തമിഴ്നാട് വെെദ്യുതിമന്ത്രി സെന്തിൽ ബാലാജിയെ കള്ളപ്പണം വെളുപ്പിക്കൽ കുറ്റം ചുമത്തി കേന്ദ്ര എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇ ഡി) ബുധനാഴ്ച പുലർച്ചെ 1.30ന് അറസ്റ്റു ചെയ്തു. മന്ത്രിയായാലും മറ്റ് ഏത് ഉന്നത സ്ഥാനീയനായാലും, കുറ്റം ചെയ്തിട്ടുണ്ടെങ്കിൽ അനേ-്വഷിച്ച് നടപടിയെടുക്കുന്നത് നിയമാധിഷ്ഠിത ജനാധിപത്യ വ്യവസ്ഥയിൽ സ്വാഭാവികമാണ്. പക്ഷേ, അത് പ്രകടമായ രാഷ്ട്രീയ വെെരനിര്യാതന ബുദ്ധിയോടെ ആകുന്നതാണ് പ്രശ്നം.
സെന്തിൽ ബാലാജി മുമ്പ് എഐഎഡിഎംകെ നേതാവായിരുന്നു, മന്ത്രിയായിരുന്നു. അടുത്ത കാലത്താണ് ഡിഎംകെയിൽ ചേർന്നത്. അതിനെത്തുടർന്ന് മുഖ്യമന്ത്രി എം കെ സ്റ്റാലിൻ അദ്ദേഹത്തെ തന്റെ മന്ത്രിസഭാംഗമാക്കി. സെന്തിൽ ബാലാജി കാര്യപ്രാപ്തിയുള്ള നേതാവായതുകൊണ്ടാകണം പാർട്ടിയിൽ ചേർന്ന് ഏറെ താമസിയാതെ അദ്ദേഹത്തിനു മന്ത്രി പദവി നൽകപ്പെട്ടത്.
1967ലെ പൊതുതിരഞ്ഞെടുപ്പിൽ കോൺഗ്രസ് എട്ടു സംസ്ഥാനങ്ങളിൽ പരാജയപ്പെട്ടതിനെത്തുടർന്നു അവയിലെല്ലാം ഒറ്റകക്ഷിയുടെയോ കൂടുതൽ കക്ഷികളുടെയോ കോൺഗ്രസ്സിതര മന്ത്രിസഭകൾ നിലവിൽ വന്നു. കോൺഗ്രസ്സിൽനിന്നു പല സംസ്ഥാനങ്ങളിലും നേതാക്കളും അനുയായികളും ഒറ്റയ്ക്കോ കൂട്ടായോ കൊഴിഞ്ഞുപോകാൻ തുടങ്ങി. അത് തടയുന്നതിനു രാഷ്ട്രീയമായ നീക്കങ്ങൾ മാത്രമല്ല കോൺഗ്രസ് കെെക്കൊണ്ടത്. നേതാക്കളെ ഭീഷണിപ്പെടുത്താനായി, ചിലരുടെയെങ്കിലും മേൽ കോൺഗ്രസ് സർക്കാരുകൾ കുറ്റം ചുമത്തി അറസ്റ്റ് ചെയ്യാനും നീക്കങ്ങളുണ്ടായി. അധികാരത്തിന്റെ നഗ്നമായ ദുരുപയോഗമാണ് അങ്ങനെ അരങ്ങേറിയത്. കഴിഞ്ഞ അഞ്ചു പതിറ്റാണ്ടിലേറെക്കാലമായി ഇത്തരം അധികാരദുരുപയോഗങ്ങൾ ഇന്ത്യൻ രാഷ്ട്രീയത്തിൽ തുടരുകയാണ് – കോൺഗ്രസ്സിൽ മാത്രമല്ല, മറ്റു പല കക്ഷികളിലും.
വ്യാപാരിയോ വ്യവസായിയോ മറ്റു സാമ്പത്തികവൃത്തികളിൽ ഏർപ്പെട്ടവരോ ആയവരുടെ മേൽ നടപടി കെെക്കൊള്ളപ്പെടുമ്പോൾ മോദി സർക്കാരിന്റെ ഒത്താശയോടെ രഹസ്യമായി രാജ്യം വിട്ടോടിയവരായിരുന്നല്ലോ വിജയ്–മല്ല്യ, നീരവ് – ലളിത് മോഡിമാർ, മെഹുൾ ചോക്സി തുടങ്ങി പലരും. പക്ഷേ, മന്ത്രിയായിരിക്കെ സെന്തിൽ ബാലാജിക്ക് അവരെപ്പോലെ തലയിൽ മുണ്ടിട്ട് കടന്നുകളയാൻ കഴിയില്ല. ആ നിലയ്ക്കു സെന്തിലിനെ നാടകീയമായി മന്ത്രി ഓ-ഫീസിലും വീട്ടിലും കയറി ചോദ്യം ചെയ്യലും പരിശോധനയും നടത്തി അർധരാത്രിയിൽ അറസ്റ്റുചെയ്തത് നിയമം നടത്തുന്നതിനേക്കാൾ ഒരു ഷോയ്ക്കുവേണ്ടിയാണെന്നു വ്യക്തം. ലക്ഷ്യം സാമ്പത്തിക നിയമത്തേക്കാൾ രാഷ്‌ട്രീയാണ്. അത് മാർഗത്തെ ന്യായീകരിക്കുന്നുമില്ല.
സെന്തിൽ ബാലാജി തമിഴ്‌നാട്ടിലെ കോയമ്പത്തൂർ-സേലം പ്രദേശം ഉൾപ്പെടുന്ന പടിഞ്ഞാറൻ മേഖലയിൽ വലിയ സ്വാധീനമുള്ള നേതാവാണ്. ബിജെപിക്ക് ഇത്രകാലം ശ്രമിച്ചിട്ടും ദ്രാവിഡനാട്ടിൽ കാലുകുത്താൻ കഴിഞ്ഞിട്ടില്ല, അടവുകൾ പലതും പയറ്റിയിട്ടും. സെന്തിലിനെയും കഴിയുമെങ്കിൽ ഡിഎംകെയിലെ ഒരു വിഭാഗം അണികളെയും ഭയപ്പെടുത്തിയോ വാഗ്‌ദാനങ്ങൾ നൽകിയോ തങ്ങളുടെ പക്ഷത്താക്കാനാണ് ബിജെപിയുടെ നീക്കം. വെടക്കാക്കി തനിക്കാക്കുന്നതിന്റെ മറ്റൊരു പതിപ്പ്. അതിനു സെന്തിൽ വഴങ്ങാതിരുന്നതുകൊണ്ടാണ്, സമദാനഭേദങ്ങൾ ഫലിക്കാതെ വന്നപ്പോൾ, ദണ്ഡത്തിലേക്ക് നീങ്ങിയത്.
അറസ്റ്റിന് ഏതാനും ദിവസം മുമ്പ് കേന്ദ്രമന്ത്രി അമിത് ഷാ ചെന്നെെയിൽ ഉണ്ടായിരുന്നു. സെന്തിൽ ഉൾപ്പെടെ ചില ഡിഎംകെ നേതാക്കളെ ചാക്കിടലായിരുന്നു അദ്ദേഹത്തിന്റെ അടിയന്തര ലക്ഷ്യം. അത് നടന്നില്ല. ലോക്സഭാ തിരഞ്ഞെടുപ്പ് നടക്കാൻ ഏതാനും മാസങ്ങളേ അവശേഷിക്കുന്നുള്ളൂ. ഇന്നത്തെ നിലയിലാണെങ്കിൽ, ദേശീയതലത്തിൽ പ്രതിപക്ഷ ഐക്യം രൂപപ്പെട്ടാൽ, ബിജെപിക്ക് ഒരു വിജയസാധ്യതയും ഇല്ല എന്നാണ് പൊതുവിലയിരുത്തൽ. ജയിക്കണമെങ്കിൽ സ്വന്തം ചേരി ശക്തമാക്കണം, എതിരായി ഉയർന്നുവരുന്ന ദേശീയതലത്തിലുള്ള മുന്നണിയെ ദുർബലപ്പെടുത്തണം. അല്ലെങ്കിൽ, ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിൽ ബിജെപിക്ക് നാമമാത്രമായ ലോക്സഭാ സീറ്റുകളിൽ മാത്രമേ വിജയിക്കാൻ കഴിയൂ. ഇതുതന്നെയാണ് കിഴക്കേ ഇന്ത്യയിലെയും പൊതുസ്ഥിതി. ഈ പ്രവണത പ്രബലമായാൽ വടക്കേ ഇന്ത്യൻ സംസ്ഥാനങ്ങളിലും ബിജെപി വിരുദ്ധ മുന്നണി രൂപപ്പെടാം. അങ്ങനെ വന്നാൽ ബിജെപിക്ക് ലോക്സഭയിൽ 100 സീറ്റ് പോലും മോഹിക്കാനാവില്ല.
ബിജെപി വീണ്ടും അധികാരത്തിൽ എത്തിയാൽ ഉണ്ടാകാവുന്ന ഭവിഷ്യത്തുകൾ എല്ലാവർക്കുമറിയാം. പൗരത്വ ഭേദഗതി നിയമം തുടങ്ങി പലതും ഇതിനകം ബിജെപിയുടെ നേതാക്കൾ പ്രഖ്യാപിച്ചതാണല്ലൊ. രാജ്യസഭയിൽ ബിജെപിയ്ക്ക് ഭൂരിപക്ഷ പിന്തുണ ലഭിക്കാത്തതുകൊണ്ടു മാത്രമാണ് അത്തരം നിയമങ്ങൾ നടപ്പാക്കാൻ ബിജെപിക്ക് കഴിയാത്തത്. ഭൂരിപക്ഷം ലഭിക്കുന്ന പക്ഷം അത്തരം ‘ഭരണപരിഷ്കാരങ്ങൾ’ ബിജെപി അതിവേഗം നടപ്പാക്കും എന്നും അവർ വ്യക്തമാക്കിക്കഴിഞ്ഞു. അതുണ്ടായാൽ ഭീഷണി ന്യൂനപക്ഷങ്ങൾക്കോ, പട്ടികവർഗങ്ങൾ ഉൾപ്പെടെയുള്ള പിന്നാക്കവിഭാഗങ്ങൾക്കോ മാത്രമല്ല. ബിജെപിക്ക് വേരോട്ടം തീരെയില്ലാത്ത ദക്ഷിണ–പൂർവ ഇന്ത്യൻ സംസ്ഥാനങ്ങളിലെ രാഷ്ട്രീയ ബലാബലത്തിൽ തങ്ങൾക്ക് അനുകൂലമായ മാറ്റം വരുത്താൻ ബിജെപി ഏത് മോശപ്പെട്ടമാർഗവും എടുത്തുപയോഗിക്കാം എന്നതു തീർച്ചയാണ്.
ഇന്ത്യൻ രാഷ്ട്രീയത്തിൽ, തങ്ങൾക്കെതിരായി ഉറച്ചുനിൽക്കുന്ന രാഷ്ട്രീയപാർട്ടികളിൽ ബലം പ്രയോഗിച്ച് മാറ്റം വരുത്തുന്നതിനു ബിജെപി കെെക്കൊള്ളാൻ പോകുന്ന നടപടികളിൽ ഒന്നായി വേണം തമിഴ്നാട് വെെദ്യുതി മന്ത്രി സെന്തിൽ ബാലാജിയെ സാമ്പത്തികക്കുറ്റം ചുമത്തി അർധരാത്രിയിൽ അറസ്റ്റ് ചെയ്തതിനെ കാണാൻ. ബിജെപിയുടേത്, നഗ്നമായ ഫാസിസ്റ്റ് നീക്കമാണ്; മതാധിഷ്ഠിത നീക്കമാണ്. രാജ്യത്ത് ബഹുകക്ഷി ജനാധിപത്യത്തെ സ്വതന്ത്രമായി പ്രവർത്തിക്കാൻ അനുവദിക്കാത്ത സ്ഥിതി വരും. ജനാധിപത്യ ഇന്ത്യ ഇത്തരം നീക്കങ്ങളെ അറബിക്കടലിൽ ആഴ്ത്തണം. ♦