Friday, November 22, 2024

ad

Homeകവര്‍സ്റ്റോറിനാരീശക്തിയുടെ 
പൊള്ളത്തരങ്ങൾ

നാരീശക്തിയുടെ 
പൊള്ളത്തരങ്ങൾ

ആർ പാർവതി ദേവി

ബിജെപിയുടെ പ്രത്യയശാസ്ത്ര അടിത്തറ സംഘപരിവാറിന്റേതാണ്. അവരുടെ ഭരണഘടന ആകട്ടെ മനുസ്മൃതിയും. അതുകൊണ്ടുതന്നെ സ്ത്രീവിരുദ്ധവുമാണ്. ലിംഗനീതിയെക്കുറിച്ചുള്ള ആധുനിക സങ്കല്പങ്ങൾ നരേന്ദ്രമോദി യുടെ നേതൃത്വത്തിലുള്ള ബി ജെ പി സർക്കാരിന് അന്യമാണെന്നതിനു തെളിവുകളുടെ നീണ്ട പട്ടിക നമ്മുടെ മുന്നിലുണ്ട് . നരേന്ദ്രമോദി എന്ന വ്യാജ വ്യക്തിത്വത്തിന് അനുയോജ്യമായ വിധത്തിൽ സ്ത്രീകൾക്ക് വേണ്ടിയെന്നോണം നിരവധി പദ്ധതികൾ പ്രഖ്യാപിച്ചു കൊണ്ട് ജനങ്ങളുടെ കണ്ണിൽ പൊടിയിടുന്നുണ്ട്. “ബേട്ടി ബച്ചാവോ ബേട്ടി പഠാവോ’ പോലെയുള്ള മുദ്രാവാക്യങ്ങൾ പബ്ലിക് റിലേഷൻ തട്ടിപ്പിന്റെ ഭാഗമായി പ്രചരിപ്പിക്കുന്നുണ്ട് . എന്നാൽ അടിസ്ഥാനപരമായി സ്ത്രീകളോടും ഇതര ലിംഗവിഭാഗങ്ങളോടുമുള്ള സമീപനം വിശദമായി പരിശോധിക്കുമ്പോൾ ബി ജെപി യുടെയും കേന്ദ്ര സർക്കാരിന്റെയും വരേണ്യപുരുഷാധിപത്യമുഖം വെളിപ്പെടുക തന്നെ ചെയ്യും.

ലിംഗനീതി, ലിംഗതുല്യത തുടങ്ങിയവയ്ക്ക് പ്രാധാന്യം നൽകുന്ന സമത്വാധിഷ്ഠിത ആധുനിക മൂല്യങ്ങളെ ഹിന്ദുത്വം ഒരിക്കലും അംഗീകരിച്ചിട്ടില്ല. മത ഭരണകൂടങ്ങൾ എന്നും സ്ത്രീ വിരുദ്ധമായിരുന്നു എന്നതിന് ചരിത്രത്തിൽ ഉദാഹരണങ്ങൾ അനവധിയാണ് . ഹിറ്റ്ലർ ജർമിയിൽ അധികാരം പിടിച്ചെടുത്തപ്പോൾ ആദ്യം ചങ്ങലക്കിട്ടത് സ്ത്രീകളെയും പിന്നീട് മാധ്യ മങ്ങളെയും ആണ്. ആക്രമണോത്സുക ആൺ കോയ്മയാണ് ഫാസിസത്തിന്റെ മുഖമുദ്ര. ആർഷഭാരത സംസ്കാരത്തിൽ ഊറ്റംകൊള്ളുന്ന ഇന്ത്യയിലെ ഹിന്ദുത്വപ്രയോക്താക്കൾക്കും സ്ത്രീ എന്നാൽ സേവിനി ആണ് . സേവയാണ് ആർഎസ്എസിന്റെ സ്ത്രീകൾക്കുള്ള ദൗത്യം. കുടുംബത്തെ സേവിക്കുക, നാടിനെ സേവിക്കുക, അങ്ങനെ ഉത്തമയായ സേവിനിയായി മാറുക. ആർഎസ് എസ് സൈദ്ധാന്തികൻ ഗോൾവാൾക്കർ പറയുന്നതും സാവിത്രിയെ ഇന്ത്യൻ സ്ത്രീകൾ മാതൃകയാക്കണം എന്നാണ്.

ഉത്തമ ഭാര്യയും സഹോദരിയും മകളുമാണ് നരേന്ദ്രമോദിക്കും സ്ത്രീ. (എന്നാൽ പ്രധാനമന്ത്രിയുടെ അമ്മയും ഭാര്യയും എങ്ങനെയാണ് ജീവിച്ചതെന്നത് മറ്റൊരു കഥ).

മതനിരപേക്ഷ ജനാധിപത്യ കാഴ്ചപ്പാടിൽ കർതൃത്വമുള്ള, തുല്യമായ അവകാശങ്ങളുള്ള ഒരു പൗരയാണ് സ്ത്രീ എന്നത് ഇന്ത്യൻ ഭരണഘടന നൽകുന്ന ഉറപ്പാണ് . എന്നാൽ സ്വാതന്ത്ര്യത്തിന്റെ അമൃതകാലമായി കേന്ദ്ര സർക്കാർ വാഴ്ത്തുമ്പോൾ ഇന്ത്യൻ സ്ത്രീയുടെ ചിത്രം ലോകവികസന ഭൂപടത്തിൽ തീർത്തും ലജ്ജാകരമാണെന്നു കാണാം . ലോക സാമ്പത്തിക ഫോറത്തിന്റെ കണക്കെടുപ്പിൽ 146 രാജ്യങ്ങളിൽ 127–ാമതാണ് ജെൻഡർ ഗ്യാപ് ഇൻഡക്സിൽ ഇന്ത്യയുടെ സ്ഥാനം. കഴിഞ്ഞ വർഷത്തേക്കാൾ 1 .4 ശതമാനം മെച്ചമുണ്ടായി എന്നാണ് അവകാശവാദം. സാമ്പത്തിക പങ്കാളിത്തം, വിദ്യാഭ്യാസം, ആരോഗ്യം, രാഷ്ട്രീയ പങ്കാളിത്തം എന്നിങ്ങനെ നാലു ഘടകങ്ങൾ പരിശോധിച്ചാണ് വിലയിരുത്തൽ നടത്തുന്നത്. വിദ്യാഭ്യാസത്തിൽ ചെറിയ പുരോഗതി ലോകമെമ്പാടും സംഭവിച്ചത് ഇന്ത്യയിലും പ്രതിഫലിച്ചിട്ടുണ്ട്. എന്നാൽ രാഷ്ട്രീയപങ്കാളിത്തത്തിലും സാമ്പത്തികപങ്കാളിത്തത്തിലും ഇന്ത്യൻ സ്ത്രീകൾ വളരെ പിന്നിലാണെന്ന് കണക്കുകൾ തെളിയിക്കുന്നു.

2014 ലെ ബി ജെ പിയുടെ പ്രകടനപത്രികയിലെ ഒരു സുപ്രധാന വാഗ്‌ദാനമായിരുന്നു ‘സ്ത്രീ ശാക്തീകരണം’. ശാക്തീകരണം എന്ന പ്രയോഗം പ്രകടനപത്രികയിൽ ഉൾപ്പെടുത്തിയതിൽ തന്നെ ചില സ്ത്രീവാദ വിദഗ്ധർ വിയോജിപ്പ് പ്രകടിപ്പിച്ചിരുന്നു. അധികാരവും ശക്തിയും ഉള്ളവർ അതില്ലാത്ത സ്ത്രീകളെ കരുണയോടെ സഹായിക്കുന്നു എന്നൊരു അർത്ഥം അവർ അതിനു നൽകിയിരുന്നു. എന്തായാലും ബി ജെപിയുടെ പ്രധാന വാഗ്ദാനം സ്ത്രീകൾക്കുനേരെ നടക്കുന്ന അതിക്രമങ്ങൾ ഇല്ലാതാക്കും എന്നതായിരുന്നു. കോൺഗ്രസ് സർക്കാരുകൾ ഇക്കാര്യത്തിൽ കാട്ടിയ അലംഭാവത്തെ അന്ന് ബിജെപി ശക്തമായി അപലപിക്കുകയും ചെയ്തു. അതിക്രമം എന്നത് ഒരു ദിവസംകൊണ്ടോ ഒരു ദിവസത്തെ പ്രഖ്യാപനംകൊണ്ടോ ഇല്ലാതാവില്ല. ആ സമൂഹത്തിൽ സ്ത്രീകൾക്കുള്ള പദവിയുടെ പ്രതിഫലനമാണ് അവർ സ്വകാര്യ, പൊതുഇടങ്ങളിൽ നേരിടുന്ന അതിക്രമങ്ങൾ. പൗരാവകാശങ്ങൾ ലഭ്യമായാൽ മാത്രമേ അതിക്രമങ്ങളും ഇല്ലാതാകൂ.

എന്നാൽ ബിജെപി അധികാരത്തിൽ വന്നതിനുശേഷം സ്ത്രീകളുടെ അവകാശങ്ങൾ തുടർച്ചയായി ലംഘിക്കപ്പെടുന്നതാണ് കാണാൻ കഴിഞ്ഞത്. അതുകൊണ്ടു തന്നെ അതിക്രമങ്ങളും വർധിക്കുന്നു. 2014 ലേതിനേക്കാൾ 64.5 % ആയി സ്ത്രീകൾക്കുനേരെയുള്ള അതിക്രമങ്ങൾ വർധിച്ചതായാണ് നാഷണൽ ക്രൈം റെക്കോഡ്‌സ് ബ്യുറോയുടെ കണക്കുകൾ. കുറ്റക്കാർ ശിക്ഷിക്കപ്പെടുന്നില്ല എന്നതാണ് പ്രധാനപ്പെട്ട പ്രശ്നം. 2021 ൽ 24.8 % മാത്രമാണ് ശിക്ഷിക്കപ്പെട്ടവരുടെ തോത്. ഇന്ത്യയിൽ ഒരു ദിവസം നടക്കുന്നത് 86 ബലാത്സംഗങ്ങളാണ്. 2021 ൽ 31,677 ബലാത്സംഗ കേസുകൾ റിപ്പോർട്ട് ചെയ്തതിൽ 3,033 പേരും പ്രായപൂർത്തിയാകാത്തവരാണ്. ബലാത്സംഗത്തിനു പുറമെ തട്ടിക്കൊണ്ടുപോകൽ, ആത്മഹത്യാപ്രേരണ , സ്ത്രീധന പീഡനം , കൊലപാതകം, ദുരഭിമാനക്കൊല, ആസിഡ് ആക്രമണം തുടങ്ങിയവയും ഇന്ത്യൻ സ്ത്രീകൾ നേരിടുന്ന പ്രധാന അതിക്രമങ്ങളാണ്. 2021 ൽ 45,026 സ്ത്രീകൾ ഇന്ത്യയിൽ ആത്മഹത്യ ചെയ്തു. ഇവരിൽ 51.5% പേരും വീട്ടമ്മമാരാണ്.

കത്വ, ഹത്രാസ്, ഉന്നാവൊ സംഭവങ്ങൾ ഇന്ത്യയിൽ സ്ത്രീകളും പെൺകുട്ടികളും നേരിടുന്ന ദുരനുഭവങ്ങളുടെ നേർ സാക്ഷ്യങ്ങൾ മാത്രമല്ല, അതിക്രമങ്ങളോടും കുറ്റവാളികളോടും ബി ജെപിക്കുള്ള കുറ്റകരമായ സമീപനത്തിന്റെ തെളിവു കൂടിയാണ് . കത്വയിൽ ഒരു എട്ടു വയസ്സുള്ള പെൺകുട്ടി ആണ് കൂട്ടബലാത്സംഗത്തിന് ഇരയായത്. കുറ്റവാളികൾക്ക് പിന്തുണ പ്രഖ്യാപിച്ചുകൊണ്ട് രണ്ടു ബി ജെ പി മന്ത്രിമാർ – ലാൽ സിംഗ് ചൗധരിയും ചന്ദൻ പ്രകാശും – പ്രകടനം നടത്തിയത് ഞെട്ടലോടെയാണ് ജനാധിപത്യ ഇന്ത്യ കണ്ടത്. കുറ്റവാളികൾ ഹിന്ദുക്കൾ ആണെന്നും അവരെ സംരക്ഷിക്കണമെന്നും ആവശ്യപ്പെട്ട് ഹിന്ദു ഏക്-താ മഞ്ച് രൂപീകരിച്ചായിരുന്നു പ്രകടനം. ത്രിവർണ പതാകയുമേന്തി വന്ദേ ഭാരതം എന്ന മുദ്രാവാക്യവും വിളിച്ചുകൊണ്ടാണ് പരസ്യമായി ബി ജെ പി നേതാക്കൾ തെരുവിലിറങ്ങിയത്. ഉത്തർപ്രദേശിലെ ഹത്രാസിൽ നടന്നത് ഇതിലും വിചിത്രവും ഭീകരവുമായ സംഗതികളാണ്. 19 വയസ്സുള്ള ഒരു ദളിത് യുവതിയെ ഉയർന്ന ജാതിയിൽപ്പെട്ട നാലു പേർ ചേർന്ന് ക്രൂരമായി ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തുകയായിരുന്നു. അവളുടെ നാവ് അരിഞ്ഞു മാറ്റിയിരുന്നു. പോലീസും സർക്കാരും ജില്ലാ ഭരണകൂടവും ബിജെപി നേതൃത്വവും ചേർന്ന് കേസ് മൂടി വെക്കാൻ ശ്രമിച്ച ഇന്ത്യയുടെ ചരിത്രത്തിനുതന്നെ അപമാനമാണ്. ഒരാഴ്ച കഴിഞ്ഞാണ് പോലീസ് കേസെടുത്തത്. യുവതിയുടെ കുടുംബത്തിന്റെ അനുമതി ഇല്ലാതെ പെട്രോൾ ഒഴിച്ച് മൃതദേഹം പൊലീസ് കത്തിച്ചുകളയുകയായിരുന്നു. ഈ സംഭവം ബി ജെ പി സർക്കാരിന് കളങ്കം ഉണ്ടാക്കുമെന്ന് വന്നപ്പോൾ ഒരു സ്വകാര്യ പിആർ എജൻസിയെ യോഗി ആദിത്യനാഥ് പ്രചാരണം ഏൽപ്പിച്ചതായി വയർ (Wire) പോലെയുള്ള ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. സംഭവം റിപ്പോർട്ട് ചെയ്യാൻ പോയ മലയാളി പത്രപ്രവർത്തകൻ സിദ്ദിഖ് കാപ്പനെ അറസ്റ്റ് ചെയ്തു ജാമ്യം നൽകാതെ മാസങ്ങൾ തടവറയിലാക്കിയ സംഭവവും മറക്കാനാവില്ല. രണ്ടു വർഷങ്ങൾക്കുശേഷമാണ് കാപ്പൻ മോചിതനായത്.

ബലാത്സംഗങ്ങൾ സംഭവിക്കുന്നതിനേക്കാൾ അപകടമാണ് ഭരണകൂടം ഈ കുറ്റകൃത്യങ്ങളോട് പുലർത്തുന്ന അലംഭാവം. ഹത്രാസ് സംഭവത്തിൽ നരേന്ദ്രമോദിയുടെ മൗനം അന്ന് വലിയ പ്രതിഷേധത്തിന് ഇടയാക്കിയിരുന്നു. ബിജെപിയുടെ സംസ്ഥാനത്തെ പ്രമുഖ നേതാവ് രൺജിത് ശ്രീവാസ്തവ ഹത്രാസ് സംഭവത്തിൽ നടത്തിയ പരാമർശം ദേശീയ വനിതാ കമ്മീഷൻപോലും അപലപിച്ചു. ഇത്തരം പെൺകുട്ടികൾ എന്തുകൊണ്ട് കരിമ്പ് തോട്ടത്തിലും ചോള വയലുകളിലും കുറ്റിക്കാട്ടിലുംമാത്രം കാണപ്പെടുന്നു? എന്തുകൊണ്ട് നെൽവയലുകളിൽ കാണുന്നില്ല എന്നായിരുന്നു അയാളുടെ ചോദ്യം. ബിജെപി എംഎൽഎ സുരേന്ദ്ര നാഥ് അഭിപ്രായപ്പെട്ടത് ബലാത്സംഗം ഒഴിവാക്കണമെങ്കിൽ പെൺകുട്ടികളെ സംസ്കാരം പഠിപ്പിക്കണം എന്നാണ്. യുപിയിൽ ഉന്നാവോയിൽ 2017 ലും 2019 ലും ദളിത് പെൺകുട്ടികളെ ആക്രമിച്ച സംഭവങ്ങളും ഏറെ കോളിളക്കം സൃഷ്ടിച്ചതാണ്. ജോലി നൽകാമെന്ന് വാഗ്ദാനം ചെയ്ത് പെൺകുട്ടിയെ ബിജെപി എംഎൽഎ കുൽദീപ് സെൻഗർ ബലാത്സംഗം ചെയ്ത കേസിൽ ഏറെക്കാലം പൊലീസും ഭരണകൂടവും നീതി നടപ്പാക്കാതെ നീട്ടിക്കൊണ്ടുപോയി. പെൺകുട്ടിയുടെ അച്ഛനെ കള്ളക്കേസിൽ കുടുക്കി. പെൺകുട്ടി നീതിക്കായി യോഗി ആദിത്യനാഥിന്റെ വീടിനു മുന്നിൽ തീകൊളുത്തി ആത്മഹത്യക്ക് ശ്രമിച്ചു. ഒടുവിൽ എം എൽ എ യെ അറസ്റ്റ് ചെയ്യാൻ പൊലീസ് നിർബന്ധിതമായി. മറ്റൊരു ദളിത് പെൺകുട്ടിയെ വിവാഹ വാഗ്ദാനം ചെയ്ത് രണ്ടു യുവാക്കൾ ബലാത്സംഗം ചെയ്യുകയും പോലീസിൽ പരാതി കൊടുത്തപ്പോൾ യുവതിയെ തീകൊളുത്തി കൊല്ലുകയും ചെയ്തു. ഇങ്ങനെ ഈ പട്ടിക നീളുന്നു.

ലൈംഗികാതിക്രമങ്ങൾക്കിരയാകുന്ന സ്ത്രീകളുടെ വസ്ത്രധാരണത്തെക്കുറിച്ചും സ്വഭാവദൂഷ്യത്തെക്കുറിച്ചും പറഞ്ഞുകൊണ്ട് കുറ്റവാളികളെ സംരക്ഷിക്കുന്ന “സംസ്കാര’ത്തിന്റെ വക്താക്കൾ ആണ് ഇന്ന് രാജ്യം ഭരിക്കുന്നത്.
2015 നും 2020 നും ഇടയ്ക്ക് ദളിത് സ്ത്രീകൾക്കുനേരെ നടക്കുന്ന ലൈംഗിക അതിക്രമങ്ങളിൽ 45 % വർധനവാണ് ഉണ്ടായിരിക്കുന്നത്. ഉത്തർപ്രദേശാണ് സ്ത്രീകൾക്ക് നേരെയുള്ള അതിക്രമങ്ങളിൽ ഏറ്റവും മുന്നിൽ. ദളിത് പെൺകുട്ടികളെ കൊന്ന് മരങ്ങളിൽ കെട്ടിത്തൂക്കിയ നിരവധി സംഭവങ്ങൾ റിപ്പോർട്ട് ചെയ്യപ്പെടുന്നു. ലഖിൻ പുർ ഖേരി, അംറോഹ, ബദാവുൻ മുതലായ ജില്ലകളിൽ സമാന സംഭവങ്ങൾ നടന്നു. എഫ് ഐ ആർ തയ്യാറാക്കാൻ പോലും ഇത്തരം സംഭവങ്ങളിൽ പൊലീസ് മടിക്കുന്നു. വൻ പ്രതിഷേധം ഉയരുമ്പോൾ മാത്രമാണ് നിയമസംവിധാനം ചലിക്കുന്നത്.

മാത്രമല്ല, ബി ജെ പിയുടെയും സംഘപരിവാറിന്റെയും മുസ്ലിം വിരോധത്തിന്റെ ഇരകളായി സ്ത്രീകൾ മാറി. പശു ഇറച്ചി കൈവശം വെച്ചൂവെന്ന് സംശയത്തിന്റെ പേരിൽ കൊലചെയ്യപ്പെട്ട മുസ്ലീങ്ങളുടെ എത്രയോ കുടുംബങ്ങളാണ് അനാഥമാക്കപ്പെട്ടത്. അന്യ സമുദായത്തിൽപ്പെട്ട യുവാവിനെ പ്രണയിച്ചു വിവാഹം കഴിച്ച ദളിത് യുവതികൾ കൊലചെയ്യപ്പെടുകയും പരസ്യമായി അപമാനിക്കപ്പെടുകയും ചെയ്തു.

ആക്രമണങ്ങൾ മാത്രമല്ല 
മോദിഭരണത്തിൽ 
സ്ത്രീകൾ നേരിടുന്ന പ്രശ്നം
തൊഴിൽ മേഖലയിലെ സ്ത്രീപങ്കാളിത്തവും ഇക്കാലയളവിൽ കുത്തനെ ഇടിഞ്ഞു. ലോകബാങ്ക് കണക്കുപ്രകാരം 2005 ൽ സ്ത്രീതൊഴിൽ പങ്കാളിത്തം 32 %ആയിരുന്നത് 2021 ആയപ്പോൾ 19 % ആയി ഇടിഞ്ഞു. അസംഘടിത മേഖലയിലും ഗാർഹികാധിഷ്ഠിത തൊഴിലും ഈ കണക്കിൽ ഉൾപ്പെടുന്നില്ല എന്ന് ചിലർ ചൂണ്ടികാട്ടുന്നുണ്ടെങ്കിലും സ്ത്രീ അവസ്ഥയുടെ തെളിവായി ഇത് കണക്കാതെ വയ്യ.അമൃതകാലമായ 2047 ആകുമ്പോൾ സ്ത്രീതൊഴിൽ പങ്കാളിത്തം 50 % ആകുമെന്ന് മോദി വീമ്പിളക്കുമ്പോൾ യാഥാർഥ്യം മറ്റൊന്നാണെന്നു വ്യക്തം.

കാർഷിക മേഖലയുടെ തകർച്ചയും ഏറ്റവും കൂടുതൽ ബാധിക്കുന്നത് സ്ത്രീകളെയാണ്. ഇന്ത്യൻ സ്ത്രീകൾ ഏറെയും പണിയെടുക്കുന്നത് കാർഷിക മേഖലയിലാണ്. കൃഷിഭൂമി കോർപ്പറേറ്റുകൾ കയ്യടക്കുകയും പരമ്പരാഗത കൃഷിരീതികൾ ഇല്ലാതാകുകയും ചെയ്യുമ്പോൾ സ്ത്രീകൾ കൂട്ടത്തോടെ തൊഴിൽരഹിതരാകുന്ന പ്രതിഭാസം ആഗോളവൽക്കരണത്തോടെ ഇന്ത്യയിൽ ശക്തമായിട്ടുണ്ട്. ഗ്രാമങ്ങൾ ഉപേക്ഷിച്ച് പട്ടണങ്ങളിലേക്ക് കുടിയേറിയ ദരിദ്രവിഭാഗത്തിൽപെട്ട സ്ത്രീകൾ വൈദഗ്ധ്യം ആവശ്യമില്ലാത്തതും കുറഞ്ഞകൂലി മാത്രം ലഭിക്കുന്നതും യാതൊരുവിധ നിയമസംരക്ഷണവും ഇല്ലാത്തതുമായ തൊഴിലെടുക്കാൻ നിർബന്ധിതരാകുന്നു.കോവിഡ് കാലത്ത് ഭാണ്ഡവും ചുമന്ന് തെരുവിലൂടെ നടന്നു നീങ്ങിയ ആയിരക്കണക്കിന് തൊഴിലാളി സ്ത്രീകളെ നമ്മൾ കണ്ടതാണല്ലോ. പട്ടിണി മാറ്റാൻ നാടും വീടും വിട്ട് മറ്റ് സംസ്ഥാനങ്ങളിലേക്ക് പോയവരാണവരെല്ലാം .

അന്ധവിശ്വാസവും അനാചാരങ്ങളും ജാതിവ്യവസ്ഥയും ദുരിതപൂർണമാക്കുന്ന ഇന്ത്യൻ സ്ത്രീജീവിത്തെ നവലിബറൽ മുതലാളിത്തം നരകതുല്യമാക്കുന്നു. മതനിരപേക്ഷതയെയും ജനാധിപത്യത്തെയും അട്ടിമറിച്ച് വർഗീയ ഫാസിസത്തിന് വളക്കൂറുള്ള മണ്ണൊരുക്കുന്ന സംഘപരിവാർ സ്ത്രീകളെ ഉപയോഗിച്ച് തങ്ങളുടെ ആശയലോകം വിപുലപ്പെടുത്താനാണ് ശ്രമിക്കുന്നത്. പത്തു മക്കളെ പ്രസവിക്കാൻ ആഹ്വാനം ചെയ്യുന്ന ശങ്കരാചാര്യർ, കൂടുതൽ മക്കളെ പ്രസവിച്ചു വളർത്തുന്ന സ്ത്രീകൾ രാജ്യസേവനാണ് ചെയ്യുന്നതെന്ന് പറയുന്ന ബി ജെപി എം പി സാക്ഷി മഹാരാജ് എന്നിവർ ലിംഗനീതിയുടെ ബാലപാഠങ്ങൾ പോലും മനസ്സിലാക്കുന്നില്ല.
ഇന്ത്യയിലെ സ്ത്രീകളിൽ 50 % സ്ത്രീകളും പ്രത്യുല്പാദന സംബന്ധമായ പ്രശ്നങ്ങൾ ഉള്ളവരാണ്. 65 % വരെ സ്ത്രീകളും കുട്ടികളും വിളർച്ച രോഗം ഉള്ളവരാണ്. ഇപ്പോൾ മോദി സർക്കാർ ദേശീയ കുടുംബാരോഗ്യ സർവേയിൽ നിന്നും വിളർച്ച രോഗത്തെ മാറ്റിയതിൽ ജനാധിപത്യ മഹിള അസോസിയേഷൻ ഉൾപ്പടെയുള്ള സംഘടനകൾ പ്രതിഷേധം രേഖപ്പെടുത്തിയിട്ടുണ്ട്.

നാരീശക്തിയെക്കുറിച്ച് പ്രസംഗിക്കുന്ന നരേന്ദ്ര മോദിയും അമിത് ഷായും സ്ത്രീകൾ അവരുടെ അവകാശങ്ങൾക്കുവേണ്ടി നടത്തുന്ന പോരാട്ടങ്ങളെ ക്രൂരമായി അടിച്ചമർത്തുന്ന കാഴ്ചയും നാം നിരന്തരം കാണുന്നു. ഇന്ത്യയുടെ അഭിമാനമായ ഗുസ്തി താരങ്ങൾ ബി ജെ പി എംപിയും ഗുസ്തി ഫെഡറേഷൻ പ്രസിഡന്റുമായ ബ്രിജ് ഭൂഷനെതിരെ നടപടി ആവശ്യപ്പെട്ട് നടത്തിയ സമരമാണ് ഏറ്റവും നല്ല ഉദാഹരണം. പൗരത്വ നിയമ ഭേദഗതിക്കെതിരെ ഷഹീൻബാഗിൽ മാസങ്ങളോളം നീണ്ട സമരത്തെയും എങ്ങനെയാണ് മോദി സർക്കാർ കൈകാര്യം ചെയ്തതെന്ന് ഓർക്കണം. ജെ എൻ യു ഉൾപ്പെടെയുള്ള സർവകലാശാല ക്യാമ്പസുകളിൽ വിദ്യാർത്ഥിനികൾ പോലീസ് പീഡനത്തിന് ഇരയാകുകയും അവരെ അന്യായമായി തടങ്കലിൽ വെക്കുകയും ചെയ്യുന്നു.

ബിജെപി പ്രകടന പത്രികയിലെ വാഗ്ദാനങ്ങളിൽ ഒന്നുപോലും നടപ്പിലാക്കാൻ കഴിഞ്ഞിട്ടില്ല. പാർലമെന്റിലും അസ്സംബ്ലിയിലും സ്ത്രീ സംവരണം കൊണ്ടു വരുന്ന ബില്ലും അട്ടത്തിൽ തന്നെയാണ്.

കണ്ണിൽ പൊടിയിടുന്ന ചില പ്രഖ്യാപനങ്ങളിൽ ആണ് മോദി സർക്കാർ പിടിച്ചുനിൽക്കുന്നത്. ആഗോളമായിത്തന്നെ കയ്യടി കിട്ടുന്നതിനും നവലിബറൽ ലോകത്തെ ആധുനിക നേതാവായി സ്വയം ചമയുന്നതിനും ലിംഗനീതിയെക്കുറിച്ചുള്ള വാചാടോപം ഒട്ടും കുറയ്ക്കാറില്ല നമ്മുടെ പ്രധാന മന്ത്രി. ദാരിദ്ര്യ രേഖയ്ക്ക് താഴെയുള്ള സ്ത്രീകൾക്ക് അടുക്കളയിലെ പുകയിൽ നിന്നും മോചനം എന്നു പറഞ്ഞാണ് പ്രധാനമന്ത്രി ഉജ്വല യോജന പദ്ധതി തുടങ്ങിയത്. സൗജന്യമായി കൊടുത്ത സിലിണ്ടറുകൾ ബഹുഭൂരിപക്ഷം സ്ത്രീകളും ഉപേക്ഷിച്ചു കഴിഞ്ഞു. കാരണം രണ്ടാമത് പാചകവാതകം നിറയ്ക്കണമെങ്കിൽ പണം കൊടുക്കണം . എല്ലാവർക്കും വീട് സൗജന്യമായി കൊടുത്തിട്ട് അടുത്തമാസം മുതൽ വാടക വാങ്ങുന്ന പരിപാടി ആണിത് എന്ന് സ്ത്രീകൾ ആരോപിക്കുന്നു. ഇത് പല ഉദാഹരണങ്ങളിൽ ഒന്ന് മാത്രം.

നാരീശക്തി ,ഭാരതമാതാവ്, ദേവി തുടങ്ങിയ അലങ്കാരങ്ങളും വിശേഷണങ്ങളും ഉപയോഗിച്ച് സ്ത്രീകളെ വാർപ്പ് മാതൃകയിൽ കുരുക്കിയിടുന്ന സംഘപരിവാർ അജൻഡയുടെ പരീക്ഷണം മാത്രമാണ് ഇന്ത്യയിൽ അരങ്ങേറുന്നത് . നരേന്ദ്ര മോദിയെ കാരുണ്യവാനായ കാരണവരോ ദേശസ്നേഹിയായ കാവൽക്കാരനോ ആയി വരച്ചു കാട്ടുവാൻ കോടിക്കണക്കിനു രൂപ കേന്ദ്ര സർക്കാർ പബ്ലിക് റിലേഷൻ ഏജൻസികൾക്കുവേണ്ടി ചെലവഴിക്കുമ്പോൾ സത്യാനന്തര കാലത്തെ വ്യാജ വ്യക്തിത്വനിർമാണം ആണതെന്നു തിരിച്ചറിയുക പ്രധാനമാണ്.

ദാരിദ്ര്യത്തിന്റെ സ്ത്രൈണവത്കരണം കൂടുതൽ രൂക്ഷമാക്കുന്ന നവ ലിബറൽ മുതലാളിത്തത്തെയും പാരമ്പര്യത്തിന്റെ അകത്തളങ്ങളിൽ സ്ത്രീകളെ തളയ്ക്കുന്ന മതവർഗീയതയെയും ചെറുക്കുന്നതിന് രാഷ്ട്രീയമായി കരുത്തു നേടുക മാത്രമാണ് സ്ത്രീ സമൂഹത്തിനു മുന്നിലുള്ള വിമോചന മാർഗം. 

ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

five × four =

Most Popular