Friday, May 17, 2024

ad

Homeമാധ്യമം/സംവാദംനാലാം തൂണും 
തുരുമ്പെടുക്കുമ്പോൾ

നാലാം തൂണും 
തുരുമ്പെടുക്കുമ്പോൾ

കെ വി സുധാകരൻ

2022  ജൂലെെയിൽ സുപ്രീംകോടതി ചീഫ് ജസ്റ്റിസായിരുന്ന എൻ വി രമണ രാജ്യത്തെ മാധ്യമങ്ങൾക്കെതിരെ രൂക്ഷമായ വിമർശനം ഉന്നയിക്കുകയുണ്ടായി. ചില സുപ്രധാന ക്രിമിനൽ കേസുകളിൽ കോടതി,വിധി പുറപ്പെടുവിക്കുന്നതിനുമുമ്പേ തന്നെ മാധ്യമങ്ങൾ, വിശേഷിച്ച് വാർത്താ ചാനലുകൾ, നടത്തുന്ന വിചാരണയുടെ പശ്ചാത്തലത്തിലായിരുന്നു അദ്ദേഹം മാധ്യമങ്ങൾക്കെതിരെ പ്രതികരിച്ചത്. മാധ്യമ വിചാരണ അതിരുകടക്കുന്നതുകൊണ്ട്, അനുഭവസമ്പന്നരായ ന്യായാധിപർപോലും കേസുകളിൽ തീർപ്പുകൽപ്പിക്കാൻ ബുദ്ധിമുട്ടുകയാണെന്ന് അദ്ദേഹം പറഞ്ഞു. വേണ്ടത്ര ധാരണയില്ലാതെയും, മുൻകൂട്ടി തീരുമാനിച്ച അജൻഡകൾക്കനുസരിച്ചും, വിധി പ്രസ്താവവുമായി ബന്ധപ്പെട്ട ചർച്ചകൾ യഥാർഥത്തിൽ ജനാധിപത്യ സംവിധാനത്തിനു ഗുണകരമല്ലെന്നും ജസ്റ്റിസ് രമണ പറഞ്ഞിരുന്നു.മുൻകൂട്ടി നിശ്ചയിച്ചുറപ്പിച്ച അജൻഡകൾക്കനുസരിച്ച് പ്രവർത്തിക്കുന്ന മാധ്യമങ്ങൾ, ധാരണക്കുറവും അഴിമതിയും അരങ്ങുതകർക്കുന്ന മാധ്യമങ്ങളേക്കാൾ അപകടകാരികളാണെന്നും, ഇത്തരം പക്ഷപാതിത്വത്തോടെയുള്ള മാധ്യമ പ്രവർത്തനം ജനങ്ങളെ ബാധിക്കുമെന്നും, ജനാധിപത്യത്തെ ക്ഷയിപ്പിക്കുമെന്നും, നമ്മുടെ സാമൂഹ്യ സംവിധാനത്തിനുതന്നെ ദോഷം ചെയ്യുമെന്നും കൂടി ജസ്റ്റിസ് രമണ വിശദീകരിക്കുകയുണ്ടായി. ഇത്തരം നിരുത്തരവാദപരമായ മാധ്യമ പ്രവർത്തനം ജനാധിപത്യത്തെ രണ്ടടി പുറകോട്ടുകൊണ്ടുപോവുകയാണു ചെയ്യുന്നതെന്നു പറഞ്ഞാണ് അദ്ദേഹം തന്റെ വിമർശനം അവസാനിപ്പിച്ചത്.

ഒരു വ്യാഴവട്ടക്കാലംമുമ്പ് ഇംഗ്ലണ്ടിൽ റൂപർട്ട് മർഡോക്കിന്റെ ‘ന്യൂസ് ഇന്റർനാഷണൽ’ എന്ന മാധ്യമ സ്ഥാപനം ബ്രിട്ടീഷ് രാജകുടുംബത്തിന്റെ ഫോൺ ചോർത്തലുമായി ബന്ധപ്പെട്ട് വലിയ വിവാദങ്ങൾ സൃഷ്ടിച്ചിരുന്നു. ഇതിനെത്തുടർന്ന് അന്നത്തെ ബ്രിട്ടീഷ് പ്രധാനമന്ത്രി ഡേവിഡ് കാമറൂൺ ജസ്റ്റിസ് ലോർഡ് ലെവിസൺ ചെയർമാനായി ഒരു കമ്മീഷനെ നിയോഗിച്ചു. മാധ്യമങ്ങളുടെ പ്രവർത്തന രീതി, മാധ്യമ സംസ്കാരം, മാധ്യമ ധാർമികത എന്നിവയെപ്പറ്റി പഠിക്കാനായിരുന്നു കമ്മീഷന്റെ നിയോഗം. ‘കാവൽക്കാരെ ആരു സംരക്ഷിക്കും?’ എന്ന ചോദ്യത്തോടെയാണ് ജസ്റ്റിസ് ലെവിസൺ റിപ്പോർട്ട് തുടങ്ങുന്നത്. പൊതുജീവിതത്തിന്റെ എല്ലാ മേഖലകളിലേയും പ്രവണതകൾ പരിശോധിക്കാനും അവ കുറ്റമറ്റതാക്കാനും കണ്ണിലെണ്ണയൊഴിച്ചു നിൽക്കേണ്ട സമൂഹത്തിന്റെ കാവൽനായ്ക്കളാണ് മാധ്യമങ്ങൾ. അതുകൊണ്ട് അത്തരം മാധ്യമങ്ങൾക്കു പിഴവു സംഭവിച്ചാൽ അത് ജനങ്ങളെയാകെ ബാധിക്കും. അതുകൊണ്ടാണ് സംരക്ഷകരെ ആരു സംരക്ഷിക്കും (who guards the guardians) എന്ന ചോദ്യം ജസ്റ്റിസ് ലെവിസൺ ഉന്നയിച്ചത്.

ഒരു പന്തീരാണ്ടു മുമ്പ് ജസ്റ്റിസ് ലെവിസൺ ചോദിച്ച ചോദ്യവും, കഷ്ടിച്ച് ഒരു വർഷം മുമ്പ് ജസ്റ്റിസ് രമണ പ്രകടിപ്പിച്ച വിമർശനവും വർത്തമാനകാല മാധ്യമങ്ങൾക്കുനേരെ കൂടി വിരൽചൂണ്ടുന്നതാണ്. ഇക്കാര്യത്തിൽ പത്ര – ദൃശ്യ മാധ്യമങ്ങൾ എന്ന വേർതിരിവിനുപോലും പ്രസക്തിയില്ലാതായിരിക്കുകയാണ്.

ഗാന്ധിജി പറഞ്ഞത്
ഗാന്ധിജി നല്ലൊരു പത്രപ്രവർത്തകൻ കൂടിയായിരുന്നതുകൊണ്ട്, പത്രപ്രവർത്തനത്തെപ്പറ്റി അദ്ദേഹം പറഞ്ഞ ചില കാര്യങ്ങൾ കൂടി ഓർക്കുന്നതു നന്നായിരിക്കും. പത്രങ്ങൾ പരസ്യങ്ങളിൽനിന്ന് മാറിനിൽക്കണമെന്നും, താനൊരിക്കലും പരസ്യം വാങ്ങി പത്രം പ്രസിദ്ധീകരിക്കുകയില്ല യെന്നും 1934ൽ സ്വന്തം പത്രമായ ‘യംഗ് ഇന്ത്യ’യിൽ അദ്ദേഹം എഴുതുകയുണ്ടായി. മറ്റു ചില കാര്യങ്ങൾ കൂടി അന്ന് ഗാന്ധിജി എഴുതിയിരുന്നു.അത് താഴെ പറയുന്നവയാണ്:

1. ദേഷ്യമോ പകയോ പ്രകടിപ്പിക്കാനായി ഞാൻ ഒന്നും എഴുതില്ല.
2. അലസമായിട്ടൊന്നും ഞാൻ എഴുതില്ല.
3. വികാരവിക്ഷോഭം ജനിപ്പിക്കാൻവേണ്ടി ഞാൻ ഒന്നും എഴുതില്ല.

ഹച്ചിൻസ് കമ്മീഷൻ റിപ്പോർട്ട്
ചരിത്രത്തിൽനിന്നുള്ള മറ്റൊരു കാര്യം കൂടി സൂചിപ്പിച്ചതിനുശേഷം യഥാർത്ഥ വിഷയത്തിലേക്കു വരുന്നതായിരിക്കും ഉചിതം. നമുക്കു സ്വാതന്ത്ര്യം ലഭിച്ച കാലത്തെ കഥയാണ്. 1947ൽ ഹച്ചിൻസ് കമ്മീഷൻ റിപ്പോർട്ട് (Hutchin’s Commission Report) എന്നൊരു രേഖ പ്രസിദ്ധീകരിക്കുകയുണ്ടായി. 1940കളിൽ പത്രസ്വാതന്ത്ര്യം സംബന്ധിച്ച് രൂപീകരിക്കപ്പെട്ട കമ്മീഷന്റെ അധ്യക്ഷനും, ചിക്കാഗോ സർവകലാശാലാ പ്രസിഡന്റുമായിരുന്നു റോബർട്ട് എം ഹച്ചിൻസ്. പത്രങ്ങളുടെ സ്വാതന്ത്ര്യം, ധർമം എന്നിവയെപ്പറ്റി പഠിച്ച ഹച്ചിൻസ്, 1947ൽ അന്തിമ റിപ്പോർട്ട് ‘സ്വതന്ത്രവും ഉത്തരവാദപൂർണവുമായ പത്രങ്ങൾ’ (A Free and Responsible Press) എന്ന പേരിൽ പ്രസിദ്ധീകരിക്കുകയുണ്ടായി. അതിൽ ഹച്ചിൻസ് നിരവധി മാർഗനിർദ്ദേശങ്ങൾ മുന്നോട്ടുവച്ചിട്ടുണ്ട്. സ്വതന്ത്രവും നീതിപൂർവകവും ധാർമികവുമായി പത്രങ്ങൾ എങ്ങനെ പ്രവർത്തിക്കണം എന്നതു സംബന്ധിച്ചുള്ളതാണ് മാർഗനിർദ്ദേശങ്ങൾ. ലോകമെങ്ങുമുള്ള മാധ്യമ പ്രവർത്തകരുടെ വഴികാട്ടിയായി പ്രവർത്തിക്കുന്ന (പ്രവർത്തിക്കേണ്ട) മാനദണ്ഡങ്ങളാണ് ഇതിൽ വിശദമാക്കുന്നത്.

അർത്ഥപൂർണവും കൃത്യതയുള്ളതും അഭിപ്രായങ്ങളിൽനിന്നു മുക്തമായതുമായ വാർത്തകളാണ് നൽകേണ്ടതെന്നാണ് ഒന്നാമതായിത്തന്നെ ഇതിൽ പറയുന്നത്. തുടർന്നു പറയുന്നത് രാഷ്ട്രീയത്തിനോ വിഭാഗീയതയ്ക്കോ വാണിജ്യ താൽപര്യങ്ങൾക്കോ പത്രപ്രവർത്തകർ വിധേയരാകാൻ പാടില്ല എന്നാണ്. ഏതെങ്കിലും പ്രത്യയശാസ്ത്രത്തിനോ, ആശയത്തിനോ, ചിന്തയ്ക്കോ അനുകൂലമായോ എതിരായോ ഉള്ള മുൻവിധികൾ പത്രപ്രവർത്തകർ വച്ചുപുലർത്താൻ പാടില്ല. പത്ര പ്രവർത്തകർ അവരുടെ സ്വന്തം അഭിപ്രായങ്ങളോ മുൻഗണനകളോ പക്ഷപാതിത്വമോ മുൻകൂട്ടിയുള്ള വിധി പ്രസ്താവങ്ങളോ ചെയ്യാൻ പടില്ല. നിന്ദ്യമായതും എതിരിടാനുറച്ചെന്ന മട്ടിലുള്ളതും ശല്യം ജനിപ്പിക്കുന്നതുമായ ശബ്ദങ്ങളുടെയോ, വാക്കുകളുടെയോ അനാവശ്യ പ്രയോഗം ഒഴിവാക്കേണ്ടതാണ്.

ഇൗ വക ധാരാളം നിർദ്ദേശങ്ങൾ ഇനിയും ഹച്ചിൻസ് പറഞ്ഞിട്ടുണ്ട്. സത്യസന്ധവും വസ്തുനിഷ്ഠവും നിഷ്–പക്ഷവും സാമൂഹ്യനന്മ ലക്ഷ്യംവയ്ക്കുന്നതുമായിരിക്കണം പത്രപ്രവർത്തനം എന്നതാണ് ഈ നിർദ്ദേശങ്ങളുടെ സാരസർവസ്വം. പത്രപ്രവർത്തനത്തിന്റെ രൂപഭാവങ്ങളിൽ മാറ്റം വന്നിട്ടുള്ളതുകൊണ്ട് ഏതു തരത്തിലുള്ള മാധ്യമങ്ങൾക്കും ഇപ്പോൾ ബാധകമാണ് ഹച്ചിൻസ് നിർദ്ദേശങ്ങൾ. ഇവയുടെയൊക്കെ പശ്ചാത്തലത്തിൽ സമീപകാല മാധ്യമപ്രവർത്തനം, വിശേഷിച്ച് വാർത്താചാനലുകളുടെ പ്രവർത്തനം വിശകലനം ചെയ്യുമ്പോഴാണ് നമ്മുടെ ബഹുഭൂരിപക്ഷം മാധ്യമങ്ങളും മാധ്യമ പ്രവർത്തനം എന്ന പേരിൽ കാട്ടിക്കൂട്ടുന്നതു കണ്ട് നാം മൂക്കത്തു വിരൽവയ്ക്കേണ്ടിവരുന്നത്.

നാലാം തൂണിന് എന്തുപറ്റി?
മാധ്യമങ്ങൾ ജനാധിപത്യ സംവിധാനത്തിന്റെ നാലാം തൂണാണ് (fourth estate), മാധ്യമങ്ങൾ ചെയ്യുന്നത് സമൂഹത്തെ പുനഃക്രമീകരിക്കുകയാണ് എന്നെല്ലാമുള്ള പ്രയോഗങ്ങൾക്ക് രണ്ടു നൂറ്റാണ്ടിലേറെ കാലത്തെ ചരിത്രമുണ്ട്. എന്നാൽ, മാധ്യമങ്ങളുടെ ഘടനാപരമായ ബന്ധങ്ങളും രീതിശാസ്ത്രവുമൊക്കെ മാറിയപ്പോൾ ഏറെ കൊട്ടിഘോഷിക്കപ്പെട്ട ഈ ആപ്തവാക്യങ്ങളൊക്കെ അർത്ഥശൂന്യമായി മാറുകയാണ്. മാധ്യമങ്ങളുടെ രാഷ്ട്രീയവും സാമ്പത്തികവുമായ നിയന്ത്രണാധികാരം വാർത്തകളുടെ ഉള്ളടക്കത്തേയും സ്വഭാവത്തേയും നിയന്ത്രിക്കുന്നതാണെന്ന് തെളിയിക്കപ്പെട്ടിട്ടുണ്ട്. വാർത്തകളുടെ അരിപ്പകളെപ്പറ്റി പറയുമ്പോൾ ചോംസ്കി ഇതു വിശദീകരിക്കുന്നുണ്ട്.

ലോകവ്യാപകമായിത്തന്നെ ഭൂരിപക്ഷം മാധ്യമങ്ങളും വൻകിട കോർപ്പറേറ്റുകളുടെ കെെകളിലാണ്. അവയെ പിൻപറ്റിക്കൊണ്ടാണ് നമ്മുടെ രാജ്യത്തും മാധ്യമങ്ങൾ പ്രവർത്തിക്കുന്നത്. ഇന്ത്യയിൽ ഏറ്റവും കൂടുതൽ പ്രതിദിന പ്രചാരമുള്ള ടെെംസ് ഓഫ് ഇന്ത്യയുടെ ഉടമസ്ഥരായ മുംബെെയിലെ ബെന്നറ്റ് കോൾമാൻ ഗ്രൂപ്പ് ഇതിൽ പ്രധാനമാണ്. ദേശീയ ടെലിവിഷൻ ചാനലുകളിൽ ഏറെയും അദാനി, അംബാനി തുടങ്ങിയ കോർപ്പറേറ്റുകൾ സ്വന്തമാക്കിക്കഴിഞ്ഞു. മിക്കവാറും നിഷ‍്–പക്ഷവും സത്യസന്ധവുമായ മാധ്യമ പ്രവർത്തനത്തിനു പേരുകേട്ട എൻഡിടിവി കഴിഞ്ഞ വർഷം ഡിസംബറിൽ അദാനി കെെയടക്കി. പലചരക്കു കച്ചവടം, മൊബെെൽ ഫോൺ, ഊർജം, തുറമുഖം, വിമാനത്താവളം തുടങ്ങിയ വ്യവസായ – ബിസിനസ് സംരംഭങ്ങളിൽ അഭിരമിക്കുന്ന അംബാനി – അദാനിമാർക്ക് മാധ്യമങ്ങളെ ഉപയോഗിച്ച് ജനാധിപത്യം ശക്തിപ്പെടുത്താനോ, സാമൂഹ്യജീവിതം മെച്ചപ്പെടുത്താനോ അദമ്യമായ അഭിനിവേശമുണ്ടെന്ന് സാമാന്യബുദ്ധിയുള്ളവരാരും കരുതില്ല. രാജ്യത്തെ ആദ്യ പത്രമായ ‘ബംഗാൾ ഗസറ്റി’ലൂടെ ജെയിംസ് അഗസ്റ്റസ് ഹിക്കിയെയും സ്വദേശാഭിമാനി രാമകൃഷ്ണപിള്ളയെയും കേസരി ബാലകൃഷ്ണപിള്ളയെയും പോലെ, ഭരണകൂട വിമർശനം നടത്തി നാട്ടുകാരെ രക്ഷിക്കുകയെന്നതും ഈ കോർപ്പറേറ്റുകളുടെ ലക്ഷ്യമൊന്നുമല്ലല്ലോ. അവരുടെ ലക്ഷ്യം, പത്ര – മാധ്യമ സാമ്രാജ്യത്തിന്റെ കൂടി അധിപന്മാരായി ഭരണകൂടത്തോടും അധികാരിവർഗത്തോടുമുള്ള ചങ്ങാത്തം ഊട്ടിയുറപ്പിക്കുക,അതുവഴി തങ്ങളുടെ വ്യവസായ – വാണിജ്യ സംരംഭങ്ങൾക്ക് കൂടുതൽ ലാഭം കൊയ്യാൻ അവസരമൊരുക്കുക, മാധ്യമങ്ങളെ ഉപയോഗിച്ച് അതിനിണങ്ങുന്ന പൊതുബോധം സമൂഹത്തിൽ സൃഷ്ടിക്കുക എന്നിവയൊക്കെയാണ്. അതുവഴി ഭരണകൂട – കോർപ്പറേറ്റ് രാഷ്ട്രീയ താൽപര്യങ്ങൾക്ക് അനുഗുണമായ ചിന്താഗതി പൊതുസമൂഹത്തിൽ സൃഷ്ടിക്കുകയെന്നതും ഇക്കൂട്ടരുടെ ലക്ഷ്യമാണ്. ഭരണകൂടവും കോർപ്പറേറ്റുകളും തമ്മിലുള്ള സമ്പൂർണ സംയോജനം എന്ന് പണ്ട് മുസ്സോളിനി പറഞ്ഞതിനെ ഓർമിപ്പിക്കുന്ന തരത്തിലാണ് കോർപ്പറേറ്റുകൾ കയ്യാളുന്ന മാധ്യമങ്ങളുടെ പ്രവർത്തനത്തിന്റെ രീതിശാസ്ത്രം.ഇതാകട്ടെ, ഫാസിസത്തിലേക്കുള്ള ചുവടുവയ്പാണെന്ന കാര്യം നാം ശ്രദ്ധിക്കാതെ പോകുന്നു എന്നതാണു സത്യം. അതുകൊണ്ടാണ് ഭരണഘടനയ്ക്കുപോലും വിരുദ്ധമായി ഹിന്ദു സന്ന്യാസിമാരെയും, ഹിന്ദുത്വത്തിന്റെ ആചാരങ്ങളെയും ആനയിച്ച് പുതിയ പാർലമെന്റ് മന്ദിരത്തിന്റെ ഉദ്ഘാടനം നടത്തിയതിനെപ്പറ്റി നമ്മുടെ മുഖ്യധാരാ മാധ്യമങ്ങൾക്കൊന്നും ഒരു അലോസരവും തോന്നാതിരുന്നത്. അലോസരമൊന്നും തോന്നിയില്ല എന്നു മാത്രമല്ല, പുരാണ കഥകളിലെ യാഗത്തെയൊക്കെ ഓർമിപ്പിക്കുന്ന ചടങ്ങുകളെ തൃശ്ശൂർ പൂരത്തിന്റെ വർണക്കാഴ്ചകൾ സമ്മാനിക്കുന്ന നിഷ്കളങ്കതയോടെയാണ് മലയാളത്തിലെ മുഖ്യധാരാ മാധ്യമങ്ങൾപോലും റിപ്പോർട്ട് ചെയ്തത്. ‘ഇനി പുതിയ ഇന്ത്യ – മോദി’ എന്ന തലക്കെട്ടിലാണ് മാതൃഭൂമി മെയ് 29ന്റെ ഒന്നാം പേജിൽ വാർത്ത നൽകിയത്. ‘രാജ്യത്തിന്റെ ജനാധിപത്യചരിത്രത്തിൽ പുതിയ അധ്യായമെഴുതി’ എന്ന് ലീഡ് വാർത്തയുടെ ഇൻട്രോയിൽ മാതൃഭൂമി ലേഖകൻ ആവേശം കൊള്ളുന്നുമുണ്ട്. ജനാധിപത്യത്തിന്റെ എല്ലാ മൂല്യങ്ങൾക്കും കടകവിരുദ്ധമായി, അന്ധവിശ്വാസ – അനാചാര ജടിലമായ ചടങ്ങുകളോടെ നടത്തിയ ഉദ്ഘാടനത്തെ ‘ജനാധിപത്യചരിത്രത്തിലെ പുതിയ അധ്യായം’ എന്നു വാഴ്ത്തിയ ലേഖകന്റെ ജനാധിപത്യബോധത്തിന് നല്ല നമസ്കാരം പറയാനേ കഴിയൂ.

നൂറുവർഷം പിന്നിട്ട മാതൃഭൂമി 1923 മാർച്ച് 17ന് പ്രസിദ്ധീകരിച്ച പ്രഥമലക്കത്തിൽ ‘പാവനപ്രതിജ്ഞ’ എന്ന പേരിൽ ഒരു പ്രസ്താവന നൽകിയിട്ടുണ്ട്. പത്രത്തിന്റെ ലക്ഷ്യവാചകവും, പ്രവർത്തനപദ്ധതിയും എന്തായിരിക്കും എന്നു വെളിപ്പെടുത്തുന്നതാണ് പ്രസ്തുത പ്രസ്താവന. അതിങ്ങനെയാണ‍്:

‘‘മനുഷ്യജീവിതം മഹത്തായ ഒരു ബാധ്യതയാണ്. ആ ബാധ്യത നിറവേറ്റുന്നതിനുള്ള പൂർണ സ്വാതന്ത്ര്യം എല്ലാ മനുഷ്യർക്കും ഉണ്ടായിരിക്കണം. അവരവരുടെ ബുദ്ധിക്കും പ്രാപ്തിക്കും അധ്വാനത്തിനും അനുസരിച്ചുള്ള ഫലം യാതൊരു തടസ്സവും കൂടാതെ ആർക്കും അനുഭവിക്കാൻ സാധിക്കണം. അതിനെ കുറയ്ക്കുവാനോ ഇല്ലാതാക്കുവാനോ മനുഷ്യന്റെ സ്വാഭിമാനത്തെ ക്ഷയിപ്പിക്കുവാനോ നശിപ്പിക്കുവാനോ ഉള്ള ആചാരസമ്പ്രദായങ്ങളോ നിബന്ധനകളോ മനുഷ്യവർഗത്തിന്റെ അഭിവൃദ്ധിക്ക് പറ്റാത്തതാകകൊണ്ട് അവയെ തീരെ അകറ്റണം. എന്നാൽ മാത്രമേ ലോകത്തിൽ സൗഖ്യവും സ്വാതന്ത്ര്യവും സമാധാനവും പൂർണമായി ഉണ്ടാകാൻ തരമുള്ളൂ എന്ന നയത്തെ അടിസ്ഥാനമാക്കി ഞങ്ങൾ മറ്റെല്ലാ വിഷയങ്ങളെയും പരിശോധിക്കുന്നതാകുന്നു’’.

നയപ്രഖ്യാപനമെന്ന നിലയിൽ മാതൃഭൂമി പ്രഖ്യാപിച്ച പ്രസ്തുത വാക്കുകൾ നൂറുവർഷം കഴിയുമ്പോൾ പത്രമോ, അതിൽ പ്രവർത്തിക്കുന്നവരോ ഓർക്കുന്നുണ്ടോ എന്തോ. സത്യത്തിൽ പാർലമെന്റിന്റെ പുതിയ മന്ദിരത്തിന്റെ ഉദ്ഘാടനത്തിൽ മോദിയും കൂട്ടരും കാട്ടിക്കൂട്ടിയ അസംബന്ധജടിലവും അനാചാരാവൃതവുമായ ചടങ്ങുകളെ പുതിയ ജനാധിപത്യത്തിന്റെ ചരിത്ര സൃഷ്ടിയാണെന്ന് പറയുന്നതിലൂടെ മാതൃഭൂമി അവരുടെ പ്രഖ്യാപിത നയം തന്നെ റദ്ദാക്കിക്കളഞ്ഞിരിക്കുകയാണ്.

‘സമർപ്പണം’ എന്ന വിശുദ്ധ സൂചനയുള്ള ആറ്റിക്കുറുക്കിയ തലക്കെട്ടിൽ, പ്രാർത്ഥനാനിർഭരനായി ചെങ്കോലേന്തി നിൽക്കുന്ന പ്രധാനമന്ത്രിയുടെ ചിത്രം സഹിതം നൽകിയാണ് മലയാള മനോരമ രോമാഞ്ചകഞ്ചുകമണിയുന്നത്. കെ സി മാമ്മൻമാപ്പിള, കണ്ടത്തിൽ വർഗീസ് മാപ്പിളയെക്കുറിച്ച് തെരഞ്ഞെടുക്കപ്പെട്ട മുഖപ്രസംഗങ്ങളിൽ മനോരമയുടെ നയം എന്ന രീതിയിൽ കുറിച്ചുവച്ച വാചകങ്ങൾ ഇതുമായി കൂട്ടി വായിക്കുന്നതും കൗതുകകരമാണ്.

‘‘മതം, ദേശം, ജാതി, ഭരണവിഭാഗം എന്നിവയുടെയെല്ലാം പേരിൽ അകന്നും മറന്നും കഴിഞ്ഞ സമൂഹത്തെ ഭേദചിന്തകളിൽനിന്നും അകറ്റി ഏകീഭവിച്ച് നവീന നാഗരികതയിലേക്ക് നയിക്കണം’’ എന്നാണ് അതു പറയുന്നത്. രാജ്യത്തെ ഭരണസംവിധാനത്തെയും രാഷ്ട്രീയ – സാമൂഹ്യ ജീവിതക്രമങ്ങളേയും പരിഹസിച്ചുകൊണ്ട് സഹസ്രാബ്ദങ്ങൾക്കു പിന്നിലേക്കു കൊണ്ടുപോയ അസംബന്ധ ക്രിയകളെ മഹത്വവൽക്കരിച്ചതിലൂടെ മനോരമ കണ്ടത്തിൽ വർഗീസ് മാപ്പിളയുടെയും, കെ സി മാമ്മൻ മാപ്പിളയുടെയും ഓർമകളെപ്പോലും പരിഹസിക്കുകയാണ് ഇക്കാര്യത്തിൽ ചെയ്യുന്നതെന്ന് ഇവരാരെങ്കിലും ഓർക്കുന്നുണ്ടോ എന്നറിയില്ല.

എന്തുകൊണ്ട് മാതൃഭൂമിയും മനോരമയും തങ്ങളുടെ പ്രഖ്യാപിത ലക്ഷ്യവാചകങ്ങളിൽനിന്ന് പിന്നോട്ടുപോയി സംഘപരിവാർ രാഷ്ട്രീയത്തിന്റെ അട്ടിപ്പേറുകാരായി അധഃപതിക്കുന്നു എന്നത് കൂടുതൽ പഠനങ്ങൾ ആവശ്യപ്പെടുന്ന വിഷയമാണ്.

ഭരണഘടനയുടെ അനുഛേദം 51 (a, h) പറയുന്നത്, ശാസ്ത്രീയവീക്ഷണവും മാനവികതയും വികസിപ്പിക്കുകയും അനേ-്വഷണ നവീകരണ മനോഭാവം വളർത്തുകയും ചെയ്യേണ്ടത് ഓരോ പൗരന്റെയും ഉത്തരവാദിത്വമാണെന്നാണ്. നമ്മുടെ മാധ്യമങ്ങളിൽ ബഹുഭൂരിപക്ഷത്തിനും ഇതൊന്നും ഓർമപ്പെടുത്താൻ കഴിയാത്തത് നിഷ്കളങ്കമായി സംഭവിക്കുന്ന പിഴവല്ല. ഭരണകൂട ആശയങ്ങളുടെ വെെതാളികരായി അവർ മാറുകയാണ്. 
(തുടരും)

ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

19 − 7 =

Most Popular