Saturday, November 9, 2024

ad

Homeകവര്‍സ്റ്റോറിബിജെപി വാഴ്ചയിൽ പൊതുമേഖല നേരിടുന്ന ആക്രമണങ്ങൾ

ബിജെപി വാഴ്ചയിൽ പൊതുമേഖല നേരിടുന്ന ആക്രമണങ്ങൾ

സുദീപ് ദത്ത

പരിവർത്തനത്തിന്റെ പശ്ചാത്തലം ക്ഷേമരാഷ്ട്രത്തിൽനിന്നും 
നവലിബറൽ രാഷ്ട്രത്തിലേക്ക്
ന്ത്യാ രാജ്യത്തെ തൊഴിലാളികളുടെയും കർഷകരുടെയും ധീരോദാത്തമായ പോരാട്ടത്തിന്റെ ഫലമായി ഉയർന്നുവന്ന ഇന്ത്യയിലെ നവജാത സ്വതന്ത്ര ഭരണകൂടം ജനങ്ങൾക്കായി ചില ക്ഷേമപരിപാടികൾ നടപ്പിലാക്കാൻ ബാധ്യസ്ഥമായിരുന്നു. ഫാസിസത്തിനുമേൽ സോവിയറ്റ് യൂണിയൻ നേടിയ വിജയത്തിന്റെ സ്വാധീനം ഈ പുതിയ ഭരണകൂടത്തിന്റെ സ്വാതന്ത്ര്യാനന്തര വാഗ്ദാനങ്ങളിലുമുണ്ടായിരുന്നു. കൂടുതൽ മൂലധന നിക്ഷേപം ആവശ്യമായ അടിസ്ഥാന വ്യവസായങ്ങളോട് ഇന്ത്യൻ ബൂർഷ്വാസിക്ക് താൽപ്പര്യമുണ്ടായിരുന്നില്ല, അതിനുള്ള ശേഷിയും അവർക്കുണ്ടായിരുന്നില്ല; അതിനാൽ ഇന്ത്യൻ ഭരണകൂടം ഉൽപ്പാദനപരമായ ഒരു പങ്കു വഹിക്കാനും നിർബന്ധിതമായി. 1951ലെ ഇൻഡസ്ട്രിയൽ ഡെവലപ്മെന്റ് ആൻഡ് റെഗുലേഷൻ ആക്ടും 1956ലെ ഇൻഡസ്ട്രയൻ പോളിസി റഗുലേഷനുമനുസരിച്ച് പൊതുമേഖല സ്ഥാപിച്ചതിൽ ഇക്കാര്യം പ്രകടമാണ്. നിശ്ചയമായും കോളനി വാഴ്ച കഴിഞ്ഞശേഷമുള്ള ഇന്ത്യൻ ഭരണകൂടത്തിന്റെ ക്ഷേമരാഷ്ട്ര ദശയിൽത്തന്നെ (1991 വരെ) അതിനു വിരുദ്ധമായി സേ-്വച്ഛാധിപത്യപരമായ മർദനോപകരണങ്ങൾ സ്വകാര്യസ്വത്തിന്റെ, പ്രത്യേകിച്ചും ഭൂസ്വത്തിന്റെ, സംരക്ഷകരായും പ്രവർത്തിച്ചു; അതിനൊപ്പം ഇതേ സംവിധാനംതന്നെ ഉൽപ്പാദകരും, വിവിധ കുത്തക ചരക്കുകളുടെയും സേവനങ്ങളുടെയും പശ്ചാത്തല സൗകര്യങ്ങളുടെയും ദാതാക്കളും എന്ന നിലയിൽ ഉദാരമതിയും പുരോഗമനവാദിയും എന്നു വിളിക്കപ്പെടുന്ന ജനപക്ഷ മുഖവും പ്രകടിപ്പിച്ചു; ഖനികളുടെയും ധന ആസ്തികളുടെയും ദേശസാൽക്കരണത്തിനുപോലും തയ്യാറായി. എന്നാൽ ഭൂപരിഷ്-കരണം നടപ്പാക്കാതിരിക്കാൻ ഉറച്ചുനിന്നത് സാക്ഷാത്കാരപ്രതിസന്ധിക്കിടയാക്കുകയും 1980കളുടെ മധ്യത്തോടുകൂടി നിശ്ചിത വളർച്ച കെെവരിക്കാനുള്ള സാധ്യത ഇല്ലാതാക്കുകയും ചെയ്തു. ഇന്ത്യൻ സമ്പദ്ഘടനയെ സംബന്ധിച്ചിടത്തോളം നിർണായകമായ ഒരു ദശാസന്ധി പടിവാതിൽക്കൽ എത്തിനിൽക്കുകയായിരുന്നു.

നവലിബറലിസത്തിന്റെ 
കടന്നുവരവ്
ലോകബാങ്കിനെയും ഐഎംഎഫിനെയും പോലെയുള്ള സാമ്രാജ്യത്വ ഏജൻസികൾ ആവിഷ്-കരിച്ച പുത്തൻ വ്യവസായനയത്തിലൂടെയാണ് നവലിബറലിസം നടപ്പാക്കിയത്. ഭരണകൂടത്തിന്റെ സാമ്പത്തിക–രാഷ്ട്രീയ–പ്രത്യയശാസ്ത്ര കാഴ്ചപ്പാടുകളിൽ നവലിബറലിസം വളരെ ശ്രദ്ധേയമായ മാറ്റം അവതരിപ്പിച്ചു; ഉൽപ്പാദനമേഖലയിൽ ഇടപെട്ടിരുന്ന ഭരണകൂടത്തെ നവലിബറലിസം ക്രമേണ നികുതിപിരിവുമാത്രം നടത്തുന്ന ഒന്നാക്കി മാറ്റി. മിനിമം ഗവൺമെന്റ്, പരമാവധി ഭരണനിർവഹണം എന്ന മുദ്രാവാക്യത്തിന്റെ അർഥം അധീശത്വപരമായ ഭരണകൂടത്തിന് ജനങ്ങൾക്കുമേൽ ആധിപത്യം ഉറപ്പാക്കാൻ ക്ഷേമനടപടികളുടെ ആവശ്യമേ ഇല്ല എന്നാണ്.

സ്വകാര്യവൽക്കരണം, ഓഹരി വിറ്റഴിക്കൽ എന്നിവയിലൂടെയുള്ള പ്രാകൃത മൂലധന സഞ്ചയിക്കൽ പ്രക്രിയ ആഗോള ധനമൂലധനത്തിന് ഇടപെടാനുള്ള മേഖലയുടെ വ്യാപ്തി വർധിപ്പിച്ചു; കോർപ്പറേറ്റ് നികുതികൾ മുൻപൊരിക്കലും ഉണ്ടായിട്ടില്ലാത്തവിധം കുറയ്ക്കുകയും പൊതുമേഖലാ സ്ഥാപനങ്ങൾക്ക് നൽകിയിരുന്ന പ്രത്യേക പദവികളെല്ലാം പിൻവലിക്കുകയും സുപ്രധാനമേഖലകളെയും വിഭവങ്ങളെയും തന്ത്രപ്രധാനമല്ലാത്തവയെന്ന് മുദ്രകുത്തി സ്വകാര്യമൂലധനത്തിന് കെെമാറുകയും ചെയ്തു; ഇത്തരം നടപടികൾ വ്യക്തമായും വെളിപ്പെടുത്തിയത് ഈ പുതിയ കാലഘട്ടത്തിന്റെ മന്ത്രങ്ങൾ ആസൂത്രിതവും തടസ്സരഹിതവുമായ വിധം സ്വകാര്യമൂലധനത്തിന് ചരക്കുകളും സേവനങ്ങളും കെെമാറുകയും ഭരണകൂടത്തിന്റെ പങ്ക് കമ്പോളത്തിന്റെ നികുതി/പാട്ടം പിരിക്കൽ മാത്രമാക്കി ചുരുക്കുകയും ചെയ്യലാക്കിയിരിക്കുന്നുവെന്നാണ്. ആഗോളവൽക്കരണത്തോടെ ഉത്തരാധുനികതയുടെയും വ്യക്തിവാദത്തിന്റെയും മത്സരത്തിന്റെയും ദർശനങ്ങളും അരങ്ങുവാഴുകയാണ്; പൊതുമേഖല സംവിധാനത്തിൽ സഹജമായിത്തന്നെ ഉൾച്ചേർക്കപ്പെട്ടിരുന്ന സാമൂഹിക ഉപഭോഗ ശേഷി കെട്ടിപ്പടുക്കുന്നതിനും അങ്ങനെ സാമൂഹികമായ കാര്യക്ഷമത സംവിധാനത്തിൽ ഇടപെട്ട് തൊഴിലാളികളെ സംരക്ഷിക്കാനും പുരോഗതിയാർജിക്കാനും കഴിയുന്ന ക്ഷേമലക്ഷ്യങ്ങളെ കമ്പനിയുടെ ലാഭം പരമാവധിയാക്കൽ എന്ന ലക്ഷ്യത്തിലേക്ക് ചുരുക്കപ്പെട്ടു.

ഓഹരി വിറ്റഴിക്കൽ
 ഈ പുതുയുഗത്തിലെ 
നിഷ്ഠുരമായ ഒരായുധം
സർവശക്തിയോടെയും ഓഹരി വിറ്റഴിക്കൽ എന്ന ഈ പുതിയ ആയുധത്തെ കെട്ടഴിച്ചുവിട്ടിരിക്കുകയാണ്. എന്നാൽ ഓഹരി വിറ്റഴിക്കലിന്റെ ക്രൂരമായ കടന്നാക്രമണം ചോദ്യം ചെയ്യപ്പെടാതിരിക്കുന്നില്ല. തന്ത്രപ്രധാനമല്ലാത്തതെന്ന് വെറിപിടിച്ചപോലെ മുദ്രകുത്തിയ മേഖലകളിൽ 74 ശതമാനം വരെ ഓഹരി വിറ്റഴിക്കണമെന്ന രംഗരാജൻ കമ്മിറ്റിയുടെ (1993) മാൻഡേറ്റ് ഉണ്ടായിരുന്നിട്ടും ഉദാരവൽക്കരണത്തിന്റെ ആദ്യ അഞ്ചു വർഷത്തിനിടയിൽ (1991–96) ഒരേയൊരു കേന്ദ്ര പൊതുമേഖല സ്ഥാപനം മാത്രമാണ് സ്വകാര്യവൽക്കരിച്ചത്– സുസുക്കി കമ്പനിക്ക് മാരുതി ഉദ്യോഗിനെ വിറ്റത്. 1991 മുതൽതന്നെ ഇന്ത്യൻ തൊഴിലാളി വർഗം സ്വകാര്യവൽക്കരണത്തിനെതിരായ ചെറുത്തുനിൽപ്പ് ആരംഭിച്ചിരുന്നുവെന്നത് സംശയാതീതമാണ്; ആ ചെറുത്തുനിൽപ്പുകൾ പൊതുമണ്ഡലത്തിൽ പ്രമുഖമായ ഇടം ലഭിക്കത്തക്കവിധം ശക്തവുമായിരുന്നു. എന്നാൽ ഉത്തരാധുനികതയും വ്യക്തിവാദവും വർഗീയതയും സ്വത്വരാഷ്ട്രീയവുംചേർന്ന് സ്ഥിതിയാകെ മാറ്റിമറിച്ചു. 1998ലെ തിരഞ്ഞെടുപ്പിൽ സ്വകാര്യവൽക്കരണത്തിനെതിരായ ചെറുത്തുനിൽപ്പുകളെയാകെ തകർത്തുതരിപ്പണമാക്കുമെന്ന് കോർപ്പറേറ്റുകൾക്ക് വാക്കു നൽകിയ വലതുപക്ഷ കക്ഷിയായ ബിജെപി അധികാരത്തിലെത്തി. ആ ഗവൺമെന്റ് ഒരു ഡസനിലേറെ പൊതുമേഖലാ സ്ഥാപനങ്ങളെ സ്വകാര്യവൽക്കരിച്ചു; സർക്കാർ നിയന്ത്രണത്തിലായിരുന്ന കൽക്കരി ഖനികളും മറ്റും വിറ്റു– 28, 284 കോടി രൂപയുടെ ഓഹരി വിറ്റഴിക്കൽ നടന്നു; ഇങ്ങനെ സ്വകാര്യവൽക്കരിക്കപ്പെട്ട പ്രമുഖ പൊതുമേഖലാ സംരംഭങ്ങളിൽ വി എസ് എൻഎൽ (ദീർഘദൂര ടെലികമ്യൂണിക്കേഷൻ – ഇന്റർനെറ്റ് രംഗത്തെ സർക്കാർ കുത്തക ആയിരുന്നു ഇത്), ഇന്ത്യൻ പെട്രോകെമിക്കൽസ്, ബാൽക്കൊ തുടങ്ങിയവ ഉൾപ്പെടുന്നു.

2
എന്നാൽ, ഈ സ്വകാര്യവൽക്കരണംകൊണ്ടൊന്നും സാമ്പത്തിക പ്രതിസന്ധിയും അതിൽനിന്നുണ്ടാകുന്ന വ്യാപകമായ സാമൂഹിക–സാമ്പത്തിക പ്രത്യാഘാതങ്ങളും പരിഹരിക്കപ്പെട്ടില്ല. ആ പശ്ചാത്തലത്തിൽ എൻഡിഎ ഗവൺമെന്റ് അധികാരത്തിൽനിന്നും പുറത്താക്കപ്പെട്ടു; ഇടതുപക്ഷ എംപിമാരുടെ പിന്തുണയോടെ ഒന്നാം യുപിഎ ഗവൺമെന്റിനെ ജനങ്ങൾ അധികാരത്തിലേറ്റി. 2009 വരെ ഇടതുപക്ഷ പാർട്ടികളെ ആശ്രയിച്ചായിരുന്നു ആ ഗവൺമെന്റ് നിലനിന്നത്; ഈ കാലയളവിൽ സ്വകാര്യവൽക്കരണം തുടർന്നില്ല. ‘‘രോഗാതുരമായ’’ പൊതുമേഖലാ സ്ഥാപനങ്ങളെ പുനരുജ്ജീവിപ്പിക്കാനുള്ള നടപടികൾ സ്വീകരിക്കാൻ ട്രേഡ് യൂണിയനുകൾ ഗവൺമെന്റിനുമേൽ സമ്മർദം ചെലുത്തി; ബോർഡ് ഫോർ റീ കൺസ്ട്രക്ഷൻ ഓഫ് പബ്ലിക് സെക്ടർ എന്റർപ്രൈസസ് (ബിആർപിഎസ്ഇ) രൂപീകരിക്കപ്പെട്ടു. അമേരിക്കയുമായി ആണവക്കരാർ ഒപ്പിട്ടതിനെത്തുടർന്ന് 2009ൽ ഇടതുപക്ഷ പാർട്ടികൾ യുപിഎ ഗവൺമെന്റിനു നൽകിയിരുന്ന പിന്തുണ പിൻവലിച്ചു. 2009നും 2014നുമിടയ്ക്ക് 99,367 കോടി രൂപയുടെ പൊതുമേഖലാ ഓഹരികൾ വീണ്ടും വിറ്റഴിച്ചു.

ഓഹരി വിറ്റഴിക്കലിന്റെ 
മോദി ശെെലി
പക്ഷേ, പൊതുമേഖലാ സ്ഥാപനങ്ങൾക്കുമേലുള്ള ആക്രമണത്തിന്റെ കാര്യത്തിൽ നമ്മുടെ രാജ്യം ഇന്നേവരെ കണ്ടിട്ടില്ലാത്തത്ര വ്യാപകവും വേറിട്ടതുമായ തോതിലാണ് മോദി ഗവൺമെന്റിന്റെ നടപടികൾ. ആദ്യമേതന്നെ, 2014ൽ അധികാരത്തിലെത്തിയ ഉടൻ തന്നെ, നമ്മുടെ രാജ്യത്തിന്റെ ആസൂത്രിത സമ്പദ്-ഘടനയുടെയും പൊതുമേഖലയുടെയും നട്ടെല്ലായിരുന്ന പ്ലാനിങ് കമ്മീഷനെ ഇല്ലാതാക്കി. വലിയ ലാഭത്തിൽ പ്രവർത്തിച്ചിരുന്ന പ്രമുഖ കേന്ദ്ര പൊതുമേഖലാ സംരംഭങ്ങളുടെ ഡയറക്ടർ ബോർഡുകളുടെ തലപ്പത്ത് ആർഎസ്എസ് കേഡർമാരെ കുടിയിരുത്തി; തുടർന്ന് അനിയന്ത്രിതമായവിധം ഓഹരി വിറ്റഴിക്കൽ ആരംഭിച്ചു. 1991 മുതൽ നടപ്പാക്കപ്പെട്ട മൊത്തം ഓഹരി വിറ്റഴിക്കലിന്റെ 60.24 ശതമാനവും നടന്നത് നരേന്ദ്രമോദി പ്രധാനമന്ത്രിയായ ശേഷമുള്ള ആദ്യത്തെ നാലരവർഷത്തിനുള്ളിലാണ്. ഐപിഒ, എഫ്പിഒ, ഒഎഫ്എസ്, ഇടിഎഫ്, തന്ത്രപരമായ വിൽപ്പന, ബെെബാക് (Buy back) പിന്നീട് തിരിച്ചു വാങ്ങാമെന്ന കരാറിന്റെ അടിസ്ഥാനത്തിലുള്ള ഓഹരി വിൽപ്പന), ലേലം ചെയ്ത് വിൽപ്പന നടത്തൽ, നിർബന്ധിത കടംവാങ്ങൽ (Compulsory Borrowing) എന്നിത്യാദിപേരുകളിൽ മോദി ഗവൺമെന്റ് ആപത്കരമായ നയങ്ങളാണ് നടപ്പാക്കുന്നത്. നിർബന്ധിത ബെെബാക്, ആവശ്യംപോലെ പണമുണ്ടായിരുന്ന സമ്പന്നമായ പല കേന്ദ്ര പൊതുമേഖലാ സ്ഥാപനങ്ങളെയും കടബാധിതമാക്കി മാറ്റുകയും അവയെ സ്വകാര്യമേഖലയ്ക്ക് സമ്മാനമായി നൽകാൻ സജ്ജമാക്കുകയും ചെയ്തു.

കോർപ്പറേറ്റുകൾക്ക് ആകർഷകമായ വാഗ്ദാനങ്ങളെല്ലാം നൽകിയിട്ടും 2019–20 ആയപ്പോൾ ശ്രദ്ധേയമായ പുതിയ ഒരു പ്രവണത ഉയർന്നുവരാൻ തുടങ്ങി. വാർഷിക കേന്ദ്ര പൊതുമേഖലാ സംരംഭങ്ങളുടെ വിറ്റഴിക്കൽ ടാർജറ്റ് ലക്ഷ്യത്തിലെത്താതെ കുറയാൻ തുടങ്ങി. 2019–20ൽ ടാർജറ്റിന്റെ 55.88% കെെവരിച്ചു; 2020–21ൽ ടാർജെറ്റിന്റെ 15.59% മാത്രമാണ് കെെവരിച്ചത്; 2021–22 ആയപ്പോൾ ടാർജെറ്റിന്റെ വെറും 5.31 % മാത്രമാണ് വിറ്റഴിക്കാൻ കഴിഞ്ഞത്. നിരാശപൂണ്ട മോദി സർക്കാർ 2021 ഡിസംബറിൽ പൊതുമേഖലയെ പുനർവർഗീകരിക്കുകയും തന്ത്രപരമായ മേഖലയെ ഒറ്റപ്പിടിയിൽ ഒതുങ്ങുന്നതായി മാറ്റുകയും ചെയ്തു. ‘‘തന്ത്രപ്രധാനമോ തന്ത്രപ്രധാനമല്ലാത്തതോ ആയ മേഖലകളിലെ കേന്ദ്ര പൊതുമേഖലാ സംരംഭങ്ങളെ സ്വകാര്യവൽക്കരണം, ലയിപ്പിക്കൽ, മറ്റേതെങ്കിലും കേന്ദ്ര പൊതുമേഖലാ സംരംഭത്തിന്റെ അനുബന്ധമാക്കൽ, അടച്ചുപൂട്ടൽ എന്നിവയ്ക്കായി പരിഗണിക്കേണ്ടതാണ്. വളരെ കുറച്ച് കേന്ദ്ര പൊതുമേഖലാ സ്ഥാപനങ്ങളെ മാത്രമേ നിലനിർത്തേണ്ടതുള്ളൂ.’’ എന്ന് പ്രഖ്യാപിക്കുന്ന വ്യക്തമായ ഒരു പ്രസ്താവന കേന്ദ്ര സർക്കാർ പുറപ്പെടുവിച്ചു. കോർപറേറ്റുകളാൽ നയിക്കപ്പെടുന്ന മോദി ഗവൺമെന്റ് പൊതുമേഖലാ സ്ഥാപനങ്ങൾക്കുനേരെ നടത്തുന്ന സാമ്പത്തികവും രാഷ്ട്രീയവും പ്രത്യയശാസ്ത്രപരവുമായ കടന്നാക്രമാണിത് എന്ന് വ്യക്തമാണ്.

പൊതുമേഖലാ സംരംഭങ്ങൾ 
ശരിയായവിധം 
പ്രവർത്തിക്കുന്നില്ലെന്നത് കെട്ടുകഥ– 
സത്യാനന്തര ആഖ്യാനം
ഇത്തരം പ്രശ്നങ്ങളെല്ലാം ഉണ്ടായിട്ടും എങ്ങനെയാണ് പൊതുമേഖലാ സ്ഥാപനങ്ങൾ ചെറുത്തുനിൽക്കുന്നത്? പരിഷ്-കരണത്തിനുമുൻപുള്ള കാലത്ത് ജിഡിപിയിൽ പൊതുമേഖലയുടെ വിഹിതം 7.6 ശതമാനമായിരുന്നു; രസകരമെന്നു പറയട്ടെ, 1990–2019 കാലത്ത്, അതായത് ഉദാരവൽക്കരണം ആരംഭിച്ചശേഷം ജിഡിപിയിലെ പൊതുമേഖലയുടെ വിഹിതം ശരാശരി 7.98% ആയി മാറി. പൊതുമേഖലാ സ്ഥാപനങ്ങളുടെ ഉൽപ്പന്നങ്ങളുടെ വില നിയന്ത്രിക്കാനും കുറയ്ക്കാനും കടുത്ത സമ്മർദം ഗവൺമെന്റിന്റെ ഭാഗത്തുനിന്ന് ഉണ്ടായിരിക്കെ, കോർപ്പറേറ്റ് ഉൽപ്പന്നങ്ങളുടെ വില അനിയന്ത്രിതമായി കുതിച്ചുയരാൻ ഗവൺമെന്റ് അനുവദിക്കുന്നു. പൊതുമേഖലയുടെ ഓഹരി വിറ്റഴിക്കുമ്പോൾ വിലതാഴ്-ത്തി നിശ്ചയിക്കുന്നതിലൂടെയും അവയ്ക്കുനേരെ ആക്രമണം നടക്കുന്നു; മിനറലുകളും വനവും ഭൂമിയും നൽകുന്നതിലും സ്-പെക്-ട്രം പങ്കുവയ്ക്കുന്നതിലും സ്വകാര്യ കോർപ്പറേറ്റുകൾക്ക് സൗകര്യമൊരുക്കുകയാണ് മോദി ഗവൺമെന്റ്. എന്നാൽ പൊതുമേഖലാ ഉൽപ്പാദകർ എല്ലാ വെല്ലുവിളികൾക്കെതിരെയും ശക്തമായി പൊരുതുകയും ജിഡിപി വളർച്ചയുടെ തോത് താഴാതെ നിലനിർത്തുകയുമാണെന്നതിൽ സംശയത്തിനവകാശമില്ല.

ഇവിടെ ശ്രദ്ധേയമായ കാര്യം 1991 വരെ മൊത്തം മൂലധനരൂപീകരണത്തിലെ, അതായത് മൂലധനനിക്ഷേപത്തിലെ, ഏറ്റവും വലിയ വിഹിതം പൊതുമേഖലയിൽനിന്നുള്ളതായിരുന്നു (1991ൽ 41%) എന്നതാണ്. സ്വകാര്യ കോർപ്പറേറ്റ് മേഖലയുടെ വിഹിതം വെറും 19 ശതമാനമായിരുന്നു. എന്നാൽ 2019 ആയപ്പോൾ മൊത്തം മൂലധന രൂപവൽക്കരണത്തിൽ പൊതുമേഖലയുടെ സംഭാവന 23% ആയി താഴ്-ന്നു. യന്ത്രസാമഗ്രികളും ഉപകരണങ്ങളും ബൗദ്ധികസ്വത്തുമായി ബന്ധപ്പെട്ട ഉൽപ്പന്നങ്ങളും മെച്ചപ്പെടുത്തുന്നതിനും പൊതുമേഖലയുടെ സ്ഥിരം ആസ്തികൾ വിപുലീകരിക്കുന്നതിനും രൂപപ്പെടുത്തുന്നതിനുംവേണ്ടി നിക്ഷേപം നടത്താൻ പൊതുമേഖലയെ ഗവൺമെന്റ് അനുവദിക്കുന്നില്ല. മൊത്തം സമ്പാദ്യത്തിൽ പൊതുമേഖലയുടെ വിഹിതം ഉദാരവൽക്കരണത്തിനു മുൻപ് 26% ആയിരുന്നപ്പോൾ 1991–2018 കാലത്ത്, അതായത് ഉദാരവൽക്കരണത്തിനു ശേഷം, അത് 5.6% ആയി കുറഞ്ഞുവെന്നതാണ് ഏറെ ഞെട്ടിപ്പിക്കുന്ന മറ്റൊരു പ്രതിഭാസം. പൊതുമേഖല ഉത്പാദിപ്പിക്കുന്നു, എന്നാൽ അതിൽനിന്നുള്ള ആദായം വീണ്ടും നിക്ഷേപിക്കാനോ മൊത്തം സമ്പാദ്യത്തിൽ കൂട്ടിച്ചേർക്കാനോ അതിനെ അനുവദിക്കുന്നില്ല എന്നതാണ് ഇതിൽ നിന്നെല്ലാം വ്യക്തമാകുന്നത്. അപ്പോൾ എവിടേക്കാണ് ഈ പൊതുമേഖലാ ആദായത്തിന്റെ വിഹിതമാകെ ഒഴുകിപ്പോകുന്നത്?

3
കേന്ദ്ര ഖജനാവിലേക്കുള്ള കേന്ദ്ര പൊതുമേഖല സംരംഭങ്ങളുടെ സംഭാവന 1975ൽ ഏകദേശം 997 കോടിയായിരുന്നു; ഇത് 2021 –22 ആയപ്പോൾ 5.07ലക്ഷം കോടി രൂപയായി ഉയർന്നു! എക്സൈസ് ഡ്യൂട്ടി, കസ്റ്റംസ് ഡ്യൂട്ടി, കോർപ്പറേറ്റ് നികുതി, ജിഎസ്ടി, കേന്ദ്ര സർക്കാർ വായ്പകൾക്കുള്ള പലിശ, ഡിവിഡന്റ് ( ഇത് 2013ൽ 13 ശതമാനമായിരുന്നത് 2020ൽ 19 ശതമാനമായി കുതിച്ചുയർന്നു) എന്നിവയെല്ലാം മോദി സർക്കാരിന്റെ പണത്തോടുള്ള ആർത്തി പൂർത്തീകരണത്തിന് പൊതുമേഖലയിൽ നിന്നും പണം ഞെക്കിപ്പിഴിഞ്ഞെടുക്കുന്നതിനുള്ള ഉപകരണങ്ങളുടെ ഭാഗമാണ്. നാണംകെട്ട മോദി ഗവൺമെന്റ് 2023 സാമ്പത്തിക വർഷം 67 പൊതുമേഖലാ സ്ഥാപനങ്ങളിൽനിന്നും ഡിവിഡന്റായി ഊറ്റിയെടുത്തത് 63,056 കോടി രൂപയായിരുന്നു. മുൻ വർഷത്തേക്കാൾ 25 ശതമാനം കൂടുതലാണിത്. ഏതാനും വർഷത്തിനുള്ളിൽ എല്ലാ കാമ–ധേനുക്കളെയും കൊന്നൊടുക്കുക എന്ന ദൗത്യമാണ് മോദി സർക്കാർ ഇപ്പോൾ നടപ്പാക്കിക്കൊണ്ടിരിക്കുന്നത്. പക്ഷേ ഇവിടംകൊണ്ടും തീരുന്നില്ല.

നാഷണൽ മോണിറ്റെെസേഷൻ 
പൈപ്പ്ലൈൻ – മാറുന്ന മാതൃക
2021 – 22ലെ ബജറ്റ് പ്രസംഗത്തിലൂടെ യൂണിയൻ ധനമന്ത്രി നിർമല സീതാരാമൻ നാഷണൽ മോണിറ്റെെസേഷൻ പൈപ്പ് ലൈൻ (എൻഎംപി) പ്രഖ്യാപിച്ചത്. ഇന്ത്യയിലെ പൊതുമേഖലയുടെ പശ്ചാത്തലവികസന ആസ്തികൾ പ്രവർത്തിപ്പിക്കാൻവേണ്ട ധനസമാഹരണത്തിനായാണ് ഇത് പ്രഖ്യാപിക്കപ്പെട്ടത്. എൻഎംപിയിലൂടെ ഇന്ത്യൻ ഭരണകൂടം ഉന്നതമായവിധം വികസിപ്പിക്കപ്പെട്ട ഭൂസ്വത്ത് സുദീർഘമായ ഇടനാഴികളോടുകൂടി (26,700 കിലോമീറ്റർ എൻഎച്ചുകൾ, 8,154 കിലോമീറ്റർ ഗെയിൽ പൈപ്പ്ലൈൻ, 28,608 സികെറ്റി കിലോമീറ്റർ പവർഗ്രിഡ്, 3,930 കിലോമീറ്റർ പെട്രോളിയം ഉൽപ്പന്ന പൈപ്പ്ലൈൻ, 2,141 കിലോമീറ്റർ റെയിൽപ്പാളം, 2.86 ലക്ഷം കിലോമീറ്റർ ഒപ്ടിക്കൽ ഫൈബർ, 9 തുറമുഖങ്ങളിലെ 31 പ്രോജക്ടുകൾ, 81.9 ലക്ഷം ടൺ സംഭരണശേഷിയുള്ള ജല സംഭരണികൾ എന്നിവ) പാട്ടത്തിനുകൊടുക്കുന്നുവെന്ന പേരിൽ സ്വകാര്യ മുതലാളിമാർക്കും ധനകാര്യസ്ഥാപനങ്ങൾക്കും കൈമാറുകയാണ്. 2022 ഏപ്രിൽ 12ന് എൻഎംപി സംബന്ധിച്ച അവലോകന യോഗം ചേർന്നു : 2021–22 ഈ പൈപ്പ് ലൈൻ പ്രോജക്ടുപ്രകാരം 2021–22 ധനകാര്യവർഷത്തിൽ 96,000 കോടി രൂപ വിലമതിക്കുന്ന കൈമാറ്റങ്ങൾ നടന്നതായി വിലയിരുത്തി, ഇപ്രകാരം ലക്ഷ്യമിട്ട 88,000 കോടി രൂപയേക്കാൾ അധികം സമാഹരിക്കാൻ കഴിഞ്ഞു എന്നാണ് കണ്ടെത്തിയത്. ഈ ലേലത്തിൽ പങ്കെടുത്തത് ആരെല്ലാമാണ്, ധനസമാഹരണ ലക്ഷ്യത്തിലും ഉപരിയായി അവർ തിരക്കിട്ട് ഈ ലേലം പിടിച്ചത് എന്തുകൊണ്ട് എന്നീ ചോദ്യങ്ങൾ ഇവിടെ ഉയർന്നു വരുന്നു. കനേഡിയൻ പെൻഷൻ പ്ലാൻ ഇൻവെസ്റ്റ്മെന്റ് ബോർഡ് (സിപിപിഐബി), ഒൺടാറിയോ ടീച്ചേഴ്സ് & #39 പെൻഷൻ പ്ലാൻ (ഒടിപിപി) എന്നിവയാണ് ഇതിലെ രണ്ട് പ്രമുഖ നിക്ഷേപകർ. ഇവയ്ക്കു പുറമേ ക്യാപ്പിറ്റൽ ഗ്രൂപ്പ്, യൂട്ടിലിറ്റിക്കോ എമർജിങ് മാർക്കറ്റ്സ് ട്രസ്റ്റ്, ഫിഡലിറ്റി ഇൻവെസ്റ്റ്മെന്റ്സ്, മാത്യൂസ് ഏഷ്യ, എസ്ബിഐ മ്യൂച്വൽ ഫണ്ട്, എച്ച്ഡിഎഫ്സി മ്യൂച്വൽ ഫണ്ട് എന്നിവയുമാണ് ഇന്ത്യയിലെ മോണിറ്റെെസേഷൻ പൈപ്പ്ലൈൻ പ്രോജക്ടിൽ പണം മുടക്കിയത്. പശ്ചാത്തല വികസന ആസ്തികളിൽ നിക്ഷേപിക്കുന്നതാണ് നഷ്ട സാധ്യത ഏറ്റവും കുറഞ്ഞ മാർഗ്ഗം; വാർഷിക ആദായ നിരക്കാകട്ടെ പല ഇടപാടുകളിലും 75% ത്തിലധികവുമാണ്.

എൻഎംപിയുടെ സവിശേഷത
റെന്റിയർ മുതലാളിത്തത്തിന്റെ കാലം
(റെന്റിയർ മുതലാളിത്തമെന്നാൽ, കമ്പോള അധികാരത്തോടെ വ്യക്തികൾക്കും ബിസിനസ് സ്ഥാപനങ്ങൾക്കും കൂലിവേലക്കാരുൾപ്പെടെയുള്ള എല്ലാവരിൽനിന്നും പാട്ടം ഊറ്റിയെടുക്കാൻ കഴിയുന്ന സംവിധാനം)

മുൻപ് നടത്തിയ ഓഹരി വിറ്റഴിക്കൽ/ സ്വകാര്യവൽക്കരണ നയങ്ങളിൽ നിന്നും എൻഎംപി എവിടെയാണ് വേറിട്ടതാവുന്നത്? ധനകാര്യ സ്ഥാപനങ്ങൾക്ക് ഇത് ഇത്രത്തോളം ആകർഷകവും ലാഭകരവുമാകുന്നത് എന്തുകൊണ്ടാണ്?

ഒന്നാമതായി കാണേണ്ട പ്രത്യേകത എൻഎംപി പ്രകാരം പണമാക്കപ്പെട്ട (മോണിറ്റെെസ് ) ആസ്തികൾ എല്ലാം നിർമ്മിക്കപ്പെട്ടിട്ടുള്ളത് തുടരെയുള്ള വിശാലമായ പ്രദേശത്താണ് എന്നതാണ്. ഈ ആസ്തികളുടെ അവകാശം കൈക്കലാക്കുന്നവർക്ക് പാട്ടം (rent) ഈടാക്കാനുള്ള സ്വാതന്ത്ര്യമുണ്ടായിരിക്കും-. അതായത് ആസ്തികളുമായി ബന്ധപ്പെട്ട ഉൽപ്പന്നങ്ങളിൽനിന്നും സേവനങ്ങളിൽനിന്നുമാകെയുള്ള മിച്ചത്തിന്റെ വിഹിതം ഈടാക്കാനുള്ള സ്വാതന്ത്ര്യം. ഇന്ത്യൻ പൗരർ ഒഴിവാക്കാനാവാത്തവിധം ആശ്രയിക്കുന്ന ഏത് ഉൽപന്നമോ സേവനമോ ആകട്ടെ, അവയുടെയെല്ലാം വാടക ഈടാക്കാനാകും; റോഡുകൾ, റെയിൽവേ, വൈദ്യുതി, ഇന്ധനം എന്നിവയൊന്നും ഒഴിവാക്കാനാവുന്നവയല്ലല്ലോ. ഇവിടെയാണ് എൻഎംപിക്ക് രൂപം നൽകിയപ്പോൾ ഭരണവർഗങ്ങളുടെ ഉള്ളിലിരിപ്പ് ഭയാനകമായവിധം കാണാനാവുന്നത്. മാറിമാറിവന്ന യൂണിയൻ ഗവൺമെന്റുകൾ ഇതേവരെ പിന്തുടർന്നിരുന്ന ഓഹരി വിറ്റഴിക്കൽ നയത്തിൽ നിന്നുള്ള വ്യക്തമായ ചുവടുമാറ്റംതന്നെയാണിത്. ഇപ്പോൾ പ്രത്യക്ഷത്തിലുള്ള ഉത്പാദന മിച്ചത്തിൽ നിന്നാണ് പാട്ടം (വാടക) ഈടാക്കുന്നത്; അവകാശമൊഴുപ്പിക്കലിന്റെ സ്ഥാനത്ത് അപഹരണം; സ്വകാര്യ മൂലധനം ഭരണകൂടത്തിന്റെ ഭൗതികാധിപത്യം (material authority) ഏറ്റെടുക്കുന്നു!

പാട്ടം/വാടക ഈടാക്കാനുള്ള കുത്തകാവകാശം സ്വകാര്യ ശിങ്കിടികൾക്ക് കൈമാറാനുള്ള വിനാശകരമായ ഗൂഢാലോചനയാണ് എൻഎംപി; ക്ഷേമ രാഷ്ട്രത്തിന്റെ അവശേഷിപ്പുകളെക്കൂടി പാടെ നശിപ്പിക്കലാണിത്; അങ്ങനെ കരകയറാനാവാത്ത ഒരു ധനപ്രതിസന്ധിയാണ് സൃഷ്ടിക്കപ്പെടുന്നത് (സമ്പദ്ഘടനയെ ആകെ ഇത് ബാധിച്ചിരിക്കുന്നു). ഇത് വിലക്കയറ്റം കൂടുതൽ രൂക്ഷമാക്കും; തുടർന്നുള്ള വർഷങ്ങളിൽ നികുതി പിരിവിനുള്ള സാധ്യത കുറയ്ക്കും. പൊതുമേഖലയിലെ തൊഴിൽ സുരക്ഷയും പുതിയ തൊഴിൽ അവസരങ്ങളും ഇത് ഇല്ലാതാക്കുന്നു. സർവ്വവിധത്തിലുമുള്ള (തിരശ്ചീനവും കുത്തനെയുമുള്ള) മൂലധന കേന്ദ്രീകരണത്തിനൊപ്പം പാട്ടം/ വാടക ഈടാക്കിക്കൊണ്ട് കൂടുതൽ മൂലധന സഞ്ചയിക്കൽ ഉറപ്പാക്കാനാണ് ഇതെല്ലാം ചെയ്യുന്നത്.

4
ശിങ്കിടി ധനവത്കരണത്തെ 
ചെറുക്കുക,
ഉൽപാദനത്തിനുമേലുള്ള
 സാമൂഹികാവകാശം
ഉയർത്തിപ്പിടിക്കുക
മഞ്ഞുമലയുടെ ഒരറ്റം മാത്രമാണ് ഇവിടെ വിശദീകരിച്ചത്. പുതിയകാലം വന്നിരിക്കുകയാണ്. ആഗോള മുതലാളിത്തം അഭുതപൂർവമായ ഒരു പ്രതിസന്ധിയിലാണ്. പെരുവഴിയിലെ പിടിച്ചുപറിപോലെ ധനമേഘലയിലെ കൊള്ളകൾ തുറന്നുകാണിക്കപ്പെടുകയാണ് – ഇതിന്റെ ഏറ്റവും വലിയ, ഏറ്റവും ഭീകരമായ ഉദാഹരണമാണ് അദാനി സംഭവ പരമ്പര. ഇന്ത്യൻ ഭരണകൂടം പാട്ടം / വാടക ഈടാക്കാൻ അതിനുള്ള ശേഷിയും അധികാരവുമാകെ കോർപ്പറേറ്റുകൾക്ക് കൈമാറിക്കൊണ്ടിരിക്കുകയാണ്. കോർപ്പറേറ്റുകളാകട്ടെ, തങ്ങളുടെ ഉൽപാദനപരമായ പടംപൊഴിക്കാനുള്ള നീക്കത്തിലുമാണ്. ധനപരമായ ശേഷിയുടെ കാര്യത്തിൽ ഭരണകൂടം അധികമധികം ദുർബലമായി മാറുകയാണ്; ഏറ്റവും വലിയ കോർപ്പറേറ്റുകൾ ഡിജിറ്റൽ വിപണി പ്ലാറ്റ്ഫോമുകൾ സൃഷ്ടിച്ചുകൊണ്ട് (ആമസോൺ, ഗൂഗിൾ ഇത്യാദി) ഡിജിറ്റൽ മേഖലയിലേക്കുകൂടി തങ്ങളുടെ വിപണി വ്യാപിപ്പിക്കുകയാണ്, ഡിജിറ്റൽ റെന്റിയർ മുതലാളിത്തം തടിച്ചുകൊഴുക്കുകയാണ്. ഭരണകൂടമാണ് ഈ പരിവർത്തനത്തിന്റെ കസ്റ്റോഡിയൻ. ഭൗതികമായ ശക്തി കുറഞ്ഞുവരുന്നതോടെ ഈ പരിവർത്തനം അനായാസമാക്കുന്നതിന് പ്രത്യക്ഷത്തിൽതന്നെ നഗ്നമായ സ്വേച്ഛാധിപത്യ രൂപത്തിലേക്ക് ഭരണകൂടം മാറുന്നു. ധനവൽക്കരണത്തിന്റെ കാലത്തേക്കുള്ള വേറിട്ട ഒരു പരിവർത്തനമാണിത് – ഇവിടെ യാഥാർത്ഥ്യത്തിന്റെ സ്ഥാനത്ത് സാങ്കല്പികമായതിനെ പ്രതിഷ്ഠിക്കുന്നു; ഉത്പാദനത്തിന്റെ സ്ഥാനം ഊഹക്കച്ചവടം ഏറ്റെടുക്കുന്നു. സത്യത്തിന്റെ സ്ഥാനത്ത് സത്യാനന്തരം വരുന്നു; നശിച്ചുകൊണ്ടിരിക്കുന്ന ദേശത്തെ ‘ആദർശ സുന്ദര’പ്രദേശമാക്കുന്നു.

സമാന്തരമായി തന്നെ ഈ പ്രോജക്റ്റിന്റെ വീഴ്ചകളും കുഴപ്പങ്ങളും പരാമർശിക്കപ്പെടുന്നുണ്ട്; അടിസ്ഥാനരഹിതമായ ആധികാരികതയുടെ ദൗർബല്യം തുറന്നുകാണിക്കപ്പെടുന്നു; ശത്രുക്കൾ ആരാണെന്ന് തിരിച്ചറിയപ്പെടുന്നു; വിഷം നിറച്ച ഈ കുമിള പൊട്ടിക്കാനുള്ള പ്രധാന ഉപകരണം യഥാർത്ഥ തൊഴിലാളിയാണ്. ഈ വഷളത്തത്തിന്റെ കസ്റ്റോഡിയനായ മോദി സർക്കാർ എല്ലാ വശങ്ങളിൽനിന്നും തൊഴിലാളിയെ ആക്രമിക്കുകയാണ്. താൽക്കാലികവൽക്കരണത്തിലൂടെയും കരാൽവൽക്കരണത്തിലൂടെയും അപ്രന്റീസ്-വൽക്കരണത്തിലൂടെയും തൊഴിലാളികളുടെ സംഘടിക്കാനും ചെറുക്കാനുമുള്ള ശക്തികെടുത്താനും അവരെ ശിഥിലീകരിക്കാനും അസ്ഥിരമാക്കാനുമാണ് മോദി ഗവൺമെന്റ് ശ്രമിക്കുന്നത്. 2013–14ൽ പൊതുമേഖലാ സ്ഥാപനങ്ങളിലെ സ്ഥിരം തൊഴിലിന്റെ എണ്ണം 13.51 ലക്ഷമായിരുന്നു. 2021–22 ആയപ്പോൾ സ്ഥിരം സംഘടിത വിഭാഗത്തിൽപ്പെട്ടവരുടെ എണ്ണം 5,33,487ആയി കുറഞ്ഞു. അതേസമയം താൽക്കാലികക്കാരുടെ എണ്ണം 96,690 ആയി വർധിച്ചു; കരാർ തൊഴിലാളികളുടെ എണ്ണം 5,24,423 ആയി പെരുകി.

എന്നാൽ തൊഴിലാളികൾ ഈ വെല്ലുവിളിയോട് പ്രതികരിക്കുന്നുണ്ട്; പൊതുമേഖലയിലെ എല്ലാ വിഭാഗം തൊഴിലാളികളും സംഘടിക്കുകയും സമരം ചെയ്യുകയുമാണ്  – ചിലപ്പോഴെല്ലാം ഈ സമരങ്ങൾ സംഘടിതമാണ്; മറ്റു ചിലപ്പോൾ പെട്ടെന്നുള്ള പൊട്ടിത്തെറികളാണ്. എല്ലാ സമരങ്ങളുടെയും പ്രധാനസത്ത സ്വകാര്യവൽക്കരണത്തിനും മോണിറ്റെെസേഷൻ അജൻഡയ്ക്കും എതിരായുള്ളതാണ്; ഉൽപ്പാദന സംവിധാനത്തിനാകെമേൽ സാമൂഹ്യ അവകാശം സ്ഥാപിക്കാനും നിലനിർത്താനുമുള്ളതാണ് ഈ അജൻഡ. ഈ അജൻഡയ്ക്ക് തൊഴിലാളി വർഗ്ഗത്തിലെ എല്ലാ വിഭവങ്ങളെയും ഒരൊറ്റ പ്ലാറ്റ്ഫോമിലേക്ക് കൊണ്ടുവരാൻ കഴിയും. ഇങ്ങനെ തൊഴിലാളി വർഗത്തെ ഒന്നിച്ചുകൊണ്ടുവന്നാൽ മാത്രമേ വർഗീയ ശക്തികളുടെ ഭിന്നിപ്പിക്കൽ പരിപാടിയെ ചെറുക്കാനാകൂ. പൈശാചികമായ ഈ കോർപ്പറേറ്റ് – ഫാസിസ്റ്റ് ശക്തികളിൽ നിന്നും നമ്മുടെ രാഷ്ട്രത്തെ രക്ഷിക്കാനും അതിലൂടെ മാത്രമേ കഴിയൂ. 

ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

2 + 3 =

Most Popular