Tuesday, December 3, 2024

ad

Homeഇവർ നയിച്ചവർസി പി കരുണാകരൻപിള്ള എന്ന സി പി ആശാൻ

സി പി കരുണാകരൻപിള്ള എന്ന സി പി ആശാൻ

ഗിരീഷ്‌ ചേനപ്പാടി

കൊല്ലം ജില്ലയിൽ കമ്യൂണിസ്റ്റ്‌ പ്രസ്ഥാനത്തിന്‌ അടിത്തറയിട്ട പ്രമുഖ നേതാക്കളിലൊരാളാണ്‌ സി പി കരുണാകരൻ പിള്ള. സി പി ആശാൻ എന്ന്‌ പരക്കെ അറിയപ്പെട്ട അദ്ദേഹം അസാമാന്യമായ സംഘടനാപാടവത്തിനുടമയായിരുന്നു. പ്രതിസന്ധി ഘട്ടങ്ങളിൽ പാർട്ടിക്ക്‌ ധീരമായ നേതൃത്വം നൽകിയ അദ്ദേഹം ജില്ലയിൽ സിപിഐ എമ്മിനും വർഗ‐ബഹുജനസംഘടനകൾക്കും വേരോട്ടമുണ്ടാക്കുന്നതിൽ നിർണായകമായ പങ്കാണ്‌ വഹിച്ചത്‌. നിരവധി തൊഴിലാളി‐കർഷകസമരങ്ങൾക്ക്‌ നേതൃത്വം നൽകിയ സി പി ആശാൻ ഒട്ടനവധി ക്രൂര മർദനങ്ങൾക്കിരയായി; പലതവണ ജയിൽവാസമനുഷ്‌ഠിച്ചു. കേഡർമാരെ കണ്ടെത്തുന്നതിനും അവരുടെ ശേഷിക്കനുസരിച്ച്‌ പാർട്ടി ജോലികൾ ഏൽപ്പിക്കുകയും ചെയ്യുന്നതിൽ സി പി ആശാനുള്ള കഴിവ്‌ അപാരമായിരുന്നുവെന്ന്‌ അദ്ദേഹത്തിന്റെ സമകാലികരും അടുത്ത തലമുറയിൽപെട്ടവരും ആവർത്തിച്ച്‌ സാക്ഷ്യപ്പെടുത്തിയിട്ടുണ്ട്‌.

1924ൽ കോവൂരിലെ സമ്പന്ന കുടുംബമായ ചെമ്പക പുത്തൻവീട്ടിലാണ്‌ കരുണാകരൻ പിള്ള ജനിച്ചത്‌. കുട്ടിയായിരിക്കുമ്പോൾ തന്നെ അനീതിയോട്‌ ഒരു കാരണവശാലും സമരസപ്പെടുന്ന പ്രകൃതമായിരുന്നില്ല അദ്ദേഹത്തിന്റേത്‌. ജന്മിമാരും ഗുണ്ടകളും കുടിയാന്മാരുൾപ്പെടെയുള്ള പാവപ്പെട്ട ജനവിഭാഗങ്ങൾക്കുനേരെ അക്രമങ്ങൾ നടത്തുന്നത്‌ കണ്ടാണ്‌ ആ കുട്ടി വളർന്നത്‌.

തൊഴിലാളികളോടും അടിച്ചമർത്തപ്പെടുന്നവരോടും ദുരിതം സഹിക്കുന്ന മറ്റു ജനവിഭാഗങ്ങളോടുമുള്ള അനുതാപം അദ്ദേഹത്തിൽ വളർന്നു. തൊട്ടുകൂടായ്‌മ, തീണ്ടിക്കൂടായ്‌മ തുടങ്ങിയ സാമൂഹ്യ തിന്മകളെയും അദ്ദേഹം വെറുത്തു.

തിരുവിതാംകൂർ സ്‌റ്റേറ്റ്‌ കോൺഗ്രസ്‌ നടത്തിവന്ന പ്രക്ഷോഭങ്ങളോട്‌ തികഞ്ഞ ആഭിമുഖ്യമായിരുന്നു അദ്ദേഹത്തിനുണ്ടായിരുന്നത്‌. സ്വാതന്ത്ര്യസമരത്തിന്റെ ഭാഗമായി നടന്നുവന്ന പ്രക്ഷോഭങ്ങളിൽ അദ്ദേഹം ആവേശത്തോടെ പങ്കെടുത്തു. ഹൈസ്‌കൂൾ വിദ്യാഭ്യാസം പൂർത്തിയാക്കുന്നതിനു മുമ്പുതന്നെ പഠനം ഉപേക്ഷിച്ച അദ്ദേഹം കോൺഗ്രസിന്റെ സജീവ പ്രവർത്തകനായി. സോഷ്യലിസത്തോട്‌ അവാച്യമായ അഭിനിവേശം പ്രകടിപ്പിച്ച അദ്ദേഹം കോൺഗ്രസ്‌ സോഷ്യലിസ്റ്റ്‌ പാർട്ടിയിലേക്ക്‌ ആകർഷിക്കപ്പെട്ടു. എന്നാൽ കെഎസ്‌പിയുടെ സജീവ പ്രവർത്തകനായി അദ്ദേഹം വളരെ വേഗം മാറി.

ചവറ മിനറൽ വർക്കേഴ്‌സ്‌ സമരം
ചവറ പാർവതി മിൽ സമരം കരുണാകരൻപിള്ളയുെടെ ജീവിതത്തിലെ വഴിത്തിരിവായിരുന്നുവെന്നു പറയാം. ചവറയിൽ മണൽ ഖനനരംഗത്ത്‌ എഫ് എക്‌സ്‌ പെരേര ആൻഡ്‌ സൺസ്‌, ഹോപ്‌കിൻസ്‌ ആൻഡ്‌ വില്യംസ്‌, ടിഎംപി, എംഎ കമ്പനി തുടങ്ങിയ നിരവധി കമ്പനികൾ പ്രവർത്തിച്ചിരുന്നു. ഖനനവുമായി ബന്ധപ്പെട്ടുള്ള ജോലികളിൽ നിരവധി തൊഴിലാളികളാണ്‌ മേൽപറഞ്ഞ കമ്പനികളിൽ ജോലിചെയ്‌തിരുന്നത്‌. ട്രാവൻകൂർ മിനറൽ വർക്കേഴ്‌സ്‌ യൂണിയന്റെ നേതൃത്വത്തിൽ നിരവധി തൊഴിലാളികളെ സംഘടിപ്പിക്കാൻ സാധിച്ചിരുന്നു. കണ്ണൻ തോട്ടത്തിൽ ജനാർദനൻ നായരായിരുന്നു യൂണിയന്റെ പ്രസിഡന്റ്‌. അദ്ദേഹത്തിന്റെ നിര്യാണശേഷം എൻ ശ്രീകണ്‌ഠൻനായർ യൂണിയൻ പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ടു.

1948ൽ ഹോപ്‌കിൻസ്‌ ആൻഡ്‌ വില്യംസ്‌ കമ്പനിയിൽ വൻ സമരം നടന്നു. കൂലിക്കൂടുതൽ നൽകണമെന്നും ഡിഎയും ബോണസും നിശ്ചയിക്കണമെന്നും അവയൊക്കെ നിഷേധിക്കുന്ന ഉപകരാർ സമ്പ്രദായം അവസാനിപ്പിക്കണമെന്നും ആവശ്യപ്പെട്ടായിരുന്നു പ്രക്ഷോഭം. കരിമണൽ കൊണ്ടുപോകാൻ കപ്പൽ എത്തി. എന്നാൽ കപ്പലിലേക്ക്‌ മണൽ കൊണ്ടുപോകാൻ തങ്ങൾ ഒരു കാരണവശാലും അനുവദിക്കില്ലെന്ന ഉറച്ച നിലപാടുമായി തൊഴിലാളികൾ രംഗത്തെത്തി. അവർക്ക്‌ പിന്തുണയുമായി സമീപപ്രദേശങ്ങളിലെ തൊഴിലാളികളുമെത്തി. സമീപപ്രദേശങ്ങളിലെ ബഹുജനങ്ങളും സമരക്കാർക്ക്‌ പിന്തുണയുമായി എത്തി. അവർക്ക്‌ ഖനനം മൂലം കുടിവെള്ളം ലഭ്യമാകാത്ത സ്ഥിതിയുണ്ടായി. ഗവൺമെന്റ്‌ ഇടപെട്ട്‌ പ്രശ്‌നങ്ങൾക്ക്‌ പരിഹാരമുണ്ടാക്കി. ബോണസുമായി ബന്ധപ്പെട്ട് ഉയർന്നുവന്ന തർക്കങ്ങൾ അഡ്‌ജുഡിക്കേഷന്‌ വിട്ടു. മൂന്നുവർഷങ്ങളിലെ ബോണസ്‌ 16.33 ശതമാനമായി തീരുമാനിക്കപ്പെട്ടു. ഈ സമരം തൊഴിലാളികളുടെ ആത്മവിശ്വാസം വൻതോതിൽ വർധിപ്പിച്ചു.

1949ൽ കൊല്ലം എഡി കോട്ടൺമില്ലിൽ നടന്ന സമരം ചരിത്രപ്രധാനമായിരുന്നു. എഡി കോട്ടൺ മില്ലിലെ തൊഴിലാളികൾ അവരുടെ ന്യായമായ ആവശ്യങ്ങളുന്നയിച്ച്‌ പണിമുടക്കാരംഭിച്ചു. പണിമുടക്കിയ തൊഴിലാളികൾ നടത്തിയ പ്രകടനത്തിനുനേരെ പൊലീസ്‌ അതിക്രൂരമായ മർദനമുറകളാണ്‌ അഴിച്ചുവിട്ടത്‌. യൂണിയൻ പ്രസിഡന്റ്‌ എൻ ശ്രീകണ്‌ഠൻനായർ ഉൾപ്പെടെയുള്ള നേതാക്കൾക്ക്‌ ഗുരുതരമായ പരിക്കേറ്റു. ബേബി ജോൺ, സി പി കരുണാകരൻപിള്ള എന്നിവരുൾപ്പെടെയുള്ളവർക്ക്‌ പരിക്കേറ്റു. സി പി കരുണാകരൻപിള്ള ഉൾപ്പെടെയുള്ളവരെ പൊലീസ്‌ കസ്റ്റഡിയിലെടുത്തു. കേസിൽ ഉൾപ്പെട്ടവർക്ക്‌ ആറുമാസം മുതൽ മൂന്നുവർഷം വരെ തടവുശിക്ഷ ലഭിച്ചു. ലോക്കപ്പിൽ ക്രൂരമായ മർദനങ്ങളാണ്‌ സി പി ഉൾപ്പെടെയുള്ളവർക്ക്‌ ഏറ്റുവാങ്ങേണ്ടിവന്നത്‌. കൊച്ചുപിള്ള ചെട്ടിയാർ എന്ന പ്രവർത്തകൻ ലോക്കപ്പ്‌ മർദനത്തിൽ രക്തസാക്ഷിയായി.

ഈ സംഭവത്തിനുശേഷം സി പി കരുണാകരൻപിള്ള കമ്യൂണിസ്റ്റ്‌ പാർട്ടിയുമായി ഏറെ അടുത്തു. 1950ൽ അദ്ദേഹം പാർട്ടി അംഗമായി. തൊഴിലാളികളെ സംഘടിപ്പിക്കുകയെന്ന ദൗത്യമാണ്‌ പാർട്ടി അദ്ദേഹത്തെ ഏൽപിച്ചത്‌; കരുനാഗപ്പള്ളി താലൂക്ക്‌ കേന്ദ്രീകരിച്ച്‌ പ്രവർത്തിക്കാൻ നിർദേശിക്കപ്പെട്ടു. വിവിധ മേഖലകളിലെ തൊഴിലാളികളെ സംഘടിപ്പിക്കാൻ അദ്ദേഹം അഹോരാത്രം പാടുപെട്ടു.

പട്ടകടവ്‌ ഐഎൻപി എന്ന കശുവണ്ടി ഫാക്ടറിയിലെ തൊഴിലാളികളെ സി പി സംഘടിപ്പിച്ചു. മാനേജ്‌മെന്റും ഗുണ്ടകളും പല ഭീഷണികളും നടത്തി. എന്നാൽ അവയൊക്കെ അദ്ദേഹം പാടേ അവഗണിച്ചു. തൊഴിലാളികളെ സംഘടിപ്പിച്ചതിന്റെ പേരിൽ സി പിയുടെ വീട്‌ ഫാക്ടറി ഉടമകളും അവരുടെ ഗുണ്ടകളും ചേർന്ന്‌ ആക്രമിച്ചു. കശുവണ്ടിത്തൊഴിലാളികളുടെ അനിഷേധ്യ നേതാവായിരുന്ന അദ്ദേഹം കാഷ്യൂ വർക്കേഴ്‌സ്‌ സെന്ററിന്റെ സ്ഥാപക പ്രസിഡന്റായിരുന്നു. കശുവണ്ടി തൊഴിലാളികളെ മാത്രമല്ല, പ്രൈവറ്റ്‌ ബസ്‌ തൊഴിലാളികൾ, ഓട്ടുതൊഴിലാളികൾ, ചെത്തുതൊളിലാളികൾ തുടങ്ങി വിവിധ മേഖലകളിലെ തൊഴിലാളികളെ സംഘടിപ്പിക്കുന്നതിന്‌ അദ്ദേഹം മുൻനിന്നു പ്രവർത്തിച്ചു. പ്ലാന്റേഷൻ രംഗത്ത്‌ പ്രവർത്തിക്കുന്നവരെയും അദ്ദേഹം സംഘടിപ്പിച്ചു. ഈ യൂണിയനുകളുടെയെല്ലാം താലൂക്ക്‌ പ്രസിഡന്റായി പ്രവർത്തിച്ചത്‌ സി പി ആശാനാണ്‌. അതത്‌ മേഖലകളിലെ സവിശേഷമായ പ്രശ്‌നങ്ങൾ മനസ്സിലാക്കി തൊഴിലാളികളുടെ ആവശ്യങ്ങളുന്നയിച്ച്‌ സമരങ്ങൾക്ക്‌ അദ്ദേഹം സജീവമായി നേതൃത്വം നൽകി. അവിഭക്ത കമ്യൂണിസ്റ്റ്‌ പാർട്ടിയുടെ ജില്ലയിലെ തന്നെ പ്രധാന നേതാക്കളിലൊരാളായ അദ്ദേഹം പ്രഗത്ഭനായ ട്രേഡ്‌ യൂണിയനിസ്റ്റായി വളരെവേഗം അറിയപ്പെട്ടു. എഐടിയുസിയുടെ ജില്ലയിലെ സമുന്നത നേതാക്കളിലൊരാൾ അദ്ദേഹമായിരുന്നു.

ചവറ തെക്കുംഭാഗം സംഭവം
ചവറ തെക്കുംഭാഗം പ്രദേശത്ത്‌ കമ്യൂണിസ്റ്റ്‌ പാർട്ടിയോട്‌ ആഭിമുഖ്യമുള്ള നിരവധി കുടുംബങ്ങൾ ഉണ്ടായിരുന്നു. കമ്യൂണിസ്റ്റ്‌ പാർട്ടി പ്രവർത്തകർക്കും അനുഭാവികൾക്കും നേരെ അതിശക്തമായ ആക്രമണമാണ്‌ കോൺഗ്രസ്‌ ഗുണ്ടകൾ നടത്തിവന്നത്‌. പാർട്ടി പ്രവർത്തകരെ കയ്യേറ്റം ചെയ്യുക എന്നത്‌ കോൺഗ്രസ്‌ ഗുണ്ടകളുടെ സ്ഥിരം പരിപാടിയായി മാറി. പാട്ട്രി പ്രവർത്തകരുടെ വീടുകൾക്കും സ്‌ത്രീകളും കുട്ടികളും വൃദ്ധരും ഉൾപ്പെടെയുള്ള അവരുടെ കുടുംബാംഗങ്ങൾക്കും നേരെ നിരന്തരം ആക്രമണങ്ങൾ അവർ അഴിച്ചുവിട്ടു. കോൺഗ്രസ്‌ നേതാക്കളുടെയും ജന്മിമാരുടെയും നേതൃത്വത്തിൽ നടന്ന ഈ മുഷ്‌ക്കിനെ എന്തു വിലകൊടുത്തും നേരിടുകയെന്ന്‌ കമ്യൂണിസ്റ്റ്‌ പാർട്ടി തീരുമാനിച്ചു. സി പി കരുണാകരൻപിള്ളയുടെ നേതൃത്വത്തിലുള്ള സംഘം ഉശിരോടെ തെക്കുംഭാഗത്തെത്തി. അതോടെ കോൺഗ്രസ്‌ നേതാക്കളും ഗുണ്ടകളും ഭയന്നു. സി പിയുടെ നേതൃത്വത്തിലെത്തിയവരെ നേരിടാൻ ധൈര്യമില്ലാതെ പലരും പിന്മടങ്ങി.

പക്ഷേ ഭീരുക്കളായ കോൺഗ്രസുകാർ പൊലീസിൽ സ്വാധീനം ചെലുത്തി. അവിടെ പൊടുന്നനവെ എത്തിയ പൊലീസ്‌ സി പിയെ കസ്റ്റഡീയിലെടുത്തു. തെക്കുംഭാഗത്തുനിന്ന്‌ 15 മിനിട്ട്‌ മതി ചവറ പൊലീസ്‌ സ്‌റ്റേഷനിൽ എത്താൻ. നേരെ സ്‌റ്റേഷനിൽ കൊണ്ടുവരാതെ പൊലീസ്‌ ജീപ്പിലിരുത്തി ഭീകരമായി പൊലീസ്‌ സി പിയെ മർദിച്ചു. രണ്ടരമണിക്കൂറോളം കഴിഞ്ഞാണ്‌ അദ്ദേഹത്തെ ചവറ പൊലീസ്‌ പൊലീസ്‌ സ്‌റ്റേഷനിലെത്തിച്ചത്‌. ഇത്രയും സമരം പല പൊലീസുകാർ ചേർന്ന്‌ സി പിയെ ക്രൂരമായി മർദിക്കുകയായിരുന്നു.

കോൺഗ്രസുകാർ, ജന്മിമാർ, നാട്ടുപ്രമാണിമാർ, ഗുണ്ടകൾ ഇവരുടെയെല്ലാം നാനാവിധത്തിലുള്ള എതിർപ്പുകളെ നേരിട്ടാണ്‌ സി പി കമ്യൂണിസ്റ്റ്‌ പാർട്ടി സംഘടിപ്പിക്കാൻ മുന്നിട്ടിറങ്ങിയത്‌. ആർഎസ്‌പിക്കാരുടെ എതിർപ്പിനെയും ഇതേ സമയത്തുതന്നെ നേരിടേണ്ടിവന്നു.

1954ലെ ട്രാൻസ്‌പോർട്ട്‌ സമരം കേരളചരിത്രത്തിലെ പ്രത്യേകിച്ച്‌ സമരങ്ങളുടെ ചരിത്രത്തിലെ സുപ്രധാനമായ ഏടാണ്‌. അതിഭീകരമായ മർദനമുറകളാണ്‌ അന്നത്തെ സർക്കാർ ട്രാൻസ്‌പോർട്ട്‌ സമരത്തെ നേരിടാൻ പ്രയോഗിച്ചത്‌. കൊല്ലം ജില്ലയിലെ വിവിധ പ്രദേശങ്ങളിൽ ട്രാൻസ്‌പോർട്ട്‌ തൊഴിലാളികൾ നടത്തിയ പണിമുടക്കിനോട്‌ ആഭിമുഖ്യം പുലർത്തിക്കൊണ്ട്‌ പ്രകടനങ്ങളും പ്രതിഷേധയോഗങ്ങളും നടന്നു. സി പി ഉൾപ്പെടെയുള്ള നേതാക്കൾക്ക്‌ അതിക്രൂരമായ മർദനങ്ങളാണ്‌ ഏറ്റുവാങ്ങണ്ടിവന്നത്‌.

വിമോചനസമരകാലത്ത്‌ ജന്മിമാരുടെയും ഗുണ്ടകളുടെയും വിവിധ തരത്തിലുള്ള ഭീഷണികളെ അദ്ദേഹം ചെറുത്തുതോൽപിച്ചു. കമ്യൂണിസ്റ്റുകാരുടെ ഇച്ഛശക്തിക്കുമുന്നിൽ ഗുണ്ടകൾക്ക്‌ പിൻമടങ്ങുകയല്ലാതെ മറ്റു മാർഗമില്ലായിരുന്നു. സ്വന്തക്കാരുൾപ്പെടെയുള്ളവർ അതിശക്തമായ എതിർപ്പുമായി രംഗത്തുവന്നിട്ടും സി പി കുലുങ്ങിയില്ല.

1964ൽ പാർട്ടി ഭിന്നിച്ചപ്പോൾ സിപിഐ എമ്മിനൊപ്പം അടിയുറച്ചുനിന്ന നേതാക്കളുടെ മുൻപന്തിയിൽ സി പി കരുണാകരൻപിള്ളയുമുണ്ടായിരുന്നു. അവിഭക്ത കമ്യൂണിസ്റ്റ്‌ പാർട്ടിയുടെ ജില്ലയിലെ പ്രമുഖ നേതാക്കളായിരുന്ന ഇ ചന്ദ്രശേഖരൻനായർ, ശങ്കരനാരായണൻ തന്പി, തോപ്പിൽ ഭാസി തുടങ്ങിയവർ സിപിഐ പക്ഷത്താണ്‌ നിലകൊണ്ടത്‌. എൻ ശ്രീധരൻ അന്ന്‌ ആലപ്പുഴ കേന്ദ്രീകരിച്ചാണ്‌ പ്രവർത്തിച്ചിരുന്നത്‌. അന്നത്തെ ജില്ലാ കമ്മിറ്റിയിൽ വളരെ ചുരുക്കം പേരേ സിപിഐ എമ്മിനൊപ്പം ഉണ്ടായിരുന്നുള്ളൂ. സിപിഐ എം കെട്ടിപ്പടുക്കുന്നതിൽ സി പി കരുണാകരൻപിള്ളയുടെ പങ്ക്‌ നിസ്‌തുലമാണ്‌. കരുനാഗപ്പള്ളി താലൂക്ക്‌ സെക്രട്ടറിയായി തിരഞ്ഞെടുക്കപ്പെട്ട സി പി താലൂക്കൊട്ടാകെ സിപിഐ എമ്മിനെ ശക്തിപ്പെടുത്താൻ ഓടിനടന്നു. താഴെത്തട്ടിലുള്ള പ്രവർത്തകരെയും നേതാക്കളെയും നേരിൽക്കണ്ട്‌ സിപിഐ എമ്മിനൊപ്പം നിർത്താൻ അദ്ദേഹം രാപ്പകൽ ഭേദമില്ലാതെ അധ്വാനിച്ചു. അതിന്‌ വളരെവേഗം ഫലവുമുണ്ടായി. താലൂക്കിലെ സാധാരണ പ്രവർത്തകരും അനുഭാവികളും സിപിഐ എമ്മിന്റെ ശരിയായ നിലപാടുകൾക്കൊപ്പം നിന്നു. അന്ന്‌ മൈതീൻകുഞ്ഞായിരുന്നു സിപിഐ എം ജില്ലാ സെക്രട്ടറി.

1964ൽ ചൈന ചാരന്മാർ എന്നു മുദ്രകുത്തി സിപിഐ എം നേതാക്കളെ കൂട്ടത്തോടെ അറസ്റ്റ്‌ ചെയ്യപ്പെട്ടപ്പോൾ സി പിയും ജയലിലടയ്‌ക്കപ്പെട്ടു.

സിപിഐ എം ജില്ലാ സെക്രട്ടറിയറ്റംഗമായി തിരഞ്ഞെടുക്കപ്പെട്ട സി പി ജില്ലയിലൊട്ടാകെ പാർട്ടിയെ വളർത്തിയെടുക്കുന്നതിൽ നിർണായകമായ പങ്കുവഹിച്ചു. 1968ൽ അദ്ദേഹം സിപിഐ എം ജില്ലാ സെക്രട്ടറിയായും സംസ്ഥാനകമ്മിറ്റി അംഗമായും തിരഞ്ഞെടുക്കപ്പെട്ടു.

1970ൽ സിഐടിയു രൂപീകരിക്കപ്പെട്ടപ്പോൾ കൊല്ലം ജില്ലാ പ്രസിഡന്റായി അദ്ദേഹം തിരഞ്ഞെടുക്കപ്പെട്ടു. നിരവധി ട്രേഡ്‌ യൂണിയനുകളുടെ ഭാരവാഹി കൂടിയായിരുന്നു അദ്ദേഹം. മരണംവരെ സി പി ആ സ്ഥാനത്ത്‌ തുടർന്നു.

1970കളുടെ ആരംഭത്തിൽ സംസ്ഥാനമൊട്ടാകെ നടന്ന മിച്ചഭൂമി സമരം വലിയ ജനകീയമുന്നേറ്റമായിരുന്നു. കൊല്ലം ജില്ലയിലെ സുപ്രധാന സമരങ്ങൾക്ക്‌ നേതൃത്വം നൽകിയത്‌ സി പിയായിരുന്നു. അതിൽ എടുത്തുപറയേണ്ടതാണ്‌ നീലേശ്വരം തോപ്പിലെ മിച്ചഭൂമി സമരം. നീണ്ടകര പാലത്തിൽനിന്ന്‌ ചവറ തെക്കുംഭാഗത്തേക്ക്‌ പോകുന്ന കായൽവരന്പാണ്‌ നീലേശ്വരം തോപ്പ്‌. മങ്കൊന്പിൽ കുടുംബത്തിന്റെ ഉടമസ്ഥതയിലായിരുന്നു നീലേശ്വരം തോപ്പ്‌. തെക്കൻ കേരളത്തിലെ തന്നെ പ്രധാനപ്പെട്ട ജന്മി തറവാടുകളിലൊന്നായിരുന്നു മങ്കൊന്പിൽ കുടുംബം. നീലേശ്വരം തോപ്പിൽ പോകാൻ വള്ളത്തിൽ യാത്രചെയ്യണം. സി പി കരുണാകരൻപിള്ളയുടെ നേതൃത്വത്തിൽ ഒരുസംഘം വളണ്ടിയർമാർ നീലേശ്വരം തോപ്പിൽ പ്രവേശിച്ച്‌ നാളികേരമിട്ടു. ജന്മിമാരെ ഞെട്ടിച്ച സമരമായിരുന്നു അത്‌.

സ്വന്തം കുടുംബമായ ചെന്പക പുത്തൻവീടിന്റെ ഉടമസ്ഥതയിലുണ്ടായിരുന്ന മിച്ചഭൂമി, കൈവശക്കാരുടെ പേരിൽ ആധാരമെഴുതിക്കൊടുത്ത്‌ സി പി കരുണാകരൻപിള്ള മാതൃകയായി.

1975ൽ അടിയന്തരാവസ്ഥക്കാലത്ത്‌ അദ്ദേഹം ഒളിവിലാണ്‌ പാർട്ടി പ്രവർത്തനങ്ങൾക്ക്‌ നേതൃത്വം നൽകിയത്‌. അടിയന്തരാവസ്ഥക്കാലത്ത്‌ അറസ്റ്റിലായ അദ്ദേഹം മാസങ്ങളോളം ജയിയിലടയ്‌ക്കപ്പെട്ടു.

1980ൽ സി പി കരുണാകരൻപിള്ള അടൂരിൽനിന്ന്‌ നിയമസഭയിലേക്ക്‌ തിരഞ്ഞെടുക്കപ്പെട്ടു. കോൺഗ്രസ്‌ നേതാവ്‌ തെന്നല ബാലകൃഷ്‌ണപിള്ളയെയാണ്‌ അദ്ദേഹം പരാജയപ്പെടുത്തിയത്‌. സാധാരണക്കാരുടെ ശബ്ദം നിയമസഭയിൽ പ്രതിഫലിപ്പിക്കുന്നതിൽ സി പി പ്രത്യേകം ശ്രദ്ധിച്ചു.

പാർട്ടിക്കുവേണ്ടി സമർപ്പണമനോഭാവത്തോടെ പ്രവർത്തിച്ച അദ്ദേഹം വിവാഹജീവിതം തന്നെ വേണ്ടെന്നുവയ്‌ക്കുകയായിരുന്നു.

2005 ആഗസ്‌ത്‌ 27ന്‌ സി പി കരുണാകരൻപിള്ള അന്ത്യശ്വാസം വലിച്ചു.

ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

1 + 19 =

Most Popular