Friday, October 25, 2024

ad

Homeനവചലനങ്ങൾറബ്ബർ കർഷകരുടെ രാപകൽ പ്രക്ഷോഭത്തിന്റെ പ്രസക്തി

റബ്ബർ കർഷകരുടെ രാപകൽ പ്രക്ഷോഭത്തിന്റെ പ്രസക്തി

ഗിരീഷ് ചേനപ്പാടി

ബ്ബർ കൃഷി നഷ്ടത്തിലായതുമൂലം റബ്ബർ കർഷകർ കഠിനമായ ദുരിതത്തിലായിരിക്കുകയാണ്. അവരുടെ രോഷ പ്രകടനമായിരുന്നു ഇക്കഴിഞ്ഞ മെയ് 25നും 26നും കർഷക സംഘത്തിന്റെ നേതൃത്വത്തിൽ നടന്ന രാജ്ഭവൻ മാർച്ചിലും രാപകൽ സമരത്തിലും ദൃശ്യമായത്. തങ്ങളുടെ ജീവിതം തന്നെ തകർക്കുന്ന കേന്ദ്ര സർക്കാർ നയങ്ങൾക്കെതിരെ റബ്ബർ കർഷകർ വീറോടെ നൽകിയ താക്കീതായിരുന്നു അത്. റബ്ബർ കൃഷിയെ മാത്രം ആശ്രയിച്ചു കഴിയുന്ന കർഷകർക്ക് കഷ്ടപ്പാടും കണ്ണുനീരും മാത്രമാണ് ശേഷിക്കുന്നതെന്നിരിക്കെ പ്രക്ഷോഭത്തിന്റെ പാതയേ അവർക്കു മുമ്പിലുള്ളൂ.

റബ്ബറിന്റെ മെയ് അവസാനവാരത്തെ ശരാശരി വില കിലോഗ്രാമിന് ആർഎസ്എസ് 4ന് 150 രൂപയും ആർഎ്എസ് 5ന് 145 രൂപയും തരം തിരിക്കാത്തതിന് 128 രൂപയുമാണ് വില. ഒട്ടുപാലിന് 79 രൂപയാണ് വില. ലാറ്റക്സിന് 115 രൂപയും. ഒരു കിലോഗ്രാം റബ്ബറിന്റെ ഉൽപാദനച്ചെലവ് 160 രൂപയാണെന്നാണ് റബ്ബർ ബോർഡിന്റെ തന്നെ കണക്ക്. ഒരു പതിറ്റാണ്ടിനു മുൻപ് കിലോഗ്രാമിന് 250–260 രൂപ വരെ വിലയുണ്ടായിരുന്ന റബ്ബർ ഷീറ്റിന്റെ ഇപ്പോഴത്തെ അവസ്ഥ എത്ര പരിതാപകരമാണ്!

റബ്ബർ കൃഷി ആരംഭിച്ച് ആദ്യത്തെ ഏഴുവർഷക്കാലം കർഷകന് ഒരു പെെസപോലും വരുമാനമില്ല. കൃഷി ചെയ്യുന്നതിനും വളമിടുന്നതിനും കളകൾ പറിക്കുന്നതിനും മറ്റുമുള്ള ഭീമമായ ചെലവുകൾ അവർ വഹിക്കുകയും വേണം. ടാപ്പിംഗ് ആരംഭിച്ചതിനുശേഷവും വർഷത്തിൽ രണ്ടു തവണയെങ്കിലും വളമിടണം. ഇലകൾക്ക് കേടുവരാതിരിക്കാൻ തുരിശ്ശടിക്കണം. കുമിൾ രോഗം മരങ്ങളെ ഇടയ്ക്കിടക്ക് പിടികൂടും. തക്കസമയത്ത് അതു കണ്ടെത്തി ബോർഡോ മിശ്രിതം പുരട്ടണം. അല്ലെങ്കിൽ മരം ഉണങ്ങിപ്പോകും. മറ്റു മരങ്ങളിലേക്ക് രോഗം വളരെ വേഗം വ്യാപിക്കുകയും ചെയ്യും. കായികാധ്വാനം നല്ല രീതിയിൽ ആവശ്യമുള്ള ജോലിയാണിത്. ഇലപ്പുള്ളി രോഗമാണ‍് റബ്ബറിന്റെ മറ്റൊരു മാരകമായ ഭീഷണി. അതിനും കൃത്യമായ സമയത്ത് പരിഹാരം കാണണം.

ഉൽപാദനച്ചെലവ് ഓരോ ദിവസം ചെല്ലുന്തോറും വർദ്ധിക്കുന്നു. എന്നാൽ റബ്ബർ വില താഴോട്ടാണ് പോകുന്നത്. അതുമൂലം കർഷകർക്ക് കെെ നഷ്ടമാണ് ഫലം. അതുമൂലം റബ്ബർ ടാപ്പ് ചെയ്ത് കറയെടുക്കാൻ കർഷകർ താൽപര്യം കാണിക്കുന്നില്ല. അതുകൊണ്ട് തോട്ടങ്ങൾ ഉൾപ്പെടെ പലതും ആദായം എടുക്കാതെ പാഴ്–മരങ്ങൾ മാത്രമായി ശേഷിക്കുന്ന കാഴ്ചയാണ് പല സ്ഥലങ്ങളിലും. റബ്ബറിന്റെ കേന്ദ്രമെന്ന് കണക്കാക്കപ്പെടുന്ന കോട്ടയം ജില്ലയിലെ കാഞ്ഞിരപ്പള്ളി, മീനച്ചിൽ താലൂക്കുകളിൽ പോലും ഇതാണ് അവസ്ഥ.

ടാപ്പിംഗ് തൊഴലാളികളുടെ ക്ഷാമവും ഈ മേഖലയിലെ പ്രതിസന്ധി രൂക്ഷമാക്കുന്നു. ഒരു തൊഴിലാളിക്ക് പ്രതിദിനം ശരാശരി 300 മരങ്ങളാണ് ടാപ്പ് ചെയ്യാൻ കഴിയുക. ഒരു റബ്ബർ മരത്തിന് ടാപ്പിംഗ് കൂലി 2 രൂപയാണ്. അങ്ങനെ 600 രൂപ ഒരു ദിവസം ലഭിക്കും. എന്നാൽ അതേ തൊഴിലാളി തന്നെ നിർമാണ പ്രവൃത്തിക്ക് പോയാൽ 850 – 1000 രൂപ കൂലി ലഭിക്കും. അതുകൊണ്ടുതന്നെ ടാപ്പിംഗ് രംഗത്ത് ഉറച്ചുനിൽക്കാൻ തൊഴിലാളികൾ താൽപര്യം കാണിക്കുന്നില്ല. ജീവിതച്ചെലവുകൾ അനുദിനം വർദ്ധിച്ചുവരുന്ന ഈ കാലയളവിൽ അത് സാധിക്കുകയുമില്ല.

ചെറുകിട – ഇടത്തരം കർഷകരെ സംബന്ധിച്ചിടത്തോളം ടാപ്പിംഗ് തൊഴിലാളികളെ ലഭിക്കാത്തത് വലിയ പ്രതിസന്ധിയാണ്. മുൻകാലങ്ങളിൽ ഒന്നോ രണ്ടോ ഏക്കർ സ്ഥലത്ത് കൃഷിയുള്ള കർഷകർ സ്വയം ടാപ്പിംഗ് ജോലികൾ ചെയ്തിരുന്നു.

കേരളത്തിൽ പന്ത്രണ്ടു ലക്ഷത്തോളം ചെറുകിട – ഇടത്തരം റബ്ബർ കർഷകരാണുള്ളത്. രണ്ടു ലക്ഷത്തോളം ടാപ്പിംഗ് തൊഴിലാളികളുണ്ട്. ഇരുപത്തയ്യായിരം ചെറുകിട റബ്ബർ കച്ചവടക്കാരുണ്ട്. അനുബന്ധമേഖലകളിലായി ഒരു ലക്ഷത്തോളം തൊഴിലാളികൾ ജോലി ചെയ്യുന്നു. അങ്ങനെ പതിനഞ്ചേകാൽ ലക്ഷം കുടുംബങ്ങളെയാണ് റബ്ബറിന്റെ വിലത്തകർച്ച നേരിട്ടു ബാധിക്കുന്നത്.

കർഷകർക്ക് അവരുടെ ഉൽപാദനച്ചെലവും അതിന്റെ അമ്പതുശതമാനവും ചേർന്ന വില ലഭ്യമാക്കുമെന്ന് വീമ്പിളക്കി അധികാരത്തിൽ വന്ന മോദി സർക്കാർ റബ്ബർ കർഷകരെ പാടേ അവഗണിക്കുകയാണ്. റബ്ബർ വ്യാവസായിക ഉൽപന്നമാണെന്നും കൃഷിക്കാർക്ക് താങ്ങുവില നൽകാൻ കഴിയില്ലെന്നുമാണ് കേന്ദ്ര മന്ത്രി പീയുഷ് ഗോയൽ ആവർത്തിച്ചു പറയുന്നത്. എന്നാൽ കടുത്ത സാമ്പത്തിക ഞെരുക്കത്തിനിടയിലും വില സ്ഥിരതാ ഫണ്ട് എന്ന പേരിൽ 170 രൂപ കർഷകർക്ക് കിലോഗ്രാമിനു നൽകാൻ എൽഡിഎ-ഫ് സർക്കാർ തയ്യാറായി. കേന്ദ്ര സർക്കാരിന് ഇതേ രീതിയിൽ കിലോഗ്രാമിന് 300 രൂപ വിലസ്ഥിരതാ ഫണ്ട‍് ഏർപ്പെടുത്തുന്നതിൽ നിയമപ്രശ്നമോ അന്താരാഷ്ട്ര കരാർ ലംഘനത്തിന്റെ പ്രശ്നമോ ഇല്ല എന്ന് വിദഗ്ദ്ധർ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. കേന്ദ്ര ബജറ്റിൽ വില സ്ഥിരതാ ഫണ്ട‍് വകയിരുത്തിയിട്ടുമുണ്ട്. എന്നാൽ റബ്ബർ കർഷകർക്കുനേരെ നിഷ്ഠുരമായ നിസ്സംഗത പാലിക്കുകയാണ് മോദി സർക്കാർ. കേന്ദ്ര സർക്കാർ 25 വിളകൾക്ക് താങ്ങുവില പ്രഖ്യാപിച്ച സ്ഥാനത്താണ് തൊടുന്യായങ്ങൾ പറഞ്ഞ് റബ്ബർ കർഷകരെ അവഗണിക്കുന്നത്.


ലോക വ്യാപാര സംഘടനയും ആസിയാൻ കരാറും ചെയ്തത്

ലോക വ്യാപാര സംഘടന കാർഷികോൽപന്നങ്ങളുടെ ഇറക്കുമതിയിൽ അളവുപരമായ കുറവുവരുത്തുന്നതിൽനിന്ന് അംഗരാജ്യങ്ങളെ വിലക്കി. ഇന്ത്യ – ആസിയാൻ കരാർ വന്നതോടെ അംഗരാജ്യങ്ങൾ പരസ്പരം ഏർപ്പെടുത്തിയിട്ടുള്ള കയറ്റുമതി –ഇറക്കുമതി നിയന്ത്രണങ്ങൾ റദ്ദാക്കാൻ തീരുമാനിച്ചു. ഇത് റബ്ബർ കൃഷിയെ ഉൾപ്പെടെ കേരളത്തെ വളരെയേറെ പ്രതികൂലമായി ബാധിക്കുന്നതാണ്. ആസിയാൻ രാജ്യങ്ങളിലെ കാർഷിക ഉൽപന്നങ്ങളിൽ പലതും കേരളത്തിലെ തന്നെയാണ്. ഉദാഹരണത്തിന് റബ്ബർ, തേയില, മറ്റു തോട്ടവിളകൾ എന്നിവയൊക്കെ ആസിയാൻ രാജ്യങ്ങളായ മലേഷ്യയിലും ഇന്തോനേഷ്യയിലും മറ്റും ഉൽപാദിപ്പിക്കുന്നവയാണ്. ആസിയാൻ കരാർ വന്നതോടെ കർഷക താൽപര്യം പാടേ അവഗണിക്കപ്പെട്ടു.

ഇന്തോനേഷ്യയിൽ റബ്ബറിന്റെ വില കൂടിയാൽ ആ രാജ്യത്തേക്ക് ഇന്ത്യയിൽനിന്നും മറ്റ് രാജ്യങ്ങളിൽനിന്നും റബ്ബർ കയറ്റി അയക്കുന്ന സ്ഥിതിയാണുണ്ടായത്. തിരിച്ച് ഇന്ത്യയിൽ വില കൂടി നിന്നാൽ ആസിയാൻ രാജ്യങ്ങളിൽനിന്ന് ഇന്ത്യയിലേക്ക് റബ്ബർ ഇറക്കുമതി ചെയ്യേണ്ടിവരും. ഫലത്തിൽ ടയർ മുതലാളിമാരുടെ താൽപര്യം സംരക്ഷിക്കപ്പെടുകയും കർഷകർ വിലത്തകർച്ചകൊണ്ട് നട്ടംതിരിയുകയും ചെയ്യും. അതാണ് ഇപ്പോൾ സംഭവിച്ചിരിക്കുന്നത്.

ആസിയാൻ കരാർ ഇന്ത്യയ്ക്ക് ദോഷം ചെയ്യുമെന്ന് ചൂണ്ടിക്കാട്ടി ഇടതുപക്ഷകക്ഷികൾ പ്രക്ഷോഭം നയിച്ചപ്പോൾ അതിനെ പരിഹസിക്കാനാണ് അന്ന് കേരളം ഭരിച്ച യുഡിഎഫ് സർക്കാരും കേന്ദ്ര – കോൺഗ്രസ് സർക്കാരും തയ്യാറായത്. ഇപ്പോൾ ഇന്ത്യയിലെ ആഭ്യന്തര ആവശ്യത്തിന്റെ 44 ശതമാനവും ഇന്തോനേഷ്യ, മലേഷ്യ തുടങ്ങിയ ആസിയാൻ രാജ്യങ്ങളിൽനിന്ന് ഇറക്കുമതി ചെയ്യേണ്ട അവസ്ഥയാണ് ആസിയാൻ കരാർ ഉണ്ടാക്കിയിട്ടുള്ളത്.


റബ്ബർ ബോർഡ് അപ്രസക്തമാകുന്നു

റബ്ബറിന്റെ ആഭ്യന്തര ഉൽപാദനം വർദ്ധിപ്പിക്കാനും റബ്ബറിന്റെ ഇറക്കുമതിയിലൂടെ ഉണ്ടായിക്കൊണ്ടിരുന്ന വിദേശ നാണയ ചോർച്ച ഒഴിവാക്കാനുമാണ് കേന്ദ്ര സർക്കാർ റബ്ബർ ബോർഡിനു രൂപംനൽകിയത്. കൃഷിക്കാർക്ക് സബ്സിഡി, വായ്പ, ഗവേഷണ സഹായം എന്നിവ കൃത്യസമയത്ത് ലഭ്യമാക്കുകയായിരുന്നു റബ്ബർ ബോർഡിന്റെ പ്രധാന പ്രവർത്തനം. ഒരു ഹെക്ടറിൽ കൃഷി ചെയ്യുന്നതിന് ആദ്യകാലങ്ങളിൽ 19,500 രൂപ സബ്സിഡി നൽകിയിരുന്നു. പിന്നീട് ആ തുക 25,000 രൂപ വരെ വർദ്ധിപ്പിക്കുകയും ചെയ്തു. പിന്നീട് അത് പലിശസഹിതം സെസ് ഇനത്തിൽ ഈടാക്കുമായിരുന്നു. എങ്കിലും കർഷകരെ സംബന്ധിച്ചിടത്തോളം അതൊരാശ്വാസമായിരുന്നു. എന്നാൽ റബ്ബർ ബോർഡ് റബ്ബർ കൃഷിയെ പ്രോൽസാഹിപ്പിക്കുകയും വ്യാപിപ്പിക്കുകയും ചെയ്യുക എന്ന ദൗത്യത്തിൽനിന്ന് പിന്മാറുന്ന കാഴ്ചയാണ് ഇപ്പോൾ നമുക്കു മുമ്പിലുള്ളത്. റബ്ബർ ബോർഡിന്റെ ആസ്ഥാനം തന്നെ കേരളത്തിൽനിന്ന് വടക്കു കിഴക്കൻ സംസ്ഥാനങ്ങളിലേക്കു മാറ്റാനുള്ള നീക്കങ്ങളാണ് നടക്കുന്നത്.

2005–06ൽ ഇന്ത്യയിലെ മൊത്തം റബ്ബർ ഉൽപാദനം 8,02,625 ടൺ ആയിരുന്നു എന്നാണ് റബ്ബർ ബോർഡിന്റെ കണക്ക്. ആ വർഷത്തെ ഉപഭോഗം 8,01,110 ടൺ ആയിരുന്നു. അന്ന് ഇന്ത്യ ഇറക്കുമതി ചെയ്തത് 45,285 ടൺ റബ്ബറാണ്. ആ വർഷം തന്നെ 73,830 ടൺ റബ്ബർ കയറ്റുമതി ഇന്ത്യ ചെയ്തുവെന്നും റബ്ബർ ബോർഡിന്റെ കണക്കുകൾ വെളിവാക്കുന്നു.

2021 –22 ആയപ്പോൾ റബ്ബറിന്റെ ഇന്ത്യയിലെ ആഭ്യന്തര ഉപഭോഗം 12.5 ലക്ഷം ടൺ ആയി വർദ്ധിച്ചു. എന്നാൽ രാജ്യത്തെ റബ്ബർ ഉൽപാദനത്തിൽ 35,000 ലക്ഷം ടണ്ണിന്റെ കുറവാണുണ്ടായത്. ഈ പതിനഞ്ചു വർഷക്കാലയളവിനുള്ളിൽ റബ്ബർ ഇറക്കുമതി 110 ശതമാനം വർദ്ധിച്ചു. അതേസമയം കയറ്റുമതി 95 ശതമാനത്തോളം കുറയുകയാണുണ്ടായത്. അതായത് കയറ്റുമതി നാമമാത്രമായി എന്നു സാരം. അതാണ് ആസിയാൻ രാജ്യങ്ങളുമായി കരാറിലേർപ്പെട്ടതുമൂലം റബ്ബർ മേഖലയ്ക്കുണ്ടായ വമ്പൻ തിരിച്ചടി.

40 ശതമാനം പ്രകൃതിദത്ത റബ്ബറും 50 ശതമാനം പെട്രോളിയം ഉൽപന്നങ്ങളുമാണ് ടയർ നിർമാണത്തിനുപയോഗിക്കുന്ന അസംസ്–കൃത വസ്തുക്കൾ. ടയർ ഉൽപാദനത്തിന്റെ 80 ശതമാനവും കെെയടക്കിയിരിക്കുന്നത് അപ്പോളോ ടയേഴ്സ്, എംആർഎഫ്, ജെ കെ ടയർ, ബിർള ടയേഴ്സ് തുടങ്ങിയ വൻകിട കോർപറേറ്റുകളാണ്. റബ്ബർ ഇറക്കുമതി ചെയ്തും മെച്ചപ്പെട്ട ഉൽപാദനം നടക്കുന്ന സമയത്ത് വിപണിയിൽനിന്നു വിട്ടുനിന്നും റബ്ബർ വില ഇടിക്കുന്നത് ഈ ലോബിയാണ്. കേന്ദ്ര സർക്കാരിന്റെ ഒത്താശ ഈ റബ്ബർ കുത്തകകൾക്കാണ്. അതിലൂടെ ഹീനമായ കർഷകക്കൊള്ളയ്ക്ക് കൂട്ടുനിൽക്കുകയാണ് മോദി സർക്കാർ.
ലാറ്റക്സിനും കോമ്പൗണ്ട് റബ്ബറിനുമുള്ള ഇറക്കുമതിച്ചുങ്കം വർദ്ധിപ്പിക്കണമെന്നത് കർഷകരുടെ കാലങ്ങളായുള്ള ആവശ്യമാണ്. അധികമായി ഇറക്കുമതി ചെയ്യുന്ന റബ്ബറിന് ഡമ്പിങ് ഡ്യൂട്ടി ചുമത്തണമെന്നുള്ളതും കർഷകരുടെ പൊതുവായ ആവശ്യമാണ്. എന്നാൽ അതിനെല്ലാം നേരെ മുഖംതിരിക്കുകയാണ് മോദി സർക്കാർ. ഈ പശ്ചാത്തലത്തിലാണ് രാപകൽ സമരംപോലെയുള്ള റബ്ബർ കർഷകരുടെ ഉശിരൻ പ്രക്ഷോഭങ്ങൾ പ്രസക്തമാകുന്നത്. 

ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

11 − 3 =

Most Popular