ഇന്നത്തെ പലസ്തീൻ കമ്യൂണിസ്റ്റ് പാർട്ടിയുടെയും ഇസ്രയേലി കമ്യൂണിസ്റ്റ് പാർട്ടിയുടെയും ഉറവിടം ഒന്നുതന്നെയായിരുന്നു. 1919ൽ രൂപീകരിക്കപ്പെട്ട പലസ്തീൻ കമ്യൂണിസ്റ്റ് പാർട്ടിയായിരുന്നു അത്. 1947 വരെയും അതങ്ങനെ തുടർന്നു. ഇസ്രയേൽ രൂപീകരണത്തോടെ രണ്ട് പ്രത്യേക പാർട്ടികളായി പ്രവർത്തിച്ചു തുടങ്ങി.
ഇരുപതാം നൂറ്റാണ്ടിന്റെ ആരംഭത്തിൽ കിഴക്കൻ യൂറോപ്പിലെ ജൂത തൊഴിലാളി പ്രസ്ഥാനത്തിൽ നിന്നാണ് അത് ഉരുവംകൊണ്ടത്. ഒക്ടോബർ വിപ്ലവം കഴിഞ്ഞുള്ള ആദ്യ വർഷങ്ങളിൽ സോവിയറ്റ് യൂണിയനിൽ നിലനിന്നിരുന്ന ജൂത തൊഴിലാളി പ്രസ്ഥാനവും കമ്യൂണിസ്റ്റ് ഇന്റർനാഷണലിന്റെ ഉയർന്നുവരവും കമ്യൂണിസ്റ്റുകാരും യഹൂദർക്കിടയിലെ സോഷ്യലിസ്റ്റ് ചിന്താഗതിക്കാരും തമ്മിലുണ്ടായിരുന്ന ബന്ധവുമാണ് പലസ്തീൻ കമ്യൂണിസ്റ്റ് പാർട്ടിയുടെ രൂപീകരണത്തിനു പശ്ചാത്തലമായത്.
1897 ലാണ് ജനറൽ ജൂവിഷ് ലേബർ ബുന്ദ് എന്ന ജൂത തൊഴിലാളി പ്രസ്ഥാനം സാറിസ്റ്റ് റഷ്യ, പോളണ്ട്, ലിത്വാനിയ എന്നിവിടങ്ങളിൽ രൂപംകൊണ്ടത്. പടിഞ്ഞാറൻ യൂറോപ്യൻ രാജ്യങ്ങളിലെ തൊഴിലാളി പ്രസ്ഥാനവും സോഷ്യലിസ്റ്റ് പ്രസ്ഥാനവും അതാത് ദേശീയാതിർത്തികളിലെ പൊതുവായ പ്രസ്ഥാനങ്ങൾക്കൊപ്പം നിന്നപ്പോൾ കിഴക്കൻ യൂറോപ്യൻ ഭാഗത്ത് വ്യത്യസ്തമായ സമീപനമായിരുന്നു ജൂത ജനത സ്വീകരിച്ചത്. അതിന്റെ ഫലമായാണ് ജനറൽ ജൂവിഷ് ലേബർ ബുന്ദ് എന്ന വേറിട്ട തൊഴിലാളി സംഘടന രൂപീകരിക്കപ്പെട്ടത്. ഇരുപതാം നൂറ്റാണ്ടിന്റെ തുടക്കത്തിൽ പാശ്ചാത്യ നാടുകളിലെ സോഷ്യലിസ്റ്റുകൾ ചിന്തിച്ചിരുന്നത് മുതലാളിത്തത്തിൽനിന്ന് സോഷ്യലിസത്തിലേക്കുള്ള പരിവർത്തനം യാഥാർത്ഥ്യമാകുന്നതോടെ അക്കാലത്ത് നിലനിന്നിരുന്ന ജൂതരും ജൂതരല്ലാത്തവരും തമ്മിലുള്ള വേർതിരിവ് സ്വമേധയാ ഇല്ലാതാകുമെന്നാണ്. അതുകൊണ്ട് സോഷ്യലിസത്തിനായുള്ള പോരാട്ടത്തിന് ഇവർ പ്രാധാന്യം നൽകി. കിഴക്കൻ യൂറോപ്പിൽ ജൂതരുടെ സാമൂഹ്യമായ മോചനത്തിനായുള്ള പോരാട്ടത്തിനാണ് പ്രാധാന്യം നൽകേണ്ടതെന്നും, അക്കാലത്തുതന്നെ തുടങ്ങിക്കഴിഞ്ഞിരുന്ന പലസ്തീനിലേക്കുള്ള ജൂത കുടിയേറ്റം അതിനുപകരമാവില്ലയെന്നും അവർ വിശ്വസിക്കുകയും പ്രചരിപ്പിക്കുകയും ചെയ്തു.
എന്നാൽ ജൂതപ്രശ്നത്തോടുള്ള സിയോണിസ്റ്റുകളുടെ സമീപനം ഇതായിരുന്നില്ല. ഹംഗേറിയൻ എഴുത്തുകാരനായ തിയഡോർ ഹെർത്–സൽ (Theodore Herzol) അവതരിപ്പിച്ച ജൂത രാഷ്ട്രം സാധ്യമാക്കുക എന്നതായിരുന്നു ആ സമീപനം. ജൂത– മത വിശ്വാസപ്രകാരമുള്ള പലസ്തീൻ എന്ന ജൂത ജനതയുടെ വാഗ്ദത്തഭൂമിയിൽ തങ്ങളുടേതായ പ്രത്യേക രാഷ്ട്രം സ്ഥാപിക്കുകയെന്നതാണ് ഈ നിലപാടിന്റെ കാതൽ. യൂറോപ്പിൽ, പ്രത്യേകിച്ച് മധ്യ യൂറോപ്പിലും കിഴക്കൻ യൂറോപ്പിലും നിലനിന്നിരുന്ന കടുത്ത ജൂത വിദ്വേഷം ഈ ചിന്താഗതിക്ക് ശക്തി പകരുകയും ചെയ്തു. മധ്യ യൂറോപ്യൻ രാജ്യങ്ങളിലെ ബൂർഷ്വാ ബുദ്ധിജീവികൾക്കിടയിലെ ജൂത–മത വിശ്വാസികളായിരുന്നു ഈ ചിന്താഗതിയുടെ പിന്നിലുണ്ടായിരുന്നത്. ജൂത ജനതയുടെ മോചനം പലസ്തീനിൽ എത്തുന്നതിലൂടെയേ സാധ്യമാകൂ എന്ന് ഈ വിഭാഗം പ്രചരിപ്പിച്ചു.
ഒന്നാം ലോക യുദ്ധകാലത്തിനുമുൻപും ഒന്നും രണ്ടും ലോകയുദ്ധങ്ങൾക്കിടയിലുമുള്ള കാലത്ത് കിഴക്കൻ യൂറോപ്പിലെ ജൂത ജനവിഭാഗത്തിനിടയിൽ ഈ ചിന്താഗതിക്കാരുടെ സാന്നിധ്യം ശക്തമായിരുന്നെങ്കിലും അതൊരു ന്യൂനപക്ഷ വിഭാഗത്തിനിടയിൽ മാത്രമായിരുന്നു. എന്നാൽ യഹൂദ രാഷ്ട്ര ചിന്താഗതിക്കൊപ്പം സോഷ്യലിസ്റ്റ് ആശയവും ചേർന്നപ്പോൾ, പലസ്തീനിൽ സോഷ്യലിസ്റ്റ് ജൂതരാഷ്ട്രം സ്ഥാപിക്കുകയെന്ന ആശയം ഉയർത്തപ്പെട്ടു. അപ്പോൾ അതിനു ജനകീയാടിത്തറയും ലഭിച്ചു. 1905ൽ റഷ്യയിൽ പോളെ സിയോൺ (Poale Zion – സിയോണിലെ തൊഴിലാളികൾ) പാർട്ടി സ്ഥാപിച്ച ഉക്രൈൻ സ്വദേശിയായ ബെർ ബൊറോച്ചോവ് (Ber Borochov) ആയിരുന്നു ഈ ആശയത്തിന്റെ മുഖ്യ വക്താവ്. സമാനമായ സംഘടനകൾ റൊമാനിയയിലും ആസ്ട്രിയയിലും ഇംഗ്ലണ്ടിലും മറ്റും സ്ഥാപിക്കപ്പെട്ടു; 1907ൽ വേൾഡ് ഫെഡറേഷൻ ഓഫ് പോളെ സിയോൺ രൂപീകരിക്കുകയുമുണ്ടായി.
1917 നവംബറിൽ രണ്ട് സവിശേഷ സംഭവവികാസങ്ങളുണ്ടായി. ഒന്ന്, റഷ്യയിലെ മഹത്തായ ഒക്ടോബർ സോഷ്യലിസ്റ്റ് വിപ്ലവം; രണ്ട്, ബാൽഫോർ പ്രഖ്യാപനം എന്ന പലസ്തീനിൽ ജൂതരാഷ്ട്രം സ്ഥാപിക്കുമെന്ന ബ്രിട്ടീഷ് വിദേശകാര്യ സെക്രട്ടറി ആർതർ ജയിംസ് ബാൽഫോറിന്റെ പ്രസിദ്ധമായ പ്രഖ്യാപനം (പലസ്തീനിൽ ജൂതരാഷ്ട്രം സ്ഥാപിക്കുമെന്ന ബാൽഫോർ പ്രഖ്യാപനത്തിനുപിന്നിൽ ബ്രിട്ടന്റെ സാമ്പത്തിക താൽപര്യം പതിയിരിക്കുന്നുവെന്ന് കാണാം. 1908ൽ പേർഷ്യയിൽ എണ്ണ കണ്ടെത്തുകയും അതിന്റെ ഖനനം ബ്രിട്ടീഷ് എണ്ണ കമ്പനിക്ക് ലഭിക്കുകയും ചെയ്തു. പശ്ചിമേഷ്യ സംഘർഷമേഖലയാക്കി നിർത്തുന്നത് തങ്ങളുടെ സാമ്പത്തിക താൽപര്യത്തിന് ഗുണകരമാകും എന്നു കണ്ടാണ് ബ്രിട്ടൻ ഈ കുത്തിത്തിരിപ്പിനു തുനിഞ്ഞത്). റഷ്യൻ വിപ്ലവത്തിന്റെ വിജയത്തോടെ ജൂത പ്രശ്നം പരിഹരിക്കപ്പെടുമെന്നും, ജൂതർക്കും മറ്റു വിഭാഗങ്ങൾക്കെന്നപോലെ, പൗരാവകാശങ്ങൾ ലഭ്യമാകുമെന്നും ജൂതജനതയിൽ ഒരു വിഭാഗം കരുതി. അവർ സോവിയറ്റ് സർക്കാരിനെതിരായ പ്രതിവിപ്ലവകാരികളുടെ അട്ടിമറിക്കെതിരെ ചെമ്പടയ്ക്കൊപ്പം ഉറച്ചു നിന്നു, നേരെമറിച്ച് അതിലെ സമ്പന്ന വിഭാഗം പ്രതിവിപ്ലവകാരികളുടെ ‘‘വെള്ളപ്പട’’യ്ക്കൊപ്പം ചേരുന്ന സ്ഥിതിയുമുണ്ടായി. തൊഴിലെടുത്ത് ജീവിക്കുന്ന മഹാഭൂരിപക്ഷം വരുന്ന സാധാരണക്കാരായ ജൂത ജനതയ്ക്ക് സോവിയറ്റ് ഭരണത്തിൻകീഴിൽ സുരക്ഷിതത്വവും പൗരാവകാശങ്ങളും ഉറപ്പായത് ജൂതർക്കിടയിൽ സോഷ്യലിസത്തിനനുകൂലമായ വികാരം ശക്തമാകുന്നതിനിടയാക്കി. ഇത് സോവിയറ്റ് യൂണിയനിലെ മാത്രമല്ല, മറ്റു രാജ്യങ്ങളിലെ ജൂതരെയും സ്വാധീനിച്ചു. ഈ ഘട്ടത്തിൽ റഷ്യക്കുള്ളിലും പുറത്തുമുള്ള പോളെ സിയോൺ പ്രസ്ഥാനം പിളരുകയും ഒരു വിഭാഗം ഇടതുപക്ഷ ചിന്താഗതിക്കാരായ യഹൂദർക്കൊപ്പം ചേർന്ന് 1919 മാർച്ചിൽ സോഷ്യലിസ്റ്റ് വർക്കേഴ്സ് പാർട്ടിക്ക് രൂപം നൽകുകയും ചെയ്തു. 1919 ഒക്ടോബറിൽ ചേർന്ന ഈ പാർട്ടിയുടെ സമ്മേളനം കമ്യൂണിസ്റ്റ് ഇന്റർനാഷണലിൽ ചേരാനുള്ള സന്നദ്ധത പ്രഖ്യാപിക്കുകയും ഒപ്പം പലസ്തീനിൽ സോഷ്യലിസ്റ്റ് ജൂതരാഷ്ട്രം സ്ഥാപിക്കുമെന്ന പ്രഖ്യാപനം നടത്തുകയും ചെയ്തു.
എന്നാൽ പലസ്തീനിൽ പ്രത്യേക ജൂതരാഷ്ട്രമെന്ന സിയോണിസ്റ്റുകളുടെ – അത് ഇടതുപക്ഷ യഹൂദരുടേതായാലും വലതുപക്ഷ വിഭാഗത്തിന്റേതായാലും – നിലപാടിനോട് കമ്യൂണിസ്റ്റ് ഇന്റർനാഷണലിന് തെല്ലും യോജിപ്പുണ്ടായിരുന്നില്ല. പലസ്തീൻ എന്ന ഭൂപ്രദേശം ജൂതകുടിയേറ്റക്കാരെ രണ്ടു കെെയും നീട്ടി സ്വീകരിക്കാൻ സന്നദ്ധമായി നിൽക്കുന്ന ജനവാസമില്ലാത്ത ഒരിടമല്ല എന്ന വസ്തുത കോമിന്റേൺ സിയോണിസ്റ്റുകളെ ഓർമിപ്പിച്ചു; കുടിയേറ്റക്കാരായ ജൂതരും പലസ്തീനിൽ തലമുറകളായി പാർപ്പുറപ്പിച്ചിട്ടുള്ള അറബികളും തമ്മിൽ ഏറ്റുമുട്ടൽ നടക്കുന്നുണ്ട് എന്ന വസ്തുതയും വ്യക്തമാക്കി. സിയോണിസത്തെ കോമിന്റേൺ വിശേഷിപ്പിച്ചത് ബ്രിട്ടീഷ് സാമ്രാജ്യത്വത്തിന്റെ ഉപകരണമായാണ്.
ബാൽഫോർ പ്രഖ്യാപനവും ഒരു പുതിയ സ്ഥിതിവിശേഷം സൃഷ്ടിച്ചു. യൂറോപ്പിലെ ജൂതർ പലസ്തീനിലേക്ക് കുടിയേറ്റം ആരംഭിച്ചത് അതിനെത്തുടർന്നാണ്. ജർമനിയിൽ നാസികൾ ജൂതവേട്ട തുടങ്ങിയപ്പോൾ (1920 നുമുൻപുതന്നെ ജർമനിയിൽ ജൂതർ ആക്രമിക്കപ്പെട്ടു തുടങ്ങിയിരുന്നു) അഭയംതേടി പടിഞ്ഞാറൻ യൂറോപ്പിലെത്തിയ ജൂതർ പലസ്തീനിലേക്ക് ആട്ടിയോടിക്കപ്പെടുകയാണുണ്ടായത്.
യഹൂദരിലെ ഇടതുപക്ഷ വിഭാഗം തങ്ങളെ വെെകിയാണെങ്കിലും കോമിന്റേൺ അംഗീകരിക്കുമെന്ന പ്രതീക്ഷയിലായിരുന്നു. 1920 ജൂലെെയിൽ ചേർന്ന പോളെ സിയോൺ ലോക സമ്മേളനത്തിൽ നിലവിലുള്ള ഫെഡറേഷൻ പിളരുകയും ഇടതുപക്ഷ പോളെ സിയോൺ (Poalei Zion Semol) രൂപീകരിക്കുകയും കമ്യൂണിസ്റ്റ് ഇന്റർനാഷണലിൽ ചേരാനുള്ള ശ്രമം തുടരുകയും ചെയ്തു. ഈ സംഘടനയുടെ പലസ്തീൻ വിഭാഗമായി രൂപംകൊണ്ട എംപിഎസ് പലസ്തീനിലെ ദേശീയഘടകമെന്ന നിലയിലും പലസ്തീനിലെ ജൂത തൊഴിലാളികളുടെ പ്രതിനിധികൾ എന്ന നിലയിലും കമ്യൂണിസ്റ്റ് ഇന്റർനാഷണലുമായി ബന്ധപ്പെട്ടു.
എന്നാൽ 1920ൽ ചേർന്ന കമ്യൂണിസ്റ്റ് ഇന്റർനാഷണലിന്റെ രണ്ടാം കോൺഗ്രസ് പലസ്തീനിൽ ജൂത രാഷ്ട്രം എന്ന ആശയത്തെ പൂർണമായും നിരാകരിക്കുകയുണ്ടായി. ഓരോ രാജ്യത്തെയും കമ്യൂണിസ്റ്റ് പാർട്ടിയിൽ വ്യക്തികൾ എന്ന നിലയിൽ സമീപിച്ചാൽ സിയോണിസത്തെ പൂർണമായും തള്ളിക്കളയുന്നവർക്ക് അംഗത്വം നൽകാമെന്ന് തീരുമാനിക്കുകയുണ്ടായി. തുടർന്ന് പലസ്തീനിൽ സോഷ്യലിസ്റ്റ് വർക്കേഴ്സ് പാർട്ടി (Mifleget Poalim Sozialistiim–MPS) എന്ന സംഘടന പലസ്തീനിയൻ കമ്യൂണിസ്റ്റു പാർട്ടി (പിസിപി) എന്ന പേരിൽ പ്രവർത്തനം ആരംഭിച്ചു. അതായത് ജൂത കുടിയേറ്റക്കാരുടെ പാർട്ടിയായാണ് അത് പ്രവർത്തനം ആരംഭിച്ചത്. 450 അംഗങ്ങൾ ആ പാർട്ടിയിൽ ഉണ്ടായിരുന്നു. 1921 ൽ ബ്രിട്ടീഷ് അധികൃതർ അതിന്റെ പ്രവർത്തനം നിരോധിച്ചതിനെത്തുടർന്ന് പാർട്ടി നിയമവിരുദ്ധമായി പ്രവർത്തിക്കാൻ തുടങ്ങി. 1922 സെപ്തംബറിൽ ഈ പാർട്ടി പിളർന്ന് കൂടുതൽ പുരോഗമനവാദികളായ (കോമിന്റേൺ നിലപാടിനോട് അടുത്തുനിൽക്കുന്ന) ഒരു ചെറിയ വിഭാഗം ജോസഫ് ബെർഗറുടെ (Joseph Berger) നേതൃത്വത്തിൽ കമ്യൂണിസ്റ്റ് പാർട്ടി ഓ-ഫ് പലസ്തീൻ (സിപിപി) എന്ന പേരിൽ പ്രവർത്തിക്കാൻ തുടങ്ങി. പിസിപിയുടെ സോഷ്യലിസ്റ്റ് യഹൂദരോടുള്ള മൃദുസമീപനത്തെ ഈ വിഭാഗം ശക്തമായി എതിർത്തു. എന്നാൽ രണ്ടു പാർട്ടികളിലെയും അംഗങ്ങൾ ഹിസ്റ്റാഡ്രറ്റ് (Histadrut) ജനറൽ ഓർഗനെെസേഷൻ ഓഫ് വർക്കേഴ്സ് ഇൻ ഇസ്രയേൽ) എന്ന സംഘടനയിലും ഉൾപ്പെട്ടുനിന്നിരുന്നു.
പക്ഷേ, 1923 ഫെബ്രുവരിയിൽ പിസിപിയിലെയും സിപിപിയിലെയും അംഗങ്ങളെ ഹിസ്റ്റാഡ്രറ്റിൽനിന്നും പുറത്താക്കി. ഇതോടെ ഇരുകൂട്ടരും വീണ്ടും കൂടുതൽ അടുത്തു. 1923 ജൂണിൽ പിസിപിയിലെ ഭൂരിപക്ഷം പേരും സിയോണിസത്തിനെതിരായ ബെർഗറുടെയും കൂട്ടരുടെയും നിലപാട് അംഗീകരിക്കുകയും ചെയ്തു. ഈ പശ്ചാത്തലത്തിൽ 1923 ഒടുവിൽ ഇരുപാർട്ടികളും ലയിക്കുകയും ബ്രിട്ടീഷ് സാമ്രാജ്യത്വത്തോട് പൊരുതുന്ന പ്രസ്ഥാനമെന്ന നിലയിൽ അറബ് ദേശീയപ്രസ്ഥാനത്തെ പിന്തുണയ്ക്കുന്ന നിലപാട് സ്വീകരിക്കുകയും ചെയ്തു. ഒപ്പം സിയോണിസത്തെ ‘‘ബ്രിട്ടീഷ് സാമ്രാജ്യത്വവുമായി കൂട്ടുകെട്ടിലേർപ്പെട്ട ജൂത ബൂർഷ്വാസിയുടെ പ്രസ്ഥാനം’’ എന്ന നിലയിൽ അപലപിക്കുകയും ചെയ്തു. ഇരുവിഭാഗവും ലയിച്ചു ചേർന്ന പുതിയ പലസ്തീൻ കമ്യൂണിസ്റ്റുപാർട്ടി (അതിന്റെ പേര് യിദ്ദീഷ് ഭാഷയിൽ പലസ്തീനിഷെ കമ്യൂണിസ്റ്റിഷെ പാർട്ടി –Palestinishe Komunistishe Partie -, PKP എന്നായിരുന്നു നിശ്ചയിക്കപ്പെട്ടത്) ജോസഫ് ബെർഗർ എഴുതി തയ്യാറാക്കിയ പരിപാടി അംഗീകരിച്ചു. ‘‘ബ്രിട്ടീഷ് സാമ്രാജ്യത്വത്തിനെതിരായ പോരാട്ടത്തിലെ ശക്തി സ്തംഭമാണ്’’ അറബ് ദേശീയ പ്രസ്ഥാനം എന്നാണ് ഈ പരിപാടി വിശേഷിപ്പിച്ചത്. വുൾഫ് അവെർബാക് (Wolf Averbach) സെക്രട്ടറിയും ജോസഫ് ബെർഗർ ഡെപ്യൂട്ടി സെക്രട്ടറിയും മൊയിഷെ കൂപ്പർമാൻ (Moishe Kuperman), നഹും ലെസ്റ്റ് ഷിൻസ്-ക്കി (Nahum Lest Shinsky) എന്നിവർ അംഗങ്ങളുമായി കേന്ദ്ര കമ്മിറ്റിക്കു രൂപം നൽകി.
പലസ്തീൻ രാജ്യമില്ലാത്ത രാജ്യം പശ്ചിമേഷ്യൻ രാജ്യമായ പലസ്തീൻ ഇന്നും കൃത്യമായി അതിർത്തി നിർണയിക്കപ്പെട്ടിട്ടില്ലാത്ത, അയൽരാജ്യമായ ഇസ്രയേലുമായി നിരന്തരമായ സംഘർഷങ്ങൾ നിലനിൽക്കുന്ന രാജ്യമാണ്. അതേ സമയം ജൂത, ക്രൈസ്തവ, ഇസ്ലാം മതവിഭാഗങ്ങൾക്ക‍് വിശുദ്ധഭൂമിയുമാണ് ചരിത്രപ്രാധാന്യമേറെയുള്ള ഈ രാജ്യം. ഹീബ്രുക്കളുടെ നാട്, വാഗ്ദത്ത ഭൂമി, ദെെവരാജ്യം, തേനും പാലുമൊഴുകുന്ന നാട് തുടങ്ങിയ പേരുകളിൽ പലസ്തീൻ വിശേഷിപ്പിക്കപ്പെടുന്നു. മൂന്ന് മതവിഭാഗങ്ങളുടെയും പുണ്യഭൂമിയായതുകൊണ്ടുതന്നെ അവകാശത്തർക്കവും രൂക്ഷമാണ്; സാമ്രാജ്യത്വ ശക്തികളുടെ കുത്തിത്തിരിപ്പുകളാണ് എക്കാലവും ഈ മേഖലയെ സംഘർഷഭരിതമാക്കിത്തീർക്കുന്നത്. പുണ്യഭൂമിയെന്നു വിശേഷിപ്പിക്കപ്പെടുന്ന ജറുസലേമിൽ മൂന്ന് മതവിഭാഗങ്ങളുടെയും ആരാധനാലയങ്ങൾ നിലകൊള്ളുന്നു. അറബി ഔദ്യോഗിക ഭാഷയായ പലസ്തീൻ ഒരു യൂണിറ്റി അർദ്ധ പ്രസിഡൻഷ്യൽ റിപ്പബ്ലിക്കാണ്. രാജ്യത്തിന്റെ പരമാധികാരം സംബന്ധിച്ച് ഇസ്രയേലുമായുള്ള തർക്കം ഇപ്പോഴും തുടരുകയാണ്. നിരന്തര സംഘർഷഭൂമിയായ പലസ്തീൻ ഇപ്പോഴും രാജ്യമില്ലാത്ത രാജ്യമായി തുടരുന്നു. പലസ്തീൻ ടെറിട്ടറീസ് എന്നറിയപ്പെടുന്നത് ജോർദാൻ നദിക്ക് പടിഞ്ഞാറും ചാവുകടലിന് വടക്കു പടിഞ്ഞാറുമായുള്ള വെസ്റ്റ് ബാങ്ക് (5879 ച: കിമി), മെഡിറ്ററേനിയൻ സമുദ്രത്തിന്റെ തെക്കു കിഴക്കൻ തീരത്തുള്ള ഗാസ മുനമ്പ് (363 ച.കി.മി), കിഴക്കൻ ജറുസലേം എന്നിവയാണ്. പലസ്തീൻ എന്ന് ചരിത്രാതീതകാലം മുതൽ അറിയപ്പെടുന്ന പ്രദേശത്തിന്റെ അവശേഷിക്കുന്ന ഭാഗം 1947 ലെയും യുഎൻ തീരുമാനപ്രകാരം ഇസ്രയേൽ എന്ന ജൂതരാഷ്ട്രമായി മാറി. എന്നാൽ പലസ്തീൻ പ്രദേശമെന്നറിയപ്പെടുന്ന പ്രദേശങ്ങളിലേക്കു കൂടി നിരന്തരം ഇസ്രയേലി സിയോണിസ്റ്റ് ഭരണകൂടത്തിന്റെ സംരക്ഷണയിൽ പലസ്തീൻ അറബികളെ ആട്ടിയോടിച്ചശേഷം ജൂത കുടിയേറ്റം നടക്കുകയാണ്. 1947ലെ യുഎൻ തീരുമാനപ്രകാരമുള്ള പ്രദേശങ്ങൾപോലും ഇന്ന് ഇസ്രയേൽ ബലപ്രയോഗത്തിലൂടെ കെെയടക്കിയിരിക്കുകയാണ്. ജറുസലേമായി രാജ്യതലസ്ഥാനമാണ് യുഎൻ നിശ്ചയിച്ചിട്ടുള്ളതെങ്കിലും ആ പ്രദേശം ഇപ്പോഴും ഇസ്രായേലിന്റെ അധീനതയിലാണ്. |
പുതിയ പരിപാടിയോടുകൂടിയ പാർട്ടിയെ കോമിന്റേണിൽ ഘടകമായി ഉൾപ്പെടുത്തുന്നതിനുള്ള കൂടിയാലോചനകൾക്കായി 1924 മാർച്ചിൽ ജോസഫ് ബെർഗറെ മോസ്-ക്കോയിലേക്കയച്ചു. ഈ കൂടിയാലോചനകളെ തുടർന്ന് പലസ്തീൻ കമ്യൂണിസ്റ്റ് പാർട്ടിക്ക് (പികെപി) കോമിന്റേൺ അംഗീകാരം നൽകി. ആ കാലത്ത് മോസ്-ക്കോയിൽ വെച്ച് യാക്കോവ് ടെപ്പർ (Yaakov Tepper) എന്ന പലസ്തീൻ സഖാവുമായി ചേർന്ന് ജോസഫ് ബെർഗർ കോമിന്റേണിന്റെ ലബനീസ് വിഭാഗത്തിന് രൂപംനൽകി; ഇത് പിന്നീട് ലബനീസ് കമ്യൂണിസ്റ്റ് പാർട്ടിയായി മാറി. പി കെ പിയുടെ പ്രതിനിധിയെന്ന നിലയിൽ ബെർഗർ പിന്നീട് ഈജിപ്ത്, സിറിയ, ട്രാൻസ് ജോർദാൻ (1920ൽ ലീഗ് ഓഫ് നേഷൻസ് ജോർദാൻ നദിയുടെ കിഴക്കുള്ള പ്രദേശത്തെ ട്രാൻസ് ജോർദാനായും പടിഞ്ഞാറുള്ള പ്രദേശത്തെ ബ്രിട്ടീഷ് അധീനതയിലുള്ള പലസ്തീനായും (Mandatory Palestine) വിഭജിച്ചു. മാൻഡേറ്ററി പലസ്തീനെ യൂറോപ്പിൽനിന്നുള്ള ജൂത കുടിയേറ്റ മേഖലയാക്കി മാറ്റുകയെന്നതായിരുന്നു ഈ വിഭജനത്തിന്റെ ലക്ഷ്യം. ജോർദാന്റെയും യഥാർഥ അധികാരം ബ്രിട്ടീഷ് ഹെെക്കമ്മീഷണറിൽതന്നെ നിലനിർത്തിക്കൊണ്ട് ആ പ്രദേശം ഹാഷമെെറ്റ് (Hashemite) വംശത്തിലെ അബ്ദുള്ള ഒന്നാമന്റെ ഭരണത്തിൻ കീഴിലാക്കിയിരുന്നു) എന്നീ രാജ്യങ്ങൾ സന്ദർശിച്ചു; ആ സമയത്ത് പാർട്ടി സെക്രട്ടറി വുൾഫ് അവെർബാക്ക് ഫ്രഞ്ച് കോളനി വാഴ്ചയ്ക്കെക്കെതിരെ 1925–27 കാലത്ത് കലാപം നയിച്ച സിറിയൻ നേതാക്കളുമായി ചർച്ച നടത്തി. 1924ൽ ബെർഗർ വീണ്ടും മോ-സ്-ക്കോയിലേക്ക് പോയി. കമ്യൂണിസ്റ്റ് ഇന്റർനാഷണലിന്റെ എക്സിക്യൂട്ടീവ് കമ്മിറ്റിയിൽ പങ്കെടുക്കാനായിരുന്നു ഈ യാത്ര.
പലസ്തീൻ കമ്യൂണിസ്റ്റ് പാർട്ടി ആദ്യം ഏറ്റെടുക്കേണ്ട മുഖ്യകടമ നിലവിൽ ജൂത വിഭാഗം മാത്രമുള്ള പാർട്ടിയിലേക്ക് അറബ് അംഗങ്ങളെ ചേർക്കുകയെന്നതായിരിക്കണം എന്ന‍് കോമിന്റേൺ വിലയിരുത്തി. കോമിന്റേൺ എക്സിക്യൂട്ടീവിന്റെ ഈ തീരുമാനത്തെ ജോസഫ് ബെർഗർ വിശേഷിപ്പിച്ചത് പലസ്തീൻ കമ്യൂണിസ്റ്റു പാർട്ടിയുടെ ‘‘അറബ്-വൽക്കരണം’’ നടപ്പാക്കണമെന്നാണ്. പലസ്തീൻ പാർട്ടി അറബ് മേഖലയുടെ കോളനിവൽക്കരണത്തെ ശക്തമായി എതിർത്തതിനൊപ്പം നേരത്തെ പലസ്തീനിലെത്തിയ, ‘‘യിഷൂവുകൾ’’ (Yishuv) എന്നറിയപ്പെടുന്ന ജൂത കുടിയേറ്റക്കാരെ അംഗീകരിക്കുകയും ചെയ്യുന്ന നിലപാടാണ് സ്വീകരിച്ചത്. ജൂതരായ കുടിയേറ്റക്കാരെ സിയോണിസത്തോട് പുറംതിരിഞ്ഞുനിൽക്കാനും, അതേസമയം അറബികളോട്, പുരോഗമന ചിന്താഗതിക്കാരായ ജൂതരോട് ശത്രുത പുലർത്താതിരിക്കാനുമാണ് പാർട്ടി നിർദേശിച്ചത്. ഇന്റർനാഷണലിന്റെ എക്സിക്യൂട്ടീവും ജോസഫ് ബെർഗറും തമ്മിൽ നിരന്തരം ആശയവിനിമയം നടത്തിക്കൊണ്ടിരുന്നു. മോസ്-ക്കോയിൽനിന്ന് ബെർഗർക്ക് ലഭിച്ച പ്രധാന നിർദേശം ‘‘അറബ് തൊഴിലാളികളായിരിക്കണം പികെപിയുടെ പ്രവർത്തനത്തിന്റെ കേന്ദ്ര ബിന്ദു’’ എന്നാണ്.
1929ൽ ജോസഫ് ബെർഗറെ വീണ്ടും കോമിന്റേൺ കേന്ദ്രമായ മോസ്-ക്കോയിലേക്ക് വിളിച്ചു. മാർച്ച് 5ന് സ്റ്റാലിനുമായി അദ്ദേഹം 5 മണിക്കൂർനീണ്ട സംഭാഷണത്തിലേർപ്പെട്ടു. ഇന്റർനാഷണലിന്റെ അറബ് മേഖലാ എക്സിക്യൂട്ടീവ് കമ്മിറ്റിയുമായും ദേശീയാടിസ്ഥാനത്തിലുള്ള സംഘടനകളുമായുമുള്ള ബന്ധം ശക്തിപ്പെടുത്തണമെന്ന നിർദ്ദേശവും സ്റ്റാലിൻ ബെർഗർക്ക് നൽകി. 1929 ആഗസ്തിൽ ബെർഗർ പലസ്തീൻ പാർട്ടിയുടെ നേതൃത്വം ഏറ്റെടുക്കുന്നതിനായി മടങ്ങിയെത്തി. അവെർബാക് മോസ്കോയിൽതന്നെ തുടർന്നു.
ഇന്റർനാഷണലിന്റെ നിർദ്ദേശമനുസരിച്ച് പലസ്തീൻ കമ്യൂണിസ്റ്റ് പാർട്ടി 1920കളുടെ മധ്യത്തോടെ അറബ് അംഗങ്ങളെ കൂടുതലായി റിക്രൂട്ട് ചെയ്യാൻ ബോധപൂർവ്വമുള്ള ശ്രമം നടത്തി. 1924ൽ ആദ്യമായി ഒരു അറബ് വംശജൻ പലസ്തീൻ കമ്യൂണിസ്റ്റ് പാർട്ടിയിൽ ചേർന്നതായി ബ്രിട്ടീഷ് ഇന്റലിജൻസ് റിപ്പോർട്ടിലുണ്ട്. 1925 ആയപ്പോൾ അറബ് അംഗങ്ങളുടെ എണ്ണം എട്ടായി. ആ വർഷം അവസാനമായപ്പോൾ പാർട്ടി പലസ്തീൻ അറബ് വർക്കേഴ്സ് സൊസൈറ്റിയുമായി ബന്ധം സ്ഥാപിച്ചു; ഒപ്പം പ്രാദേശികമായി അറബ് ജനതയുമായും പാർട്ടി ബന്ധം സ്ഥാപിച്ചു. അറബ് ക്രിസ്ത്യൻ വിഭാഗവും കമ്യൂണിസ്റ്റ് പാർട്ടിയിലേക്ക് ആകൃഷ്ടരായി; അതിനൊരു കാരണം, അവരും റഷ്യൻ ക്രിസ്ത്യാനികളെപ്പോലെ ഓർത്തഡോക്സ് വിഭാഗത്തിൽപെട്ടവരായതാണെന്നും വിലയിരുത്തപ്പെടുന്നു. ഈ നിലയിൽ റഷ്യയുമായുള്ള വൈകാരിക ബന്ധമാണ് കമ്യൂണിസ്റ്റ് പാർട്ടിയിലേക്ക് അവരെ ആകൃഷ്ടരാക്കിയത്.
അംഗങ്ങളിൽ ചെറിയൊരു വിഭാഗത്തിന്റെ എതിർപ്പ് അവഗണിച്ച് പലസ്തീൻ കമ്യൂണിസ്റ്റു പാർട്ടി (പിസിപി) 1920കളിൽ തന്നെ പലസ്തീൻ അറബ് സമൂഹത്തിനിടയിലേക്ക് കടന്നുചെന്ന് പ്രവർത്തിക്കാൻ തുടങ്ങിയിരുന്നു. അനുഭാവികളായി വരുന്നവരെ മോസ്-കോയിലെ കിഴക്കൻ നാടുകളിലെ അധ്വാനിക്കുന്നവർക്കായുള്ള സർവകലാശാലയിൽ പഠനത്തിനായി അയച്ചു. പലസ്തീൻ അറബികളെ അവരുടെ ഭൂമിയിൽ നിന്നും ഒഴിപ്പിക്കാൻ ശ്രമിച്ച ജൂത കുടിയേറ്റക്കാരെ എതിർക്കാൻ പിസിപി മുന്നോട്ടുവന്നതിനെ തുടർന്നാണ് അറബികൾക്കിടയിൽ പാർട്ടിക്ക് വിശ്വാസ്യത നേടാനായത്.
1924ൽ സമ്പന്നനായ ഒരു അറബി ഭൂഉടമയുടെ കുടുംബവും ജൂവിഷ് നാഷണൽ ഫണ്ടും തമ്മിൽ ഉണ്ടാക്കിയ (അറബി ഭൂഉടമയുടെ സ്ഥലം ജൂതർക്കായി വാങ്ങിയ) കെെമാറ്റ ഉടമ്പടിയെതുടർന്ന് അറബികളെ കുടിയൊഴിപ്പിക്കുന്നതിനെ ചെറുക്കാനായി കമ്യൂണിസ്റ്റ് പാർട്ടിയുടെ അണികളും നേതാക്കളുമാകെ അഫുല ഗ്രാമത്തിലേക്കു പോയത് ശ്രദ്ധേയമായ സംഭവവികാസമാണ്. സിയോണിസ്റ്റുകൾ നടത്തിയ ‘‘തൊഴിൽ തട്ടിയെടുക്കൽ’’ കാംപെയ്നെയും കമ്യൂണിസ്റ്റുകാർ എതിർത്തു. പലസ്തീൻ പ്രദേശത്ത് ക്രമേണ വളർന്നുവന്നുകൊണ്ടിരുന്ന അറബ് തൊഴിലാളിവർഗത്തെ ഇല്ലായ്മ ചെയ്യലായിരുന്നു സിയോണിസ്റ്റു കാംപെയ്ന്റെ ലക്ഷ്യം. പലസ്തീൻകാരുടെ തൊഴിൽ സംരക്ഷിക്കാനായി ജൂതരായ കമ്യൂണിസ്റ്റു പാർട്ടി അംഗങ്ങൾ സിയോണിസ്റ്റുകളുമായി കായികമായി തന്നെ ഏറ്റുമുട്ടി. ഇത്തരം പ്രവർത്തനത്തിൽ ഏർപ്പെടുന്നത് പാർട്ടി അംഗത്വം ലഭിക്കുന്നതിനുള്ള മാനദണ്ഡം പോലുമാക്കി. അറബ് കർഷകരുടെ ഭൂമി തട്ടിയെടുക്കുന്ന സിയോണിസ്റ്റുകളുമായി തങ്ങൾക്ക് ഒരു ബന്ധവുമില്ലെന്ന് അറബ് കർഷകരെ ബോധ്യപ്പെടുത്താൻ വർഗബോധമുള്ള ജൂത തൊഴിലാളികൾ ജാഗ്രത കാണിച്ചു.
എന്നാൽ കോമിന്റേൺ 1928 കാലത്തെ ഇടതുപക്ഷ വ്യതിയാനത്തിന്റെ പിടിയിൽപ്പെടുകയും കോളനികളിലെ ദേശീയ ബൂർഷ്വാസിയുമായി സഹകരിക്കേണ്ടതില്ലെന്ന് തീരുമാനിക്കുകയുമുണ്ടായി. ഈ വ്യതിയാനം അറബ് ജനവിഭാഗത്തിനിടയിലേക്കുള്ള പാർട്ടിയുടെ കടന്നുകയറ്റം മന്ദഗതിയിലാക്കി. എന്നാൽ 1930 ആയപ്പോൾ ഈ വ്യതിയാനത്തിൽനിന്ന് മാറിയ കോമിന്റേൺ പലസ്തീൻ കമ്യൂണിസ്റ്റ് പാർട്ടിയിലെ നേതാക്കളിലും പ്രവർത്തകരിലും അറബ് പ്രാതിനിധ്യം വർദ്ധിപ്പിക്കാൻ വീണ്ടും നിർദ്ദേശം നൽകി. ♦
(തുടരും)