ഇന്ത്യയുടെ പല ഭാഗങ്ങളിലും വ്യത്യസ്ത ജനവിഭാഗങ്ങൾ തമ്മിൽ, വിശേഷിച്ച് വിവിധ മതക്കാർ തമ്മിൽ പരസ്പരവിരോധവും ശത്രുതയും സൃഷ്ടിക്കാനുള്ള ശ്രമങ്ങൾ നടക്കുന്നു. മുസ്ലീങ്ങളെ സംഘപരിവാർ സ്ഥിരം ശത്രു വിഭാഗമായി കാണുന്നു. അടുത്തകാലത്തായി ക്രിസ്ത്യൻ ജനവിഭാഗങ്ങളെയും അവരുടെ പള്ളികളെയും ഇത്തരത്തിൽ സംഘപരിവാർ ആക്രമണവിധേയമാക്കുന്നു.
മണിപ്പൂർ ഇന്ത്യയുടെ വടക്കു കിഴക്കേ അറ്റത്തുകിടക്കുന്ന ഒരു കൊച്ചു സംസ്‍ഥാനമാണ്. നാഗാലാൻഡിനു തെക്കാണ് മണിപ്പൂർ മലനിര. അതിനപ്പുറം മ്യാൻമറാണ്. വടക്കു കിഴക്കേ ഇന്ത്യയിൽ, പ്രതേ–്യകിച്ച് അസം സമതലത്തിനപ്പുറം മലനിരകളാണ്. അവയ്ക്കിടയിലാണ് നാഗാലാൻഡ്, മിസോറം, ത്രിപുര, മണിപ്പൂർ, അരുണാചൽപ്രദേശ് തുടങ്ങിയ വടക്കുകിഴക്കൻ സംസ്ഥാനങ്ങൾ.
മണിപ്പൂരിൽ ഇൗയിടെ തിരഞ്ഞടുപ്പ് നടന്നിരുന്നു. പല പ്രാദേശിക പാർട്ടികളും ബിജെപിയും മത്സരിച്ചിരുന്നു. 60 അംഗ നിയമസഭയിൽ എൻഡിഎ എന്ന ഭരണപക്ഷത്തിനു നാലു പാർട്ടികളും സ്വതന്ത്രരും ഉൾപ്പെടെ 54 അംഗങ്ങളുടെ പിന്തുണയുണ്ട്. പ്രതിപക്ഷത്തിനു 6 പേരുടെയും. ബിജെപിക്കാരനാണ് മുഖ്യമന്ത്രി.
അവിടെ പല ജനവിഭാഗങ്ങളുണ്ട്. ഏറ്റവും വലിയ വിഭാഗം സമതലവാസികളായ മെയ്ഥിയാണ്. അതുകഴിഞ്ഞാൽ വനവാസികളായ കുക്കികളാണ്. മെയ്ഥികൾ ഒഴിച്ചുള്ള ജനവിഭാഗങ്ങൾ പട്ടികവർഗങ്ങളാണ്. ബിജെപിയെ ജയിപ്പിച്ചാൽ മെയ്ഥികളെയും പട്ടികവർഗമാക്കാമെന്ന വാഗ്ദാനം തിരഞ്ഞെടുപ്പുകാലത്ത് ബിജെപിയും മറ്റും നൽകിയിരുന്നു. അതിനാൽ മെയ്ഥിയെ പട്ടികവർഗമാക്കാൻ പുതിയ ബിജെപി സർക്കാർ നടപടികളെടുത്തു. കുക്കികൾ ഉൾപ്പെടെ പട്ടികവർഗങ്ങളായി മുമ്പേ പ്രഖ്യാപിക്കപ്പെട്ടവർക്കും ലഭിച്ചുവന്ന പട്ടികവർഗ ആനുകൂല്യങ്ങളിൽ ഇതുമൂലം വലിയ കുറവു വന്നേക്കാം. കാരണം ജനസംഖ്യയിൽ മെയ്ഥികൾ വലിയ വിഭാഗമാണ്. അത് ഈ ജനവിഭാഗങ്ങൾ തമ്മിൽ കാലാകാലങ്ങളായി നിലനിന്നുവന്ന അസ്വാസ്ഥ്യങ്ങളെ ആളിക്കത്തിച്ചു; വ്യാപകമായ അക്രമങ്ങൾക്ക് ഇടയാക്കി. ഇതിനകം നൂറിൽപരം പേർ കൊല്ലപ്പെട്ടിട്ടുണ്ടെന്നും 35,000ൽപരം പേർ സ്വന്തം വീടുകളിൽനിന്നും പ്രദേശത്തുനിന്നും ആട്ടിയോടിക്കപ്പെട്ടിട്ടുണ്ടെന്നുമാണ് വാർത്തകൾ.
കേന്ദ്ര ആഭ്യന്തരമന്ത്രി അമിത്ഷാ സംസ്ഥാനം സന്ദർശിച്ച് ബന്ധപ്പെട്ട വിഭാഗങ്ങളുടെ നേതാക്കളുമായി സമാധാന ചർച്ചകൾ നടത്തിയെന്നു പറയുന്നുണ്ടെങ്കിലും ഉദ്ദിഷ്ട ഫലം ഉണ്ടായിട്ടില്ല. യഥാർഥത്തിൽ അമിത്ഷായുടെ സന്ദർശനത്തിനു ശേഷം കലാപം കൂടുതൽ വ്യാപകമായി ആളിപ്പടരുകയാണുണ്ടായത്. സർക്കാരിന്റെ ആയുധപ്പുരയിൽനിന്നുള്ള ആയുധങ്ങളാണ് കലാപകാരികൾ, പ്രധാനമായും മെയ്ഥി തീവ്രവാദി സംഘങ്ങൾ ഉപയോഗിക്കുന്നത് എന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. സർക്കാരും അതിനെ നിയന്ത്രിക്കുന്ന ആർഎസ്എസും ഈ വിഭാഗത്തിനൊപ്പമാണെന്നതിനാലാണ‍് മെയ്ഥികൾക്ക് ഇങ്ങനെ വൻതോതിൽ ആയുധം ലഭിക്കാൻ സൗകര്യമാകുന്നത്. ഭരണാധികാരികൾ ഇങ്ങനെ പക്ഷംപിടിക്കുന്നത് തീക്കൊള്ളികൊണ്ട് തലചൊറിയലാണ്; അപകടകരവുമാണ്. മണിപ്പൂരിൽ സർക്കാർ ഈ നിലപാട് തിരുത്തുകയും നിഷ്പക്ഷവും നീതിപൂർവകവുമായ അനേ-്വഷണം നടത്തി കുറ്റവാളികൾക്കെതിരെ മുഖം നോക്കാതെ നടപടിയെടുക്കുകയുമാണ് വേണ്ടത്.
മെയ്ഥി – കുക്കി വിഭാഗങ്ങളിൽപെട്ട എംഎൽഎമാരിൽ ചിലരെങ്കിലും നിഷ്പക്ഷമായി പ്രവർത്തിക്കുമെന്ന് ജനങ്ങൾക്ക് വിശ്വാസവും പ്രതീക്ഷയുമുണ്ട്. അതിനൊത്ത് അവർ ഉയരണം. കാരണം രണ്ടു വിഭാഗങ്ങൾ തമ്മിലുണ്ടാകേണ്ട പരസ്പര വിശ്വാസം പുറത്തുനിന്ന് അടിച്ചേൽപിക്കാനാവില്ല. അകത്തുനിന്ന് ഉയിർക്കൊള്ളേണ്ടതാണ്. വനപ്രദേശങ്ങളിലെ ഭൂമിക്കുമേൽ ആദിവാസികൾക്കേ അവകാശമുള്ളൂ. ഇംഫാൽ താഴ്-വരയിലെ ഭൂമിക്കുമേൽ സമതലവാസികൾക്കും വനവാസികൾക്കും ഉടമാവകാശത്തിനു നിയമ സാധുതയുണ്ട്. ഇതാണ് ഇപ്പോഴത്തെ നില. സമതലവാസികളായ മെയ്ഥികൾ തങ്ങളുടെ വനപ്രദേശത്ത് ഭൂമി വാങ്ങി കൃഷി ചെയ്യുന്നതിനും മറ്റും ശ്രമിക്കുന്നു, അതുവഴി തങ്ങൾക്ക് ആ ഭൂമിയുടെമേലുള്ള അവകാശം നഷ്ടപ്പെടുന്നു എന്നു കുക്കികളും നാഗന്മാരും പരാതിപ്പെടുന്നു. അപ്പോഴാണ് മെയ്ഥികൾ തങ്ങൾക്ക് വനപ്രദേശത്തെ ഭൂമിയുടെ മേൽ ഉടമസ്ഥാവകാശം ലഭിക്കാത്തതിലെ അന്യായത്തെക്കുറിച്ച് പരാതിപ്പെടുന്നത്. ഇതിൽ ചിലവ ചരിത്രപരമായ കാരണങ്ങളാൽ ഏറെക്കാലമായി നിലനിൽക്കുന്ന പതിവുകളാകാം. ഇപ്പോൾ അതൊക്കെ തർക്കവിഷയമായത് മെയ്ഥികളും കുക്കികളും തമ്മിൽ മുമ്പ് നിലനിന്ന വിരോധം ആളിക്കത്തിക്കപ്പെട്ടുകൊണ്ടാണ്. അതിൽ ബിജെപിക്ക് എത്രത്തോളം പങ്കുണ്ട് എന്ന് അനേ-്വഷിക്കപ്പെടണം.
ഈയിടെ നടന്ന തിരഞ്ഞെടുപ്പിലെ ചേരിതിരിവുകൾ മെയ്ഥികളിലൊരാൾ മുഖ്യമന്ത്രിയായത്, അവർ ഉൾപ്പെടുന്ന മുന്നണിക്ക് കുക്കികൾ ഉൾപ്പെടുന്ന മുന്നണിയേക്കാൾ അധികാരവും അവകാശങ്ങളും ഇപ്പോൾ ലഭിച്ചത്– അതൊക്കെ ഇപ്പോഴത്തെ പരസ്പര വിദേ-്വഷങ്ങൾക്കും തുടർന്നുണ്ടായ അക്രമങ്ങൾക്കും കാരണമാകാം. കേന്ദ്ര ഭരണകക്ഷി കൂടിയായ ബിജെപി ഇത്തരം വ്യത്യസ്ത ജനവിഭാഗങ്ങൾ തമ്മിൽ വിരോധം ആളിക്കത്തിക്കാൻ എരിതീയിൽ എണ്ണ ഒഴിക്കുംപോലെ ചില വാദമുഖങ്ങൾ പ്രചരിപ്പിച്ചു.
കുക്കികളിൽ നല്ലൊരുവിഭാഗം ക്രിസ്ത്യാനികളായി, മതപരിവർത്തനം ചെയ്യപ്പെട്ടവരാണ്. ബിജെപിയുടെ മുഖ്യപ്രചാരണ ആയുധം– ജനങ്ങൾക്കിടയിലെ മതഭേദങ്ങളെ അവർക്കിടയിൽ വിരോധം ആളിക്കത്തിക്കാൻ ഉപയോഗിക്കുകയാണ്. മണിപ്പൂരിലെ അസ്വസ്ഥതകൾക്കു പിന്നിൽ ബിജെപിയുടെ ഇത്തരം മതഭേദപ്രകോപനങ്ങൾ എത്രമാത്രം പങ്കുവഹിച്ചു എന്ന് അനേ-്വഷിച്ചു വിലയിരുത്തപ്പെടേണ്ടതാണ്. മിക്ക സംസ്ഥാനങ്ങളിലും തങ്ങളുടെ സ്വാധീനം നിലനിർത്താനോ വർധിപ്പിക്കാനോ ആയി ബിജെപി ഇത്തരം സാമൂഹ്യ വിരുദ്ധമായ ഇടപെടലുകൾ നടത്തിവരുന്നു.
ഓരോ പ്രദേശത്തും വിവിധ ജനവിഭാഗങ്ങൾ– ആദിവാസികളോ ദളിതരോ മറ്റു പിന്നാക്കവിഭാഗങ്ങളോ സമതലവാസികളോ ആകാം, അല്ലെങ്കിൽ വിവിധ മതക്കാർക്കിടയിൽ അനെെക്യവും പരസ്പര ശത്രുതയും വളർത്തി അതു വഴി ആ പ്രദേശത്തെ ബഹുജന ഐക്യം തകർത്ത് തങ്ങളുടെ സ്വാധീനം വർധിപ്പിക്കാനാണ് ബിജെപി പൊതുവിൽ ശ്രമിക്കാറുള്ളത്. പൊതുവെ ഇന്ത്യയിലാകെ ഹിന്ദു–മുസ്ലീം മെെത്രി തകർക്കുക എന്നത് ആർഎസ്എസ്–ബിജെപിക്കാരുടെ സ്ഥിരം അടവാണ്. മധ്യ ഇന്ത്യൻ സംസ്ഥാനങ്ങളിലും മറ്റും ആദിവാസി–ദളിത് ആദിയായ അധഃസ്ഥിത ജനവിഭാഗങ്ങളിൽ ഗണ്യമായ വിഭാഗം ക്രിസ്ത്യാനികളായി മതം മാറിയിട്ടുണ്ട്. അതിനു പ്രധാന കാരണം സവർണ ഹിന്ദുവിഭാഗങ്ങൾ ഈ അവർണരെ പല തരത്തിൽ സാമൂഹ്യമായും സാംസ്കാരികമായും സാമ്പത്തികമായും പിന്നണിയിലേക്ക് തള്ളുന്നതാണ്. അതിനു കാരണം ഹിന്ദുക്കളിലെ മേലാളവിഭാഗം കെെക്കൊള്ളുന്ന നിലപാടാണ്. അത് തിരുത്തിക്കാനാണ് മഹാത്മാഗാന്ധിയും മറ്റും ശ്രമിച്ചത്. അതിന്റെകൂടി പേരിലാണ് ഹിന്ദുത്വവാദികൾ മഹാത്മാഗാന്ധിയെ വധിച്ചത്. അവർ ആ നിലപാട് തുടരുന്നതിന്റെ തെളിവാണ് സവർക്കറെയും ഗോഡ്സെയെയും അവർ ‘ദെെവദാസ’ന്മാരായി പൂജിക്കുന്നത്.
ബിജെപിയും ആർഎസ്എസും പിന്തുടരുന്ന വർഗീയ ധ്രുവീകരണ അജൻഡയുടെ സ്വഭാവികഫലമാണ് മണിപ്പൂരിൽ കത്തിപ്പടരുന്ന അക്രമസംഭവങ്ങൾ. മണിപ്പൂരിലെ ക്രിസ്ത്യൻ ജനവിഭാഗങ്ങൾക്കെതിരെ ആർഎസ്എസ് പിന്തുണയുള്ള മെയ്-ഥി തീവ്രവാദി സംഘങ്ങൾ ആസൂത്രിതമായി ആക്രമണമഴിച്ചുവിടുന്നുവെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. എന്നാൽ കേന്ദ്ര സംസ്ഥാന സർക്കാരുകൾ കുക്കി ജനതയെ തീവ്രവാദികളും അക്രമകാരികളുമായി ചിത്രീകരിച്ച് മെയ്-ഥി തീവ്രവാദികൾക്ക് ഒത്താശ ചെയ്യുന്നതാണ് സ്ഥിതി വഷളാക്കുന്നത്. സർക്കാർ ഇത്തരം വിദ്രോഹ നടപടികളിലൂടെ മുതലെടുപ്പിനു ശ്രമിക്കാതെ എല്ലാ വിഭാഗത്തിനും നീതി ഉറപ്പാക്കുകയാണ് വേണ്ടത്. എന്നാൽ സംഘപരിവാർ നിയന്ത്രിത ഭരണാധികാരികളിൽ നിന്ന് അത് പ്രതീക്ഷിക്കാനാവില്ലല്ലോ! ♦