Friday, November 22, 2024

ad

Homeസിനിമഓ ബേബി: മലമുഴക്കങ്ങളും മനുഷ്യകാമനകളും സംഘർഷഭരിതമാക്കിയ ചലച്ചിത്രം

ഓ ബേബി: മലമുഴക്കങ്ങളും മനുഷ്യകാമനകളും സംഘർഷഭരിതമാക്കിയ ചലച്ചിത്രം

രാധാകൃഷ്‌ണൻ ചെറുവല്ലി

മകാലിക കേരളംസമൂഹത്തെ ഒരു ഏലത്തോട്ടത്തിന്റെ പശ്ചാത്തലത്തിൽ പരിശോധിക്കാൻ ശ്രമിച്ച ചലച്ചിത്രമാണ് ഓ ബേബി. പല അടരുകളിലൂടെയാണ് ഈ പരിശോധന മുന്നേറുന്നത്. സിനിമ എന്ന ദൃശ്യസാകല്യത്തെ കാലദേശങ്ങൾക്കുള്ളിൽ നിക്ഷേപിക്കുമ്പോഴാണ് അത് കാലപരിമിതികളെ മറികടക്കാൻ പ്രാപ്തമാകുന്നത്. കാലവും ചരിത്രവും ചേർന്ന് നിർമിച്ചെടുത്ത തട്ടുകൾ മനുഷ്യർക്കിടയിൽ നിൽക്കുമ്പോഴും അപരിഹാര്യമായി തുടരുന്നതാണ് വർഗവൈരം. വർഗവൈരത്തെ വർഗവൈരമായി കാണാനാകുക എന്നത് ഒരു കലാകാരന്റെ തിരിച്ചറിവിൽ നിന്നും ഉരുപംകൊണ്ടുവരുന്നതാണ്. അതേപ്പറ്റി ബോധവാനല്ലാത്ത/ബോധവതിയല്ലാത്ത കലാകാരിൽ നിയാമകശക്തിയായി പ്രവർത്തിക്കുന്നത് അധീശത്വബോധമായിരിക്കും. രണ്ടായാലും സിനിമയ്ക്ക് പൊളിറ്റിക്കലല്ലാതാവാൻ ആവതുണ്ടാവില്ല.

തിരുവാച്ചോല എന്ന ഇടുക്കി മലയോരമേഖലയിലെ ഏലത്തോട്ടത്തിന്റെ ഉടമയായ പാപ്പി എന്ന കുലപതിയുടെ വിശ്വസ്തസേവകനാണ് ബേബി. അയാൾ പരമ്പരയായി വനത്തിൽ വസിക്കുന്ന പരിവർത്തിത ക്രൈസ്തവനാണ്. അയാളുടെ പൂർവികർക്കുകൂടി അവകാശപ്പെട്ട ഭൂമിയാണ് നിയമപരമായും നിയമവിരുദ്ധമായും പാപ്പി എന്ന സവർണക്രൈസ്തവന്റെ കുടുംബം കൈയടക്കിവച്ചിട്ടുള്ളത്. എന്നാൽ ബേബിക്ക് തനിക്കുമേൽ അടിച്ചേൽപ്പിച്ച കീഴാളത്വം തിരിച്ചറിയാൻ കഴിയുന്നില്ല. ‘ആനന്ദകരമായ’ അടിമത്തം അനുഭവിച്ചു കഴിയുന്നയാളാണയാൾ. കുടുംബത്തിലെ മദ്യസൽകാരവേളകളിൽ ബേബിക്ക് പകർന്നുകിട്ടുന്നത്‌ മരത്തിന്റെയോ മതിലിന്റെയോ മറവിൽ നിന്നാണ് അയാൾ സേവിക്കുന്നത്.

സിനിമയ്ക്ക് കാര്യമായി എന്തോ പറയാനുണ്ട് എന്ന തോന്നൽ ജനിപ്പിച്ചുകൊണ്ടാണ് തുടക്കം. പാപ്പി വല്ല്യമുതലാളിയുടെ പേരക്കുട്ടിയുടെ മനസമ്മതം അവളുടെ വിസമ്മതത്തോടെ അലസുമെന്ന ബേബിയുടെ മകൻ ബെയ്സിലിന്റെ വെളിപ്പെടുത്തൽ ആ ദിശയിലേക്കു വിരൽ ചൂണ്ടുന്നു. എന്നാൽ ‘അഭിമാനം’, ‘മാനഹാനി’, ‘കുടുംബമഹിമ’, ‘ഭയം’ എന്നീ വികാരങ്ങളുടെ കുഴഞ്ഞുമറിയലിൽ ബെയ്സിലിന്റെ പ്രവചനം പൊളിഞ്ഞു.

എല്ലാരും തിരുവാച്ചോലയിൽ ഒത്തുകൂടിയത് കോവിഡ് കാരണമാണ്. മുതിർന്നവർ മദ്യപിച്ചും വേട്ടയാടിയും ഏലക്കാടുകൾക്കുള്ളിൽ മദിച്ചും സമയംപോകുമ്പോൾ മൂന്നാം തലമുറ ഓൺലൈൻ ക്ലാസുകൾ അറ്റൻഡ് ചെയ്തും മലകൾ കയറിയിറങ്ങിയും പല രുചികൾ നുണഞ്ഞും തിക്ക് ഫ്രണ്ട്സായി കഴിയുന്നു. ഒന്നും രണ്ടും തലമുറകൾ വച്ചുപുലർത്തുന്ന ജന്മി-‐അടിയാൻ ബന്ധം മൂന്നാം തലമുറയിലില്ല. ഇന്റർനെറ്റ് എന്ന സാധ്യത വിജ്ഞാന സമ്പാദനത്തിന്റെ ചുമരുകൾ ഇടിച്ചുകളഞ്ഞിരിക്കുന്നു. ലിബറൽ മൂല്യങ്ങൾ അവരിൽ നാമ്പെടുത്തിരിക്കുന്നു. തങ്ങൾ കൊണ്ടുനടന്ന സദാചാരബോധം കടപുഴകിവീഴുന്നത് പഴയ തലമുറ അറിയുന്നില്ല. സദാചാരബോധം ഓരോ സമൂഹത്തിലും ഉരുത്തിരിഞ്ഞുവരുന്ന അധീശത്തബോധം കൂടിയാണ്. പ്രശ്നമെന്തെന്നാൽ സദാചാരബോധം ഉൽപാദനവ്യവസ്ഥയിലും ഉൽപാദനബന്ധങ്ങളിലും പണിയായുധങ്ങളുടെ നവീകരണത്തിലും തൊഴിൽരീതികളിലും വരുന്ന മാറ്റങ്ങൾക്കനുസരിച്ച് മാറുന്നതാണെന്നു പലരും അറിയുന്നില്ല. വിദേശരാജ്യങ്ങളിൽ പാർത്ത്‌ പല സംസ്കൃതികളുമായി പരിചിതരായ പാപ്പിയുടെ മക്കളിലും രൂഢമൂലമായ ദുരഭിമാനത്തിന്റെ അടിത്തറ ഇവിടുത്തെ പുരുഷാധിപത്യ കുടുംബവ്യവസ്ഥയാണ്. പുതിയ തലമുറ അവരുടേതായ സദാചാരമൂല്യം സൃഷ്ടിച്ചെടുക്കുകയാണ്. അതുകൊണ്ടാണ് പാപ്പിയുടെ കൊച്ചുമകൾ മിനിയും ബേബിയുടെ മകൻ ബെയ്സിലും തമ്മിലുള്ള ‘തിക്ക് ഫ്രണ്ട്ഷിപ്പ്‌’ ശരിയായ അർത്ഥത്തിൽ ഇരുകുടുംബങ്ങൾക്കും മനസിലാകാതെ പോകുന്നത്. സമ്പന്ന‐-ദരിദ്ര വ്യത്യാസമില്ലാതെ ഇവിടെ പുരുഷാധിപത്യം കൊടികുത്തിവാഴുന്ന കാര്യം രഞ്ജൻ പ്രമോദ് സൂക്ഷ്മതയോടെ വ്യക്തമാക്കുന്നുണ്ട്. മിനിയാകട്ടെ ബെയ്‌സിലാകട്ടെ തങ്ങളുടെ കുടുംബങ്ങളിൽ നിലനിൽക്കുന്ന ആൺകോയ്മയെ ചോദ്യം ചെയ്യുന്നുണ്ട്.

ബേബി പലപ്പോഴും കാവൽനായയോളം താഴ്ന്നും മുതലാളിയുടെ ഗുണ്ടയായി ഉയർന്നും സ്വകുടുംബത്തിലെ പുരുഷാധിപതിയായി വാണും കഴിയുന്നവനാണ്. എന്നാൽ ബെയ്സിൽ കൗമാരകാലത്തിന്റെ അന്തിമഘട്ടത്തിലാണെങ്കിലും സോഷ്യലിസ്റ്റ് സാമൂഹ്യബോധവും ദളിത് സ്വത്വത്തിൽ ഊന്നുന്നവനുമാണ്. സ്വപിതാവിനോട് ഒട്ടിച്ചേർന്നുനിൽക്കുമ്പോൾ തന്നെ ആശയപരമായി അവർ ഇരു ഭൂഖണ്ഡങ്ങളാണ്. മിനി‐-ബെയ്സിൽ സൗഹൃദം പ്രണയമായി കണ്ട തിരുവാച്ചോല കുടുംബവും ബേബിയുടെ കുടുംബവും അതിനെ വ്യത്യസ്ത രീതിയിൽ സമീപിക്കുന്നത് അവരുടെ വർഗപരമായ നിലപാടുകൊണ്ടാണ്. ഫ്യൂഡൽ കുടുംബങ്ങളിൽ നിൽക്കുന്നത് പോലെയല്ല തൊഴിലാളി കുടുംബങ്ങളിൽ പ്രണയം നിലനിൽക്കുന്നതെന്ന് രഞ്ജൻ പ്രമോദ് ഇവിടെ പറഞ്ഞു വയ്ക്കുന്നു.

പാപ്പി മുതലാളിയെന്ന വല്ല്യ മുതലാളി കുട്ടികളുടെ പ്രണയത്തെ കാണുന്ന രീതി ഞെട്ടിപ്പിക്കുന്നതാണ്. സ്വയം പാതി തളർന്ന അവസ്ഥയിലാണെങ്കിലും പങ്കുവയ്ക്കപ്പെടാത്ത മുതലിന്റെ ഉടമയെന്ന നിലയിൽ അയാളുടെ ഓരോ ചലനവും ഓരോ ആജ്ഞയാണ്. അത് നിറവേറ്റാൻ സ്വന്തം മക്കൾക്കൊപ്പം ‘ഭൃത്യനായും മാനേജരായും’ പാപ്പിയും ഉണ്ട്. എന്നാൽ ബെയ്സിൽ ഇനി വേണ്ട എന്നാണ് പാപ്പി മുതലാളിയുടെ ഉത്തരവ്. അതിനർത്ഥം അവനെ തീർത്തുകളയുക എന്നത് തന്നെയാണ്. മകനോട് മാറിനിൽക്കാൻ പറയുന്ന ബേബിയോട് ദൃഢതയോടെയാണ് പയ്യൻ പ്രതികരിക്കുന്നത്. ‘‘ഇത് നമ്മുടെ മണ്ണാണ്. അവരാണത് കൈയേറിയത്. നമ്മൾ എങ്ങും പോകുന്നില്ല. കൊല്ലാൻ പറ്റുമോ എന്നവർ നോക്കട്ടെ. ജീവിക്കാൻ പറ്റുമോ എന്ന് നമുക്കും നോക്കാം’’. ഇതൊരു കടുത്ത പൊളിറ്റിക്കൽ നിലപാടാണ്. മണ്ണിന്റെ യഥാർത്ഥ അവകാശികൾ ആരെന്ന മൗലിക ചോദ്യമാണ് ഇവിടെ ഉന്നയിക്കപ്പെടുന്നത്.

ഈ ഘട്ടം മുതൽ സിനിമയുടെ സ്വഭാവം മാറുന്നു. അടിമയുടമ ബന്ധത്തിന്റെ മനഃശാസ്ത്ര പരിശോധനാ തലത്തിൽ നിന്നും സിനിമ ത്രില്ലർ എന്ന ഗണത്തിലേക്ക് അതിഗംഭീരമായ ചുവടുമാറ്റം നടത്തുന്നു. ബെയ്സിലിനെ വകവരുത്താൻ കഴിയാത്തവർ ബേബിയെ വകവരുത്താൻ ചിലരെ ഉപയോഗിക്കുന്നു. നിബിഡ വനസ്ഥലികളിൽ കാറ്റിലാടുന്ന ഏലത്തോട്ടവും കാട്ടരുവികളും ആകാശവിതാനങ്ങളും മേൽക്കാഴ്ചകളിലൂടെ നമ്മെ ഭ്രമിപ്പിക്കുന്നു. ആ ഭ്രമകൽപനയിൽ നിന്നും ഭീതിയിലേക്കു പ്രകൃതിയും മനുഷ്യനും മാറുന്ന കാഴ്ച ഗംഭീരമാണ്. ബേബി വധശ്രമങ്ങളെ അതിജീവിക്കുന്ന സംഘട്ടനരംഗങ്ങളുടെ കൊറിയോഗ്രഫി മികച്ചതാണ്. ഈ രംഗങ്ങൾ മുറിച്ചുമുറിച്ചു വ്യാജമായ ഉൽകണ്ഠ സൃഷ്ടിക്കാതെ തുടർ പ്ലോട്ടുകളായി സ്വാഭാവികമായി നമുക്ക് മുന്നിൽ എത്തുന്നു. ദിലീഷ് പോത്തനെന്ന നടന്റെ ആകാരവും അഭിനയവും അതിന്റെ ഉച്ചസ്ഥായിയിൽ എത്തുന്ന രംഗങ്ങളാണിത്. രണ്ടു വധശ്രമങ്ങൾ… രണ്ടു രക്ഷപ്പെടലുകൾ… രണ്ടു കൊലപാതകങ്ങൾ… സിനിമ മെല്ലെ സംവിധായകന്റെ കൈവിട്ടുപോകുന്നു. മിനി എന്ന പെൺകുട്ടിയുടെ ധീരമായ പ്രണയപ്രഖ്യാപനങ്ങളും ചുവടുവയ്പുകളും ബെയ്സിലിന്റെ ദൃഢതയോടു ചേർക്കുമ്പോൾ ആധുനികകാലത്തെ ഫ്യൂഡൽ മൂല്യങ്ങളെ പുച്ഛത്തോടെ പിഴുതെറിയാൻ തുടങ്ങുന്നതിന്റെ തെളിവായി എടുക്കാം. മിനിയെ കൊന്നുകളയാൻ വല്ല്യ മുതലാളി കൽപ്പിക്കുന്നെങ്കിലും സ്വപിതാവ് അത് അനുസരിക്കുന്നില്ല. മറിച്ച് പാപ്പി മുതലാളിയെ നാം വെള്ളപുതപ്പിച്ചു കാണുന്നു. ഈ അന്തിമ രംഗത്തേക്ക്‌, ശവമടക്കിലേക്കു കൊലപാതകക്കേസിൽ കാടുകയറിയ ബേബി പോലീസിനെയെല്ലാം മറികടന്നെത്തി എല്ലാം ശുഭമാക്കുന്നതു വെളുക്കുവോളം വെള്ളം കോരി, വെളുത്തപ്പോൾ കുടമിട്ടുടച്ചത് പോലെയാക്കി. ഒരിക്കലും പരിഹരിക്കാനാകാത്ത വർഗവൈരത്തെ സമീകരിക്കുകയാണോ, ഇതിനെല്ലാം ഒടുവിലും ബേബി ഭൃത്യത്വത്തിലേക്കു മടങ്ങുകയാണോ എന്ന് സംവിധായകൻ വ്യക്തമാക്കുന്നില്ല. സിനിമയുടെ ആന്തരികവും ബാഹ്യവുമായ പ്രയാണരീതിയെ തകിടംമറിച്ചെത്തുന്ന അന്തിമരംഗങ്ങൾ മികച്ചതായിത്തീരുമായിരുന്ന ഒരു ചലച്ചിത്രത്തെ തകർത്തു തരിപ്പണമാക്കി.

മികച്ച ക്യാരക്ടർ സ്റ്റഡിയും സാമൂഹ്യവിമർശനവും നടത്തി മുന്നേറിയ സിനിമ അങ്ങനെ സ്വാഭാവികമായ അന്ത്യത്തിലേക്ക്‌ നീങ്ങിയാൽ പൊളിറ്റിക്കലായി മാറി ‘ഫോട്ടോഗ്രാഫർ’ എന്ന മോഹൻലാൽ ചിത്രത്തിന് വന്നുചേർന്ന ദുരന്തത്തിലേക്ക് മുതലക്കൂപ്പു നടത്തുമോയെന്ന് ഭയന്നിട്ടാകണം കൃത്രിമമായ അന്ത്യത്തിലെത്തിക്കാൻ രഞ്ജൻ പ്രമോദിനെ പ്രേരിപ്പിച്ചത്. ഫലം, തിയേറ്ററിലും പ്രേക്ഷകമനസ്സിലും ഇടംകിട്ടാതെപോയി. എല്ലാ മികച്ച ഘടകങ്ങളുണ്ടായിരുന്നിട്ടും തിരക്കഥയിലുണ്ടായ വീഴ്ചമൂലം തകർന്നുപോയ സിനിമയായി ഓ ബേബി അടയാളപ്പെടുത്തപ്പെടും.

ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

one − 1 =

Most Popular