Friday, December 13, 2024

ad

Homeകവര്‍സ്റ്റോറിസംഘപരിവാറിന് വിടുപണിചെയ്യുന്ന കോൺഗ്രസ്

സംഘപരിവാറിന് വിടുപണിചെയ്യുന്ന കോൺഗ്രസ്

പിണറായി വിജയൻ

ലോക-്-സഭാ തിരഞ്ഞെടുപ്പിനുശേഷം വർഗീയ അജൻഡ കൂടുതൽ തീവ്രമാക്കി ജനങ്ങളെ വിവിധ ചേരികളിലാക്കി രാഷ്ട്രീയ നേട്ടം കൊയ്യണം എന്ന ചിന്തയിലാണ് സംഘപരിവാർ. അതിന്റെ അപകടം മനസ്സിലാക്കാതെയോ അതിനു നേരെ കണ്ണടച്ചോ സംഘപരിവാറിനു വിടുപണി ചെയ്യുകയാണ് കോൺഗ്രസ്. കോൺഗ്രസ് നയിക്കുന്ന യുഡിഎഫിലെ ഘടകകക്ഷികളും സമാന നിലപാടാണ് സ്വീകരിക്കുന്നത്.

സാമ്പത്തിക നയങ്ങളുടെ കാര്യത്തിലും ബിജെപിയും കോൺഗ്രസും തമ്മിൽ സമാനതകളാണുള്ളത്. രണ്ടു കൂട്ടരും ജനക്ഷേമത്തിനു പകരം വിപണിയെ കേന്ദ്രസ്ഥാനത്ത് പ്രതിഷ്ഠിക്കുന്ന നവ ഉദാരവൽക്കരണ സാമ്പത്തികനയങ്ങളുടെ പ്രയോക്താക്കളാണ്. മുതലാളിത്തത്തിന് ഓശാന പാടി പൊതുമേഖലയെ വിറ്റുതുലയ്ക്കുന്നതിലാണ് അവരുടെ താല്പര്യം.

കേരളത്തിലെ കോൺഗ്രസിനെ സംബന്ധിച്ചിടത്തോളം ബിജെപിയോടുള്ള എതിർപ്പ് മതനിരപേക്ഷമൂല്യം ഉൾക്കൊള്ളുന്ന മനുഷ്യരുടെ വോട്ടുകൾ നേടാനുള്ള ഒരു പ്രചരണായുധം മാത്രമാണ്. പ്രായോഗികമായി ബിജെപിയെ നേരിടുന്നതിൽ യാതൊരു താല്പര്യവും അവർക്കില്ല. മാത്രമല്ല, ഇടതുപക്ഷത്തെ ദുർബലപ്പെടുത്താനും പരാജയപ്പെടുത്താനും ബിജെപിയുമായി സന്ധിചെയ്യാനും അവർക്ക് വിമുഖതയില്ല.

കോൺഗ്രസിന്റെ സംഘടനാ ജനറൽ സെക്രട്ടറി കെ സി വേണുഗോപാൽ ആലപ്പുഴയിൽ നിന്ന് ലോക്-സഭയിലേക്ക് മത്സരിക്കാനായി രാജിവെച്ച രാജസ്താനിലെ രാജ്യസഭാ സീറ്റിൽ വിജയിച്ചത് ബിജെപിയുടെ നിലവിലെ കേന്ദ്രമന്ത്രിയായ രവനീത് സിംഗ് ബിട്ടുവാണ്. ബിട്ടു രാജ്യസഭയിൽ എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ടതോടെ ബിജെപി രാജ്യസഭയിലെ ഭൂരിപക്ഷത്തോടടുക്കുകയാണുണ്ടായത്. ബിജെപിയ്ക്ക് രാജ്യസഭ സീറ്റ് ദാനം നൽകിയ കോൺഗ്രസ് അവർ കഷ്ടിച്ചു ജയിച്ചലേ പാലക്കാട് സീറ്റിലെ കോൺഗ്രസ് എംഎൽഎയെ വടകരയിലേക്ക് മാറ്റി പ്രതിഷ്ഠിച്ചു. വടകരയിലെ സിറ്റിങ് എംപിയെ തൃശൂരിക്കും മാറ്റി.

പാലക്കാട്ട് കോൺഗ്രസും ബിജെപിയും തമ്മിൽ ഉടമ്പടി ഉണ്ടായെന്ന് വെളിപ്പെടുത്തിയത് കോൺഗ്രസിലെ ഒരു വിഭാഗം തന്നെയാണ്. കോൺഗ്രസ് നേതൃത്വത്തിന്റെ വർഗീയതയോടുള്ള മൃദുനയത്തിലും ബിജെപിയുമായുള്ള അവിശുദ്ധബന്ധത്തിലും മനം മടുത്ത് ഇടതുപക്ഷത്തേയ്ക്ക് വരികയും പാലക്കാട്ട് എൽഡിഎഫ് സ്ഥാനാർത്ഥിയായി മത്സരിക്കുകയും ചെയ്യുന്ന ഡോ പി.സരിൻ ഇക്കാര്യങ്ങൾ പരസ്യമായി വിശദീകരിക്കുകയുണ്ടായി. പാലക്കാട് നിയോജക മണ്ഡലത്തിൽ കോൺഗ്രസ് നേടിയ വിജയം ബിജെപിയുമായി ഉണ്ടാക്കിയ കരാറിന്റെ പിൻബലത്തിലാണെന്ന സരിന്റെ വെളിപ്പെടുത്തൽ കോൺഗ്രസും ബിജെപിയും തമ്മിൽ നിലനിൽക്കുന്ന സഖ്യമെന്ന യാഥാർഥ്യം ജനങ്ങളിലെത്തിച്ചു.

കേരളത്തിലെ കോൺഗ്രസിന്റെ സംഘപരിവാർ വിധേയത്വം കഴിഞ്ഞ കുറച്ചു വർഷങ്ങളിൽ മറനീക്കി പുറത്തുവന്ന നിരവധി അവസരങ്ങളുണ്ടായി. ചാൻസലറെ മുൻനിർത്തി സർവ്വകലാശാലകളെ കീഴ്പ്പെടുത്താനുള്ള സംഘപരിവാർ ശ്രമങ്ങളെ പ്രോത്സാഹിപ്പിക്കുന്നത് അവയിലൊന്നാണ്. രാജ്യത്ത് ഏറ്റവും കൂടുതൽ ആർഎസ്എസ് ശാഖകളുള്ള സംസ്ഥാനമായിട്ടും കേരളത്തിൽ ബിജെപിയെ ചെറുത്തുപോരുന്നതിൽ അറിവിന്റെ കേന്ദ്രങ്ങളായ സർവ്വകലാശാലകൾക്ക് വലിയ പങ്കാണുള്ളത്. സർവകലാശാലകളിലെ സെനറ്റിൽ സംഘപരിവാർ അനുകൂലികളെ കുത്തിനിറയ്ക്കുന്ന ചാൻസലർക്ക് ഒപ്പം നിൽക്കുന്ന നിലപാടാണ് കോൺഗ്രസ് സ്വീകരിച്ചത്. ചാൻസലർ വെച്ചുനീട്ടുന്ന ഒന്നോ രണ്ടോ സെനറ്റ് അംഗത്വത്തിനുവേണ്ടി ഒറ്റുകൊടുക്കുന്നത് മതനിരപേക്ഷ കേരളത്തെയാണ് എന്നത് കോൺഗ്രസ്സുകാർ മറന്നുപോവുകയാണ്.

പലസ്തീൻ അനുകൂല റാലി നടത്തിയതിന് കെ പി സി സി ജനറൽ സെക്രട്ടറി ആര്യാടൻ ഷൗക്കത്തിന് കെപിസിസി താക്കീത് നൽകി. കോൺഗ്രസിന്റെ പലസ്-തീൻ ഐക്യദാർഢ്യ പ്രഖ്യാപനത്തിൽ അരക്കഴഞ്ച് ആത്മാർത്ഥത ഇല്ലെന്ന് വെളിവാക്കിയ നടപടിയാണത്. ഇതിലും വലിച്ച അച്ചടക്കലംഘനം നടത്തിയ നേതാക്കളോടുപോലും പൊറുക്കാനും, മാപ്പ് നൽകാനും തയ്യാറായ ചരിത്രമാണ് കോൺഗ്രസിന്റേത് എന്നോർക്കണം.

ഒരേസമയം ഭൂരിപക്ഷ – ന്യൂനപക്ഷ വർഗീയതകളെ തലോടി വോട്ടുറപ്പിക്കുകയും ന്യൂനപക്ഷങ്ങളെ ബാധിക്കുന്ന കാതലായ വിഷയങ്ങളിൽ കുറ്റകരമായ മൗനം പാലിക്കുകയുമാണ് കോൺഗ്രസ് ചെയ്യുന്നത്. ന്യൂനപക്ഷ വർഗീയതയെ പ്രീണിപ്പിച്ചും അവർക്ക് ഇടതുപക്ഷത്തോടുള്ള ശത്രുത മുതലെടുത്തും ഏതാനും വോട്ടുകൾ പെട്ടിയിലാക്കാം എന്ന കുബുദ്ധിയാണ് കോൺഗ്രസിനെ നയിക്കുന്നത്. അതിന്റെ ഭാഗമായാണ് അവർ എസ്ഡിപിഐ, ജമാഅത്തെ ഇസ്ലാമി എന്നിവപോലുള്ള തീവ്രമതമൗലികവാദ സംഘടനകളുമായി ചങ്ങാത്തത്തിൽ ഏർപ്പെടുന്നത്.

കേരളം പോലെ ഇന്ത്യയിൽ മറ്റൊരു പ്രദേശവും ഇതുപോലെ സംഘപരിവാറിന്റെ വ്യാജപ്രചാരണങ്ങളുടെ ഇരയായിട്ടില്ല. സംഘപരിവാറിന്റെ ഐ ടി സെല്ലുകൾ വളരെ ആസൂത്രിതമായി അത്തരം ക്യാമ്പെയ്നുകൾ നടപ്പാക്കുന്നു. കോടികൾ ചെലവഴിച്ച് സിനിമകൾ നിർമ്മിക്കപ്പെടുന്നു. പലപ്പോഴും സെലിബ്രിറ്റികൾ പോലും അത്തരം ക്യാമ്പെയ്നുകളുടെ ഭാഗമാകുന്നു.

രാജ്യത്തെ ഏറ്റവും ഉയർന്ന ജീവിത നിലവാരമുള്ള, വിദ്യാഭ്യാസവും ആരോഗ്യവും ഉൾപ്പെടെ മിക്ക മേഖലകളിലും ഒന്നാം സ്ഥാനത്ത് നിൽക്കുന്ന കേരളത്തെ സൊമാലിയയോട് ഉപമിച്ചത് പ്രധാനമന്ത്രിയാണ്. കേരളം പോലെയാകാതിരിക്കാൻ ‘ശ്രദ്ധിച്ചു’ വോട്ട് ചെയ്യണമെന്നൊരു നിർദ്ദേശം ബിജെപി നേതാവും നിലവിലെ ഉത്തർ പ്രദേശ് മുഖ്യമന്ത്രിയുമായ ആദിത്യനാഥ് ഉത്തർപ്രദേശിലെ ജനങ്ങൾക്ക് നൽകി. സമൂഹത്തിന്റെ പുരോഗതി അളക്കുന്ന ഏതു മാനദണ്ഡമെടുത്ത് നോക്കിയാലും യുപിയേക്കാൾ കാതങ്ങൾ മുന്നിലുള്ള നമ്മുടെ നാടിനെക്കുറിച്ച് വെള്ളം ചേർക്കാത്ത നുണ പറയുകയാണ് ആദിത്യനാഥ് ചെയ്തത്.

കേരളത്തിനെതിരെ ബിജെപി നയിക്കുന്ന വിദ്വേഷ പ്രചരണങ്ങൾക്കെതിരെയും കേന്ദ്ര സർക്കാർ കേരളത്തിനെതിരെ നടപ്പാക്കുന്ന സാമ്പത്തിക ഉപരോധം ഉൾപ്പെടെയുള്ള നയങ്ങൾക്ക് എതിരെയും മൗനംപാലിക്കുകയോ ഒപ്പം ചേരുകയോ ചെയ്യുന്ന സമീപനമാണ് കോൺഗ്രസ് സ്വീകരിക്കുന്നത്. കേന്ദ്രത്തിൽ നിന്ന് ന്യായമായും ലഭിക്കേണ്ട സഹായങ്ങൾ കേന്ദ്ര സർക്കാർ വെട്ടിക്കുറയ്ക്കുമ്പോൾ ഒരക്ഷരം പറയാൻ കേരളത്തിലെ പ്രതിപക്ഷം തയ്യാറായിട്ടില്ല. അതു സംസ്ഥാനത്തിന്റെ പിഴവാണെന്ന് ചിത്രീകരിച്ച് ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാനാണ് അവർ മുന്നിൽ നിന്നിട്ടുള്ളത്. കോവിഡ് പ്രതിസന്ധിയിൽ നിന്നും കരകയറാൻ കേരള സമൂഹം പ്രയത്നിക്കുന്ന ഘട്ടത്തിൽ ആശ്വാസത്തിനായി സർക്കാർ ഭക്ഷ്യ കിറ്റ് നൽകിയപ്പോൾ അതിനെതിരെ ഹൈക്കോടതിയെ സമീപിച്ചവരാണ് കോൺഗ്രസുകാർ.

അതേ കോൺഗ്രസുകാർ പിന്നീട് കേന്ദ്രം തുടരുന്ന ഉപരോധ സമാനമായ സാമ്പത്തിക വരിഞ്ഞുമുറുക്കലിനാൽ സംസ്ഥാനം ബുദ്ധിമുട്ടുന്ന ഘട്ടത്തിൽ ‘എല്ലാവർക്കും കിറ്റ് നൽകുന്നില്ല’ എന്നു പറഞ്ഞു സംസ്ഥാനത്തിനെതിരെ തിരിഞ്ഞു. അതിനു കാരണക്കാരായ കേന്ദ്രത്തിനെതിരെ മിണ്ടാൻ അവർ തയ്യാറായിരുന്നില്ല. കേരളത്തിനെതിരെ കേന്ദ്രം നടപ്പാക്കുന്ന സാമ്പത്തിക ഉപരോധത്തിനെതിരെ യോജിച്ച് ശബ്ദമുയർത്താൻ നിരന്തരം ആവശ്യപ്പെട്ടിട്ടും കോൺഗ്രസ് തയ്യാറായില്ല. പ്രതിസന്ധിയുടെ കാരണം കേരളത്തിന്റെ മേൽ ആരോപിക്കാൻ ബിജെപിയെക്കാൾ ആവേശത്തോടെ പ്രചാരണം നടത്തിയത് കോൺഗ്രസ് നേതൃത്വമാണ്.

കേരളത്തിന്റെ വികസന മുന്നേറ്റങ്ങൾക്ക് തുരങ്കംവയ്ക്കാൻ കേന്ദ്ര സർക്കാരിനൊപ്പം നിലയുറപ്പിക്കുകയാണ് കേരളത്തിലെ കോൺഗ്രസ്. കേരളത്തിലെ യാത്രാ ദുരിതത്തിന് അന്ത്യം വരുത്താനും ആധുനികവൽക്കരിക്കാനും ഉതകുന്ന കെ–റെയിൽ പദ്ധതിയ്ക്കെതിരെ കലാപാന്തരീക്ഷം സൃഷ്ടിക്കാനാണ് കോൺഗ്രസ് ശ്രമിച്ചത്. അതു കഴിഞ്ഞപ്പോൾ തീരദേശ ഹൈവേ പദ്ധതി മുടക്കാനാണ് അവർ ഉത്സാഹിക്കുന്നത്. കേരളത്തിന്റെ അടിസ്ഥാന സൗകര്യ മേഖലയിൽ ഇതുവരെ കാണാത്ത മാറ്റം സൃഷ്ടിക്കാൻ ചാലകശക്തിയായ കിഫ്ബിയെ തകർക്കാൻ അവർ കിണഞ്ഞു പരിശ്രമിക്കാൻ തുടങ്ങിയിട്ട് കാലം കുറേയായി. കിഫ്ബിയെ പ്രതിക്കൂട്ടിലാക്കാനുള്ള കേന്ദ്ര ഏജൻസികളുടെ ശ്രമത്തെ സഹായിക്കുന്ന നയമാണ് കോൺഗ്രസ് സ്വീകരിച്ചത്.

ഇത്തരത്തിൽ ജനോപകാരപ്രദമായ പദ്ധതികളെയെല്ലാം അവർ എതിർത്തിട്ടുണ്ടെന്നു മാത്രമല്ല ദുരാരോപണങ്ങൾ ഉന്നയിച്ച് കരിവാരിത്തേക്കാൻ ശ്രമിച്ചിട്ടുമുണ്ട്. കേരളത്തിലെ യുഡിഎഫ് എംപിമാർ പാർലമെന്റിൽ കേന്ദ്ര സർക്കാരിന്റെ പ്രതിപക്ഷമായി പ്രവർത്തിക്കുന്നതിനേക്കാൾ കേരളത്തിന്റെ പ്രതിപക്ഷമായി പ്രവർത്തിക്കുന്നതിലാണ് കൂടുതൽ താല്പര്യം കാണിച്ചിട്ടുള്ളത്. കേരളത്തെ കൂടുതൽ വിഭാഗീയമാക്കാനുള്ള ശ്രമങ്ങൾ അവരിൽ നിന്നുണ്ടാവുകയും ചെയ്തു. ശബരിമലയിൽ തീർത്ഥാടകർക്ക് സുരക്ഷയൊരുക്കണമെന്ന് ആവശ്യപ്പെട്ടുള്ള ഉത്തരേന്ത്യൻ മാധ്യമങ്ങളുടെയും വർഗീയശക്തികളുടെയും നുണപ്രചാരണത്തിന് ഇന്ധനം പകർന്നവരാണ് യുഡിഎഫ് എം പിമാർ. കേരളത്തിന്റെ അഭിമാനപദ്ധതിയായ സിൽവർ ലൈനിനു തുരങ്കം വയ്ക്കാനും പ്രതിഷേധ മാർച്ച് സംഘടിപ്പിക്കാനും അവർ മുന്നിൽ നിന്നു.

കേരളം പ്രതിനിധാനം ചെയ്യുന്ന മതനിരപേക്ഷ ജനാധിപത്യ സംസ്കാരത്തിന്റെ മൂല്യങ്ങൾ സംഘപരിവാറിന്റെ മുന്നിൽ ഏറ്റവും വലിയ വെല്ലുവിളിയാണ്. കേരളമെന്ന ഭൂപ്രദേശമല്ല, കേരളം ചേർത്തുപിടിക്കുന്ന മാനവികതയാണ് അവരുടെ ശത്രു. സംഘപരിവാർ വിഭാവനം ചെയ്യുന്ന ജാതിയുടേയും മതത്തിന്റേയും വേലിക്കെട്ടുകളാൽ ഛിന്നഭിന്നമാക്കപ്പെട്ട ഇന്ത്യ സാധ്യമാകണമെങ്കിൽ കേരളവും യു.പിയോ ഗുജറാത്തോ പോലെ ഒരു പ്രദേശമാക്കി അവർക്ക് മാറ്റണം. അങ്ങനെ കേരളത്തെ തകർക്കാൻ സംഘപരിവാർ ശ്രമിക്കുമ്പോൾ അതിനെതിരെ പ്രതിരോധമുയർത്തേണ്ട കോൺഗ്രസ് അവർക്ക് ചൂട്ടുപിടിക്കുന്ന ദയനീയ സ്ഥിതിവിശേഷമാണുള്ളത്. ഈ സാഹചര്യത്തിൽ ഇടതുപക്ഷം കൂടുതൽ കരുത്താർജിക്കേണ്ടത് നാടിന്റെ പുരോഗതിയ്ക്ക് അനിവാര്യമാണ്. അതു കണക്കിലെടുത്താകണം നടക്കാനിരിക്കുന്ന ഉപതിരഞ്ഞെടുപ്പുകളെ ഓരോ മണ്ഡലത്തിലേയും വോട്ടർമാർ സമീപിക്കേണ്ടത്. കേരളത്തിന്റെ മതസാഹോദര്യവും സാമൂഹ്യപുരോഗതിയും ക്ഷേമവും ഉറപ്പുവരുത്താൻ നമുക്ക് സാധിക്കണം. l

ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

4 − two =

Most Popular