Friday, November 22, 2024

ad

Homeസാര്‍വദേശീയംഇക്കണോമിസ്റ്റിന്റെ 
ദിവാസ്വപ്നം

ഇക്കണോമിസ്റ്റിന്റെ 
ദിവാസ്വപ്നം

ജി വിജയകുമാർ

ചെെനയുടെ വളർച്ച മുരടിച്ചുവെന്നാണ് ഇക്കണോമിസ്റ്റ് വാരിക പറയുന്നത്. 2023 മെയ് 13–19 ലക്കം ഇക്കണോമിസ്റ്റിന്റെ കവർസ്റ്റോറിയുടെ ശീർഷകം Peak China? എന്നാണ്. ശീർഷകത്തിൽ ചോദ്യചിഹ്നം നൽകിയതുകൊണ്ട് ആഗോള ധനമൂലധനത്തിന്റെ വക്താവായ, 17 പതിറ്റാണ്ടിലേറെ പഴക്കമുള്ള, അച്ചടിയിലും ഡിജിറ്റലിലുമായി 16 ലക്ഷത്തിലേറെ ആളുകളിൽ എത്തുന്ന ഇക്കണോമിസ്റ്റ് വാരിക ആ അഭിപ്രായത്തിൽ ഉറച്ചുനിൽക്കുന്നില്ല എന്ന് നമുക്ക് കരുതാം.

വാരികയുടെ മുഖപ്രസംഗത്തിന്റെ (Leader) ഉപശീർഷകം China’s economy will neither collapse nor overtake America’s by much. That could make the world much safer –ചെെനയുടെ സമ്പദ്ഘടന തകരില്ല, എന്നുമാത്രമല്ല അമേരിക്കൻ സമ്പദ്ഘടനയെ അത് കടത്തിവെട്ടുകയുമില്ലത്രെ! അതോടെ ഇക്കണോമിസ്റ്റിനും അതിനു പിന്നിലുള്ള ധനമൂലധന ശക്തികൾക്കും ആശ്വാസമായി. അതാണ് ‘ഇനി ലോകം സുരക്ഷിതം’ എന്ന് വാരിക പറയുന്ന്. അപ്പോൾ ചെെന അമേരിക്കയെ കടത്തിവെട്ടിയാൽ അപകടം എന്നാണ് വാരിക പറയുന്നത്. ആർക്കെന്ന ചോദ്യമേ ഉദിക്കുന്നില്ല. ആഗോള ധനമൂലധനത്തിനും അമേരിക്കയ്ക്കും തന്നെ. അപ്പോൾ ചെെനയെ തടയാൻ സാമ്രാജ്യത്വശക്തികൾ ആയുധംകൊണ്ടുള്ള കളിക്കിറങ്ങുമെന്നും നമുക്ക് ഇതിൽ നിന്ന് വായിച്ചെടുക്കാം.


മുഖപ്രസംഗം തുടങ്ങുന്നത് ഇങ്ങനെയാണ്: ‘‘കഴിഞ്ഞ നാല് പതിറ്റാണ്ടായി ചെെനയുടെ ഉയർച്ചയാണ് ലോകത്തെ നിർണായകമായ സവിശേഷത. 1978ൽ ചെെന സ്വന്തം സമ്പദ്ഘടനയുടെ വാതിലുകൾ ലോകത്തിനുമുന്നിൽ തുറന്നിടുകയും പരിഷ്കരിക്കുകയും ചെയ്തതിനെ തുടർന്ന് ആ രാജ്യത്തിന്റെ ജിഡിപിയിൽ പ്രതിവർഷം ശരാശരി 9 ശതമാനം എന്ന കണ്ണഞ്ചിപ്പിക്കുന്ന വളർച്ചയാണ് രേഖപ്പെടുത്തിക്കൊണ്ടിരിക്കുന്നത്. 80 കോടിയിലേറെ ചെെനീസ് പൗരരെ ദാരിദ്ര്യത്തിൽനിന്നും കെെപിടിച്ചുയർത്താൻ ഇത് സഹായകമായി. ഇന്ന് ആഗോള ഉൽപ്പാദനത്തിന്റെ ഏറെക്കുറെ അഞ്ചിലൊന്നും ചെെനയുടെ സംഭാവനയാണ്. ചെെനയുടെ കമ്പോളത്തിന്റെ വലിപ്പവും മാനുഫാക്ചറിങ് ബേസുമാണ് ആഗോള സമ്പദ്ഘടനയെ പുനക്രമീകരിച്ചത് (reshape)”.

തുടർന്ന് ഇക്കണോമിസ്റ്റ് പറയുന്നത്, അതിവേഗത്തിൽ വളർന്നുകൊണ്ടിരുന്ന ചെെനയുടെ സമ്പദ്ഘടന ഇപ്പോൾ മെല്ലെപ്പോക്കിലാണെന്നാണ്. എന്നാൽ ഷി ജിൻപിങ് പറയുന്നത്, അടുത്ത പത്തുവർഷത്തിനുള്ളിൽ ചെെന വലിയൊരു പുനരുജ്ജീവനത്തിനു വിധേയമാകുമെന്നും 2035 ൽ ചെെനയുടെ സമ്പദ്ഘടന ഉയർന്ന ഇടത്തരത്തിൽപ്പെട്ട ഒന്നായി മാറുമെന്നുമാണ്. 2050 ആകുമ്പോൾ ചെെന ആധുനികവും വികസിതവുമായ സോഷ്യലിസ്റ്റ് സമൂഹമായി മാറുമെന്നാണ് ചെെനീസ് കമ്യൂണിസ്റ്റു പാർട്ടിയും ഷി ജിൻപിങ്ങും പാർട്ടി രൂപീകരണത്തിന്റെ നൂറാം വാർഷികത്തോടനുബന്ധിച്ച് നടത്തിയ പ്രഖ്യാപനം. മാത്രമല്ല, 2030കളുടെ തുടക്കത്തിൽതന്നെ ചെെനീസ് സമ്പദ്ഘടന അമേരിക്കൻ സമ്പദ്ഘടനയെ പിന്തള്ളി ലോകത്തിലെ ഒന്നാമത്തെ സമ്പദ്ഘടനയായി മാറുമെന്ന് ഐഎംഎഫ് തന്നെ ഏതാനും വർഷം മുൻപ് പ്രവചനം നടത്തിയിട്ടുണ്ട്.
എന്നാൽ ഐഎംഎഫിന്റെ പ്രവചനമോ ചെെനീസ് കമ്യൂണിസ്റ്റ് പാർട്ടിയുടെയും ഷി ജിൻപിങ്ങിന്റെയും പ്രഖ്യാപനമോ നടക്കാൻ സാധ്യതയില്ലെന്നും ചെെനീസ് കമ്യൂണിസ്റ്റു പാർട്ടിയുടേത്, ഷി ജിൻപിങ്ങിന്റേതും, വെറും ദിവാസ്വപ്നം മാത്രമാണെന്നും സ്ഥാപിക്കലാണ് ഇക്കണോമിസ്റ്റ് വാരികയുടെ ഇപ്പോഴത്തെ കവർസ്റ്റോറിയുടെ ലക്ഷ്യം. പക്ഷേ ചെെനയാകെ തകർച്ചയിലാണെന്ന് ഇക്കണോമിസ്റ്റിനെ പോലെയുള്ള, നവലിബറലിസത്തിന്റെ വക്താവായ ഒരു പ്രസിദ്ധീകരണത്തിനുപോലും പറയാൻ ആവുന്നില്ല എന്നതാണ് നാം കാണേണ്ട വസ്തുത.


Peak China എന്ന ശീർഷകത്തിൽ ഇക്കണോമിസ്റ്റ് പ്രസിദ്ധീകരിച്ച മുഖപ്രസംഗത്തിന്റെ അവസാനഭാഗത്തെ നിരീക്ഷണം കൂടി നോക്കാം: കഴിഞ്ഞ രണ്ട് ദശകക്കാലത്ത് ചെെനയുടെ വളർച്ചയുടെ വേഗത അസ്ഥിരമായിരിക്കുകയാണ്; ഇത് ആഗോള സമ്പദ്ഘടനയിലും ഭൗമരാഷ്ട്രീയ ക്രമത്തിലും ക്രമീകരണങ്ങൾ വരുത്താൻ കാരണമാകുന്നു. ചെെനയുടെ സമ്പദ്ഘടനയിൽ രൂക്ഷമായ ചാഞ്ചാട്ടം ഉണ്ടായിരുന്ന അവസ്ഥ ഇപ്പോൾ ഇല്ലാതായിരിക്കുന്നു. എന്തെല്ലാം കുഴപ്പങ്ങൾ ഉണ്ടാവുമെന്നിരിക്കലും ചെെനയുടെ സമ്പദ്ഘടന ചുരുങ്ങാനുള്ള സാധ്യത തീരെയില്ല. അപ്പോൾ ഇക്കണോമിസ്റ്റ് പറഞ്ഞുവരുന്നത് ചെെനയുടെ സമ്പദ്ഘടന മുന്നോട്ടുമില്ല, പിന്നോട്ടുമില്ല എന്ന അവസ്ഥയിൽ സ്തംഭിച്ചുനിൽക്കുമെന്നാണ്. ഒന്നും രണ്ടും വർഷമല്ല ഇനി വരുന്ന നിരവധി ദശകങ്ങളോളം അതാണവസ്ഥയത്രെ. എന്തൊരു വ്യാമോഹമാണ്, എന്തൊരു മോഹചിന്തയാണിത്!

ഹാൾ ബ്രാൻഡ്സ്, മെെക്കിൾ ബെക്ക്ലെ എന്നീ രണ്ട് അമേരിക്കൻ പൊളിറ്റിക്കൽ സയന്റിസ്റ്റുകളാണ് ചെെനയുടെ വളർച്ച മുരടിച്ചുവെന്ന സിദ്ധാന്തത്തിന്റെ ഉപജ്ഞാതാക്കൾ. Peak China യുഗത്തിലാണ് നാമിന്ന് എത്തിയിരിക്കുന്നത് എന്ന അവരുടെ വാദമാണ് ഇക്കണോമിസ്റ്റ് ഏറ്റുപിടിച്ചിരിക്കുന്നത്. ഇക്കണോമിസ്റ്റ് വാരിക ഒടുവിൽ എത്തുന്ന നിഗമനം എന്തെന്നുകൂടി നോക്കാം: ദശകങ്ങളോളം ചെെനയും അമേരിക്കയും ഏകദേശം സമാനമായ നിലയിൽ തുടരുമെന്നാണ് തോന്നുന്നത്. 40 വർഷത്തിലേറെക്കാലം ചെെന ചെറുതെങ്കിലും സ്ഥിരമായി അമേരിക്കയുടെ മുന്നിൽ തന്നെയായിരിക്കുമെന്നാണ് ഗോൾഡ്-മാൻ സാച്ചസിന്റെ കണക്കുകൂട്ടൽ. 2050 കഴിയുമ്പോഴും ചെെനയുടെ ജിഡിപി അമേരിക്കയുടേതിന്റെ 80 ശതമാനത്തിലധികമായിരിക്കും.

പ്രധാനമായും, ചെെനയുടെ ജനസംഖ്യയിൽ വന്നുകൊണ്ടിരിക്കുന്ന കുറവിനെയാണ് മുരടിപ്പ് സിദ്ധാന്തക്കാർ ആശ്രയിക്കുന്നത്. തൊഴിൽ ചെയ്യാൻ കഴിയുന്ന പ്രായത്തിലുള്ള ആളുകളുടെ എണ്ണം ചുരുങ്ങിവരുകയാണ് ചെെനയിൽ. ദീർഘകാലം ചെെന പിന്തുടർന്നിരുന്ന ഒറ്റക്കുട്ടി നയത്തിന്റെ നിഷേധപരമായ പ്രതിഫലനമാണിത്. കഴിഞ്ഞ പത്തുവർഷത്തോളമായി ചെെന ഈ നയം പാടേ ഉപേക്ഷിച്ചങ്കിലും വേണ്ടത്ര ഫലം കണ്ടുതുടങ്ങിയിട്ടില്ല.

1978–2022 കാലഘട്ടത്തിലെ ചെെനയുടെ ശരാശരി വാർഷിക ജനസംഖ്യാ വളർച്ച, അതായത് ചെെനീസ് സമ്പദ്ഘടനയുടെ നവീകരണം ആരംഭിച്ചതുമുതലുള്ള ശരാശരി വാർഷിക ജനസംഖ്യാവളർച്ച, 0.9 ശതമാനമാണ്. എന്നാൽ, അതേ കാലഘട്ടത്തിലെ ശരാശരി വാർഷിക ജിഡിപി വളർച്ച 9 ശതമാനമാണ്. അതായത് ശരാശരി വാർഷിക ജനസംഖ്യാ വളർച്ചയേക്കാൾ 8.1 ശതമാനം അധികമാണ് ജിഡിപി വളർച്ച. മറ്റൊരു തരത്തിൽ പറഞ്ഞാൽ ജിഡിപി വളർച്ച 90 ശതമാനം. ഇത് വ്യക്തമാക്കുന്നത് ചെെനയുടെ സാമ്പത്തിക വികാസത്തിൽ, ജനസംഖ്യാ വളർച്ച വളരെ ചെറിയൊരു പങ്കു മാത്രമേ വഹിക്കുന്നുള്ളൂ എന്നാണ്. ചെെനയുടെ സാമ്പത്തികനയത്തിലുള്ള വ്യത്യാസം കണക്കിലെടുക്കാനുള്ള വിലയിരുത്തലാണ്, പാശ്ചാത്യ മുതലാളിത്ത മാനദണ്ഡങ്ങൾ അനുസരിച്ചുള്ള വിലയിരുത്തലാണ് ഇക്കണോമിസ്റ്റും ബൂർഷ്വാ പണ്ഡിതരും നടത്തുന്നത്. അതുകൊണ്ടാണ് ഇതു കാണാതിരിക്കുന്നത്.

ഒരു നൂറ്റാണ്ടിലേറെക്കാലം അടിമസമാനമായ അവസ്ഥയിലായിരുന്ന ചെെന 1949ൽ മോചനം നേടുമ്പോൾ അമേരിക്കയുടെയും പ്രമുഖ യൂറോപ്യൻ സമ്പദ്ഘടനകളുടെയും ഇന്ത്യയുടെപോലും ബഹുദൂരം പിന്നിലായിരുന്നു, എല്ലാ സാമ്പത്തികവളർച്ചാ മാനദണ്ഡങ്ങളുടെ കാര്യത്തിലും. 1950ൽ പർച്ചേസിങ് പവർ പാരിറ്റിയുടെ (ക്രയശേഷി) അടിസ്ഥാനത്തിൽ ചെെനയുടെ പ്രതിശീർഷ ജിഡിപി അമേരിക്കയുടേതിന്റെ 5 ശതമാനത്തിലും അൽപ്പം കുറവായിരുന്നുവെന്നാണ് വിലയിരുത്തപ്പെട്ടിട്ടുള്ളത്. 2022ൽ ഐഎംഎഫിന്റെ കണക്കനുസരിച്ച്, ചെെനയുടെ പ്രതിശീർഷ ജിഡിപി അമേരിക്കയുടേതിന്റെ 28 ശതമാനത്തിലും അധികമാണ്. അതായത് ,1949ൽ ജനകീയ ചെെന റിപ്പബ്ലിക് നിലവിൽ വന്നതിനുശേഷമുള്ള കാലത്ത് പ്രതിശീർഷ ജിഡിപിയുടെ കാര്യത്തിൽ അമേരിക്കയുമായി താരതമ്യപ്പെടുത്തുമ്പോൾ ചെെന അഞ്ചിരട്ടിയിലധികം മുന്നോട്ടുപോയി എന്നർഥം. ഈ സാമ്പത്തിക വളർച്ചയെ ജനസംഖ്യയിലെ വളർച്ചയുമായി തുലനംചെയ്ത് നോക്കിയാലോ? 2022ൽ ചെെനയുടെ (വൻകരയിലേതുമാത്രം) ജനസംഖ്യ അമേരിക്കയുടേതിന്റെ 4.24 ഇരട്ടിയായിരുന്നു; അതായത്, അമേരിക്കയുടെ ജനസംഖ്യ ചെെനയുടെ ജനസംഖ്യയുടെ 24 ശതമാനത്തിലും താഴെയായിരുന്നുവെന്നർഥം– ഏറെക്കുറെ ചെെനയുടെ ജനസംഖ്യയുടെ നാലിലൊന്ന് മാത്രമാണ് അമേരിക്കയുടെ ജനസംഖ്യ. അതായത് ചെെനയുടെ പ്രതിശീർഷ ജിഡിപി അമേരിക്കയുടെ പ്രതിശീർഷ ജിഡിപിയുടെ നാലിലൊന്നിലും കുറവായിരിക്കണമെന്നാണ്. എന്തുകൊണ്ട് അങ്ങനെ അല്ലാതിരിക്കുന്നുവെന്നതിനുള്ള കാരണം തൊഴിൽ ശേഷിയുള്ള ജനങ്ങളുടെ കണക്കിലല്ല തെരയേണ്ടത്, മറിച്ച് ചെെന പിന്തുടരുന്ന മുതലാളിത്ത രാജ്യങ്ങളുടേതിൽ നിന്നും വ്യത്യസ്തമായ നയങ്ങളിലാണ്.

യഥാർഥത്തിൽ ചെെനീസ് കമ്യൂണിസ്റ്റു പാർട്ടിയുടെ നയങ്ങളും അത് പ്രാവർത്തികമാക്കാൻ ചെെനീസ് ജനത നടത്തുന്ന പ്രയത്നവുമാണ് ചെെനയുടെ വികസനത്തിന്റെ അടിത്തറ. മറ്റ് ഏഷ്യൻ രാജ്യങ്ങളിലോ പാശ്ചാത്യമുതലാളിത്ത രാജ്യങ്ങളിലോ എന്ന പോലെ സാമ്പത്തിക ‘‘മായാജാല’’ങ്ങളിലല്ല (Miracles) അത് തെരയേണ്ടത്. ഒരു നൂറ്റാണ്ടിലേറെക്കാലത്തെ വെെദേശിക ഇടപെടലുകൾക്കും ആക്രമണങ്ങൾക്കും ശേഷം, ഒപ്പം രൂക്ഷമായ ആഭ്യന്തരയുദ്ധങ്ങൾക്കുശേഷം 1949 ഒക്ടോബർ ഒന്നിന് ചെെന വളരെ പിന്നിൽനിന്നാണ് തുടങ്ങിയത്. 2049 ആകുമ്പോൾ ‘‘കരുത്തുറ്റതും ജനാധിപത്യപരവും സംസ്കാരസമ്പന്നവും സ്വരച്ചേർച്ചയോടെയും മാനസികമായ ഐക്യത്തോടെയും കഴിയുന്നതുമായ ആധുനിക സോഷ്യലിസ്റ്റ് രാജ്യ’’മായി ചെെനയെ ഉയർത്തണമെന്നാണ് ചെെനീസ് കമ്യൂണിസ്റ്റ് പാർട്ടിയുടെ 20–ാം കോൺഗ്രസ് പ്രഖ്യാപിച്ച ലക്ഷ്യം. ‘‘2035 ആകുമ്പോൾ ഇടത്തരം വികസിത’’ രാജ്യമായി ചെെനയെ മാറ്റുമെന്നും ചെെനീസ് കമ്യൂണിസ്റ്റ് പാർട്ടിയുടെ 20–ാം കോൺഗ്രസ് തീരുമാനമെടുത്തു. മൊത്തം വരുമാനമോ പ്രതിശീർഷ വരുമാനമോ ഇരട്ടിയാക്കുന്നത് അസാധ്യമായ കാര്യമല്ല എന്നും ചെെനീസ് കമ്യൂണിസ്റ്റു പാർട്ടി സംശയാതീതമായി പ്രഖ്യാപിച്ചു. 2035ൽ നടപ്പാക്കുമെന്ന് പറഞ്ഞതിന്റെ സ്വാഭാവികമായ മുന്നോട്ടുപോക്കാണ് 2049ൽ എത്തണമെന്ന് തീരുമാനിച്ചിട്ടുള്ള ലക്ഷ്യവും. ഈ ലക്ഷ്യങ്ങളിൽ എത്തുകയെന്നത് അസാധ്യമായ കാര്യമല്ല എന്നു പറയുന്നതിന്റെ കാരണം, 2035 ലെ ലക്ഷ്യത്തിലെത്താൻ ചുരുങ്ങിയത് ചെെനയുടെ ശരാശരി വാർഷിക ജിഡിപി വളർച്ച 4.6 ശതമാനത്തിൽ നിന്നാൽ മതി എന്നതാണ്.

പീക്ക് ചെെന സിദ്ധാന്തക്കാർ പ്രധാനമായും കേന്ദ്രീകരിച്ചിട്ടുള്ളത് തൊഴിൽശേഷിയുള്ള ജനസംഖ്യാ കണക്കിലാണല്ലോ. അതിലെ കേവലമായ പൊളളത്തരം ദക്ഷിണ കൊറിയയുമായുള്ള താരതമ്യത്തിലൂടെ വെളിപ്പെടുത്താവുന്നതാണ്. ദക്ഷിണ കൊറിയയുടെ ഉദാഹരണമെടുക്കുന്നത് ഇന്ന് ലോകത്തിൽ തന്നെ ഉന്നതവിദ്യാഭ്യാസത്തിന്റെ കാര്യത്തിൽ മുന്നിൽ നിൽക്കുന്ന രാജ്യമാണത് എന്നതിനാലാണ്. 1945ൽ ദക്ഷിണകൊറിയയിലെ ജനസംഖ്യയിൽ 85 ശതമാനവും കഴിഞ്ഞിരുന്നത് ഗ്രാമപ്രദേശങ്ങളിലായിരുന്നു; 88 ശതമാനം പേരും നിരക്ഷരരും. ഇന്നാകട്ടെ, ദക്ഷിണകൊറിയയിലെ 85 ശതമാനം പേരും നഗരപ്രദേശങ്ങളിലാണ് കഴിയുന്നത്. സർവകലാശാലാ വിദ്യാഭ്യാസം നേടിയതാകട്ടെ ആ പ്രായത്തിലുള്ള ഏറെക്കുറെ മുഴുവൻ പേരുമാണ്. ചെെനയും ഇതേ ചരിത്രപ്രക്രിയയിലൂടെയാണ് കടന്നുവന്നത്. 2021ലെ കണക്കനുസരിച്ച് ചെെനയുടെ നഗരവൽക്കരണം 65 ശതമാനമാണ്. സർവകലാശാലാ വിദ്യാഭ്യാസം ലഭിച്ചവരാകട്ടെ 2022ൽ 60 ശതമാനവുമാണ‍്. 2023ലെ റിപ്പോർട്ടുകൾപ്രകാരം ശാസ്ത്ര ഗവേഷണത്തിന്റെയും ഗവേഷണപ്രബന്ധങ്ങളുടെയും കാര്യത്തിൽ അമേരിക്കയേക്കാൾ ചെെന ബഹുദൂരം മുന്നിലാണ്.

ദക്ഷിണകൊറിയയിൽ 1945 ൽ നിരക്ഷരരായ കർഷകരിൽ ഒരാൾ ഒരു മണിക്കൂർ കൊണ്ട് ഉൽപ്പാദിപ്പിച്ചതിനെക്കാൾ വളരെയേറെയായിരിക്കും ഇന്ന് ഉന്നതവിദ്യാഭ്യാസം ലഭിച്ച, എഞ്ചിനിയറിങ്ങിലോ മറ്റോ ഗവേഷണ ബിരുദം നേടിയ ഒരാൾ ഒരു മണിക്കൂർ കൊണ്ട് ഉൽപ്പാദിപ്പിക്കുന്ന മൂല്യം. അതുപോലെതന്നെയാണ് ഉന്നതവിദ്യാഭ്യാസവും മികച്ച പരിശീലനവും ലഭിച്ച ചെെനീസ് ജനതയ്ക്കും ഉൽപ്പാദിപ്പിക്കാനാവുന്ന മൂല്യവും. കേവലം അധ്വാനശേഷിയുള്ള ജനസംഖ്യയുടെ കണക്കല്ല, മറിച്ച് അവർക്ക് ലഭിച്ച ഉന്നത വിദ്യാഭ്യാസവും ഉന്നതപരിശീലനവും കണക്കിലെടുക്കപ്പെടേണ്ടതുണ്ട്. അത് ചെയ്യാതെ കേവലം ജനസംഖ്യാ കണക്കെടുത്ത് വിലയിരുത്തൽ നടത്തുകയായിരുന്നു ഇക്കണോമിസ്റ്റ് വാരികയും അവരുടെ കവർസ്റ്റോറിക്കാധാരമായ റിപ്പോർട്ട് തയ്യാറാക്കിയ അമേരിക്കൻ പണ്ഡിതരും.

മറ്റൊരു കാര്യം കൂടി പരിഗണിക്കപ്പെടേണ്ടതുണ്ട്. മറ്റു സമ്പദ്ഘടനകളിൽനിന്ന് ചെെനീസ് സമ്പദ്ഘടനയെ വേറിട്ടതാക്കുന്ന ഒരു ഘടകം മറ്റേതൊരു സമ്പദ്ഘടനയെയും കാൾ അത് അതിവേഗം വളർന്നുകൊണ്ടിരിക്കുന്നു എന്നതാണ്. അതുകൊണ്ടാണ് ചെെനയിൽ ദാരിദ്ര്യനിർമാർജനം അതിവേഗം സാധ്യമായത്; ഒപ്പം ചെെനീസ് ജനതയുടെ ജീവിതനിലവാരവും അതിവേഗം വളരുകയാണ്. അതുകൊണ്ടുതന്നെ ഈ സവിശേഷതകളോടുകൂടിയ അതിവേഗം വികസിച്ചുവരുന്ന ചെെനീസ് സമ്പദ്ഘടനയെ സാമ്പത്തികവികാസം മന്ദഗതിയിൽ നടക്കുന്ന രാജ്യങ്ങളുടേതുമായി താരതമ്യം ചെയ്യുന്നതുതന്നെ അപ്രസക്തമാണ്.

ചെെന മുരടിപ്പിലേക്കു നീങ്ങുന്നുവെന്ന് വാദിക്കുന്നവർ കാണാത്തതോ കാണാൻ കൂട്ടാക്കാത്തതോ ആയ ചില വസ്തുതകൾക്കൂടിയുണ്ട്. ഒന്നാമത്തേത്, ചെെനീസ് കമ്യൂണിസ്റ്റ് പാർട്ടി ചെെനയുടെ വളർച്ചയിൽ വഹിക്കുന്ന പങ്കാണ്. രണ്ടാമത്തേത്, സാമ്രാജ്യത്വ അധിനിവേശത്തിൽ കീഴിലായിരുന്ന മറ്റൊരു രാജ്യത്തിനും സ്വപ്നംപോലും കാണാൻ കഴിയാതിരുന്ന കാര്യങ്ങളാണ് ചെെനയ്ക്ക് 1949നു ശേഷം കെെവരിക്കാനായത്. മറ്റൊരു കാര്യം, നൂറ്റാണ്ടുകളായുള്ള, കൃത്യമായി പറഞ്ഞാൽ 500 വർഷക്കാലത്തെ, യൂറോപ്യൻ ആധിപത്യത്തിന് അന്ത്യം കുറിക്കുകയായിരുന്നു ചെെന. യഥാർഥത്തിൽ 5000ത്തിലേറെ വർഷം പഴക്കമുള്ള മാനവചരിത്രത്തിലെ ചെറിയൊരു കാലത്തു മാത്രമാണ് (500 വർഷം) യൂറോപ്യൻ ആധിപത്യം നിലനിന്നത്. അതിനുമുൻപുള്ള മാനവ ചരിത്രത്തിൽ ഉയർന്നു നിന്നത് ചെെനയുടെയും ഇന്ത്യയുടെയും അറേബ്യയുടെയും ഈജിപ്തിന്റെയും ഇറാഖിന്റെയും മറ്റും സംസ്കാരങ്ങളും വിജ്ഞാനവുമാണ്. ആ കാലങ്ങളിലെ യൂറോപ്യൻ എന്നു പറയാവുന്ന വിജ്ഞാന കേന്ദ്രങ്ങൾ ഗ്രീസും റോമും മാത്രമാണ്. ഒടുവിലത്തെ 500 വർഷക്കാലത്ത് യൂറോപ്യന്മാർ അമേരിക്കൻ ഭൂഖണ്ഡങ്ങളിലും ആഫ്രിക്കയിലും ഇന്ത്യയും ചെെനയുമുൾപ്പെടെയുള്ള ഏഷ്യയിലും നടത്തിയ അധിനിവേശമാണ് മുതലാളിത്തത്തിന്റെ വളർച്ചയ്ക്കും യൂറോപ്പിന്റെ ഉയർച്ചയ്ക്കും അടിത്തറ പാകിയത്. 1949ൽ ചെെന കമ്യൂണിസ്റ്റ് പാർട്ടിയുടെ നേതൃത്വത്തിൽ വിമോചിതമായതോടെ 500 വർഷക്കാലത്തെ അധിനിവേശ വാഴ്ചയ്ക്ക് അറുതിയാവുകയായിരുന്നു. ആ പശ്ചാത്തലത്തിൽ നിന്നാണ് കമ്യൂണിസ്റ്റു നേതൃത്വത്തിൽ ചെെനയുടെ കുതിച്ചുകയറ്റമുണ്ടായതെന്ന കാര്യവും കണക്കിലെടുക്കുന്നില്ല ഇക്കണോമിസ്റ്റും, ചെെന സാമ്പത്തിക മുരടിപ്പിലാണെന്ന വാദക്കാരും.

ചെെനയെ സംബന്ധിച്ച് ഇക്കണോമിസ്റ്റ് വാരിക ആദ്യമായല്ല ഇത്തരം പ്രവചനങ്ങൾ നടത്തുന്നത്. 1997–98 ലെ ഏഷ്യൻ ധനപ്രതിസന്ധിയുടെ കാലത്ത് 1958 ഒക്ടോബർ 24ന്റെ ഇക്കണോമിസ്റ്റ് പുറത്തിറങ്ങിയത് “Will china be next?’ (അടുത്തത് ചെെനയോ?) എന്ന കവർസ്റ്റോറിയുമായാണ്. എന്നാൽ ദക്ഷിണകൊറിയ ഉൾപ്പെടെയുള്ള മറ്റ് ഏഷ്യൻ രാജ്യങ്ങളിൽ എന്നപോലെ ചെെനയെ ആ സാമ്പത്തികപ്രതിസന്ധി അൽപ്പംപോലും ബാധിച്ചില്ല എന്നതു ചരിത്രം. പിന്നെയും നാലു വർഷം കഴിഞ്ഞ് 2002 ജൂൺ 15ന്റെ ലക്കം ഇക്കണോമിസ്റ്റിന്റെ കവർസ്റ്റോറി A Dragon out of Puff (കാറ്റുപോയ വ്യാളി) എന്നായിരുന്നു. പ്രധാനമായും ആഭ്യന്തരവിപണിയെ ആശ്രയിച്ചിരുന്ന ചെെനീസ് സമ്പദ്ഘടന 2002നു മുൻപുള്ള 5വർഷവും വൻതോതിലുള്ള സർക്കാർ ചെലവിടലിനെയാണ് ആധാരമാക്കിയിരുന്നത്. തൽഫലമായി ചെെനീസ് ഗവൺമെന്റിന്റെ കടബാധ്യത കുതിച്ചുയർന്നു. ഇതിനൊപ്പം കിട്ടാക്കടവും പെൻഷൻ ബാധ്യതയും ചെെനീസ് സർക്കാരിന് തലവേദനയായി. എന്നാൽ അതിൽ നിന്നെല്ലാം അതിവേഗം കരകയറാൻ ചെെനീസ് കമ്യൂണിസ്റ്റു പാർട്ടിക്കും ഗവൺമെന്റിനും കഴിഞ്ഞു. ഈ സംവിധാനം തിരിച്ചറിയാനാകാത്ത ഇക്കണോമിസ്റ്റ്, ചെെനീസ് സമ്പദ്ഘടനയുടെ കാറ്റുപോയതായി 2002ൽ വിശേഷിപ്പിച്ചു. എന്നാൽ കാറ്റുപോയത് ഇക്കണോമിസ്റ്റിന്റേതായിരുന്നു. വീണ്ടും 2010 ഒക്ടോബർ രണ്ടിന് How India’s Growth will Outpace China’s? ‘ഇന്ത്യയുടെ വളർച്ച ചെെനയെ പിന്തള്ളുന്നതെങ്ങനെ?’ എന്ന കവർസ്റ്റോറിയുമായി ഇക്കണോമിസ്റ്റ് രംഗത്തെത്തി. ഇന്ത്യയിലെ വലതുപക്ഷ ചിന്താലോകത്തിനും രാഷ്ട്രീയ നേതൃത്വങ്ങൾക്കും കുറേക്കാലം അത് ഇഷ്ടവിഭവമായി മാറിയെന്നല്ലാതെ ഇന്ത്യൻ സമ്പദ്ഘടന ചെെനയുടേതിനപ്പുറം പോയില്ലെന്നു മാത്രമല്ല, ഇപ്പോഴും ബഹുദൂരം പിന്നിലാണെന്നതാണ് വസ്തുത. ഇപ്പോഴത്തെ കവർസ്റ്റോറിയുടെയും (Peak China) കഥ മറ്റൊന്നാവില്ല തന്നെ. 

ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

three + 15 =

Most Popular