രാജ്യം പൊതുതിരഞ്ഞെടുപ്പിലേക്ക് നീങ്ങുകയാണ്. കർണാടക നിയമസഭയിലേക്ക് നടന്ന തിരഞ്ഞെടുപ്പിൽ ബിജെപി ദയനീയമായി പരാജയപ്പെട്ടതോടെ മോദി സർക്കാരിനെ അധികാരത്തിൽ നിന്നും പുറത്താക്കാൻ കഴിയുമെന്ന ആത്‌മവിശ്വാസം പ്രതിപക്ഷ കക്ഷികൾക്ക് ലഭിച്ചിട്ടുണ്ട്. രണ്ടാഴ്‌ചയിലധികം കർണാടകയിൽ പ്രചാരണം നടത്തിയിട്ടും മോദിക്ക് ബിജെപിയെ വിജയത്തിലെത്തിക്കാൻ കഴിഞ്ഞില്ല എന്നത് മോദിയുടെ പ്രതിഛായക്ക് മങ്ങലേൽക്കാൻ തുടങ്ങിയിരിക്കുന്നു എന്ന സൂചനയായാണ് പൊതുവെ വിലയിരുത്തപ്പെടുന്നത്. അതുകൊണ്ടുതന്നെ ഈ വർഷാവസാനം നടക്കാനിരിക്കുന്ന രാജസ്താൻ, മധ്യപ്രദേശ്, ഛത്തീസ്‌ഗഢ്, മിസോറാം നിയമസഭാ തിരഞ്ഞെടുപ്പുകളിൽ പ്രതിപക്ഷത്തിന് വിജയിക്കേണ്ടത് അനിവാര്യമാണ്. ആദ്യത്തെ മൂന്ന് സംസ്ഥാനങ്ങളിലും ബിജെപിയും കോൺഗ്രസും തമ്മിലുള്ള നേർക്കുനേർ പോരാട്ടമാണ് നടക്കുക. ഇതിൽ മൂന്ന് സംസ്ഥാനങ്ങളിലും കഴിഞ്ഞ തിരഞ്ഞെടുപ്പിൽ(2018 ൽ) കോൺഗ്രസാണ് വിജയിച്ചിരുന്നത്. എന്നാൽ കോൺഗ്രസിനകത്തെ പടലപിണക്കം കാരണം മധ്യപ്രദേശിൽ അവർക്ക് അധികാരം നഷ്ടപ്പെട്ടു. ജ്യോതിരാദിത്യ സിന്ധ്യ കോൺഗ്രസ് വിട്ട് ബിജെപിയിൽ ചേർന്നതോടെയാണ് മധ്യപ്രദേശിലെ കമൽനാഥ് സർക്കാർ നിലംപൊത്തിയത്. രാജസ്താനിലും ഛത്തീസ്‌ഗഢിലും ഇപ്പോഴും കോൺഗ്രാണ് ഭരണം നടത്തുന്നത്. ഈ സംസ്ഥാനങ്ങളിൽ ഭരണം നിലനിർത്താനും മധ്യപ്രദേശിൽ അധികാരം നേടാനും കോൺഗ്രസിന് കഴിഞ്ഞാൽ, 2024 മോദിയെ സംബന്ധിച്ച് ബാലികേറാമലയാകും. എന്നാൽ അത്തരമൊരു പോരാട്ടം നടത്താനുള്ള കരുത്തും ആർജവവും കോൺഗ്രസിനുണ്ടോ? രാജസ്താനിലെ കോൺഗ്രസിൽ നടക്കുന്ന പടലപ്പിണക്കം മാത്രം പരിശോധിച്ചാൽ ഇതിനുള്ള ഉത്തരം ലഭിക്കും.
കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ 200ൽ 108 സീറ്റ് നേടിക്കൊണ്ടാണ് കോൺഗ്രസ് അധികാരത്തിൽ വന്നത്. 2013 ൽ അധികാരം നഷ്ടപ്പെട്ട കോൺഗ്രസിനെ വിജയത്തിലേക്ക് നയിച്ചത് സച്ചിൻ പൈലറ്റ് എന്ന യുവാവായ പിസിസി അധ്യക്ഷന്റെ നേതൃത്വത്തിലുള്ള കോൺഗ്രസായിരുന്നു. ആറ് വർഷത്തിലധികം പിസിസി അധ്യക്ഷനായി പ്രവർത്തിച്ച സച്ചിനാണ് കോൺഗ്രസ് സംഘടനയെ തിരഞ്ഞെടുപ്പ് പോരാട്ടത്തിന് സജ്ജമാക്കിയത്. എന്നാൽ മുഖ്യമന്ത്രി പദവി ലഭിച്ചത് അശോക് ഗെലോട്ടിനായിരുന്നു. കാരണം കുടുതൽ എംഎൽഎമാർ ഗെലോട്ടിന്റെ പക്ഷത്തായിരുന്നു. പിസിസി അധ്യക്ഷനായ സച്ചിന്റെ കൂടെ രണ്ട് ഡസനോളം എംഎൽഎമാർ മാത്രമേ ഉണ്ടായിരുന്നുള്ളു. തിരഞ്ഞെടുപ്പിൽ സീറ്റ് നിഷേധിക്കപ്പെട്ട 13 ഗെലോട്ട് പക്ഷക്കാർ സ്വതന്ത്രരായി മത്‌സരിക്കുകയും അതിൽ 10 പേരും വിജയിക്കുകയും ചെയ്‌തു. മുഖ്യമന്ത്രിയാകാനുള്ള ഗെലോട്ടിന്റെ അവകാശവാദത്തിന് ഇതും ശക്തിപകർന്നു. അവസാനം ഉപമുഖ്യമന്ത്രിസ്ഥാനംകൊണ്ട് സച്ചിന് തൃപ്‌തിപ്പെടേണ്ടിവന്നു. ആഭ്യന്തരം, ധനകാര്യം എന്നീ വകുപ്പുകൾ ലഭിക്കാൻ സച്ചിൻ ചരടുവലി നടത്തിയെങ്കിലും അതിന് വഴങ്ങാൻ ഗെലോട്ട് തയ്യാറായില്ല. അവസാനം ഗ്രാമവികസന മന്ത്രാലയമാണ് സച്ചിന് ലഭിച്ചത്. അതിന് ശേഷം ഗെലോട്ടും സച്ചിനും രണ്ട് പക്ഷത്തായി നിന്ന് അധികാരത്തിനുവേണ്ടിയുള്ള ചക്കളത്തിപ്പോരാട്ടം നടത്തുകയാണ്.
മൂന്നുവർഷം മുന്പാണ് നിയമസഭാകക്ഷി യോഗത്തിൽ പങ്കെടുക്കാനുള്ള വിപ്പ് ലംഘിച്ച് സച്ചിനും അദ്ദേഹത്തെ പിന്തുണയ്ക്കുന്ന എംഎൽഎമാരും ഹരിയാണയിലെ ഗുഡ്‌ഗാവിലെ ഒരു റിസോർട്ടിൽ പ്രത്യേക യോഗം ചേർന്നത്. ബിജെപിയുമായി ചേർന്ന് കോൺഗ്രസ് സർക്കാരിനെ അട്ടിമറിക്കാനാണ് സച്ചിൻ ശ്രമിച്ചതെന്ന് ഗെലോട്ട് ആരോപിച്ചു. എന്തായാലും ഈ സംഭവത്തോടെയാണ് ഉപമുഖ്യമന്ത്രിസ്ഥാനത്തുനിന്നും പിസിസി അധ്യക്ഷസ്ഥാനത്തുനിന്നും സച്ചിൻ നീക്കം ചെയ്യപ്പെട്ടത്. സച്ചിനെ ‘കൊറോണ’ മഹാമാരിയെന്നും ‘വഞ്ചക’നെന്നും പിന്നീട് ഗെലോട്ട് വിളിക്കുകയും ചെയ്‌തു. ഗെലോട്ടിന്റെ വിശ്വസ്‌തനായ ഗോവിന്ദ് സിങ് ദോസ്‌താരയെ പിസിസി അധ്യക്ഷനാക്കുന്നതിലും ഗെലോട്ട് വിജയിച്ചു.
കോൺഗ്രസിന് പുതിയ അധ്യക്ഷനെ കണ്ടെത്താനുള്ള ഹൈക്കമാൻഡിന്റെ നീക്കവും രാജസ്താനിലെ ഗെലോട്ട്‐സച്ചിൻ പോര് മൂർഛിപ്പിച്ചു. എഐസിസി അധ്യക്ഷനായി ഗാന്ധി കുടുംബം ആദ്യം ശുപാർശ ചെയ്‌തത് അശോക് ഗെലോട്ടിന്റെ പേരായിരുന്നു. എഐസിസി ഭരണഘടനയനുസരിച്ച് ഒരാൾക്ക് ഒരു പദവി മാത്രമേ വഹിക്കാൻ കഴിയൂ. അതിനർഥം ഗെലോട്ട് മുഖ്യമന്ത്രി സ്ഥാനം ഒഴിയണമെന്നാണ്. സ്വാഭാവികമായും സച്ചിനായിരിക്കും മുഖ്യമന്ത്രിക്കസേര ലഭിക്കുക. എന്നാൽ ദേശീയ അധ്യക്ഷസ്ഥാനത്തേക്കാൾ രാജസ്താൻ മുഖ്യമന്ത്രിക്കസേരയാണ് ഗെലോട്ടിന് പഥ്യം. എഐസിസി അധ്യക്ഷനായാലും മുഖ്യമന്ത്രിസ്ഥാനം ഉപേക്ഷിക്കില്ലെന്ന് ഗെലോട്ട് പരസ്യമായി പ്രഖ്യാപിച്ചു. അധികാരം നിലനിർത്താനായി ചില വഴിവിട്ട നീക്കങ്ങളും ഗെലോട്ട് നടത്തി. അതിലൊന്ന് പാർടി നേതൃത്വത്തിന്റെ അംഗീകാരമോ അറിവോ ഇല്ലാതെ പാർട്ടി നിയമസഭാകക്ഷിയോഗം സ്വവസതിയിൽ വിളിച്ചു ചേർത്തതായിരുന്നു. കോൺഗ്രസ് ഹൈക്കമാൻഡാകട്ടെ പ്രശ്‌നം പരിഹരിക്കാൻ കഴിയാതെ കാഴ്‌ചക്കാരായി നോക്കിനിൽക്കുകയും ചെയ്‌തു. നേതൃമാറ്റത്തിനായി എഐസിസി നിരീക്ഷകരായി ജയ്‌പൂരിലെത്തിയ മല്ലികാർജുൻ ഖാർഗെയും അജയ് മാക്കനും വിളിച്ചുചേർത്ത യോഗം ഗെലോട്ട് പക്ഷം ബഹിഷ്‌കരിക്കുകയും ചെയ്‌തു. പാർട്ടി നേതൃത്വത്തെ പരസ്യമായി ധിക്കരിച്ച ഗെലോട്ടിന്റെ ഈ നടപടിക്കെതിരെ ശിക്ഷാനടപടി വേണമെന്ന് സച്ചിൻ ആവശ്യപ്പെട്ടെങ്കിലും അത്തരമൊരു നീക്കവും കേന്ദ്ര നേതൃത്വത്തിന്റെ ഭാഗത്തുനിന്നും ഉണ്ടായില്ല. സംഘടനാവിരുദ്ധ പ്രവർത്തനം തെറ്റായിപ്പോയെന്നും മാപ്പാക്കണമെന്നും പരസ്യപ്രസ്താവന ഇറക്കി അച്ചടക്കനടപടികളിൽ നിന്നും ഗെലോട്ട് രക്ഷപ്പെടുകയും ചെയ്‌തു.
രാജസ്താനിൽ ഇപ്പോൾ ഭരണപക്ഷത്തും പ്രതിപക്ഷത്തും കോൺഗ്രസ് തന്നെയാണുള്ളത്. ഗെലോട്ട് സർക്കാരിനെതിരെ പരസ്യമായി സമരം നടത്തുന്നത് ബിജെപിയല്ല മറിച്ച് സച്ചിൻ പൈലറ്റാണ്. അഴിമതി നടത്തിയ മുൻ ബിജെപി സർക്കാരിനെതിരെ ഒരു നടപടിയും കൈക്കൊള്ളാൻ ഗെലോട്ട് സർക്കാർ തയാറാവുന്നില്ല എന്നാണ് സച്ചിൻ പൈലറ്റിന്റെ ആരോപണം. താൻ പിസിസി പ്രസിഡണ്ടായ കാലത്ത് മുഴുവൻ വസുന്ധരരാജെ സിന്ധ്യ സർക്കാരിന്റെ അഴിമതികൾക്കെതിരെ പൊരുതുകയായിരുന്നുവെന്നും കോൺഗ്രസിന് അധികാരം ലഭിച്ചാൽ ഈ അഴിമതിക്കേസുകൾ അന്വേഷിച്ച് കുറ്റക്കാരെ ശിക്ഷിക്കുമെന്ന് ജനങ്ങൾക്ക് വാഗ്ദാനം നൽകിയിരുന്നുവെന്നുമാണ് സച്ചിൻ പൈലറ്റ് വാദിക്കുന്നത്. എന്നാൽ കോൺഗ്രസിന് അധികാരം ലഭിച്ചിട്ട് അഞ്ചുവർഷം പൂർത്തിയാകുന്ന വേളയിലും ഒരൊറ്റ അഴിമതിക്കേസുപോലും അന്വേഷിക്കുകയോ നടപടി സ്വീകരിക്കുകയോ ചെയ്‌തില്ലെന്നു പറഞ്ഞാണ് ഏപ്രിൽ 11 ന് ജയ്‌പ്പൂരിൽ സച്ചിനും അനുയായികളും നിരാഹാരസമരമിരുന്നത്. കൃത്യം ഒരു മാസത്തിനു ശേഷം മെയ് 11 ന് അജ്‌മീറിൽ നിന്നും ജയ്‌പ്പൂരിലേക്ക് സച്ചിന്റെ നേതൃത്വത്തിൽ പദയാത്ര ആരംഭിച്ചു. മെയ് 16 ന് പദയാത്രയ്ക്ക് സമാപനം കുറിച്ചുകൊണ്ട് നടത്തിയ പ്രസംഗത്തിലും ഗെലോട്ട് സർക്കാർ അഴിമതി സംരക്ഷിക്കുന്ന സർക്കാരാണ് എന്ന ആരോപണമാണ് സച്ചിൻ ഉയർത്തിയത്. ഈ പരിപാടിയിൽ സംസാരിച്ച സച്ചിന്റെ അനുയായിയും ഗെലോട്ട് മന്ത്രിസഭയിൽ അംഗവുമായ രാജേന്ദ്രസിങ് ഗുദ പറഞ്ഞത് കർണാടകത്തിലെ ബിജെപി സർക്കാർ 40 ശതമാനം കമ്മീഷൻ സർക്കാരാണെങ്കിൽ അതിനെയും കവച്ചുവെക്കുന്ന സർക്കാരാണ് ഗെലോട്ടിന്റേത് എന്നാണ്. സ്വന്തം മന്ത്രിസഭ അഴിമതിയിൽ മുങ്ങിക്കുളിച്ചുനിൽക്കുകയാണെന്ന് ഒരു മന്ത്രിതന്നെ ആരോപിക്കുന്നയത്രയും വലിയ പതനത്തിലേക്കാണ് രാജസ്താനിലെ കോൺഗ്രസ് എത്തിപ്പെട്ടിട്ടുള്ളത്.
ഈ ഘട്ടത്തിലാണ് സച്ചിൻ പൈലറ്റ് പുതിയ പാർട്ടി രൂപീകരിക്കുകയാണെന്ന വാർത്ത പുറത്തുവരുന്നത്. പ്രഗതി ശീൽ കോൺഗ്രസ് (പ്രോഗ്രസീവ് കോൺഗ്രസ്) എന്ന പേരിൽ ജൂൺ 11 ന് പുതിയ പാർട്ടി പ്രഖ്യാപനം നടത്തുമെന്നാണ് വാർത്ത. സച്ചിന്റെ പിതാവും കോൺഗ്രസിന്റെ പ്രവർത്തകസമിതി അംഗവുമായിരുന്ന രാജേഷ് പൈലറ്റിന്റെ രാഷ്ട്രീയ തട്ടകമായ ദൗസയിൽ അദ്ദേഹത്തിന്റെ ചരമവാർഷികദിനമായ ജൂൺ 11 ന്(2000 ൽ ഒരു വാഹനാപകടത്തിലാണ് രാജേഷ് പൈലറ്റ് മരിച്ചത്) സച്ചിൻ പുതിയ പാർടിയുടെ രൂപീകരണം പ്രഖ്യാപിക്കുമെന്നാണ് മാധ്യമവാർത്ത. തിരഞ്ഞെടുപ്പ് തന്ത്രജ്ഞനായ പ്രശാന്ത് കിഷോറിന്റെ സ്ഥാപനമായ ഐ പാക്കാണ് സച്ചിന്റെ നീക്കത്തിന് പിന്നിലുള്ളതെന്ന വാർത്തയും പരക്കുന്നുണ്ട്. കോൺഗ്രസ് ഹൈക്കമാൻഡ് വെറും ഊഹാപോഹം എന്നു പറഞ്ഞ് ഈ വാർത്ത തള്ളുകയാണ്. സച്ചിനും ഇതേക്കുറിച്ച് ഇതുവരെ പ്രതികരിച്ചിട്ടില്ല. സച്ചിൻ പാർട്ടിയുടെ വിലപിടിച്ച സ്വത്താണെന്ന് നേരത്തേ അഭിപ്രായപ്പെട്ട രാഹുൽഗാന്ധി മാന്യമായ പദവി സച്ചിന് നൽകുമെന്ന് അടുത്തയിടെ വ്യക്തമാക്കുകയുണ്ടായി. എന്നാൽ ഖാർഗെയുടെയും രാഹുൽഗാന്ധിയുടെയും നേതൃത്വത്തിൽ കഴിഞ്ഞ ദിവസം ഡൽഹിയിൽ നടത്തിയ ചർച്ചയും ഫലം കണ്ടില്ലെന്നാണ് പുതിയ വാർത്തകൾ സൂചിപ്പിക്കുന്നത്. തിരഞ്ഞെടുപ്പ് അടുത്തിരിക്കെ രാജസ്താനിലെ കോൺഗ്രസ് പാർട്ടിയുടെ അവസ്ഥയാണിത്. വിഘടിച്ചുനിൽക്കുന്ന ഈ കോൺഗ്രസിന് എങ്ങിനെയാണ് ബിജെപിയെ നേരിടാനാകുക ? ♦