Wednesday, October 9, 2024

ad

Homeകവര്‍സ്റ്റോറികാർഷിക മേഖലയിൽ 
സമ്പൂർണ്ണമായ തകർച്ച

കാർഷിക മേഖലയിൽ 
സമ്പൂർണ്ണമായ തകർച്ച

ആർ രാംകുമാർ

2014ൽ നരേന്ദ്ര മോദി തന്റെ തിരഞ്ഞെടുപ്പ് പ്രചാരണ വേളയിൽ -രണ്ടാം യുപിഎ സർക്കാരിന്റെ കീഴിൽ നിലനിന്നിരുന്ന കാർഷിക പ്രതിസന്ധിയെക്കുറിച്ച് വലിയ പ്രചാരണം നടത്തിയിരുന്നു. ബിജെപി നൽകിയ ആകർഷകമായ വാഗ്ദാനങ്ങൾ കർഷകരും കർഷകത്തൊഴിലാളികളും കുടിയാന്മാരും പാവപ്പെട്ടവരുമടങ്ങുന്ന ഗ്രാമീണ വോട്ടർമാരെ 2014ലെ തിരഞ്ഞെടുപ്പിൽ ബിജെപിക്ക് വലിയ തോതിൽ വോട്ട് ചെയ്യാൻ പ്രേരിപ്പിച്ചു. മോദി സർക്കാർ അധികാരത്തിൽ വരുന്നതുതന്നെ കർഷകർക്ക് നൽകിയ വാഗ്‌ദാനങ്ങൾ അടിസ്ഥാനത്തിലാണ്. രണ്ടു പ്രധാന വാഗ്‌ദാനങ്ങൾ മാത്രം തുടക്കത്തിൽ തന്നെ പറഞ്ഞു പോകാം. ഒന്ന്, ഇന്ത്യയിലെ കർഷകരുടെ വരുമാനം 2015നും 2022നും ഇടയ്ക്ക് ഇരട്ടിയാക്കും; — അതും പണപ്പെരുപ്പം കിഴിച്ചതിനുശേഷം. രണ്ട്, കൃഷിക്കാരുടെ ദീർഘകാല ആവശ്യമായിരുന്ന തറവിലകൾ സ്വാമിനാഥൻ കമ്മീഷൻ ശുപാർശ പോലെ ചെലവും ചെലവിന്റെ 50 ശതമാനവും ചേർത്ത് നിശ്ചയിക്കും. ഈ രണ്ടു വാഗ്ദാനങ്ങൾ ഇന്നെവിടെ നിൽക്കുന്നു?

ഒന്നാമതായി, കർഷകരുടെ വരുമാനം ഇരട്ടിയാക്കും എന്നു പറഞ്ഞ് അധികാരത്തിൽവന്ന മോദി സർക്കാർ വരുമാനത്തെ യഥാർത്ഥത്തിൽ ഇടിക്കുകയാണ് ചെയ്തത്–; അതും കേവലമായിത്തന്നെ. 2012–-13, 2018-–19 എന്നീ വർഷങ്ങളിലെ ദേശീയ സാമ്പിൾ സർവ്വേയുടെ ഫലങ്ങൾ കാണിക്കുന്നത് ഇന്ത്യയിൽ കൃഷിയിൽ നിന്നുമാത്രം കർഷക കുടുംബങ്ങൾക്കു ലഭിക്കുന്ന ശരാശരി വരുമാനം — പണപ്പെരുപ്പം കിഴിച്ചാൽ – പ്രതിമാസം 2855 രൂപയിൽ നിന്ന് 2816 രൂപയായി കുറഞ്ഞു എന്നാണ്. അതായത് 1.4 ശതമാനത്തിന്റെ കേവല ഇടിവ്. ഇത് മനസ്സിലാക്കിയ മോദി സർക്കാർ ഇരട്ടിയാക്കൽ വർഷം ഇപ്പോൾ 2024 വരെ നീട്ടിയിരിക്കുകയാണത്രെ! അപ്പോഴേക്കും പാർലമെന്റ് തിരഞ്ഞെടുപ്പ് കഴിയുമല്ലോ! സൗകര്യമായി.

രണ്ടാമതായി, ചെലവും ചെലവിന്റെ 50 ശതമാനവും ചേർത്തുതന്നെയാണ് തറവില നിശ്ചയിക്കുന്നത് എന്നാണ് മോദി സർക്കാരിന്റെ വാദം. എന്നാൽ ശുദ്ധതട്ടിപ്പാണ്‌ ഈ വാദം. സ്വാമിനാഥൻ കമ്മീഷൻ പറഞ്ഞതുപോലെയേയല്ല മോദി സർക്കാരിന്റെ രീതിശാസ്ത്രം. സ്വാമിനാഥൻ കമ്മീഷൻ പറഞ്ഞത് കൃഷിക്കാരന് കയ്യിൽ നിന്ന് ചെലവാകുന്ന പണവും (A2 ചെലവ് എന്ന് പറയും) അതിനൊപ്പം അവന്റെ ഭൂമി പാട്ടത്തിന് കൊടുത്തിരുന്നെങ്കിൽ കിട്ടുമായിരുന്ന പാട്ടവും, അവന്റെ കുടുംബത്തിലെ വ്യക്തികളുടെ കൃഷിയിടത്തിലെ അധ്വാനം വിപണിയിലെ കൂലിനിരക്കിന്റെ അടിസ്ഥാനത്തിൽ കണക്കുകൂട്ടിയുള്ള പണവും, ഇതെല്ലാം ചേർത്ത് വേണം മൊത്തം ചെലവ് കണക്കാക്കാനെന്നും (C2 ചെലവ് എന്ന് പറയും), അതിന്റെ മുകളിലാണ് 50 ശതമാനം കൂട്ടേണ്ടത് എന്നുമാണ്. പക്ഷേ മോദി സർക്കാർ ചെയ്തത് സ്വാമിനാഥന്റെ നിർദേശങ്ങളെ ദുർവ്യാഖ്യാനം ചെയ്ത് A2 ചെലവിന്റെയും അധ്വാനമൂല്യത്തിന്റെയും മാത്രം മുകളിൽ 50 ശതമാനം ചേർത്ത് തറവില പ്രഖ്യാപിക്കുകയാണ്. ഇത് മൂലം കർഷകർക്ക് ഓരോ ക്വിന്റലിനും ഏകദേശം 700 മുതൽ 1000 രൂപ വരെ തറവിലയിൽ നഷ്ടമാകുന്നു എന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത്. ഇത് മാത്രമല്ല, കേരളം പോലെ ക്വിന്റലിന് കൂടുതൽ പണം ബോണസ്സായി നൽകി നെല്ല് സംഭരിക്കുന്ന സംസ്ഥാനങ്ങളെ നിങ്ങളുടെ കയ്യിൽ നിന്നും ഇനി നെല്ല് വാങ്ങില്ല എന്നുപറഞ്ഞു ഭീഷണിപ്പെടുത്തുക കൂടി ചെയ്യുന്നു കേന്ദ്ര സർക്കാർ.

ഈ രണ്ടു വിഷയങ്ങൾ മാത്രം മതി എത്ര മാത്രം കർഷക വിരുദ്ധമാണ് കേന്ദ്ര സർക്കാർ എന്ന് മനസ്സിലാക്കാൻ. മാത്രമല്ല, ചരിത്രപരമായ കാർഷിക നിയമങ്ങൾക്കെതിരെയുള്ള സമരം നമുക്കോർക്കാം. അന്ന് കൃഷിക്കാരെയാകെ ഖാലിസ്ഥാനികളെന്നും ദേശവിരുദ്ധരെന്നുമൊക്കെ മുദ്രകുത്തി അവർക്കെതിരെ തീവ്രവാദികൾക്കെതിരെ ചുമത്തുന്ന നിയമങ്ങൾക്ക് കീഴിൽ കേസുകളെടുക്കാൻ കൂടി തുനിഞ്ഞ സർക്കാരാണ് മോദിയുടേത്. സമരത്തിൽ തോറ്റു പിന്മാറേണ്ടി വന്നെങ്കിലും ഈ നിയമങ്ങൾ തങ്ങൾ തിരിച്ചു കൊണ്ടുവരും എന്ന് ഇടയ്ക്കിടക്ക് ഭീഷണിപ്പെടുത്തുകകൂടി ചെയ്യുന്നുണ്ട് ഈ സർക്കാരിലെ ചില മന്ത്രിമാർ. മോദിയുടെ 9 വർഷത്തെ ഭരണത്തിൻ കീഴിൽ സമൂഹത്തിലെ ഒരു വിഭാഗവും കർഷകരെക്കാളും കർഷകത്തൊഴിലാളികളേക്കാളും കൂടുതൽ ദുരിതത്തിലായതായി കാണില്ല.

ദേശീയ ക്രൈം റെക്കോർഡ്സ് ബ്യൂറോയുടെ (എൻസിആർബി) യാഥാസ്ഥിതികമായ കണക്കുകൾ പ്രകാരം കർഷക ആത്മഹത്യകൾ നിർബാധം തുടരുകയാണ്. 1995 മുതൽ 2014 വരെയുള്ള രണ്ട് ദശകങ്ങളിൽ കർഷക ആത്മഹത്യകൾ 2,96,438 ആയിരുന്നു. 2014-–2023 വരെയുള്ള വെറും 9 വർഷങ്ങളിൽ 2021 ആകുമ്പോഴേക്ക് തന്നെ കർഷക ആത്മഹത്യകൾ ഒരു ലക്ഷം കവിഞ്ഞു. പട്ടയമില്ലാത്ത കർഷകർ, ആദിവാസികൾ, ദളിതർ, സ്ത്രീകളായ കർഷകർ, വനഭൂമി കർഷകർ, ഭൂരഹിതരായ കർഷകത്തൊഴിലാളികൾ എന്നിവരുടെ ആയിരക്കണക്കിന് ആത്മഹത്യകളെ എൻസിആർബി കർഷക ആത്മഹത്യകളായി കണക്കുകൂട്ടുന്നതേയില്ല. മാത്രമല്ല, ആയിരക്കണക്കിന് കർഷക ആത്മഹത്യകളെ അങ്ങനെ അംഗീകരിക്കാൻ പല സംസ്ഥാന സർക്കാരുകളും തയ്യാറല്ല. അതെല്ലാം കൂട്ടിയാൽ ആത്മഹത്യാ കണക്കുകൾ ഇനിയും ഉയരും. ഇതിനൊപ്പം, 2014–-21 കാലയളവിൽ 2,35,799 ദിവസ-വേതന തൊഴിലാളികളും ആത്മഹത്യ ചെയ്തു. കർഷകരെയും തൊഴിലാളികളെയും ഒരുമിച്ച് എടുത്താൽ 2014 നും 2021 നും ഇടയിൽ ആത്മഹത്യകൾ ഏകദേശം 3,25,000 ആകും. മോദിയുടെ ഭരണത്തിൻ കീഴിലെ രൂക്ഷമായ കാർഷിക പ്രതിസന്ധിയുടെയും മൊത്തത്തിലുള്ള സാമ്പത്തിക പ്രതിസന്ധിയുടെയും പ്രതിഫലനമാണിത്.

ആദ്യ പരിഷ്‌കാരംതന്നെ തിരിച്ചടി
മോദി സർക്കാർ അധികാരത്തിൽ വന്നതിനു ശേഷം ആദ്യം എടുത്ത നടപടിയേത് എന്ന് പരിശോധിച്ചാൽ മനസ്സിലാകും അവരുടെ കൃഷിക്കാരോടുള്ള സ്നേഹം. 2013ൽ പാസാക്കിയ ഭൂമി ഏറ്റെടുക്കൽ നിയമം അട്ടിമറിച്ച് ഒരു ഓർഡിനൻസിലൂടെ നിയമത്തിൽ ഭേദഗതി വരുത്താനുള്ള ബിജെപി സർക്കാരിന്റെ 2014ലെ നീക്കത്തെ ഇന്ത്യയിലെ കർഷകർ ഒന്നടങ്കം എതിർത്തു. കോർപ്പറേറ്റുകളുടെയും ഭൂമാഫിയയുടെയും ലാഭക്കൊതിയും റിയൽ എസ്റ്റേറ്റ് ഊഹക്കച്ചവടവും പ്രോത്സാഹിപ്പിക്കുന്നതിന് ലക്ഷ്യമിട്ടാണ് സർക്കാർ ഓർഡിനൻസ് കൊണ്ടുവന്നത്. ഭൂമി ഏറ്റെടുക്കുന്നതിനായുള്ള പൊതു ഉദ്ദേശ്യത്തിന്റെ 2013ലെ നിയമത്തിലെ നിർവചനത്തെ ഓർഡിനൻസ് ദുർബലപ്പെടുത്തി. സ്വകാര്യ കമ്പനികളെയും അവരുടെ അനിയന്ത്രിതമായ ലാഭക്കൊതിയാലുള്ള പ്രവർത്തനങ്ങളെയും പൊതു ആവശ്യത്തിലേക്ക് കൊണ്ടുവരുകയും കോർപ്പറേറ്റുകളുടെ അനിയന്ത്രിതമായ ഭൂമി ഏറ്റെടുക്കൽ പ്രോത്സാഹിപ്പിക്കുകയും ചെയ്യാനായിരുന്നു ആ ഓർഡിനൻസ് ശ്രമിച്ചത്. അതിനായി, ഭൂമി ഏറ്റെടുക്കലിൽ ഭൂവുടമകളുടെ സമ്മതവും സാമൂഹിക പ്രത്യാഘാത വിലയിരുത്തലും ഒക്കെ ആ ഓർഡിനൻസ് നീക്കം ചെയ്തു. ഭക്ഷ്യസുരക്ഷാ പ്രശ്‌നങ്ങൾ പരിഹരിക്കാനുള്ള 2013ലെ നിയമത്തിലെ താരതമ്യേന ദുർബലമായ വ്യവസ്ഥകൾ പോലും ഓർഡിനൻസ് റദ്ദാക്കി. വ്യവസായ ഇടനാഴികൾ, പിപിപി പദ്ധതികൾ ഉൾപ്പെടെയുള്ള അടിസ്ഥാന സൗകര്യ പദ്ധതികൾ എന്നിവയ്ക്കായി ബഹുവിള കൃഷിയുള്ളതും ഫലഭൂയിഷ്ഠവുമായ ഭൂമി എളുപ്പത്തിൽ ഏറ്റെടുക്കുന്നതിന് കൂടി ഓർഡിനൻസ് വഴിവെച്ചു. അന്ന് രാജ്യസഭയിൽ ഭൂരിപക്ഷമില്ല എന്ന ഒറ്റക്കാരണത്താലാണ് ആ നിയമം ലോക്-സഭയിൽവെച്ചുതന്നെ ഉപേക്ഷിക്കാൻ മോദി സർക്കാർ നിർബന്ധിതമായത്. എന്നാൽ ആ ശ്രമത്തോടുകൂടി കേന്ദ്ര സർക്കാരിന്റെ തനിനിറം പുറത്തായി. ഇന്ത്യയെമ്പാടുമുള്ള കർഷക സംഘടനകൾ ഭൂമി അധികാർ ആന്ദോളൻ സമിതി എന്ന ഒരു പുതിയ സംഘമുണ്ടാക്കി പ്രവർത്തനം തുടങ്ങി. അഖിലേന്ത്യ കിസാൻ സഭ ഈ പ്രവർത്തനത്തിൽ നേതൃത്വപരമായ പങ്ക് വഹിച്ചു.

ആദിവാസികളുടെ ഭൂപ്രശ്നത്തിലും വഞ്ചനാപരമായ നിലപാടാണ് കേന്ദ്ര സർക്കാർ കൈക്കൊണ്ട് വന്നിട്ടുള്ളത്. 2015 മുതൽതന്നെ വനവും ഖനന വിഭവങ്ങളും കോർപ്പറേറ്റുകൾക്ക് കൊള്ളയടിക്കാൻ സഹായിക്കുന്നതിന് വനാവകാശ നിയമവും, അതുപോലെ ആദിവാസികൾക്ക് Panchayat Extension to Scheduled Areas Act പോലെയുള്ള ഭരണഘടനാ ഉറപ്പുകളും ഒക്കെ ദുർബലപ്പെടുത്താൻ കേന്ദ്ര സർക്കാർ ശ്രമങ്ങൾ ആരംഭിച്ചു. വ്യാപാരം സുഗമമാക്കാനെന്ന പേരിലും വനഭൂമി സംരക്ഷിക്കുന്ന ചട്ടങ്ങൾ കൊണ്ടുവരാനെന്ന വ്യാജേനയും ആദിവാസി ഭൂമികളുടെ വിനിയോഗം മാറ്റാനായിരുന്നു യഥാർത്ഥ ശ്രമം. ഒരു വശത്ത്, വനാവകാശത്തിനായി കെട്ടിക്കിടക്കുന്ന ലക്ഷക്കണക്കിന് അപേക്ഷകൾ അനുവദിക്കപ്പെടാതെ കിടക്കുന്നു; വനാവകാശ നിയമപ്രകാരം അപേക്ഷ സമർപ്പിച്ച 50 ശതമാനത്തിലധികം കർഷകരുടെ ക്ലെയിമുകളും ഇന്ന് നിരസിക്കപ്പെട്ടു കിടക്കുകയാണ്. മറുവശത്ത്, ആദിവാസി ഭൂമി കാർഷികേതര ആവശ്യങ്ങൾക്കായി കോർപ്പറേറ്റുകൾക്ക് ഏറ്റെടുക്കാൻ അനുവദിക്കാനും ശ്രമിക്കുന്നു. ഇതുമൂലം വനവിഭവങ്ങളുടെ മേലുള്ള സാമുദായിക അവകാശങ്ങൾ ലംഘിക്കപ്പെടുകയാണ്. ഖനന കമ്പനികൾക്ക് ധാതു വിഭവങ്ങൾ എളുപ്പത്തിൽ ലഭ്യമാക്കുന്നതിന് പല സംസ്ഥാന ബിജെപി സർക്കാരുകളും വനാവകാശ നിയമങ്ങൾ അനിയന്ത്രിതമായി ഇന്ന് ലംഘിക്കുകയാണ്. അവർക്കുവേണ്ടി ഭൂമി ലഭ്യമാക്കുന്നതിന് ആദിവാസികളുടെയും ഗ്രാമസഭകളുടെയും നിർബന്ധിത സമ്മതം എന്ന നിയമം പലയിടത്തും ദുർബലപ്പെടുത്തിയിരിക്കുന്നു. ഇവിടെയും ആദിവാസി അധികാർ രാഷ്ട്രീയ മഞ്ച് പോലുള്ള സംഘടനകളുമായി ചേർന്ന് അഖിലേന്ത്യ കിസാൻ സഭ വലിയ ജനമുന്നേറ്റങ്ങളാണ് സംഘടിപ്പിച്ചത്. പല സംസ്ഥാനങ്ങളിലെയും പരിഷ്‌കരണങ്ങൾ പിൻവലിപ്പിക്കാനും ഈ ചെറുത്തുനിൽപ്പുകൾക്ക് സാധിച്ചു.

1980ലെ വനസംരക്ഷണ നിയമത്തിൽ ഭേദഗതി വരുത്തി വനഭൂമി സ്വകാര്യ വ്യക്തികൾക്കും കമ്പനികൾക്കും കൈമാറുന്നത് കൂടുതൽ എളുപ്പമാക്കാനും മോദി സർക്കാർ ഇന്ന് ആലോചിക്കുന്നുണ്ട്. എൻഡിഎ അധികാരത്തിൽ വന്നതിനുശേഷം വനഭൂമി തരംതിരിച്ച് വിടുന്നതിന്റെ വേഗത ഒരു വർഷം 6,000 ഹെക്ടറിൽ നിന്ന് 10,000 ഹെക്ടറായി വർദ്ധിച്ചു. — അതായത്, ഇരട്ടിയായി. 2008 മുതൽ 3 ലക്ഷത്തിലധികം ഹെക്ടറുകൾ ഇങ്ങനെ തരംതിരിച്ചു വിട്ടിട്ടുണ്ട് എന്നാണ് കണക്ക്. ഇങ്ങനെ സംഭവിക്കുമ്പോൾ യഥാർത്ഥ വനാവകാശ ഉടമകൾക്ക് നഷ്ടപരിഹാരം നൽകിയ ഒരു സംഭവം പോലും ഉണ്ടായിട്ടില്ല.

കന്നുകാലി കച്ചവട നിയന്ത്രണം
ഭൂവിഷയത്തിലെ ചതികൾക്കു പിന്നാലെയാണ് കന്നുകാലി കച്ചവടം നിയന്ത്രിക്കുന്നതിനുള്ള വിജ്ഞാപനത്തിലൂടെ കർഷകരുടെ കന്നുകാലി സമ്പത്തിന് നേരെയുള്ള ആക്രമണത്തിനുകൂടി മോദി സർക്കാർ തുടക്കമിട്ടത്. മൃഗങ്ങളോടുള്ള ക്രൂരത തടയൽ (കന്നുകാലി വിപണിയുടെ നിയന്ത്രണം) റൂൾസ് 2017 എന്ന വിജ്ഞാപനം ക്ഷീര കൃഷിയിൽ ഏർപ്പെട്ടിരുന്ന ദശലക്ഷക്കണക്കിന് പാവപ്പെട്ട കർഷകരുടെയും തുകൽ വ്യവസായത്തിൽ ഏർപ്പെട്ടിരിക്കുന്നവരുടെയും ഇറച്ചി വിൽപ്പനയിലൂടെ ഉപജീവനം കണ്ടെത്തുന്നവരുടെയും നേരെയുള്ള ആക്രമണമായിരുന്നു. ക്ഷീര, തുകൽ, മാംസ വ്യവസായങ്ങളിൽ ഏർപ്പെട്ടിരുന്ന കോർപ്പറേറ്റ് സ്ഥാപനങ്ങൾക്ക് വിപണിയിലേക്ക് അനിയന്ത്രിതമായ പ്രവേശനം ഉറപ്പാക്കാനായിരുന്നു ശ്രമം. ഇതിന്റെ ഭാഗമായി കാളകൾ, പശുക്കൾ, എരുമകൾ, പോത്ത്, പശുക്കിടാവുകൾ, ഒട്ടകം എന്നിവ ഉൾപ്പെടെയുള്ള കന്നുകാലികളെ മൃഗവിപണിയിൽ വിൽക്കുന്നതിന് കർശന നിയന്ത്രണങ്ങൾ ഏർപ്പെടുത്തി. അടിസ്ഥാനപരമായി ഒരു കർഷകന്റെ ജീവിതത്തിന്റെയും ഉപജീവനത്തിന്റെയും നിർണായകമായ ഒരു വശം അവരോട് കൂടിയാലോചിക്കുക പോലും ചെയ്യാതെ നിയമമാക്കുകയാണ് ഉണ്ടായത്. ഏതെങ്കിലും തൊഴിൽ ചെയ്യുന്നതിനോ ഏതെങ്കിലും വ്യാപാരമോ ബിസിനസ്സോ നടത്താനോ ഉള്ള മൗലികാവകാശത്തെ ലംഘിക്കുന്നത് കൂടിയായി പുതിയ വിജ്ഞാപനം. ദശലക്ഷക്കണക്കിന് ഇന്ത്യക്കാരുടെ ഭക്ഷണ ശീലങ്ങളെയും ഇത് ബാധിച്ചു.

ഈ വിജ്ഞാപനത്തിലൂടെ നടന്നത് ഫെഡറൽ സംവിധാനത്തിൽ സംസ്ഥാനങ്ങളുടെ അവകാശങ്ങളിലേക്കുള്ള കേന്ദ്രത്തിന്റെ കടന്നുകയറ്റം കൂടിയാണ്. കന്നുകാലിച്ചന്തകളുടെ നിയന്ത്രണം ഒരു സംസ്ഥാന വിഷയമാണ്. തലമുറകളായി നടന്നുവരുന്ന പ്രാദേശിക ചന്തകൾ, കാലിച്ചന്തകൾ ഉൾപ്പെടെയുള്ള മേളകൾ എന്നിവയുമായി ബന്ധപ്പെട്ട നിയമങ്ങൾ നിർമ്മിക്കാനുള്ള അവകാശം കൂടി സംസ്ഥാന സർക്കാരിനുണ്ട്. മറുവശത്ത്, മൃഗചന്തകളെ നിയന്ത്രിക്കുന്നതിന് കേന്ദ്ര സർക്കാരിന് ചട്ടങ്ങളുണ്ടാക്കാൻ നിക്ഷിപ്തമായ അധികാരങ്ങളൊന്നുമില്ല. ഏകദേശം 8 സംസ്ഥാനങ്ങളിൽ കന്നുകാലികളെ കശാപ്പ് ചെയ്യുന്നതിന് ആ അവസരത്തിൽ നിരോധനമില്ലായിരുന്നു എന്ന വസ്തുത അവഗണിച്ച് കന്നുകാലി വ്യാപാരം നടത്താനുള്ള അവകാശത്തെ ദേശവ്യാപകമായി പരിമിതപ്പെടുത്താനായിരുന്നു ശ്രമം.

കൃഷിക്കാർക്ക് മൃഗങ്ങളെ വിൽക്കുന്നത് പ്രായോഗികമായി അസാധ്യമാക്കുന്നതാണ് ഈ വിജ്ഞാപനം. ഇതു മൂലം പാൽ നൽകാത്ത, കൃഷിപ്പണിക്കുപയോഗിക്കാൻ കഴിയാത്ത, മൃഗങ്ങളെ കൃഷിക്കാർക്ക് വിൽക്കാൻ സാധിക്കാത്ത സ്ഥിതി നിലവിൽ വന്നു. അതേ സമയം, ഈ മൃഗങ്ങൾക്കു തീറ്റ നല്കിക്കൊണ്ടിരിക്കുകയും വേണം. ഇത് അക്ഷരാർത്ഥത്തിൽ ഇന്ത്യയിലെ കൃഷിക്കാരുടെ ഒരു പ്രധാന ഉപജീവനമാർഗത്തെ ഇല്ലാതാക്കുകയും അവർക്കു മേൽ കൂടുതൽ സാമ്പത്തിക ഭാരങ്ങൾ കയറ്റി വെക്കുകയും ചെയ്തു. കർഷകർക്കും ഗ്രാമീണ ദരിദ്രർക്കും ദളിതർക്കും ആദിവാസികൾക്കും ന്യൂനപക്ഷങ്ങൾക്കുമൊക്കെ നേരെ പ്രത്യക്ഷത്തിലുള്ള ആക്രമണമാണ് ഈ വിജ്ഞാപനം. ഇതിന്റെ ഭാഗമായി ഗോരക്ഷകർ എന്ന് സ്വയം വിശേഷിപ്പിച്ച ഒരു കൂട്ടം ഗുണ്ടകൾ പല സംസ്ഥാനങ്ങളിലും ആർഎസ്എസ്, ബജ്‌റംഗ് ദൾ എന്നിവയുടെ നേതൃത്വത്തിൽ നിലവിൽ വന്നു. ഇവരുടെ കൈയാലാണ് 2017ൽ ആൽവാറിൽ പെഹ്‌ലു ഖാൻ ദാരുണമായി വധിക്കപ്പെട്ടത്. പെഹ്‌ലു ഖാന്റെ കൊലയ്ക്കു ശേഷം അഖിലേന്ത്യ കിസാൻ സഭയുൾപ്പെടെ വിജ്ഞാപനത്തിനെതിരെ സുപ്രീം കോടതിയിൽ ഒരു കേസ് ഫയൽ ചെയ്തിരുന്നു. ആ വിജ്ഞാപനം കോടതി സ്റ്റേ ചെയ്തു. എന്നാൽ മോദി സർക്കാരിന്റെ കർഷകവിരുദ്ധ നയങ്ങളുടെ ഒരു പുതിയ തെളിവുകൂടിയായി ഈ വിവാദം.

നോട്ടുനിരോധനം
ഇന്ത്യയുടെ പല ഭാഗങ്ങളും വരൾച്ചയിൽ വലയുമ്പോഴാണ് നോട്ടുനിരോധന നീക്കം 2016 നവംബറിൽ നടന്നത്. അത് കാർഷികമേഖലയിലും നാശം വിതച്ചു. നോട്ടുനിരോധനം കാർഷിക വിപണികളിൽ രണ്ട് തലത്തിലുള്ള സ്വാധീനം ചെലുത്തി. ഒന്നാമതായി, മാസങ്ങളോളം ഇത് രാജ്യത്തുടനീളമുള്ള കാർഷിക വിതരണ ശൃംഖലയെ തടസ്സപ്പെടുത്തി. ഖരീഫ് വിളകൾ കൊയ്ത്ത് കഴിഞ്ഞു വിപണിയിൽ എത്തുന്നതിനും റാബി വിള വിതയ്ക്കുന്നതിനും തൊട്ടു മുൻപ് കൂടിയായി നോട്ടുനിരോധനം. നോട്ട് ക്ഷാമം ഖരീഫ് വിളവെടുപ്പിന്റെ സുഗമമായ വരവിനെയും വില്പനയെയും തടഞ്ഞു. പല പ്രദേശങ്ങളിലും കർഷകരുടെ ഉത്പന്നങ്ങൾ വയലുകളിൽ നിന്നും വ്യാപാരികൾ ഏറ്റെടുക്കാൻ വിസമ്മതിച്ചു. മറ്റു പ്രദേശങ്ങളിൽ, മാർക്കറ്റ് വിലയേക്കാൾ കുറഞ്ഞ വിലയ്ക്ക് വ്യാപാരികൾക്ക് വിൽക്കാനോ, പഴയ 500/1000 രൂപ നോട്ടുകൾക്ക് പകരമായി വിൽക്കാനോ, കർഷകർ നിർബന്ധിതരായി. ഇതുമൂലം കാർഷിക വിപണികളിലേക്കുള്ള ഉൽപ്പന്നങ്ങളുടെ വരവിൽ ഗണ്യമായ കുറവുണ്ടായി. രണ്ടാമതായി, നോട്ടുനിരോധനം കാർഷിക വിപണിയുടെ ചില വ്യവസ്ഥാപരമായ സവിശേഷതകളെ തകിടം മറിച്ചു. പണത്തിന്റെ ഉപയോഗം എപ്പോഴും മണ്ഡി വ്യാപാരത്തിൽ ആധിപത്യം പുലർത്തിയിട്ടുണ്ട്. മൊത്തക്കച്ചവടക്കാരും ചില്ലറ വ്യാപാരികളും തമ്മിലുള്ള പേയ്‌മെന്റുകൾ എല്ലായ്-പ്പോഴും ഉടനടി യാഥാർത്ഥ്യമായിരുന്നില്ല. പല വ്യാപാരികളും പാർട്ട് പേയ്‌മെന്റുകളും കാലതാമസമുള്ള പേയ്‌മെന്റുകളും ഉപയോഗിച്ച് പണം റിവോൾവ് ചെയ്യും. പണം ഉടൻ ലഭ്യമല്ലാത്തപ്പോൾ, വ്യാപാരികൾ അനൗപചാരിക സ്രോതസ്സുകളിൽ നിന്ന് കടം വാങ്ങുകയും പണം വരുമ്പോൾ തിരിച്ചടയ്ക്കുകയും ചെയ്യും. മറ്റൊരു വിധത്തിൽ പറഞ്ഞാൽ, മണ്ഡികൾ സുഗമമായി പ്രവർത്തിക്കാൻ സഹായിക്കുന്ന ലൂബ്രിക്കന്റായിരുന്നു പണം അല്ലെങ്കിൽ നോട്ടുകൾ. എന്നാൽ നോട്ടുനിരോധനത്തിനുശേഷം ഇതെല്ലാം നിലച്ചു. പണം റിവോൾവ് ചെയ്യുന്ന രീതി ബുദ്ധിമുട്ടായി. വിപണിയുടെ അടിസ്ഥാന താളം തെറ്റി. ചെറുകിട കച്ചവടക്കാരിൽ പലരും കച്ചവടം ഉപേക്ഷിച്ചു. തൽഫലമായി, മണ്ഡി വ്യാപാരത്തിന്റെ ഊർജ്ജസ്വലത തകർന്നു. മിക്ക ചരക്കുകളുടെയും വില കുത്തനെ ഇടിഞ്ഞു.

ഇതെല്ലാം കർഷകർക്ക് ഗുരുതരമായ ആഘാതമുണ്ടാക്കി. റാബി വിളയിൽ വിത്തുകളും മറ്റ് ഉൽപന്നങ്ങളും കൃത്യസമയത്തും ന്യായമായ വിലയിലും വാങ്ങാനുള്ള കർഷകരുടെ കഴിവിനെ പണക്ഷാമം പരിമിതപ്പെടുത്തി. കർഷകർ പ്രധാനമായും വിത്തും വളവും വാങ്ങുന്നത് സ്വകാര്യ വ്യാപാരികളിൽ നിന്നും സഹകരണ സ്ഥാപനങ്ങളിൽ നിന്നുമാണ്; അല്ലാതെ സർക്കാർ ഔട്ട്‌ലെറ്റുകളിൽ നിന്നല്ല. ഒരു ഏക്കറിൽ ഗോതമ്പ് വിതയ്ക്കാൻ ഒരു കർഷകന് വിത്തുവാങ്ങാൻ 2500 രൂപയും വളം വാങ്ങാൻ 700 രൂപയും കൂലിക്ക് 1000 രൂപയും വേണ്ടിവരും എന്നാണ് അന്ന് കണക്കാക്കപ്പെട്ടത്. അങ്ങനെ മൊത്തം ഒരു ഏക്കറിന് ഏകദേശം 4200 രൂപ. അങ്ങനെ, അഞ്ച് ഏക്കറുള്ള ഒരു ഗോതമ്പ് കർഷകന് വിത പൂർത്തിയാക്കാൻ കുറഞ്ഞത് 20,000 രൂപ വേണ്ടിവരുമായിരുന്നു. ഇത് സമാഹരിക്കാൻ അവർ വളരെ ബുദ്ധിമുട്ടി. ഉത്പന്നങ്ങളുടെ വിലത്തകർച്ച, നശിച്ചുപോയ വിളകൾ, പഴങ്ങളുടെയും പച്ചക്കറികളുടെയും നഷ്ടം, കാർഷിക ജോലിക്ക് കൂലി നൽകാൻ പോലും കഴിയാത്തത്, കർഷകത്തൊഴിലാളികൾക്ക് നഷ്ട്ടപ്പെട്ട തൊഴിലും കൂലിയും, കാർഷിക ഉത്പന്നങ്ങളുടെ ഡിമാൻഡിലുണ്ടായ ഇടിവ്, ഇവയെല്ലാം മൂലം ഗ്രാമീണ മേഖലയിൽ വൻതോതിൽ വരുമാനം നഷ്ടമായി. നോട്ടുനിരോധനത്തിന്റെ പ്രതികൂല ഫലങ്ങൾ ഏകദേശം ഒരു വർഷത്തോളം ഗ്രാമീണ മേഖലയിൽ നീണ്ടുനിന്നു.

ഗ്രാമീണ സമ്പദ്‌വ്യവസ്ഥ താറുമാറാകുമെന്നും വ്യാപാര ബന്ധങ്ങൾ പരിഹരിക്കാനാകാത്തവിധം തകരുമെന്നും എല്ലാ വിദഗ്ധരും മുന്നറിയിപ്പ് നൽകിയിരുന്നു. അതൊന്നും ചെവിക്കൊള്ളാതെയായിരുന്നു സർക്കാരിന്റെ നടപടികൾ.

പൊതുനിക്ഷേപത്തിന്റെ തകർച്ച
കാർഷിക മേഖലയിൽ പൊതുനിക്ഷേപത്തിന്റെ പ്രാധാന്യം എടുത്തുപറയേണ്ടതില്ല. ജലസേചനം, റോഡുകൾ, പാലങ്ങൾ, വിപണികൾ, ഗവേഷണം എന്നിവയൊക്കെ ഈ ഗണത്തിൽ വരും. കാർഷിക മേഖലയിൽ പൊതുനിക്ഷേപത്തിന്റെ കുറവാണ് ഉദാരവൽക്കരണ കാലത്തെ പ്രത്യേകതയെങ്കിലും കൂടുതൽ ആഴത്തിലുള്ള തകർച്ചയാണ് മോദി സർക്കാരിന്റെ കാലത്തുണ്ടായിട്ടുള്ളത്. മൊത്തം കാർഷിക ജിഡിപിയുടെ ശതമാനമായി നോക്കിയാൽ 2013-–14ൽ 15.6 ശതമാനമായിരുന്നു കൃഷിയിലെ പൊതുനിക്ഷേപം. എന്നാൽ 2017–-18 ആയപ്പോൾ ഇത് 12.3 ശതമാനമായി ചുരുങ്ങി. പിന്നീടത് 13.1 ശതമാനമായി ഉയർന്നെങ്കിലും ഇപ്പോഴും ഏകദേശം ഒരു ദശകം നീണ്ട പൊതുനിക്ഷേപത്തിലെ തകർച്ചയുടെ ദൂഷ്യഫലങ്ങൾ കൃഷിയിലെ പശ്ചാത്തല വികസന മേഖലയിൽ നിലനിൽക്കുന്നു. പൊതുനിക്ഷേപത്തിലെ കുറവ് കൃഷിക്കാരുടെ സ്വകാര്യ നിക്ഷേപങ്ങളെയും ദോഷകരമായി ബാധിച്ചിട്ടുണ്ട്.

ചരിത്രപരമായി, കാർഷിക ഗവേഷണത്തിൽ സർക്കാരായിരുന്നു മുൻനിര നിക്ഷേപകൻ. വികസിത രാജ്യങ്ങളിൽ, കാർഷിക ജിഡിപിയുടെ വിഹിതമായി നോക്കിയാൽ കാർഷിക ഗവേഷണത്തിനുള്ള പൊതുനിക്ഷേപം 2 മുതൽ 3 ശതമാനം വരെയാണ്. എല്ലാ വികസ്വര രാജ്യങ്ങൾക്കും നോക്കിയാൽ 0.6 ശതമാനമാണ് ഈ വിഹിതം. ഇന്ത്യയിൽ കാർഷിക ഗവേഷണത്തിനും വിദ്യാഭ്യാസത്തിനുമുള്ള പൊതുനിക്ഷേപം 2022-–23ൽ വെറും 0.5 ശതമാനം മാത്രമായിരുന്നു. അതായത്, ഇന്ത്യയുടെ വിഹിതം വികസ്വര രാജ്യങ്ങളുടെ ശരാശരിക്കും താഴെയായിരുന്നു. ഒമ്പതാം പഞ്ചവത്സര പദ്ധതി (1997–2002) കാലത്ത് കാർഷിക ഗവേഷണരംഗത്ത് പൊതുനിക്ഷേപത്തിന് കാർഷിക ജിഡിപിയുടെ 1 ശതമാനം എന്ന ലക്ഷ്യം വച്ചിരുന്നുവെങ്കിലും ഇന്നും അത് നേടിയെടുത്തിട്ടില്ല. വാസ്തവത്തിൽ, മോദി സർക്കാർ അധികാരത്തിൽ വന്നതിനുശേഷം കാർഷിക ജിഡിപിയുടെ വിഹിതമെന്ന നിലയിൽ ഗവേഷണത്തിലെ പൊതുനിക്ഷേപത്തിൽ ഇടിവാണുണ്ടായിട്ടുള്ളത്. മറുവശത്ത്, മൊൺസാന്റോ പോലെയുള്ള കോർപറേറ്റ് ഭീമന്മാർക്ക് ഈ സർക്കാർ ചുവന്ന പരവതാനിയും വിരിച്ചു.

ഉത്പാദന ചെലവിന്റെ വളർച്ച
ഉൽപ്പാദനച്ചെലവിലെ ക്രമാതീതമായ വർദ്ധനവ് കാർഷികമേഖലയിലെ ഇന്നത്തെ ഒരു പ്രധാന പ്രതിസന്ധിയാണ്. മോദി സർക്കാരിന്റെ നയങ്ങൾ ഈ പ്രതിസന്ധിയെ കൂടുതൽ വഷളാക്കുന്നേയുള്ളൂ. തൽഫലമായി, കഴിഞ്ഞ 9 വർഷങ്ങളിൽ മിക്ക വിളകളിലും ലാഭക്ഷമതാ നിരക്ക് കുറഞ്ഞിട്ടുണ്ട്. രാസവളം, ഡീസൽ, വൈദ്യുതി എന്നിവയിൽ സബ്‌സിഡി കുറവായതാണ് ഉൽപ്പാദനച്ചെലവിന്റെ നല്ലൊരു പങ്കും ഉയരാൻ കാരണമായത്.

1990-കളിലും അതിനുശേഷവും രാസവളത്തിന്റെ വില കുത്തനെ ഉയർന്നിരുന്നു. 1992 വരെ ഇന്ത്യയിലെ രാസവളങ്ങളുടെ വില സർക്കാർ നിയന്ത്രിച്ചിരുന്നു. ഉദാരവൽക്കരണ പരിപാടിയുടെ ഭാഗമായി രാസവള വിലയിൽ ഭാഗികമായ നിയന്ത്രണം ഏർപ്പെടുത്തി. ഫോസ്ഫറസ്, പൊട്ടാഷ് വളങ്ങളുടെ വില നിയന്ത്രണം ഒഴിവാക്കി. യൂറിയയുടെ (നൈട്രജൻ) വില നിയന്ത്രണം തുടർന്നു. അങ്ങനെ ഫോസ്ഫറസ്, പൊട്ടാഷ് വളങ്ങളുടെ വിലകൾ മാത്രം ഉയരാൻ ആരംഭിച്ചു. കൃഷിക്കാർ ഈ വളങ്ങൾ ഒഴിവാക്കി കുറഞ്ഞ വിലയുള്ള യൂറിയ കൂടുതലായി വാങ്ങാൻ തുടങ്ങി. രാസവള വിലയെ സംബന്ധിച്ച ഇത്തരം യുക്തിരഹിതമായ നയം ഇന്ത്യൻ മണ്ണിലെ പോഷക സന്തുലിതാവസ്ഥയെ തകിടം മറിച്ചു. നൈട്രജൻ വളങ്ങളുടെ ഉപഭോഗം അതിവേഗം വർദ്ധിച്ചു, അതേസമയം ഫോസ്ഫറസ്, പൊട്ടാഷ് രാസവളങ്ങളുടെ ഉപയോഗം കുറഞ്ഞു. ഉപയോഗത്തിലെ അസന്തുലിതാവസ്ഥ ഫലഭൂയിഷ്ഠമായ ജലസേചന പ്രദേശങ്ങളിൽ രാസവളത്തിന്റെ പ്രതികരണം കുറയുന്നതിനും മണ്ണിൽ സൂക്ഷ്മ പോഷകങ്ങൾ കുറയുന്നതിനും കാരണമായി. ഇത് വ്യത്യസ്ത അളവുകളിൽ മണ്ണിന്റെ ഫലഭൂയിഷ്ഠത കുറയുന്നതിന് കാരണമായി.

2009-ൽ സർക്കാർ എൻബിഎസ് പദ്ധതി അവതരിപ്പിച്ചു. ഇവിടെ ഓരോ വളത്തിനും അതിന്റെ പോഷകാംശമനുസരിച്ച് വാർഷികാടിസ്ഥാനത്തിൽ നിശ്ചിത തുക സബ്‌സിഡി നൽകാനായിരുന്നു പദ്ധതി. അതായത് ഓരോ വളത്തിലും അടങ്ങിയിരിക്കുന്ന നൈട്രജൻ, ഫോസ്ഫറസ്, പൊട്ടാഷ്, സൾഫർ എന്നിവയുടെ സബ്സിഡി സർക്കാർ പ്രത്യേകം നിശ്ചയിച്ചു. ഉൽപ്പാദനച്ചെലവ് അനുസരിച്ച് രാസവളങ്ങളുടെ യഥാർത്ഥ ചില്ലറ വില വളം കമ്പനികളുടെ വിവേചനാധികാരത്തിന് വിട്ടു. എൻബിഎസ് നിലവിൽ വന്നതിനുശേഷം, ഒരു കിലോ പോഷകത്തിന് സർക്കാർ സബ്‌സിഡി നിരന്തരമായി കുറച്ചിട്ടുണ്ട്. 2010–-11ൽ നൈട്രജന് കിലോയ്ക്ക് 23.2 രൂപയും ഫോസ്ഫറസിന് കിലോയ്ക്ക് 26.3 രൂപയും പൊട്ടാഷിന് കിലോയ്ക്ക് 24.5 രൂപയും സബ്‌സിഡി നൽകി. 2019–-20ൽ നോക്കിയാൽ നൈട്രജന് കിലോയ്ക്ക് 18.9 രൂപയും ഫോസ്ഫറസിന് കിലോയ്ക്ക് 15.2 രൂപയും പൊട്ടാഷിന് കിലോയ്ക്ക് 11.1 രൂപയുമാണ് സബ്‌സിഡി. ടൺ അടിസ്ഥാനത്തിൽ നോക്കിയാൽ 2010 നും 2019 നും ഇടയിൽ, ഡൈ-അമോണിയം ഫോസ്ഫേറ്റിന്റെ (ഡിഎപി) എൻബിഎസ് 16,268 രൂപയിൽ നിന്ന് 10,402 രൂപയായി കുറഞ്ഞു; സിംഗിൾ സൂപ്പർ ഫോസ്ഫേറ്റിന് (എസ്എസ്പി) 4,400 രൂപയിൽ നിന്ന് 2,826 രൂപ കുറഞ്ഞു; മ്യൂറിയേറ്റ് ഓഫ് പൊട്ടാഷിന് (എംഒപി) 14,692 രൂപയിൽ നിന്ന് 6,674 രൂപയായി കുറഞ്ഞു.

ഈ നയമാറ്റങ്ങൾ കാരണം 2014ന് ശേഷം രാസവളങ്ങളുടെ വില കുതിച്ചുയർന്നു. അമോണിയം സൾഫേറ്റ്, എസ്എസ്പി തുടങ്ങിയ വളങ്ങളുടെ വില 1990-കളിൽ തന്നെ ഉയരാൻ തുടങ്ങിയിരുന്നുവെങ്കിലും, 2009-ൽ എൻബിഎസ് സ്കീം നിലവിൽ വന്നതിനുശേഷം എല്ലാ വളങ്ങളുടെയും (യൂറിയ ഒഴികെ) വിലയിൽ കുത്തനെ വർദ്ധനവുണ്ടായി. ഇതിന്റെ ഭാഗമായി ഉത്പാദന ചെലവുകൾ ക്രമാതീതമായി ഉയർന്നു. മിനിമം തറവിലകൾ വർദ്ധിക്കാത്ത സാഹചര്യത്തിൽ കർഷകരുടെ വരുമാനത്തിന്മേൽ വലിയ സമ്മർദ്ദമാണ് മോദി സർക്കാരിന്റെ കാലത്തുണ്ടായത്.

പിഎം കിസാനും നേരിട്ടുള്ള 
ആനുകൂല്യ പദ്ധതികളും
കൃഷിയിലെ ലാഭം കുറഞ്ഞത് പിഎം കിസാൻ പോലുള്ള സ്കീമുകൾ വഴി നികത്തി എന്നാണ് സർക്കാരിന്റെ വാദം. കൃഷിക്കുള്ള പൊതുബജറ്റ് പിന്തുണ വെട്ടിക്കുറയ്ക്കാൻ വികസ്വര രാജ്യങ്ങളെ പ്രേരിപ്പിക്കുന്ന ലോക വ്യാപാര കരാറിന്റെ അജൻഡയ്ക്ക് അനുസൃതമായി, കാർഷിക മേഖലയിലെ ഉൽപ്പാദനവുമായി ബന്ധപ്പെട്ട നേരിട്ടുള്ള പദ്ധതികളിൽ നിന്ന് പിൻമാറി, നേരിട്ടുള്ള പണം കൈമാറ്റ പദ്ധതികളിലേക്ക് മാറുന്നതിന് മോദി സർക്കാർ വലിയ മുന്നേറ്റം നൽകുകയാണ്. 2019ലെ പാർലമെന്റ് തിരഞ്ഞെടുപ്പിന്റെ തൊട്ടുമുൻപ് 2018-ൽ ആരംഭിച്ച പിഎം-കിസാൻ പദ്ധതി അത്തരമൊന്നാണ്. തിരഞ്ഞെടുപ്പ് പ്രചരണത്തിൽ ബിജെപി പിഎം-കിസാൻ പദ്ധതിയെ ഉപയോഗിക്കുകയും 14.5 കോടി കർഷകർക്ക് അതിന്റെ പ്രയോജനം ലഭിക്കുമെന്ന് അവകാശപ്പെടുകയും ചെയ്തു. എന്നിരുന്നാലും, വാസ്തവത്തിൽ, പിഎം-കിസാൻ പദ്ധതി ഒരു പരാജയമാണ്.

ഒന്നാമതായി, ഇന്ത്യയിൽ കാർഷിക കുടുംബങ്ങളെ തിരിച്ചറിയുക എളുപ്പമല്ല. എല്ലാ കർഷകരുടെയും ഒരു ഔദ്യോഗിക രജിസ്ട്രി ഇല്ല. വിവിധ സംസ്ഥാനങ്ങളിൽ വ്യത്യസ്ത അളവിലുള്ള കൃത്യതയോടെ സൂക്ഷിക്കുന്ന ഭൂരേഖകൾ വലിയൊരു പ്രശ്നമാണ്. ഭൂരേഖകൾ കാർഷിക കുടുംബങ്ങളെ തിരിച്ചറിയുന്നില്ല. അവ പലപ്പോഴും കാലഹരണപ്പെട്ടവയാണ്. കുടിയാൻ വ്യവസ്ഥ കൂടുതലും അനൗപചാരികമായതിനാൽ, ഇന്ത്യയിലെ മിക്ക സംസ്ഥാനങ്ങളിലെയും ഭൂരേഖകളിൽ അതിന്റെയും രേഖകളില്ല. തൽഫലമായി, ഭൂമി പാട്ടത്തിനെടുത്ത കർഷകർ അത്തരം രേഖകളിൽ നിന്ന് ഒഴിവാക്കപ്പെടുന്നു. ഇത് കണക്കിലെടുക്കുമ്പോൾ, പിഎം-കിസാൻ പോലുള്ള പദ്ധതികളാൽ കർഷകരുടെ ഒരു വലിയ ജനസംഖ്യ- പ്രത്യേകിച്ച്, പാവപ്പെട്ട കർഷകർ — ഒഴിവാക്കപ്പെടുന്നു. പദ്ധതിയുടെ കവറേജ് തുടക്കത്തിൽ നടത്തിയ അവകാശവാദങ്ങളേക്കാൾ വളരെ കുറവാണ്. രണ്ടാമതായി, പണപ്പെരുപ്പം വളരുന്ന സാഹചര്യത്തിൽ, കാർഷിക ഇൻപുട്ടുകളുടെ വിലകൾ ക്രമാതീതമായി വർധിക്കുന്ന സാഹചര്യത്തിൽ, ഈ പദ്ധതി വഴി കൈമാറ്റം ചെയ്യപ്പെടുന്ന പണത്തിന്റെ അളവ് ക്രമീകരിക്കുന്നതിന് യാതൊരു സംവിധാനവുമില്ല. നൽകുന്ന ആനുകൂല്യത്തിന്റെ തുക 2018 മുതൽ പ്രതിവർഷം 6000 രൂപ എന്ന നിശ്ചിത തുകയായി നിശ്ചയിച്ചിരിക്കുന്നു. പിഎം-ഉജ്ജ്വല പോലുള്ള മറ്റ് നേരിട്ടുള്ള ആനുകൂല്യ കൈമാറ്റ പദ്ധതികളുടെ അനുഭവം കാണിക്കുന്നത്, പണപ്പെരുപ്പം കിഴിച്ചാൽ, പദ്ധതിയുടെ പ്രഖ്യാപനത്തിന്റെ ഒരു ചെറിയ കാലയളവിനുള്ളിൽ തന്നെ നൽകുന്ന മൊത്തം ആനുകൂല്യത്തിന്റെ തുക കുത്തനെ കുറയ്ക്കാൻ സർക്കാരിന് കഴിയുമെന്നാണ്. ഇതുതന്നെയാണ് പിഎം കിസാൻ പദ്ധതിയിലും കാണുന്നത്.

പിഎം കിസാൻ പദ്ധതി ഇന്ത്യയിലെ കാർഷിക വികസനത്തിന് ഇന്നൊരു സംഭാവനയും നൽകുന്നില്ല. കർഷകർ നേരിടുന്ന സാമ്പത്തിക പ്രതിസന്ധി കണക്കിലെടുത്ത്, ഈ പദ്ധതിക്ക് കീഴിലുള്ള തുച്ഛമായ പണ കൈമാറ്റം ഒരു ചെറിയ പാലിയേറ്റീവായി പ്രവർത്തിക്കും എന്നേയുള്ളൂ. മാത്രമല്ല, കാർഷിക ദുരിതത്തിന്റെ യഥാർത്ഥ കാരണങ്ങൾ കൈകാര്യം ചെയ്യുന്നതിന്റെ ഉത്തരവാദിത്വത്തിൽ നിന്ന് സർക്കാരിന് കൈകഴുകി രക്ഷപ്പെടാനുള്ള സാധ്യതയും തുറന്നിടുന്നു.

ഉഭയകക്ഷി, പ്രാദേശിക 
സ്വതന്ത്ര വ്യാപാര കരാറുകൾ
ലോകവ്യാപാര സംഘടനയുടെ പ്രവർത്തനത്തിലെ തുടർച്ചയായ തടസ്സങ്ങളും തർക്കങ്ങളും കണക്കിലെടുക്കുമ്പോൾ, വികസിത രാജ്യങ്ങൾ വികസ്വര രാജ്യങ്ങളെ ഉഭയകക്ഷി-പ്രാദേശിക സ്വതന്ത്ര വ്യാപാര കരാറുകളിലേക്ക് (എഫ്ടിഎ) പ്രേരിപ്പിക്കാൻ തുടങ്ങിയിട്ട് കുറേക്കാലമായി. സമീപ വർഷങ്ങളിൽ ഇന്ത്യ വിവിധ രാജ്യങ്ങളുമായി സ്വതന്ത്ര വ്യാപാര കരാറുകളിൽ ഏർപ്പെട്ടിട്ടുണ്ട്. ഇതുവരെ ആസിയാൻ, ദക്ഷിണേഷ്യൻ രാജ്യങ്ങൾ, മൗറീഷ്യസ്, ദക്ഷിണ കൊറിയ, ജപ്പാൻ, മലേഷ്യ, സിംഗപ്പൂർ, തായ്‌ലൻഡ്, യുഎഇ, തുടങ്ങിയ രാജ്യങ്ങളുമായി 12 സ്വതന്ത്ര വ്യാപാര കരാറുകളിൽ ഇന്ത്യ ഒപ്പുവച്ചിട്ടുണ്ട്. കാനഡ, യുകെ, യൂറോപ്യൻ യൂണിയൻ, ഓസ്‌ട്രേലിയ, ന്യൂസിലാൻഡ്, ഇസ്രായേൽ എന്നീ രാജ്യങ്ങളുമായി കൂടുതൽ എഫ്‌ടിഎകൾക്കുള്ള ചർച്ചകൾ നടക്കുന്നുണ്ട്.

ഒരു പ്രധാന പ്രശ്നം എന്തെന്നാൽ അന്താരാഷ്‌ട്ര വ്യാപാര വ്യവസ്ഥകൾ മാറുന്ന സാഹചര്യത്തിൽ, പുതിയ കാലത്തെ ഉഭയകക്ഷി-പ്രാദേശിക എഫ്‌ടിഎകളുമായി ബന്ധപ്പെട്ട ചർച്ചകളിൽ വലിയ രഹസ്യാത്മകതയുണ്ട് എന്നതാണ്. മുഴുവൻ ചർച്ചകളും ഉദ്യോഗസ്ഥ മേധാവികൾ നയിക്കുന്നു. കർഷകരോ കാർഷിക സംഘടനകളോ ഈ ചർച്ചകളിൽ ഉൾപ്പെടുത്തപ്പെടുന്നേയില്ല. ഈ എഫ്ടിഎകൾ ഡിഫറൻഷ്യൽ ട്രീറ്റ്മെന്റ് വാഗ്ദാനം ചെയ്യുന്നില്ല. വികസ്വര രാജ്യങ്ങളുടെ ചരിത്രപരമായ അവികസിതാവസ്ഥ തിരിച്ചറിയുന്നില്ല. താരിഫ് കുറയ്ക്കൽ, താരിഫ് ഇതര തടസ്സങ്ങൾ, എഫ്ടിഎകൾക്ക് കീഴിലുള്ള നിക്ഷേപ വ്യവസ്ഥകൾ, വ്യാപാര ബാധ്യതകൾ എന്നിവയുൾപ്പെടെ വിപണി ഉദാരവൽക്കരണ പ്രക്രിയയെ മുന്നോട്ട് കൊണ്ടുപോകുന്നതിനുള്ള എല്ലാ ഉപകരണങ്ങളും വികസ്വര, ദരിദ്ര രാജ്യങ്ങളുടെ ഉൽപാദനശേഷിയെ തടസ്സപ്പെടുത്തുന്നവയാണ്. സമ്പന്ന വികസിത രാജ്യങ്ങളും ദരിദ്ര വികസ്വര രാജ്യങ്ങളും കുറയ്ക്കേണ്ട കാർഷിക സബ്‌സിഡികളുടെ പ്രശ്നം ഇതുവഴി ഒഴിവാക്കപ്പെടുകയും ചെയ്യുന്നു.

ഇന്ത്യയും ആസിയാൻ രാജ്യങ്ങളും തമ്മിൽ 2014ൽ ഒപ്പുവെച്ച എഫ്ടിഎ വികസ്വര രാജ്യങ്ങൾ തമ്മിലുള്ള ഒരു വ്യാപാര കരാറായിരുന്നു. എന്നിരുന്നാലും, വിലകുറഞ്ഞ സുഗന്ധവ്യഞ്ജനങ്ങളുടെയും റബ്ബറിന്റെയും കുറഞ്ഞ തീരുവയും അമിതമായ ഇറക്കുമതിയും റബ്ബർ, കാപ്പി, സുഗന്ധവ്യഞ്ജനങ്ങൾ എന്നിവയിലെ തോട്ടം കർഷകരെ പ്രതികൂലമായി ബാധിച്ചു. ഈ എഫ്ടിഎകളുടെ കുറഞ്ഞ താരിഫും അനിയന്ത്രിതമായ നിബന്ധനകളുമാണ് ഇപ്പോൾ ചർച്ച നടന്നുകൊണ്ടിരിക്കുന്ന ആർസിഇപി (റീജിയണൽ കോംപ്രഹെൻസീവ് ഇക്കണോമിക് പാർട്ണർഷിപ്പ്) ഉടമ്പടി, അതുപോലെ യുഎസ്, ന്യൂസിലാൻഡ്, ഓസ്ട്രേലിയ എന്നിവയുമായുള്ള എഫ്ടിഎകൾ, എന്നിവയോടുള്ള കർഷകരുടെ എതിർപ്പിന് പിന്നിലെ പ്രധാന കാരണം. ആർസിഇപി-യാകട്ടെ, വിലകുറഞ്ഞ പാലുൽപ്പന്നങ്ങളുടെ ഇറക്കുമതിക്കും അതുവഴി ചെറുകിട ക്ഷീരകർഷകരുടെ വരുമാനത്തെയും സാരമായി ബാധിക്കുമെന്ന് ഉറപ്പാണ്. ആർസിഇപി കരാർ ഒപ്പുവെക്കാതെ മോദി സർക്കാർ പിൻവാങ്ങാൻ നിർബന്ധിതമായെങ്കിലും ഭാവിയിൽ ഒപ്പു വെക്കും എന്ന് തന്നെയാണ് പല മന്ത്രിമാരും ഇപ്പോഴും പരസ്യമായി പറയുന്നത്.

ആർസിഇപി ഒപ്പിടാതെ മാറി നിൽക്കുമ്പോഴും 2022 നവംബർ 23-ന് ഇന്ത്യ-–ഓസ്‌ട്രേലിയ സാമ്പത്തിക സഹകരണ വ്യാപാര കരാർ ഒപ്പു വെക്കാൻ മോദി സർക്കാർ തയ്യാറായി. ഓസ്‌ട്രേലിയയിലെ ക്ഷീരവ്യവസായത്തെ നമ്മുടെ വിഭവശേഷിയില്ലാത്ത, പ്രതിസന്ധിയിലായ, ക്ഷീരകർഷകരുമായി മത്സരിക്കാൻ ഇത് അനുവദിക്കുമെന്ന ആശങ്ക അടിസ്ഥാനരഹിതമല്ല. ലാഭം കൊയ്യാൻ ഇന്ത്യയിലെ പാൽ വിപണിയിലാണ് ഓസ്‌ട്രേലിയ ഉറ്റുനോക്കുന്നത്. ക്ഷീരോൽപ്പാദനം ഈ കരാറിൽ നിന്ന് ഒഴിവാക്കിയില്ലെങ്കിൽ ധവളവിപ്ലവത്തിന്റെ നേട്ടങ്ങൾ നശിപ്പിക്കപ്പെടും. അറ്റത്തരമൊരു ഉറപ്പു നൽകാൻ കേന്ദ്ര സർക്കാർ ഇനിയും തയാറായിട്ടില്ല.

കരിമ്പ് കർഷകരുടെ ദുരിതം
കരിമ്പ് കർഷകരുടെ ദുരന്തം ഒരുപക്ഷേ മറ്റൊരു കർഷകനും നേരിടേണ്ടി വന്നിട്ടുണ്ടാവില്ല. അവർക്ക് വിലയായി നൽകേണ്ട തുകയിൽ വലിയ രൂപത്തിൽ കുടിശ്ശിക വർദ്ധിക്കുന്നത് കർഷകരെ തളർത്തുകയാണ്. മൊത്തം നൽകാനുള്ള കരിമ്പുവിലയുടെ കുടിശ്ശിക ഓരോ വർഷവും 8,616 കോടി രൂപയാണ്. മൊത്തം വില കുടിശ്ശികയുടെ 74.2 ശതമാനം (4,646 കോടി രൂപ) ആദിത്യനാഥിന്റെ ഉത്തർപ്രദേശിലാണ്. എന്നിരുന്നാലും, 2020 ഡിസംബറിൽ കർഷകരുടെ കുടിശ്ശിക വർദ്ധിച്ച് കൊണ്ടിരിക്കുമ്പോൾ, 60 ലക്ഷം ടൺ പഞ്ചസാര കയറ്റുമതി ചെയ്യുന്നതിന് പഞ്ചസാര മില്ലുകൾക്ക് 3,500 കോടി രൂപ സബ്‌സിഡി നൽകാൻ മോദി സർക്കാരിന് ഒരു മടിയുമുണ്ടായില്ല.

വന്യമൃഗങ്ങളുടെ ആക്രമണം
വന്യമൃഗങ്ങളും അലഞ്ഞുതിരിയുന്ന കന്നുകാലികളും വൻതോതിൽ കൃഷിനാശം വരുത്തുന്നതിനാൽ കർഷകർക്ക് വൻ നഷ്ടമാണ് എല്ലാ വർഷവും ഉണ്ടാവുന്നത്. വ്യക്തികളുടെ മരണവും അവർക്കെതിരെയുണ്ടാവുന്ന ആക്രമണങ്ങളും കൂടി വരുന്നതായാണ് കണക്കുകൾ കാണിക്കുന്നത്. കന്നുകാലി വ്യാപാരത്തിനെതിരായ നിയന്ത്രണങ്ങളും ഗോരക്ഷകരുടെ സ്വയംപ്രഖ്യാപിത വിജിലന്റ് ഗ്രൂപ്പുകളുടെ ആക്രമണവും കാരണം കന്നുകാലികളുടെ വിൽപ്പന കൂടുതൽ ദുഷ്‌കരമായതിനു ശേഷം അലഞ്ഞുതിരിയുന്ന കന്നുകാലികളുടെ ഭീഷണിയും കൂടുതൽ വർദ്ധിച്ചിട്ടുണ്ട്. ആന, നീലഗായ, കാട്ടുപന്നി, കുരങ്ങ് തുടങ്ങിയ വന്യമൃഗങ്ങളും വലിയ നാശനഷ്ടം ഉണ്ടാക്കുന്നുണ്ട്. ഹിമാചൽ പ്രദേശിന് ഓരോ വർഷവും ഉണ്ടാകുന്ന നഷ്ടം കണക്കാക്കിയാൽ ഇത് ഏകദേശം 2,500 കോടി രൂപയോളം വരും. വന്യജീവി സംരക്ഷണം, മൃഗങ്ങളുടെ അവകാശങ്ങൾ, മൃഗങ്ങളോടുള്ള ക്രൂരത തടയുക എന്നിവ കൈകാര്യം ചെയ്യുന്ന ഗ്രൂപ്പുകൾ കർഷകരുടെ ദുരവസ്ഥയെ പൂർണമായും അവഗണിച്ച് വന്യമൃഗങ്ങളുടെ ശാസ്ത്രീയമായ നശീകരണത്തിനുള്ള നീക്കങ്ങൾ തടയുകയാണിന്ന് ചെയ്യുന്നത്. പലയിടങ്ങളിലും ഈ പ്രശ്നംമൂലം കൃഷിയിറക്കുന്നതുതന്നെ കൃഷിക്കാർ അവസാനിപ്പിക്കാൻ നിർബന്ധിതരായിട്ടുണ്ട്. ഇത്രയും വലിയ വ്യാപ്തിയുള്ള ഈ പ്രശ്നം മോദി സർക്കാർ ശാസ്ത്രീയമായി അഭിസംബോധന ചെയ്യുന്നേയില്ല.

കാർഷിക ഇൻഷുറൻസ്
കാർഷിക സേവനങ്ങളുടെ സ്വകാര്യവൽക്കരണം മോദി സർക്കാരിന്റെ പ്രധാന തന്ത്രമാണ്. പ്രധാനമന്ത്രി ഫസൽ ബീമാ യോജന വഴിയുള്ള വിള ഇൻഷുറൻസ് സ്വകാര്യവൽക്കരിച്ചത് പൊതു നിയന്ത്രണത്തിന്റെ പരിധിയിൽ നിന്ന് വിള ഇൻഷുറൻസിനെ ഒഴിവാക്കി. എല്ലാ വർഷവും വൻതുകകൾ — (2019-–20-ൽ 32,340 കോടി രൂപ, 2020-–21-ൽ 31,861 കോടി രൂപ) — സർക്കാർ വിള ഇൻഷുറൻസ് പ്രീമിയമായി സ്വകാര്യ ഇൻഷുറൻസ് കമ്പനികൾക്ക് കൈമാറുന്നു. ഇൻഷ്വർ ചെയ്ത കർഷകരിൽ ഭൂരിഭാഗവും ഇപ്പോൾ ലോണില്ലാത്ത കർഷകരാണ്. ഇതുമൂലം കാർഷിക വായ്പാ സമ്പ്രദായത്തിൽ നിന്ന് വിള ഇൻഷുറൻസിനെ വർദ്ധിതമായി വേർപെടുത്തപ്പെടുന്ന സ്ഥിതിയാണ് വന്നു ചേർന്നിട്ടുള്ളത്. സർക്കാരിൽ നിന്ന് കൂടുതൽ പ്രീമിയം ക്ലെയിം ചെയ്യുന്നതിനായി കൂടുതൽ വ്യാജകർഷകരെ സൃഷ്ടിക്കുന്നത് ഇപ്പോൾ സ്വകാര്യ വിള ഇൻഷുറൻസിന്റെ പ്രവർത്തനരീതിയായി മാറിയിരിക്കുന്നു. ഇൻഷുറൻസ് ക്ലെയിമുകൾ സെറ്റിൽ ചെയ്യുന്നതിന് 2019-–20ൽ ഏകദേശം 26,413 കോടി രൂപയും 2020–21ൽ ഏകദേശം 17,931 കോടി രൂപയും ഇൻഷുറൻസ് കമ്പനികൾ അടച്ചിട്ടുണ്ടെന്നാണ് റിപ്പോർട്ട്. ഇത് സർക്കാരങ്ങോട്ടടച്ച പ്രീമിയം തുകയുടെ ഒരു ചെറിയ വിഹിതം മാത്രമാണ്. വിള ഇൻഷുറൻസിൽ പൊതു നിയന്ത്രണ സംവിധാനമില്ലാത്തതിനാൽ ക്ലെയിമുകളുടെ പേയ്‌മെന്റ് നിജസ്ഥിതി സ്ഥിരീകരിക്കാനുമാവില്ല. റിപ്പോർട്ട് ചെയ്യപ്പെട്ട കണക്കുകൾ പരിശോധിച്ചാൽ പോലും, ഇൻഷുറൻസ് കമ്പനികൾ പ്രതിവർഷം 25 ശതമാനത്തിലധികം മൊത്ത ലാഭം നേടിയിട്ടുണ്ട്. പദ്ധതിയുടെ 2016–17 മുതൽ 2021–22 വരെയുള്ള അഞ്ചുവർഷത്തെ കണക്കുകൾ കാണിക്കുന്നത് സ്വകാര്യ ഇൻഷുറൻസ് കമ്പനികൾ ഏകദേശം 40,000 കോടി രൂപ നേടിയെന്നാണ്. ഒരു വശത്ത് വിള നശിച്ചും കടം കയറിയും ക്ലെയിം കിട്ടാതെയും കർഷകർ അലയുന്ന അവസരത്തിലാണ് ഈ കൊള്ളലാഭം കമ്പനികൾ കൊയ്യുന്നത്.

പല സംസ്ഥാനങ്ങളും പ്രധാനമന്ത്രി ഫസൽ ബീമാ യോജനയിൽ നിന്ന് പിന്മാറാൻ തീരുമാനിച്ചതോടെ പദ്ധതി ഒരു ദയനീയ പരാജയമാണെന്ന് ഇന്ന് തെളിഞ്ഞു കഴിഞ്ഞു. പഞ്ചാബ് ഒരിക്കലും പദ്ധതിയിൽ ചേർന്നിട്ടില്ല. ആന്ധ്രാപ്രദേശ്, ഗുജറാത്ത്, മധ്യപ്രദേശ്, തെലങ്കാന, ജാർഖണ്ഡ്, പശ്ചിമ ബംഗാൾ, ബിഹാർ എന്നീ സംസ്ഥാനങ്ങൾ പ്രീമിയം സബ്‌സിഡിയുടെ ചെലവ് തങ്ങൾ വഹിച്ചുകൊള്ളാമെന്ന് ചൂണ്ടിക്കാട്ടി പദ്ധതിയിൽ നിന്ന് പുറത്തുപോയി. അങ്ങനെ സമ്പൂർണ്ണ പരാജയമായി മാറിയിരിക്കുന്നു പ്രധാനമന്ത്രി ഫസൽ ബീമാ യോജന.

കാർഷിക സഹകരണ 
പ്രസ്ഥാനത്തിനുനേരെയും
ഭരണവും അധികാരവും കേന്ദ്രീകരിക്കാനുള്ള പ്രവണതയും – അതുവഴി ഭരണഘടനയുടെ ഫെഡറൽ ഘടനയെ ദുർബലപ്പെടുത്തുക -എന്ന സമീപനവും നരേന്ദ്ര മോദി സർക്കാരിന്റെ നയത്തിന്റെ മുഖമുദ്രയാണ്. സംസ്ഥാനങ്ങളുടെ ഭരണഘടനാപരമായ അധികാരങ്ങൾ ലംഘിക്കാൻ മോദി സർക്കാർ ശ്രമിച്ച പ്രധാന വഴികളിലൊന്ന് സഹകരണ മന്ത്രാലയം രൂപീകരിച്ച് അമിത് ഷായെ തന്നെ മന്ത്രിയാക്കുക എന്നതാണ്. മന്ത്രിസഭ രൂപീകരിച്ചതിനു തൊട്ടുപിന്നാലെ, ബിജെപി സർക്കാരിന്റെ സാഹസികതയെ ഭാഗികമായി പരിമിതപ്പെടുത്തുന്ന ഒരു വിധി സുപ്രീം കോടതി പുറപ്പെടുവിച്ചു. 2022 ഒക്ടോബറിലെ ആ വിധിയിൽ 2011ലെ 97-–ാം ഭരണഘടനാ ഭേദഗതിയുമായി ബന്ധപ്പെട്ടു സഹകരണ സംഘങ്ങൾക്കുള്ള സംസ്ഥാനതല നിയമങ്ങൾക്ക് നിരവധി വ്യവസ്ഥകൾ വ്യക്തമാക്കപ്പെട്ടു. 97–-ാം ഭേദഗതി പ്രാദേശിക സഹകരണ സംഘങ്ങൾക്ക് ബാധകമല്ലെന്നും മൾട്ടി-സ്റ്റേറ്റ് കോ–-ഓപ്പറേറ്റീവ് സൊസൈറ്റികൾക്ക് മാത്രമേ ബാധകമാകൂ എന്നും കോടതി വിധിച്ചു. സംസ്ഥാന സഹകരണ നിയമങ്ങൾ പ്രകാരം രജിസ്റ്റർ ചെയ്തിട്ടുള്ള പ്രാദേശിക സഹകരണ സംഘങ്ങളിൽ 2011ലെ ഭേദഗതി ഉപയോഗിച്ച് കടന്നുകയറാൻ പദ്ധതിയിട്ടിരുന്ന മോദി സർക്കാരിന് ഈ വിധി തിരിച്ചടിയായി.

അപ്പോഴാണ് സംസ്ഥാനങ്ങളിൽ ഇടപെടാൻ മൾട്ടി-സ്റ്റേറ്റ് കോ-ഓപ്പറേറ്റീവ് സൊസൈറ്റികൾ തന്നെ ഉപയോഗിക്കാൻ മോദി സർക്കാർ തീരുമാനിച്ചത്. 2011-ലെ അതേ ഭരണഘടനാ ഭേദഗതി ഉപയോഗിച്ച്, 2002-ലെ മൾട്ടി-സ്റ്റേറ്റ് കോ-–ഓപ്പറേറ്റീവ് സൊസൈറ്റീസ് ആക്റ്റ് ഭേദഗതി ചെയ്യുന്നതിനായി ഇപ്പോൾ മൾട്ടി-സ്റ്റേറ്റ് കോ-–ഓപ്പറേറ്റീവ് സൊസൈറ്റി (ഭേദഗതി) ബിൽ, 2022 അവതരിപ്പിച്ചിരിക്കുകയാണ്. നിർദിഷ്ട ബിൽ അപകടകരമായ നിയമമാണ്. സംസ്ഥാന നിയമങ്ങൾക്കു കീഴിൽ പ്രവർത്തിക്കുന്ന സഹകരണ സംഘങ്ങളിൽ കേന്ദ്രസർക്കാരിന്റെ തീരുമാനങ്ങൾ അടിച്ചേൽപ്പിക്കാനുള്ള നഗ്നമായ ശ്രമമാണിത്. ഭേദഗതി ചെയ്ത ക്ലോസ് 6 അനുസരിച്ച്, സൊസൈറ്റിയുടെ പൊതുയോഗത്തിൽ പങ്കെടുക്കുകയും വോട്ടുചെയ്യുകയും ചെയ്യുന്ന മൂന്നിൽ രണ്ട് അംഗങ്ങളിൽ കുറയാത്ത ഭൂരിപക്ഷം പാസാക്കിയ പ്രമേയത്തിലൂടെ ഏതൊരു പ്രാഥമിക സഹകരണ സംഘത്തിനും നിലവിലുള്ള മൾട്ടി-സ്റ്റേറ്റ് സംഘത്തിൽ ലയിക്കാൻ തീരുമാനിക്കാം. ഭേദഗതി ചെയ്ത ക്ലോസ് 13 അനുസരിച്ച്, കേന്ദ്രത്തിന്റെ അനുമതിയില്ലാതെ മൾട്ടി-സ്റ്റേറ്റ് കോ-–ഓപ്പറേറ്റീവ് സൊസൈറ്റികളുടെ ഓഹരികൾ വീണ്ടെടുക്കാൻ കഴിയില്ല. ഭേദഗതി ചെയ്ത 17–ാം വകുപ്പ് പ്രകാരം സഹകരണ സംഘങ്ങൾക്കുള്ള കേന്ദ്ര തിരഞ്ഞെടുപ്പ് അതോറിറ്റിയെ കേന്ദ്രസർക്കാർ നിയമിക്കും. ഭേദഗതി ചെയ്ത ക്ലോസ് 45 അനുസരിച്ച്, കേന്ദ്ര സർക്കാരിന് ഒരു ഡയറക്ടർ ബോർഡിനെ അസാധുവാക്കാനും ഒരു അഡ്മിനിസ്ട്രേറ്ററെ നിയമിക്കാനും കഴിയും.

ഈ ഭേദഗതികളെല്ലാം സംസ്ഥാനങ്ങളുടെ സഹകരണ ഘടനയിൽ മൾട്ടി-സ്റ്റേറ്റ് സഹകരണ സംഘങ്ങളെ ഉൾപ്പെടുത്താൻ ഉദ്ദേശിച്ചുള്ളതാണ്. ഇത് പ്രാദേശിക സഹകരണ സംഘങ്ങളെ ബുദ്ധിമുട്ടിക്കാനും കഴുത്തുഞെരിച്ച് കൊല്ലാനും ശിക്ഷാ നടപടികൾ, ലയനം, ബോർഡ് ഏറ്റെടുക്കൽ, തിരഞ്ഞെടുപ്പുകളിലെ ഇടപെടലുകൾ എന്നിവയിലൂടെ സംസ്ഥാനങ്ങളിലെ മുഴുവൻ സഹകരണ ഘടനയുടെയും നിയന്ത്രണം ഏറ്റെടുക്കാനും കേന്ദ്ര സർക്കാരിനെ അനുവദിക്കും.

2002ലെ നിയമ ഭേദഗതി സുതാര്യതയും ഉത്തരവാദിത്വവും വർദ്ധിപ്പിക്കുന്നതിനും സഹകരണ സ്ഥാപനങ്ങളിൽ ബിസിനസ്സ് ചെയ്യുന്നത് എളുപ്പമാക്കുന്നതിനും വേണ്ടിയാണ് എന്നാണ് വാദം. എന്നിരുന്നാലും, തികച്ചും യുക്തിരഹിതമാണ് ഉപയോഗിച്ചിരിക്കുന്ന രീതി. ഒരു സഹകരണ സംഘം സംസ്ഥാന നിയന്ത്രണത്തിൽ നിന്ന് കേന്ദ്ര നിയന്ത്രണത്തിലേക്ക് മാറുകയാണെങ്കിൽ, അതിന്റെ സുതാര്യതയും ഉത്തരവാദിത്വവും പ്രകടനവും മെച്ചപ്പെടുമെന്ന് ഒരു ഉറപ്പുമില്ല. വാസ്തവത്തിൽ, ഇന്ത്യയിലുടനീളം മൾട്ടി-സ്റ്റേറ്റ് സഹകരണ സംഘങ്ങൾ പ്രതിസന്ധിയിലാണ്. സാമ്പത്തിക കെടുകാര്യസ്ഥതയും കാര്യക്ഷമതയില്ലായ്മയും കാരണം ഒമ്പത് സംസ്ഥാനങ്ങളിലെയും കേന്ദ്ര ഭരണ പ്രദേശങ്ങളിലെയും 44 മൾട്ടി-സ്റ്റേറ്റ് സഹകരണ സംഘങ്ങൾ അടച്ചുപൂട്ടുകയാണെന്ന് 2021 ഡിസംബറിൽ അമിത് ഷാ തന്നെ പാർലമെന്റിനെ അറിയിച്ചിരുന്നത് നമുക്കോർക്കാം. കേരളത്തിലേതു പോലെയുള്ള പല സംസ്ഥാനതല സഹകരണ സംഘങ്ങളും പല മൾട്ടി-സ്റ്റേറ്റ് കോ–-ഓപ്പറേറ്റീവ് സൊസൈറ്റികളേക്കാളും കാര്യക്ഷമമായും ലാഭകരമായും പ്രവർത്തിക്കുന്നുണ്ടെന്ന് തെളിവുകൾ കാണിക്കുന്നു. രാഷ്ട്രീയപ്രേരിതമായ ഇത്തരം നടപടികൾ സംസ്ഥാനതല ക്ഷീര സഹകരണ സംഘങ്ങളെയും ദുർബലപ്പെടുത്തും.

ഇതു മാത്രമല്ല. ഗുജറാത്ത്, മഹാരാഷ്ട്ര എന്നിവിടങ്ങളിൽ പ്രവർത്തിക്കുന്ന പ്രവർത്തനരഹിതമായ മൾട്ടി-സ്റ്റേറ്റ് കോ-–ഓപ്പറേറ്റീവ് സൊസൈറ്റികളിലേക്ക് മോദി സർക്കാർ പണം നിക്ഷേപിക്കുന്നു; എന്നിട്ട് കേരളം പോലുള്ള വിദൂര സംസ്ഥാനങ്ങളിലേക്ക് പുതിയ താവളങ്ങൾ സ്ഥാപിക്കാൻ അവരെ പറഞ്ഞയയ്ക്കുന്നു. കേരളത്തിലെ പ്രാദേശിക സഹകരണ സംഘങ്ങളുടെ പ്രവർത്തനം ദുർബലപ്പെടുത്തുക, അവരുടെ ബിസിനസ്സ് കൈക്കലാക്കുക, സംസ്ഥാനത്ത് ബിജെപിയുടെ രാഷ്ട്രീയ മൂലധനം വിപുലീകരിക്കുക എന്നിവയാണ് മോദി സർക്കാരിന്റെ യഥാർത്ഥ ലക്ഷ്യം.
ഇന്ത്യയിലെ സഹകരണത്തിന്റെ ആത്മാവുതന്നെ പ്രാദേശിക വൈവിധ്യത്തെ അടിസ്ഥാനമാക്കിയുള്ളതാണ്. ബാങ്കിംഗ് മേഖലയിലെ നവലിബറൽ നയങ്ങൾ ഇതിനകംതന്നെ സംസ്ഥാനങ്ങളിലെ സഹകരണ സംഘങ്ങളെ പ്രതിസന്ധിയിലേക്ക് തള്ളിവിട്ടിട്ടുണ്ട്. 2022ലെ നിർദിഷ്ട ബില്ലിൽ ശ്രമിച്ചതുപോലെ കേന്ദ്രീകരണത്തിലൂടെ സഹകരണ മേഖലയ്ക്ക് തുരങ്കം വയ്ക്കുകയും അവയെ മെല്ലെ നശിപ്പിക്കുകയും ചെയ്യുകയെന്നതാണ് മോദി സർക്കാരിന്റെ ലക്ഷ്യം.

ചുരുക്കത്തിൽ
ഈയടുത്തകാലത്തായി ഇന്ത്യയിൽ അധികാരത്തിൽ വന്ന സർക്കാരുകളിൽ ഏറ്റവും കർഷകവിരുദ്ധമായതേത് എന്ന് ചോദിച്ചാൽ നിസംശയം മോദി സർക്കാരാണ് എന്ന് ഇന്ത്യയിലെ കർഷകർ ഇന്ന് പറയും. മൂന്ന് കാർഷിക നിയമങ്ങൾക്കെതിരെയുള്ള ചരിത്രപരമായ സമരം ആ യാഥാർത്ഥ്യത്തെ ഒരിക്കൽകൂടി കർഷക മനസ്സുകളിൽ ഊട്ടിയുറപ്പിക്കുന്നതായി. ഇന്ത്യയിലെ ഗ്രാമീണ മേഖലകളിൽ ദുരിതമനുഭവിക്കുന്ന കർഷകരെ ഹിന്ദുത്വ വികാരം ഉണർത്തിവിട്ട് ബിജെപിക്ക് അനുകൂലമായി വോട്ടുകൾ തിരിക്കാം എന്ന ആർഎസ്എസ് കുതന്ത്രം ഇനിയങ്ങോട്ട് ഫലം ചെയ്യും എന്ന് തോന്നുന്നില്ല. അത്രമാത്രം വിദ്വേഷം മോദി സർക്കാരിനെതിരായി ഇന്ത്യയിലെ കർഷക മനസ്സുകളിൽ ഇന്ന് നീറിപ്പുകയുന്നുണ്ട്. ഈ വിഷമസ്ഥിതിയെ ജനാധിപത്യ പ്രസ്ഥാനങ്ങൾ ഏതു രീതിയിൽ സമരങ്ങളും മറ്റു മുന്നേറ്റങ്ങളുമായി യോജിപ്പിച്ച് ഒരു ബദൽ മുന്നണി വാർത്തെടുക്കും എന്ന ചോദ്യം നിലനിൽക്കുന്നു. 2024ലെ തിരഞ്ഞെടുപ്പിന് മുന്നോടിയായി ഇത്തരം മുന്നേറ്റങ്ങളും മുന്നണികളും കൂടുതൽ ശക്തിപ്പെടുത്തുക എന്നതാവണം നമ്മുടെ ലക്ഷ്യം. 

ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

18 − 8 =

Most Popular