നിയമസഭാംഗങ്ങൾ ലോക്-സഭാ തിരഞ്ഞെടുപ്പിൽ മത്സരിക്കുന്നതും ലോക്-സഭാംഗങ്ങൾ നിയമസഭാ തിരഞ്ഞെടുപ്പിൽ മത്സരിക്കുന്നതും അവർ ജയിച്ചാൽ തൽസ്ഥാനം രാജിവച്ച് ഉപതിരഞ്ഞെടുപ്പിന് കളമൊരുക്കുന്നതും പാർലമെന്ററി ജനാധിപത്യത്തിൽ പ്രത്യേകിച്ചും ഇന്ത്യയിൽ അത്ര അസ്വാഭാവികമൊന്നുമല്ല. അതുപോലെ തന്നെ ചില നേതാക്കൾ ഒന്നിലധികം സീറ്റുകളിൽ മത്സരിക്കുകയും ജയിക്കുകയും ചെയ്യുന്നതും ഏതെങ്കിലുമൊരു സീറ്റ് നിലനിർത്തി അവശേഷിക്കുന്നവയിൽനിന്ന് രാജിവച്ച് ഉപതിരഞ്ഞെടുപ്പിനിടയാക്കുന്നതും ഇന്ത്യൻ രാഷ്ട്രീയത്തിൽ അത്ര പുതുമയുള്ള കാര്യമല്ല.
പക്ഷേ ഈ കാലഘട്ടത്തിൽ, പ്രത്യേകിച്ച് വർഗീയ ഫാസിസ്റ്റ് ശക്തികൾ ഇന്ത്യയെന്ന ആശയത്തിനുതന്നെ വെല്ലുവിളി ഉയർത്തുന്ന ഘട്ടത്തിൽ, ഇത്തരത്തിലുള്ള മാറ്റിമറിച്ചിലുകൾ ഹിന്ദുത്വശക്തികൾക്ക് കരുത്തുപകരുന്നതാണോ അതിനു പിന്നിൽ ഇത്തരം നീചശക്തികളുമായി അഡ്-ജസ്റ്റ്മെന്റോ ഒത്തുകളിയോ ഉണ്ടോ എന്ന കാര്യം സസൂക്ഷ്മം പരിശോധിക്കേണ്ടത് മതനിരപേക്ഷ ജനാധിപത്യശക്തികളുടെയാകെ ബാധ്യതയാണ്.
ഒരുദാഹരണം നോക്കാം. ലോക്-സഭാ തിരഞ്ഞെടുപ്പിൽ ആലപ്പുഴ നിയോജകമണ്ഡലത്തിൽനിന്ന് മത്സരിച്ച് ജയിച്ചത് കോൺഗ്രസിന്റെ ദേശീയ നേതാക്കളിലൊരാളായ കെ സി വേണുഗോപാലാണ്. നിലവിൽ അദ്ദേഹം രാജസ്താനിൽ നിന്നുള്ള രാജ്യസഭാംഗമായിരുന്നു. ലോക്-സഭാംഗമായതിനെ തുടർന്ന് വേണുഗോപാലിന് രാജ്യസഭാംഗത്വം രാജിവയ്ക്കേണ്ടതായി വന്നു. പകരം രാജസ്താനിൽനിന്ന് രാജ്യസഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടത് ബിജെപിയുടെ നോമിനിയാണ്. മത്സരം പോലുമില്ലാതെയാണ് ബിജെപിക്കാരൻ രാജ്യസഭയിൽ എത്തിയത്. വേണുഗോപാൽ രാജ്യസഭാംഗത്വം ഒഴിഞ്ഞാൽ പകരം കോൺഗ്രസിന്റെ ഒരു പ്രതിനിധിയെ തിരഞ്ഞെടുക്കാൻ കോൺഗ്രസിന് രാജസ്താനിൽ വേണ്ട എണ്ണമില്ലെന്നത് എല്ലാവർക്കും അറിയാവുന്ന കാര്യമാണ്.
അപ്പോൾ രാജ്യസഭാംഗത്വം ഒഴിയേണ്ടതായി വരുന്ന ഒരു തീരുമാനത്തിലെത്തിച്ചേരുന്നത് വർഗീയ ഫാസിസ്റ്റ് ശക്തികളെ സഹായിക്കാൻ എന്നല്ലാതെ മറ്റെന്താണ് പറയാനാവുക. ബിജെപിയാവട്ടെ രാജ്യസഭയിൽ ഭൂരിപക്ഷം തികയ്ക്കാനുള്ള ശ്രമത്തിൽ ഓരോ സീറ്റിനും എന്തുവില കൊടുക്കാനും തയ്യാറാവുന്ന അവസ്ഥയിലുമാണ്. അപ്പോഴാണ് കോൺഗ്രസ് നേതൃത്വം വെള്ളിത്താലത്തിൽവച്ച് ഒരു സീറ്റ് അവർക്കുമുന്നിൽ അടിയറ വയ്ക്കുന്നത്. അപ്പോൾ ആലപ്പുഴയിൽനിന്ന് ലോക്-സഭയിലേക്ക് മത്സരിക്കണമെന്ന, രാജസ്താനിൽനിന്നുള്ള രാജ്യസഭാംഗമായ കെ സി വേണുഗോപാൽതന്നെ മത്സരിക്കണമെന്ന തീരുമാനം ബിജെപിയെ മാത്രം സഹായിക്കലാണ്.
ഇപ്പോൾ മൂന്ന് ഉപതിരഞ്ഞെടുപ്പുകൾ ഉണ്ടായ പശ്ചാത്തലവും പരിശോധിക്കപ്പെടേണ്ടതുണ്ട്. വയനാട് നിയോജകമണ്ഡലത്തിൽ സിറ്റിംഗ് എംപി ആയിരുന്നു കോൺഗ്രസ് നേതാവ് രാഹുൽഗാന്ധി. സാധാരണനിലയിൽ അദ്ദേഹം അവിടെ നിന്ന് ജനവിധി തേടുന്നതിൽ അസ്വാഭാവികത ഇല്ലെന്നു പറയാം. എന്നാൽ 2019ലേതിൽനിന്നു വ്യത്യസ്തമായ ഒരു ദേശീയ രാഷ്ട്രീയ പശ്ചാത്തലമാണ് 2024ലെ ലോക്-സഭാ തിരഞ്ഞെടുപ്പിലേത്. അതായത്, 2019ൽ ദേശീയാടിസ്ഥാനത്തിൽ ബിജെപിക്കെതിരായ ഒരു കൂട്ടായ്മ ഉണ്ടായിരുന്നില്ല. എന്നാൽ 2024ലെ തിരഞ്ഞെടുപ്പിനു മുൻപുതന്നെ ദേശീയാടിസ്ഥാനത്തിൽ ബിജെപി വിരുദ്ധ ചേരി ഉരുത്തിരിഞ്ഞുവന്നിരുന്നു. കോൺഗ്രസും ഇടതുപക്ഷ പാർട്ടികളും പ്രാദേശിക കക്ഷികളും ഉൾപ്പെടുന്ന ഇന്ത്യാ ചേരി. അത് രൂപപ്പെടുത്തുന്നതിൽ ഇടതുപക്ഷത്തിന്റെ പ്രത്യേകിച്ച് സിപിഐ എമ്മിന്റെ പങ്ക് അനിഷേധ്യമാണ്. അത്തരമൊരു കൂട്ടായ്മ ഉണ്ടായപ്പോൾ തന്നെ ദേശീയാടിസ്ഥാനത്തിൽ കെെക്കൊണ്ട തീരുമാനം ഓരോ സംസ്ഥാനത്തെയും രാഷ്ട്രീയ സാഹചര്യമനുസരിച്ചായിരിക്കും ഈ കൂട്ടായ്മയെന്നാണ്. കേരളത്തിൽ നേർക്കുനേർ ഏറ്റുമുട്ടുന്നത് സിപിഐ എം നേതൃത്വത്തിലുള്ള എൽഡിഎഫും കോൺഗ്രസ് നേതൃത്വത്തിലുള്ള യുഡിഎഫും തമ്മിലാണ്. ബിജെപിയാകട്ടെ കേരളത്തിൽ ഒരു മുഖ്യരാഷ്ട്രീയ ശക്തിയുമല്ല. എന്നാൽ അതിന്റെ ഉയർന്നുവരവിനുള്ള സാധ്യതയെ തടയുകയെന്നത് ഇടതുപക്ഷത്തിനൊപ്പം മതനിരപേക്ഷ ജനാധിപത്യശക്തികൾ എന്നറിയപ്പെടുന്നവയുടെയാകെ ബാധ്യതയാണ്, കടമയാണ്.
അത്തരമൊരു രാഷ്ട്രീയ പശ്ചാത്തലത്തിൽ നടന്ന 2024ലെ ലോക്-സഭാ തിരഞ്ഞെടുപ്പിൽ കേരളത്തിൽ എൽഡിഎഫും യുഡിഎഫും തമ്മിൽ മുഖ്യഎതിരാളികളായി ഏറ്റുമുട്ടുന്നതിൽ അസാധാരണത്വമില്ല. എന്നാൽ കോൺഗ്രസിന്റെ മുഖ്യദേശീയ നേതാവായി ഉയർത്തിക്കാണിക്കുന്ന രാഹുൽഗാന്ധി ബിജെപിയുമായി നേരിട്ട് ഏറ്റുമുട്ടലിന് തുനിയാതെ കേരളത്തിലെ വയനാട് മണ്ഡലത്തിൽ ഇടതുപക്ഷത്തിനെതിരെ മത്സരത്തിനിറങ്ങിയത് നൽകിയ സന്ദേശം കോൺഗ്രസിനെ സംബന്ധിച്ചിടത്തോളം ബിജെപിയെക്കാൾ വലിയ ശത്രു ഇടതുപക്ഷമാണെന്നല്ലേ. മാത്രമല്ല, വയനാട് മണ്ഡലത്തിൽ ഇന്ത്യ ചേരിയിലെ കക്ഷികളിലൊന്നായ സിപിഐയുടെ ദേശീയ നേതാവായ ആനി രാജാ നേരത്തെ തന്നെ സ്ഥാനാർഥിത്വം പ്രഖ്യാപിച്ച് പ്രചാരണരംഗത്തിറങ്ങിയിട്ടുമുണ്ടായിരുന്നു. ആ നിലയിൽ രാഹുൽഗാന്ധി അവിടെ മത്സരത്തിനെത്തിയത്, അതും ബിജെപി ഏറ്റവും ദുർബലമായ സ്ഥലത്ത് മത്സരിച്ചത്, അസാധാരണവും രാഷ്ട്രീയമായ അപക്വതയുമെന്നേ പറയാനാവൂ.
മാത്രമല്ല അദ്ദേഹം വയനാട്ടിൽ തിരഞ്ഞെടുപ്പ് പൂർത്തിയാകും വരെ അവിടത്തെ ജനങ്ങൾക്ക് നൽകിയിരുന്ന വാഗ്ദാനം താൻ മറ്റെവിടെയും മത്സരിക്കില്ലയെന്നതാണ്. ഏതു സാഹചര്യത്തിലും താൻ വയനാട്ടിന്റെ പ്രതിനിധി തന്നെ ആയിരിക്കുമെന്നാണ്. എന്നാൽ വയനാട്ടിലെ വോട്ടെടുപ്പ് കഴിഞ്ഞ ശേഷം യുപിയിൽനിന്ന് മത്സരിച്ച് സമാജ്-വാദി പാർട്ടിയുടെ പിന്തുണയോടെ ജയിച്ച രാഹുൽഗാന്ധി ആ സീറ്റ് നിലനിർത്തുകയും വയനാട് സീറ്റ് രാജിവയ്ക്കുകയും ചെയ്തതാണ് ഇപ്പോൾ അവിടെ ഉപതിരഞ്ഞെടുപ്പിന് ഇടയാക്കിയത്. ഇത് ശരിക്കും വയനാട്ടിലെ ജനങ്ങളോട് കാണിച്ച വഞ്ചന തന്നെയാണ്. വയനാട്ടിലെ മുണ്ടക്കെെയിൽ പ്രകൃതിദുരന്തം നേരിട്ടപ്പോൾ പാർലമെന്റിൽ വയനാട്ടിന്റെ ശബ്ദമുയർത്താൻ ആളില്ലാത്ത അവസ്ഥയായത് ഈ ചതിയുടെ ഫലമായാണ്. മാത്രമല്ല, പ്രതിപക്ഷ നേതാവെന്ന നിലയിൽ താനോ മറ്റേതെങ്കിലും കോൺഗ്രസ് അംഗത്തെ അതിനായി ചുമതലപ്പെടുത്തിയോ വയനാട്ടിലെ ജനങ്ങളോട് ബിജെപി സർക്കാരിന്റെ അവഗണനയെക്കുറിച്ച് ലോക്-സഭയിൽ അവതരിപ്പിക്കാൻ പോലും രാഹുൽഗാന്ധി തയ്യാറായില്ല. വയനാട്ടിലെ ജനങ്ങൾ നേരിടുന്ന വന്യമൃഗങ്ങളുടെ ആക്രമണത്തിനോ രാത്രി യാത്രാ ദുരിതത്തിനോ പരിഹാരം കാണാനുള്ള യാതൊരു ഇടപെടലിനും 2019 മുതൽ 5 വർഷം വയനാട് എംപിയായിരുന്ന രാഹുൽഗാന്ധി തയ്യാറായില്ല. ബിജെപിക്കെതിരു നിൽക്കാനുള്ള കോൺഗ്രസിന്റെ വെെമനസ്യത്തിലേക്കാണ് ഇത് വിരൽ ചൂണ്ടുന്നത്. ഇപ്പോൾ ഇടതുപക്ഷത്തിന്റെ സ്ഥാനാർഥിയായി സിപിഐയുടെ പ്രമുഖ നേതാവ് സത്യൻ മൊകേരി വയനാട്ടിലെ ജനങ്ങളുടെ വിഷയങ്ങൾക്കൊപ്പം രാഷ്ട്രീയ വിഷയങ്ങളുമുന്നയിച്ച് മത്സരിക്കുമ്പോൾ യുഡിഎഫ് സ്ഥാനാർഥിയായി എത്തിയിട്ടുള്ള പ്രിയങ്കാഗാന്ധിയും കോൺഗ്രസും അതിൽനിന്നെല്ലാം മുഖം തിരിച്ച് ഗാന്ധി കുടുംബത്തിന്റെ പഴം പുരാണം പറഞ്ഞ് തടിതപ്പുകയാണ്.
പാലക്കാട് ഉപതിരഞ്ഞെടുപ്പ് വേണ്ടിവന്നതും സംഘപരിവാറുമായുള്ള കോൺഗ്രസിന്റെ, യുഡിഎഫിന്റെ ഡീലിന്റെ ഫലമായാണ്. അല്ലെങ്കിൽ 2021ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ ബിജെപിയോട് നേരിയ മാർജിനിൽ മാത്രം വിജയിച്ച പാലക്കാട് എംഎൽഎ ഷാ-ഫി പറമ്പിൽ കോൺഗ്രസിന്റെ സിറ്റിങ് സീറ്റായ വടകരയിൽ നിലവിലെ എംപിയെ ഒഴിവാക്കി മത്സരിക്കാൻ തയ്യാറാകുമായിരുന്നോ? വടകര എംപിയായിരുന്ന കെ മുരളീധരനെ അവിടെ നിന്ന് നാടുകടത്തി തൃശ്ശൂരിൽ ബിജെപിക്ക് ജയിക്കാൻ സംഘപരിവാർ ഡീലുറപ്പിച്ച സീറ്റിൽ മത്സരിപ്പിക്കുമായിരുന്നോ? കോൺഗ്രസിനുള്ളിലെ പടലപ്പിണക്കവും നിലവിലെ കോൺഗ്രസ് നേതൃത്വത്തിന്റെ സംഘപരിവാർ വിധേയത്വവുമാണല്ലോ കോൺഗ്രസിന്റെ വോട്ടു മറിച്ച് തൃശ്ശൂരിൽനിന്ന് കേരളത്തിൽ ആദ്യമായി ബിജെപിക്ക് ജയിക്കാൻ കളമൊരുക്കിയത്.
ഇപ്പോൾ പാലക്കാട് സീറ്റിൽ ആ മണ്ഡലവുമായി ബന്ധമൊന്നുമില്ലാത്ത സതീശൻ – ഷാഫി ക്ലിക്കിന്റെ ശിങ്കിടിയായ, യൂത്ത് കോൺഗ്രസ് തിരഞ്ഞെടുപ്പിൽ പോലും വ്യാജ ഐഡി കാർഡ് തയ്യാറാക്കി കുപ്രസിദ്ധി നേടിയ രാഹുൽ മാങ്കൂട്ടത്തിലിനെ മത്സരത്തിലിറക്കിയതുപോലും ബിജെപിയുമായുള്ള ഡീലിനെ തുടർന്നാണെന്നത് പരസ്യമായ രഹസ്യമാണ്. അതാണ് പാലക്കാട്ടെ കോൺഗ്രസിൽനിന്ന് മതനിരപേക്ഷ വാദികളും ജനാധിപത്യ വിശ്വാസികളുമായ നേതാക്കളും പ്രവർത്തകരും കൂട്ടത്തോടെ പുറത്തുചാടുന്നത്. അതിൽ പ്രമുഖനാണ് എൽഡിഎഫിന്റെ സ്ഥാനാർഥിയായി പാലക്കാട്ട് മത്സരിക്കുന്ന ഡോ. പി സരിൻ. മതനിരപേക്ഷ വാദികൾക്ക് കേരളത്തിലെ കോൺഗ്രസിൽ ഇടമില്ലെന്ന് ഇപ്പോൾ വ്യക്തമായിരിക്കുകയാണ്.
ഉപതിരഞ്ഞെടുപ്പ് നടക്കുന്ന ചേലക്കരയാകട്ടെ എൽഡിഎഫ് കഴിഞ്ഞ തിരഞ്ഞെടുപ്പിൽ വൻഭൂരിപക്ഷത്തിൽ വിജയിച്ചതാണ്. സിറ്റിങ് എംഎൽഎ കെ രാധാകൃഷ്ണൻ ആലത്തൂർ ലോക്-സഭാ സീറ്റ് കോൺഗ്രസിൽനിന്ന് പിടിച്ചെടുക്കാനായാണ് നിയമസഭാംഗത്വവും മന്ത്രിസ്ഥാനവും ഒഴിഞ്ഞത്; ഇപ്പോൾ മുൻ എംഎൽഎ യു ആർ പ്രദീപാണ് ചേലക്കരയിൽ മത്സരിക്കുന്നത്.
ബിജെപിയെ പരാജയപ്പെടുത്താനും സംഘപരിവാർ രാഷ്ട്രീയത്തിനെതിരെ പൊരുതാനും കെൽപില്ലാത്ത പാർട്ടിയാണ് കോൺഗ്രസെന്ന് ദേശീയാടിസ്ഥാനത്തിൽതന്നെ അനുദിനം തെളിഞ്ഞുകൊണ്ടിരിക്കുകയാണ്. ബിജെപിയും കോൺഗ്രസും മുന്നോട്ടുവയ്ക്കുന്ന നവലിബറൽ നയങ്ങൾക്കെതിരെ ബദൽനയങ്ങൾ മുന്നോട്ടുവെച്ച് പൊരുതുന്ന ഏക രാഷ്ട്രീയ പ്രസ്ഥാനം ഇടതുപക്ഷമാണ്. കേരളത്തിലെ എൽഡിഎഫ് സർക്കാരാണ് ദേശീയ രാഷ്ട്രീയത്തിൽ തന്നെ വ്യക്തമായ ബദൽ പരിപാടികളുമായി, ജനപക്ഷ നിലപാടുകളുമായി നിൽക്കുന്നത്. രാജ്യത്തെ മതനിരപേക്ഷത സംരക്ഷിക്കാനും അധ്വാനിക്കുന്ന ജനവിഭാഗങ്ങളുടെ, ദരിദ്രരുടെ, താൽപര്യങ്ങൾ സംരക്ഷിക്കാനും കേരളത്തിലെ എൽഡിഎഫ് സർക്കാരിന് കരുത്തുപകരേണ്ടത് അനിവാര്യമാണ്. അതിനാൽ ഈ ഉപതിരഞ്ഞെടുപ്പുകളിൽ എൽഡിഎഫ് സാരഥികളായ സത്യൻ മൊകേരി, ഡോ. പി സരിൻ, യു ആർ പ്രദീപ് എന്നിവരെ വിജയിപ്പിക്കണമെന്ന് ഞങ്ങൾ അഭ്യർഥിക്കുന്നു. l