Friday, May 3, 2024

ad

Homeകവര്‍സ്റ്റോറിആൽഫ ന്യൂമറിക് നമ്പർ വന്നപ്പോൾ ഇലക്ടറൽ ബോണ്ട് കുംഭകോണത്തിൽ മറനീക്കിയതെന്ത്?

ആൽഫ ന്യൂമറിക് നമ്പർ വന്നപ്പോൾ ഇലക്ടറൽ ബോണ്ട് കുംഭകോണത്തിൽ മറനീക്കിയതെന്ത്?

ആർ രാംകുമാർ, സമ്പത്ത് വി. സാംബശിവൻ

സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ ഇലക്ടറൽ ബോണ്ടുകൾ സംബന്ധിച്ച ആൽഫ ന്യൂമെറിക് നമ്പർ ഉൾപ്പടെയുള്ള എല്ലാ വിവരങ്ങളും സുപ്രീം കോടതി മുൻപാകെ സമർപ്പിച്ചതോടെ ഇലക്ടറൽ ബോണ്ടുകളുമായി ബന്ധപ്പെട്ട വിവാദങ്ങളും ചർച്ചകളും പുതിയ വഴിത്തിരിവിലെത്തിയിരിക്കുകയാണ്. ഇലക്ടറൽ ബോണ്ട് സംബന്ധിയായി സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ പുറത്തുവിടുന്ന വിവരങ്ങളുടെ മൂന്നാം ഭാഗമാണ് ഇതോടെ പുറത്ത് വന്നിരിക്കുന്നത്. സുപ്രീം കോടതിയുടെ രൂക്ഷ വിമർശനത്തിനു ശേഷമാണ് സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ ഈ വിവരങ്ങൾ പുറത്തുവിട്ടത്. സുപ്രീംകോടതിക്ക് വേണ്ട സൂക്ഷ്മ വിവരങ്ങൾ ചോദിച്ചാൽ അതു മാത്രം തങ്ങൾ പുറത്തുവിടും എന്ന നിലപാട് ശരിയല്ലെന്നും, രാജ്യത്തെ ഏറ്റവും വലിയ പൊതുമേഖല ബാങ്ക് സത്യസന്ധമായും സുതാര്യമായും വിവരങ്ങൾ വെളുപ്പെടുത്തുമെന്ന് കരുതിയാണ് അവരെ ആശ്രയിക്കുന്നതെന്നും കോടതി വ്യക്തമാക്കി. കോടതി വിധി മാനിച്ച് മുഴുവൻ വിവരങ്ങളും കൈമാറുകയാണ് തങ്ങളുടെ ധർമ്മമെന്ന് മനസ്സിലാക്കാൻ നല്ല നിയമോപദേശകരുള്ള സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യക്ക് സംശയമുണ്ടാവേണ്ടതില്ലെന്നുകൂടി ഓർമിപ്പിച്ച സുപ്രീം കോടതി, “hope you are not arguing for the political parties’ എന്നുകൂടി പറഞ്ഞ് സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ മുടന്തൻ ന്യായവാദങ്ങൾക്ക് ആണിയടിച്ചു. മാർച്ച് 21 ന് വൈകിട്ട് 5 മണിക്കുള്ളിൽ എല്ലാ വിവരങ്ങളും കോടതിക്കു സമർപ്പിക്കണമെന്നും, ഇവ കിട്ടുന്ന ക്ഷണം ഇലക്ഷൻ കമ്മീഷൻ അവരുടെ വെബ്‌സൈറ്റിലൂടെ മുഴുവൻ വിവരങ്ങളും പുറത്തുവിടണമെന്നും കോടതി നിർദേശിച്ചത്തോടെ ഇലക്ടറൽ ബോണ്ടുകൾ സംബന്ധിച്ച എല്ലാ വിവരങ്ങളും പുറത്തുവിടാൻ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ നിർബന്ധിതമാവുകയായിരുന്നു.

എന്താണ് സവിശേഷ ആൽഫ ന്യൂമെറിക് കോഡ്?
ഇലക്ടറൽ ബോണ്ടുകൾക്ക് ഓരോന്നിനും സവിശേഷമായ ഒരു ആൽഫ ന്യൂമെറിക് കോഡ് ഉണ്ട്. പ്രത്യേക അൾട്രാവയലറ്റ് രശ്മികളുടെ പ്രകാശത്തിൽ മാത്രം കാണാനാവുന്ന ഈ കോഡ് ഓരോ ബോണ്ട് വാങ്ങിയവരെയും അതേ ബോണ്ട് പൈസയാക്കിയ രാഷ്ട്രീയ പാർട്ടിയെയും ബന്ധിപ്പിക്കുന്നു. മാർച്ച് 21ന് മുൻപ് പുറത്തുവന്ന ഇലക്ടറൽ ബോണ്ട് സംബന്ധിയായ വിവരങ്ങൾ രണ്ടുതരത്തിൽപെടുന്നവയായിരുന്നു: 1) ഇലക്ടറൽ ബോണ്ടുകൾ വഴി സംഭാവന നൽകിയ ദാതാക്കളുടെ പേരും അവർ സംഭാവന ചെയ്ത തുകയും വ്യക്തമാക്കുന്ന പട്ടിക 2) ഇലക്ടറൽ ബോണ്ടുകൾ വഴി സംഭാവന ലഭിച്ച രാഷ്ട്രീയകക്ഷികളുടെ പേരുകളും, അവർ അത് പൈസയാക്കിയ തീയതിയും തുകയും അടങ്ങുന്ന പട്ടിക. ഈ രണ്ട് പട്ടികകളും ഉപയോഗിച്ചുള്ള ചില വിലയിരുത്തലുകൾ ഇതേ വിഷയത്തിൽ മാർച്ച് 29ന്റെ ചിന്ത ലക്കത്തിൽ ഞങ്ങൾ എഴുതിയ ലേഖനത്തിൽ വിശദമായി പ്രതിപാദിച്ചിരുന്നു. എന്നാൽ ഈ വിവരങ്ങൾ മാത്രം ഉപയോഗിച്ച് ആര്, ആർക്ക്, എത്ര തുക നൽകി എന്ന വിവരം സംശയാതീതമായി സ്ഥാപിക്കുന്നത് സാധ്യമായിരുന്നില്ല. അതുകൊണ്ടുതന്നെ, കേന്ദ്ര ധനകാര്യ മന്ത്രി നിർമല സീതാരാമനെപ്പോലെയുള്ളവർ ഈ പണം ബിജെപിക്ക് തന്നെയാണ് കിട്ടിയത് എന്ന് നിങ്ങൾക്കെങ്ങനെ പറയാൻ സാധിക്കുന്നു എന്നതുപോലെയുള്ള വിചിത്രമായ മറുചോദ്യങ്ങൾ പത്രക്കാരോട് ചോദിക്കുന്നത് നമ്മൾ കണ്ടു. എന്നാൽ, ആൽഫ ന്യൂമെറിക് കോഡ് വെളിവായതോടുകൂടി ആരിൽ നിന്നാണ് ഓരോ രാഷ്ട്രീയ പാർട്ടിക്കും പണം ലഭിച്ചതെന്ന് കൃത്യമായി പറയാൻ സാധിക്കും. ഇതു തന്നെയാണ് സവിശേഷ ആൽഫ ന്യൂമെറിക് കോഡ് വെളിപ്പെടുത്തൽ സൃഷ്‌ടിച്ച പ്രകമ്പനത്തിന്റെ കാതൽ.

2018-ൽ ‘ദി ക്വിന്റ്’ എന്ന മാധ്യമ സ്ഥാപനത്തിലെ പൂനം അഗർവാൾ എന്ന മാധ്യമ പ്രവർത്തക നടത്തിയ അന്വേഷണാത്മക റിപ്പോർട്ടിലൂടെയാണ് ആൽഫ ന്യൂമെറിക് കോഡ് ഉണ്ടെന്ന വസ്തുത പുറംലോകമറിയുന്നത്. 2018 ഏപ്രിൽ 17ന് കേന്ദ്ര ധനകാര്യ മന്ത്രാലയം പ്രസിദ്ധീകരിച്ച കുറിപ്പിൽ ഇങ്ങനെ വ്യക്തമാക്കുന്നു: “The Electoral Bonds have some in-built security features to eliminate chances of forgery or presentation of fake bonds. These include a random serial number invisible to the naked eye. (“ഇലക്ടറൽ ബോണ്ടുകൾ കേന്ദ്രീകരിച്ച് തട്ടിപ്പുകൾ ഉണ്ടാവാതിരിക്കാനും വ്യാജ ബോണ്ടുകൾ ഉണ്ടാവുന്നത് തടയാനുമായി ചില വിശേഷഗുണങ്ങൾ ഇലക്ടറൽ ബോണ്ടുകൾക്കുള്ളിൽ ഉൾച്ചേർത്തിട്ടുണ്ട്. നഗ്ന നേത്രങ്ങളാൽ കാണാൻ കഴിയാത്ത ഒരു സീരിയൽ നമ്പർ ഇതിൽ ഉൾപ്പെടുന്നു”). എന്നാൽ ഈ നമ്പർ എവിടെയും രേഖപ്പെടുത്തുന്നില്ലായെന്നും ദാതാക്കളുടെ പേരുവിവരങ്ങൾ സംബന്ധിച്ച അജ്ഞാതത്വം തുടരുമെന്നും ധനകാര്യ മന്ത്രാലയവും അതിന്റെ സെക്രട്ടറി സുഭാഷ് ചന്ദ്ര ഗാർഗും ആവർത്തിച്ച് പറയുകയുണ്ടായി. എന്നാൽ, 2019ലെ ഒരു ഇടക്കാല വിധിയിൽ രാഷ്ട്രീയ പാർട്ടികൾ അവരുടെ ദാതാക്കളുടെ പേരുവിവരങ്ങൾ പുറത്തുവിടണമെന്ന് സുപ്രീം കോടതി വിധി പ്രഖ്യാപിക്കുകയുണ്ടായി. ഇതോടെ, സർക്കാർ പറഞ്ഞ അജ്ഞാതത്വം ജനാധിപത്യപ്രക്രിയയുടെ അടിസ്ഥാനതത്വങ്ങൾക്ക് എതിര് നിൽക്കുന്നതാണെന്നും അവ വെളിപ്പെടുത്തേണ്ടി വരുമെന്നുമുള്ളത് വ്യക്തമായിരുന്നു. ഏതൊക്കെ രാഷ്ട്രീയ പാർട്ടികൾ ആരുടെയൊക്കെ പക്കൽ നിന്ന് എത്ര രൂപ നേടി എന്ന വിവരം ഇന്നു നമുക്ക് ലഭ്യമായിരിക്കുന്നത് ഓരോ ഇലക്ടറൽ ബോണ്ടും പേറുന്ന ഈ സവിശേഷ നമ്പറിൽ നിന്നുതന്നെ. പരസ്പര നേട്ടം (ക്വിഡ് പ്രൊ ക്വാ) മറനീക്കി പുറത്തുവരുമ്പോൾ ഇലക്ടറൽ ബോണ്ട് വഴി ഏറ്റവും കൂടുതൽ പണം ലഭിച്ച രാഷ്ട്രീയ കക്ഷിയാണ് ബിജെപി. ആരൊക്കെയാണ് ബിജെപിക്ക് ഏറ്റവും കൂടുതൽ തുക നൽകിയിരിക്കുന്നത്? ബിജെപിക്ക് ബോണ്ടുകൾ നൽകിയ കമ്പനികളിൽ പ്രധാനപ്പെട്ടവ ടെലികമ്യൂണിക്കേഷൻ, പശ്ചാത്തല സൗകര്യ വികസനം, സപ്ലൈ ചെയിൻ, കെട്ടിട നിർമാണം, ഊർജം എന്നീ മേഖലകളിൽ പ്രവർത്തിക്കുന്നവയാണ്. ഓരോ കോർപ്പറേറ്റ് ഗ്രൂപ്പിന്റെയും മൊത്തം ഇലക്ടറൽ ബോണ്ട് തുകയിൽ എത്രയാണ് ബി.ജെ.പിയുടെ പങ്കെന്ന് അറിയാൻ ചിത്രം 1 പരിശോധിക്കുക.

മേഘ എഞ്ചിനീയറിങ് ഗ്രൂപ്പിനെ പറ്റിയും അവരുടെ സംശയാസ്പദമായ ഇടപാടുകളെ സംബന്ധിച്ചും ഈ വിഷയത്തിൽ ഞങ്ങൾ എഴുതിയ കഴിഞ്ഞ ആഴ്ചത്തെ ലേഖനത്തിൽ പരാമർശിച്ചിരുന്നു. മഹാരാഷ്ട്രയിലെ ബി.ജെ.പി സർക്കാർ മേഘ എഞ്ചിനീറിങ്ങിന് നൽകിയ ഒരു നിർമ്മാണ പദ്ധതി ഇവർ 140 കോടിയുടെ ഇലക്ടറൽ ബോണ്ടുകൾ വാങ്ങിയ ശേഷമാണെന്നും ഇത് സംശയമുളവാക്കുന്നതാണെന്നും ഞങ്ങൾ പറഞ്ഞിരുന്നു. ഈ വാദം സാധൂകരിക്കുന്നതാണ് പുതിയ വെളുപ്പെടുത്തലുകൾ. എന്തെന്നാൽ, 2023 ഏപ്രിൽ 11ന് മേഘ എഞ്ചിനീയറിംഗ് വാങ്ങിയ ബോണ്ടുകൾ 2023 ഏപ്രിൽ 12ന് ബിജെപിയാണ് പണമാക്കിയിരിക്കുന്നത്. ബോണ്ട് നമ്പറുകൾ താരതമ്യം ചെയ്യുമ്പോൾ ഇത് വ്യക്തമാണ്. തങ്ങൾക്ക് പണം സംഭാവന ചെയ്ത ഒരു കമ്പനിക്ക് വലിയ വിലമതിക്കുന്ന ഒരു പദ്ധതിയുടെ നടത്തിപ്പ് നൽകി അവരെ പ്രീണിപ്പിക്കുന്നതല്ലാതെ മറ്റൊന്നുമല്ലിത്. ഇത് കൂടാതെ, മേഘ ഗ്രൂപ്പിന്റെ തന്നെ വെസ്റ്റേൺ യു.പി. പവർ ട്രാൻസ്മിഷൻ കമ്പനി ലിമിറ്റഡിൽ നിന്നുള്ള 80 കോടി രൂപയുടെ ബോണ്ടുകൾ ബി.ജെ.പി പണമാക്കിയിട്ടുണ്ട്. ഇപ്പോൾ പശ്ചിമ ഉത്തർപ്രദേശിൽ 765 കെ.വി., 400 കെ.വി. വൈദ്യുതി ലൈനുകളുടെ നിർമാണത്തിൽ ഏർപ്പെട്ടിരിക്കുകയാണ് ഈ കമ്പനി.

ഏറ്റവും കൂടുതൽ ഇലക്ടറൽ ബോണ്ടുകൾ വാങ്ങിയ കമ്പനികളിൽ മൂന്നാം സ്ഥാനത്തുള്ള ക്വിക്ക് സപ്ലൈ ചെയിൻ തങ്ങളുടെ മൊത്തം നിക്ഷേപത്തിന്റെ 91 ശതമാനത്തിലേറെ നൽകിയിരിക്കുന്നത് ബി.ജെ.പി ക്കാണ്. ഈ കമ്പനിയുടെ ഡയറക്ടർ ബോർഡിൽ ഉള്ളവർക്ക് റിലയൻസ് ഗ്രൂപ്പുമായി അടുത്ത ബന്ധമുണ്ടെന്ന് വെളിവാക്കുന്ന പല തെളിവുകളും ഇതിനോടകം തന്നെ പുറത്തുവന്നിട്ടുണ്ട്. മാത്രമല്ല, മാർച്ച് 2023ന് മിനിസ്ട്രി ഓഫ് കോർപ്പറേറ്റ് അഫയേഴ്സിന് ഫയൽ ചെയ്ത ഫിനാൻഷ്യൽ സ്റ്റേറ്റ്മെന്റ് പ്രകാരം റിലയൻസ് ഗ്രൂപ്പ് സപ്പോർട്ട്, റിലയൻസ് ഫയർ ബ്രിഗേഡ്, റിലയൻസ് ഹോസ്പിറ്റൽ മാനേജ്‌മന്റ് എന്നീ മൂന്നു കമ്പനികൾക്ക് മൊത്തമായി ഈ കമ്പനിയിൽ 50 ശതമാനം ഷെയറുകളുണ്ട്. മുംബൈയിലുള്ള മറ്റു റിലയൻസ് ബിസിനസ്സുകളുടെ അതേ ഓഫീസ് അഡ്രസ്സ് തന്നെയാണ് ഈ മൂന്നു കമ്പനികൾക്കുമുള്ളത്. ക്വിക്ക് തങ്ങളുടെ അനുബന്ധ കമ്പനിയല്ലെന്നു റിലയൻസ് ഗ്രൂപ്പ് പ്രസ്താവിച്ചുവെങ്കിലും 2022-ൽ നോർത്ത് ഈസ്റ്റ് കാരിയിങ് കോർപ്പറേഷൻ (NECC) എന്ന ഇന്ത്യൻ ലോജിസ്റ്റിക്സ് കമ്പനി ഇന്ത്യൻ സ്റ്റോക്ക് എക്സ്ചേഞ്ചിന് സമർപ്പിച്ച വിവരങ്ങളിൽ ഈ കമ്പനിയെ റിലയൻസിന്റെ അനുബന്ധ കമ്പനിയായി വിശേഷിപ്പിക്കുന്നുണ്ട്. ഇത്തരം വിവരങ്ങളുടെ അടിസ്ഥാനത്തിൽ പലരും ഉയർത്തുന്ന കാതലായ ചോദ്യങ്ങൾക്ക് മറുപടി പറയാൻ പക്ഷേ-, റിലയൻസ് ഗ്രൂപ്പ് ഇതുവരെ തയ്യാറായിട്ടില്ല.

ടെലികമ്യൂണിക്കേഷൻ മേഖലയിലെ ഭീമനായ ഭാരതി എയർടെൽ ലിമിറ്റഡ് തങ്ങളുടെ 198 കോടി രൂപയുടെ ഇലക്ടറൽ ബോണ്ടുകളിൽ 197 കോടി രൂപയും സംഭാവന ചെയ്തിരിക്കുന്നത് ബി.ജെ.പി ക്കാണ്. എന്താണ് ബി.ജെ.പി നേടിയെടുത്ത അപ്രമാദിത്വത്തിനു പിന്നിലെന്ന് അന്വേഷിച്ചാൽ തെളിയുന്നത് കോർപ്പറേറ്റ് പ്രീണനത്തിന്റെ ചരിത്രമാണ്. 1999-ൽ വാജ്പേയി സർക്കാർ അധികാരത്തിൽ വന്നപ്പോൾ സാമ്പത്തിക കെണിയിൽ പെട്ട ടെലികോം കമ്പനികളെ രക്ഷിക്കുന്നതിന്റെ ഭാഗമായി അവയുടെ ലൈസൻസ് വ്യവസ്ഥകളിൽ മാറ്റങ്ങൾ വരുത്തുകയുണ്ടായി. ഇങ്ങനെ മാറിയ നയങ്ങളുടെ ഏറ്റവും വലിയ ഗുണഭോക്താക്കളിൽ പെടുന്ന കമ്പനിയായിരുന്നു ഭാരതി എയർടെൽ. വർഷങ്ങൾക്കുശേഷം, മോദി സർക്കാർ 2021 സെപ്തംബർ 15ന് പ്രഖ്യാപിച്ച ടെലികോം മേഖയിലെ പരിഷ്‌കാരങ്ങളെ 1999-ൽ വാജ്പേയി സർക്കാർ നടത്തിയ ചരിത്ര ഇടപെടലുകളോടുപമിച്ചുകൊണ്ട്, പുതിയ നയപരിപാടികളെ ഇരുകയ്യും നീട്ടി സ്വീകരിക്കുന്നുവെന്ന് സംശയലേശമന്യേ പ്രഖ്യാപിക്കാൻ ഗ്രൂപ്പ് ചെയർമാൻ സുനിൽ ഭാരതി മിത്തൽ ഒരു ദിവസം പോലും വൈകിച്ചില്ല. ഇതൊക്കെ സമ്പദ് വ്യവസ്ഥയുടെ ഉന്നമനത്തിനും തൊഴിലവസരങ്ങൾ സൃഷ്ടിക്കുന്നതിനുമാണെന്ന വാദം ഉയർത്തി, ആളുകളുടെ കണ്ണിൽ പൊടിയിട്ട്, തങ്ങൾക്കു സ്വീകാര്യമായ നയമാറ്റങ്ങൾക്ക് നേതൃത്വം നൽകുമ്പോൾ, മിത്തലുമാർ ഇലക്ടറൽ ബോണ്ടുകൾ വഴി പണം സംഭാവന നൽകി ബി.ജെ.പിയെ തിരിച്ച്, സുലഭമായി, സഹായിക്കുന്ന കാഴ്ചയാണ് ആൽഫ ന്യൂമെറിക് കോഡ് പ്രകാരമുള്ള വിവരങ്ങൾ നമുക്ക് കാട്ടിത്തരുന്നത്.

കാവെൻഡർ ഗ്രൂപ്പിന്റെയും ടോറന്റ് ഗ്രൂപ്പിന്റെയും ഇരുണ്ട ചരിത്രം ഞങ്ങൾ കഴിഞ്ഞ ആഴ്ചയിലെ ലേഖനത്തിൽ വിശദീകരിച്ചിരുന്നു. കാവെൻഡർ ഗ്രൂപ്പ് അവർക്ക് കീഴിലുള്ള കാവെൻഡർ ഫുഡ്പാർക്ക് ഇൻഫ്രാ ലിമിറ്റഡ്, എം.കെ.ജെ. എന്റർപ്രൈസസ്, മദൻലാൽ ലിമിറ്റഡ്, സസ്‌മെൽ ഇൻഫ്രാസ്ട്രക്ചർ ലിമിറ്റഡ് മുതലായ കമ്പനികൾ വഴി തങ്ങളുടെ മൊത്തം സംഭാവനയുടെ 57 ശതമാനം (351.92 കോടി രൂപ) ബി.ജെ.പിക്ക് നൽകിയിരിക്കുന്നു. ടോറന്റ് ഗ്രൂപ്പാകട്ടെ തങ്ങളുടെ മൊത്തം സംഭാവനയുടെ 74 ശതമാനം ബി.ജെ.പിക്ക് നൽകി അവരുടെ വർഷങ്ങളായുള്ള ചങ്ങാത്തം ഊട്ടിയുറപ്പിച്ചിരിക്കുന്നു. ടോറന്റ് പവറും ടോറന്റ് ഫാർമസൂട്ടിക്കൽസുമാണ് ടോറന്റ് ഗ്രൂപ്പിലെ ദാതാക്കൾ. 2019 മെയ് 7ന് ടോറന്റ് ഗ്രൂപ്പ് നടത്തിയ നിക്ഷേപങ്ങളും, ഇതിനെ തുടർന്ന് അതേ മാസം അവസാന വാരം ദേവേന്ദ്ര ഫഡ്‌നാവിസ് നയിച്ച മഹാരാഷ്ട്ര ബി.ജെ.പി സർക്കാർ ഇവർക്ക് 285 കോടി രൂപയുടെ വസ്തുനികുതി ഒഴിവാക്കിക്കൊടുത്തതും ഞങ്ങളുടെ കഴിഞ്ഞ ആഴ്ചയിലെ ലേഖനത്തിൽ പരാമർശിച്ചിരുന്നു. മെയ് 7ന്റെ നിക്ഷേപങ്ങളിൽ സിംഹഭാഗവും മെയ് 10ന് പണമാക്കിയിരിക്കുന്നത് ബി.ജെ.പിയാണെന്ന വസ്തുതയാണ് ഏറ്റവും പുതിയ വിവരങ്ങൾ പരിശോധിക്കുമ്പോൾ നമുക്ക് മനസ്സിലാക്കാൻ കഴിയുന്നത്.

ഖനന മേഖലയിലെ വേദാന്ത ഗ്രൂപ്പും ബി.ജെ.പിക്ക് വലിയ സംഭാവനകൾ നൽകിയ ഗ്രൂപ്പുകളിൽ ഒന്നാണ്. ഇവർ വാങ്ങിയ 400 കോടി രൂപയുടെ ബോണ്ടുകളിൽ 230 കോടി രൂപയും ലഭിച്ചിരിക്കുന്നത് ബി.ജെ.പിക്കാണ്. 2019 ഏപ്രിൽ 16ന് ഇവർ വാങ്ങിയ 39 കോടി രൂപയുടെ ബോണ്ടുകൾ പൂർണമായും ബിജെപിയാണ് കരസ്ഥമാക്കിയത്. ഇതിനു 10 ദിവസങ്ങൾക്കു ശേഷം അവരുടെ രാജസ്താനിലെ എണ്ണ-ഗ്യാസ് ഖനനാന്വേഷണങ്ങൾ ഊർജിതമായി നടത്തുവാനുള്ള പരിസ്ഥിതി മന്ത്രാലയത്തിന്റെ അനുമതി വേദാന്തയ്-ക്ക് ലഭിച്ചത് കൊടുത്ത പണത്തിനുള്ള പ്രതിഫലമായി കണക്കാക്കാം. 2022 ഒക്ടോബർ 27ന് വേദാന്ത ലിമിറ്റഡിന് കീഴിലുള്ള കെയ്ൻ ഓയിൽ & ഗ്യാസ് എന്ന കമ്പനിക്ക് രാജസ്താനിൽ എണ്ണയും ഗ്യാസും ഖനനം ചെയ്യാനുള്ള ലൈസൻസ് കേന്ദ്ര പെട്രോളിയം മന്ത്രാലയത്തിൽ നിന്ന് മെയ് 2030 വരെ നീട്ടി കിട്ടുന്നു. ഇതിന് കൃത്യം 18 ദിവസങ്ങൾക്കുശേഷം വേദാന്ത വാങ്ങിയ 110 കോടി രൂപയുടെ ഇലക്ടറൽ ബോണ്ടുകളിൽ 100 കോടി രൂപയും ബി.ജെ.പിയാണ് പണമാക്കിയിരിക്കുന്നത്. അവർ നടത്തിയ നിരവധി പരിസ്ഥിതി നിയമലംഘനങ്ങളുടെയും ലോബിയിങ്ങിന്റെയും ഫലമാണ് അവർക്കു രാജസ്താനിൽ ലഭിച്ച പദ്ധതികളെന്ന് ഓർഗനൈസ്ഡ് ക്രൈം ആൻഡ് കറപ്ഷൻ റിപ്പോർട്ടിങ് പ്രൊജക്ട്- (OCCRP) 2023 ആഗസ്തിൽ സമർപ്പിച്ച ഒരു റിപ്പോർട്ടിൽ പറഞ്ഞിട്ടുണ്ട്.

ആദിത്യ ബിർള ഗ്രൂപ്പിന്റെ ഗ്രാസിം ഇൻഡസ്ട്രീസ് എന്ന കമ്പനിയുടെ വമ്പൻ ഇലക്ടറൽ ബോണ്ട് വാങ്ങലുകളും, അതിന് പ്രേരകങ്ങളായിത്തീർന്നു എന്ന് കരുതാവുന്ന ഘടകങ്ങളെ സംബന്ധിച്ച അനുമാനങ്ങളും ശരി വെക്കുന്നതാണ് പുതിയ വെളിപ്പെടുത്തലുകൾ. ബിർള ഗ്രൂപ്പിന്റെ പകുതിയിലേറെ ബോണ്ടുകളും ബി.ജെ.പി.യാണ് പണമാക്കിയിരിക്കുന്നത്.

ഓറോബിന്ദോ ഫാർമ ഇന്ത്യയിലെ വലിയ ഫാർമ കമ്പനികളിൽ ഒന്നാണ്. ഈ കമ്പനിയുടെ 90 ശതമാനം വിറ്റുവരവും അന്താരാഷ്ട്ര ഇടപാടുകളിൽ നിന്നാണ്. 2022 നവംബർ 10ന് കള്ളപ്പണം വെളുപ്പിക്കാൻ ശ്രമിച്ച കേസിൽ ഇവരുടെ ഡയറക്ടർ പി. ശരത് ചന്ദ്ര റെഡ്ഡി അറസ്റ്റിലായി 5 ദിവസങ്ങൾക്കുള്ളിൽ ഓറോബിന്ദോ ഫാർമ 5 കോടി രൂപയുടെ ഇലക്ടറൽ ബോണ്ടുകൾ വാങ്ങിയിരുന്നു. ഇത് പൂർണമായും അതേ ദിവസം തന്നെ പണമാക്കിയിരിക്കുന്നത് ബിജെപിയാണ്. ഇങ്ങനെ ബോണ്ടുകൾ വാങ്ങിക്കൂട്ടി ബിജെപിയെ സഹായിച്ച ഈയൊരു വർഷത്തിനുള്ളിൽ തന്നെ കള്ളപ്പണക്കേസിൽ ശരത്ചന്ദ്ര റെഡ്ഡിയെ ഡൽഹി കോടതി കുറ്റവിമുക്തനാക്കി.

അതിന് റെഡ്ഡി പ്രത്യുപകാരവും ചെയ്തു. 2023 ഏപ്രിൽ 25ന് ഡൽഹി സർക്കാരിന്റെ എക്സൈസ് നയവുമായി ബന്ധപ്പെട്ട് അരവിന്ദ് കെജ്രിവാളിനെ കണ്ടിരുന്നു എന്ന് റെഡ്ഡി എൻഫോഴ്സ്-മെന്റ് ഡയറക്ടറേറ്റിന് മൊഴി നൽകി. 2023 ജൂൺ 1ന് എൻഫോഴ്സ്-മെന്റ് ഡയറക്ടറേറ്റ് റെഡ്ഡിയെ പ്രസ്തുത കേസിൽ മാപ്പുസാക്ഷിയായി പ്രഖ്യാപിച്ചു. കേസിൽ നിന്ന് രക്ഷപ്പെട്ടതിന്റെ സന്തോഷത്തിൽ ആവാം, 2023 നവംബർ 8ന് വീണ്ടും 25 കോടി രൂപയുടെ ഇലക്ടറൽ ബോണ്ടുകൾ റെഡ്ഡി വാങ്ങുകയുണ്ടായി. ഇതും നവംബർ 17ന് തന്നെ പൂർണമായും ബി.ജെ.പിയാണ് പണമാക്കിയിരിക്കുന്നത്. അരവിന്ദ് കെജ്രിവാളിനെ കേസിൽ കുടുക്കി അറസ്റ്റ് ചെയ്യാനുള്ള ബിജെപിയുടെ നീക്കങ്ങൾക്ക് കരുവായത് ഇലക്ടറൽ ബോണ്ടുകൾ തന്നെ എന്ന് വ്യക്തം. മൊത്തത്തിൽ റെഡ്ഡിയുടെ കമ്പനി വാങ്ങിയ ഇലക്ടറൽ ബോണ്ടുകളുടെ 66 ശതമാനവും പോയിരിക്കുന്നത് ബി.ജെ.പി.ക്ക് തന്നെ.

കള്ളപ്പണത്തിനെതിരെ സന്ധിയില്ലാപോരാട്ടം നടത്തുന്നുവെന്ന (വ്യാജ) ബോധം സൃഷ്ടിക്കുകയും അതേ-സമയം തന്നെ കള്ളപ്പണക്കാരുടെ പങ്കു പറ്റി അവരെ വിശുദ്ധരാക്കുകയും ചെയ്യുന്ന ഉളുപ്പില്ലായ്മ സവർക്കറുടെ പിന്മുറക്കാർക്ക് മാത്രം സ്വന്തമാക്കാൻ കഴിയുന്ന സവിശേഷതയാവാം.

സാന്റിയാഗോ മാർട്ടിനും 
പ്രാദേശിക പാർട്ടികളും
ഏറ്റവും കൂടുതൽ ഇലക്ടറൽ ബോണ്ടുകൾ വാങ്ങിക്കൂട്ടിയ ഫ്യൂച്ചർ ഗെയിമിംഗ് ആൻഡ് ഹോട്ടൽ സർവീസസ് എന്ന കമ്പനിയുടെ ഉടമയാണ് തമിഴ്നാട്ടുകാരനായ സാന്റിയാഗോ മാർട്ടിൻ. ഇന്ത്യയിൽ ലോട്ടറി വ്യാപാരം നിയമവിധേയമായി നടക്കുന്ന 13 സംസ്ഥാനങ്ങളിൽ ഒന്നാണ് പശ്ചിമ ബംഗാൾ. സാന്റിയാഗോ മാർട്ടിന്റെ ഡിയർ ലോട്ടറി നിലവിലുള്ള മൂന്നു സംസ്ഥാനങ്ങളിൽ ഒന്നും ബംഗാൾ തന്നെ. സിക്കിമും നാഗാലാൻഡുമാണ് മറ്റ് രണ്ട് സംസ്ഥാനങ്ങൾ. തന്റെ ബിസിനസ്സിന്റെ ഒരു പ്രധാന കേന്ദ്രമായ ബംഗാൾ ഭരിക്കുന്ന രാഷ്ട്രീയ പ്രസ്ഥാനമെന്ന നിലയിൽ തൃണമൂലിനെ പ്രീതിപ്പെടുത്തേണ്ടത് മാർട്ടിന്റെ പ്രധാന ആവശ്യങ്ങളിലൊന്നായിത്തീർന്നു. 2021- ഡിസംബറിനും 2022 ആഗസ്തിനുമിടയിൽ മൂന്ന് തൃണമൂൽ നേതാക്കൾക്കും അവരുടെ കുടുംബാഗംങ്ങൾക്കും ലോട്ടറി അടിക്കുകയുണ്ടായി (ഈ ഭാഗ്യം ഒറ്റയടിക്കങ്ങ് വരുന്ന ഓരോ വഴികളേ!). ഇത് ഏറെ വിവാദങ്ങൾക്ക് വഴിവെക്കുകയും നിരവധി അന്വേഷണങ്ങൾക്ക് വഴിതുറക്കുകയും ചെയ്തു. തൃണമൂൽ കോൺഗ്രസിന്റെ ദാതാക്കളിൽ പ്രധാനിയാണ് മാർട്ടിൻ. ബോണ്ടുകൾ വഴിയുള്ള തൃണമൂലിന്റെ സമ്പാദ്യത്തിന്റെ 33.7% മാർട്ടിന്റെ ഫ്യുച്ചർ ഗെയിമിംഗിൽ നിന്നാണ് എന്ന് കണക്കുകൾ കാണിക്കുന്നു.

സ്വന്തം സംസ്ഥാനത്തെ ഭരണകക്ഷിയായ ഡിഎംകെയാണ് ഫ്യൂച്ചർ ഗെയിമിംഗിന്റെ ലിസ്റ്റിൽ രണ്ടാമത്. 503 കോടി രൂപയുടെ ബോണ്ടുകളാണ് ഡിഎംകെ-യ്-ക്ക് ഇവരിൽ നിന്ന് ലഭിച്ചിട്ടുള്ളത്. ഡി.എം.കെ കുടുംബവുമായി വളരെ അടുത്ത ബന്ധം പുലർത്തുന്ന മാർട്ടിന്, പക്ഷേ-, തമിഴ്നാട്ടിൽ നിലനിൽക്കുന്ന ലോട്ടറി നിരോധനത്തിനെതിരെ എം.കെ. സ്റ്റാലിൻ സർക്കാരിനെ സ്വാധീനിക്കാൻ ഇതുവരെ സാധിച്ചിട്ടില്ല. തൃണമൂലും ഡി.എം.കെയും കഴിഞ്ഞാൽ ഏറ്റവും കൂടുതൽ ബോണ്ടുകൾ ഫ്യുച്ചർ ഗെയിമിംഗ് വാങ്ങിയിരിക്കുന്നത് ജഗൻ മോഹൻ റെഡ്ഡിയുടെ വൈ.എസ്.ആർ. കോൺഗ്രസ് പാർട്ടിക്ക് വേണ്ടിയാണ്. ലോട്ടറി മാർട്ടിന്റെ ഇടപാടുകളിൽ ഏറ്റവും കൗതുകകരം ആന്ധ്രയിലെ വൈ.എസ്.ആർ.സി.പി. ക്കുള്ള സംഭാവനയാണ്. കാരണമെന്തെന്നാൽ, ആന്ധ്രയിൽ ലോട്ടറി നിയമവിരുദ്ധമാണ്. 2020-നും 2021-നുമിടയിലാണ് മാർട്ടിൻ വൈ.എസ്.ആർ.സി.പി.ക്ക് 150 കോടി രൂപയിലുപരി വരുന്ന സംഭാവന നൽകുന്നത്. ഈ കാലയളവിലാണ് കോവിഡ് കാരണം സാമ്പത്തിക ഞെരുക്കം അനുഭവപ്പെട്ട ആന്ധ്ര സംസ്ഥാനം ലോട്ടറികളും, വിശാഖപട്ടണം കേന്ദ്രീകരിച്ച് ഗോവയിലെ പോലെ കസീനോകളും, അനുവദിച്ച് കൂടുതൽ പണം സമ്പാദിക്കുന്നതിനെപ്പറ്റി പഠിക്കാൻ സജ്ജല രാമകൃഷ്ണ റെഡ്ഡിയുടെ നേതൃത്വത്തിൽ ഒരു കമ്മിറ്റി രൂപീകരിച്ചത്. ഒടുവിൽ ഈ നിർദേശം മുഖ്യമന്ത്രി ജഗൻ മോഹൻ റെഡ്ഡിയുടെ പ്രതിച്ഛായയ്ക്ക് മങ്ങലേൽപ്പിക്കുമെന്നും സ്ത്രീ വോട്ടർമാരുടെ പിന്തുണ നഷ്ടപ്പെടുകയും ചെയ്യുമെന്ന നിഗമനത്തിന്മേൽ കമ്മിറ്റി നടപ്പിലാക്കാൻ അനുവദിച്ചില്ല. ആന്ധ്രയിൽ തനിക്ക് അനുകൂലമായ നയപരിപാടി നടപ്പിലാക്കിക്കാനുള്ള ശ്രമമായിരുന്നിരിക്കണം മാർട്ടിന്റെ സംഭാവന. ഇതുകൂടാതെ സിക്കിം ക്രാന്തികാരി മോർച്ച പോലെയുള്ള പ്രാദേശിക പാർട്ടികൾക്കും ഫ്യുച്ചർ ഗെയിമിംഗ് പണം ബോണ്ടുകൾ വഴി സംഭാവന ചെയ്തിട്ടുണ്ട്. ബി.ജെ.പി ക്കും 100 കോടി രൂപയുടെ ബോണ്ടുകൾ മാർട്ടിനിൽ നിന്ന് ലഭിച്ചിട്ടുണ്ടെങ്കിലും മാർട്ടിന്റെ പ്രാഥമിക പരിഗണന തന്റെ ബിസിനസ് വളരാൻ സാഹചര്യമുള്ള സംസ്ഥാനങ്ങളിലെ രാഷ്ട്രീയ കക്ഷികളിലാണ്. മാർട്ടിൻ വിവിധ രാഷ്ട്രീയ പാർട്ടികൾക്കായി സംഭാവന ചെയ്ത ഇലക്ടറൽ ബോണ്ടുകളുടെ ശതമാനക്കണക്ക് അറിയാൻ ചിത്രം 2 പരിശോധിക്കുക.

കോൺഗ്രസ്സും വേദാന്ത ഗ്രൂപ്പും
വേദാന്ത ഗ്രൂപ്പ് ബി.ജെ.പിയുടെ പ്രധാന ദാതാക്കളിൽ ഒരാളാണെന്ന് നേരത്തെ സൂചിപ്പിച്ചിരുന്നു. എന്നാൽ വേദാന്തയുടെ ബോണ്ടുകൾ കോൺഗ്രസ്സും പണമാക്കിയിട്ടുണ്ട്. വേദാന്ത അനധികൃതമായി ഏറെ ഇളവുകൾ സമ്പാദിക്കുകയും പരിസ്ഥിതി മാനദണ്ഡങ്ങൾ പാലിക്കാതെ പദ്ധതികൾക്ക് അനുമതി നേടിയെടുക്കുകയും ചെയ്ത കാര്യം നേരത്തെ പറഞ്ഞുവല്ലോ. ഈ കാലയളവിൽ വേദാന്തയുടെ പ്രധാന കർമ്മഭൂമികളിൽ ഒന്നായിരുന്ന രാജസ്-താൻ ഭരിച്ചിരുന്നത് അശോക് ഗെലോട്ടിന്റെ നേതൃത്വത്തിലുള്ള കോൺഗ്രസ് സർക്കാർ ആയിരുന്നു. വേദാന്ത ഗ്രൂപ്പ് ചെയർമാൻ അനിൽ അഗർവാൾ രാജസ്താനിലെ നിക്ഷേപ സാധ്യതകളെപ്പറ്റി മുഖ്യമന്ത്രി ഗെലോട്ടുമായി ചർച്ച നടത്തുന്നത് 2021-ഡിസംബറിലാണ്. 2022 ജനുവരിയിൽ വേദാന്ത 21 കോടി രൂപയും, 2022- ജൂലൈയിൽ 20 കോടി രൂപയും, 2022 നവംബറിൽ 10 കോടി രൂപയും കോൺഗ്രസ്സിന് ഇലക്ടറൽ ബോണ്ടുകൾ വഴി സംഭാവന നൽകിയിട്ടുണ്ട്.

ഈ കാലയളവിലാണ് വേദാന്തയുടെ കെയ്ൻ ഓയിൽ ആൻഡ് ഗ്യാസ് എന്ന കമ്പനി രാജസ്താനിലെ ബാർമേർ പ്രദേശത്ത് പ്രദേശവാസികളിൽ നിന്ന് ഏറെ ചെറുത്തുനിൽപ്പുകൾ നേരിട്ടത്. കെയ്ൻ കമ്പനിയുടെ പ്രവർത്തനങ്ങൾ കാരണം കുടിവെള്ളം മലിനമാകുന്നതും കൃഷിഭൂമി തരിശായി മാറുന്നതുമായിരുന്നു ബഹുജന പ്രക്ഷോഭത്തിന്റെ കാതൽ. ഈ പ്രക്ഷോഭ തടസ്സങ്ങളെയൊക്കെ മറികടക്കാൻ ബി.ജെ.പി യിൽ നിന്ന് ഏറെ പരിഗണന ലഭിച്ച വേദാന്തയ്ക്ക് കോൺഗ്രസ്സിൽ നിന്നും ഏതാണ്ട് അതേ ഗുണാനുഭവങ്ങൾ ഇക്കാലത്ത്‌ ലഭിച്ചിട്ടുണ്ട്. അതിനുള്ള പ്രതിഫലം കൂടിയാണ് കോൺഗ്രസിന് വേദാന്ത സംഭാവന ചെയ്ത 125 കോടി രൂപയുടെ ബോണ്ടുകൾ. അധികാരത്തിലിരിക്കുന്നിടങ്ങളിൽ കർഷകരും തൊഴിലാളികളുമടങ്ങുന്ന സാധാരണക്കാർ നേരിടുന്ന ജീവിതപ്രശ്നങ്ങൾ പാടേ അവഗണിച്ച് വൻ ബിസിനസ്സുകളുമായി കൈകോർക്കുന്ന ബി.ജെ.പി. നയം തന്നെയാണ് കോൺഗ്രസ്സിനുമുള്ളതെന്ന് അടിവരയിടുന്നതാണ് ഇത്തരം സംഭവങ്ങൾ.

ഇലക്ടറൽ ബോണ്ടും
 ഭാരത് രാഷ്ട്ര സമിതിയും
തെലുങ്കാന രാഷ്ട്ര സമിതി എന്ന പാർട്ടി ഭാരത് രാഷ്ട്ര സമിതിയായി രൂപാന്തരപ്പെട്ടിട്ട് അധിക കാലമാകുന്നില്ല. മഹാരാഷ്ട്രയിൽ തിരഞ്ഞെടുപ്പിൽ മത്സരിച്ചതോടെ ഭാരത് രാഷ്ട്ര സമിതിക്ക് തെലങ്കാനയ്ക്ക് പുറത്തേക്കുള്ള വാതിൽ തുറന്ന് കിട്ടിയിരിക്കുയാണ്. ഭരണത്തിലിരുന്ന കാലത്ത്‌ തങ്ങൾ ചെയ്തുകൊടുത്ത സഹായങ്ങൾക്കുള്ള പ്രതിഫലമെന്ന് തോന്നിപ്പിക്കുന്ന നിരവധി ബോണ്ട് ഇടപാടുകൾ ബി.ആർ.എസ് നടത്തിയിട്ടുണ്ട്. ഉദാഹരണത്തിന്, ഐ.ആർ.ബി. ഇൻഫ്രാ എന്ന കമ്പനിക്ക് 2023 ഏപ്രിൽ 27-നാണ് ബി.ആർ.എസ് സർക്കാർ ഹൈദരാബാദിലെ ഔട്ടർ റിങ് റോഡിന്റെ അറ്റകുറ്റപ്പണിക്കുള്ള 30 വർഷത്തെ കരാർ അനുവദിക്കുന്നത്. അതേ വർഷം ജൂലൈ 4ന് 25 കോടി രൂപയുടെ ബോണ്ടുകൾ ഈ കമ്പനി വാങ്ങുകയും ബി.ആർ.എസ് അത് ജൂലൈ 13-ന് പണമാക്കുകയും ചെയ്തിട്ടുണ്ട്. ഇതുപോലെ തന്നെയുള്ള ഇടപാടായിരുന്നു കേരള വ്യവസായി സാബു ജേക്കബിന്റെ കിറ്റെക്സ് ഗാർമെന്റ്സുമായി ബിആർഎസ് നടത്തിയത്. 2023 സെപ്തംബർ 28-ന് കിറ്റെക്സിന്റെ രണ്ടാമത്തെ യൂണിറ്റ് തെലങ്കാനയിലെ രംഗറെഡ്ഡി ജില്ലയിൽ സ്ഥാപിച്ച് കുറച്ച് ദിവസങ്ങൾക്കുള്ളിൽ തന്നെ (ഒക്ടോബർ 12ന്) കിറ്റെക്സ് ചിൽഡ്രൺവെയർ 10 കോടി രൂപയുടെ ബോണ്ടുകൾ വാങ്ങുകയും ഒക്ടോബർ 16ന് ബിആർഎസ് അത് പണമാക്കുകയും ചെയ്തു.

ഹൈദരാബാദ് കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന നിരവധി ഫാർമാ കമ്പനികളും ബി.ആർ.എസ്സിന്റെ ദാതാക്കളിൽ പ്രമുഖരാണ്. ഡോ. റെഡ്ഡീസ് ലബോറട്ടറീസ് മൊത്തം വാങ്ങിയ 84 കോടി രൂപയുടെ ബോണ്ടുകളിൽ 32 കോടി രൂപയുടെ ബോണ്ടുകളും ലഭിച്ചിരിക്കുന്നത് ബിആർഎസ്സിനാണ്. നാറ്റ്കോ എന്ന ഫാർമ കമ്പനിയുടെ 69 കോടി രൂപയുടെ ബോണ്ടുകളിൽ 20 കോടി രൂപയുടെ ബോണ്ടുകളും കൈവന്നത് ബിആർഎസ്സിനാണ്.

അഴിമതികളുടെ 
ഒടുങ്ങാത്ത കറ
ഇന്ത്യൻ ജനാധിപത്യത്തിന്റെ ഭാവിയെ ഗൗരവപൂർവ്വം സമീപിക്കുന്ന ജനാധിപത്യസ്നേഹികളെ അസ്വസ്ഥരാക്കുന്നതാണ് ഇലക്ടറൽ ബോണ്ടുകൾ സംബന്ധിച്ച് ഇതുവരെ പുറത്തുവന്ന വിവരങ്ങൾ. കേന്ദ്രത്തിൽ കഴിഞ്ഞ 10 വർഷമായി അധികാരം കൈയാളുകയും അധികാര സ്ഥാപനങ്ങളെ തങ്ങളുടെ രാഷ്ട്രീയ ലക്ഷ്യങ്ങൾ നിറവേറ്റുന്നതിനായി ഉപയോഗിക്കുകയും ചെയ്യുന്ന ബി.ജെ.പി ഏറ്റവും സാമ്പത്തിക ശേഷിയുള്ള രാഷ്ട്രീയ പാർട്ടിയാവുകയും അതിലൂടെ അവരുടെ രാഷ്ട്രീയ അധികാരം ഊട്ടിയുറപ്പിക്കാൻ ശ്രമിക്കുകയും ചെയ്യുന്നതാണ് ഇലക്ടറൽ ബോണ്ട് വിഷയത്തിൽ നമുക്കു കാണാൻ സാധിക്കുന്നത്. കഴിഞ്ഞ 10 വർഷങ്ങൾ ഇന്ത്യൻ ജനാധിപത്യത്തിലെ കൂറുമാറ്റങ്ങളുടെ കാലം കൂടിയായിരുന്നു. ധാർമികതയുടെ കണിക പോലുമില്ലാതെ, ജനവിധികൾക്ക് പുല്ലുവില കൽപ്പിച്ച്, ജനാധിപത്യത്തെ പണാധിപത്യമാക്കി മാറ്റിയ രാഷ്ട്രീയ നാടകങ്ങൾ അരങ്ങു തകർത്ത 10 വർഷങ്ങൾ! ഓരോ ജനപ്രധിനിധിക്കും മുപ്പതും നാല്പതും കോടി രൂപയൊക്കെ വീതം കൊടുക്കാൻ മാത്രം പണം ബിജെപിക്ക് എവിടെ നിന്നാണെന്ന് അന്ധാളിച്ചു പോയ ഒരു ജനതയ്ക്കുള്ള മറുപടി കൂടിയാണ് ആൽഫ ന്യൂമെറിക് കോഡുകൾ സംബന്ധിച്ച വിവരങ്ങൾ പുറത്തുവന്നതോടുകൂടി വെളിവായിരിക്കുന്നത്.

ചെറുതെന്നോ വലുതെന്നോ ഭേദമില്ലാതെ അധികാരം കയ്യാളുന്ന ബൂർഷ്വാ പാർട്ടികൾ പണം കൈപ്പറ്റാനുള്ള ഒരു മാർഗമായി ഇലക്ടറൽ ബോണ്ടുകളെ കണ്ടിരുന്നുവെന്ന് സമർത്ഥിക്കുന്നതാണ് ഏറ്റവും പുതിയ വെളിപ്പെടുത്തലുകൾ. ഇതിനായി വ്യവസായികളെ പലവിധ അന്വേഷണങ്ങൾക്ക് വിധേയരാക്കി ഭയപ്പെടുത്തുകയോ, അല്ലെങ്കിൽ സംഭാവന സ്വീകരിച്ച ശേഷം ബിജെപിക്കു സ്വീകാര്യമായ നയങ്ങൾ കൈക്കൊണ്ടവരെ പ്രീണിപ്പിക്കുകയോ, ചെയ്യുന്ന പ്രവണതയാണ് കണ്ടുവരുന്നത്. ജനങ്ങൾക്കുവേണ്ടി ജനങ്ങളാൽ തിരഞ്ഞെടുക്കപ്പെടുന്ന സർക്കാർ എന്നത് മാറി പണക്കാർക്കു വേണ്ടി പണക്കാരാൽ നിയോഗിക്കപ്പെട്ട് ജനങ്ങളെ വിഡ്ഢികളാക്കുന്ന സർക്കാർ എന്നതാണ് ജനാധിപത്യത്തിന്റെ മാതൃത്വം അവകാശപ്പെടുന്ന ഇന്ത്യയുടെ ‘മോദി’ക്കാലത്തിന്റെ മുഖമുദ്ര! ഇതിന് തടയിടാൻ ഇലക്ടറൽ ബോണ്ടുകൾ റദ്ദാക്കിയ സുപ്രീം കോടതി വിധി സഹായിക്കുമെന്നതിൽ സംശയമില്ല. എന്നാൽ വൻകിട ബിസിനസ്സുകാർ നൽകുന്ന പണം കൈപ്പറ്റാനുള്ള ഒരു മാർഗം മാത്രമാണ് ഇലക്ടറൽ ബോണ്ടുകൾ ഇല്ലാതാവുന്നതോടെ അടയുന്നത്. യഥാർത്ഥ മാറ്റത്തിന് വഴിതുറക്കാൻ ഇടത്- ജനാധിപത്യ ശക്തികളുടെ പോരാട്ടങ്ങൾ ഇനിയും തുടരേണ്ടതുണ്ട്.

ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

1 × 5 =

Most Popular