2019 ഫെബ്രുവരി 14 നാണ് ജമ്മു കാശ്മീരിലെ പുല്‍വാമ സൈനികകേന്ദ്രത്തില്‍ ഭീകരാക്രമണം നടക്കുകയും 40 സി.ആര്‍.പി.എഫ് ജവാന്‍മാര്‍ കൊല്ലപ്പെടുകയും ചെയ്തത്. 12 ദിവസങ്ങള്‍ക്കുശേഷം ഫെബ്രുവരി 26 ന് പാകിസ്ഥാനിലെ ജയ്ഷ് ഇ മുഹമ്മദ് ഭീകരവാദികളുടെ പരിശീലനകേന്ദ്രമായ ബാലക്കോട്ടില്‍ ഇന്ത്യന്‍ സൈന്യം പ്രത്യാക്രമണം നടത്തി. 2019 ഏപ്രില്‍ –മെയ് മാസങ്ങളില്‍ നടക്കാനിരിക്കുന്ന പൊതുതിരഞ്ഞെടുപ്പിനു മുമ്പു നടന്ന പുല്‍വാമ ഭീകരാക്രമണത്തിനും ബാലക്കോട്ട് പ്രത്യാക്രമണത്തിനും പിന്നില്‍ ആഴത്തിലുള്ളതും ആസൂത്രിതവും സൃഗാലതന്ത്രപരവുമായ ഗൂഢാലോചന നടന്നതായി സംശയിക്കുന്നുണ്ടെന്ന് അക്കാലത്തുതന്നെ സിപിഐ എം ഉള്‍പ്പെടെയുള്ള മിക്ക പ്രതിപക്ഷകക്ഷികളും ചൂണ്ടിക്കാട്ടിയിരുന്നു. മുന്‍ സൈനികമേധാവിയായ ശങ്കര്‍ റോയ് ചൗധരിയും ഈ ദിശയിലേക്ക് വിരല്‍ ചൂണ്ടിയിരുന്നു.
ഇക്കാര്യങ്ങള്‍ സ്ഥിരീകരിക്കുന്ന ഞെട്ടിക്കുന്ന വിവരങ്ങളാണ് മുന്‍ ജമ്മു കാശ്മീര്‍ ഗവര്‍ണർ സത്യപാല്‍ മാലിക് ‘ദ വയര്‍’ ഓണ്‍ലൈന്‍ പോര്‍ട്ടലിനു നല്‍കിയ അഭിമുഖത്തില്‍ വെളിപ്പെടുത്തിയത്. പുല്‍വാമ ഭീകരാക്രമണം ഇന്ത്യയുടെ ഭരണനേതൃത്വത്തിന്റെയും സൈനിക കാര്യകര്‍ത്താക്കളുടെയും ഭാഗത്തുനിന്നുണ്ടായ അത്യന്തം പ്രകടമായ, വ്യവസ്ഥാപരമായ പരാജയത്തിന്റെയും സുരക്ഷാ ഏജന്‍സികളുടെയും ഇന്റലിജന്‍സ് സംവിധാനത്തിന്റെയും വന്‍ പിശകിന്റെയും ഭാഗമായി സംഭവിച്ചതാണെന്നായിരുന്നു മാലിക് വെട്ടിത്തുറന്ന് പറഞ്ഞത്. ഇക്കാര്യം പ്രധാനമന്ത്രി നരേന്ദ്രമോദിയോട് പറഞ്ഞപ്പോള്‍ അദ്ദേഹം സത്യപാല്‍ മാലിക്കിനോട് ഒരക്ഷരം മിണ്ടിപ്പോകരുത് എന്ന് ആജ്ഞാപിക്കുകയാണ് ചെയ്തത്! നോട്ടുനിരോധനവും തൊഴിലില്ലായ്മയും കാര്‍ഷികമേഖലയിലെ പ്രശ്നങ്ങളും മറ്റും കാരണം നട്ടംതിരിഞ്ഞിരുന്ന കേന്ദ്രസര്‍ക്കാരിന് പുല്‍വാമ ഭീകരാക്രമണവും സത്വരമുണ്ടായ ബാലക്കോട്ട് പ്രത്യാക്രമണവും തീവ്രദേശഭക്തിയിലധിഷ്ഠിതമായ അതിതീക്ഷ്ണവികാരം ജ്വലിപ്പിക്കാന്‍ ഇന്ത്യയില്‍ പൊതുവിലും ഉത്തരേന്ത്യയില്‍ വിശേഷിച്ചും സഹായകമായി. ജനങ്ങളില്‍ ഗണ്യമായ ഒരു വിഭാഗം ദൈനംദിന ജീവല്‍പ്രശ്നങ്ങളെ അഗണ്യകോടിയില്‍ തള്ളി ബിജെപിക്ക് മുന്‍പിന്‍ നോക്കാതെ വോട്ടുചെയ്യുന്നതിന് ഈ അന്ധമായ ദേശഭക്തിയും പാകിസ്താന്‍ വിരോധവും വഴിയൊരുക്കി.
ബിജെപിയുടെ പ്രകടനപത്രികയിലെ ഒരിനമാണെങ്കിലും ഈ സവിശേഷ രാഷ്ട്രീയ സന്ദര്‍ഭത്തില്‍ ഏക സിവില്‍ കോഡ് നടപ്പാക്കുമെന്ന് മോദി പ്രഖ്യാപിച്ചതിനു പിന്നിലുള്ള ഒട്ടും ഗുപ്തമല്ലാത്ത ലക്ഷ്യം സാമാന്യബോധമുള്ളവര്‍ക്കൊക്കെ അറിയാം. ഹിന്ദുത്വവും കോര്‍പ്പറേറ്റ് പ്രീണന നയങ്ങളും സമാസമം ചാലിച്ച മാരകമായ പ്രതിലോമ രാ.ഷ്ട്രീയ സംയുക്തം രാഷ്ട്രത്തിന്റെ സര്‍വ മേഖലകളിലും സന്നിവേശിച്ചതോടെ ബിജെപിയുടെ ജനപിന്തുണയില്‍ കാര്യമായ ഇടിവുണ്ടായ വര്‍ഷമാണ് കടന്നുപോയത്. പഞ്ചാബ്, ഹിമാചല്‍ പ്രദേശ്, കര്‍ണാടകം എന്നീ സംസ്ഥാന നിയമസഭകളിലേക്കു നടന്ന തിരഞ്ഞെടുപ്പുകളില്‍ ബിജെപി നിലംപരിശായി. മഹാരാഷ്ട്ര, മധ്യപ്രദേശ് എന്നീ സംസ്ഥാനങ്ങളില്‍ കുല്‍സിതമായ കാലുമാറ്റത്തിലൂടെ അധികാരത്തില്‍ അള്ളിപ്പിടിക്കുകയായിരുന്നു അവർ. രണ്ടു വ്യാഴവട്ടത്തിലേറെയായി ബിജെപി ഭരിച്ച ഡല്‍ഹി കോര്‍പ്പറേഷന്‍ ഭരണവും പോയി. തിപ്രമോത്ത എന്ന പാര്‍ട്ടിയുടെ പൊടുന്നനെയുള്ള ആവിര്‍ഭാവമില്ലായിരുന്നുവെങ്കില്‍ ത്രിപുരയും ബിജെപിയെ കൈവിടുമായിരുന്നു. ബീഹാറില്‍ മുന്നണി ഭരണം തകര്‍ന്നു. പശ്ചിമബംഗാളിലെ ഉപതിരഞ്ഞെടുപ്പുകളിലും ഈയിടെ നടന്ന ത്രിതല തദ്ദേശ സ്വയംഭരണ സ്ഥാപന തിരഞ്ഞെടുപ്പിലും ബിജെപി പിന്നിലായെന്ന് മാത്രമല്ല, വോട്ടു ശതമാനം കുത്തനെ ഇടിയുകയും ചെയ്തു. പ്രതിപക്ഷകക്ഷികളാകട്ടെ ബിജെപിയെ കേന്ദ്രഭരണത്തില്‍ നിന്ന് പുറത്താക്കാനും ഈ വര്‍ഷം മധ്യപ്രദേശ്, രാജസ്താന്‍ എന്നിവ ഉള്‍പ്പെടെയുള്ള നാല് സംസ്ഥാനങ്ങളില്‍ നടക്കുന്ന തിരഞ്ഞെടുപ്പുകളില്‍ ആ പാര്‍ട്ടിയെ പരാജയപ്പെടുത്താനും യോജിച്ചുനീങ്ങുന്ന രാഷ്ട്രീയ പരിതോവസ്ഥയും സംജാതമായി. അതിന്റെ അടിസ്ഥാനത്തില്‍ ബൃഹത്തായ ജനകീയ അടിത്തറയുണ്ടാക്കാനുള്ള ചടുലനീക്കങ്ങളും തുടങ്ങി. ഇങ്ങനെയുള്ള ബദൽ രാഷ്ട്രീയ ഭൂമിക ഉരുത്തിരിയുന്നു എന്നു മനസ്സിലാക്കിയതോടെയാണ്, ഒരു കരടുരേഖ പോലും ഇതുവരെ പുറത്തിറക്കാതെ ഏക സിവില്‍കോഡ് നടപ്പാക്കുമെന്ന പ്രഖ്യാപനവുമായി മോദിയും അനുചരവൃന്ദവും മുന്നോട്ടുവന്നത്. ‘എന്‍ഡിഎ’ എന്ന വിസ്മരിക്കപ്പെട്ട രാഷ്ട്രീയസഖ്യത്തെ പുനരുജ്ജീവിപ്പിക്കാനുള്ള തീവ്രയത്ന പരിപാടിയും സമാന്തരമായി നടക്കുന്നു.പുല്‍വാമയും ബാലക്കോട്ടും തീവ്രദേശീയ വികാരവിജൃംഭണത്തിന് ഉപയോഗിച്ചപ്പോള്‍ ഏക സിവില്‍കോഡിനെ മുന്‍നിര്‍ത്തി സാമുദായിക ധ്രുവീകരണത്തിനും ഹിന്ദുത്വ കാര്യപരിപാടി ഉഗ്രതരമാക്കാനുമാണ് ശ്രമം. കാരണം, വരാനിരിക്കുന്ന തിരഞ്ഞെടുപ്പുകളില്‍ ഇന്ത്യന്‍ ജനതയോട് പറയാന്‍ വൃഥാസ്ഥൂലമായ ചില സംഗതികള്‍ മാത്രമേയുള്ളൂ ഇവരുടെ കൈവശം.
ഇത്തരുണത്തില്‍ പരിശോധിക്കപ്പെടേണ്ട ഒരു സുപ്രധാന വസ്തുത, ഏക സിവില്‍കോഡിനെക്കുറിച്ച് ആര്‍.എസ്.എസ്സിന്റെയും ഹിന്ദു മഹാസഭയുടെയും സമാനസംഘടനകളുടെയും മുന്‍കാല നിലപാട് എന്തായിരുന്നു എന്നാണ്. 1996 ല്‍ ബിജെപിയില്‍ ചേരുകയും 2009 ല്‍ ആ പാര്‍ട്ടിയില്‍ നിന്ന് പുറത്തുപോവുകയും ചെയ്ത, ‘ഇന്ത്യ തിളങ്ങുന്നു’ എന്ന കണ്ണഞ്ചിപ്പിച്ച അയഥാര്‍ഥ രാഷ്ട്രീയ പ്രചാരണ പരിപാടിയുടെ കാര്‍മികത്വം വഹിച്ചവരിലാെരാളുമായ സുധീന്ദ്ര കുല്‍ക്കര്‍ണി 2020 ല്‍ എഴുതിയ ഒരു ലേഖനത്തില്‍ 1972 ല്‍ ഏക സിവില്‍കോഡ് വിഷയത്തില്‍ ആര്‍.എസ്.എസ്സിന്റെ രണ്ടാം സര്‍ സംഘചാലകായ എം.എസ്. ഗോള്‍വാള്‍ക്കറുമായി ‘ഓര്‍ഗനൈസറി’ന്റെ ദീര്‍ഘകാല പത്രാധിപരായിരുന്ന കെ.ആര്‍ മല്‍ക്കാനി നടത്തിയ അഭിമുഖത്തിലെ പ്രസക്ത ഭാഗങ്ങള്‍ കാണാം. (ദ ക്വിന്റ്, 19 ഫെബ്രുവരി, 2020)
വാജ്പേയി പ്രധാനമന്ത്രിയായിരുന്നപ്പോള്‍ പ്രൈം മിനിസ്റ്റേഴ്സ് ഓഫീസിലെ ഡയറക്ടര്‍ ഓഫ് ഓപ്പറേഷന്‍സ് തസ്തികയിലായിരുന്നു കുല്‍ക്കര്‍ണി. ഗോള്‍വാള്‍ക്കര്‍ മല്‍ക്കാനിയോട് ഏക സിവില്‍കോഡിനെപ്പറ്റി പറയുന്ന കാര്യങ്ങള്‍ ഇങ്ങനെ സംഗ്രഹിക്കാം: 1940–1975 കാലഘട്ടത്തില്‍ ആര്‍.എസ്.എസ്സിന്റെ ജീവാത്മാവും പരമാത്മാവുമായിരുന്ന ഗോള്‍വാള്‍ക്കറുമായുള്ള ഈ ഇന്റര്‍വ്യൂ ഓര്‍ഗനൈസറിന്റെ (23 മാര്‍ച്ച് 1972) ലക്കത്തിലും ‘ഗുരുജി ഗോള്‍വാള്‍ക്കര്‍ – കളക്റ്റഡ് വര്‍ക്സ്’ (വോള്യം 9, പുറം 165) എന്ന ഗ്രന്ഥത്തിലും വായിക്കാവുന്നതാണ്. ഗോള്‍വാള്‍ക്കര്‍ പറഞ്ഞു : ‘‘ഇന്ത്യയുടെ ദേശീയ ഐക്യത്തിന് നിയമങ്ങളുടെ ഐക്യരൂപം ആവശ്യമില്ല. ഒത്തൊരുമയ്ക്ക് നിയമങ്ങളുടെ സര്‍വസാമ്യ ക്രോഡീകരണം അനിവാര്യമല്ല. പ്രാചീനകാലം മുതല്‍ അതിരറ്റ വൈവിധ്യങ്ങളും നാനാത്വവുമുണ്ടായിരുന്നു ഇന്ത്യയില്‍. ഐക്യത്തിന് ഒരുമയാണ് വേണ്ടത്. വ്യക്തിനിയമങ്ങളിലെ സാരൂപ്യമല്ല. എന്റെ അഭിപ്രായത്തില്‍ പ്രകൃതി ക്രമാതീതമായ ഏകരൂപതയോട് ആനുകൂല്യം കാണിക്കുന്നില്ല’’. തുടര്‍ന്ന് മല്‍ക്കാനി മുസ്ലീങ്ങള്‍ക്കിടയിലുള്ള ബഹുഭാര്യാത്വത്തെയും പര്‍ദയെയും പറ്റി ചോദിക്കുന്നു. ഗോള്‍വാള്‍ക്കറിന്റെ മറുപടി ഇങ്ങനെ : ‘‘മാനവികതയുടെ വിശാല പരിഗണനകള്‍ അടിസ്ഥാനമാക്കിയാണെങ്കില്‍ ഇത്തരം മുസ്ലീം സമ്പ്രദായങ്ങളോടുള്ള എതിര്‍പ്പ് യുക്തമാണെന്ന് ഞാന്‍ പറയും. ഇത്തരം കാര്യങ്ങളില്‍ പരിഷ്കരണോന്മുഖമായ കാഴ്ചപ്പാട് സ്വാഗതാര്‍ഹമാണ്. എന്നാല്‍ നിയമസംവിധാനങ്ങളുടെ ബാഹ്യസംവിധാനങ്ങളുപയോഗിച്ച് യാന്ത്രികമായി തുല്യതയുണ്ടാക്കുന്നത് ശരിയായ മാര്‍ഗമല്ല. മുസ്ലീം സമുദായത്തിനിടയില്‍ നിന്നുതന്നെയാണ് പരിഷ്കരണോദ്യമങ്ങള്‍ ഉയര്‍ന്നു വരേണ്ടത്. ബഹുഭാര്യാത്വം തങ്ങള്‍ക്ക് ഗുണകരമല്ല എന്ന് മുസ്ലീങ്ങള്‍ തന്നെ പറഞ്ഞാല്‍ എനിക്ക് സന്തോഷമാണ്. പക്ഷേ, എന്റെ വീക്ഷണം അവരില്‍ അടിച്ചേല്‍പ്പിക്കുന്നത് ഞാന്‍ ഇഷ്ടപ്പെടുന്നില്ല’’. ‘‘ഐക്യരൂപം രാഷ്ട്രങ്ങളുടെ പതനത്തിനും അധോഗതിക്കുമാണ് വഴിവെട്ടുക’’ എന്നുകൂടി ഗോള്‍വാള്‍ക്കര്‍ പറഞ്ഞതോടെ മല്‍ക്കാനി സ്തബ്ധനായി. ഇത്തരം പ്രതികരണം ഗോള്‍വാള്‍ക്കറില്‍ നിന്ന് അദ്ദേഹം പ്രതീക്ഷിച്ചിരുന്നില്ല എന്ന് കുല്‍ക്കര്‍ണി എഴുതുന്നു.
1972 ല്‍ തന്നെ ‘ദ ഇല്ലസ്ട്രേറ്റഡ് വീക്ക്ലി ഓഫ് ഇന്ത്യ’യുടെ പത്രാധിപരായിരുന്ന ഖുശ്-വന്ത് സിങ്ങും ഗോള്‍വാള്‍ക്കറുമായി അഭിമുഖ സംഭാഷണം നടത്തുകയുണ്ടായി. (ഇല്ലസ്ട്രേറ്റഡ് വീക്ക്ലി ഓഫ് ഇന്ത്യ, 17 നവംബര്‍, 1972). മുസ്ലീം പ്രശ്നങ്ങളെക്കുറിച്ച് താങ്കളുടെ നിലപാട് എന്താണെന്ന് ഖുശ്-വന്ത് സിങ് ചോദിച്ചപ്പോള്‍ ചരിത്രപരമായ കാര്യങ്ങളും വിഭജനാനന്തരം മുസ്ലീങ്ങള്‍ നേരിട്ട അരക്ഷിതത്വവും മറ്റുമാണ് ഗോള്‍വാള്‍ക്കര്‍ പറഞ്ഞത്. മുസ്ലീങ്ങളുടെ കൂറ് സ്നേഹത്തിലൂടെ മാത്രമേ ആര്‍ജിക്കാന്‍ കഴിയൂവെന്നും ഹിന്ദുത്വത്തിനും ഇസ്ലാമിസത്തിനും ഇവിടെ സഹവസിക്കാന്‍ പറ്റുമെന്നും ഗോള്‍വാള്‍ക്കര്‍ കൂട്ടിച്ചേര്‍ത്തു.
ഗോള്‍വാള്‍ക്കറിന്റെ ഈവക വീക്ഷണങ്ങളെല്ലാം പറഞ്ഞതിനര്‍ഥം അദ്ദേഹം ഒരു സമാധാനവാദിയോ ഉല്‍പതിഷ്ണുവോ ആയിരുന്നു എന്നല്ല. അദ്ദേഹത്തിന്റെ സമാഹൃതവാല്യങ്ങളിലും വിചാരധാരയിലും മുസ്ലീങ്ങള്‍ക്കും ക്രിസ്ത്യാനികള്‍ക്കും കമ്യൂണിസ്റ്റുകാര്‍ക്കുമെതിരെയുള്ള വിദ്വേഷചിന്തയാണ് തുളുമ്പിനില്‍ക്കുന്നത്.ഒരു കാര്യം പക്ഷേ, വ്യക്തമാണ്. 1955–56 ല്‍ പാസാക്കപ്പെട്ട ഹിന്ദു കോഡ് ബില്ലിനെതിരെ അരപ്പതിറ്റാണ്ട് യുദ്ധോല്‍സുകമായാണ് ആര്‍.എസ്.എസ്സും ഹിന്ദു മഹാസഭയും നിലകൊണ്ടത്. ഹിന്ദു വ്യക്തിനിയമങ്ങള്‍ ധര്‍മശാസ്ത്രങ്ങളുടെ (മനുസ്മൃതിയുടെ) അടിസ്ഥാനത്തിലാകണമെന്നായിരുന്നു അവരുടെ നിലപാട്. ഏക സിവില്‍കോഡിനോടുള്ള അക്കാലത്തെ എതിര്‍പ്പിന്റെ കാരണവും മറ്റൊന്നല്ല.
ഏക സിവിൽ കോഡ് എന്ന ആശയം ആദ്യമായി ഇന്ത്യയിൽ ഉയർന്നു വന്നത് 1934 ൽ നടന്ന ഓൾ ഇന്ത്യ വിമൻസ് കോൺഫറൻസിലാണ്. പിന്നെ ഒരു വ്യാഴവട്ടത്തിനുശേഷം ഭരണഘടന അസംബ്ലിയിൽ ഇതേപ്പറ്റി കൂലങ്കഷമായ ചർച്ചകൾ നടന്നു. ഒരു സമവായം ഉരുത്തിരിയാഞ്ഞതോടെയാണ് അത് ഭരണഘടനയുടെ നിർദേശകതത്വങ്ങളിൽ ഉൾപ്പെടുത്തിയത്. ഏക സിവിൽ കോഡിന്റെ ഉദ്ഘോഷകർ പറയുന്നത് അത് നിർദേശകതത്വങ്ങളിൽ ഉൾപ്പെടുത്തിയതുകൊണ്ട് നടപ്പാക്കേണ്ട പ്രതിബദ്ധത സ്റ്റേറ്റിനുണ്ടെന്നാണ്. നിർദേശകതത്വങ്ങളിൽ സിവിൽ കോഡ് മാത്രമല്ല ഉള്ളത്.എല്ലാ പൗരർക്കും വിദ്യാഭ്യാസം നൽകുക,പോഷകാഹാരം നൽകി അവരുടെ ആരോഗ്യം സംരക്ഷിക്കുക,ജോലി ചെയ്യാനുള്ള അവകാശം ഉറപ്പുവരുത്തുക,സൗജന്യ നിയമസഹായം നൽകുക എന്നിങ്ങനെ വേറെയും പലതുമുണ്ട്.എന്നാൽ അമർത്യ സെന്നിനെപ്പോലുള്ളവർ ഈ വക നിർദേശകതത്വങ്ങളെക്കുറിച്ച് പറയുമ്പോൾ അവരെ രാജ്യദ്രോഹികളും പടിഞ്ഞാറുനോക്കികളും പകൽക്കിനാവ് കാണുന്നവരുമായി മുദ്ര കുത്തുകയും അവഹേളിക്കുകയും ചെയ്യുകയാണ് കുറച്ചു കാലമായി ഏക സിവിൽ കോഡിന്റെ തീവ്ര പ്രണേതാക്കളായി രംഗത്തുള്ള സംഘപരിവാർ.
മുസ്ലീങ്ങൾ മാത്രമാണ് ഏക സിവിൽ കോഡിനെ മുൻപിൻ നോക്കാതെ എതിർക്കുന്നതെന്നാണ് സംഘപരിവാർ അഭംഗുരം പ്രചരിപ്പിക്കുന്നത്. എന്നാൽ ഗോത്രവിഭാഗങ്ങളെയും മൂവായിരത്തോളം ആചാരങ്ങളും വിശ്വാസങ്ങളും കൂടിക്കലർന്ന ഹിന്ദു സമുദായങ്ങളെയും വ്യത്യസ്ത ഇടങ്ങളിൽ വ്യത്യസ്ത ആചാരങ്ങളുള്ള ക്രിസ്ത്യൻ സമുദായങ്ങളെയുമെല്ലാം പാതി വെന്ത രീതിയിൽ ചർച്ചയും സമവായവുമില്ലാതെ ഏക സിവിൽ നിയമം അടിച്ചേൽപ്പിക്കാൻ ശ്രമിച്ചാൽ കനത്ത സാമുദായിക ധ്രുവീകരണമാകും പരിണതഫലം.
ഇന്ത്യയിലെ മുസ്ലീങ്ങൾ ഈ രാജ്യത്തെ ഏകീകൃത ക്രിമിനൽ നിയമം അംഗീകരിച്ചവരാണ്. ക്രിമിനൽ നിയമങ്ങൾ ശരിഅത്തിന് അനുസൃതമാകണമെന്ന് അവർ ശഠിച്ചിട്ടില്ല. പാകിസ്ഥാനിൽ അയ്യൂബ് ഖാൻ മുസ്ലീം വ്യക്തിനിയമം പരിഷ്കരിച്ചപ്പോൾ ഒന്നും സംഭവിച്ചില്ല. താന്താങ്ങളുടെ സാംസ്കാരികവും സാമൂഹികവുമായ തന്മ ഭദ്രമാണെന്ന് ഇന്ത്യൻ മുസ്ലീങ്ങൾ കരുതുന്ന ഒരു അനുകൂല രാഷ്ട്രീയ പരിതഃസ്ഥിതി വരുമ്പോൾ സമുദായത്തിനുള്ളിൽ നിന്നുതന്നെ വ്യക്തിനിയമ പരിഷ്കരണാവശ്യം ഉയരും. മുസ്ലീങ്ങളെ മാത്രം പ്രതിക്കൂട്ടിൽ നിർത്തി വർഗീയ ധ്രുവീകരണത്തിനും അതുവഴി ആസന്നമായ തിരഞ്ഞെടുപ്പുകളിൽ രാഷ്ട്രീയനേട്ടത്തിനുമാണ് ഇപ്പോൾ ഏക സിവിൽ കോഡ് വെച്ചുള്ള ബിജെപിയുടെ ‘കളി’. ♦