Monday, October 14, 2024

ad

Homeകവര്‍സ്റ്റോറിപിന്നിട്ടത് വിനാശകരമായ 
ഒമ്പത് വർഷം

പിന്നിട്ടത് വിനാശകരമായ 
ഒമ്പത് വർഷം

വെങ്കിടേഷ് ആത്രേയ

വാഗ്ദാനങ്ങൾക്ക് കുറവൊന്നുമില്ല
2014ലെ ലോക്സഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി ജനങ്ങൾക്കു മുമ്പാകെ മോദിയും മറ്റു ബിജെപി നേതാക്കളും തങ്ങൾ അധികാരത്തിലെത്തിയാൽ എന്തെല്ലാം ചെയ്യുമെന്നുള്ള വമ്പൻ വാഗ്ദാനങ്ങളാണ് അവതരിപ്പിച്ചത്. സ്വാമിനാഥൻ കമ്മീഷൻ ശുപാർശ അനുസരിച്ചുള്ള മിനിമം താങ്ങുവിലയായി ഇന്ത്യൻ കർഷകരുടെ ഉൽപ്പന്നങ്ങൾക്ക് കൃഷിച്ചെലവിന്റെ 150 ശതമാനം നൽകുമെന്ന് മോദി വാഗ്ദാനം ചെയ്തു. തങ്ങൾ അധികാരത്തിൽ വന്നാൽ പ്രതിവർഷം രണ്ട് കോടി തൊഴിൽ അവസരങ്ങൾ സൃഷ്ടിക്കുമെന്നും തൊഴിലില്ലായ്മ വെറും കേട്ടുകേൾവി മാത്രമാകുമെന്നും അദ്ദേഹം പറഞ്ഞു. എല്ലാവരെയും ഉൾക്കൊള്ളുന്നതും എല്ലാവരെയും പങ്കാളികളാക്കുന്നതുമായ വികസനമാണ് മോദി വാഗ്ദാനം ചെയ്തത്. ‘‘സബ്കാ സാഥ്, സബ് കാ വികാസ്’’ (എല്ലാവർക്കും ഒപ്പം, എല്ലാവരുടെയും വികസനം) എന്ന മുദ്രാവാക്യമാണ് മുന്നോട്ടുവച്ചത്. ഇങ്ങനെ നിരവധി വാഗ്ദാനങ്ങൾ നൽകിയാണ് ബിജെപി അധികാരത്തിൽ വന്നത്. അപ്പോൾ 2014 നും 2023 ജൂലെെയ്ക്കുമിടയിൽ ഇന്ത്യൻ സമ്പദ്ഘടനയ്ക്കും ഇന്ത്യയിലെ ജനങ്ങൾക്കും എന്താണ് സംഭവിച്ചത്?

ഇത് നവലിബറൽ നയം മാത്രമല്ല
കേന്ദ്രത്തിലെയും ഇടതുപക്ഷം ഭരണത്തിലുള്ളവ ഒഴികെ മിക്കവാറും എല്ലാ സംസ്ഥാനങ്ങളിലെയും മാറിമാറിവന്ന ഗവൺമെന്റുകൾ 1991 മുതൽ പിന്തുടർന്നത് നവലിബറൽ സാമ്പത്തിക പരിഷ്-കാരങ്ങളാണ്; ഇന്ത്യയുടെ നഗരങ്ങളിലെയും ഗ്രാമങ്ങളിലെ അധ്വാനിക്കുന്ന ജനങ്ങളുടെ അടിസ്ഥാനപ്രശ്നങ്ങൾ പരിഹരിക്കാൻ ഈ പരിഷ്-കാരങ്ങൾക്ക് കഴിഞ്ഞില്ല; മോദിയുടെ നേതൃത്വത്തിലെ ബിജെപി വാഴ്ച മൂന്ന് വ്യത്യസ്ത രീതികളിൽ അധ്വാനിക്കുന്ന ജനതയുടെ വരുമാനത്തെയും ഉപജീവനമാർഗത്തെയും കടന്നാക്രമിച്ചുകൊണ്ട് അവരുടെ ജീവിതത്തെ കൂടുതൽ വഷളാക്കുകയായിരുന്നു. ഒന്ന്, മോദി ഗവൺമെന്റ് മുൻ ഗവൺമെന്റുകളെക്കാളേറെ പിന്തിരിപ്പനും വിലക്കയറ്റത്തെ ഉത്തേജിപ്പിക്കുന്നതുമായ ധനനയങ്ങൾ പിന്തുടരുകയാണ്; സംസ്ഥാന സർക്കാരുകളുടെ ചെലവിൽ കൂടുതൽ ആക്രമണാത്മക നയമാണ് അത് പിന്തുടരുന്നത്; അതേസമയം സഹകരണാത്മക ഫെഡറലിസത്തെക്കുറിച്ചുള്ള വായ്ത്താരിയുടെ കാര്യത്തിൽ ഒരു കുറവുമില്ല. രണ്ട്, നോട്ട് നിരോധനവും ചരക്ക് സേവന നികുതിയും (ജിഎസ്ടി) കൊണ്ട് മോദി ഗവൺമെന്റ് സമ്പദ്ഘടനയെ ഏറെക്കുറെ തകർത്ത് തരിപ്പണമാക്കി; ഇത് അനൗപചാരിക സമ്പദ്ഘടനയിലെ സംരംഭങ്ങൾക്കും കച്ചവടക്കാർക്കും തൊഴിലെടുക്കുന്ന ജനവിഭാഗങ്ങൾക്കും വലിയ തോതിലുള്ള നാശനഷ്ടങ്ങളാണ് ഉണ്ടാക്കുന്നത്. മൂന്ന്, മോദി ഗവൺമെന്റിന്റെ കോവിഡ് മഹാമാരി കെെകാര്യം ചെയ്തതുപോലുള്ള ഭ്രാന്തമായ കോർപറേറ്റനുകൂലവും ജനവിരുദ്ധവുമായ നയങ്ങൾ ജനങ്ങൾക്ക് കടുത്ത കഷ്ടപ്പാടുകളാണ് വരുത്തിവച്ചത്.

നോട്ടുനിരോധനം: ദുരന്തം, വിനാശകരം
നോട്ടു നിരോധനത്തിലൂടെ കള്ളപ്പണവും കള്ളനോട്ടും ഇല്ലാതാക്കാമെന്നും ഭീകരതയ്ക്ക് അറുതി വരുത്താമെന്നും അഴിമതി അവസാനിപ്പിക്കാമെന്നുമെല്ലാമാണ് മോദി അവകാശപ്പെട്ടത്. ഈ അസംബന്ധ അവകാശവാദങ്ങളയൊന്നും സാധൂകരിക്കുന്നതല്ല 2016 നവംബറിനെ തുടർന്നുള്ള അനുഭവം. ഔദ്യോഗിക കണക്കുപ്രകാരം കള്ളനോട്ട് 400 കോടി രൂപയുടേത് ഉണ്ടാകും; 2016 നവംബറിൽ റദ്ദാക്കിയ 500 രൂപയുടെയും 1000 രൂപയുടെയും നോട്ടിന്റെ മൂല്യം 15.44 ലക്ഷം കോടി രൂപയോളം വരുമെന്നിരിക്കെ അതിന്റെ തുച്ഛമായ ഒരു ഭാഗം മാത്രമാണ് സർക്കാർ പറയുന്ന 400 കോടി രൂപയുടെ കള്ളനോട്ട്. നോട്ടുകെട്ടുകളായി സൂക്ഷിച്ചിരുന്ന കള്ളപ്പണമാകട്ടെ, ഔദ്യോഗിക ഏജൻസികളുടെ കണക്കുപ്രകാരം മൊത്തം കള്ളപ്പണത്തിന്റെ കഷ്ടിച്ച് അഞ്ചോ ആറോ ശതമാനമേ വരൂ; ബാക്കി കള്ളപ്പണം സ്വർണ്ണാഭരണങ്ങളായും റിയൽ എസ്റ്റേറ്റ് സ്വത്തായും കെട്ടിടങ്ങളായും രാജ്യത്തിനു പുറത്തുള്ള ബാങ്ക് അക്കൗണ്ടുകളിൽ പൂഴ്-ത്തിവെച്ചും മറ്റുമാണ് സൂക്ഷിച്ചിട്ടുള്ളത്. നോട്ടുകെട്ടുകളായി കെെവശം വച്ചിരുന്ന കള്ളപ്പണം പോലും റിസർവ് ബാങ്ക് സ്ഥിരീകരിക്കുന്നതുപ്രകാരം ബാങ്കിങ് സംവിധാനത്തിലേക്ക് തിരികെ വന്നിട്ടുണ്ട്; ഇതിനർഥം നോട്ട് നിരോധിച്ചതും അതുമായി ബന്ധപ്പെട്ട് കെെക്കൊണ്ട നടപടിക്രമങ്ങളും യഥാർഥത്തിൽ നോട്ടുകെട്ടുകളായി കെെവശം വച്ചിരുന്നതിൽ ഏതാനും ലക്ഷംകോടി രൂപയുടെ കള്ളപ്പണം വെളുപ്പിക്കാൻ മാത്രമാണ് സഹായകമായത് എന്നാണ്. എന്നാൽ രാജ്യത്തിനും ജനങ്ങൾക്കും വലിയ നഷ്ടമുണ്ടാവുകയും ചെയ്തു. നൂറിലേറെ വിലപ്പെട്ട മനുഷ്യജീവനുകൾ നഷ്ടപ്പെട്ടു. മാനുഫാക്ചറിങ് രംഗത്തെയും സേവനമേഖലയിലെയും കച്ചവടരംഗത്തെയും സൂക്ഷ്മ, ചെറുകിട, ഇടത്തരം സംരംഭങ്ങൾ കെെമാറ്റം നടത്താൻ വേണ്ട പണം കെെവശമില്ലാത്തതുകൊണ്ട് തകർന്നു; തൽഫലമായി ദശലക്ഷക്കണക്കിനാളുകൾക്ക് തൊഴിൽ നഷ്ടപ്പെടുകയും ചെയ്തു. ഉൽപ്പാദനക്ഷമതയുള്ള തൊഴിലാളികളുടെ അധ്വാന സമയം ഭീമമായ തോതിൽ ബാങ്കുകളിൽനിന്ന് പണം കെെപ്പറ്റാനോ ഡെപ്പോസിറ്റ് ചെയ്യാനോ ക്യൂനിന്ന് പാഴാവുകയുണ്ടായി; ഇതുമൂലവും വലിയതോതിലുള്ള ഉൽപ്പാദന നഷ്ടമുണ്ടായി. സർക്കാർ ഇപ്പോഴും ഇതെല്ലാം നിഷേധിക്കുകയാണ്; എങ്കിലും നോട്ടുനിരോധനം ഇനിയും ശമിക്കാത്ത ദുരന്തമാണെന്നും സമ്പദ്ഘടനയ്ക്ക് ഗുരുതരമായ തിരിച്ചടിയുണ്ടാകാൻ ഇത് ഇടയാക്കിയെന്നും അനൗപചാരിക മേഖലയിലെ കോടാനുകോടി തൊഴിലാളികളുടെ ഉപജീവനമാർഗം നഷ്ടപ്പെടുന്നതിനും സംരംഭങ്ങളുടെ തകർച്ചയ്ക്കും അത് കാരണമായിയെന്നും ഇന്ന് പരക്കെ അംഗീകരിക്കപ്പെടുന്നുണ്ട്. ജിഡിപിയുടെ വളർച്ചനിരക്ക് രണ്ടുശതമാനത്തോളം ഇടിയുന്നതിന് ഇത് കാരണമായിയെന്ന് പല പണ്ഡിതരും വിലയിരുത്തിയിട്ടുണ്ട്.

ജിഎസ്ടി: ചെറുകിട ഉൽപ്പാദകരെയും 
വ്യാപാരികളെയും ദ്രോഹിക്കുന്നത്
ജിഎസ്ടി പരോക്ഷ നികുതിയാണ്; ചരക്കുകളും സേവനങ്ങളും വിലയ്ക്കുവാങ്ങുന്ന എല്ലാവരിൽനിന്നും ഏകരൂപമായാണ് അതു ഈടാക്കുന്നത്; അതുകൊണ്ടുതന്നെ ദരിദ്രർക്ക് അത് വലിയ ബാധ്യതയാകുന്നു; സമ്പന്നരെക്കാൾ താരതമേ-്യന കൂടുതൽ വലിയ ബാധ്യതയാണ് അത് ദരിദ്രർക്ക് ഉണ്ടാക്കുന്നത്. ഇത് സൂക്ഷ്-മ ചെറുകിട സംരംഭങ്ങളെയും വ്യാപാരികളെയും നികുതി വലയ്ക്കുള്ളിൽ കൊണ്ടുവന്നു; അങ്ങനെ ചെറുകിട നികുതി പിരിവ് ഉദ്യോഗസ്ഥരുടെ പീഡന വലയ്ക്കുള്ളിലും അവർ അകപ്പെട്ടു. സംസ്ഥാന സർക്കാരുകൾക്കായിരുന്ന പരിമിതമായ ധനപരമായ സ്വയംനിയന്ത്രണാവകാശംപോലും, പുകയിലയും മദ്യവും പെട്രോളും ഡീസലും ഒഴികെ എല്ലാ ചരക്കുകൾക്കുമേലും നികുതി ചുമത്താനുള്ള അധികാരം സംസ്ഥാന സർക്കാരുകളിൽനിന്ന് കവർന്നെടുക്കപ്പെട്ടതോടെ, ഇല്ലാതാക്കപ്പെട്ടു. ജിഎസ്ടി വരുന്നതോടെ വാർഷിക ജിഡിപി വളർച്ചാനിരക്ക് ഒന്നുമുതൽ രണ്ട് ശതമാനംവരെ വർധിക്കുമെന്ന ഔദ്യോഗിക അവകാശവാദം; എന്നാൽ അതിനു നേർവിപരീതമായി യഥാർത്ഥത്തിൽ നോട്ടുനിരോധനംമൂലം തകർച്ചയെ നേരിട്ടിരുന്ന സൂക്ഷ്-മ, ചെറുകിട, ഇടത്തരം സംരംഭങ്ങളെ ജിഎസ്-ടി പിന്നെയും ദുർബലമാക്കുകയായിരുന്നു.

കോർപറേറ്റനുകൂല ധനമൗലികവാദം
മോദി വാഴ്ചയുടെ ശ്രദ്ധേയമായ ഒരു ഘടകം, വർധിച്ച തോതിലുള്ള അതിസമ്പന്നാനുകൂല സ്വഭാവമുള്ള നികുതി ചുമത്തലും ചെലവഴിക്കൽ നയവുമാണ്. 2014ൽ മോദി അധികാരത്തിലെത്തിയശേഷമുള്ള ആദ്യത്തെ മൂന്നു വർഷക്കാലം അന്താരാഷ്ട്ര വിപണിയിൽ ക്രൂഡോയിൽ വില ഇടിഞ്ഞുകൊണ്ടിരുന്നതിന്റെ നേട്ടം കേന്ദ്ര സർക്കാരിന് ലഭിച്ചു. 2014 മെയ് മാസത്തിനും 2017 മെയ് മാസത്തിനും ഇടയ്ക്ക് മോദി ഗവൺമെന്റിനു ലഭിച്ച അപ്രതീക്ഷിത നേട്ടം 4000 കോടി ഡോളർ അഥവാ അന്നത്തെ വിനിമയ നിരക്കനുസരിച്ച് 2,33,000 കോടി രൂപയാണ്. ഈ കാലഘട്ടത്തിൽ പെട്രോളിന്റെയും ഡീസലിന്റെയും വില തെല്ലും താഴാത്തവിധം മോദി ഗവൺമെന്റ് പെട്രോളിയം ഉൽപ്പന്നങ്ങൾക്കുമേൽ നികുതിയും ചുങ്കങ്ങളും വർധിപ്പിച്ചുകൊണ്ടിരുന്നു. മോദി വാഴ്-ചയ്ക്കു കീഴിലെ നികുതി നയങ്ങളുടെ പൊതുവായ ഒരു സവിശേഷത കേന്ദ്രസർക്കാരിന്റെ മൊത്തം നികുതി വരുമാനത്തിൽ പരോക്ഷ നികുതിയുടെ വിഹിതം കുത്തനെ വർധിക്കുന്നു എന്നതാണ്. പരോക്ഷ നികുതി വർധിപ്പിച്ചുകൊണ്ട് ദരിദ്രർക്കുമേൽ അധിക നികുതിഭാരം അടിച്ചേൽപ്പിക്കുന്ന മോദി ഗവൺമെന്റ് മറുവശത്ത് കോർപ്പറേറ്റ് മേഖലയോടും സമ്പന്നരോടും അതീവദയവോടെയും ഉദാരമായുമാണ് ഇടപെടുന്നത്. കോർപ്പറേറ്റ് സ്ഥാപനങ്ങൾക്കുമേലുള്ള നികുതി നിരക്ക് മോദി സർക്കാർ 30 ശതമാനത്തിൽനിന്നും 22 ശതമാനമായി വെട്ടിക്കുറച്ചു; ഇത് ലോകത്തെതന്നെ ഏറ്റവും കുറഞ്ഞ നികുതി നിരക്കാണ്. സ്വത്തുനികുതി ഈ ഗവൺമെന്റ് പൂർണ്ണമായും നിർത്തലാക്കി. അതിസമ്പന്നർക്കും കോർപ്പറേറ്റ് മേഖലയ്ക്കും ഇങ്ങനെ ഇളവുകൾ വാരിക്കോരി നൽകിയത് മുൻപേതന്നെ ഉയർന്ന നിലയിലായിരുന്ന അസമത്വം പിന്നെയും കൂടുതൽ വർദ്ധിക്കുന്നതിനാണ് ഇടയാക്കിയത്. 2022ൽ മോദി അധികാരത്തിലെത്തി 8 വർഷമായപ്പോൾ ഏറ്റവും മുകൾത്തട്ടിലുള്ള ഒരു ശതമാനം വരുന്ന അതിസമ്പന്നർ മൊത്തം സ്വത്തിന്റെ 72 ശതമാനത്തിലധികവും സ്വന്തമാക്കി. മുകൾത്തട്ടിലുള്ള ഒരു ശതമാനംപേരുടെ മാത്രം കൈവശമാണ് ഇന്ത്യയിലെ മൊത്തം സ്വത്തിന്റെ 40.6 ശതമാനവും. മൊത്തത്തിൽ താഴ്-ത്തി കണക്കാക്കപ്പെട്ടിട്ടുള്ള ഔദ്യോഗിക ദാരിദ്ര്യ വിലയിരുത്തലനുസരിച്ചുപോലും ഇന്ത്യയിലെ ദരിദ്ര്യരുടെ എണ്ണം 23 കോടിയോളമാണ്. എന്നാൽ ഇന്ത്യയിലെ ശതകോടീശ്വരരുടെ എണ്ണം 2020ൽ 102 ആയിരുന്നത് 2022ൽ 166 ആയി വർധിച്ചു.

യൂണിയൻ ഗവൺമെന്റ് ജനപക്ഷ പരിപാടികൾക്കുള്ള വകയിരുത്തൽ വർധിപ്പിക്കാൻ തയ്യാറാകാതെ ധനക്കമ്മി താഴ്-ത്തിക്കൊണ്ടുവരികയെന്ന ലക്ഷ്യമാണ് നടപ്പാക്കുന്നത്; ഒപ്പം ധനക്കമ്മി സംബന്ധിച്ച ടാർജറ്റ് നേടുന്നതിന് വൻതോതിൽ ഓഹരി വിറ്റഴിക്കലും നടപ്പാക്കി വരുന്നു. ഓഹരി വിറ്റഴിക്കൽ പരിപാടി നടപ്പിലാക്കുകയാണെങ്കിൽ ഗവൺമെന്റ് ഈ നിരക്കിന്റെ ഏതാനും വർഷങ്ങൾക്കുള്ളിൽ ഇന്ത്യയിലെ പൊതുമേഖലതന്നെ അപ്രത്യക്ഷമാകും! മോദി സർക്കാർ തൊഴിലുറപ്പ് പദ്ധതിയെയും വെട്ടിക്കുറച്ചിരിക്കുകയാണ്.

കാർഷിക പ്രതിസന്ധി
കാർഷിക പ്രതിസന്ധി രൂക്ഷമായി തുടരുന്നു. നമ്മുടെ കർഷകരും കൃഷിയും അഭിമുഖീകരിക്കുന്ന എല്ലാ പ്രധാന വിഷയങ്ങളിലും–ആദായവില, ഗവേഷണത്തിനും വ്യാപനത്തിനുമുള്ള പിന്തുണ, വായ്പ, ഇൻപുട്ട് ചെലവുകൾ എന്നിവയും കടബാധ്യതയും –കർഷക ജനതയെ സംബന്ധിച്ചിടത്തോളം മോദി ഭരണത്തിൽ സ്ഥിതി വഷളായി വരികയാണ്. തൊഴിലുറപ്പ് പദ്ധതിക്കുള്ള വകയിരുത്തൽ ചുരുക്കിയതുമൂലം ഗ്രാമീണ മേഖലയിലെ കൂലി വേലക്കാരുടെ അവസ്ഥ പരിതാപകരമായിരിക്കുന്നു. കുറേക്കാലമായി ഗ്രാമീണമേഖലയിലെ കൂലി സ്തംഭനാവസ്ഥയിലാണ്; അതോടൊപ്പം കാർഷികോൽപ്പന്നങ്ങളുടെ വിലയും തകർച്ചയിലാണ്. വ്യവസായത്തിലെയും വ്യാപാരത്തിലെയും ചെറുകിടക്കാരെ മാത്രമല്ല നോട്ടുനിരോധനം ദോഷകരമായി ബാധിച്ചത്, കൃഷിക്കാരെയും അത് പ്രതികൂലമായി ബാധിച്ചു.

തൊഴിൽ പ്രതിസന്ധി
രാജ്യം ഇപ്പോൾ ഭീമമായ തൊഴിലില്ലായ്-മയാണ് നേരിടുന്നത്. അതുപോലെതന്നെ, തൊഴിൽ സേനയുടെ പങ്കാളിത്ത നിരക്കും ഇടിയുകയാണ്. പ്രത്യേകിച്ചും ഗ്രാമീണ മേഖലയിലെ സ്ത്രീകൾക്കിടയിൽ. തൊഴിലില്ലായ്മ പ്രതിസന്ധി സ്തംഭനാവസ്ഥയിലായ കുറഞ്ഞ കൂലി പ്രതിഫലിപ്പിക്കുന്നുണ്ട്. തൊഴിലിന്റെ ഗുണനിലവാരം തീരെ തുച്ഛമാണ് –കുറഞ്ഞ കൂലി, കൂടുതൽ നീണ്ട ജോലി സമയം, തൊഴിൽ സുരക്ഷയോ സാമൂഹ്യക്ഷേമ സംരക്ഷണമോ ഇല്ലാത്ത അവസ്ഥ എന്നിവയാണ് ഇന്നത്തെ തൊഴിലുകളുടെ സ്ഥിതി. കോവിഡ് മഹാമാരി കൈകാര്യം ചെയ്യുന്നതിൽ യൂണിയൻ ഗവൺമെന്റ് കൈക്കൊണ്ട ജനവിരുദ്ധ സമീപനം കാര്യങ്ങൾ കൂടുതൽ വഷളാക്കി. യൂണിയൻ ഗവൺമെന്റിന്റെ അവകാശവാദത്തിൽനിന്ന് വ്യത്യസ്തമായി സാമ്പത്തിക വീണ്ടെടുപ്പ് ദുർബലമായി തുടരുന്നു. ജനക്ഷേമവുമായി ബന്ധപ്പെട്ട എല്ലാ സൂചകങ്ങളും 2014ൽ മോദിയുടെ നേതൃത്വത്തിൽ ബിജെപി /ആർഎസ്എസ് അധികാരത്തിലെത്തിയതിനുശേഷമുള്ള ഒമ്പത് വർഷവും തകർച്ചയാണ് കാണിക്കുന്നത്. 

ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

2 × 3 =

Most Popular