Friday, November 22, 2024

ad

Homeപുസ്തകംലൈംഗിക വിദ്യാഭ്യാസത്തിന്റെ അടിത്തറ

ലൈംഗിക വിദ്യാഭ്യാസത്തിന്റെ അടിത്തറ

പി എൻ സരസമ്മ

ഡോ. ലിറ്റിൽ ഹെലൻ
പ്രസാ: മൈത്രി ബുക്‌സ്‌
വില: രൂപ 180

പ്ലസ്ടു ബയോളജി സയൻസ് വിദ്യാർത്ഥികൾക്ക് പഠിക്കാനുള്ള ഹ്യൂമൻ റീപ്രൊഡക്ടീവ് ഹെൽത്ത് എന്ന ഒരധ്യായത്തെ പതിനൊന്ന്  യൂണിറ്റുകളായി തിരിച്ച്, ആ ഒരു അധ്യായത്തിൽ കൂടി ഒരു മനുഷ്യൻ ജനിച്ച് ജീവിച്ചു മരിക്കുന്ന കാലയളവിൽ അറിഞ്ഞിരിക്കേണ്ട എല്ലാ ജീവിതമൂല്യങ്ങളും ഭംഗിയായി അടുക്കും ചിട്ടയോടും കൂടി എഴുത്തുകാരിയായ ഡോ. ലിറ്റിൽ ഹെലൻ എസ് അബി, രൂപപ്പെടുത്തിയിട്ടുണ്ട്.

വളരെ വേഗത്തിൽ എന്തൊക്കെയോ പറഞ്ഞ്, വിദ്യാർത്ഥികളുടെ കണ്ണിൽ പൊടിയിട്ടുകൊണ്ട് പരീക്ഷയ്ക്കു വേണ്ടി മാത്രമായി ഒതുക്കുന്ന ലൈംഗിക വിദ്യാഭ്യാസവുമായി ബന്ധപ്പെട്ട ഈ അധ്യായത്തെ പലതരം പഠന പ്രവർത്തനങ്ങളിലൂടെ വിദ്യാർത്ഥികളുടെയും, രക്ഷകർത്താക്കളുടെയും പങ്കാളിത്തം ഉറപ്പാക്കികൊണ്ട് വിദ്യാർത്ഥികൾക്ക് മനോഹരമായി പറഞ്ഞുകൊടുക്കുന്നു. ഹൃദയം, വൃക്ക, കരൾ, കണ്ണ് തുടങ്ങി ശരീരത്തിലെ മറ്റെല്ലാ അവയവങ്ങളെയും പോലെ ഈ അവയവങ്ങളും ഓരോ വിദ്യാർത്ഥിയും കൃത്യമായി അറിഞ്ഞിരിക്കേണ്ടതിന്റെ ആവശ്യകത വളരെ വലുതാണ്.  പ്രകൃതി തന്നെ ലൈംഗികതയിൽ അധിഷ്ഠിതമായിരിക്കുമ്പോൾ, വിദ്യാർത്ഥികളിൽ നിന്നും ഇവ മാത്രം ഒളിപ്പിച്ചുവച്ച് പഠിപ്പിക്കുമ്പോൾ, സ്വന്തം പ്രത്യുത്പ്പാദനാവയവങ്ങൾ കൃത്യതയോടെ മനസ്സിലാക്കാതെ, പ്രകൃതിവിരുദ്ധമായ കാര്യങ്ങൾ മനസ്സിലാക്കി മനോനില തെറ്റി, ലഹരിക്കടിമകളായി പഠനത്തിലും, അനുസരണയിലും, ജീവിതത്തിലും പിന്നോക്കം പോകാതിരിക്കാൻ വേണ്ട ശ്രദ്ധ കൊടുത്തുകൊണ്ടാണ് എഴുത്തുകാരി ഇത് ചിട്ടപ്പെടുത്തിയിട്ടുള്ളത്.  മറ്റ് അധ്യായങ്ങൾ കൈകാര്യം ചെയ്ത അതേ ലാഘവത്തോടുകൂടി തന്നെ ഈ അധ്യായവും കൈകാര്യം ചെയ്തപ്പോൾ, ശരീരത്തിന്റെ മറ്റ് അവയവങ്ങളും അവയുടെ പ്രാധാന്യവും പറഞ്ഞുകൊടുക്കുന്നതിനെക്കാൾ പത്തിരട്ടി പ്രാധാന്യത്തോടുകൂടിയും വ്യക്തതയോടുകൂടിയും കുട്ടികൾക്ക് പറഞ്ഞുകൊടുക്കേണ്ടത് മനുഷ്യശരീരത്തിലെ ലൈംഗിക പ്രത്യുത്പ്പാദനാവയവങ്ങളെക്കുറിച്ചാണ് എന്ന തിരിച്ചറിവാണ് ഈ പുസ്തകം.

ഒന്നാമത്തെ യൂണിറ്റിൽ പ്രത്യുത്പ്പാദനാവയവങ്ങളുടെ ശുചിത്വത്തെക്കുറിച്ച് പറയുമ്പോൾ അവിടെ വിദ്യാർത്ഥി സ്വന്തം ലൈംഗിക പ്രത്യുത്പ്പാദനാവയവങ്ങളെക്കുറിച്ചും, സ്ത്രീ പുരുഷ ലൈംഗികാവയവങ്ങളിലുള്ള വ്യത്യസ്തതകളും ജനനം തുടങ്ങി അവയ്ക്കുണ്ടാകുന്ന മാറ്റങ്ങളും മനസ്സിലാക്കി വ്യക്തിശുചിത്വം, ലൈംഗിക ശുചിത്വം, ആർത്തവശുചിത്വം എന്നിവയുടെ പ്രാധാന്യം മനസ്സിലാക്കി പ്രവർത്തിക്കാൻ പഠിക്കുന്നു.

മനുഷ്യശരീരത്തിൽ എവിടെ പൊട്ടലുണ്ടായാലും പുറത്തേയ്ക്ക് ഒഴുകുന്നത് ചുവന്ന നിറത്തിലുള്ള ദ്രാവകം ആണെന്നും  അത് രക്തമാണെന്നും മനസ്സിലാക്കുന്ന വിദ്യാർത്ഥി, ആർത്തവം അശുദ്ധമല്ല, മറിച്ച് പ്രപഞ്ചത്തെ ഭൂരിഭാഗം ജീവികളിലും പെൺവർഗമാണ് പ്രസവിക്കുന്നതെന്നും, അതിന് ഗർഭപാത്രം കൂടിയേ തീരൂ എന്നും അറിയുന്നു. ആശുപത്രിയിൽ ഒരു കുഞ്ഞ് ജനിച്ചാൽ ആ കുഞ്ഞിനെ കിടത്തി വളർത്താനാവശ്യമായ തൊട്ടിലും, പാൽക്കുപ്പിയും മറ്റും ഒരു മുറിയിൽ ഒരുക്കുന്നപോലെ, സ്ത്രീയുടെ ഗർഭപാത്രത്തിലെ അകത്തെ ആവരണമായ എൻഡോമെട്രിയത്തിൽ കൂടുതൽ ഗ്ലാൻഡുകളും, രക്തക്കുഴലുകളും ഉണ്ടാകുമെന്നും ഒരു കുഞ്ഞ് 9 മാസം വളരാൻ ഇവ ആവശ്യമാണെന്നും കുട്ടികൾ മനസ്സിലാക്കുന്നു. അഥവാ ആശുപത്രിയിൽ നിന്നും ആ കുഞ്ഞിനെ നമ്മൾ സജ്ജീകരിച്ച മുറിയിലേക്ക് കൊണ്ടുവന്നില്ലായെങ്കിൽ, നാം ആ മുറിയിൽ തയ്യാറാക്കിയ തൊട്ടിലും മറ്റു വസ്തുക്കളും മാറ്റി മുറി പഴയ അവസ്ഥയിലേക്ക് കൊണ്ടുവരുന്നു.  അതേപടി തന്നെ ഗർഭപാത്രം എല്ലാ തയ്യാറെടുപ്പും നടത്തിയിട്ടും കുഞ്ഞ് അവിടെ എത്തിയില്ലെങ്കിൽ സജ്ജീകരിക്കപ്പെട്ടതെല്ലാം ഇല്ലാതായി പുറത്തേക്ക് പോകുന്നു. ഇതാണ് ആർത്തവരക്തം എന്ന് മനസ്സിലാക്കുകയും, ഒരു മുറിവ് ഉണ്ടായാൽ അത് ഉണങ്ങുന്നവരെ ആ മുറിവിലെ രക്തവും മറ്റും തുടച്ച് വൃത്തിയാക്കി ശുചിത്വം പാലിച്ച് ഉണക്കാൻ നാം കാണിക്കുന്ന കരുതലും പ്രാധാന്യവും തന്നെയാണ് ആർത്തവ ശുചിത്വത്തിനും വേണ്ടത് എന്ന് കുട്ടികൾ ലളിതമായി മനസ്സിലാക്കുന്നു.

രണ്ടാമത്തെ യൂണിറ്റിൽ നിന്നും ലൈംഗിക പ്രത്യുത്പ്പാദനാവയവങ്ങളെ ബാധിക്കുന്ന മാരകമായ രോഗം എയ്‌ഡ്സ് മാത്രമല്ല മറ്റ് അസുഖങ്ങളുും ഉണ്ടെന്ന് മനസ്സിലാക്കുകയും, മനുഷ്യശരീരത്തിലെ മറ്റ് രോഗങ്ങളെപ്പോലെ തന്നെ ഇവയ്ക്കും ചിലതിന് തുടക്കത്തിൽ ലക്ഷണങ്ങൾ ഉണ്ടാകുകയും, എന്നാൽ ചിലതിന് ലക്ഷണങ്ങൾ വളരെ പതിയെ മാത്രമെ ഉണ്ടാകുകയുള്ളൂ എന്നും മനസ്സിലാക്കുന്ന വിദ്യാർത്ഥി, മറ്റ് അസുഖങ്ങൾ തുറന്നുപറയുന്ന പോലെ  ഇവയും തുറന്നുപറയേണ്ടതാണെന്ന് മനസ്സിലാക്കുന്നു.  കൂടാതെ വഴിവിട്ട ലൈംഗികബന്ധത്തിലൂടെ മാത്രമല്ല, രക്തം കൊടുക്കുകയും സ്വീകരിക്കുകയും ചെയ്യുന്നതിലൂടെയും, അണുനശീകരണം നടത്താത്ത ഉപകരണങ്ങളിലൂടെയും, ലഹരിപദാർത്ഥങ്ങൾ ഉപയോഗിക്കുന്നതിലൂടെയും ഇവയൊക്കെ വരാമെന്ന് മനസ്സിലാക്കി പെരുമാറാൻ പഠിക്കുന്ന വിദ്യാർത്ഥി പ്രകൃതിയിൽ മനുഷ്യന് ഉപയോഗപ്രദമായ സൂക്ഷ്മജീവികളും, രോഗം പരത്തുന്ന ഉപദ്രവകാരികളായ സൂക്ഷ്മജീവികളും ഉണ്ടെന്ന് മനസ്സിലാക്കുന്നു. അതുകൊണ്ട് രോഗം വരാതെ, പ്രതേ്യകിച്ചും എയ്‌ഡ്സ്, ഹെപ്പറ്റൈറ്റിസ്‐ബി, ജനിറ്റൽ ഹെർപ്പസ് എന്നിവ ഭേദപ്പെടാത്ത ലൈംഗിക പ്രത്യുത്പ്പാദന രോഗങ്ങളായതുകൊണ്ടുതന്നെ രോഗങ്ങൾ വരാതെ സൂക്ഷിക്കേണ്ടത് അത്യാവശ്യമാണന്ന് മൂന്നാമത്തെ യൂണിറ്റിലൂടെ മനസ്സിലാക്കി, ചെയ്യേണ്ട ടെസ്റ്റുകളെക്കുറിച്ചും ഈ വക രോഗാണുക്കൾ ശരീരത്തിലെത്തിയാൽ ഉണ്ടാകുന്ന അവസ്ഥകളെക്കുറിച്ചും മനസ്സിലാക്കി രോഗം വരാതെ തടയാൻ എന്തൊക്കെ ചെയ്യേണ്ടതുണ്ടെന്നും നാലാമത്തെ യൂണിറ്റിൽ മനസ്സിലാക്കുന്നു.  വാക്സിനേഷന്റെയും, റഗുലർ മെഡിക്കൽ ചെക്കപ്പിന്റെയും ആവശ്യകത മനസ്സിലാക്കി നല്ല രീതിയിൽ ജീവിക്കാനാവശ്യമായ അറിവു നേടുന്നു.

ജനസംഖ്യാപെരുപ്പം, എന്ന അഞ്ചാമത്തെ യൂണിറ്റിൽ മനുഷ്യ ന്റെ പെരുപ്പം എങ്ങനെ ഉണ്ടാകുന്നു എന്നും, ബീജസംയോഗം മറ്റെല്ലാ ജീവികളിലും (പൂച്ച, പട്ടി, ആട്, കുരങ്ങ്) നടക്കുന്നപോലെ തന്നെ മനുഷ്യനിൽ സ്ത്രീയും പുരുഷനും തമ്മിലാണെന്നും മനസ്സിലാക്കുകയും, എല്ലാ ജീവികൾക്കും ജനിച്ച് ജീവിച്ച് മരിക്കാൻ ഈ ഭൂമി മാത്രമാണ് ഉള്ളതെന്നും, ഈ ഭൂമിയിൽ ഓരോ ജീവികൾക്കും അവരുടേതായ കർത്തവ്യം ഉണ്ടെന്നും മനസ്സിലാക്കുന്ന വിദ്യാർത്ഥി ഒരു വീടിനകത്തും ഒരു ക്ലാസ്മുറിയിലും അംഗസംഖ്യ കൂടിയാൽ ഉണ്ടാകുന്ന ബുദ്ധിമുട്ടുകളും പ്രയാസങ്ങളും മനസ്സിലാക്കി, കൂട്ടുകുടുംബവും അണുകുടുംബവും തമ്മിലുള്ള ഗുണങ്ങളും ദോഷങ്ങളും അറിയുകയും, തുടർന്ന് ആറാമത്തെ യൂണിറ്റിലൂടെ ജനസംഖ്യാപെരുപ്പവും, കെട്ടിട ബാഹുല്യവും, വാഹനപെരുപ്പവും പ്രകൃതിയുടെ സന്തുലിതാവസ്ഥയെ തകിടംമറിക്കുന്ന മലിനീകരണവും മനസ്സിലാക്കി ജീവിക്കാൻ ശുദ്ധമായ വായുവും, വെള്ളവും, ആഹാരവുമാണ് ആവശ്യമെന്ന് മനസ്സിലാക്കുകയും, തൊഴിലില്ലായ്മയ്ക്ക് പരിഹാരം കാണേണ്ടത് കൃഷിയിലൂടെ ആണെന്നും മനസ്സിലാക്കി ജനപ്പെരുപ്പം/കുഞ്ഞുങ്ങളുടെ എണ്ണം കുറയ്ക്കാനും, അവർ തമ്മിലുള്ള അകലം നിയന്ത്രിക്കാനും, പ്രത്യുത്പ്പാദനാരോഗ്യം നിലനിർത്താനും പരമ്പരാഗതമായി ഭാര്യാഭർത്താക്കൻമാർ അനുവർത്തിച്ചുവരുന്ന രീതികളും, അത് ഫലപ്രദമാക്കാൻ സാധിക്കാത്ത ദമ്പതിമാർ സ്വീകരിക്കേണ്ട കോണ്ടം തുടങ്ങിയ കൃത്രിമമായ രീതികളും മനസ്സിലാക്കുന്നു. ഞാൻ എങ്ങനെ ഉണ്ടാകുന്നു, ഞാൻ എങ്ങനെ ഉണ്ടായി എന്നും, ഓരോ ജീവികളും എങ്ങനെ ഉണ്ടാകുന്നു എന്നും മനസ്സിലാക്കുകയും, താൻ മനസ്സിലാക്കിയിരുന്ന മറ്റ് പലതും ശാസ്ത്രീയമല്ലാത്ത, ബയോളജിക്കലല്ലാത്ത കാര്യങ്ങളാണ് എന്ന് തിരിച്ചറിയുകയും ചെയ്യുന്നു. ഏഴാമത്തെയും എട്ടാമത്തെയും യൂണിറ്റുകളിലൂടെ പല ഗർഭനിരോധന മാർഗ്ഗങ്ങളും കൗമാരകാലത്തെ ഗർഭധാരണവും മരണംവരെ ഉണ്ടാക്കാമെന്ന് മനസ്സിലാക്കുകയും, ആർത്തവത്തെ പോലെ തന്നെ സ്ത്രീകൾക്കുണ്ടാകുന്ന ആർത്തവവിരാമവും അനേകം ശാരീരിക, മാനസിക പ്രശ്നങ്ങൾ സ്ത്രീകൾക്കും കുടുംബത്തിലും ഉണ്ടാക്കുന്നു എന്നും പുരുഷൻമാർക്ക് ബീജോൽപാദനം മരണംവരെ തുടരുന്ന ഒരു പ്രതിഭാസമാണെന്നും, 40 വയസ്സുകഴിഞ്ഞ സ്വന്തം അമ്മയ്ക്കുണ്ടാകുന്ന അസ്വസ്ഥതകളും ദേഷ്യവും, സ്നേഹക്കുറവും ആർത്തവവിരാമത്തെ തുടർന്നുണ്ടാകുന്ന ഹോർമോൺ വ്യതിയാനം കൊണ്ടാണ് എന്ന് മനസ്സിലാക്കുകയും അമ്മയെ, രക്ഷകർത്താക്കളെ ബഹുമാനിക്കാനും, സ്നേഹിക്കാനും, അവരെ കരുതാനും പഠിക്കുകയും ചെയ്യാൻ പര്യാപ്തമാണ്. വൃദ്ധരായ പുരുഷൻമാർ കാഴ്ചയിൽ വൃദ്ധരാണെങ്കിലും ലൈംഗികപരമായി വൃദ്ധരാകുന്നില്ല എന്ന ബയോളജി വ്യക്തമായി മനസ്സിലാക്കാനും സാധിക്കുന്നു.

യൂണിറ്റ് ഒൻപതിലും പത്തിലും വന്ധ്യത എന്തെന്നും, അവയുടെ കാരണങ്ങളും അവ എങ്ങനെ പരിഹരിക്കാമെന്നും മനസ്സിലാക്കുന്ന കുട്ടികൾ, ജനസംഖ്യാപെരുപ്പം പോലെ തന്നെ മറ്റൊരു സാമൂഹ്യപ്രശ്നമാണ് വന്ധ്യത എന്ന് മനസ്സിലാക്കുകയും, അതിനെക്കുറിച്ച്‌ സമൂഹത്തിൽ നിലനിൽക്കുന്ന തെറ്റിദ്ധാരണകൾ മാറ്റിയെടുക്കേണ്ടത് അത്യാവശ്യമാണെന്നും അറിയുന്നു. ദമ്പതിമാർക്ക് കുഞ്ഞ് ഉണ്ടായില്ലായെങ്കിൽ അതിനുകാരണം സ്ത്രീയാണ് എന്ന് പരിഷ്കൃത സമൂഹം പോലും തെറ്റിദ്ധരിച്ചിരിക്കുന്ന ഈ കാലഘട്ടത്തിൽ ശരിയായ അവബോധം സമൂഹത്തിന് ആവശ്യമാണെന്ന് മനസ്സിലാക്കുകയും, കുഞ്ഞുണ്ടാകാൻ ഒരു അന്ധവിശ്വാസത്തിനും ദുരാചാരങ്ങൾക്കും ആൾദൈവങ്ങൾക്കും കഴിയില്ലെന്ന് നൂറ് ശതമാനം ഉറപ്പായതുകൊണ്ടുതന്നെ ഈ വക തെറ്റിദ്ധാരണകൾ മാറ്റിയെടുക്കേണ്ടത് അത്യാവശ്യമാണെന്ന് വിദ്യാർത്ഥികൾ മനസ്സിലാക്കുന്നു.

ഓരോ യൂണിറ്റിൽ നിന്നും കാര്യങ്ങൾ മനസ്സിലാക്കിയ വിദ്യാ ർത്ഥികൾ, അവരുടെ രക്ഷകർത്താക്കളിനിന്നും സമൂഹത്തിൽ നിന്നും മനസ്സിലാക്കിയ പല കാര്യങ്ങളും തുറന്ന് പറയുകയും, സംശയങ്ങൾ നേരിട്ടും, എഴുതിയും ചോദ്യംചെയ്‌തും ഓരോ തുറന്ന ചർച്ചയും പ്രവർത്തനങ്ങളും നടത്തിയപ്പോൾ 17, 18 വയസ്സുണ്ടായിട്ടും ലൈംഗിക പ്രത്യുത്പ്പാദനാവയവങ്ങളെക്കുറിച്ച് വിദ്യാ ർത്ഥികൾക്ക് സാമാന്യാവബോധം പോലും ഇല്ല എന്ന് മനസ്സിലാക്കിയ സാഹചര്യത്തിലാണ് എഴുത്തുകാരി പതിനൊന്നാമത്തെ യൂണിറ്റ് ലൈംഗിക വിദ്യാഭ്യാസത്തിന്റെ പ്രസക്തി  എന്നാക്കിയത്.  ബയോളജി സയൻസ് വിദ്യാർത്ഥികൾക്കുള്ള അതേ സംശയങ്ങൾ നോൺബയോളജി കുട്ടികൾക്കുമുണ്ടെന്ന് മനസ്സിലാക്കിയ  ഡോ. ലിറ്റിൽ ഹെലൻ എസ്‌ ബി പറയുന്നു, കതിരിന്മേലല്ല വളം വയ്ക്കേണ്ടത്, കൂടാതെ സത്യസന്ധമായും ലജ്ജയില്ലാതെയും ആത്മാർത്ഥമായും ഈ വക കാര്യങ്ങൾ എല്ലാം തന്നെ പാഠ്യപദ്ധതിയിൽ ഉൾപ്പെടുത്തുകയും അവ അധ്യാപകർ നന്നായി കൈകാര്യംചെയ്യുകയും വേണം.  അഞ്ചാം ക്ലാസ്സിൽ തുടങ്ങി പത്താം ക്ലാസ്സിൽ അവസാനിക്കണം ലൈംഗിക പ്രത്യുത്പ്പാദനാവയവങ്ങളെക്കുറിച്ചുള്ള പാഠഭാഗങ്ങൾ. വിദ്യാഭ്യാസവും അധ്യാപകരും തന്നെയാണ് പ്രധാനം. കാരണം എല്ലാ രക്ഷകർത്താക്കൾക്കും ബയോളജിക്കലായ ശാസ്ത്രീയവബോധം ഉണ്ടാകണമെന്നില്ല.  ലൈംഗിക പ്രത്യുത്പ്പാദനാവയവങ്ങളും അവയുടെ ആരോഗ്യവും തുറന്ന ചർച്ചയിലൂടെയും, പഠനപ്രവർത്തനങ്ങളിലൂടെയും  വിദ്യാർത്ഥികളിലെത്തിക്കാൻ അധ്യാപകർക്ക് ഈ പുസ്തകം പ്രയോജനപ്രദമാകുമെന്നതിൽ ഒരു സംശയവുമില്ല.  ഹയർസെക്കന്ററി മീഡിയം ഓഫ് ഇൻസ്ട്രക്ഷൻ ഇംഗ്ലീഷ് ആയതുകൊണ്ടാണ് ഈ പുസ്തകം ഡോ. ലിറ്റിൽ ഹെലൻ ഇംഗ്ലീഷിൽ തയ്യാറാക്കിയിട്ടുള്ളത്.

ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

15 − eleven =

Most Popular