Wednesday, October 9, 2024

ad

Homeനിരീക്ഷണംന്യൂനപക്ഷ അവകാശങ്ങളും ഉന്നതവിദ്യാഭ്യാസം നിഷേധിക്കപ്പെടുന്ന മുസ്ലീങ്ങളും

ന്യൂനപക്ഷ അവകാശങ്ങളും ഉന്നതവിദ്യാഭ്യാസം നിഷേധിക്കപ്പെടുന്ന മുസ്ലീങ്ങളും

അഡ്വ. ജി സുഗുണന്‍

നുഷ്യജീവിതത്തെ അര്‍ത്ഥവത്താക്കുന്ന സവിശേഷസാഹചര്യങ്ങളാണ് അവകാശങ്ങള്‍. അന്തസും ആത്മാഭിമാനവും സംരക്ഷിച്ചുകൊണ്ട് ജീവിക്കുന്നതിനാവശ്യമായ സാഹചര്യങ്ങള്‍ ലഭ്യമാക്കുന്നത് അവകാശങ്ങളാണ്. ഒരു ജനാധിപത്യരാഷ്ട്രത്തിലെ പൗരരെന്ന നിലയില്‍ വിപുലമായ രാഷ്ട്രീയ– സാമ്പത്തിക–സാംസ്കാരിക അവകാശങ്ങള്‍ നമുക്കുണ്ട്. രാജ്യത്തെ ന്യൂനപക്ഷങ്ങള്‍ക്കാകെയും ഈ അവകാശങ്ങള്‍ ഉള്ളതാണ്. ഇവ പരസ്പര പൂരകങ്ങളും വ്യക്തികളുടെ ക്ഷേമത്തിനും വളര്‍ച്ചകയ്ക്കും അനുപേക്ഷണീയവുമാണ്. എല്ലാവരും സഹജമായ കഴിവുകളോടുകൂടിയാണ് ജനിക്കുന്നത്. അതിനാല്‍ സ്വതന്ത്രമായി ജീവിക്കുന്നതിനും, കഴിവുകള്‍ പൂര്‍ണ്ണമായി വികസിപ്പിക്കുന്നതിനും എല്ലാവര്‍ക്കും തുല്യമാ യ അവകാശങ്ങള്‍ ഉണ്ടായിരിക്കണം. അവകാശങ്ങളെ സംബന്ധിക്കുന്ന ആധുനിക കാഴ്ചപ്പാടില്‍ അറിയാനുളള അവകാശവും, വിദ്യാഭ്യാസത്തിനുളള അവകാശവും, ശുദ്ധജലവും, ശുദ്ധവായുവും പരിസ്ഥിതി സംരക്ഷണവുമെല്ലാം കടന്നുവരുന്നുണ്ട്. ഇവയെല്ലാം മനുഷ്യാവകാശത്തിന്റെ ഭാഗവുമാണ്.

ന്യൂനപക്ഷ സംരക്ഷണം നമ്മുടെ രാജ്യത്തെ സംബന്ധിച്ചിടത്തോളം ഭരണഘടനാപരമായ ഒന്നാണ്. ഇന്ത്യന്‍ഭരണഘടന ന്യൂനപക്ഷ അവകാശങ്ങള്‍ സംരക്ഷിക്കുന്നുവെന്നത് ഒരു വസ്തുതയാണ്. ന്യൂനപക്ഷങ്ങളുടെ അടിസ്ഥാന താല്‍പര്യങ്ങള്‍ സംരക്ഷിക്കുകയും, സുരക്ഷിതത്വം നല്‍കുകയും വേണം. ന്യൂനപക്ഷ അവകാശങ്ങള്‍ പ്രത്യേക അവകാശങ്ങളാണെന്നും അതിന് ചെലവ് വഹിക്കേണ്ടിവരുന്നത് മറ്റുളളവരാണെന്നും ആക്ഷേപമുണ്ട്. എന്നാല്‍ ന്യൂനപക്ഷ അവകാശങ്ങളെ പ്രത്യേക അവകാശങ്ങളായി കാണേണ്ടതില്ലെന്നും മറ്റുളളവരോട് കാണിക്കുന്ന അതേ അന്തസും ആദരവും അവരോടും കാണിക്കുന്നുവെന്നേ അര്‍ഥമുളളൂ എന്നും ന്യൂനപക്ഷങ്ങളെ അനുകൂലിക്കുന്നവര്‍ അഭിപ്രായപ്പെടുന്നു.

വര്‍ഗീയതയാണ് ഇന്ത്യന്‍ ജനാധിപത്യം നേരിടുന്ന വലിയ വെല്ലുവിളി. ഒരു പ്രത്യേക മതത്തില്‍പ്പെടുന്നവരുടെ സാമൂഹിക–രാഷ്ട്രീയ–സാമ്പത്തിക താല്‍പര്യങ്ങളെല്ലാം ഒന്നാണെന്നും അവ മറ്റു മതങ്ങളില്‍നിന്നും ഭിന്നമാണെന്നുമുളള വിശ്വാസമാണ് വര്‍ഗ്ഗീയതയുടെ അടിത്തറ. വര്‍ഗ്ഗീയത മതനിരപേക്ഷതയ്ക്കും മാനവികതയ്ക്കും, ജനാധിപത്യത്തിനും എതിരായ ഒരു വികാരമാണ്. പരസ്പരവെറുപ്പും, മുന്‍വിധികളും,സംശയവും, ഹിംസയുമാണ് അതിന്റെ പ്രധാന സവിശേഷതകള്‍. ന്യൂനപക്ഷങ്ങളെ വേര്‍തിരിച്ച് നിര്‍ത്തുന്നതും അവരോട് നിഷേധാത്മകമായ നിലപാടുകള്‍ സ്വീകരിക്കുന്നതും ഇത്തരം വികാരങ്ങളാണ്.

ന്യൂനപക്ഷങ്ങള്‍ക്ക് പ്രത്യേക അധികാര–അവകാശങ്ങള്‍ എന്നത് ലോകത്തൊട്ടാകെ വിവിധരാജ്യങ്ങളില്‍ ഇന്ന് അംഗീകരിക്കപ്പെട്ടിട്ടുളളതാണ്. അതിന്റെ ഭാഗമായിട്ടാണ് നമ്മുടെ രാജ്യത്ത് ന്യൂനപക്ഷ അവകാശങ്ങള്‍ ഭരണഘടനാപരമായിത്തന്നെ അനുവദിക്കപ്പെട്ടിട്ടുളളത്.

നിര്‍ഭാഗ്യവശാല്‍ നമ്മുടെ രാജ്യത്ത്ന്യൂനപക്ഷങ്ങളുടെ അവകാശങ്ങള്‍ നിരന്തരമായി നിഷേധിക്കപ്പെടുകയാണ്. ഉന്നതവിദ്യാഭ്യാസ മേഖലയില്‍ പ്രധാന ന്യൂനപക്ഷമായ മുസ്ലീംവിദ്യാര്‍ത്ഥികളുടെ അവകാശങ്ങള്‍ നിക്ഷേധിക്കുന്നതിന്റെ ചിത്രമാണ് കഴിഞ്ഞദിവസംപുറത്തുവന്നിരിക്കുന്നത്. ഉന്നത വിദ്യാഭ്യാസമേഖലയില്‍ മുസ്ലീം പ്രാതിനിധ്യം ഗണ്യമായി ഇവിടെ കുറഞ്ഞുവരികയാണ്. ഉന്നതവിദ്യാഭ്യാസ മന്ത്രാലയം 2020–21 കാലഘട്ടത്തെ ആസ്പദമാക്കി നടത്തിയ പഠന റിപ്പോര്‍ട്ടിലാണ് ഉന്നത വിദ്യാഭ്യാസമേഖലയില്‍ മുസ്ലീംപ്രാതിനിധ്യം കുറയുന്നതായി കണ്ടെത്തിയിരിക്കുന്നത്.

രാജ്യത്തെ മറ്റു സംസ്ഥാനങ്ങളില്‍ ഉന്നതവിദ്യാഭ്യാസം നേടുന്ന മുസ്ലിംവിദ്യാര്‍ത്ഥികളുടെ എണ്ണംകുറയുമ്പോള്‍ കേരളത്തില്‍ മാത്രമാണ് ഇതില്‍ വര്‍ദ്ധനരേഖപ്പെടുത്തിയിട്ടുളളത്. 43 ശതമാനംമുസ്ലീം വിദ്യാര്‍ത്ഥികളാണ് കേരളത്തില്‍ നിന്ന് ഉന്നതവിദ്യാഭ്യാസം നേടുന്നത്. ഉത്തര്‍പ്രദേശിലാണ് മുസ്ലീം വിദ്യാര്‍ത്ഥികളുടെ ഏറ്റവുംവലിയ കൊഴിഞ്ഞുപോക്ക് കണ്ടെത്തിയിരിക്കുന്നത്.ഉത്തര്‍പ്രദേശില്‍ ജനസംഖ്യയില്‍ 20 ശതമാനം മുസ്ലിങ്ങളാണ്. ഇവിടെ കൊഴിഞ്ഞുപോക്ക് 36 ശതമാനമാണ്. ജമ്മു–കാശ്മീരില്‍ 26 ശതമാനം മുസ്ലീംകുട്ടികളും, മഹാരാഷ്ട്രയില്‍ 8.5 ശതമാനം മുസ്ലീംകുട്ടികളും, തമിഴ്നാട്ടില്‍ 8.1 ശതമാനംമുസ്ലീം കുട്ടികളും ഉന്നത വിദ്യാഭ്യാസ മേഖലയില്‍ നിന്ന് കൊഴിഞ്ഞുപോയിരിക്കുകയാണ്. ഡല്‍ഹിയില്‍ 10 ക്ലാസ് പാസ്സാകുന്ന മുസ്ലീംവിദ്യാര്‍ത്ഥികളില്‍ 5 ല്‍ ഒരാള്‍ തുടര്‍പഠനത്തിന് യോഗ്യതനേടുന്നില്ല.അതേ സമയം കേരളം, തെലുങ്കാന എന്നീ സംസ്ഥാനങ്ങളില്‍ വര്‍ദ്ധനരേഖപ്പെടുത്തുകയുംചെയ്തിട്ടുണ്ട്. യു പിയില്‍ കോളേജുകളുടെ എണ്ണമേറിയെങ്കിലും ഇവിടെ പഠിക്കുന്നത് 4.5 ശതമാനംമുസ്ലീം വിദ്യാര്‍ത്ഥികള്‍ മാത്രമാണ്. കോവിഡ് മഹാമാരിയെ തുടര്‍ന്നുണ്ടായ സാമ്പത്തിക പ്രശ്നങ്ങളാണ് മുസ്ലീം സമുദായത്തില്‍ നിന്നുമുള്ള അഭ്യസ്തവിദ്യരുടെ കൊഴിഞ്ഞുപോക്കിനു കാരണമെന്ന് വിദ്യാഭ്യാസ മന്ത്രാലയത്തിന് കീഴിലുള്ള ആള്‍ ഇന്ത്യ സര്‍വ്വേ ഓണ്‍ എഡ്യൂക്കേഷന്‍ നടത്തിയ പഠന റിപ്പോര്‍ട്ടില്‍ പറയുന്നു. മുസ്ലീം ന്യൂനപക്ഷത്തിന്റെ സാമ്പത്തിക ദൈന്യതയാണ് ഇത് ചൂണ്ടിക്കാട്ടുന്നത്.

2019–20 വര്‍ഷത്തെ അപേക്ഷിച്ച് 2020–21 ലെ റിപ്പോര്‍ട്ടില്‍ പട്ടികജാതി (4.2 ശതമാനം) പട്ടികവര്‍ഗ്ഗം (11.9 ശതമാനം) ഒബിസി (4 ശതമാനം) വിദ്യാര്‍ത്ഥികളുടെ പ്രാതിനിധ്യം വര്‍ദ്ധിച്ചപ്പോള്‍ മുസ്ലീം വിദ്യാര്‍ത്ഥികളുടെ പ്രാതിനിധ്യം 8 ശതമാനം കുറയുകയാണുണ്ടായത്. ഇവരുടെ എണ്ണം 21 ലക്ഷത്തില്‍ നിന്ന് 19.2 ലക്ഷമായി കുറഞ്ഞു. ഉന്നതവിദ്യാഭ്യാസ രംഗത്തെ ആകെ മുസ്ലീം പ്രാതിനിധ്യം 4.6 ശതമാനംമാത്രമാണെന്ന് ഈ റിപ്പോട്ടില്‍ പറയുന്നുണ്ട്.

മുസ്ലീംവിഭാഗത്തില്‍ തന്നെ പെണ്‍കുട്ടികളാണ് ഉന്നതപഠനത്തിന് കൂടുതലായി രജിസ്റ്റര്‍ചെയ്യുന്നത്. ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ അധ്യാപകരുടെ എണ്ണത്തിലുംമുസ്ലീം വിഭാഗം ഗണ്യമായി കുറയുന്നതായി റിപ്പോര്‍ട്ടുകള്‍ ചൂണ്ടിക്കാട്ടുന്നു. ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ മുസ്ലീംഅധ്യാപകര്‍ 5.6 ശതമാനം മാത്രമാണെന്ന് ഈ സര്‍വ്വേ ചൂണ്ടിക്കാട്ടി.

ബിരുദ, ബിരുദാനന്തര പഠനരംഗത്ത് മുസ്ലീങ്ങളുടെ പ്രാതിനിധ്യമില്ലായ്മ തീവ്രമായിരിക്കുകയാണ്. കര്‍ണ്ണാടകത്തിലെ മുന്‍ ബിജെപി സര്‍ക്കാര്‍ നിയമസഭാ തിരഞ്ഞെടുപ്പിനു മുമ്പാണ് മുസ്ലീങ്ങള്‍ക്കുളള 4 ശതമാനം സംവരണം എടുത്തുകളഞ്ഞത്. ഒരിക്കലും നീതീകരിക്കാന്‍ കഴിയാത്ത ഒരു ന്യൂനപക്ഷ വിരുദ്ധ നടപടിയായിരുന്നു ഇത്.

നമ്മുടെ രാജ്യത്തെ ന്യൂനപക്ഷങ്ങള്‍ക്കും, പിന്നാക്ക ജനവിഭാഗങ്ങള്‍ക്കും ഭരണഘടനാപരമായി തന്നെ ഉളള സംവരണവും മറ്റാനുകൂല്യങ്ങളും ഫലപ്രദമായി ലഭ്യമാക്കിയേ മതിയാകൂ. നിര്‍ഭാഗ്യവശാല്‍ നമ്മുടെ ഭരണകൂടവും അതിന്റെ ഭാഗമായ സംസ്ഥാന സര്‍ക്കാരുകളും ഉന്നത വിദ്യാഭ്യാസമേധാവികളും ഈ വിഭാഗത്തെ ബോധപൂര്‍വ്വം വിസ്മരിക്കുകയും, അവഗണിക്കുകയും ചെയ്തുകൊണ്ടിരിക്കുകയാണ്. ഇതിന്റെ ദുരന്തഫലമാണ് ഉന്നത വിദ്യാഭ്യാസ മേഖലയില്‍ നിന്നുമുളള മുസ്ലീംവിദ്യാര്‍ത്ഥികളുടെ ഈ കൊഴിഞ്ഞുപോക്ക്. ന്യൂനപക്ഷ–പിന്നാക്ക ജനവിഭാഗത്തിനുനേരെയുളള നഗ്നമായ ഈ അവഗണന അവസാനിപ്പിച്ചാല്‍ മാത്രമേ മുസ്ലീംവിദ്യാര്‍ത്ഥികളുടെ ഉന്നത വിദ്യാഭ്യാസമേഖലയിലെ ഇന്നത്തെ കൊഴിഞ്ഞുപോക്കിന് പരിഹാരം കാണാന്‍കഴിയുകയുളളൂ. അതിനുവേണ്ടിയുളള ശക്തമായ പ്രവര്‍ത്തനവും പ്രക്ഷോഭവുമാണ് ഈ കാലഘട്ടം ആവശ്യപ്പെടുന്നത്. ന്യൂനപക്ഷ വികാരം മാനിക്കാന്‍ ഈ വൈകിയ വേളയിലെങ്കിലും കേന്ദ്ര സർക്കാരും സംസ്ഥാന സര്‍ക്കാരുകളും തയ്യാറായേ മതിയാകൂ. എങ്കില്‍ മാത്രമേ ഈ പ്രശ്നത്തിന് പരിഹാരമാകുകയുള്ളൂ. 

ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

12 + 15 =

Most Popular