിപത്യം സ്ത്രീകളുടെ നിശ്ശബ്ദതയുടെ സംസ്കാരത്തിനിടയാക്കുന്നു.മാറ്റം ഉണ്ടെങ്കിലും അത് തീരെ പതുക്കെ ആണുണ്ടാകുന്നത്. അനീതികളെ എതിർക്കുന്ന സ്ത്രീയെ ‘പ്രശ്നക്കാരി ‘ ആയി മുദ്ര കുത്തി ഒഴിവാക്കുകയാണ് ചെയ്യുന്നത്. അധികാരത്തിന്റെയൊരു കൂട്ടുമുന്നണിയുടെ അപ്രീതിയെ സ്ത്രീകളും പുരുഷന്മാരും ഭയക്കുന്നു.
ടി ശാരദ
എന്നും സിനിമയിൽ സ്ത്രീകൾ ലൈംഗികാതിക്രമം ഉൾപ്പടെ നേരിട്ടിരുന്നുവെന്ന് പ്രശസ്ത ചലച്ചിത്ര താരം ശാരദ പറയുന്നു. അനൗദ്യോഗിക തൊഴിൽനിഷേധവും പണ്ടുമുതൽ ഉള്ളതാണ്. ഇന്ന് വിദ്യാഭ്യാസമുള്ള യുവതികൾ കാര്യങ്ങൾ തുറന്നു പറയുന്നു. വേതനത്തിന്റെ കാര്യത്തിൽ തുല്യത സിനിമയിൽ അസാധ്യമാണെന്നും ശാരദ അഭിപ്രായപ്പെടുന്നു.
നിർദേശങ്ങൾ താഴെ കൊടുക്കുന്നു:
1. ശുചിമുറിയും വസ്ത്രം മാറാനുള്ള സൗകര്യവും ഉണ്ടാകണം.
2. രേഖാമൂലമുള്ള കരാർ വേണ്ടതാണ്.
3. ഐ സി സി നല്ലതാണ് .എന്നാൽ അത് രൂപീകരിക്കുന്നത് സ്ത്രീകൾക്ക് സഹായകമായ വിധത്തിലാകാൻ ശ്രദ്ധിക്കണം.
4. മേക്ക്അപ് വുമണിന് ഒരിക്കലും പ്രായപരിധി നിശ്ചയിക്കരുത്.
5. വെൽഫെയർ ഫണ്ട് രൂപീകരിച്ചു കൊണ്ട് അപകടം പറ്റുന്നവർക്കും മറ്റു തരത്തിൽ അവശതയനുഭവിക്കുന്നവർക്കും സാമ്പത്തിക സഹായം നൽകണം.
കമ്മിറ്റിയിലെ മൂന്നു പേരും വ്യത്യസ്തമായ നിർദേശങ്ങളും അഭിപ്രായങ്ങളുമാണ് പ്രകടിപ്പിച്ചിരിക്കുന്നത്. ഒരുപക്ഷേ അഭിപ്രായൈക്യം എന്നത് ആവശ്യമില്ലെന്ന നിലപാട് കമ്മിറ്റി സ്വീകരിച്ചിരിക്കാം. മൂന്നു ഭാഗങ്ങളുള്ള റിപ്പോർട്ടാണ് സർക്കാരിന് ഹേമ കമ്മിറ്റി സമർപ്പിച്ചിരിക്കുന്നത്. ആരെയും കുറ്റക്കാരായി കാണാനോ ആരെയെങ്കിലും ആക്ഷേപിക്കുവാനോ തങ്ങൾക്ക് ഉദ്ദേശ്യമില്ലെന്നും സിനിമാമേഖലയിൽ സ്ത്രീകൾ നേരിടുന്ന പ്രശ്നങ്ങൾ വസ്തുനിഷ്ഠമായി പഠിക്കുകയും പരിഹാരം നിർദേശിക്കുകയുമാണ് ചെയ്തിരിക്കുന്നതെന്നും ജസ്റ്റിസ് ഹേമ ആമുഖത്തിൽ വ്യക്തമാക്കുന്നു. l