Friday, December 13, 2024

ad

Homeമുഖപ്രസംഗംവികസനംമുടക്കികളാകുന്ന മാധ്യമങ്ങൾ

വികസനംമുടക്കികളാകുന്ന മാധ്യമങ്ങൾ

നിതി ആയോഗിന്റെ റിപ്പോർട്ടു പ്രകാരം കേരളം തന്നെയാണ് ഇത്തവണയും ദാരിദ്ര്യനിർമാർജനത്തിൽ ഒന്നാം സ്ഥാനത്ത്. 2016 മുതലുള്ള വർഷങ്ങളിൽ തുടർച്ചയായി ഒന്നാം സ്ഥാനത്ത് കേരളമാണ്. പോഷകാഹാര ലഭ്യത, മാതൃ – ശിശുമരണ നിരക്ക്, മാതൃ ആരോഗ്യം, സ്-കൂൾ വിദ്യാഭ്യാസം ലഭിക്കുന്ന ശരാശരി വർഷം, പാചക ഇന്ധനം, കുടിവെള്ളം, ശുചിത്വം, പാർപ്പിടം, വെെദ്യുതി, ബാങ്ക് അക്കൗണ്ട് എന്നിവയുടെ ലഭ്യത– ഇത്തരം മാനദണ്ഡങ്ങളിലെല്ലാം കേരളം ഒന്നാം സ്ഥാനത്ത് എത്തിനിൽക്കുന്നു എന്നാണ് ഇത് കാണിക്കുന്നത്. ഉന്നത വിദ്യാഭ്യാസ ലഭ്യത, പൊതുജനാരോഗ്യസ്ഥിതി എന്നിവയ‍്ക്കൊപ്പം ഡിജിറ്റൽ സാക്ഷരതയിലും കേരളം ഒന്നാം സ്ഥാനത്തുതന്നെ.

ദാരിദ്ര്യനിർമാർജനത്തിൽ തുടർച്ചയായി ഒന്നാം സ്ഥാനത്തുനിൽക്കുന്ന കേരളം ഇക്കാര്യത്തിൽ പാശ്ചാത്യവികസിത മുതലാളിത്ത രാജ്യങ്ങളേക്കാൾ ബഹുദൂരം മുന്നിലാണ്. 2021ലെ തിരഞ്ഞെടുപ്പിൽ എൽഡിഎഫിന് ഭരണത്തുടർച്ച ലഭിച്ചശേഷം പിണറായി മന്ത്രിസഭയുടെ ആദ്യയോഗം തീരുമാനിച്ചത് കേരളത്തെ സമ്പൂർണ ദാരിദ്ര്യരഹിത സംസ്ഥാനമാക്കി മാറ്റണം എന്നാണ്. അതനുസരിച്ചുള്ള പ്രവർത്തനങ്ങൾ ദ്രുതഗതിയിൽ നടന്നുവരികയാണ്. 2026 ആകുമ്പോൾ ആ ലക്ഷ്യത്തിൽ എത്തിച്ചേരാൻ കേരളത്തിനു കഴിയും എന്ന ഉറച്ചവിശ്വാസമാണ് എൽഡിഎഫിനും സംസ്ഥാന സർക്കാരിനുമുള്ളത്. ലോകത്ത് ദാരിദ്ര്യം സമ്പൂർണമായി നിർമാർജനം ചെയ്യപ്പെട്ട, ജനസംഖ്യയിലും വിസ്തൃതിയിലും ലോകത്തുതന്നെ മുന്നിൽ നിൽക്കുന്ന രാജ്യമാണ് സോഷ്യലിസ്റ്റ് ചെെന. ആ പാതയിലേക്കാണ് കേരളത്തിന്റെ പ്രയാണവും.

ഡിജിറ്റൽ സാക്ഷരതയുടെ കാര്യത്തിലും കേരളം ഒന്നാമതുതന്നെ. ഡിജിറ്റൽ ഡിവെെഡ് ഇല്ലാതാക്കുന്നതിനുള്ള നടപടികളിലും കേരളം ഇന്ത്യയിലെ മറ്റെല്ലാ സംസ്ഥാനങ്ങളെക്കാളും ബഹുദൂരം മുന്നിലാണ്. ഇങ്ങനെ ആധുനികക്ഷേമ സമൂഹത്തിനു വേണ്ട എല്ലാ മാനദണ്ഡങ്ങളിലും മുന്നിൽ നിൽക്കുന്ന കേരളത്തെ വിജ്ഞാന സമ്പദ്ഘടനയായും സമൂഹമായും മാറ്റുന്നതിനുള്ള നടപടികളിലും എൽഡിഎഫ് സർക്കാർ ഏറെ മുന്നിലാണ്. പൊതുവിദ്യാലയങ്ങളുടെയും പൊതുജനാരോഗ്യസംവിധാനങ്ങളുടെയും ക്ഷേമ പദ്ധതിയുടെയും പൊതുവിതരണത്തിന്റെയുമെല്ലാം കാര്യത്തിലും കേരളം ഒന്നാമത് തന്നെ. ഇതെല്ലാംതന്നെ നിതി ആയോഗ് പോലെയുള്ള കേന്ദ്ര ഏജൻസികൾപോലും അംഗീകരിച്ച വസ്തുതയാണ്. ക്രമസമാധാനപാലനം, കുറ്റാനേ-്വഷണം എന്നിവ പോലെയുള്ള രംഗങ്ങളിലും കേരളം മികവ് തെളിയിച്ച് മുന്നിലുണ്ട്.

കേരളത്തെ ഇന്ത്യയിലെ മറ്റെല്ലാ സംസ്ഥാനങ്ങളിൽ നിന്നും വേറിട്ടതാക്കുന്നത് 1956ൽ സംസ്ഥാനം രൂപീകരിക്കപ്പെട്ടതുമുതൽ ഇവിടെ അധികാരത്തിലെത്തിയ കമ്യൂണിസ്റ്റ് നേതൃത്വത്തിലുള്ള ഗവൺമെന്റുകൾ കെെക്കൊണ്ട നടപടികളുടെയും വർഗ ബഹുജന സംഘടനകളുടെ ഇടപെടലുകളുടെയും ഫലമായിട്ടാണെന്നത് അവിതർക്കിതമാണ്. എന്നാൽ 2021നു മുൻപുവരെ ഇടതുപക്ഷത്തിന് ഭരണത്തുടർച്ച ഉണ്ടാകാതിരുന്നത് സാമൂഹ്യ വളർച്ചയുടെയും വികസനത്തിന്റെയും കാര്യത്തിൽ വേണ്ടത്ര മുന്നോട്ടുപോകാൻ കഴിഞ്ഞില്ല. അതിനൊരു മാറ്റമാണ് 2021ലെ തിരഞ്ഞെടുപ്പിൽ സംസ്ഥാനത്തിന്റെ ചരിത്രത്തിൽ ആദ്യമായി ഇടതുപക്ഷ ഭരണത്തുടർച്ച ഉണ്ടായതോടെ സംഭവിച്ചത്.

ക്ഷേമ–സേവന മേഖലകളിൽ മാത്രമല്ല, പശ്ചാത്തലവികസനത്തിന്റെയും കാർഷിക–വ്യാവസായിക വളർച്ചയുടെയും കാര്യത്തിലും കേരളം ക്രമാനുഗതമായ മുന്നേറ്റത്തിലാണ്. ഈ വികസനനേട്ടങ്ങളുടെയും കൂടി പ്രതിഫലനമാണ് 2021ലെ ഇടതുപക്ഷ ഭരണത്തുടർച്ച. ഇന്ത്യൻ ഭരണവർഗം പിന്തുടരുന്ന നവലിബറൽ നയങ്ങളുടെ ബദൽ നയങ്ങളാണ് കേരളത്തിൽ നടപ്പാക്കിക്കൊണ്ടിരിക്കുന്നത്. കേന്ദ്ര ഭരണത്തിൽ പിടിമുറുക്കിയിട്ടുള്ള വർഗീയ–സേ-്വച്ഛാധിപത്യ– കോർപറേറ്റ് വാഴ്-ചയുടെ യഥാർഥ ബദലാണ് കേരളം മുന്നോട്ടുവയ്ക്കുന്നത്. അതിനാണ് ഭരണത്തുടർച്ചയിലൂടെ ജനങ്ങളുടെ അംഗീകാരം നേടിയത്. എന്നാൽ ഈ ഇടതുപക്ഷ ഭരണത്തുടർച്ച സംസ്ഥാനത്തെ മാത്രമല്ല, രാജ്യത്തെ തന്നെ ഭരണവർഗങ്ങളെയും സർവ പ്രതിലോമശക്തികളെയും അങ്കലാപ്പിലാക്കിയിരിക്കുകയാണ്.

മുഖ്യധാരക്കാർ എന്നറിയപ്പെടുന്ന വലതുപക്ഷ–കോർപറേറ്റ് മാധ്യമങ്ങൾ ഇടതുപക്ഷത്തിനും ഇടതുപക്ഷ ഭരണത്തിനുമെതിരെ നടത്തിക്കൊണ്ടിരിക്കുന്ന വെറിപിടിച്ച ആക്രമണങ്ങൾ ഭരണവർഗത്തിന്റെ ഈ അങ്കലാപ്പാണ് കാണിക്കുന്നത്.

കേരളം സാമ്പത്തിക ഞെരുക്കത്തിലാണെന്നത് സർക്കാർതന്നെ സമ്മതിക്കുന്ന വസ്തുതയാണ്. കേരളത്തെ ധനപ്രതിസന്ധിയിൽപെടുത്തി സംസ്ഥാനം നടപ്പാക്കിവരുന്ന ക്ഷേമ–വികസനപദ്ധതികളെയാകെ തകർക്കാനുള്ള നീക്കമാണ് യൂണിയൻ ഗവൺമെന്റ് നടപ്പാക്കി വരുന്നത്. കേരളത്തിന് ഭരണഘടനാനുസൃതം ലഭിക്കേണ്ട നികുതി വിഹിതംപോലും കൃത്യമായി നൽകാതെ ശ്വാസംമുട്ടിക്കുകയാണ് മോദി സർക്കാർ. അതുപോലെ വായ്പാ-പരിധി വെട്ടിക്കുറയ്ക്കുകയും, കിഫ്ബി പോലെ ബജറ്റിനു പുറത്തുനിന്നുള്ള വായ്പയെടുക്കലിനെക്കൂടി തടസ്സപ്പെടുത്തുകയും ചെയ്യുന്ന മോദി സർക്കാർ അക്ഷരാർഥത്തിൽ സംസ്ഥാനത്തോടും കേരള ജനതയോടും യുദ്ധം പ്രഖ്യാപിച്ചിരിക്കുകയാണ്. സിഎജിയെപ്പോലെയുള്ള ഭരണഘടനാ സ്ഥാപനത്തെപോലും കേരളത്തിന്റെ വികസനപദ്ധതികൾക്ക് അള്ളുവയ്ക്കുന്നതിനായി ഇടപെടുവിക്കാൻപോലും മോദി സർക്കാർ നിർലജ്ജം ശ്രമം നടത്തി, അതിപ്പോഴും തുടരുകയുമാണ്.

എന്നാൽ വികസനപ്രവർത്തനങ്ങളിൽനിന്നോ ക്ഷേമപദ്ധതികളിൽനിന്നോ പിന്നോട്ടുപോകാൻ തയ്യാറാകാതെ സംസ്ഥാന താൽപ്പര്യങ്ങൾക്കായി ഉറച്ചുനിൽക്കുകയാണ് പിണറായി സർക്കാർ. നികുതി പിരിവ് പരമാവധി കാര്യക്ഷമമായി നടത്തി വർധിപ്പിക്കാനും ചെലവുകൾ നിയന്ത്രിച്ചു നിർത്താനുമുള്ള നടപടികൾ സ്വീകരിച്ചുകൊണ്ടാണ് ഇതെല്ലാം സാധ്യമാക്കുന്നത്. ഒരു വികസനപദ്ധതിപോലും മുടങ്ങാതെയും ക്ഷേമപദ്ധതികൾ കുടിശ്ശികയാക്കാതെയുമാണ് ഈ പ്രതിസന്ധിഘട്ടത്തിലും എൽഡിഎഫ് സർക്കാർ മുന്നോട്ടുപോകുന്നത്.

എന്നാൽ ഈ വസ്തുതകളെയാകെ തമസ്കരിച്ച് കേരളത്തിൽ ധനപ്രതിന്ധിമൂലം ട്രഷറി ഉടൻ അടച്ചുപൂട്ടുമെന്ന പ്രചരണമാണ് മനോരമയും മാതൃഭൂമിയും ഉൾപ്പെടെയുള്ള മുഖ്യധാരാ മാധ്യമങ്ങൾ ഒന്നടങ്കം നടത്തുന്നത്. കേരള സമൂഹത്തോട് തെല്ലെങ്കിലും ബാധ്യത ഈ മാധ്യമങ്ങൾക്കുണ്ടായിരുന്നെങ്കിൽ യഥാർഥത്തിൽ അവ ചെയ്യേണ്ടിയിരുന്നത് ഈ ബുദ്ധിമുട്ടുകൾക്ക് കാരണമായ കേന്ദ്ര സർക്കാരിന്റെ നടപടികളെ തുറന്നുകാണിക്കുകയാണ്. ഈ പ്രതിസന്ധികൾക്കിടയിലും ഒരു ദിവസംപോലും ട്രഷറി സ്-തംഭനമോ നിരോധനമോ കൂടാതെ കേരളത്തെ മുന്നോട്ടുകൊണ്ടുപോകാൻ എൽഡിഎഫ് സർക്കാരിന് കഴിഞ്ഞിട്ടുണ്ട്.

എന്നാൽ കേരളത്തിൽ ട്രഷറി അടച്ചുപൂട്ടലും ഓവർഡ്രാഫ്റ്റുമെല്ലാം യുഡിഎഫ് ഭരണകാലത്ത് പതിവായിരുന്നുവെന്ന കാര്യവും ഇൗ മുഖ്യധാരാ മാധ്യമങ്ങൾ മറച്ചുവയ്ക്കുകയാണ്. മാത്രമല്ല 2016ൽ എൽഡിഎഫ് അധികാരത്തിലെത്തിയ കാലംമുതൽ മാതൃഭൂമി, മനോരമാദി മാധ്യമങ്ങൾ ട്രഷറി അടച്ചുപൂട്ടൽ ഉടനുണ്ടാകുമെന്ന പ്രചാരണം നിരന്തരമായി നടത്തുകയായിരുന്നു. അതെല്ലാം ഈ വലതുപക്ഷ മാധ്യമങ്ങളുടെ മോഹചിന്തയായി കലാശിച്ച കാര്യവും മറന്നാണ് അവർ ഈ കുപ്രചരണം വീണ്ടും അഴിച്ചുവിടുന്നത്. കേരളം ഇടതുപക്ഷ ഭരണത്തിൽ സമ്പൂർണ തകർച്ചയിലേക്കാണെന്ന പ്രതീതി നിരന്തരം സൃഷ്ടിക്കലാണ് ഈ മാധ്യമങ്ങൾ ചെയ്യുന്നത്. സംസ്ഥാനത്തെ ക്ഷേമപദ്ധതികളും വികസനപ്രവർത്തനങ്ങളും മുടങ്ങിയാലും വേണ്ടില്ല, എൽഡിഎഫ് ഭരണത്തെ ഇല്ലാതാക്കിയാൽ മതിയെന്ന നിലപാടാണ് മുഖ്യധാരാ മാധ്യമങ്ങൾ ഇപ്പോൾ സ്വീകരിച്ചുവരുന്നത്. കേരളത്തിന്റെ വികസന പദ്ധതികളെയടക്കം അട്ടിമറിക്കുന്ന വികസനമുടക്കിളാകാൻപോലും ഈ മാധ്യമങ്ങൾ മടിക്കുന്നില്ല. ദേശീയപാതയുടെ കാര്യത്തിലും കെ–റെയിലിന്റയും കെ–ഫോണിന്റെയും കാര്യത്തിലുമൊക്കെ ഇവർ സ്വീകരിച്ച നിലപാട് കാണിക്കുന്നത് ഇതാണ്.

ജനാധിപത്യത്തിൽ ഭരണത്തിലുണ്ടാകുന്ന വീഴ്ചകൾ ചൂണ്ടിക്കാണിക്കാനുള്ള അവകാശം മാധ്യമങ്ങൾക്കുണ്ട്. അതാണ് മാധ്യമങ്ങളെ ജനാധിപത്യത്തിന്റെ നാലാം തൂണ് എന്ന് വിശേഷിപ്പിക്കുന്നത്. എന്നാൽ ഇന്ന് നാം കാണുന്നത് അതല്ല, ജനപക്ഷ നിലപാടുമായി മുന്നോട്ടുപോകുന്ന ഇടതുപക്ഷ ഭരണത്തെ അട്ടിമറിക്കുകയെന്ന ജനവിരുദ്ധ നിലപാടിലാണ് അവ ഏർപ്പെട്ടിരിക്കുന്നത്. ജനങ്ങൾ അത് തിരിച്ചറിഞ്ഞതുകൊണ്ടാണ് എൽഡിഎഫിന് തുടർഭരണം ലഭിച്ചത്. എന്നാൽ അത് തിരിച്ചറിയാൻ കഴിയാത്ത വലതുപക്ഷ മാധ്യമങ്ങൾ ഇനിയും തുടർഭരണം ഉണ്ടാകുമോയെന്ന് ഭയന്ന് വെറിപിടിച്ച മട്ടിലാണ് അസത്യങ്ങളും അർധസത്യങ്ങളും പ്രചരിപ്പിച്ചുവരുന്നത്. 

ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

6 − one =

Most Popular