വിദ്യാഭ്യാസ മേഖലയെ തകർക്കുമ്പോൾ ലക്ഷക്കണക്കിന് മനുഷ്യരുടെ ദൈനംദിന ജീവിതത്തിൽ മാത്രമല്ല അത് പ്രതിസന്ധി ഉണ്ടാക്കുന്നത്, ഒപ്പം ഭാവിയുടെ മേൽ കൂടി ഇരുൾ പടർത്തുകയാണ്. ഒരു സമൂഹത്തെ തങ്ങളുടെ അപ്രമാദിത്യത്തിനു കീഴടങ്ങും വിധം ഒരുക്കിയെടുക്കാനുള്ള ആയുധങ്ങളിൽ ഒന്നു കൂടിയാണ് വിദ്യാഭ്യാസ മേഖലയിൽ നടപ്പിലാക്കുന്ന പരിഷ്കാരങ്ങളും ഘടനാപരവും നയപരവുമായ മാറ്റങ്ങളുമെല്ലാം. ‘ലോകത്തെ മാറ്റിത്തീർക്കാനായി നിങ്ങൾക്ക് ഉപയോഗിക്കാവുന്ന ഏറ്റവും ശക്തമായ ആയുധമാണ് വിദ്യാഭ്യാസം’ എന്ന നെൽസൺ മണ്ടേലയുടെ ഉദ്ധരണി രാജ്യത്തെ പല കലാലയങ്ങളിലും എഴുതി വെച്ചിട്ടുണ്ടെങ്കിലും അത് അക്ഷരം പ്രതി പ്രാവർത്തികമാക്കുന്നത് ഇന്ത്യയിലെ ഭരണകൂടമാണെന്ന് കാണാനാകും. തങ്ങൾക്കനുകൂലമാം വിധം രാജ്യത്തെ പുനർ:നിർമിക്കാനുള്ള ഹിന്ദുത്വ-കോർപ്പറേറ്റ് ഭരണകൂടത്തിന്റെ പദ്ധതിയുടെ ഏറ്റവും വലിയ ഇരകളിലൊന്നായി വിദ്യാഭ്യാസ മേഖലയെ മാറ്റിത്തീർക്കുന്നതിന്റെ പലവിധ അനുഭവങ്ങൾക്കാണ് ഒൻപത് വർഷം പിന്നിട്ട മോദി ഭരണത്തിൻ കീഴിൽ നമ്മൾ സാക്ഷ്യം വഹിച്ചത്. ഈ ഇടപെടലുകളെല്ലാം തന്നെ ദൂരവ്യാപക പ്രത്യാഘാതങ്ങൾ ഉള്ളതാണെന്നും കാണാം.
ലോകത്ത് തന്നെ ഏറ്റവും വിവേചനപരമായ വിദ്യാഭ്യാസ രംഗം നിലനിൽക്കുന്ന നാടാണ് ഇന്ത്യ. ഇന്ത്യയിലെ കൊടിയ അസമത്വത്തിന്റെ നിരക്ക് വിദ്യാഭ്യാസത്തിന്റെ കാര്യത്തിലും അതുപോലെ പ്രതിഫലിക്കുന്നത് നമുക്ക് കാണാനാകും. ‘എല്ലാവർക്കുമൊപ്പം, എല്ലാവരുടെയും വികാസം’ എന്ന മുദ്രാവാക്യവുമായി 2014 ലെ തിരഞ്ഞെടുപ്പിനെ നേരിട്ട ബിജെപിയുടെ പിന്നീടുള്ള ഭരണകാലത്ത് പട്ടിണിയുടെയും ദാരിദ്രത്തിന്റെയും തോത് കുത്തനെ വർധിച്ചതായി എല്ലാ കണക്കുകളും വ്യക്തമാക്കുന്നുണ്ട്. പട്ടിണി ഒരു രാജ്യത്തെ ജനതയെ വരിഞ്ഞ് മുറുക്കുമ്പോൾ അതിന്റെ ഏറ്റവും വലിയ ഇരകളായി കുഞ്ഞുങ്ങൾ മാറുമെന്നത് ലോകമെമ്പാടുമുള്ള അനുഭവങ്ങൾ പഠിപ്പിക്കുന്നുണ്ട്. 2014 ൽ ലോക പട്ടിണി സൂചികയിൽ 55 ആയിരുന്നു ഇന്ത്യയുടെ സ്ഥാനമെങ്കിൽ ഇന്നത് 107 ആണ്. ഒൻപത് വർഷത്തിനിടയിൽ ഇന്ത്യ 52 രാജ്യങ്ങൾക്ക് പിറകിലേക്ക് തള്ളപ്പെട്ടിരിക്കുന്നു. ഇന്ത്യയിൽ അഞ്ച് വയസിനിടയിൽ മരിക്കുന്ന കുഞ്ഞുങ്ങളുടെ കണക്കെടുത്താൽ അതിൽ 65 ശതമാനം പേർക്കും പട്ടിണി മൂലമുള്ള കാരണങ്ങളാലാണ് ജീവൻ നഷ്ടമാകുന്നതെന്ന് ഔദ്യോഗിക രേഖകൾ തന്നെ സാക്ഷ്യപ്പെടുത്തുന്നുണ്ട്. സംഘപരിവാരം അടക്കിവാഴുന്ന നാട്ടിൽ ജീവശ്വാസം ലഭിക്കാതെ നവജാത ശിശുക്കൾ മരണത്തിലേക്ക് പിറന്നുവീഴുന്ന കാഴ്ച മറക്കാറായിട്ടില്ലല്ലോ. ലോകത്ത് പോഷകാഹാരക്കുറവ് മൂലമുള്ള വിളർച്ച അനുഭവിക്കുന്ന കുട്ടികളുടെ മൂന്നിലൊന്നും ഇന്ത്യയിലാണെന്നാണ് സർവേകൾ സൂചിപ്പിക്കുന്നത്. ഏകദേശം അഞ്ച് കോടി വരുമത്. എന്നുവച്ചാൽ ഇന്ത്യയിലെ വിളർച്ച ബാധിച്ച കുട്ടികളെല്ലാം ഒരു രാജ്യമായി മാറിയാൽ ലോകത്തെ ഏറ്റവും വലിയ മുപ്പത്തി ഒന്നാമത്തെ രാജ്യമായി അത് സ്ഥാനം നേടും. ഇന്ത്യയിൽ ബാല വേലയിലേർപ്പെട്ടിരിക്കുന്ന കുട്ടികളുടെ എണ്ണം കോവിഡിന് മുൻപത്തെ നാല് ശതമാനത്തിൽ നിന്നും അതിനു ശേഷം അഞ്ച് ശതമാനത്തിലേക്ക് വളർന്നുവെന്നും പഠനങ്ങൾ ചൂണ്ടിക്കാട്ടുന്നുണ്ട്. ഇതിനെ മറികടക്കാനുള്ള ക്രിയാത്മകമായ ഒരു പദ്ധതി പോലും മുന്നോട്ടു വെക്കാനോ നടപ്പിലാക്കാനോ മോദി സർക്കാരിന് സാധിച്ചിട്ടില്ല. എന്നു മാത്രമല്ല ഇവയോരോന്നും കൂടുതൽ ഭീതിതമായ ചിത്രങ്ങൾ നൽകുന്ന കാലമായി അവരുടെ ഭരണം മാറുകയും ചെയ്തു.
ഇത്തരമൊരു അപകടകരമായ സാഹചര്യത്തിലൂടെ ഇന്ത്യൻ ബാല്യങ്ങൾ കടന്നു പോകുമ്പോൾ പ്രാഥമിക വിദ്യാഭ്യാസം പോലും നേടാനാകാത്ത ലക്ഷക്കണക്കിന് കുട്ടികളുടെ രാജ്യമായി ഇത് മാറുമെന്നതിൽ തർക്കമില്ലല്ലോ. ഒന്നാം ക്ലാസിൽ ചേർന്നവരിൽ തന്നെ സെക്കൻഡറി തലത്തിലേക്ക് എത്തുന്നത് 77 ശതമാനം കുട്ടികൾ മാത്രമാണ്. ഹൈസ്കൂൾ പഠനം പൂർത്തിയാക്കി ഹയർ സെക്കൻഡറിയിലേക്കെത്തുന്നത് വെറും 55 ശതമാനവും ഉന്നത വിദ്യാഭ്യാസ രംഗത്ത് പ്രവേശനം നേടുന്നത് 27 ശതമാനം പേരും മാത്രവും. ഉന്നത വിദ്യാഭ്യാസ രംഗത്തുള്ള വിദ്യാർഥികളിൽ 63 ശതമാനം പേരും സ്വകാര്യ സ്ഥാപനങ്ങളിലാണ് പഠിക്കുന്നത് എന്നുകൂടി ഓർക്കണം. ഇനി ഗവേഷണത്തിന്റെ കാര്യമെടുത്താൽ അത് ഉന്നത വിദ്യാഭ്യാസ രംഗത്തുള്ള മൊത്തം വിദ്യാർഥികളുടെ കേവലം 0.5 ശതമാനം മാത്രമാണ്. അതായത് പത്ത് ലക്ഷം പേർക്ക് വെറും അഞ്ഞൂറ് ഗവേഷകർ മാത്രമുള്ള നാടാണ് ഇന്ത്യ. നമ്മൾ ഇതാ ഏതാനും നാളുകൾക്കുള്ളിൽ മറികടക്കും എന്ന് രാജ്യം ഭരിക്കുന്നവർ വീമ്പ് പറയുന്നു. ജപ്പാനിൽ ഇത് പത്ത് ലക്ഷത്തിന് അയ്യായിരത്തിനും മുകളിൽ ആണ്. ഇത്രമേൽ അസമത്വം കൊടികുത്തി വാഴുന്ന വിദ്യാഭ്യാസ മേഖലയെ കൂടുതൽ പ്രതിസന്ധികളിലേക്ക് തള്ളിവിട്ടു എന്നത് മാത്രമാണ് മോദി സർക്കാരിന്റെ ഭരണനേട്ടം.
ഇത്രയും പരിതാപകരമായ സാഹചര്യത്തിൽ വിദ്യാഭ്യാസത്തെ ജനകീയവും സാർവത്രികയും ജനാധിപത്യപരവുമാക്കി മാറ്റാൻ എന്തു ചെയ്യണം എന്ന ചോദ്യത്തിന്റെ ആദ്യത്തെ ഉത്തരം പൊതു വിദ്യാഭ്യാസം ശക്തിപ്പെടുത്തുക എന്നതുതന്നെയാണ്. പൊതുവിദ്യാലയങ്ങളിൽ സൗകര്യങ്ങൾ വർധിപ്പിക്കാനും ആധുനികവൽക്കരിക്കാനും ആവശ്യത്തിന് അധ്യാപകരെ നിയമിക്കാനും ഉച്ചഭക്ഷണവും യൂണിഫോമും പാഠപുസ്തകവുമെല്ലാം വിദ്യാർഥികൾക്ക് സൗജന്യമായി ലഭിക്കുന്നു എന്ന് ഉറപ്പാക്കാനും സ്കോളർഷിപ്പുകൾ ഏർപ്പെടുത്താനുമെല്ലാമുള്ള നടപടികളാണ് ആദ്യം സ്വീകരിക്കേണ്ടത്. അതിനായി കൂടുതൽ പണം ചെലവഴിക്കാൻ തയ്യാറാകുന്നതിനു പകരം ഉച്ച ഭക്ഷണത്തിനും സ്കോളർഷിപ്പുകൾക്കുമുൾപ്പടെയുള്ള ഫണ്ടുകൾ വെട്ടിക്കുറയ്ക്കുന്ന കാഴ്ചയാണ് നാം കണ്ടത്.
ഇന്ത്യയിലെ ഒന്നരലക്ഷം ഗവണ്മെൻ്റ് സ്കൂളുകളിൽ ഇപ്പോഴും വൈദ്യുതി കണക്ഷൻ ലഭിച്ചിട്ടില്ല. ആറര ലക്ഷത്തോളം ഗവണ്മെൻ്റ് സ്കൂളുകളിൽ (62 ശതമാനം) കമ്പ്യൂട്ടറോ ഏഴേ മുക്കാൽ ലക്ഷം സ്കൂളുകളിൽ (76 ശതമാനം) ഇൻ്റർനെറ്റ് കണക്ഷനോ ഇല്ല. ഇതിലും പരിതാപകരമാണ് ആദിവാസി മേഖലകളിലെ ചിത്രം. മോദി സർക്കാർ പാർലമെന്റിൽ സമർപ്പിച്ച കണക്കനുസരിച്ച് ഇന്ത്യയിലെ ആദിവാസി സ്പെഷൽ ഫോക്കസ് ജില്ലകളിലെ ആകെ വിദ്യാലയങ്ങളിൽ കേവലം മൂന്നര ശതമാനം സ്കൂളുകളിൽ മാത്രമാണ് ഇന്റർനെറ്റ് കണക്ഷനോട് കൂടിയ ഒരു കമ്പ്യൂട്ടറെങ്കിലും ഉള്ളത്. ഈ യാഥാർത്ഥ്യത്തെ പരിഗണിക്കാതെയാണ് ഡിജിറ്റൽ വിദ്യാഭ്യാസത്തെ ഔപചാരിക വിദ്യാഭ്യാസമാക്കി മാറ്റാനും ഓൺലൈൻ വിദ്യാഭ്യാസം അടിച്ചേൽപ്പിക്കാനുമൊക്കെ മോദി സർക്കാർ ശ്രമിച്ചത്. എന്നാൽ അതിനകത്ത് നില നിൽക്കുന്ന പുറന്തള്ളലിന്റെയും അവസര നിഷേധത്തിന്റെയും അപകടങ്ങളെ അഭിസംബോധന ചെയ്യാനുള്ള ഒരു നീക്കവും ഉണ്ടായില്ല. വിദ്യാഭ്യാസ അവസരങ്ങളിൽ നിന്നും പിന്നാക്ക വിഭാഗം വിദ്യാർഥികളെയും ആദിവാസി-ദളിത് വിദ്യാർഥികളെയുമെല്ലാം കൂടുതൽ കൂടുതൽ അകറ്റുന്ന നയത്തിന്റെ തീവ്രമായ നടത്തിപ്പുകാരായി മാറുകയായിരുന്നു ഇന്ത്യൻ ഭരണകൂടം. വിദ്യാഭ്യാസത്തിന് കൂടുതൽ പണം ചെലവഴിക്കാതിരിക്കാനുള്ള സുവർണാവസരമാക്കി അവർ ഓൺലൈൻ വിദ്യാഭ്യാസത്തെ മുതലെടുത്തു. ലോകമെമ്പാടുമുള്ള ഓൺലൈൻ വിദ്യാഭ്യാസ കമ്പനികൾക്ക് യഥേഷ്ടം വിഹരിക്കാനുള്ള സാഹചര്യം ഒരുക്കിക്കൊടുക്കുകയും ചെയ്തു. ഒപ്പം വിദേശ സർവകലാശാലകൾക്ക് യാതൊരു നിയന്ത്രണവുമില്ലാതെ ഇന്ത്യയിൽ കാമ്പസുകൾ ആരംഭിക്കാൻ അവസരമൊരുക്കുന്ന വിദേശ സർവകലാശാലാ ബിൽ ഉന്നത പഠന രംഗത്തെ കമ്പോളത്തിന് വിട്ടുകൊടുക്കുന്ന പ്രക്രിയയെ കൂടുതൽ തീവ്രമാക്കുകയും ചെയ്യും. കോർപ്പറേറ്റ് ലോകത്തിന് ആവശ്യമുള്ള കോഴ്സുകൾ മാത്രം പഠിപ്പിക്കുകയും അവർ നിശ്ചയിക്കുന്ന ഫീസ് നൽകാൻ ശേഷിയുള്ളവർക്ക് മാത്രം പ്രവേശനം നൽകുകയും ചെയ്യുന്ന വിദ്യാഭ്യാസത്തിൽ നിന്നും ജനാധിപത്യ സമൂഹത്തിന് എന്ത് പ്രതീക്ഷിക്കാൻ?
വിദ്യാഭ്യാസ മേഖലയെ പൂർണമായും സംഘപരിവാരത്തിന്റെ നിയന്ത്രണത്തിലാക്കാനുള്ള പദ്ധതികൾ മുന്നോട്ടുകൊണ്ടുപോയ കാലം കൂടിയായിരുന്നു ഇത്. അങ്ങനെ ഇന്ത്യയിലെ ഉന്നത വിദ്യാഭ്യാസ കേന്ദ്രങ്ങളെ തകർക്കുകയും ഹിന്ദുത്വയുടെ രാഷ്ട്രീയ പരിപാടികൾക്ക് ഓശാന പാടുന്നവരുടെ മാത്രം ഇടങ്ങളാക്കി അവയെ മാറ്റുകയുമായിരുന്നു ലക്ഷ്യം. ഓരോ ഉന്നത വിദ്യാഭ്യാസ സ്ഥാപനത്തിലും ഗവേഷകരും വിദ്യാർഥികളും അധ്യാപകരുമുൾപ്പടുന്ന അക്കാദമിക് സമൂഹത്തിന്റെ മേൽ കേന്ദ്ര സർക്കാർ ഏകപക്ഷീയമായ തീരുമാനം അടിച്ചേൽപ്പിച്ചു. ഏതൊരു അക്കാദമിക് സ്ഥാപനത്തിനും കാലങ്ങളായി അത് രൂപപ്പെടുത്തിയെടുത്ത അക്കാദമിക് സ്വഭാവവും ചട്ടക്കൂടുകളും പ്രത്യേകതകളുമുണ്ടാകും. അങ്ങനെയാണ് ഓരോ സ്ഥാപനവും വ്യത്യസ്തവും എന്നാൽ ഓരോന്നും സുപ്രധാനവുമാകുന്നത്. അതിന്റെ അനിഷേധ്യ ഭാഗമായ അക്കാദമിക് സമൂഹത്തെ അവഗണിക്കുകയെന്നാൽ ആ സ്ഥാപനത്തെത്തന്നെ അട്ടിമറിക്കുന്നതിന് തുല്യമാണ്. ഈ സർവകലാശാലകൾക്ക് യാതൊരു പ്രശ്നവും ഇല്ല എന്നല്ല ഈ പറഞ്ഞതിന്റെ അർത്ഥം. മറിച്ച് ആ പ്രശ്നങ്ങളെ മറികടക്കാനുള്ള കരുത്ത് അതിനകത്തെ അക്കാദമിക് സമൂഹത്തിൽ നിന്നുമാണ് ഉയർന്നുവരിക എന്നതാണ്. അത് തന്നെയാണ് ജെ എൻ യു ഉൾപ്പടെയുള്ള കാമ്പസുകളുടെ ചരിത്രവും. അങ്ങനെ സക്രിയവും ജനാധിപത്യപരവുമായ ഈ പ്രക്രിയയിലൂടെയാണ് ഇന്ത്യയിലെ തലയെടുപ്പുള്ള കലാലയങ്ങളെല്ലാം അതിന്റെ മികവ് വാർത്തെടുത്തത്. ഇവയെ തകിടം മറിക്കുക എന്ന ലക്ഷ്യമാണ് ഈ പ്രക്രിയയുമായി യാതൊരു ബന്ധവുമില്ലാത്ത, സ്ഥാപനങ്ങളുടെ തന്നെ തനതായ സ്വഭാവത്തിന് നിരക്കാത്ത, അക്കാദമിക് പ്രവർത്തനങ്ങളോട് യാതൊരു പ്രതിപത്തിയുമില്ലാത്ത സംഘപരിവാര പ്രചാരകരെയും സഹയാത്രികരെയും കുത്തിനിറച്ച് ഹിന്ദുത്വ രാഷ്ട്രീയം നേടിയെടുക്കാൻ ശ്രമിച്ചത്.
2017 ൽ പ്രാജ്ഞ പ്രവാഹ് എന്ന ആർഎസ്എസ് സംഘടനയുടെ ആഭിമുഖ്യത്തിൽ ഉന്നത വിദ്യാഭ്യാസ മേഖലയിൽ സംഘപരിവാരത്തിന്റെ ദേശവീക്ഷണത്തിനനുസരിച്ച പദ്ധതി എങ്ങനെ നടപ്പിലാക്കാം എന്ന് ചർച്ച ചെയ്ത ദ്വിദിന സെമിനാർ സംഘടിപ്പിക്കപ്പെട്ടിരുന്നു. അൻപത്തിയൊന്ന് വൈസ് ചാൻസലർമാരും എഴുന്നൂറിലധികം അധ്യാപകരുമാണ് അതിൽ പങ്കെടുത്തത്. ആർഎസ്എസ് സർസംഘചാലക് മോഹൻ ഭാഗവത് ഉൾപ്പടെയുള്ളവരാണ് അന്ന് അവർക്ക് നിർദേശങ്ങൾ നൽകിയത്.
പൂനെ ഫിലിം ഇൻസ്റ്റിറ്റ്യൂട്ടിൽ ഗജേന്ദ്ര ചൗഹാനെന്ന മൂന്നാംകിട സീരിയൽ നടനെ അധ്യക്ഷനായി നിയമിച്ചതും ജെഎൻയുവിൽ ജഗദീഷ് കുമാറിനെ വൈസ് ചാൻസലർ ആക്കിയതും പിന്നീട് അദ്ദേഹത്തെ യുജിസിയുടെ ചെയർമാനാക്കി ഉയർത്തിയതും സമാനമായ നിയമനങ്ങൾ ചരിത്ര ഗവേഷണ കൗൺസിലിലും നാഷണൽ ബുക്ക് ട്രസ്റ്റിലും ഇന്ത്യൻ കൗൺസിൽ ഫോർ സോഷ്യൽ സയൻസ് റിസേർച്ചിലുമെല്ലാം നടത്തിയതുമെല്ലാം ഈ സ്ഥാപനങ്ങളെ അകത്തു നിന്നും പിടിച്ചെടുക്കാനും തങ്ങളുടെ ഇംഗിതത്തിനനുസരിച്ച് മാത്രം പ്രവർത്തിക്കുന്ന ഒന്നാക്കി രൂപപ്പെടുത്തുക എന്ന ലക്ഷ്യത്തോടെയുമായിരുന്നു. ഇന്ത്യയിലെ ഉന്നത വിദ്യാഭ്യാസ മേഖല ഇത്രയേറെ കടന്നാക്രമണങ്ങൾ നേരിട്ട മറ്റൊരു കാലം ചൂണ്ടിക്കാട്ടാനാകില്ല.
സർവകലാശാലകൾ പിടിച്ചെടുക്കാനുള്ള ആർ എസ് എസ് പദ്ധതി കൂടുതൽ എളുപ്പമാക്കുന്നതാണ് പുതിയ ദേശീയ വിദ്യാഭ്യാസ നയം. സെനറ്റും സിണ്ടിക്കേറ്റും അക്കാദമിക് കൗൺസിലും ഉൾപ്പടെയുള്ള ജനാധിപത്യ ബോഡികൾ ഇനി എളുപ്പം ഇല്ലായ്മ ചെയ്യാനോ നിർവീര്യമാക്കാനോ സാധിക്കും. പുതിയ നയം അനുസരിച്ച് ഗവണ്മെന്റിന്, എന്നുവച്ചാൽ ഭരിക്കുന്ന പാർട്ടിക്ക്, അവരുടെ താല്പര്യത്തിനനുസരിച്ച് നിയമിക്കാവുന്ന ഗവേണിംഗ് കൗൺസിലിനായിരിക്കും തീരുമാനം എടുക്കാനുള്ള അവകാശം. അതിൽ തെരഞ്ഞെടുക്കപ്പെടുന്ന പ്രതിനിധികൾ ഉണ്ടാകില്ല. അക്കാദമിക് പണ്ഡിതന്മാരോ വിദ്യാർഥികളോ ഉണ്ടാകില്ല. ഇത്രയും കാലം നിയമങ്ങളും ചട്ടങ്ങളും ലംഘിച്ചും ബലം പ്രയോഗിച്ചും നടപ്പിലാക്കിക്കൊണ്ടിരുന്നത് ഇനി ഔദ്യോഗിക സ്വഭാവത്തോടെ തന്നെ നടപ്പിലാക്കാൻ അവർക്ക് സാധിക്കും.
ഹിന്ദുരാഷ്ട്രവാദികളുടെ ബുൾഡോസർ പാഠപുസ്തകങ്ങൾക്ക് മേലും ഊക്കോടെ ആഞ്ഞടിച്ച് കൊണ്ടിരിക്കുന്നു. സംഘപരിവാരം അധികാരത്തിലെത്തിയ പല സംസ്ഥാനങ്ങളിലും ഇതിനും എത്രയോ മുന്നേ തന്നെ സ്കൂൾ ടെക്സ്റ്റുകൾ അവരുടെ രാഷ്ട്രീയ പദ്ധതികൾക്ക് അനുസൃതമായി മാറ്റുന്നത് നമ്മൾ കണ്ടിട്ടുണ്ട്. മനുസ്മൃതിയെയും ജാതി വ്യവസ്ഥയെയും വാഴ്ത്തുകയും കൊളോണിയൽ വിരുദ്ധ പോരാട്ടങ്ങളെ ഒഴിവാക്കുകയും മുസ്ലീം വിദ്വേഷം കുത്തിവെക്കുകയുമൊക്കെ ചെയ്യുന്ന എത്രയോ പാഠഭാഗങ്ങൾ ഗുജറാത്തിലെയും രാജസ്താനിലെയും യു പിയിലെയുമൊക്കെ സ്കൂൾ ടെക്സ്റ്റുകളിൽ പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. പരീക്ഷ ചോദ്യ പേപ്പറുകളെ പോലും നഗ്നമായ വർഗീയത പ്രചരിപ്പിക്കാനുള്ള ആയുധമാക്കിയ അനുഭവങ്ങളുമുണ്ട്. അതിനെയെല്ലാം കൂടുതൽ ഔപചാരികവും വ്യവസ്ഥാപിതവുമാക്കി മാറ്റി എന്നതാണ് എൻ സി ഇ ആർ ടി സിലബസ് മാറ്റങ്ങളുടെ പ്രത്യേകത. ചരിത്രത്തിൽ മാത്രമല്ല കത്തി വെച്ചിട്ടുള്ളത്. കാർഷിക പ്രതിസന്ധിയെക്കുറിച്ചും സാമ്പത്തിക അസമത്വത്തെക്കുറിച്ചും വർഗപരമായ ചൂഷണത്തെക്കുറിച്ചും വർഗീയതയുടെ അപകടങ്ങളെക്കുറിച്ചും ഭരണകൂട അതിക്രമങ്ങളെക്കുറിച്ചുമെല്ലാം ധാരണയുള്ളവരായി വിദ്യാർഥികളെ രൂപപ്പെടുത്താൻ ലക്ഷ്യമിട്ടിരുന്ന പാഠഭാഗങ്ങളും അപ്രത്യക്ഷമായിട്ടുണ്ട്. ശാസ്ത്ര പാഠപുസ്തകങ്ങളും സമാനമായ അതിക്രമത്തിന് ഇരയായിരിക്കുന്നു. മനുഷ്യോല്പത്തിയെയും ലോകത്തിന്റെ വളർച്ചയെയുമെല്ലാംകുറിച്ച് ശാസ്ത്രീയമായ ധാരണകൾ കുട്ടികളിൽ പകരുന്നതിന് പകരം മിത്തുകളും കെട്ടുകഥകളും ആധികാരികമായി പ്രതിഷ്ഠിച്ച് യുക്തിബോധത്തിന്റെ എല്ലാ അടരുകളെയും പൊളിച്ചുമാറ്റുക എന്ന അജൻഡ നടപ്പിലാക്കപ്പെടുകയാണ്. ശാസ്ത്രീയമായ ബോധം വളർത്തുകയെന്നത് ഭരണകൂടത്തിന്റെ നയരൂപീകരണങ്ങളുടെ അടിസ്ഥാന തത്വങ്ങളിൽ ഒന്നായി ഭരണഘടന തന്നെ പറയുന്ന രാജ്യത്താണ് അങ്ങേയറ്റം തെറ്റായ കാഴ്ചപ്പാടിലേക്ക് ഇനിവരുന്ന തലമുറകളെ ഭരണകൂടം നയിക്കുന്നതെന്ന് ഓർക്കുക. യുക്തി ചിന്തയും ജനാധിപത്യ ബോധവും മതനിരപേക്ഷമനസും വിമർശനാത്മക ബുദ്ധിയുമുള്ള വിദ്യാർഥികളെയല്ല വാർത്തെടുക്കാൻ പോകുന്നത്. മറിച്ച് സംഘപരിവാരം പ്രചരിപ്പിച്ചുകൊണ്ടിരിക്കുന്ന വികൃതവും അപൂർണവും വ്യാജവുമായ ചരിത്രത്തെയും ശാസ്ത്ര പാഠങ്ങളെയും ശിരസ്സാവഹിക്കുന്ന തലമുറകളെ ഉല്പാദിപ്പിക്കാനുള്ള വിപുലമായ പദ്ധതി അരങ്ങിലെത്തിക്കഴിഞ്ഞു.
രാജ്യത്ത് വിദ്യാഭ്യാസത്തിനായി ചെലവഴിക്കുന്ന തുകയുടെ 74 ശതമാനവും വഹിക്കുന്നത് സംസ്ഥാനങ്ങളാണ്. എന്നാൽ സംസ്ഥാനങ്ങൾക്ക് വിദ്യാഭ്യാസ രംഗത്ത് തീരുമാനമെടുക്കാനുള്ള അവകാശത്തെ പൂർണമായും നിരാകരിക്കും വിധമാണ് മോദി സർക്കാരിന്റെ പ്രവർത്തനങ്ങൾ. ഫെഡറൽ സംവിധാനങ്ങളെ തകർത്തുകൊണ്ടുള്ള നടപടികൾ വിദ്യാഭ്യാസ രംഗത്തെ പ്രതികൂലമായി മാത്രമേ ബാധിക്കൂ. ദേശീയ വിദ്യാഭ്യാസ നയം അനുസരിച്ച് സംസ്ഥാനങ്ങൾക്കും പഞ്ചായത്തുകൾക്കുമൊന്നും വിദ്യാഭ്യാസത്തിൽ കാര്യമായൊന്നും ചെയ്യാനില്ല. കേരളത്തിലൊക്കെ പൊതു വിദ്യാഭ്യാസ രംഗത്തെ പുരോഗതിയിൽ പഞ്ചായത്തുകളും നഗരസഭകളുമെല്ലാം വഹിച്ച പങ്ക് നിസ്സീമമാണല്ലോ. ഇവയ്ക്കെല്ലാം പകരം സംഘപരിവാരത്തിനോട് ചേർന്ന് നിൽക്കുന്ന എൻജിഒകളും സ്ഥാപനങ്ങളും ഒക്കെ മാത്രം പാഠപുസ്തക നിർമാണം മുതൽ ഉച്ചഭക്ഷണം വരെയുള്ള കാര്യങ്ങളിൽ തീരുമാനമെടുക്കാൻ വക വെക്കുന്നതാണ് പുതിയ പരിഷ്കാരങ്ങൾ. ഇതിന്റെ ആരംഭം കർണാടകത്തിലും ഗുജറാത്തിലുമെല്ലാം നാം കണ്ടതുമാണ്.
രാജ്യത്തെ വിദ്യാഭ്യാസ മേഖല കൂടുതൽ വാണിജ്യവൽക്കരിക്കപ്പെട്ടുകഴിഞ്ഞു. കേന്ദ്ര സർവകലാശാലകളിൽ ഉൾപ്പടെ വലിയ ഫീസ് വർധനവ് നടപ്പിലാക്കിയിരിക്കുന്നു. ജെഎൻയുപോലെ അപൂർവം കാമ്പസുകളിൽ വിദ്യാർഥികൾ സമരം ചെയ്ത് ഇവ പിൻവലിപ്പിച്ചെങ്കിലും വിദ്യാർഥികൾക്ക് ജനാധിപത്യാവകാശങ്ങൾ പൂർണമായും നിഷേധിക്കുന്ന ഭൂരിപക്ഷം സർവകലാശാലകളിലും പിന്നാക്ക വിഭാഗം വിദ്യാർഥികളുടെ തുടർ പഠനം തന്നെ മുടങ്ങുന്ന വിധം ഫീസ് വർധനവ് യാഥാർഥ്യമായിരിക്കുകയാണ്. ഐ ഐ ടികളിൽ ബിരുദ കോഴ്സുകൾക്കുള്ള ഫീസ് ഇരട്ടിയാക്കിയത് 2019 ൽ ആണ്. എം ടെക് ഫീസിൽ ഒൻപതിരട്ടി വർധനവും വരുത്തി. അതേ സമയം ന്യൂനപക്ഷ വിദ്യാർഥികൾക്കുള്ള മൗലാന ആസാദ് ഫെല്ലോഷിപ്പ് പൂർണമായും നിർത്തലാക്കുകയും ദളിത്-–ആദിവാസി-പിന്നാക്ക വിഭാഗം വിദ്യാർഥികൾക്കുള്ള ഫെല്ലോഷിപ്പുകൾ 30 മുതൽ 70 ശതമാനം വരെ വെട്ടിക്കുറയ്ക്കുകയും ചെയ്തു. ഇന്ത്യയിലെ ഐഐടികളിലെ വിദ്യാർഥികളിൽ എസ്-സി/എസ്ടി/ഒബിസി വിഭാഗങ്ങളിൽ പെടുന്നവരുടെ എണ്ണം 35 ശതമാനം മാത്രമാണ്. എന്നുവച്ചാൽ നിയമം അനുശാസിക്കുന്ന സംവരണം പോലും പാലിക്കാൻ ഈ കാമ്പസുകൾ തയ്യാറാകുന്നില്ല എന്നർഥം. ഉന്നത വിദ്യാഭ്യാസ മേഖലയെ പൂർണമായും സമൂഹത്തിലെ ഉപരിവർഗത്തിനുമാത്രം എത്തിപ്പെടാനും പഠനം പൂർത്തിയാക്കാനും സാധിക്കുന്ന വരേണ്യ സ്ഥാപനങ്ങളാക്കി മാറ്റാനുമുള്ള എല്ലാ ശ്രമങ്ങളെയും സ്പോൺസർ ചെയ്യുകയാണ് മോദി ഭരണകൂടം ചെയ്തത്. ഇന്ത്യയിലെ മാർക്കറ്റുകൾ അടക്കി ഭരിക്കുന്ന കോർപ്പറേറ്റുകൾക്ക് ദാസ്യ വേല ചെയ്യുന്ന കൂലിക്കാരെ സൃഷ്ടിക്കുന്നതിനപ്പുറം അറിവുല്പാദനമോ സ്വതന്ത്ര്യമായ ഗവേഷണങ്ങൾക്കുള്ള സാഹചര്യം ഒരുക്കലോ ജനാധിപത്യ സമൂഹത്തെ രൂപപ്പെടുത്തലോ സാമൂഹ്യ നീതിയിലേക്കുള്ള ചവിട്ടുപലകയായി വിദ്യാഭ്യാസത്തെ മാറ്റുകയോ ഒന്നും ഇന്നത്തെ ഭരണകൂടത്തിന്റെ അജൻഡയിലേ ഇല്ല. സംവരണത്തെക്കുറിച്ചോ മതനിരപേക്ഷതയെക്കുറിച്ചോ ഒരക്ഷരം സൂചിപ്പിക്കാത്ത വിദ്യാഭ്യാസ നയം പ്രയോഗത്തിൽ വന്നു തുടങ്ങി. ഹിന്ദുരാഷ്ട്ര നിർമിതിയ്ക്ക് ഉതകും വിധം ചരിത്രത്തെ വക്രീകരിച്ചും വർഗീയത കുത്തി നിറച്ചും പാഠപുസ്തകങ്ങളും സിലബസും മലീമസമാക്കിക്കഴിഞ്ഞു. വർഗീയതയുടെ പരേഡ് ഗ്രൗണ്ടുകളായി കാമ്പസുകളെ മാറ്റുകയെന്ന ലക്ഷ്യത്തിലേക്ക് സംഘപരിവാർ നിയന്ത്രണത്തിലുള്ള ഭരണകൂടം ചുവടുവെക്കുന്നു. ഭരണഘടന ഉറപ്പുനൽകുന്ന ഫെഡറൽ തത്വങ്ങളെയാകെ അട്ടിമറിക്കുകയും വിദ്യാഭ്യാസ പ്രവർത്തനങ്ങളിൽ നിന്നുപോലും സംസ്ഥാനങ്ങളുടെ അവകാശങ്ങൾ കവരുകയും ചെയ്ത് ‘ഒരൊറ്റ രാജ്യം, ഒരേയൊരു സംസ്കാരം’ എന്ന ഫാസിസത്തിന്റെ മുദ്രാവാക്യത്തിലേക്ക് വിദ്യാഭ്യാസത്തെക്കൂടി ചേർത്തുവെക്കുകയും ചെയ്യുന്നു. പ്രീ പ്രൈമറി മുതൽ ഗവേഷണം വരെയുള്ള മേഖലകളിൽ ഇവയുടെയെല്ലാം തിക്തഫലങ്ങൾ അനുഭവപ്പെട്ടു തുടങ്ങി. ഈ അപകടങ്ങൾ പത്തി വിടർത്തുന്നത് വിദ്യാർഥികൾക്ക് നേരെ മാത്രമല്ല. അതിന്റെ വിഷസ്പർശമേറ്റ് മരിക്കാൻ പോകുന്നത് ഇന്ത്യൻ ജനാധിപത്യം തന്നെയാണ്. ♦