Thursday, May 2, 2024

ad

Homeനവചലനങ്ങൾസംഘപരിവാര പരാജയത്തിന്റെ കാഹളം മുഴക്കി ജെഎൻയു

സംഘപരിവാര പരാജയത്തിന്റെ കാഹളം മുഴക്കി ജെഎൻയു

നിതീഷ് നാരായണൻ

ജെ എൻ യുവിലെ വിദ്യാർഥി യൂണിയൻ തിരഞ്ഞെടുപ്പിൽ സംഘപരിവാരത്തിന്റെ പരാജയവും ഇടതുസഖ്യത്തിന്റെ വിജയവും ഇന്നത്തെ ഇന്ത്യൻ സാഹചര്യത്തിൽ സവിശേഷ പ്രാധാന്യമുള്ളതാണ്. തിരഞ്ഞെടുപ്പിൽ മത്സരിച്ച എ ബി വി പി മാത്രമല്ല പരാജയത്തിന്റെ രുചിയറിഞ്ഞത്, മറിച്ച് കഴിഞ്ഞ പത്ത് വർഷമായി കുതന്ത്രങ്ങളും അട്ടിമറികളും കള്ളപ്രചരണങ്ങളും ഗുണ്ടാ അക്രമങ്ങളും കലാപശ്രമവും തുടങ്ങി ജെ എൻ യുവിൽ ആധിപത്യം നേടാൻ എല്ലാ അടവും പുറത്തെടുത്ത ഇന്ത്യയിലെ തീവ്ര ഹിന്ദുത്വ-കോർപ്പറേറ്റ് കൂട്ടുകെട്ടിന്റെ ഭരണകൂടം തന്നെയാണ്.

4 മേജർ സീറ്റുകളിലേക്കും 42 കൗൺസിലർ സീറ്റുകളിലേക്കുമായിരുന്നു തിരഞ്ഞെടുപ്പ് നടന്നത്. എസ്എഫ്ഐ, -ഐസ,-ഡിഎസ്എഫ്-, എഐഎസ്എഫ് എന്നിവ ഉൾപ്പെട്ട ഇടതുസഖ്യം പ്രസിഡന്റ്, വൈസ് പ്രസിഡന്റ് , ജോയിന്റ് സെക്രട്ടറി സ്ഥാനങ്ങളിലും 30 കൗൺസിലർ സീറ്റുകളിലും വിജയിച്ചുകയറി. പ്രസിഡന്റ് സ്ഥാനത്തേക്ക് ഐസയിൽ നിന്നുള്ള ധനഞ്ജയ് 922 വോട്ടിന്റെയും വൈസ് പ്രസിഡന്റായി എസ് എഫ് ഐ നേതാവ് അവിജിത് ഘോഷ് 927 വോട്ടിന്റെയും ജോയിന്റ് സെക്രട്ടറിയായി എഐഎസ്എഫിന്റെ എം ഒ സാജിദ് 508 വോട്ടിന്റെയും ഉജ്ജ്വല ഭൂരിപക്ഷം കരസ്ഥമാക്കിയാണ് തിരഞ്ഞെടുക്കപ്പെട്ടത്. മത്സരിക്കാൻ തടസങ്ങൾ ഒന്നുമില്ലാതിരുന്നിട്ടും ജനറൽ സെക്രട്ടറി സ്ഥാനാർഥിയെ തിരഞ്ഞെടുപ്പ് ദിവസം പുലർച്ചെ എ ബി വി പിയുടെ പരാതിയെത്തുടർന്ന് ജെ എൻ യു അഡ്മിനിസ്-ട്രേഷൻ അസാധാരണവും യുക്തിരഹിതവുമായ നീക്കത്തിലൂടെ അയോഗ്യയാക്കിയിരുന്നു. തിരഞ്ഞെടുപ്പ് ദിവസത്തെ ഈ നീക്കത്തിലൂടെ ഒരു സീറ്റ് ജയിക്കാമെന്ന അവരുടെ കണക്കുകൂട്ടലും പക്ഷേ അസ്ഥാനത്തായി. എ ബി വി പിയെ പരാജയപ്പെടുത്താനായി ബിർസ അംബേദ്കർ ഫൂലെ സ്റ്റുഡന്റ് അസ്സോസിയേഷന്റെ (ബാപ്സ) സ്ഥാനാർഥി പ്രയാൻഷി ആര്യക്ക് വോട്ടുചെയ്യാൻ ഇടതുസഖ്യം ആഹ്വാനം ചെയ്തു. 926 വോട്ടിന് എ ബി വി പി പരാജയപ്പെട്ടു. ഇടതിനൊപ്പം സഖ്യം ചേരാൻ തയ്യാറാകാതിരുന്ന ബാപ്സ എല്ലാ മേജർ സീറ്റിലും മിക്കവാറും കൗൺസിലർ സീറ്റുകളിലും മൽസരിച്ചെങ്കിലും ഒരു കൗൺസിലർ സീറ്റിൽ ഒഴികെ മറ്റെവിടെയും ജയിക്കാനായില്ല. കേന്ദ്ര പാനലിൽ രണ്ട് സീറ്റുകളിലേക്ക് മൽസരിച്ച കോൺഗ്രസിന്റെ വിദ്യാർഥി സംഘടന എൻ എസ് യു ഐ മറ്റ് രണ്ട് സീറ്റുകളിൽ എ ബി വി പിക്ക് അനുകൂലമായി വോട്ട് മറിച്ചിട്ടും കാവിപ്പടയ്ക്ക് നിലംതൊടാനായില്ല.

രാജ്യത്തെ സംഘപരിവാര നേതൃത്വം ഒന്നാകെ ഇത്തവണത്തെ ജെ എൻ യു വിദ്യാർഥി യൂണിയൻ തിരഞ്ഞെടുപ്പിൽ വലിയ പ്രതീക്ഷയിലായിരുന്നു. നാല് വർഷങ്ങൾക്ക് ശേഷം നടക്കുന്ന തിരഞ്ഞെടുപ്പിൽ തങ്ങൾക്കനുകൂലമായ വിധിയെഴുത്തുണ്ടാകുമെന്ന് അവർ പകൽസ്വപ്നം കണ്ടുനടന്നു. വരാനിരിക്കുന്ന ലോക്-സഭാ തിരഞ്ഞെടുപ്പിനു മുൻപാകെ മോദിയുടെ കരുത്തെന്ന് രാജ്യമെമ്പാടും പ്രചരിപ്പിക്കാനുള്ള ആയുധമായി ജെ എൻ യുവിലെ തിരഞ്ഞെടുപ്പ് വിജയത്തെ മാറ്റാം എന്ന് അവർ കണക്കുകൂട്ടി. എല്ലാ സംഘപ്രതീക്ഷകളെയും ജെ എൻ യു വിദ്യാർഥികൾ ഒരിക്കൽ കൂടി പുറംകാൽ കൊണ്ട് തൊഴിച്ചു. ഇടത് വിദ്യാർഥി സഖ്യത്തിന്റെ വിജയം പാർലമെന്റ് തിരഞ്ഞെടുപ്പിൽ ബിജെപിയെ കാത്തിരിക്കുന്ന പരാജയത്തിന്റെ കാഹളം കൂടിയായി.

വോട്ടെണ്ണലിന്റെ ആരംഭത്തിൽ എ ബി വി പിക്ക് നേരിയ മുൻതൂക്കം ലഭിച്ചപ്പോൾ തന്നെ മോദി ഭക്തരായ ഉത്തരേന്ത്യൻ ചാനലുകളെല്ലാം ജെ എൻ യുവിലും മോദി തരംഗം എന്ന് ആഘോഷിക്കാൻ തുടങ്ങി. സമൂഹമാധ്യമങ്ങളിലാകെ ജെ എൻ യുവിൽ സംഘപരിവാരം വിജയിച്ചുവെന്ന കള്ളപ്രചരണം നിറഞ്ഞു. ഈ ആഘോഷങ്ങൾക്ക് ഏറെ ആയുസുണ്ടായിരുന്നില്ല. വോട്ടെണ്ണി പകുതിയാകുന്നതിനു മുന്നേ തന്നെ എ ബി വി പി സ്ഥാനാർത്ഥികൾ പിന്നിലായി. സംഘപരിവാരത്തിന്റെ ദീർഘകാല അജൻഡകളെ ജെ എൻ യുവിലെ ഇടതുപക്ഷം വീണ്ടും പരാജയപ്പെടുത്തുകയാണെന്ന് വന്നതോടെ മാധ്യമങ്ങൾ മൗനികളായി.

എക്കാലവും സംഘപരിവാരത്തിന്റെ വർഗീയ രാഷ്ട്രീയത്തിനും കോർപ്പറേറ്റ് നയങ്ങൾക്കും എതിരായ സമരത്തിന്റെ മുൻനിരയിലുണ്ടായ ജെ എൻ യുവിനെ അകത്തുനിന്നും പിടിച്ചെടുക്കുവാനുള്ള പദ്ധതിയാണ് കഴിഞ്ഞ ഒരു പതിറ്റാണ്ടായി അവർ നടപ്പിലാക്കിക്കൊണ്ടിരിക്കുന്നത്. വൈസ് ചാൻസലർമാരായി കറകളഞ്ഞ ആർ എസ് എസ് മനസ്സുള്ള ജഗദീഷ് കുമാറും പിന്നീട് ശാന്തിശ്രീ പണ്ഡിറ്റും നിയമിക്കപ്പെടുന്നത് അങ്ങനെയാണ്. ഒരു അക്കാദമിക് മികവും പരിഗണിക്കാതെയും മാനദണ്ഡങ്ങൾ അട്ടിമറിച്ചും സംഘപരിവാരത്തിൽ നിന്നുമുള്ള നൂറുകണക്കിന് ആളുകളാണ് കഴിഞ്ഞ വർഷങ്ങളിൽ അവിടെ അധ്യാപകരായി നിയമിക്കപ്പെട്ടത്. പൊതുവിദ്യാഭ്യാസത്തിന്റെ ലോകത്തിലെ തന്നെ ഏറ്റവും നല്ല മാതൃകകളിൽ ഒന്നായ ജെ എൻ യുവിന്റെ ചരിത്രത്തിൽ ആദ്യമായി സ്വാശ്രയ കോഴ്സുകൾ ആരംഭിച്ചതും ഇക്കാലത്തായിരുന്നു. ഹോസ്റ്റൽ ഫീസുൾപ്പടെ കുത്തനെ വർധിപ്പിച്ച് സാധാരണക്കാരായ വിദ്യാർഥികളുടെ തുടർപഠനം പ്രതിസന്ധിയിലാക്കാൻ നടത്തിയ ശ്രമത്തെ, തുടർച്ചയായ സമരങ്ങൾക്കൊടുവിൽ എസ്എഫ്ഐയുടെ നേതൃത്വത്തിലുള്ള കഴിഞ്ഞ തവണത്തെ യൂണിയൻ പിൻവലിപ്പിച്ചതാണ്. എഴുപതുകളിൽ എസ് എഫ് ഐ നേതൃത്വത്തിലുള്ള വിദ്യാർഥിയൂണിയൻ സമരം ചെയ്ത് നടപ്പിൽ വരുത്തിയ ജെ എൻ യുവിലെ പുരോഗമന പ്രവേശന നയം അട്ടിമറിച്ചു. പുതിയ വിദ്യാഭ്യാസ നയത്തിന്റെ ഭാഗമായുള്ള പൊതുപ്രവേശന പരീക്ഷയുടെ ഭാഗമാക്കി ജെ എൻ യുവിനെയും മാറ്റി. പരീക്ഷ നടത്താൻ ഏജൻസികളെ ഏല്പിച്ചു. സമരങ്ങൾ നിരോധിക്കാനുള്ള നീക്കമുണ്ടായി. ഇതിനെതിരെ പ്രതിഷേധിച്ച വിദ്യാർത്ഥികൾക്കെതിരെ നിരന്തരം പ്രതികാര നടപടികൾ സ്വീകരിച്ചു. വിദ്യാർഥികൾക്കു മേൽ പലതരം നിയന്ത്രണങ്ങളും നിബന്ധനകളും അടിച്ചേൽപ്പിച്ചു. എസ് എഫ് ഐ നേതാവും കഴിഞ്ഞ വിദ്യാർഥിയൂണിയൻ അദ്ധ്യക്ഷയുമായ ഐഷി ഘോഷ് ഉൾപ്പടെ പലരും പഠനം തുടരുന്നത് തന്നെ നിരന്തരമായ നിയമപോരാട്ടത്തിന്റെ കൂടി ഭാഗമായിട്ടാണ്. പുതുതായി നിയമിക്കപ്പെട്ട അധ്യാപകർ ചരിത്ര പഠനത്തെ വക്രീകരിക്കുകയും സംഘപരിവാര പ്രചാരവേലയ്ക്കനുഗുണമായ അറിവുല്പാദനം ലക്ഷ്യമിട്ടതുമായ കോഴ്സുകളും സിലബസുകളും തയ്യാറാക്കിക്കഴിഞ്ഞു. ഗവേഷണത്തിനുള്ള സീറ്റുകൾ വെട്ടിക്കുറച്ചതും ഇക്കാലത്താണ്. ആയിരത്തിലധികം സീറ്റുകൾ ഇങ്ങനെ ജെ എൻ യുവിൽ മാത്രം ഇല്ലാതായി. ജെ എൻ യുവിൽ ഏറ്റവും സജീവമായിരുന്ന ചർച്ചകളും സംവാദങ്ങളും സെമിനാറുകളുമെല്ലാം ഇല്ലാതാക്കി കാമ്പസിന്റെ ജനാധിപത്യാന്തരീക്ഷത്തെ തന്നെ ദുർബലമാക്കുകയായിരുന്നു ലക്ഷ്യം. പലസ്തീന് ഐക്യദാർഢ്യം പ്രഖ്യാപിച്ചുവെന്ന കാരണത്താൽ മലയാളി വിദ്യാർത്ഥികളെ ഓണം ആഘോഷിക്കുന്നതിൽ നിന്നും വിലക്കാൻ ശ്രമിച്ചത് കഴിഞ്ഞ വർഷമായിരുന്നു. എ ബി വി പിയുടെ ക്രൂരമർദ്ദനത്തിനിരയായ നജീബ് അഹ്മദിനെ ദുരൂഹ സാഹചര്യത്തിൽ കാണാതായിട്ട് ഒൻപത് വർഷമാകുന്നു.

ഇതിനെല്ലാം പുറമേയാണ് ജെ എൻ യുവിനെതിരെ നടന്ന വലിയ പ്രചാരവേലകൾ. കാമ്പസ് നിറയെ രാജ്യദ്രോഹികളാണെന്നും ജെ എൻ യു തീവ്രവാദികളുടെ കേന്ദ്രമാണെന്നുമൊക്കെ രാജ്യമെമ്പാടും സംഘപരിവാരം പാടി നടന്നു. കഴിഞ്ഞ തവണത്തെ അവരുടെ തിരഞ്ഞെടുപ്പ് വിഷയങ്ങളിലൊന്നു തന്നെ ജെ എൻ യു ആയിരുന്നു. ഏറ്റവും ഒടുവിൽ, കാശ്-മീർ ഫയൽസിനും കേരള സ്റ്റോറിക്കും ശേഷം ഒരു സർവകലാശാലയ്ക്ക് ഒരു രാജ്യത്തെ തകർക്കാനാകുമോ എന്ന ചോദ്യം ഉപശീർഷകമാക്കി ജെ എൻ യുവിനെക്കുറിച്ചുള്ള സിനിമ ഒരുങ്ങുന്നു. വിദ്വേഷത്തിന്റെ രാഷ്ട്രീയത്തിനെതിരെ ധീരമായി പൊരുതുന്നു എന്നതും ജാതിമേൽക്കോയ്മയുടെയും മതഭ്രാന്തിന്റെയും സവർണ താല്പര്യങ്ങളുടെയും സമ്പന്ന വർഗത്തിന്റെയും ആശയങ്ങൾക്കെതിരെ നിരന്തര പ്രതിപക്ഷമാകുന്നു എന്നതുമാണ് ജെ എൻ യു ഇന്ത്യൻ ഭരണകൂടത്തിന്റെ കണ്ണിലെ കരടായി തുടരാനുള്ള കാരണം. ഐതിഹാസികമായ കർഷക സമരത്തിനും ഇന്ത്യയിലെ തൊഴിലാളികളുടെയും ജനാധിപത്യ വിശ്വാസികളുടെയുമെല്ലാം സമരങ്ങൾക്കും പിന്തുണയുമായി രാജ്യതലസ്ഥാനത്ത് ജെ എൻയുവിലെ വിദ്യാർഥികൾ അണിനിരക്കുന്നുണ്ടായിരുന്നു.

ഇന്ത്യൻ കാമ്പസുകൾ ജനാധിപത്യത്തിന്റെ കേന്ദ്രങ്ങളാകുന്നത് സംഘപരിവാരത്തിന്റെ ലക്ഷ്യങ്ങൾക്ക് വിരുദ്ധമാണ്. കാമ്പസുകളെ തങ്ങളുടെ ഹിന്ദു രാഷ്ട്ര നിർമാണത്തിന്റെ ആയുധങ്ങളാക്കാനാണ് അവരുടെ ശ്രമം. അതിനായി സർവകലാശാലകളെയും യു ജി സിയും ഗവേഷണ കൗൺസിലും ഉൾപ്പടെയുള്ള സംവിധാനങ്ങളെയുമെല്ലാം അകത്തുനിന്നും പിടിച്ചെടുത്ത് ഈ അജൻഡകൾ നടപ്പിലാക്കാനുള്ള പലവിധ നീക്കങ്ങൾ നമ്മൾ കണ്ടതാണ്. കേരളത്തിലെ ഗവർണർ നടപ്പിലാക്കാൻ ശ്രമിക്കുന്നതും ഈ ആർ എസ് എസ് പദ്ധതിയാണ്. അതിനെതിരായ ഇന്ത്യൻ വിദ്യാർഥികളുടെ വിധിയെഴുത്തായി കൂടി ജെ എൻ യു തിരഞ്ഞെടുപ്പ് ഫലത്തെ കാണാം.

56 ഇഞ്ച് നെഞ്ചളവിന്റെ മേനി പറഞ്ഞ് ‘വിശ്വഗുരു’വിന്റെ വേഷം കെട്ടി വ്യാജ നിർമ്മിതിയിൽ അഭിരമിക്കുന്ന നരേന്ദ്ര മോദിക്ക് പക്ഷേ ഇന്നും രാജ്യതലസ്ഥാനത്ത് തന്നെയുള്ള ഇന്ത്യയിലെ ഏറ്റവും വലിയ സർവകലാശാലാ കാമ്പസുകളിലൊന്നായ ജെ എൻ യുവിൽ കാലുകുത്താനായിട്ടില്ല. പ്രതിരോധത്തിന്റെ ഒരു പെരുമ്പറ മുഴക്കം ജെ എൻ യുവിൽ നിന്നും കേൾക്കുന്നുണ്ട്. അത് രാജ്യമാകെ പടരും. ജെ എൻ യുവിൽ പടർന്ന ചുവപ്പ് ഇന്ത്യൻ ജനാധിപത്യത്തിന്റെ ചെറുത്തുനിൽപ്പിന്റെ നിറം കൂടിയാണ്. വർഗീയതക്കെതിരായ സന്ധിയില്ലാത്ത സമരത്തിൽ ഇന്ത്യയുടെ പ്രതീക്ഷ ഇടതുപക്ഷം തന്നെയാണെന്ന പ്രഖ്യാപനം കൂടിയാണത്.

ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

twenty − six =

Most Popular