കഴിഞ്ഞ ദശകങ്ങളിൽ മാർക്സിസ്റ്റ് വീക്ഷണത്തിന് സംഭവിച്ച ഏറ്റവും വലിയ മാറ്റം സാംസ്കാരിക വ്യതിയാനമാണ്. അധ്വാനമൂല്യത്തെയും വർഗവിഭജനത്തെയും, അതായത് അർത്ഥശാസ്ത്രപരമായ നിലപാടുകൾക്കുപകരം സംസ്കാരത്തിന്റെ പ്രാഥമികതയിലൂന്നുന്ന നിലപാടുകളെയാണ് നാം സാംസ്കാരിക വ്യതിയാനം എന്നു വിളിക്കുന്നത്. മാർക്സിസ്റ്റ് പഠനരീതികളിൽ സ്റ്റുവർട്ട് ഹാളും റെയ്മണ്ട് വില്യംസും തുടങ്ങിവയ്ക്കുകയും പിന്നീട് ഫ്രെഡറിക് ജെയിംസനും ടെറി ഈഗിൾട്ടണുമടക്കമുള്ള നിരവധി ചിന്തകർ ഏറ്റെടുക്കുകയും ചെയ്ത ഈ നിലപാട് സാംസ്കാരികമായ വൈജാത്യങ്ങളുടെ അടിസ്ഥാനത്തിൽ മുതലാളിത്തവിരുദ്ധ സമരങ്ങളെ തന്നെ വിലയിരുത്തി. ഇംഗ്ലണ്ടിലെ തൊഴിലാളിവർഗത്തിന്റെ വളർച്ചയിൽ സാംസ്കാരിക മനോവൃത്തികൾക്കുള്ള പങ്കിൽ ഇ പി തോംസൻ ഊന്നിയപ്പോൾ ഈയിടെയായി വില്യം സെവലിനെ പോലുള്ള ചരിത്രകാരർ തൊഴിലാളി സമരങ്ങളെ തന്നെ സാംസ്കാരിക പരിപ്രേക്ഷ്യത്തിൽ നിന്നുകൊണ്ട് പരിശോധിച്ചു. ബാർസലോണയിലെ തുറമുഖ തൊഴിലാളികളുടെ സമരത്തെ സംബന്ധിച്ച സെവലിന്റെ പഠനം ചെറുത്തുനിൽപ്പിന്റെ സാംസ്കാരിക വശങ്ങളിലേക്കാണ് ശ്രദ്ധിച്ചത്. മാർക്സിസ്റ്റായി ആരംഭിച്ച് പോസ്റ്റ്മോഡേണിസ്റ്റായി മാറിയ ഗാരെത്ത് സ്റ്റെഡ്മാൻ ജോൺസിന്റെ ലണ്ടൻ തൊഴിലാളിവർഗത്തെ സംബന്ധിച്ച പഠനവും ഇതേ ജനുസ്സിൽ പെടുത്താവുന്നതാണ്.
‘‘പാശ്ചാത്യവത്കൃത’’ ഇന്ത്യൻ ബുദ്ധിജീവിയായ വിവേക് ഛിബ്ബർ ആധുനികോത്തര സാംസ്കാരിക വ്യതിയാനത്തിനെതിരായ വിമർശനങ്ങൾക്ക് പ്രസിദ്ധനാണ്. ഇന്ത്യയിലെ പോസ്റ്റ് കൊളോണിയൽ പ്രവണതകളെ സംബന്ധിച്ചും അതിൽ സബാൾട്ടേൺസ്റ്റഡീസിനെ സംബന്ധിച്ചും ഛിബ്ബർ നടത്തിയ വിമർശനം ഏറെ പ്രചരിതമാണ്. പാശ്ചാത്യ ജ്ഞാനോദയ സംസ്കാരത്തിന്റെ അടിസ്ഥാന സംഭാവനകളിൽ ഊന്നുകയും അതിനെതിരായ ആധുനികാേത്തര – പോസ്റ്റ് കൊളോണിയൽ വിമർശനങ്ങൾ എങ്ങനെ ശാസ്ത്രബോധത്തെയും ജനാധിപത്യ പ്രക്രിയയെയും വരെ അട്ടിമറിക്കുകയും ചെയ്യുന്ന അവസ്ഥയിൽ എത്തുന്നു എന്നു ഛിബ്ബർ വളരെ ഭംഗിയായി വിലയിരുത്തുന്നു. ജനാധിപത്യ പ്രക്രിയയ്ക്കെതിരായി എങ്ങനെ ആധുനികോത്തരവാദികൾ സമുദായത്തെയും സ്വത്വരാഷ്ട്രീയത്തെയും ഉയർത്തിപ്പിടിക്കുകയും അതുവഴി തികച്ചും പ്രതിലോമകരമായ സാമുദായിക പ്രവണതകൾക്ക് വളംവയ്ക്കുകയും ചെയ്യുന്നു എന്നും ഛിബ്ബർ ചൂണ്ടിക്കാണിക്കുന്നു. ഇൗയിടെ അന്തരിച്ച രണജിത് ഗുഹയും സബാൾട്ടേൺ പ്രസ്ഥാനത്തിലെ അധികായന്മാരായ പാർത്തോ ചാറ്റർജിയും ദീപേഷ് ചക്രബർത്തിയും വർഗസമരങ്ങളെ നിരാകരിച്ച് പകരം സമുദായ സ്വത്വങ്ങളെ പ്രതിഷ്ഠിക്കുന്നതിൽ ഏറ്റവും മുമ്പിൽ നിൽക്കുന്നവരാണ്.
ഛിബ്ബറിന്റെ ഏറ്റവും പുതിയ കൃതിയായ ക്ലാസ് മാട്രിക്സ് ഒരർത്ഥത്തിൽ തന്റെ പോസ്റ്റ് കൊളോണിയൽ വിമർശനത്തിന്റെ തുടർച്ചയാണ്. കഴിഞ്ഞ ദശകത്തിൽ, പ്രത്യേകിച്ച് 2000 –2008ലെ നവലിബറൽ സമ്പദ-്-വ്യവസ്ഥയ്ക്ക് നേരിട്ട പ്രതിസന്ധികളുടെ പശ്ചാത്തലത്തിൽ, പാശ്ചാത്യ ബുദ്ധിജീവികളുടെ ഇടയിൽ മാർക്സിനും മാർക്സിസത്തിനും സംഭവിച്ച പുനരുജ്ജീവനമാണ് ഛിബ്ബറിന്റെ പുതിയ പുസ്തകത്തിന്റെ പശ്ചാത്തലം. പാശ്ചാത്യ ലോകത്ത് ലിബറൽ ഡെമോക്രസിയുടെ ശാശ്വത സ്വഭാവത്തെയും സാംസ്കാരിക കോയ്മയെയും സംബന്ധിച്ച അവകാശവാദങ്ങളെല്ലാം പൊള്ളയാണെന്ന് 2001 സെപ്തംബറിലെ വേൾഡ് ട്രേഡ് സെന്റർ ആക്രമണവും ഇറാഖ് യുദ്ധവും തെളിയിച്ചു. നവലിബറൽ ലോകക്രമത്തെപ്പറ്റിയുള്ള ജനങ്ങളുടെ അമർഷം വാൾസ്ട്രീറ്റ് ഉപരോധത്തിൽ പ്രകടമായി. മുതലാളിത്ത പ്രതിസന്ധി 2008നുശേഷം എല്ലാ മേഖലകളിലും പകൽപോലെ പ്രകടമായി. കൂടാതെ അമേരിക്കയെ പ്പോലുള്ള സമ്പന്ന രാജ്യങ്ങളിലും ധനികരും ദരിദ്രരും തമ്മിലുള്ള അന്തരം വർദ്ധിച്ചു. തൊഴിലില്ലായ്മ രൂക്ഷമായി.
ഇങ്ങനെയൊക്കെയാണെങ്കിലും ഛിബ്ബർ ചോദിക്കുന്ന ചോദ്യം പ്രസക്തമാണ്. സാമ്പത്തിക പ്രതിസന്ധി മൂർച്ഛിക്കുന്ന ഘട്ടങ്ങളിൽപോലും വികസിത മുതലാളിത്ത രാജ്യങ്ങളിൽ വർഗവൈരുധ്യങ്ങൾ എന്തുകൊണ്ട് പഴയതുപോലെ പ്രകടമാകുന്നില്ല? ആധുനികോത്തര പണ്ഡിതർ മുന്നോട്ടുവയ്ക്കുകയും പല ചരിത്രകാരരും ആവർത്തിക്കുകയും ചെയ്ത സാംസ്കാരികവാദം ശരിയാണെന്നാണോ ഇതിന്റെ അർത്ഥം? ഛിബ്ബർ നൽകുന്ന മറുപടി പ്രധാനമാണ്. ഇരുപതാം നൂറ്റാണ്ടിന്റെ തുടക്കത്തിൽ നിലവിലിരുന്ന വർഗവൈരുധ്യങ്ങൾ ഇന്നും വസ്തുതാപരമായി പ്രകടമാണ്. പക്ഷേ അത് പ്രവൃത്തിയിൽ വരുന്നതിന്റെ രീതികൾ ഇരുപത്തൊന്നാം നൂറ്റാണ്ടിന്റെ സാഹചര്യങ്ങളിൽ ഭിന്നമാണ്.
ഈ ഭിന്നതയെന്താണ് എന്ന വിശദീകരണത്തിൽ ഛിബ്ബർ ക്ലാസിക്കൽ മാർക്സിസത്തിന്റെ വിശദീകരണ പദ്ധതിയിൽ നിന്ന് സ്വയം അകലുന്നുണ്ട്. ഛിബ്ബറിനെ സംബന്ധിച്ചിടത്തോളം വർഗം ഒരു ഘടനയാണ്. തൊഴിലാളിവർഗം മുതലാളിവർഗവുമായുള്ള ബന്ധത്തിന്റെ അടിസ്ഥാനത്തിൽ ഒരു ചട്ടക്കൂടിൽ (മാട്രിക്സിൽ) പ്രവർത്തനക്ഷമമാകുന്ന ഒരു സംവർഗമാണ്. വർഗത്തനിമ (Class in itself) വർഗത്തിനുവേണ്ടി (Class for itself) എന്നിങ്ങനെ മാർക്സ് വ്യവഹരിക്കുന്ന വർഗബോധത്തിന്റെ വളർച്ചയെ ഛിബ്ബർ വേറൊരു വിധത്തിലാണ് വ്യാഖ്യാനിക്കുന്നത്. മാർക്സ് വിശദീകരിക്കുന്നതുപോലെ തന്നെ മുതലാളിമാരുമായുള്ള ബന്ധത്തിലൂടെയാണ് തൊഴിലാളിവർഗം രൂപപ്പെടുന്നത്. പക്ഷേ സാമ്പത്തിക പുരോഗതിയുടെ വിവിധ ഘട്ടങ്ങളിൽ ഈ ബന്ധത്തിൽ സൂക്ഷ്മതലത്തിൽ ഭിന്നതകൾ സംഭവിക്കുന്നുണ്ട്. അതിൽ തൊഴിലാളിവർഗത്തിന്റെ ബോധമണ്ഡലത്തിന്റെ വികാസവും (മുതലാളി വർഗത്തിന്റെ സംഘാടനവും) ഒരു സാംസ്കാരിക പ്രക്രിയയാണ്. അതായത്, തൊഴിലാളി ഒരു സാമ്പത്തിക പ്രവർത്തനത്തിലേർപ്പെടുമ്പോൾ നിലവിലുള്ള വർഗപരമായ അസ്ഥിത്വം കൂടാതെ അയാൾ ഇടപെടുന്ന സാംസ്കാരിക മണ്ഡലവും അയാളുടെ അധ്വാനത്തെ, അതായത് സാമ്പത്തിക പ്രവർത്തനത്തെ സ്വാധീനിക്കുന്നുണ്ട്. ഇത് ചില അവസരങ്ങളിൽ മുതലാളിമാരുമായുള്ള വൈരുധ്യങ്ങളെ ശക്തിപ്പെടുത്തുകയും തൊഴിൽ സമരങ്ങൾ വളർന്നുവരികയും ചെയ്യുന്നു. വേറെ ചില അവസരങ്ങളിൽ മുതലാളിയോടുള്ള തൊഴിലാളിയുടെ വിധേയത്വത്തിലേക്കും കീഴടങ്ങലിലേക്കും ഇത് നയിക്കുന്നു.
വർഗ മാട്രിക്സിൽ തൊഴിലാളിയെപ്പോലെ മുതലാളിയും സജീവമായി പങ്കെടുക്കുന്നുണ്ട്. തൊഴിലാളി സ്വന്തം അവകാശങ്ങൾക്കുവേണ്ടി നിലയുറപ്പിക്കുമ്പോൾ തൊഴിലാളിയുടെമേൽ നിയന്ത്രണങ്ങളും മൂല്യസംഹിതകളും അടിച്ചേൽപ്പിക്കുന്നതിൽ മുതലാളി സദാ ജാഗരൂകരാണ്. മാക്സ് വെബർ എന്ന സാമൂഹ്യ ചിന്തകൻ അവതരിപ്പിച്ച ‘‘പ്രൊട്ടസ്റ്റന്റ് മൂല്യബോധം’’ ഇത്തരത്തിലുള്ള സംവിധാനമാണ്. ഇരുപതാം നൂറ്റാണ്ടിലെ ടെയ്ലറിന്റെയും പ്ലേയുടെയും മാനേജ്മെന്റ് സമ്പ്രദായങ്ങളും ഇതേ തരത്തിൽതന്നെ വ്യാഖ്യാനിക്കാം. ഏറ്റവും പ്രധാനമായി മുതലാളിത്തത്തിന്റെ നിലനിൽപ്പിന്റെയും സ്ഥാവരത്വത്തിന്റെയും മാനദണ്ഡം സാമ്പത്തിക വളർച്ചയാണ്. സാമ്പത്തിക വളർച്ചാ നിരക്കുകൾ കുറയുമ്പോൾ മുതലാളിത്തത്തിന് തൊഴിലാളികൾ നൽകുന്ന അംഗീകാരം കുറയുന്നു. അതനുസരിച്ച് തൊഴിൽ സമരങ്ങൾ ശക്തിപ്പെടുന്നു. എന്നാൽ സാമ്പത്തിക വളർച്ചാ നിരക്കുകൾ വർദ്ധിക്കുമ്പോൾ മുതലാളിക്ക് തൊഴിലാളിവർഗത്തെ പിടിച്ചുനിർത്താനായി വ്യത്യസ്ത സംവിധാനങ്ങൾ ഉപയോഗിക്കണമെന്നില്ല. അതേസമയം തൊഴിലാളികളുടെ വിധേയത്വം വർദ്ധിക്കുകയും ചെയ്യുന്നു.
ഇരുപതാം നൂറ്റാണ്ടിന്റെ തുടക്കത്തെ അപേക്ഷിച്ച് സാമ്പത്തിക വളർച്ചാനിരക്കുകൾ വൻതോതിൽ വർദ്ധിച്ച കാലഘട്ടത്തിലാണ് നാം ജീവിക്കുന്നത്. ആഗോളതലത്തിൽതന്നെ ഭൂരിപക്ഷം സമ്പത്തും ഏതാനും ചില കോർപ്പറേറ്റ് ഭീമന്മാരുടെ കൈവശമാണ്. അവർക്ക് മാന്യമായ വേതനവും ജീവിതസൗകര്യങ്ങളും നൽകി തൊഴിലാളിവർഗത്തെ നിലനിർത്താൻ കഴിയുന്നുണ്ട്. തൊഴിലാളി സ്വന്തം പ്രവർത്തനം നടത്തുന്ന സാംസ്കാരികാന്തരീക്ഷം സ്വന്തം നിലനിൽപ്പിനും വരുമാനത്തിനും വേണ്ടി മുതലാളിവർഗത്തോടുള്ള പൂർണമായ കീഴടങ്ങൽ ആവശ്യപ്പെടുകയും ചെയ്യുന്നു. അമേരിക്കയിലടക്കമുള്ള തൊഴിലാളി സംഘടനകളുടെ തകർച്ച ഇതിന്റെ ഭാഗമാണ്. തൊഴിലാളി യൂണിയനുകൾക്ക് സൃഷ്ടിക്കാവുന്ന ഏറ്റവും കുറഞ്ഞ സംഘടിത പ്രതിരോധംപോലും തൊഴിലാളികളുടെ കീഴടങ്ങലിന് പ്രതിരോധം സൃഷ്ടിക്കരുത് എന്ന ധാരണ ഇതിനു പിറകിലുണ്ടാകും. വർഗ മാട്രിക്‌സിന്റെ നിയന്ത്രണം മുതലാളിത്തത്തിന്റെ കയ്യിലാകുമെന്നു ചുരുക്കം.
തൊഴിലാളിവർഗത്തിന്റെ കീഴടങ്ങൽകൊണ്ട് തൊഴിലാളിവർഗം ഇല്ലാതാകുന്നു എന്ന് അർത്ഥമില്ല. വർഗം എന്നത് മുതലാളിത്തത്തിന്റെ ഘടനാപരമായ സവിശേഷതയാണ്. വർഗ വൈരുധ്യമില്ലാതെ മുതലാളിത്തം ഇല്ല. അതുകൊണ്ട് മുതലാളിത്തത്തിനെതിരെ പല ആധുനികോത്തരവാദികളും ഊന്നുന്ന സാംസ്കാരിക പ്രതിരോധം ഫലശൂന്യമാണ്. സാമ്പത്തിക പ്രക്രിയയുടെ മേൽ വർഗപരമായി ആധിപത്യം സ്ഥാപിക്കുന്ന മുതലാളിയെ സംബന്ധിച്ചിടത്തോളം അത് സൃഷ്ടിക്കുന്ന മേൽക്കോയ്മ തന്നെ സാംസ്കാരിക പ്രതിരോധങ്ങളെ കീഴടക്കാനും സ്വന്തം വരുതിയിൽ കൊണ്ടുവരാനും മതിയാകും. വർഗസമരങ്ങളെ തിരിച്ചുകൊണ്ടുവരിക എന്നതുതന്നെയാണ് തൊഴിലാളി വർഗത്തിന്റെ മോചനമാർഗം. സംസ്കാരത്തിലല്ല, അർത്ഥശാസ്ത്രപരമായ സമീപനങ്ങളിൽ തന്നെയാണ് തൊഴിലാളി വർഗ പ്രവർത്തകർ ഊന്നേണ്ടത്.
ഛിബ്ബറിന്റെ അടിസ്ഥാന നിഗമനങ്ങളിൽ കാതലായ അഭിപ്രായ വ്യത്യാസമുണ്ടാകേണ്ടതില്ല. അദ്ദേഹം ഉപയോഗിക്കുന്ന രീതിശാസ്ത്രത്തിൽ പാശ്ചാത്യ മാർക്സിസ്റ്റുകളിൽ സാധാരണ പ്രത്യക്ഷപ്പെടാറുള്ള നിരവധി ദൗർബല്യങ്ങൾ കടന്നുവരുന്നുണ്ട്. അതിലൊന്നാമത്തേത് അദ്ദേഹത്തിന്റെ ഘടനാവാദപരമായ സമീപനമാണ്. വർഗത്തെയും വർഗസമരത്തെയും ചരിത്രപരമായ പ്രക്രിയയുടെ ഭാഗമായാണ് മാർക്സും എംഗൽസും വിലയിരുത്തുന്നത്. വർഗങ്ങൾ ഉൽപാദനബന്ധങ്ങളുടെ ഫലമായി സൃഷ്ടിക്കപ്പെടുന്ന വേർതിരിവുകളാണ്. പാശ്ചാത്യ മാർക്സിസ്റ്റുകൾ അതിനെ ഘടനാവാദപരമായും പ്രയോജനപരമായും അവതരിപ്പിക്കുന്നതിലൂടെ അതിന്റെ ചരിത്രപരമായ സത്ത നഷ്ടപ്പെടുത്തുന്നു. വർഗത്തെ ഘടനയായി അവതരിപ്പിക്കുന്നതോടെ സാമൂഹ്യബന്ധങ്ങൾ എന്ന അതിന്റെ സ്വഭാവം ഇല്ലാതാകുകയും മുതലാളിത്തം എന്ന യാന്ത്രികഘടനയുടെ അവിഭാജ്യ ഘടകമായി ത്തീരുകയും ചെയ്യുന്നു. സംസ്കാരംപോലും അതേ വിധത്തിൽ ഘടനാപരമായി വിശദീകരിക്കപ്പെടുന്നു. വർഗസമരം ഒരു സാമൂഹ്യപ്രക്രിയയിൽ നിന്നു മാറി വ്യവസ്ഥാപിതമായ ഘടനയിൽ ഉൾച്ചേരുന്ന ഒരു പ്രവർത്തനരൂപമായിത്തീരുന്നു.
മാർക്സിസ്റ്റ് അർത്ഥശാസ്ത്ര ദർശനത്തിൽ നിന്നുള്ള മാറ്റവും ഇത് സൂചിപ്പിക്കുന്നുണ്ട്. വളർച്ചാനിരക്കുകളുടെ അടിസ്ഥാനത്തിൽ തൊഴിലാളി മുതലാളിത്തത്തിനു നൽകുന്ന സമ്മതത്തെ സംബന്ധിച്ച വിശദീകരണം ഇതിന്റെ ഭാഗമാണ്. വളർച്ചാ നിരക്കുകൾ തൊഴിലാളികളുടെ ക്ഷേമത്തിന്റെകൂടി വളർച്ചയാണ്. ക്ഷേമ സങ്കല്പം തൊഴിലാളികൾ നൽകുന്ന സമ്മതത്തെ ശക്തിപ്പെടുത്തുന്നു. അധ്വാന മൂല്യസിദ്ധാന്തമോ മിച്ചമൂല്യമോ മുതലാളിത്തത്തിന്റെ പുനരുൽപാദന രൂപങ്ങളോ ഒന്നുംതന്നെ പ്രതിപാദന രൂപത്തിലേക്കു വരുന്നില്ല. വളർച്ചാനിരക്കുകൾക്ക് ഉപയോഗിക്കുന്ന മാനദണ്ഡങ്ങൾപോലും തൊഴിലാളി വർഗത്തിന്റെ നിലയിൽ കാതലായ മാറ്റങ്ങൾ വരുത്താമെന്നതും കണക്കിലെടുക്കുന്നില്ല. സ്വാഭാവികമായും ഛിബ്ബറിന്റെ ശ്രദ്ധ പാശ്ചാത്യ മുതലാളിത്തത്തിലെ തൊഴിലാളി യൂണിയനുകളുടെ തകർച്ചയിലാണ്. മുതലാളിത്തത്തിന്റെ പുനരുൽപ്പാദനത്തിൽ വരുന്ന മാറ്റങ്ങളും തൊഴിലാളിവർഗത്തിന്റെ വിന്യാസവും തമ്മിൽ ബന്ധമുണ്ടാകുമെന്നത് അദ്ദേഹത്തിന്റെ ശ്രദ്ധയിൽപ്പെടുന്നില്ല.
മൂന്നാമത്തേത്, സാമ്രാജ്യത്വത്തെപ്പറ്റിയുള്ള മാർക്സിസ്റ്റ് സിദ്ധാന്തങ്ങൾ അദ്ദേഹം പൂർണമായി അവഗണിക്കുന്നു എന്നതാണ്. മുതലാളിത്തത്തിന്റെ സാർവദേശീയ വ്യാപനവും മൂലധന സമാഹരണത്തിന്റെ ചൂഷണാധിഷ്ഠിത സ്വഭാവവും വിലയിരുത്തിയത് മാർക്സ് തന്നെയാണ്; മാർക്സും പിന്നീടുവന്ന മാർക്സിസ്റ്റുകളും വിലയിരുത്തിയ വളർച്ചാനിരക്കുകളിലെ വ്യതിചലനവും അതു സൃഷ്ടിക്കുന്ന അസന്തുലിതമായ വാണിജ്യവും അധോവികസനവും പിന്നീടുവന്ന മാർക്സിസ്റ്റ‍് പഠനങ്ങളുടെയെല്ലാം കേന്ദ്ര ബിന്ദുവാണ്.സാമ്രാജ്യത്വ രാഷ്ട്രങ്ങളുടെ ഉയർന്ന വളർച്ചാനിരക്കുകളും അവികസിത രാഷ്ട്രങ്ങളിലെ വളർച്ചാനിരക്കുകളുടെ ഇടിവും തമ്മിലുള്ള വേർതിരിവുകളും ഇതിന്റെ ഭാഗമായി ചർച്ചയിൽ വന്നിട്ടുണ്ട്. വികസിത രാഷ്ട്രങ്ങളിലെ തൊഴിലാളി വർഗത്തിന്റെ കീഴടങ്ങലിനുള്ള ‘സാംസ്കാരിക’ അന്തരീക്ഷം സൃഷ്ടിക്കുന്നതിൽ സാമ്രാജ്യത്വം സൃഷ്ടിക്കുന്ന വേർതിരിവുകൾക്കും പ്രധാന പങ്കുണ്ട്. മുതലാളിത്തത്തെ വർഗ മാട്രിക്സായി കാണുന്ന സമീപനം സാമ്രാജ്യത്വത്തിന്റെ വളരെ വൈവിധ്യപൂർണമായ മൂല്യശൃംഖലകളുടെയും വിഭവസമാഹരണ പ്രക്രിയയുടെയും തലങ്ങളെ അവഗണിക്കുന്നു. ഛിബ്ബർ ഉപയോഗിക്കുന്ന രീതിശാസ്ത്രത്തിന്റെ ദൗർബല്യമാണ് ഇതിനുകാരണമാകുന്നത്.
ഇതിന്റെ ഫലമായി ‘‘കീഴടങ്ങൽ’’ എന്നതിന് ഒരു സന്നദ്ധ സ്വഭാവം കൂടി ഛിബ്ബർ നൽകുന്നുണ്ട്. ‘‘ലേബർ അരിസ്റ്റോക്രസി’’ എന്ന് എംഗൽസ് വിശേഷിപ്പിക്കുന്ന ഉപരിവർഗ തൊഴിലാളികളിൽ കീഴടങ്ങലിന് സന്നദ്ധ സ്വഭാവമുണ്ടാകാം. അവർ മുതലാളിവർഗത്തിന്റെതന്നെ മുന്നണിപ്പടയായി മാറുന്ന അവസ്ഥയാണിത്. എന്നാൽ അമേരിക്കയിൽപോലും ദരിദ്രരായ ആഫ്രോ അമേരിക്കൻ – ഹിസ്പാനോ വിഭാഗത്തിൽപ്പെട്ട തൊഴിലാളികളിൽ ഈ കീഴടങ്ങൽ എത്രമാത്രം ശരിയാണ് ? വംശീയതയുടെയും അപരദേശക്കാരുടെയും മാനദണ്ഡങ്ങൾ ഉപയോഗിച്ച് അവരെ അടിച്ചമർത്തുകയല്ലേ ചെയ്യുന്നത്? യൂറോപ്യൻ യൂണിയനിലെ തൊഴിലാളികളിലും കുടിയേറ്റ തൊഴിലാളികളുടെ എണ്ണം വൻതോതിൽ വർദ്ധിക്കുകയല്ലേ? വംശീയമായ ഘടകങ്ങൾ അവിടെയും പ്രസക്തമല്ലേ? കോർപ്പറേറ്റ് ഭീമന്മാരുടെ അടിസ്ഥാന ഉത്പാദനം തുച്ഛമായ വേതനനിരക്കുകൾ നിലനിൽക്കുന്ന തെക്കു–കിഴക്കേ ഏഷ്യയിലേക്കും ബംഗ്ലാദേശിലേക്കും പറിച്ചുനട്ടിരിക്കുകയല്ലേ? ഇതേ കാരണങ്ങൾ കൊണ്ട് ചൈനയിലെ സാങ്കേതിക തൊഴിലാളികളും ഇന്ത്യയിലെ വിവരസാങ്കേതിക മേഖലയിലെ തൊഴിലാളികളും കോർപ്പറേറ്റുകൾക്കുവേണ്ടി ജോലി ചെയ്യേണ്ടി വരുന്നില്ലേ? ഇവിടെയെല്ലാം യൂണിയനുകൾ ഇല്ലാതായത് ലോകവ്യാപാര സംഘടനയുടെ കോർപ്പറേറ്റ് നിബന്ധനകൾ കൊണ്ടാണെന്നത് വ്യക്തമാണ്. തൊഴിലാളികൾ കീഴടങ്ങുകയല്ല ഉണ്ടായത്; അതിശക്തമായ സാമ്പത്തിക ഉപരോധമുറകൾവഴി കോർപ്പറേറ്റുകൾ തൊഴിലാളികളെ കീഴടക്കുകയാണുണ്ടായത്. തൊഴിൽ സമരങ്ങൾപോലും പ്രാദേശിക വിലപേശലുകളായി ചിത്രീകരിച്ച് അവഗണിക്കുന്ന രീതിയും ഇതിന്റെ ഭാഗമായി കാണാം. ആമസോൺ പോലെ അപൂർവം ചില കോർപ്പറേറ്റുകളിലാണ് ട്രേഡ് യൂണിയനുകൾ നിലവിലുള്ളത്. മറ്റുള്ള കോർപ്പറേറ്റുകളെല്ലാം ട്രേഡ് യൂണിയനുകളെ തകർക്കുന്നതിൽ മുൻകയ്യെടുത്തു പ്രവർത്തിക്കുന്നുമുണ്ട്. ഇതെല്ലാം കാണിക്കുന്നത്, തൊഴിലാളിവർഗം കീഴടങ്ങുകയല്ല, അവരെ കീഴടക്കുകയാണ് ചെയ്തത് എന്നാണ്.
മുമ്പ് സൂചിപ്പിച്ചതുപോലെ, സാംസ്കാരിക വ്യതിയാനത്തിനെതിരായി വിവേക് ഛിബ്ബർ സ്വീകരിക്കുന്ന നിലപാടും വർഗപരമായ നിലപാടിൽ ഊന്നിയുള്ള മുതലാളിത്തവിരുദ്ധ പ്രക്ഷോഭങ്ങളുടെ പ്രാധാന്യത്തിന് അദ്ദേഹം നൽകുന്ന ഊന്നലും തീർച്ചയായും സ്വീകാര്യമാണ്. അതേസമയം, സാർവദേശീയ ട്രേഡ് യൂണിയൻ പ്രസ്ഥാനങ്ങൾക്കും കമ്യൂണിസ്റ്റ് പാർട്ടികൾക്കും എതിരെ അദ്ദേഹമടക്കമുള്ള പാശ്ചാത്യ മാർക്സിസ്റ്റുകൾ സ്വീകരിച്ചുപോരുന്ന നിലപാടുകൾ പുനഃപരിശോധിക്കേണ്ടതല്ലേ? പാശ്ചാത്യ രാജ്യങ്ങളിലെ ദുർബലമായ കമ്യൂണിസ്റ്റ് പാർട്ടികളെപ്പോലും സ്റ്റാലിനിസ്റ്റ് മുദ്രയടിച്ച് അകറ്റിനിർത്തുകയും തൊഴിലാളിവർഗത്തിനിടയിലെ അവരുടെ കേവലമായ സംഘടനാശേഷിയെപ്പോലും ഇകഴ്ത്തി ക്കാണിക്കുകയും ചെയ്ത ദീർഘമായ ചരിത്രം പാശ്ചാത്യ ‘‘മാർക്സിസ്റ്റ്’’ ബുദ്ധിജീവികൾക്കുണ്ട്. തൊഴിലാളിവർഗ പ്രസ്ഥാനത്തിൽ കടന്നുവന്ന വംശീയവും പ്രാദേശികവുമായ ഭിന്നതകളൊന്നും മറികടക്കാനാകാതെ ഉഴലുമ്പോഴും ശക്തമായ തൊഴിലാളിവർഗ പ്രസ്ഥാനത്തിനുവേണ്ടിയുള്ള വാദങ്ങൾ ചില അക്കാദമിക് പ്രബന്ധങ്ങളായി ചുരുങ്ങുകയാണ് ചെയ്തത്. ഇങ്ങനെ വർഗപ്രസ്ഥാനങ്ങൾ തകർച്ച നേരിടുമ്പോഴും മദ്ധ്യവർഗ അനാർക്കിസ്റ്റ് കൂട്ടായ്മകളെ ശക്തിപ്പെടുത്താൻ ഇവർക്കാർക്കും മടിയില്ലായിരുന്നു എന്നതും വസ്തുതയാണ്. ഇന്നത്തെ സാഹചര്യത്തിൽ തൊഴിലാളിവർഗ പ്രക്ഷോഭങ്ങളിൽ ബുദ്ധിജീവികളുടെ പങ്കാളിത്തം പതിന്മടങ്ങു വർദ്ധിക്കേണ്ടതുണ്ട്. ആ ദിശയിൽ എന്തു ചെയ്യാൻ കഴിയുമെന്ന ചോദ്യംകൂടി ഉന്നയിക്കേണ്ടതുണ്ട്. ♦