ലോക്സഭാ തിരഞ്ഞെടുപ്പിൽ ബിജെപിയെ യോജിച്ച് നേരിടാനായി 26 പാർട്ടികളുടെ തുടർസമ്മേളനം ജൂലെെ 17,18 തീയതികളിൽ ബംഗളൂരുവിൽ നടന്നു. നേരത്തെ പറ്റ്നയിൽ ചേർന്ന ആദ്യ യോഗതീരുമാനം അനുസരിച്ചായിരുന്നു ഇത്. അവിടെ പങ്കെടുക്കാതിരുന്ന ചില പാർട്ടികൾകൂടി പങ്കെടുത്തുകൊണ്ടാണ് ഈ യോഗം. ഒത്തൊരുമിച്ചു മത്സരിച്ചാൽ ബിജെപിയെ തിരഞ്ഞെടുപ്പിൽ തോൽപ്പിക്കാൻ കഴിയുമെന്ന ആത്മവിശ്വാസം അവയിൽ പങ്കെടുക്കുന്ന പാർട്ടി നേതൃത്വങ്ങൾക്കുണ്ടായി. അതുകൊണ്ടാണ് ബംഗളൂരുവിൽ കൂടാൻ തീരുമാനിച്ചതും പറ്റ്നയിൽ പങ്കെടുക്കാതിരുന്ന ചില പാർട്ടികൾകൂടി അതിൽ പങ്കെടുത്തതും. കൂടുതൽ പാർട്ടികൾ പങ്കെടുത്തത് കാണിക്കുന്നത് തിരഞ്ഞെടുപ്പിൽ ബിജെപിയെ വിജയകരമായി നേരിടാൻ കഴിയും എന്ന ആത്മവിശ്വാസം അവയ്ക്കുണ്ടായി എന്നാണ്.
മറുപുറത്ത് ആരൊക്കെ കൂട്ടുചേർന്നാലും തങ്ങൾക്ക് ഒറ്റയ്ക്ക് നേരിടാൻ കഴിയും എന്ന ആത്മവിശ്വാസത്തിലായിരുന്നു ബിജെപി നേതൃത്വം. തങ്ങൾക്ക് നേടാൻ കഴിയുന്ന സീറ്റുകളുടെ എണ്ണത്തെക്കുറിച്ച് ഒരു പ്രമുഖ ബിജെപി നേതാവ് കഴിഞ്ഞദിവസം പരസ്യ പ്രസ്താവന ചെയ്തത് അണികളിൽ ആത്മവിശ്വാസം സൃഷ്ടിക്കാനായിരിക്കണം. എന്നാൽ, 26 പ്രതിപക്ഷപാർട്ടികൾ ബംഗളൂരുവിൽ യോഗം ചേരുന്ന ദിവസംതന്നെ ബിജെപിയോടൊപ്പം അണിനിരക്കുന്ന പാർട്ടികളുടെ യോഗം ഡൽഹിയിൽ ചേരുമെന്ന പ്രഖ്യാപനം വെളിപ്പെടുത്തിയത് ബിജെപി നേതൃത്വത്തെ അങ്കലാപ്പിലാക്കിയിരിക്കയാണ് എന്നാണ്. എൻസിപി നേതാവ് ശരത്പവാറിനെ, എൻസിപി വിട്ട് ബിജെപി പക്ഷത്ത് ചേക്കേറിയ വിമത നേതാക്കളായ അജിത് പവാറും പ്രഫുൽ പട്ടേലും ബംഗളൂരു സമ്മേളനം നടക്കുന്നതിന് തലേദിവസം പ്രത്യേകം പ്രത്യേകം സന്ദർശിച്ച് അദ്ദേഹത്തെ പ്രതിപക്ഷ കൂട്ടയ്മയിൽനിന്നു മാറ്റിനിർത്താനുമുള്ള ശ്രമത്തിന്റെ ഭാഗമായി കരുതപ്പെടുന്നു. ഇതിനു പിന്നിൽ ബിജെപി നേതൃത്വത്തിന്റെ ഈ അങ്കലാപ്പാണ് വെളിവാകുന്നത്. ജൂലെെ 18ന്റെ പത്രങ്ങളിൽ ഡൽഹിയിൽ ചേരുന്ന പാർട്ടികളുടെ പട്ടികയും പ്രസിദ്ധീകരിക്കപ്പെട്ടു. ബംഗളൂരുവിൽ 26 പാർട്ടികളാണ് പങ്കെടുത്തതെങ്കിൽ ഡൽഹിയിൽ 38 എണ്ണമാണ് പങ്കെടുക്കുന്നത് എന്നാണ് ബിജെപിയുടെ അവകാശവാദം.
തങ്ങളുടെ കൂടെ നിൽക്കുമെന്നു പ്രതീക്ഷിക്കുന്ന ഒരു പാർട്ടിയും പ്രതിപക്ഷ മുന്നണിയിലേക്ക് ചേക്കേറാതിരിക്കാനാണ്, ഭരണമുന്നണി നേതൃയോഗം ബംഗളൂരു സമ്മേളനത്തിന്റെ അതേ ദിവസംതന്നെ ഡൽഹിയിൽ വിളിച്ചുചേർത്തത് എന്നു വേണം കരുതാൻ. കേന്ദ്ര ഭരണകക്ഷിയുമായി കൂട്ടുകൂടാൻ ആഗ്രഹിക്കുന്ന പാർട്ടികളുടെ യോഗം വിളിക്കുന്നതിനെക്കുറിച്ച് നേരത്തെ പ്രസ്താവനകളൊന്നും ഉണ്ടായിരുന്നില്ല. തങ്ങളുടെ സ്വന്തം ശക്തിയെക്കുറിച്ചുള്ള ആത്മവിശ്വാസക്കുറവും നേരത്തെതന്നെ തടുത്തുകുട്ടിയില്ലെങ്കിൽ പല പാർട്ടികളും മറുകണ്ടം ചാടിയേക്കാം എന്ന ആശങ്കയും ബിജെപി നേതൃത്വത്തിനു ഉണ്ടായതിന്റെ ഫലമായാണ് ഡൽഹിയിലെ ഈ ഭരണപക്ഷ നേതൃസമ്മേളനം അതേ ദിവസം ബിജെപി നേതൃത്വം വിളിച്ചുകൂട്ടിയത് എന്നുവേണം കണക്കാക്കാൻ.
പ്രതിപക്ഷത്ത് മുൻപ് യുപിഎയിലുണ്ടായിരുന്ന പാർട്ടികളും അവയുമായി കഴിഞ്ഞ വർഷങ്ങളിൽ പാർലമെന്റിൽ പ്രതിപക്ഷ ഐക്യം ഊട്ടിയുണ്ടാക്കിയവരുമാണ് പ്രധാനമായി ഉള്ളത്. മുമ്പ് വ്യക്തമായി ചേരിപിടിക്കാതെ ബിജെപിയെ പല കാര്യങ്ങളിലും എതിർത്ത പാർട്ടികളുണ്ട്, പ്രധാന സംസ്ഥാനങ്ങളിൽ. അവയിൽ പലതും ഇപ്പോൾ ബിജെപിക്കെതിരെ രൂപപ്പെടുന്ന ദേശീയ പ്രതിപക്ഷ കൂട്ടായ്മയിൽ പങ്കാളികളാകാൻ തീരുമാനിച്ചിരിക്കുന്നു. അങ്ങനെയാണ് ബംഗളൂരുവിൽ 26 പാർട്ടികൾ യോഗം ചേർന്നത്.
ലോക്സഭയിൽ കേവല ഭൂരിപക്ഷത്തിനു 272 എംപിമാരുടെയെങ്കിലും പിന്തുണ വേണം. അതിനേക്കാൾ ഉയർന്ന ഭൂരിപക്ഷം ലഭിച്ചാൽ മാത്രമേ കെട്ടുറപ്പുള്ള ഒരു മുന്നണി ഭരണം കാഴ്-ച വയ്ക്കാൻ കഴിയൂ. അത്രയും എംപിമാരെങ്കിലും ലോക്സഭയിലേക്ക് ഇന്നത്തെ പ്രതിപക്ഷ കൂട്ടായ്മയുടേതായി ജയിച്ചു വരണം. പല ചെറിയ പാർട്ടികളുടേതടക്കം സ്ഥാനാർഥികളെ ജനങ്ങൾ തിരഞ്ഞെടുപ്പിൽ വിജയിപ്പിക്കണമെങ്കിൽ അവർ ജയിച്ചാൽ കെട്ടുറപ്പുള്ള മന്ത്രിസഭയും സർക്കാരും ദേശീയതലത്തിൽ ഉണ്ടാകും എന്ന ഉറപ്പ് ജനങ്ങൾക്ക് ഉണ്ടാകണം.
ജയിച്ചുവന്നാൽ ഈ പുതിയ മുന്നണി സർക്കാർ നടപ്പാക്കാൻ പോകുന്ന അജൻഡയാണ് തിരഞ്ഞെടുപ്പു പ്രകടനപത്രികയാവുക. രാജ്യത്തെ ജനസാമാന്യം നേരിട്ടുകൊണ്ടിരിക്കുന്ന ദാരിദ്ര്യം, തൊഴിലില്ലായ്മ, സമ്പത്തിന്റെ വലിയ പങ്ക് കുത്തക മുതലാളിമാർ കയ്യടക്കി പുരോഗതിയും വികസനവും അസാധ്യമാക്കുന്ന ഭരണനയം, മതനിരപേക്ഷതയുടെയും സമത്വത്തിന്റെയും ജനാധിപത്യത്തിന്റെയുംമേൽ നടത്തപ്പെടുന്ന നിരന്തരമായ കടന്നാക്രമണം, ന്യൂനപക്ഷങ്ങൾ, പട്ടികവിഭാഗങ്ങൾ, സ്-ത്രീകൾ എന്നിവരോട് സർക്കാർ നയങ്ങളിലും നടപടികളിലും വർധിച്ചുവരുന്ന വിവേചനം തുടങ്ങിയവയാണ് കഴിഞ്ഞ പത്തു വർഷത്തോളമായി നിലവിലുള്ള മോദി വാഴ്ചയിൽ ജനസാമാന്യത്തിന്റെ അനുഭവം.
ഇവയൊക്കെ തിരുത്തപ്പെടണമെങ്കിൽ വ്യക്തമായ ബദൽ പരിപാടിയുടെ അടിസ്ഥാനത്തിൽ തിരഞ്ഞെടുപ്പിൽ മത്സരിക്കാൻ പ്രതിപക്ഷത്ത് ഉയർന്നുവരുന്ന മുന്നണിക്ക് കഴിയണം. എങ്ങനെയെങ്കിലും കുറെ പാർട്ടികളെയും സ്വതന്ത്രരെയും തട്ടിക്കൂട്ടി 272ൽപരം സീറ്റ് നേടി സർക്കാർ രൂപീകരിക്കലല്ല ഇന്നത്തെ ആവശ്യം. വ്യക്തമായ ബഹുജനപക്ഷപാതിത്വം വെളിവാക്കുന്ന ഒരു നയപരിപാടി ജനങ്ങൾക്കു മുമ്പാകെ അവതരിപ്പിച്ച് അത് നടപ്പാക്കുന്നതിനു വോട്ട് തേടുകയാണ് പ്രതിപക്ഷ മുന്നണി ചെയ്യേണ്ടത്. അങ്ങനെയൊന്നിനു രൂപം നൽകാനും, അത് നടപ്പാക്കുന്നതിനുവേണ്ടിയുള്ള തിരഞ്ഞെടുപ്പു മത്സരത്തിൽ ഓരോ പ്രതിപക്ഷ പാർട്ടിയും എത്ര വീതം സീറ്റുകളിൽ പരസ്പരധാരണയോടെ മത്സരിക്കണം എന്നു തീരുമാനിക്കാനുമാണ് അവ ആദ്യം ശ്രമിക്കുന്നത്.
അത് സംബന്ധിച്ച കൂടിയാലോചനകളാണ് 26 പാർട്ടികളുടെ നേതാക്കൾ തമ്മിൽ ബംഗളൂരുവിൽ ആരംഭിച്ചത്. അവർ ഏകകണ്ഠമായി പുതിയ മുന്നണിക്ക് പേരുനൽകി. ഇന്ത്യ എന്നു വിളിക്കാവുന്ന പഞ്ചാക്ഷരിയാണ് അത് (ഐഎൻഡിഐഎ). അതിൽ ഇന്ത്യയുണ്ട്, ദേശീയതയുണ്ട്, വികസനകാഴ്ചപ്പാടുണ്ട്, എല്ലാവരെയും ഉൾക്കൊള്ളലുണ്ട്, കൂട്ടായ്മയുണ്ട്. പല ഉപദേശീയതകളും മതങ്ങളും ജാതികളും ഭാഷകളും സംസ്കാരങ്ങളും ചേർന്നുള്ള കൂട്ടായ്മയാണ് ഇന്ത്യ എന്നു നാം സാധാരണയായി പറയാറുണ്ട്. എന്നാൽ, എല്ലാവരെയും തുല്യരായി കാണാറില്ല. അധികാരം സമൂഹത്തിന്റെ മേൽത്തട്ടിലുള്ളവർ മാത്രം കയ്യടക്കിയതാണ് ചരിത്രം. അതുകൊണ്ടാണ് വിദേശശക്തികൾക്ക് ഇന്ത്യയെ കോളനിയാക്കാൻ കഴിഞ്ഞത്. വിദേശാധിപത്യത്തെ തുരത്തി ഓടിച്ച് അധികാരം ജനങ്ങൾ കാലാകാലങ്ങളിൽ തിരഞ്ഞെടുക്കുന്ന പ്രതിനിധികളുടെ കൂട്ടായ്-മയ്ക്കു കെെമാറുന്ന പാർലമെന്ററി വ്യവസ്ഥ സ്ഥാപിച്ചു. നീതി, സ്വാതന്ത്ര്യം, സമത്വം, സാഹോദര്യം, മതനിരപേക്ഷത എന്നിവയിൽ അധിഷ്ഠിതമായ പരമാധികാര സോഷ്യലിസ്റ്റ് റിപ്പബ്ലിക് എന്നാണ് സ്വാതന്ത്ര്യാനന്തര ഭരണകൂടത്തെ ഭരണഘടന വിഭാവനം ചെയ്യുന്നത്.
ബിജെപി ഇന്ത്യൻ ഭരണകൂടത്തിന്റെ, അതുവഴി ഇന്ത്യയിലെ ജനസമൂഹത്തിന്റെ അടിസ്ഥാന സ്വഭാവത്തിൽ മാറ്റം വരുത്താനുള്ള നീക്കമാണ് നടത്തുന്നത്. അവിടെയാണ് 26 പ്രതിപക്ഷ പാർട്ടികൾ ചേർന്നു രൂപീകരിക്കുന്ന കൂട്ടായ്-മയ്ക്ക് ഇന്ത്യ എന്ന പേര് നൽകിയതിലൂടെ മുന്നോട്ടുവയ്ക്കുന്ന ലക്ഷ്യത്തിന്, കാഴ്ചപ്പാടിന് സമകാലിക പ്രാധാന്യം ലഭിക്കുന്നത്. അത് വികസനവും എല്ലാവരെയും ഉൾക്കൊള്ളലും അടിസ്ഥാനമാക്കിക്കൊണ്ട് ഇന്ത്യൻ സമൂഹത്തെ, രാഷ്ട്രത്തെ വളർത്തുമെന്ന കാഴ്ചപ്പാട് മുന്നോട്ടുവയ്ക്കുന്നു. അത് സാക്ഷാത്കരിക്കലായിരിക്കും 26 പാർട്ടികളുടെ ഈ കൂട്ടുകെട്ടിന്റെ ലക്ഷ്യം.
ഭരണഘടനയുടെ ആമുഖത്തിൽ ഇന്ത്യൻ റിപ്പബ്ലിക്കിനെക്കുറിച്ച് നൽകിയിട്ടുള്ള കാഴ്-ചപ്പാടിനോട് ബിജെപിയോ സംഘപരിവാറോ യോജിക്കുന്നില്ല. യോജിച്ചിരുന്നെങ്കിൽ ഇന്ത്യയിലെ ജനങ്ങളിൽ നൂറ്റാണ്ടുകളായി നിലനിന്നുവരുന്ന വെെവിധ്യത്തെ അവർ അംഗീകരിക്കുമായിരുന്നു; ജനങ്ങൾക്കിടയിലെ പല തരത്തിലുള്ള അസമത്വങ്ങളെ അവസാനിപ്പിക്കാനുള്ള ജനാധിപത്യകാഴ്ചപ്പാടിനോട് യോജിക്കുമായിരുന്നു; ജനാധിപത്യവും തുല്യതയും അടിസ്ഥാനമാക്കിയുള്ള ഒരു പുതിയ ഇന്ത്യ കെട്ടിപ്പടുക്കുകയാണ് വേണ്ടത് എന്ന കാഴ്ചപ്പാട് അംഗീകരിക്കുമായിരുന്നു; അതിനുപകരം അവർ ശഠിച്ചു നിൽക്കുന്നത് ഇന്ത്യൻ സമൂഹത്തെ ഭൂതകാല വിശ്വാസങ്ങളിലേക്കും അവ സൃഷ്ടിക്കുന്ന അസമത്വങ്ങളിലേക്കും ചവിട്ടിത്താഴ്-ത്താനാണ്.
രണ്ടാം ലോകയുദ്ധത്തിനുശേഷം അവയിൽ അത്യപൂർവം രാജ്യങ്ങളിലാണ് കാലഹരണപ്പെട്ട ആശയങ്ങളെയും അവയെ ആധാരമാക്കിയ ഭരണവ്യവസ്ഥകളെയും സമൂഹത്തിനുമേൽ അടിച്ചേൽപ്പിക്കാൻ ശ്രമിക്കുന്നത്. ഇത് കഴിഞ്ഞ നൂറ്റാണ്ടിൽ നടന്ന സ്വാതന്ത്ര്യസമരത്തിന്റെ പ്രഖ്യാപിത ലക്ഷ്യങ്ങളെ നിഷേധിക്കലാണ്; കഴിഞ്ഞ 75 വർഷമായി ഇവിടത്തെ ജനകോടികൾ വളർത്തിക്കൊണ്ടുവരുന്ന എല്ലാ പുതിയ ആശയങ്ങളുടെയും കാഴ്-ചപ്പാടുകളുടെയും സാമൂഹ്യസ്ഥാപനങ്ങളുടെയും നിഷേധമാണ്. അയ്യഞ്ചുവർഷം കഴിയുമ്പോൾ നടക്കേണ്ട ജനാധിപത്യ പ്രക്രിയയുടെ അടുത്ത ഘട്ടം മാത്രമായി ഇനി വരുന്ന ലോക്സഭാ തിരഞ്ഞെടുപ്പിനെ ജനാധിപത്യവാദികൾക്ക് കാണാനാവില്ല.
ബിജെപി ഇവിടെ നടപ്പാക്കാൻ ശ്രമിക്കുന്നത് ജനാധിപത്യബോധത്തിന്റെ നിഷേധമാണ്; അതിന്റെ സ്വാഭാവിക വളർച്ചയെ അപ്പാടെ നശിപ്പിക്കലാണ്. അതിനുപകരം ഒരു വിഭാഗം ജനങ്ങളുടെ സേ-്വച്ഛാധിപത്യം മറ്റുള്ളവരുടെമേൽ ഏർപ്പെടുത്താനുള്ള നീക്കമാണ്. ചില മോഹന സുന്ദരവാഗ്ദാനങ്ങൾ മുഴക്കി ഈ ഭീകരസത്യം ജനങ്ങളിൽനിന്നു മറച്ചുവയ്ക്കാൻ അത് ശ്രമിക്കുന്നു. മണിപ്പൂർ മാസങ്ങളായി കത്തിയെരിയുന്നതും അവിടെ സഹോദരങ്ങളുടെ ചോരപ്പുഴ ഒഴുകിക്കൊണ്ടിരിക്കുന്നതും ബിജെപി നയിക്കുന്ന കേന്ദ്ര–സംസ്ഥാന സർക്കാരുകളുടെ അറിവോടും ആശീർവാദത്തോടും കൂടിയാണ്. ജനങ്ങളെ ഭിന്നിപ്പിക്കലാണ് ആ പാർട്ടിയുടെ ലക്ഷ്യം. ജനങ്ങളെ ഭിന്നിപ്പിച്ചു ഭരിക്കുക എന്ന ബ്രിട്ടീഷ് കൊളോണിയൽ തന്ത്രമാണ് ബിജെപി പയറ്റുന്നത്. അത് വിവിധ ഉപദേശീയതകൾ അടങ്ങുന്ന ഇന്ത്യയുടെ ഉദ്ഗ്രഥനത്തിനു വിരുദ്ധമാണ്, ആപത്താണ്.
ബിജെപി ലോക്സഭാ തിരഞ്ഞെടുപ്പിനെ നേരിടാൻ പോകുന്നത് നരേന്ദ്രമോദിയാണ് തങ്ങളെ നയിക്കുന്നത് എന്നു പറഞ്ഞാണ്. മോദി വാഴ്-ചയാണ് അവരുടെ തുറുപ്പുചീട്ട്. എന്താണ് അവർ ചെയ്തുകൊണ്ടിരിക്കുന്നത്? സമ്പദ്-വ്യവസ്ഥയെ അപ്പാടെ താറുമാറാക്കി. വർഷങ്ങളായി കയറ്റുമതിയും ഇറക്കുമതിയും തമ്മിൽ ബാലൻസ് ചെയ്യാൻ കഴിയുന്നില്ല. രാജ്യത്തെ ജനസാമാന്യത്തിന്റെ ഭക്ഷണം, തൊഴിൽ, ആരോഗ്യം, വിദ്യാഭ്യാസം, വീട് മുതലായ അടിസ്ഥാന ആവശ്യങ്ങൾ നിറവേറ്റാൻ മോദി സർക്കാരിനു കഴിയുന്നില്ല. കേന്ദ്ര–സംസ്ഥാന ബന്ധങ്ങൾ ഇത്ര മാത്രം മോശമായ സ്ഥിതി ഇതിനു മുമ്പുണ്ടായിട്ടില്ല. പ്രതിപക്ഷ പാർട്ടികളുടെ സർക്കാരുകളുള്ള സംസ്ഥാനങ്ങളെ കേന്ദ്ര വിഹിതം വെട്ടിക്കുറച്ചും കേന്ദ്രശേഖരത്തിൽ നിന്നു ഭക്ഷ്യധാന്യങ്ങൾ നൽകാതെയും പൊതുവായ്പ എടുക്കാൻ അനുവദിക്കാതെയും ശ്വാസംമുട്ടിക്കുകയാണ്. അടുത്തകാലത്തായി ഇഡിയെ എതിർകക്ഷി നേതാക്കളുടെയും പ്രവർത്തകരുടെയുംമേൽ അഴിച്ചുവിട്ട് ആക്രമിക്കുന്നു. തങ്ങൾക്ക് ബദലായി ഉയർന്നുവരാൻ കേന്ദ്ര–സംസ്ഥാനതലങ്ങളിൽ ഒരു പാർട്ടിയെയും അനുവദിക്കില്ല എന്നതാണ് ബിജെപിയുടെ ജനാധിപത്യവും കേന്ദ്ര–സംസ്ഥാന ബന്ധങ്ങളും സംബന്ധിച്ച കാഴ്ചപ്പാട്.
പാർലമെന്ററി ജനാധിപത്യത്തിന്റെ ഉരകല്ല്, തിരഞ്ഞെടുപ്പുകൾ നിഷ്-പക്ഷമായും നീതിപൂർവമായും നടത്തപ്പെടുമോ, അവയിലൂടെ ജയിച്ചുവരുന്ന കക്ഷിയെ/മുന്നണിയെ ഭരണഘടനാ വ്യവസ്ഥകൾ അനുസരിച്ച് പ്രവർത്തിക്കാൻ അനുവദിക്കുമോ, വ്യക്തിയുടെയും പാർട്ടികളുടെയും സ്വാതന്ത്ര്യം എന്തുവില കൊടുത്തും നിലനിർത്തപ്പെടുമോ എന്നെല്ലാമാണ്. ആ രീതിയിൽ നോക്കിയാൽ മോദി നയിക്കുന്ന ബിജെപി സർക്കാർ ഇന്ത്യൻ ജനതയെ സംബന്ധിച്ചിടത്തോളം വലിയ ശാപമാണ്, ബാധ്യതയാണ് എന്നതാണ് കഴിഞ്ഞ പത്തുവർഷക്കാലത്തെ അനുഭവം.
ഇതിന്റെ അടിസ്ഥാനത്തിലാണ് 26 പാർട്ടികൾ ചേർന്നു ബിജെപിയെയും അത് നയിക്കുന്ന കൂട്ടുകെട്ടിനെയും എതിർക്കാൻ തീരുമാനിച്ചത്. ജനാധിപത്യത്തെയും ഭരണഘടനാ മൂല്യങ്ങളെയും കാത്തുരക്ഷിക്കാനും ജനങ്ങളുടെ മിനിമം ആവശ്യങ്ങൾ നിറവേറ്റാനും പ്രതിബദ്ധമാണ് 26 പാർട്ടികളുടെ ഈ കൂട്ടായ്-മ. മോദി നയിക്കുന്ന ബിജെപിക്ക് ലോക്സഭാ തിരഞ്ഞെടുപ്പിൽ ഒറ്റയ്ക്ക് മത്സരിക്കാൻ കഴിയുമെന്ന ആത്മവിശ്വാസം ഉണ്ടായിരുന്നു. അത് തകരാൻ തുടങ്ങിയതിന്റെ തെളിവാണ് ഡൽഹിയിൽ ആ പാർട്ടി തട്ടിക്കൂട്ടിയ 38 പാർട്ടികളുടെ കൂട്ടുകെട്ട്. അത് ഏത് രൂപഭാവങ്ങളാണ് കെെക്കൊള്ളാൻ പോകുന്നത് എന്ന് വരും ആഴ്ചകളിൽ വെളിവാകും.
ആന്ധ്രാപ്രദേശ്, തെലങ്കാന, ഒഡീഷ എന്നീ സംസ്ഥാനങ്ങളിലെ രാഷ്ട്രീയ പാർട്ടികൾ ഈ മുന്നണികൾ രണ്ടിലും ചേർന്നിട്ടില്ല. അവയ്ക്കെല്ലാം കൂടി 63 ലോക്സഭാ സീറ്റുകളുണ്ട്. ആ സംസ്ഥാനങ്ങളിലെ പ്രധാന പ്രതിപക്ഷം കോൺഗ്രസ്സാണ്. കോൺഗ്രസ് പ്രമുഖ കക്ഷിയായ പ്രതിപക്ഷ കൂട്ടായ്മയിൽ, പുതിയ ‘ഇന്ത്യ’ എന്ന മുന്നണിയിൽ ചേരാൻ ആ സംസ്ഥാനങ്ങളിലെ ഭരണകക്ഷികൾക്കു വിമ്മിട്ടമുണ്ട്. ബിജെപിയും അവിടങ്ങളിൽ പ്രതിപക്ഷത്താണ്. തിരഞ്ഞെടുപ്പിൽ ചേരികൾ അണിനിരക്കാൻ തുടങ്ങിയതോടെ ഇത്തരം അഴിയാക്കുരുക്കുകൾക്ക് ഉത്തരം കാണേണ്ടിവരും.പ്രതിപക്ഷ പാർട്ടികളുടെ ഈ കൂട്ടായ്മയ്ക്ക് ബിജെപി ഭരണത്തെ തൂത്തെറിയാൻ കഴിയും എന്ന ആത്മവിശ്വാസം ശക്തിപ്പെട്ടുവരികയാണ്. ♦