Friday, November 22, 2024

ad

Homeമുഖപ്രസംഗംഇത് ജനങ്ങൾക്കെതിരായ യുദ്ധപ്രഖ്യാപനം

ഇത് ജനങ്ങൾക്കെതിരായ യുദ്ധപ്രഖ്യാപനം

എൽഡിഎഫിന്റെ മന്ത്രിസഭ പിണറായി വിജയന്റെ നേതൃത്വത്തിൽ 2016ൽ അധികാരമേറ്റ അന്നുമുതൽ ആരംഭിച്ചതാണ് സർക്കാരിനു നേരെയുള്ള കേരളത്തിലെ മാധ്യമ സിൻഡിക്കേറ്റിന്റെ ആക്രമണം. ദിവസേന അഴിമതി, അക്രമം എന്നിവ ആരോപിച്ച് സർക്കാരിനും എൽഡിഎഫിനും എതിരായി ഒരു വിഭാഗം മാധ്യമങ്ങളുടെ നേതൃത്വത്തിൽ യുഡിഎഫും ബിജെപിയും ആക്രമണം നടത്തുകയായിരുന്നു. അവയിൽ പലതിനും ആധാരം അടിസ്ഥാനരഹിതമായ ആരോപണങ്ങൾ ആയിരുന്നു. ഉച്ചസ്ഥായിയിൽ ഈ കള്ളപ്രചരണവും കടന്നാക്രമണവും അഞ്ചുവർഷം തുടർച്ചയായി നടത്തിയിട്ടും 2021ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ എൽഡിഎ-ഫിനു 2016ൽ ലഭിച്ചതിനേക്കാൾ കൂടുതൽ സീറ്റ് ലഭിച്ചു. അതാണ് അവരുടെ എൽഡിഎഫ് വിരുദ്ധ പ്രചരണത്തിന്റെയും ആക്രമണത്തിന്റെയും ആത്യന്തിക ഫലം. ജനങ്ങൾ ഇത്തരം മാധ്യമങ്ങളെ എത്രത്തോളം വിശ്വസിക്കുന്നു എന്നതിന്റെ സൂചിക കൂടിയാണ് അത്.

തങ്ങൾക്ക് എതിരായ ജനവിധിയെ തുടർന്നു യുഡിഎഫോ ബിജെപിയോ തങ്ങളുടെ പ്രചരണനയത്തിലും ശെെലിയിലും നടപടികളിലും എന്തെങ്കിലും തകരാറ് പറ്റിയോ എന്ന ആത്മപരിശോധന നടത്തിയതായി അറിവില്ല. എന്തുകൊണ്ടാണ് ജനങ്ങൾ തങ്ങൾക്കെതിരായി നിസ്സംശയം വിധിയെഴുതിയത് എന്ന് പ്രതിപക്ഷത്താരും വിശകലനം ചെയ്തതിന്റെ സൂചനയൊന്നുമില്ല. അവർ പൂർവാധികം ശക്തിയോടെ എൽഡിഎഫിനും അതിന്റെ സർക്കാരിനും എതിരായ കള്ളപ്രചരണം തുടരുകയാണ്. നുണ നൂറ്റൊന്ന് ആവർത്തിച്ചാൽ അത് സത്യമാണെന്നു ജനങ്ങൾ കരുതിക്കോളുമെന്ന ഫാസിസ്റ്റ് പ്രചരണാചാര്യനായ ഗീബൽസിന്റെ സിദ്ധാന്തത്തെയാണ് അവർ വഴികാട്ടിയായി അംഗീകരിച്ചിട്ടുള്ളത് എന്നുവേണം കരുതാൻ.

വിദ്യാഭ്യാസം, ആരോഗ്യം, ഗതാഗതം, വ്യവസായം, കൃഷി തുടങ്ങിയ സമസ്ത മേഖലകളിലും പുതിയ സൗകര്യങ്ങൾ ഏർപ്പെടുത്താനും നിലവിലുള്ളവ മെച്ചപ്പെടുത്താനുമായി നൂറുകണക്കിനു രൂപ ചെലവഴിച്ചുള്ള പദ്ധതികളാണ് എൽഡി-എ-ഫ് സർക്കാർ ഓരോ വർഷവും ആസൂത്രണം ചെയ്ത് സമയബന്ധിതമായി നടപ്പാക്കുന്നത്. നിപ, പ്രളയം, കോവിഡ് മഹാമാരി മുതലായി ഇതിനുമുമ്പ് അടുത്തൊന്നും ഉണ്ടാകാത്ത തോതിലുള്ള കെടുതികൾ ഉയർന്നുവന്നപ്പോൾ അവയെ കാര്യക്ഷമമായി തരണം ചെയ്ത് മുൻപ് പ്രഖ്യാപിച്ച പദ്ധതികൾ നടപ്പാക്കുന്നതിൽ എൽഡിഎഫ് സർക്കാർ മികച്ച കാര്യക്ഷമത കാണിക്കുന്നുണ്ടെന്നു പൊതുവെ അംഗീകരിക്കപ്പെട്ടിട്ടുണ്ട്. ഇത്തരത്തിൽ തങ്ങൾ നേരിടുന്ന പ്രശ്നങ്ങൾക്ക് പരിഹാരം കാണുകയും പുതിയ വികസനത്തിനായി ഉചിതമായ പദ്ധതികൾ ആസൂത്രണം ചെയ്ത് സമയബന്ധിതമായി നടപ്പാക്കുകയും ചെയ്യുന്ന എൽഡിഎഫ് സർക്കാരിനെ ജനങ്ങൾ രാഷ്ട്രീയദേഭമനേ–്യ അഭിനന്ദിക്കുന്നു, പിന്താങ്ങുന്നു. അതിന്റെ പ്രത്യക്ഷഫലമായിരുന്നു 2021ലെ എൽഡിഎഫ‍് വിജയം.

ഇനിയും അതാവർത്തിക്കാതിരിക്കാൻ എന്തു ചെയ്യേണ്ടു എന്നറിയാതെ ഇരുട്ടിൽ തപ്പുകയാണ് പ്രതിപക്ഷ പാർട്ടികളും, അതിലേറെ പ്രതിപക്ഷത്തെ അനുകൂലിക്കുന്ന മാധ്യമങ്ങളും. സർക്കാരിന്റെ ഏത് നടപടിയെയും പദ്ധതിയെയും അന്ധമായി എതിർക്കുന്നതിലും വളച്ചൊടിച്ച് അവതരിപ്പിക്കുന്നതിലുമാണ് അവ ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുന്നത്. അങ്ങനെ എതിർപ്പ് നൂറ്റൊന്നാവർത്തിച്ചാൽ, ക്ഷീരബല ആവർത്തിച്ചതുപോലെയുള്ള ഫലമുണ്ടാകും എന്നു സുധാകരാദികളും മനോരമാദികളും ധരിച്ചുവശായിട്ടുണ്ട് എന്നു വേണം കരുതാൻ. പ്രതിപക്ഷ നേതാക്കളുടെ ദിവസേനയുള്ള പ്രസ്താവനകളും പ്രതിപക്ഷ മാധ്യമങ്ങളുടെ വാർത്തകളും വീക്ഷണങ്ങളും അതാണ് സൂചിപ്പിക്കുന്നത‍്.

അക്കൂട്ടത്തിൽ പെടുന്നതാണ് സർക്കാർ നടപ്പാക്കുന്ന ഹൃദ്യം എന്ന ആരോഗ്യപദ്ധതിയെ വളച്ചൊടിച്ചുള്ള വാർത്തകളും അവയെ ആധാരമാക്കിയുള്ള ആരോപണങ്ങളും ചില മാധ്യമങ്ങൾ ഇക്കഴിഞ്ഞ ദിവസങ്ങളിൽ പ്രസിദ്ധീകരിച്ചത്. എൽഡിഎഫ് സർക്കാർ ആരോഗ്യരംഗത്തെ പൊതുമേഖലയിൽ മെഡിക്കൽ കോളേജ് ആശുപത്രികൾ മുതൽ പ്രാഥമികാരോഗ്യകേന്ദ്രങ്ങൾ വരെയുള്ളവയിലെ സേവന സൗകര്യങ്ങൾ മെച്ചപ്പെടുത്താൻ ഇതിനകം ആയിരക്കണക്കിനു കോടിരൂപ ചെലവഴിച്ചുകഴിഞ്ഞു. അങ്ങനെ വികസനപദ്ധതികൾ നടപ്പാക്കുന്നത് തുടർന്നുവരുന്നു. അതേസമയം സ്വകാര്യമേഖലയിലെ മെച്ചപ്പെട്ട സേവനസൗകര്യങ്ങൾ സാധാരണക്കാർക്കും പാവപ്പെട്ടവർക്കും കുറഞ്ഞ നിരക്കിലോ സൗജന്യമായോ ലഭ്യമാക്കുന്നതിലും സർക്കാർ പ്രത്യേകം ശ്രദ്ധിക്കുന്നു. അതിന്റെ ഭാഗം കൂടിയായാണ് ഹൃദ്യം പദ്ധതി നടപ്പാക്കുന്നത്.

സാമ്പത്തികശേഷി തീരെ കുറവായ കുടുംബങ്ങളിലെ കുട്ടികൾക്ക് ഹൃദയസംബന്ധമായ രോഗങ്ങൾക്ക് ശസ്ത്രക്രിയപോലുള്ള ചെലവേറിയ ചികിത്സ നൽകുന്നതിനുള്ളതാണ് ഈ പദ്ധതി. ഇതിനകം ആറായിരത്തിൽപരം കുട്ടികളുടെ ഇത്തരം ഹൃദയ ശസ്ത്രക്രിയകൾ കേരളത്തിൽ നടത്തിക്കഴിഞ്ഞു. പ്രത്യേക സൗകര്യങ്ങൾ ഉള്ള കൊച്ചി അമൃത, ലിസി, ആസ്റ്റർ മെഡിസിറ്റി, കോഴിക്കോട് ആസ്റ്റർ മിംസ്, തിരുവല്ല ബിലീവേഴ്സ് ചർച്ച് എന്നീ ആശുപത്രികളിലാണ് ഇപ്പോൾ ഇത് നടക്കുന്നത്. തിരുവനന്തപുരത്തെ ശ്രീചിത്ര ഈ പദ്ധതിയിൽ ആദ്യം പങ്കാളിയായിരുന്നെങ്കിലും ഇപ്പോൾ വിട്ടുനിൽക്കുകയാണ്. അതിനെ തിരിച്ചുകൊണ്ടുവരാനും കോട്ടയം മെഡിക്കൽ കോളേജിലും മറ്റും ഇത് പുതുതായി ഏർപ്പെടുത്താനുമുള്ള ശ്രമങ്ങൾ സംസ്ഥാന സർക്കാർ നടത്തിവരികയാണ്.

ഇതിനിടെ പുതുതായി ആരംഭിച്ച ഒരു ചാനൽ അതിന്റെ പ്രചാരവർധനക്കായിട്ടായിരിക്കാം, ഹൃദ്യം പദ്ധതി നടത്തിപ്പിൽ കോടികളുടെ വെട്ടിപ്പാണെന്ന പ്രസ്താവന ആദ്യ ദിവസംതന്നെ നടത്തി. മറ്റു ചില മാധ്യമങ്ങൾ അത് ഏറ്റുപിടിച്ചു. ആ ചാനൽ പറഞ്ഞ ശസ്ത്രക്രിയകളുടെ എണ്ണം, അവയ്ക്കായി ചെലവഴിച്ച തുക എന്നിങ്ങനെയുള്ള കണക്കുകൾക്ക് വസ്തുതയുമായി ഒരു ബന്ധവും ഉണ്ടായിരുന്നില്ല. ഇത്തരം ഏഴായിരത്തിൽപരം ശസ്ത്രക്രിയകൾ നടത്തി, അവയ്ക്കായി കോടികൾ ഒഴുക്കി എന്നായിരുന്നു പ്രചാരണം. എന്നാൽ, ആ സന്ദർഭത്തിൽ 6,100 ശസ്ത്രക്രിയകളേ നടന്നിരുന്നുള്ളൂ; അവയ്ക്കായി 57 കോടിയിൽപരം രൂപയാണ് ചെലവഴിക്കപ്പെട്ടത് എന്ന കണക്ക് സർക്കാർ വൃത്തങ്ങൾ വിശദീകരിച്ചു. ഈ മാധ്യമത്തിന്റെ പ്രചരണം സർക്കാരിൽ ദുർഭരണം നടക്കുന്നു എന്ന ആരോപണത്തോടൊപ്പം ഈ ശസ്ത്രക്രിയകൾ നടത്തുന്ന സ്വകാര്യ ആശുപത്രികളെക്കുറിച്ചുള്ള ദുരാരോപണം കൂടിയായിരുന്നു.

വസ്തുത എന്താണ്? ശിശുകൾക്ക് ഹൃദയവാൽവിനു തകരാറോ ഹൃദയത്തിൽ സുഷിരമോ മറ്റോ ഉണ്ടായാൽ ഫലപ്രദമായ ചികിത്സ സാധ്യമല്ലായിരുന്നു. അതിനുവേണ്ട ലക്ഷക്കണക്കിനുരൂപയ്ക്കുള്ള ധനശേഷി പാവങ്ങൾക്കില്ലായിരുന്നു. ഇത്തരം കുട്ടികളുടെയും കുടുംബങ്ങളുടെയും രക്ഷയ്ക്കുവേണ്ടിയാണ് സർക്കാർ ഹൃദ്യം പദ്ധതി ആരംഭിച്ചത്. അത് നടപ്പാക്കാൻ ശേഷിയുള്ള ആശുപത്രികളുമായി സർക്കാർ ധാരണ ഉണ്ടാക്കി. പദ്ധതി നടപ്പാക്കാൻ തുടങ്ങി. അതോടൊപ്പം സർക്കാർ വക ചില ആശുപത്രികളിൽ ആ സൗകര്യം ഏർപ്പെടുത്താനുള്ള നടപടിയും ആരംഭിച്ചു. ഒരു വിഭാഗം കുടുംബങ്ങളുടെ കണ്ണീർ ഒപ്പാനുള്ള ഈ പദ്ധതിയെ ഹൃദയപൂർവം സ്വാഗതം ചെയ്യുന്നതിനും പിന്താങ്ങുന്നതിനും പകരം അതിനെയും ദുഷ്-പ്രചരണത്തിലൂടെ നാറ്റിക്കാനും ആവശ്യക്കാരെ അതിൽനിന്നു അകറ്റാനും സർക്കാരിൽ കുറ്റം ആരോപിക്കാനുള്ള നീക്കമാണ് കുഞ്ഞുങ്ങൾക്കായുള്ള ‘ഹൃദ്യ’ത്തിന്റെ കാര്യത്തിലും ചില മാധ്യമങ്ങൾ ചെയ്തത്.

ഇത് സർക്കാരിനെ ഏത് വടിയും എടുത്തടിക്കാനുള്ള രണ്ടും കെട്ട നീക്കം മാത്രമല്ല, നിസ്സഹായരായ പിഞ്ചോമനകളോടും അവരുടെ മാതാപിതാക്കളോടുമുള്ള കൊടുംക്രൂരത കൂടിയാണ്. ഈ പദ്ധതി പരാജയപ്പെട്ടാൽ ആ കുഞ്ഞുങ്ങളും കുടുംബങ്ങളുമാണ് അത്യന്തം പ്രയാസപ്പെടുക എന്നു തിരിച്ചറിയാനുള്ള ശേഷിപോലും ഏതു വടിയും സർക്കാരിന്റെ നേരെ പ്രയോഗിക്കാനുള്ള അത്യാവേശത്തിൽ ഈ വികട മാധ്യമങ്ങൾക്ക് ഇല്ലാതെപോയി. അവ സൃഷ്ടിക്കുന്ന പ്രയാസങ്ങൾ അനുഭവിക്കേണ്ടി വരുന്നത് യഥാർഥത്തിൽ സർക്കാരല്ല, ഈ പാവപ്പെട്ട കുടുംബങ്ങളും പിഞ്ചോമനകളുമാണ് എന്ന വസ്തുത ഈ മാധ്യമങ്ങൾ തിരിച്ചറിയുന്നില്ല. 

ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

16 − eight =

Most Popular