Saturday, November 23, 2024

ad

Homeകവര്‍സ്റ്റോറിരണ്ടു സ്ത്രീകളുടെ കഥ മണിപ്പൂരിന്റെയും

രണ്ടു സ്ത്രീകളുടെ കഥ മണിപ്പൂരിന്റെയും

കെ ആർ മായ

ഇറോം ശർമിള
2000 നവംബർ 2. മണിപ്പൂരിലെ ശാന്തമായ ഇംഫാൽ താഴ്വര വെടിയൊച്ചകളാൽ വിറങ്ങലിച്ച ദിനം. യാതൊരു പ്രകോപനവുമില്ലാതെ, മണിപ്പൂരിലെ അർധ സെെനികവിഭാഗമായ ആസാം റൈഫിൾസ് മാലോം താഴ്വരയിലെ ബസ്–സ്റ്റോപ്പിൽ ബസ് കാത്തുനിൽക്കുകയായിരുന്നവർക്കുനേരെ വെടിയുതിർത്തു. 10 പേർ തൽക്ഷണം മരിച്ചുവീണു. ഒരു തെറ്റും ചെയ്യാത്ത, നിഷ്കളങ്കരായ മനുഷ്യരെ കൊലപ്പെടുത്തിയ വാർത്ത കേട്ട് ഇറോം ചാനു ശർമിള എന്ന 28 കാരിയുടെ മനസ്സ‍് അശാന്തമായി. ഒരു കാര്യം മനസ്സിലുറപ്പിച്ചു. ഈ ഭരണകൂട നൃശംസത അവസാനിപ്പിക്കണം; സെെനികർക്ക് പ്രത്യേകാധികാരം നൽകുന്ന കിരാത നിയമം (AFSPA– Armed Force Special Powers Act) എടുത്തുകളയുംവരെ ജലപാനമുപേക്ഷിക്കും; അതിനുശേഷം മാത്രമേ അമ്മയെ കാണൂ. ഇങ്ങനെ കഠിനമായ പ്രതിജ്ഞയെടുത്തുകൊണ്ട് 2000 നവംബർ അഞ്ചിന് ഇറോം ശർമിള നിരാഹാര സമരം ആരംഭിച്ചു. ആത്മഹത്യാ കുറ്റം ചുമത്തി അറസ്റ്റു ചെയ്യപ്പെട്ട ഇറോം ശർമിളയുടെ ജീവൻ നിലനിർത്തുന്നതിനായി നിർബന്ധപൂർവം മൂക്കിലൂടെ ദ്രവരൂപത്തിലുള്ള ഭക്ഷണം നൽകി. അറസ്റ്റു ചെയ്യലും വിട്ടയയ‍്ക്കലും തടങ്കലിൽ പാർപ്പിക്കലും തുടർക്കഥയായി. മൂക്കിൻകുഴൽ അവർക്ക് ഒരവയവം പോലെയായി. അഴിഞ്ഞുലഞ്ഞ തലമുടിയും മൂക്കിൻ കുഴലുമായുള്ള ഇറോം ശർമിള എന്ന ഒറ്റയാൾ പോരാളിയുടെ രൂപം പ്രതിഷേധത്തിന്റെ ചിരബിംബമായി മാറി.

16 വർഷം അങ്ങനെ കഴിഞ്ഞു. എന്നിട്ടും ഭരണകൂടത്തിന്റെ മനോഭാവത്തിൽ ഒരൽപവും ഇളക്കം തട്ടിയില്ല. അ-ഫ്സ്-പ തുടർന്നു, എന്നു മാത്രമല്ല കൂടുതൽ കിരാതരൂപം പൂണ്ടു. ഇനി സമരം തുടരുന്നതിൽ അർഥമില്ലെന്നു മനസ്സിലാക്കി ഇറോം ശർമിള മണിപ്പൂരിനെ അതിന്റെ വിധിക്കു വിട്ട് സ്വന്തം ജീവിതം തിരഞ്ഞെടുത്തു. അതെന്തായാലും ഇറോം ശർമിള ഉയർത്തിയ പോരാട്ടത്തിന്റെ തീക്കനൽ പല പ്രതിഷേധങ്ങൾക്കും പ്രചോദനമായി. ഏതു സാഹചര്യത്തെ ഇല്ലാതാക്കാനാണോ അവർ പോരാടിയത് അതേ സാഹചര്യത്തെ മറ്റൊരു രൂപത്തിൽ രാഷ്ട്രീയമായി ഉപയോഗിക്കുന്നതിനാണ് മണിപ്പൂർ ഇന്നു സാക്ഷ്യം വഹിക്കുന്നത്.

തങ്ജം മനോരമ
ഇംഫാലിലെ ഹൃദയമെന്നാൽ മണിപ്പൂരിലെ സ്ത്രീകളാണ്. സ്ത്രീകളാൽ വിരചിക്കപ്പെട്ടതാണ് ഇംഫാലിന്റെ ചരിത്രം. നൂറ്റാണ്ടുകളായി, അടിയ്ക്കടിയുള്ള യുദ്ധങ്ങളും നിർബന്ധിത സെെനികസേവനവും മണിപ്പൂരിലെ പുരുഷന്മാരെ അവരുടെ കുടുംബങ്ങളിൽനിന്നും അടർത്തിമാറ്റി. അതിനാൽ സ്ത്രീകൾ കൃഷിയിടങ്ങളിൽ പണിയെടുത്ത് അവരുടെ ഉൽപന്നങ്ങൾ ചന്തകളിൽ കൊണ്ടുപോയി വിറ്റ് കുടുംബം പുലർത്തി; അങ്ങനെ മണിപ്പൂരിന്റെ സ്ത്രീകൾ ശാക്തീകരണത്തിന്റെ പ്രതീകമായി മാറി.

ബ്രിട്ടീഷുകാർ മണിപ്പൂരിനെ നിയന്ത്രണത്തിലാക്കാൻ ശ്രമിച്ച 1904 മുതൽ ദീർഘകാലം മണിപ്പൂരിലെ അമ്മമാർ ചരിത്രപരമായ പോരാട്ടം നടത്തി. നുപി ലാനിൽ (സ്ത്രീകളുടെ യുദ്ധം) എന്നാണ് ആ ദീർഘകാല പോരാട്ടം അറിയപ്പെടുന്നത്. മണിപ്പൂരിന്റെ സാമൂഹ്യചരിത്രം അവിടത്തെ സ്ത്രീകളുടെ പോരാട്ടത്തിന്റെകൂടി ചരിത്രമാണ്.

1942ൽ ബ്രിട്ടീഷുകാരാണ് അഫ്സ്പ നിയമം തയ്യാറാക്കി നടപ്പിലാക്കിയത്. ഇന്ത്യൻ സായുധ സേനയ്ക്ക് അസാധാരണമായ അധികാരങ്ങൾ നൽകുന്ന ഈ നിയമം ആരെയും അറസ്റ്റു ചെയ്യാനും എവിടെയും അതിക്രമിച്ചുകയറി പരിശോധിക്കാനുമുള്ള പ്രത്യേക അധികാരം സേനയ്ക്കു നൽകുന്നു. 1980ലാണ് മണിപ്പൂരിൽ അഫ്സ്പ നിലവിൽ വന്നത്.

വേറിട്ടൊരു പോരാട്ടം
മണിപ്പൂരിലെ അർധ സെെനിക വിഭാഗമായ ആസാം റൈഫിൾസിന്റെ ആസ്ഥാനമായ, ഒരു കാലത്ത് മണിപ്പൂർ രാജാക്കന്മാരുടെ അധികാരകേന്ദ്രമായിരുന്ന കംഗ്ല കോട്ടയ്ക്കു മുന്നിൽ 2004 ജൂലെെ 15ന് ഒരു കൂട്ടം സ്ത്രീകൾ ഒത്തുകൂടി. അവർ നീട്ടിപ്പിടിച്ച തൂവെള്ള ബാനറിൽ രക്തം ചാലിച്ചെഴുതിയപോലെ ഒരു മുദ്രാവാക്യം കുറിച്ചിരുന്നു. ‘‘ഇന്ത്യൻ ആർമി! ഞങ്ങളെ ബലാൽസംഗം ചെയ്യൂ’’ (Indian Army! Rape Us!)’’. അവർ അടക്കിവെച്ചിരുന്ന രോഷവും ദുഃഖവും അണപൊട്ടിയൊഴുകി. അവർ മുദ്രാവാക്യം ഉറക്കെ വിളിച്ചു. ഉടുവസ്ത്രമുരിഞ്ഞവർ അവർ സെെനികർക്കുനേരെ നിന്ന് അലറി വിളിച്ചു: ‘‘ഈ നിൽക്കുന്നതെല്ലാം മനോരമയുടെ അമ്മമാരാണ്!’’ ലോകത്തിനുമുന്നിൽ ഇന്ത്യ തലകുനിച്ച നിമിഷമായിരുന്നു അത്.

രാജ്യം ഇന്നുവരെ കണ്ടിട്ടില്ലാത്ത ആ പ്രതിഷേധത്തിനുകാരണവും അ-ഫ്സ്പയുടെ മറവിൽ സെെനികർ നടത്തുന്ന കിരാതവാഴ്ചയായിരുന്നു. 2004 ജൂലെെ 10ന് തങ്ജം മനോരമ എന്ന യുവതിയെ ആസാം റൈഫിൾസിലെ 17 പട്ടാളക്കാർ വീട്ടിൽ അതിക്രമിച്ചുകയറി വലിച്ചിഴച്ചുകൊണ്ടുപോയി; ‘രക്ഷിക്കണേ’ എന്ന് അവൾ നിലവിളിച്ചിട്ടും പട്ടാള മുഷ്കിനുമുന്നിൽ നിസ്സഹായരായി നോക്കിനിൽക്കാനേ വീട്ടുകാർക്കു കഴിഞ്ഞുള്ളൂ. മണിക്കൂറുകൾക്കുശേഷം അവളുടെ മൃതദേഹം അടുത്തുള്ള വയലിൽ ഉപേക്ഷിച്ച നിലയിൽ കണ്ടെത്തി; ശരീരത്തിൽ 16 വെടിയുണ്ടകളേറ്റിരുന്നു. ഈ സംഭവം മണിപ്പൂരി സമൂഹത്തെയാകെ ഞെട്ടിച്ചു. അഫ്സ‍്പയ്ക്കെതിരെ നാലുവർഷമായി തുടരുന്ന, ഇറോം ശർമിളയുടെ സമരത്തോടുള്ള ഭരണകൂടത്തിന്റെ നിസ്സംഗതയ്ക്കെതിരെ നിലനിന്ന രോഷത്തെ മനോരമ സംഭവം ആളിക്കത്തിച്ചു. അതാണ് ആസാം റൈഫിൾസിന്റെ ആസ്ഥാനത്തിനുമുന്നിൽ നഗ്നരായി നിന്ന് പ്രതിഷേധിക്കാൻ മണിപ്പൂരിലെ സ്ത്രീകളെ പ്രേരിപ്പിച്ചത്. മനോരമ ക്രൂരമാംവിധം കൂട്ടബലാൽസംഗത്തിനിരയായതായും ജനനേന്ദ്രിയത്തിലുൾപ്പെടെ വെടിയേറ്റതായും പോസ്റ്റുമോർട്ടം റിപ്പോർട്ടിൽ പറയുന്നു. എന്നാൽ എഫ്ഐആർ പോലും രജിസ്റ്റർ ചെയ്യാൻ പൊലീസ് തയ്യാറായില്ല. മനോരമയുടെ കുടുംബം നൽകിയ പരാതിയിൽ സർക്കാർ, ജസ്റ്റിസ് ഉപേന്ദ്രസിങ്ങിന്റെ നേതൃത്വത്തിലുള്ള ഒരു അനേ-്വഷണകമ്മീഷനെ വച്ചു. കമ്മീഷൻറിപ്പോർട്ട് സമർപ്പിച്ചിട്ടും ഗവൺമെന്റ് അത് രഹസ്യമാക്കിവച്ചു. 10 വർഷം റിപ്പോർട്ടു പൂഴ്-ത്തിവെച്ചശേഷം 2014ൽ സമർപ്പിക്കപ്പെട്ട മറ്റൊരു ഹർജിപ്രകാരം റിപ്പോർട്ട് സർക്കാർ സുപ്രീംകോടതിക്കു കെെമാറി. ആ റിപ്പോർട്ടിലെ വിവരങ്ങൾ ഞെട്ടിക്കുന്നതായിരുന്നു. പട്ടാളം അവളോടു ചെയ്ത ക്രൂരതകൾ ഓരോന്നായി അതിൽ പറഞ്ഞിരുന്നു. ഉപേന്ദ്രസിങ് കമ്മീഷൻ റിപ്പോർട്ട് മനോരമയുടെ കൊലപാതകത്തെ ‘‘നിയമവാഴ്ച നിലനിൽക്കുന്ന പരിഷ്കൃത സമൂഹത്തിലെ ഏറ്റവും നീചമായ കുറ്റകൃത്യം’’ എന്നാണ് വിശേഷിപ്പിച്ചത്. 

ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

20 + seventeen =

Most Popular