Saturday, November 23, 2024

ad

Homeകവര്‍സ്റ്റോറിമെയ്‌തെയ്‌കളെല്ലാം ഹിന്ദുക്കളോ?

മെയ്‌തെയ്‌കളെല്ലാം ഹിന്ദുക്കളോ?

കെ എ വേണുഗോപാലൻ

ണിപ്പൂരിലെ ആദിമ നിവാസികൾ ഹിന്ദുമതക്കാരായിരുന്നോ? അല്ല. അവരുടെ എഴുതപ്പെട്ട ചരിത്രം ആരംഭിക്കുന്നത് എ ഡി 33 ലാണ്. അന്നത്തെ അവിടത്തെ പ്രബല മതവിഭാഗം മെയ്‌തെയ്‌കൾ ആയിരുന്നു. ഇതൊരു ആധുനിക മതവിഭാഗമൊന്നുമല്ല. നാല് വ്യത്യസ്ത തരം ആരാധനാ ക്രമങ്ങളാണ് അവർക്കുണ്ടായിരുന്നത്. പ്രകൃത്യാരാധനയിൽ നിന്ന് അല്പം മുന്നോട്ടു പോകാൻ മാത്രമേ അവർക്ക് കഴിഞ്ഞിരുന്നുള്ളു. അവ താഴെ കൊടുക്കുന്നു.

എ. കഴിഞ്ഞ കാലത്തെ മനുഷ്യന്റെ നിലനില്പിനു വേണ്ടിയുള്ള പോരാട്ടത്തിനിടയിൽ രൂപപ്പെട്ട പരമ്പരാഗത ദേവതകൾ. ഇവയുടെയൊക്കെ രൂപീകരണം ജീവിതത്തിന്റെ വെല്ലുവിളികൾ നേരിട്ട പൂർവ്വികരുടെ ജീവിതവുമായി ബന്ധപ്പെട്ട ഐതിഹ്യങ്ങളാൽ സമൃദ്ധമാക്കപ്പെട്ടിരുന്നു.

ബി. ഗോത്രങ്ങളുമായി ബന്ധപ്പെട്ട ദേവതകൾ
സി. വീടിനകത്ത് മാത്രം ആരാധിക്കപ്പെടുന്ന ദേവതകൾ. ഇവ ചില ഗോത്രങ്ങൾക്ക് മാത്രം അവകാശപ്പെട്ടതായിരുന്നു.
ഡി. വിശുദ്ധമായി പരിഗണിക്കപ്പെടുന്ന ചില പ്രദേശങ്ങളിലെ രക്ഷിതാക്കളായ ദേവതകൾ. മെയ്‌തെയ്‌കളെ സംബന്ധിച്ചിടത്തോളം കുന്നുകളും മലകളുമൊക്കെ വിശുദ്ധ ഇടങ്ങളായിരുന്നു.

ചരിത്രാതീതകാലം മുതൽ വളർന്നു വന്ന പ്രപഞ്ച വിജ്ഞാനവുമായി ബന്ധപ്പെട്ടതാണ് പരമ്പരാഗതമായ മെയ്‌തെയ്‌ മതം. വ്യത്യസ്ത പേരുകളിൽ ആണ് അറിയപ്പെടുന്നതെങ്കിലും സർവ്വശക്തനായ ഒരു ദൈവത്തിലേക്ക് പിന്നീട് അവരുടെ മതവിശ്വാസം വളരുന്നുണ്ട്. കാലം കടന്നുപോയി. മണിപ്പൂരിലെ രാജവാഴ്ചയും രാജകുടുംബവും ശക്തിപ്പെട്ടു. എന്നാൽമെയ്‌തെയ്‌ മതം കാര്യമായ കോട്ടമൊന്നും കൂടാതെ തുടർന്നു. എന്നാൽ 17ഉം 18ഉം നൂറ്റാണ്ടുകളിൽ അഖിലേന്ത്യാ വ്യാപകമായിത്തന്നെ ഇന്ത്യൻ ഉപഭൂഖണ്ഡത്തിൽ മതംമാറ്റ പ്രക്രിയ ശക്തിപ്പെട്ടു. ഔറംഗസേബിന്റെ ഭരണകാലത്ത് ആ രാജ്യതിർത്തിക്ക് പുറത്ത് ബംഗാളിന് കിഴക്കുള്ള പ്രദേശങ്ങളിലേക്ക് ഹിന്ദു മതപ്രചാരകർ വൻതോതിൽ കുടിയേറി. ആസാം ഭരണാധികാരികളിൽ നിന്ന് ഈ ഹിന്ദുമത പ്രചാരകർക്ക് നല്ല പിന്തുണയാണ് ലഭിച്ചത്. മണിപ്പൂരിന് തൊട്ടടുത്തുള്ള പ്രദേശങ്ങളിൽ വൈഷ്ണവർക്ക് ഇക്കാലയളവിൽ വൻതോതിൽ സ്വാധീനമുണ്ടാക്കാനായി.അവിടുത്തെ ഭരണാധികാരികളും ഇതിന് കൂട്ടുനിന്നു.

വൻതോതിലുള്ള ബ്രാഹ്മണ കുടിയേറ്റമാണ് മണിപ്പൂരിലേക്ക് ഇക്കാലത്ത് ഉണ്ടായത്. എന്നാൽ ഗ്രാമീണമത പ്രചാരകരുടെ ഈ കടന്നുവരവിനെ ശത്രുതാപരമായിട്ടല്ല മെയ്‌തെയ്‌ വിഭാഗം കണ്ടത്. ഇങ്ങനെ കടന്നുവന്ന ബ്രാഹ്മണർക്ക് എല്ലാം ഗോത്രങ്ങളുടെ പേരുകൾ നൽകുകയും അവരെ മെയ്‌തെയ്‌ വിഭാഗത്തിലേക്ക് ഉൾക്കൊള്ളിക്കുകയും ചെയ്തു. ഈ വന്ന ബ്രാഹ്മണരിൽ ഭൂരിപക്ഷവും വിവാഹം കഴിച്ചത് മെയ്‌തെയ്‌ വിഭാഗത്തിൽ പെട്ട സ്ത്രീകളെയാണ്. രാജകുടുംബത്തിന് കൃഷിചെയ്ത് അരി നൽകിയിരുന്ന വിഭാഗത്തിൽപ്പെട്ട സ്ത്രീകളെയാണ് ഈ ബ്രാഹ്മണരിൽ അധികവും വിവാഹം കഴിച്ചത്. മറ്റു പ്രദേശങ്ങളിൽ അനുഭവിച്ചുവന്നിരുന്ന മേധാവിത്വ സ്ഥിതി ഇവിടെ കടന്നുവന്ന ബ്രാഹ്മണർക്ക് അനുഭവിക്കാനായില്ല എന്നതാണ് വസ്തുത.

എന്നാൽ 1697ൽ മണിപ്പൂരിന്റെ രാജാവായി ചരായ് റംഗ് ബോ അധികാരമേറ്റതോടെ സ്ഥിതിഗതികളിൽ മാറ്റംവരാൻ തുടങ്ങി. അദ്ദേഹമാണ് ആദ്യമായി വൈഷ്ണവ ഹിന്ദുയിസത്തിലേക്ക് മാറിയ ആദ്യത്തെ മെയ്‌തെയ്‌ രാജാവ്. എന്നാൽ ഹിന്ദുമതത്തെ മണിപ്പൂരിന്റെ ഔദ്യോഗിക മതമാക്കുന്നതിന് അദ്ദേഹം ശ്രമിച്ചില്ല. ഹിന്ദുമതത്തിലേക്ക് മാറുകയും എന്നാൽ പരമ്പരാഗത മെയ്‌തെയ്‌ വിശ്വാസങ്ങളും ആചാരങ്ങളും പിന്തുടരുകയും ചെയ്ത ഒരാളായിരുന്നു അദ്ദേഹം. ഇറച്ചിയോ മദ്യമോ കഴിക്കുന്നത് അദ്ദേഹം നിരോധിച്ചില്ല. 1706 ൽ റംഗ് ബോയുടെ ഭരണം അവസാനിച്ചു. പാം ഹിബയാണ് തുടർന്ന് രാജാവായത്.40 കൊല്ലക്കാലം അദ്ദേഹത്തിന്റെ ഭരണമായിരുന്നു. ഇക്കാലത്ത് നിരവധി വൈരാഗികൾ മണിപ്പൂരിന്റെ തലസ്ഥാനത്തെത്തുകയും മതപരിവർത്തനത്തിനുള്ള ശ്രമം തുടരുകയും ചെയ്തു. അതിൽ പ്രമുഖൻ 1717 ഒക്ടോബറിൽ മണിപ്പൂരിൽ എത്തിയ ഗുരു ഗോപാൽദാസ് ആയിരുന്നു. അദ്ദേഹത്തിന്റെ സ്വാധീനത്തിനു വഴങ്ങി രാജാവ് ഹിന്ദുമതത്തെ രാജവംശത്തിന്റ ഔദ്യോഗിക മതമായി പ്രഖ്യാപിച്ചു. രാജ്യത്ത് നിരവധി ഹിന്ദു ക്ഷേത്രങ്ങൾ പണികഴിപ്പിച്ചു. ശ്രീകൃഷ്ണനും കാളിയും ഒക്കെയായിരുന്നു പ്രധാന ദൈവങ്ങൾ. 1720ൽ ഗുരുഗോപാൽദാസ് ബംഗാളിലേക്ക് തിരിച്ചുപോയി. പകരം ശാന്താ ദാസ് ഗോസ്വാമി എന്നൊരാൾ മണിപ്പൂരിൽ എത്തി. പരമ്പരാഗത മെയ്‌തെയ്‌ മതം ഇല്ലാതാക്കുന്നതിനു വേണ്ടി ശ്രമിച്ചവരിൽ പ്രമുഖൻ ഇദ്ദേഹമായിരുന്നു. ശാന്താ ദാസ് ഒരു ബ്രാഹ്മണ മതപ്രചാരകനായിരുന്നു. കിഴക്കേ ഇന്ത്യയിലെ ഹിന്ദുമതത്തിലെ രാമാനന്ദി വിഭാഗത്തിലാണ് അദ്ദേഹം ഉൾപ്പെട്ടിരുന്നത്. ഭരണകൂട ഉപകരണങ്ങളെ മതപ്രചാരണത്തിനായി ഉപയോഗപ്പെടുത്താൻ അദ്ദേഹത്തിന് കഴിഞ്ഞു. മദ്യം നിരോധിക്കപ്പെട്ടു. നിരോധനം ലംഘിക്കുന്നവർക്ക് കടുത്ത ശിക്ഷ നൽകി. പശുവിനെ ഒഴികെ മറ്റ് കന്നുകാലികളെ വളർത്തുന്നവർ അശുദ്ധരായി കണക്കാക്കപ്പെട്ടു. അങ്ങനെയുള്ളവരെ മതത്തിൽ നിന്ന് പുറത്താക്കി.

ശാന്ത ദാസ് സ്വന്തം മതപ്രചാരണത്തിനുവേണ്ടി മഹാഭാരതത്തെയടക്കം വളച്ചൊടിച്ചു. പാണ്ഡവ രാജാവായിരുന്ന അർജുനന്റെ ഭാര്യ ചിത്രാംഗദ മണിപ്പൂരിലെ രാജാവായിരുന്ന ചന്ദ്രഭാനുവിന്റെ മകളാണ് എന്ന കണ്ടെത്തലാണ് അദ്ദേഹം നടത്തിയത്. ബബ്രുവാഹന എന്ന അർജുനന്റെ മകൻ ഈ ബന്ധത്തിലാണ് ഉണ്ടായത് എന്നും വ്യാഖ്യാനിക്കപ്പെട്ടു. പരമ്പരാഗതമായി മണിപ്പൂരികൾ ഹിന്ദുക്കളായിരുന്നു എന്ന് വരുത്തുന്നതിനു വേണ്ടിയാണ് ഈ കള്ളക്കഥ പ്രചരിപ്പിക്കപ്പെട്ടത്. അവരുടെ മക്കളും പേരക്കുട്ടികളും അവരുടെ സന്തതി പരമ്പരകളും ആണ് അന്നത്തെ മണിപ്പൂർ ഭരിച്ചുകൊണ്ടിരുന്നത് എന്ന കഥയാണ് ശാന്താ ദാസിന്റെ നേതൃത്വത്തിൽ പ്രചരിപ്പിച്ചത്.

മെയ്‌തെയ്‌കളുടെ സാമൂഹിക ഘടന മാറ്റിയെടുക്കുന്നതിനായി പരമ്പരാഗത ഗോത്രങ്ങൾക്ക് പകരം പുതിയ ഗോത്രങ്ങളെ സൃഷ്ടിക്കാനും അദ്ദേഹം തയ്യാറായി.കൗശിക, ഭരദ്വാജ , കാശ്യപ മധുഗല്യ , ഗൗതമ , ശാന്തില്യ എന്നിത്യാദി പേരുകളിട്ട് ഗോത്രങ്ങളെ ഹിന്ദുവൽക്കരിക്കുകയാണ് അദ്ദേഹം ചെയ്തത്. ഇങ്ങനെയാണ് മെയ്‌തെയ്‌ മതത്തിലെ ഒരു വലിയ വിഭാഗം ഹിന്ദുക്കളായി പിന്നീടു മാറിയത്. 

ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

7 − 6 =

Most Popular