Sunday, May 19, 2024

ad

Homeപ്രതികരണംഅതിദാരിദ്ര്യം തുടച്ചുനീക്കാൻ അതീവ ശ്രദ്ധയോടെ

അതിദാരിദ്ര്യം തുടച്ചുനീക്കാൻ അതീവ ശ്രദ്ധയോടെ

പിണറായി വിജയൻ

നാധിപത്യത്തിന്റെ അടിസ്ഥാനമൂല്യങ്ങളിൽ ഒന്നാണ് സാമ്പത്തിക സമത്വം. ദരിദ്രരും ധനികരും എന്ന വ്യത്യാസമില്ലാതാക്കി നാടിന്റെ സമ്പത്തിന്റേയും വിഭവങ്ങളുടേയും ഗുണഫലം ഏവർക്കും ഒരുപോലെ ലഭിക്കുന്ന ഒരു ലോകത്തു മാത്രമാണ് ജനാധിപത്യം അർത്ഥപൂർണ്ണമാകുന്നത്. മുതലാളിത്ത വ്യവസ്ഥിതിയുടെ പരിമിതികൾക്കുള്ളിൽ നിന്നുകൊണ്ട് ആ ലക്ഷ്യത്തിനായി കഴിയാവുന്നത്ര ശ്രമിക്കുകയാണ് എൽ.ഡി.എഫ് സർക്കാർ. സമഗ്രവും സർവ്വതലസ്പർശിയുമായ വികസനമെന്ന ഇടതുപക്ഷ മുദ്രാവാക്യം ഈ ആശയത്തെയാണ് പ്രതിഫലിപ്പിക്കുന്നത്.

ആ ദിശയിൽ എൽഡിഎഫ് സർക്കാർ നടത്തുന്ന പ്രവർത്തനങ്ങൾ മികച്ച രീതിയിൽ മുന്നേറുന്നു എന്നതിന്റെ ദൃഷ്ടാന്തമായി ഇത്തവണത്തെ നിതി ആയോഗിന്റെ ദാരിദ്ര്യ സൂചിക പുറത്തുവിട്ട ഫലങ്ങൾ.രാജ്യത്തെ ഏറ്റവും ദാരിദ്ര്യം കുറഞ്ഞ സംസ്ഥാനമായി കേരളം വീണ്ടും തെരഞ്ഞെടുക്കപ്പെട്ടു. 2019–21 കാലയളവിൽ 2016-ൽ ഉണ്ടായിരുന്ന 0.7 ശതമാനത്തിൽ നിന്നും 0.55 ശതമാനമായി കുറഞ്ഞിരിക്കുന്നു. നിതി ആയോഗിന്റെ മാനദണ്ഡമനുസരിച്ച് രാജ്യത്ത് ദാരിദ്ര്യമില്ലാത്ത ഏക ജില്ലയായി എറണാകുളവും തെരഞ്ഞെടുക്കപ്പെട്ടു. 2019 മുതൽ 2021 വരെയുള്ള കാലയളവിൽ കേരളത്തിൽ 53,239 പേർ കൂടി ദാരിദ്ര്യാവസ്ഥ മറികടന്നുവെന്നു നിതി ആയോഗിന്റെ റിപ്പോർട്ട് വ്യക്തമാക്കുന്നു. പോഷകാഹാരം, വിദ്യാഭ്യാസം, പാചക ഇന്ധനം, ശുചിത്വം, ശുദ്ധജലം, വൈദ്യുതി, വീട്, ബാങ്ക് അക്കൗണ്ട്, ശിശുമരണം തുടങ്ങിയ സൂചകങ്ങളെ അടിസ്ഥാനമാക്കിയാണ്‌ റിപ്പോർട്ട്‌ തയ്യാറാക്കപ്പെട്ടത്.

കോവിഡും മഹാമാരികളും രാജ്യമാകെ ഉടലെടുത്ത സാമ്പത്തിക പ്രതിസന്ധികളും കേന്ദ്ര സർക്കാരിന്റെ ഫെഡറലിസത്തെ അട്ടിമറിക്കാനുള്ള ശ്രമങ്ങളും ഉൾപ്പെടെ നിരവധി പ്രതിസന്ധികൾ നേരിടേണ്ടി വന്ന ഒരു ഘട്ടമായിരുന്നിട്ടു കൂടി കേരളത്തിനിതു സാധിച്ചു എന്നത് ഈ നേട്ടത്തിന്റെ മാറ്റു കൂട്ടുന്നു. ദാരിദ്ര്യ നിർമ്മാർജ്ജനത്തിനായി കൂടുതൽ മികച്ച പദ്ധതികൾ ഏറ്റെടുത്തു മുന്നോട്ടു പോകുന്ന ഈ സന്ദർഭത്തിൽ ഈ നേട്ടം സർക്കാരിനു കൂടുതൽ ആത്മവിശ്വാസവും ദിശാബോധവും പകരുന്നു. ആ പദ്ധതികളിൽ വളരെ പ്രധാനപ്പെട്ട ഒന്നാണ് കടുത്ത ദാരിദ്ര്യം പൂർണമായും ഇല്ലാതാക്കുന്നതിനായി നടപ്പാക്കുന്ന അതിദാരിദ്ര്യ നിർമ്മാർജ്ജന പദ്ധതി.

ആദ്യമായാണ് ഒരു ഇന്ത്യന്‍ സംസ്ഥാനം അതിദാരിദ്ര്യം നിര്‍മ്മാര്‍ജ്ജനം ചെയ്യുന്നതിനുള്ള പ്രത്യേക പദ്ധതി നടപ്പാക്കുന്നത്. അത് കേരളമാണെന്ന കാര്യത്തിൽ നമുക്കേവര്‍ക്കും അഭിമാനിക്കാം. അതിദരിദ്രരായ ഒരാള്‍ പോലും കേരളത്തിലുണ്ടാവില്ല എന്ന് ഉറപ്പു വരുത്താനാണ് ഈ പദ്ധതി ലക്ഷ്യമിടുന്നത്. ഇക്കാര്യം ഉറപ്പാക്കാനാണ് ശ്രമിക്കുന്നത്. അത് നവകേരള നിര്‍മ്മിതിയിലേക്കുള്ള പ്രധാന ചുവടുവെയ്പായി മാറുകയും ചെയ്യും.

അതിദരിദ്രരെയും അഗതികളെയും കണ്ടെത്തുന്നതിനും, അവരെ അതിജീവനത്തിന് സഹായിക്കുന്നതിനുമായി 2016-ൽ അഗതിരഹിത കേരളം പദ്ധതി നടപ്പാക്കിയിരുന്നു. ഈ പദ്ധതിയിലും മറ്റ് ദാരിദ്ര്യനിര്‍മ്മാര്‍ജ്ജന പദ്ധതികളിലും ഉള്‍പ്പെടാതെ പോയ അതിദരിദ്രരെക്കൂടി ഉള്‍ക്കൊള്ളുന്ന ഒരു പദ്ധതിയായാണ് അതിദാരിദ്ര്യ നിര്‍മ്മാര്‍ജ്ജനത്തെ സര്‍ക്കാര്‍ വിഭാവനം ചെയ്യുന്നത്. കഴിഞ്ഞ ഇടതുപക്ഷ ജനാധിപത്യ മുന്നണി സര്‍ക്കാരിന്റെ തുടര്‍ച്ചയായി ഈ എൽഡിഎഫ് സര്‍ക്കാര്‍ അധികാരത്തിലെത്തുമ്പോള്‍ ആദ്യ മന്ത്രിസഭായോഗത്തിൽ തന്നെ എടുത്ത തീരുമാനമായിരുന്നു അതിദാരിദ്ര്യ നിര്‍മ്മാര്‍ജ്ജനം നടപ്പാക്കുക എന്നത്.

അതിനായി അതിദരിദ്ര കുടുംബങ്ങളെ കണ്ടെത്തുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ സർക്കാർ ആരംഭിച്ചു. ഭക്ഷണം, സുരക്ഷിതമായ വാസസ്ഥലം, അടിസ്ഥാന വരുമാനം, ആരോഗ്യസ്ഥിതി എന്നീ നാലു ഘടകങ്ങളെ അടിസ്ഥാനമാക്കിയാണ് അതിദാരിദ്ര്യം നിര്‍ണയിച്ചിട്ടുള്ളത്. അതിദരിദ്രരുടെ പട്ടിക ജനകീയ പങ്കാളിത്തത്തോടെ സാമൂഹിക സംഘടനാ പ്രവര്‍ത്തകരുടെയും കുടുംബശ്രീ അയൽക്കൂട്ടം പ്രവര്‍ത്തകരുടെയും ഫോക്കസ് ഗ്രൂപ്പ് ചര്‍ച്ചകളിലൂടെയും വാര്‍ഡുകളിലെ ക്ലസ്റ്റര്‍തല ചര്‍ച്ചകളിലൂടെയും തയ്യാറാക്കപ്പെട്ട വിവിധ പട്ടികകള്‍ ഏകോപിപ്പിച്ചു കൊണ്ടാണ് തയ്യാറാക്കിയത്.

പട്ടികയിൽ ഉള്‍പ്പെട്ട ഓരോ കുടുംബത്തേയും സന്ദര്‍ശിച്ച് നിശ്ചിത മാനദണ്ഡങ്ങള്‍ അടിസ്ഥാനമാക്കിയുള്ള വിവരശേഖരണം നടത്തുക എന്നതായിരുന്നു അടുത്ത ഘട്ടം. പ്രത്യേകം തയ്യാര്‍ചെയ്ത ഒരു മൊബൈൽ ആപ്ലിക്കേഷന്‍ വഴിയാണ് ഈ പ്രവര്‍ത്തനം നടത്തിയത്. തുടര്‍ ഇടപെടലുകള്‍ക്കു സഹായകമായ രീതിയിൽ , ഓരോ വീടിന്റെയും ലൊക്കേഷന്‍ കൂടി ഇതിൽ രേഖപ്പെടുത്തി. ഈ പട്ടികകള്‍ വാര്‍ഡ് / ഗ്രാമ സഭകളുടെ അംഗീകാരത്തിന് സമര്‍പ്പിച്ച്, പരാതികള്‍ പരിഹരിച്ച് അന്തിമ പട്ടിക പ്രസിദ്ധീകരിച്ചു. 64,006 കുടുംബങ്ങളാണ് ഈ അന്തിമപട്ടികയിൽ ഉള്‍പ്പെട്ടത്. 2021 ജൂലൈ മുതൽ 2022 ജനുവരി വരെ നീണ്ടു നിന്ന ഈ പ്രവര്‍ത്തനങ്ങളിലൂടെയാണ് അതിദരിദ്രരെ കണ്ടെത്തൽ പ്രക്രിയ പൂര്‍ത്തിയാക്കിയത്.

പട്ടികയിൽ ഉള്‍പ്പെട്ട 35% കുടുംബങ്ങള്‍ വരുമാന മാര്‍ഗങ്ങള്‍ ഇല്ലാതെ കഷ്ടത അനുഭവിക്കുന്നവരാണ്. 24% കടുത്ത ആരോഗ്യപ്രശ്നങ്ങള്‍ കാരണം അവശത അനുഭവിക്കുന്നു. 21% പേര്‍ ആഹാര ലഭ്യതയില്ലാത്ത ദരിദ്രകുടുംബങ്ങളിൽ ഉള്‍പ്പെടുന്നു. 15% പേര്‍ക്ക് വാസയോഗ്യമായ ഭവനങ്ങളില്ല. പ്രത്യേക ദുര്‍ബല വിഭാഗങ്ങള്‍ 3% മാത്രമാണ്. മൊത്തം കുടുംബങ്ങളിൽ 5% പട്ടികവര്‍ഗ വിഭാഗത്തിൽപ്പെടുന്നവരും 20% പട്ടികജാതി വിഭാഗത്തിൽ പെടുന്നവരും 75% പൊതുവിഭാഗത്തിൽപ്പെടുന്നവരുമാണ്. 2,737 കുടുംബങ്ങള്‍ തീരദേശവാസികളാണ്. ഈ കുടുംബങ്ങളെ ദാരിദ്ര്യത്തിൽ നിന്നും കരകയറ്റുക എന്നതുകൊണ്ട് ഉദ്ദേശിക്കുന്നത് അവര്‍ക്ക് നിത്യവരുമാനം ഉറപ്പാക്കുക, അടിസ്ഥാനസൗകര്യങ്ങള്‍ ഒരുക്കുക, ആരോഗ്യസേവനങ്ങള്‍ ഉറപ്പാക്കുക തുടങ്ങിയവയാണ്. അതിനെല്ലാമൊപ്പം സാമ്പത്തിക സ്വയംപര്യാപ്തതയിലേക്ക് ഓരോ കുടുംബത്തിനും എത്തിച്ചേരാനുള്ള സാമൂഹിക സാഹചര്യം സൃഷ്ടിക്കുക കൂടിയാണ് സര്‍ക്കാരിന്റെ ലക്ഷ്യം.
അതിനെല്ലാം ഉതകുന്നവിധം വിവിധ പദ്ധതികളെക്കുറിച്ച്, ആരോഗ്യ സംരക്ഷണത്തെക്കുറിച്ചും വിദ്യാഭ്യാസ ലഭ്യതയെക്കുറിച്ചുമുള്ള വിവരങ്ങള്‍ ദരിദ്രരിലേക്ക് എത്തിക്കണം. അതിന്റെ ഗുണഫലങ്ങള്‍ അവര്‍ക്ക് മനസ്സിലാക്കിക്കൊടുക്കണം. അടിസ്ഥാന സൗകര്യങ്ങള്‍ ലഭിക്കുന്നതിൽ അവര്‍ക്ക് പരിമിതികളുണ്ടാകാം. അത് വീടിന്റെ കാര്യത്തിലാവാം, കുടിവെള്ളം ലഭിക്കുന്നതിലാകാം, ആരോഗ്യ സൗകര്യങ്ങള്‍ കിട്ടുന്നതിലാകാം.

ദരിദ്രരായ ആളുകള്‍ക്ക് അപ്രാപ്യമായ ഇൻഷുറൻസ് ഉൾപ്പെടെയുള്ള മേഖലകളിൽ സര്‍ക്കാര്‍ ഇടപെടലുകള്‍ ആവശ്യമാണ്. അതുകൊണ്ടാണ് 43 ലക്ഷം കുടുംബങ്ങള്‍ക്ക് കാരുണ്യ സമഗ്ര ആരോഗ്യ ഇന്‍ഷുറന്‍സ് പദ്ധതിയുടെ ഗുണഫലങ്ങള്‍ ലഭ്യമാക്കുന്നത്. കഴിഞ്ഞ സാമ്പത്തികവര്‍ഷം 1,630 കോടി രൂപയാണ് കാരുണ്യ ഇന്‍ഷുറന്‍സിനായി സംസ്ഥാന സര്‍ക്കാര്‍ ചെലവഴിച്ചത്. ആറര ലക്ഷത്തോളമാളുകള്‍ക്ക് ഇതിലൂടെ ചികിത്സാ സഹായം ലഭ്യമാവുകയും ചെയ്തു.

സമൂഹത്തിൽ ഉറച്ചുപോയതും എന്നാൽ യാതൊരു സാംഗത്യവുമില്ലാത്തതുമായ പല ചിന്താഗതികളെയും മാറ്റിമറിച്ചു കൊണ്ടുകൂടി മാത്രമേ ദാരിദ്ര്യ നിര്‍മ്മാര്‍ജനം സാധ്യമാവുകയുള്ളൂ. കാൽ നൂറ്റാണ്ടിനു മുമ്പ് കുടുംബശ്രീ പ്രസ്ഥാനത്തിനു തുടക്കം കുറിക്കുമ്പോള്‍ പലരും ചില സംശയങ്ങള്‍ പ്രകടിപ്പിച്ചിരുന്നു. ഉത്പാദന– – വിപണന മേഖലകളിൽ സ്ത്രീകള്‍ക്ക് മാത്രമായി മുന്നേറാന്‍ കഴിയുമോ എന്നതായിരുന്നു പലരുടെയും സംശയം. കുടുംബശ്രീ 25 വര്‍ഷം പിന്നിടുമ്പോള്‍ ആ സംശയങ്ങളെല്ലാം അപ്രസക്തമായിരിക്കുന്നു എന്നു തെളിഞ്ഞിരിക്കുക മാത്രമല്ല, കുടുംബശ്രീ ഇന്നു ലോകത്തിനാകെ മാതൃകയായിത്തീരുകയും ചെയ്തിരിക്കുന്നു.

അതിദരിദ്രരുടെ പട്ടികയിൽപ്പെട്ട കുടുംബങ്ങളുടെ പ്രശ്നങ്ങളും ആവശ്യങ്ങളും പ്രത്യേകമായി എടുത്ത് പരിശോധിച്ചാൽ ഓരോന്നും വ്യത്യസ്തമാണെന്ന് കാണാം. അവ പ്രത്യേകമായി പരിശോധിച്ച് പരിഹാരം ഉണ്ടാക്കുക എന്ന ലക്ഷ്യത്തോടെയാണ് മൈക്രോ പ്ലാനുകള്‍ രൂപീകരിക്കാന്‍ തീരുമാനിച്ചത്. ആ മൈക്രോ പ്ലാന്‍ രൂപീകരണം പൂര്‍ത്തിയായി. അതിദാരിദ്ര്യ നിര്‍ണ്ണയ പ്രക്രിയയിലൂടെ കണ്ടെത്തിയ കുടുംബങ്ങളെയും വ്യക്തികളെയും അവരുടെ നിലവിലുള്ള ജീവിതാവസ്ഥയിൽ നിന്നും കരകയറ്റാന്‍ ഉപകരിക്കുന്ന സൂക്ഷ്മതല പദ്ധതിയാണ് മൈക്രോ പ്ലാന്‍. ഇതിനായി പ്രത്യേക മാര്‍ഗനിര്‍ദ്ദേശങ്ങള്‍ തയ്യാറാക്കി പുറപ്പെടുവിച്ചു. തങ്ങളുടെ അതിദാരിദ്ര്യാവസ്ഥയെക്കുറിച്ചും അതിനെ മറികടക്കുന്നതിനെക്കുറിച്ചുമുള്ള ഓരോ കുടുംബത്തിന്റെയും അഭിപ്രായങ്ങള്‍ കൂടി പരിഗണിച്ചാണ് മൈക്രോ പ്ലാനുകള്‍ രൂപപ്പെടുത്തിയത്.

ഇനി ഹ്രസ്വകാല, ദീര്‍ഘകാല പദ്ധതികളിലൂടെ മുഴുവന്‍ അതിദരിദ്രരെയും ദാരിദ്ര്യത്തിൽ നിന്ന് മോചിപ്പിക്കുകയും മികച്ച ജീവിതനിലവാരം ഉറപ്പുവരുത്തുകയും ചെയ്യും. ഉടന്‍ നടപ്പിലാക്കേണ്ടവ, ഹ്രസ്വകാലത്തിൽ പൂര്‍ത്തിയാക്കേണ്ടവ, ദീര്‍ഘകാലത്തിനുള്ളിൽ ഉറപ്പാക്കേണ്ടവ എന്നിങ്ങനെ തരംതിരിച്ചാണ് പ്രവര്‍ത്തനങ്ങള്‍ നിശ്ചയിച്ചിട്ടുള്ളത്. അതിൽ ഏറെ വേഗത്തിൽ നടപ്പാക്കേണ്ട ഒന്നായിരുന്നു കൈവശാവകാശ രേഖകള്‍ ലഭ്യമാക്കൽ. അതിന്റെ ഭാഗമായാണ് ‘അവകാശം അതിവേഗം’ എന്ന പേരിൽ ഓരോ കുടുംബത്തിനും അര്‍ഹമായ അവകാശ രേഖകള്‍, പാചക വാതക കണക്ഷനുകൾ, വൈദ്യുതി കണക്ഷനുകൾ എന്നിവയെല്ലാം ലഭ്യമാക്കുന്നതിനുള്ള നടപടികള്‍ സ്വീകരിച്ചത്. നിരവധി പേരെ കുടുംബശ്രീയുടെ ഭാഗമാക്കി. ഏറ്റവും പ്രധാനപ്പെട്ട മറ്റൊരു പ്രവര്‍ത്തനം, വീട് ലഭിക്കാന്‍ അര്‍ഹതയുണ്ടായിട്ടും ലൈഫ് ഭവന പദ്ധതിയിൽ അപേക്ഷിക്കാന്‍ കഴിയാതിരുന്ന, വീട് മാത്രം ആവശ്യമുള്ള 5,724 കുടുംബങ്ങളെയും വസ്തുവും വീടും ആവശ്യമുള്ള 5,616 കുടുംബങ്ങളെയും ലൈഫ് ഗുണഭോക്താക്കളുടെ പട്ടികയിൽ ഉള്‍പ്പെടുത്തി എന്നതാണ്. അങ്ങനെ ആകെ 11,340 അതിദരിദ്ര കുടുംബങ്ങള്‍ക്കാണ് പുതുതായി വീട് നൽകുന്നതിനുള്ള നടപടി സ്വീകരിച്ചത്.

ഭക്ഷണം ആവശ്യമുള്ളവരും എന്നാൽ പാചകം ചെയ്തു കഴിക്കാന്‍ സാഹചര്യമില്ലാത്തവരുമായ അതിദരിദ്ര കുടുംബങ്ങള്‍ക്ക് പാചകം ചെയ്ത ഭക്ഷണവും അല്ലാത്തവര്‍ക്ക് ഭക്ഷ്യ കിറ്റും നൽകുന്നുണ്ട്. ജനകീയ ഹോട്ടൽ, കുടുംബശ്രീ അയൽക്കൂട്ടങ്ങള്‍, സന്നദ്ധ സംഘടനകള്‍ തുടങ്ങിയവയെ സംയോജിപ്പിച്ചാണ് ഭക്ഷണ വിതരണം നടക്കുന്നത്.

അതിദാരിദ്ര്യ നിര്‍മ്മാര്‍ജ്ജന ഉപപദ്ധതിയുടെ കാര്യക്ഷമമായ നടത്തിപ്പിൽ വിവിധ സര്‍ക്കാര്‍ വകുപ്പുകളും ഏജന്‍സികളും നിര്‍ണായകമായ പങ്കാണ് വഹിക്കുന്നത്. ഗൃഹസന്ദര്‍ശനം, പ്രത്യേക മെഡിക്കൽ ക്യാമ്പ് സംഘടിപ്പിക്കൽ തുടങ്ങിയവയിലൂടെ ചികിത്സയും തുടര്‍ചികിത്സയും ആവശ്യമുള്ളവരെ കണ്ടെത്തി അവ ഉറപ്പാക്കാന്‍ കഴിഞ്ഞിട്ടുണ്ട്. രോഗമുള്ളതായി കണ്ടെത്തിയ 34,544 പേരിൽ 22,054 പേരെയാണ് ആശുപത്രികളിലെത്തിച്ചത്. പുറമെ, വാതിൽ പടി സേവനം ആവശ്യമുള്ളവര്‍ക്ക് അതും ഉറപ്പാക്കി. ആംബുലന്‍സ് സേവനവും നൽകിവരുന്നുണ്ട്.

അതിദരിദ്രരിൽ വിദ്യാഭ്യാസം ഇല്ലാത്തവര്‍ക്ക് വിദ്യാഭ്യാസം നൽകുന്നതിനും തുടര്‍പഠനം നൽകേണ്ടവര്‍ക്ക് അത് നൽകുന്നതിനുമുള്ള നടപടികള്‍ വിദ്യാഭ്യാസ വകുപ്പ് ആരംഭിച്ചിട്ടുണ്ട്. കൂടാതെ, കുട്ടികള്‍ക്ക് കൗണ്‍സലിംഗ്, വൊക്കേഷണൽ ട്രെയിനിംഗ് തുടങ്ങിയവയും വിദ്യാഭ്യാസ വകുപ്പ് മുഖേന നൽകുന്നുണ്ട്. പോഷകാഹാരക്കുറവ് അനുഭവിക്കുന്ന അതിദരിദ്രരായ അമ്മമാര്‍ക്കും കുട്ടികള്‍ക്കും പോഷകാഹാരം നൽകുന്നതിനുവേണ്ട നടപടികളും സ്വീകരിച്ചിട്ടുണ്ട്. അതിദരിദ്രര്‍ക്കുള്ള പിന്തുണയ്ക്കായി ഗ്രാന്‍റുകള്‍/വായ്പകള്‍ തുടങ്ങിയവ സൊസൈറ്റികള്‍/ബാങ്കുകള്‍ മുഖേന ലഭ്യമാക്കുന്നതിനുള്ള നടപടികള്‍ ആരംഭിച്ചിട്ടുണ്ട്.

അതിദരിദ്ര പട്ടികയിലുള്‍പ്പെട്ട 301 എയ്ഡ്സ് രോഗികള്‍ക്ക് ചികിത്സ ഉള്‍പ്പെടെയുള്ള സേവനങ്ങള്‍ എയ്ഡ്സ് കണ്ട്രോള്‍ സൊസൈറ്റി വഴിയാണ് നൽകിവരുന്നത്. പല ബഹുജന – സര്‍വീസ് – സാമൂഹ്യ സംഘടനകളും അതിദാരിദ്ര്യ നിര്‍മാര്‍ജന പ്രവര്‍ത്തനങ്ങളിൽ സഹകരിക്കുന്നതിന് മുന്നോട്ടുവന്നിട്ടുണ്ട്. ഇവരെ കൂട്ടിയോജിപ്പിച്ച് ഏകോപനത്തോടെ മുന്നോട്ടുപോകേണ്ടതുണ്ട്. പദ്ധതിപ്രവര്‍ത്തനങ്ങള്‍ വാര്‍ഡുതലം മുതൽ സംസ്ഥാനതലം വരെ മോണിറ്റര്‍ ചെയ്യുന്നതിനായി ഒരു വെബ് പോര്‍ട്ടൽ സജ്ജീകരിച്ചിട്ടുണ്ട്. അതിദരിദ്രരായ ഓരോ വ്യക്തിയുടെയും വിവരങ്ങള്‍ ഇതിലൂടെ അറിയാന്‍ കഴിയും. കൂടാതെ, പദ്ധതിയുടെ പുരോഗതി വിലയിരുത്തുന്നതിനായി ഒരു മൊബൈൽ ആപ്ലിക്കേഷനും വികസിപ്പിച്ചിട്ടുണ്ട്. അങ്ങനെ നേരിട്ടുള്ള ഇടപെടലുകള്‍ മുതൽ സാങ്കേതികവിദ്യ ഉപയോഗിച്ചുള്ള പ്രവര്‍ത്തനങ്ങള്‍ വരെ ഏറ്റെടുത്തുകൊണ്ട് വളരെ ബൃഹത്തായ പ്രവര്‍ത്തനങ്ങളാണ് അതിദാരിദ്ര്യ നിര്‍മ്മാര്‍ജനത്തിനായി സര്‍ക്കാര്‍ നടത്തുന്നത്.

ഈ പ്രവര്‍ത്തനങ്ങളെല്ലാം തന്നെ വ്യക്തമാക്കുന്നത് അതിദാരിദ്ര്യ നിര്‍മ്മാര്‍ജനം ഏതെങ്കിലും ഒരു വകുപ്പിന്റെയോ ഓഫീസിന്റെയോ മാത്രം ഉത്തരവാദിത്വമല്ല എന്നതാണ്. കൂട്ടായ പ്രവര്‍ത്തനത്തിലൂടെ മാത്രമേ അതിദാരിദ്ര്യത്തെ ഇല്ലാതാക്കാന്‍ നമുക്കു കഴിയുകയുള്ളു. അതേസമയംതന്നെ ദാരിദ്ര്യ നിര്‍മ്മാര്‍ജന പ്രക്രിയ ഏതെങ്കിലും ഒരു പ്രത്യേക ഘട്ടത്തിനു വേണ്ടി മാത്രമല്ല എന്ന കാര്യവും തിരിച്ചറിയണം. ഇപ്പോള്‍ പട്ടികയിലുള്‍പ്പെട്ടിരിക്കുന്ന കുടുംബങ്ങളുടെ ജീവിതനിലവാരം മെച്ചപ്പെടുത്തുന്നതിലൂടെ ദാരിദ്ര്യം പൂര്‍ണമായും തുടച്ചുനീക്കി എന്ന് നമുക്ക് അവകാശപ്പെടാനാവില്ല. കാരണം, ആകസ്മികമായി ദാരിദ്ര്യത്തിലേക്കു തള്ളിവിടപ്പെടുന്ന നിരവധി വ്യക്തികളും കുടുംബങ്ങളും നമ്മുടെ നാട്ടിലുണ്ട്. അത്തരത്തിലുള്ളവര്‍ക്ക് തങ്ങള്‍ അകപ്പെടുന്ന പ്രതിസന്ധികളിൽനിന്നും കരകയറാനുള്ള ഒരു സാമൂഹ്യാന്തരീക്ഷം സൃഷ്ടിക്കുക എന്നതും പ്രധാനമാണ്. ഇതിനായി നിരന്തരമായ ഇടപെടലുകളും സാമൂഹ്യ നവീകരണവും ഏറെ അനിവാര്യമാണ്. അതൊരുക്കുക കൂടി ചെയ്തുകൊണ്ടുവേണം നാം മുന്നോട്ടുപോകേണ്ടത്. 

ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

sixteen − three =

Most Popular