Saturday, May 4, 2024

ad

Homeമാധ്യമം/സംവാദംഇതല്ലേ പെയ്-ഡ് ന്യൂസ്

ഇതല്ലേ പെയ്-ഡ് ന്യൂസ്

കെ വി സുധാകരൻ

ഴിഞ്ഞയാഴ്-ച ഏഷ്യാനെറ്റ് ന്യൂസിലും ജയ് ഹിന്ദ് ടിവിയിലും ഒരേ വാർത്ത – ഒരേ വാചകങ്ങളും, കുത്തും കോമയും വിസർഗവുമെല്ലാം ഒരുപോലെ വന്നത് മാധ്യമരംഗത്തു മാത്രമല്ല, രാഷ്ട്രീയ–സാമൂഹ്യ രംഗങ്ങളിലും ചൂടുപിടിച്ച ചർച്ചകൾക്ക് വഴിവച്ചിരിക്കുകയാണ്. വാർത്ത എന്നു പറയുമ്പോൾ സംഭവിച്ച ഒരു കാര്യത്തെപ്പറ്റിയുള്ള വാർത്തയല്ലെന്ന് ഓർക്കണം. ഇത് രാഷ്ട്രീയ ദുരുദ്ദേശ്യത്തോടെ സംസ്ഥാനത്തെ എൽഡിഎഫ് സർക്കാരിനെതിരെ പാകം ചെയ്-തെടുത്ത വാർത്ത (Cooked up news) ആണെന്നതാണ് ഏറെ ഗൗരവമായത്. എൽഡിഎഫ് ഗവൺമെന്റ് മൂന്നാം വർഷത്തിലേക്ക് (തുടർച്ചയായ എട്ടാം വർഷത്തിലേക്ക്) കടക്കുന്ന സന്ദർഭത്തിൽ സർക്കാരിനെ ഇകഴ്-ത്തിക്കാട്ടാൻ ആഭ്യന്തരവകുപ്പിനെയും പൊലീസ് സംവിധാനത്തെയും കടന്നാക്രമിക്കുന്ന വാർത്തയാണ് ഇരുചാനലുകളും നൽകിയത്. സാമാന്യമായി സർക്കാരിനെതിരെ എന്നു പറയാമെങ്കിലും, മുഖ്യമന്ത്രി പിണറായി വിജയനെ ലക്ഷ്യംവച്ചാണ് വാർത്ത സൃഷ്ടിച്ചിരിക്കുന്നത് എന്നത് സുവിദിതമാണ്.

ഒരു ചാനൽ കണ്ടെടുത്തതോ, അവരുടെ കെെയിൽ വന്നുപെട്ടതോ, അതുമല്ലെങ്കിൽ അവർതന്നെ സൃഷ്ടിച്ചെടുത്തതോ ആയ വാർത്ത വള്ളിപുള്ളി വിസർഗം വ്യത്യാസമില്ലാതെ മറ്റൊരു ചാനലിനു നൽകാറില്ല. അങ്ങനെ ചെയ്യുന്നത് ആ വാർത്ത സൃഷ്ടിച്ചവർക്കു തന്നെ ക്ഷീണം ചെയ്യും. അതിന്റെയർഥം, ഇൗ രണ്ടു ചാനലുകളിൽ ഏതെങ്കിലുമൊന്ന് സൃഷ്ടിച്ചെടുത്ത വാർത്ത, മറ്റേ ചാനലിനു നൽകിയതാകാൻ വഴിയില്ല. അങ്ങനെ വരുമ്പോൾ, മറ്റേതോ കേന്ദ്രത്തിൽ പാകം ചെയ്തെടുത്ത വാർത്ത, രാഷ്ട്രീയമായി സർക്കാരിനെതിരെ ഉപയോഗിക്കാൻ സദാസന്നദ്ധരായ രണ്ടു ചാനലുകൾ എന്ന നിലയിൽ മേൽപ്പറഞ്ഞ ചാനലുകൾക്ക് നൽകിയിരിക്കാനാണ് സാധ്യത. അതുകൊണ്ട് പി വി അൻവർ എംഎൽഎ ഉന്നയിച്ച ആരോപണം, പ്രതിപക്ഷ നേതാവിന്റെ ഓഫീസ് കേന്ദ്രീകരിച്ച് ഇത്തരം ദുഷ്ടലാക്കോടെയുള്ള വാർത്തകൾ സൃഷ്ടിക്കുന്ന സംഘം പ്രവർത്തിക്കുന്നുണ്ടെന്ന ആരോപണം, വിശ്വസിക്കേണ്ടിയിരിക്കുകയാണ്.

സംസ്ഥാന പൊലീസിനെതിരെയും ആഭ്യന്തര വകുപ്പ് ഭരിക്കുന്ന മുഖ്യമന്ത്രിക്കെതിരെയും കടുത്ത വിമർശനമുയർന്ന രണ്ടു വർഷമാണ് കടന്നുപോയത് എന്ന ആമുഖ വാചകത്തോടെയാണ് ഇരുചാനലുകളുടെയും വാർത്ത ആരംഭിക്കുന്നത്. ‘നടുറോഡിൽ എട്ടുവയസ്സുകാരിയെ അധിക്ഷേപിച്ച പിങ്ക് പൊലീസ് മുതൽ തുടർച്ചയായുള്ള കസ്റ്റഡി മരണങ്ങൾവരെ സേനയ്ക്കും സർക്കാരിനും കരിനിഴലായി’, ‘ഗുരുതര കുറ്റകൃത്യങ്ങളിൽ ഉൾപ്പെട്ട 59 പൊലീസുകാരെ പിരിച്ചുവിടാനുള്ള അസാധാരണ നടപടിയും പൊലീസിലുണ്ടായി’, ‘കാവലാകേണ്ട പൊലീസ് തുടർഭരണത്തിൽ കെെയ്യൂക്ക് ഇരട്ടിയാക്കി’, ‘എന്നാൽ പൊലീസ് സേന ഒന്നാകെ മുഷ്ടിചുരുട്ടി നിന്ന് ധാർഷ്ട്യം മുഴുവനെടുത്തത് ഒരു എട്ടുവയസ്സുകാരിക്കെതിരെ ആയിരുന്നു’ എന്നിങ്ങനെ പോകുന്നു വാർത്ത. ഒരക്ഷരമോ, കുത്തോ കോമയോ പോലും മാറാതെ രണ്ടു ചാനലുകളും ഒരുപോലെ, ഒരേ ആവേശത്തോടെ ഈ വാർത്ത നൽകുകയായിരുന്നു എന്നത് മാധ്യമചരിത്രത്തിലെതന്നെ കൗതുകങ്ങളിൽ ഒന്നാണ്. നിയമവും നീതിയും മാധ്യമ ധാർമികതയും വാർത്താ അവതരണത്തിൽ അന്താരാഷ്ട്രതലത്തിൽത്തന്നെ അംഗീകരിക്കപ്പെട്ടിട്ടുള്ള മാനദണ്ഡങ്ങളുമൊക്കെ ചവിട്ടിമെതിച്ച് വ്യാജ വാർത്ത നൽകിയവരെ സംബന്ധിച്ച് ഇതൊക്കെ വളരെ ചെറിയ കാര്യമാണെന്നും ഓർക്കണം.

ഉടമസ്ഥതയുടെ രാഷ്ട്രീയം
രണ്ടു ചാനലുകളുടെയും ഉടമസ്ഥരെപ്പറ്റി അറിയുമ്പോഴാണ് ഈ വാർത്താവിതരണത്തിലെ കള്ളത്തരങ്ങളുടെ പൊരുൾ മനസ്സിലാവുക. ഏഷ്യാനെറ്റ് ന്യൂസിന്റെ ഉടമ ബിജെപി നേതാവും കേന്ദ്ര സഹമന്ത്രിയുമായ രാജീവ് ചന്ദ്രശേഖറാണ്. ബിപിഎൽ ഗ്രൂപ്പിലൂടെ വ്യവസായ സംരംഭകനായി വന്ന ഇദ്ദേഹം ബിപിഎൽ മൊബെെൽ കമ്പനി സ്ഥാപിച്ച് വ്യവസായ സാമ്രാജ്യം വികസിപ്പിക്കാൻ ശ്രമിച്ചു; 2005ൽ ജൂപ്പിറ്റർ ക്യാപ്പിറ്റൽ എന്ന കമ്പനി 100 ദശലക്ഷം ഡോളർ മുടക്കി സ്ഥാപിച്ചു. മാധ്യമങ്ങളെയടക്കം കെെയ്യടക്കിയ ജൂപ്പിറ്റർ ക്യാപിറ്റലിന്റെ ഇപ്പോഴത്തെ ആസ്തി 800 ദശലക്ഷം ഡോളറാണ‍്. ജൂപ്പിറ്റർ ക്യാപ്പിറ്റൽ പ്രൈവറ്റ് ലിമിറ്റഡ് എന്ന സ്ഥാപനമാണ് 2006ൽ ഏഷ്യാനെറ്റ് കമ്യൂണിക്കേഷൻസ് ലിമിറ്റഡിൽ നിക്ഷേപം നടത്തിയത്. റൂപർട്ട് മർഡോക്കിന്റെ ന്യൂസ് കോർപറേഷനിലും ഇദ്ദേഹത്തിന് നിക്ഷേപമുണ്ട്. 2008 മെയിൽ ഇദ്ദേഹം ആരംഭിച്ച ഏഷ്യാനെറ്റ് ന്യൂസ് ഓൺലെെൻ പ്രൈവറ്റ് ലിമിറ്റഡ് (ANOPL) ആണ് ഏഷ്യാനെറ്റ് ന്യൂസും കർണാടകത്തിലെ സുവർണ ന്യൂസും നടത്തുന്നത്. നരേന്ദ്രമോദിയുടെ സ്-തുതിപാഠകരായ റിപ്പബ്ലിക് ടിവിയിലും ഇദ്ദേഹത്തിന് 60 കോടി രൂപയുടെ നിക്ഷേപമുണ്ട്. 2006 മുതൽ ഇദ്ദേഹം കർണാടകത്തിൽനിന്നുള്ള രാജ്യസഭാംഗമാണ്. 2018 വരെ സ്വതന്ത്രാംഗമായാണ് അറിയപ്പെട്ടിരുന്നതെങ്കിലും 2018 ൽ ബിജെപിയുടെ ബാനറിലാണ് രാജ്യസഭയിലെത്തിയത്.

ജയ്ഹിന്ദ് ടിവി കെപിസിസി നടത്തുന്ന ചാനലാണെന്നത് എല്ലാവർക്കും അറിയാവുന്ന കാര്യമാണ്.

ഒന്ന് ബിജെപിയുടെ ഉടമസ്ഥതയിൽ. മറ്റൊന്നാകട്ടെ, കോൺഗ്രസ് നടത്തുന്നതും. എന്നു പറഞ്ഞാൽ രണ്ടു പേർക്കും രാഷ്ട്രീയമായി എൽഡിഎഫ് സർക്കാരിനെ ഏതു വിധേനയും മോശമായി ചിത്രീകരിക്കണമെന്നു വാശിയുള്ളവരാണ്. അതുകൊണ്ട് ഇരുകൂട്ടരും എൽഡിഎഫ് സർക്കാരിനെതിരെ ബദ്ധശ്രദ്ധരായി പ്രവർത്തിക്കും എന്നതിൽ അതിശയമില്ല. മാധ്യമങ്ങളുടെ പ്രചാരണതന്ത്രങ്ങളെക്കുറിച്ച് വിശദമായി എഴുതിയിട്ടുള്ള നോം ചോംസ്-കിയും എഡേ-്വർഡ് എസ് ഹെർമനും, കൃത്യമായി നിരീക്ഷിച്ചിട്ടുള്ളത് മാധ്യമങ്ങളുടെ സാമ്പത്തിക ഉടമസ്ഥതയും വാർത്തയുടെ പ്രഭവകേന്ദ്രവും വാർത്തയുടെ ഉള്ളടക്കം നിർണയിക്കുമെന്നാണ്. പരസ്യങ്ങളിലൂടെ നൽകുന്ന സമ്പത്തും വാർത്തകളുടെ ഉള്ളടക്കം നിർണയിക്കുന്നതിൽ വലിയ സ്വാധീനം ചെലുത്തും; ഇതു മൂന്നും പരിഗണിക്കുമ്പോൾ, രാഷ്ട്രീയമായും സാമ്പത്തികമായും പരസ്യങ്ങളിലൂടെയും ഏഷ്യാനെറ്റ് ന്യൂസിന്റെയും ജയ്ഹിന്ദ് ടിവിയുടെയും വാർത്തകളുടെ ഉള്ളടക്കം നിലീനമാകുന്ന രീതിക്ക് പൊതുസ്വഭാവമുണ്ട്. ആ സ്വഭാവത്തിൽനിന്ന് ഇവർക്ക് അത്ര പെട്ടെന്നൊന്നും പുറത്തുകടക്കാനുമാവില്ല. അതുകൊണ്ടാണ് വാർത്തകളുടെ സാമാന്യ ധാർമികതപോലും ഇവരെ അലട്ടാത്തത്.

സമ്പത്തും അധികാരവുമുള്ളവർ മാധ്യമങ്ങളെ കെെപ്പിടിയിലൊതുക്കാൻ ശ്രമിക്കുന്നതിന്റെ ക്ലാസിക് ഉദാഹരണമാണ് റൂപർട്ട് മർഡോക്കിന്റെ അമേരിക്കയിലെ ‘ന്യൂസ് കോർപറേഷൻ’ എന്ന മാധ്യമ കോർപറേറ്റ്സ്ഥാപനം. തന്റെ മാധ്യമസാമ്രാജ്യത്തിന്റെ വ്യാപനത്തിലൂടെ അമേരിക്കൻ രാഷ്ട്രീയത്തിലും അധികാരസ്ഥാനങ്ങളിലും ഒരു കാലത്തും ഇളക്കം തട്ടാത്ത സ്വാധീനമുറപ്പിച്ചയാളാണ് മർഡോക്ക് എന്ന് ധാരാളം മാധ്യമ പണ്ഡിതന്മാർ വിലയിരുത്തിയിട്ടുള്ളതാണ്. വാഷിങ്ടൺ, മർഡോക്കിന്റെ പുറകിലത്തെ കീശയിലാണെന്നാണ് (Murdoch seems to have Washington in his back pocket) ചില മാധ്യമ ചിന്തകർ പറഞ്ഞിട്ടുള്ളത്. ആ മർഡോക്കുമായി കെെകോർത്ത് തന്റെ മാധ്യമസാമ്രാജ്യം വികസിപ്പിക്കാൻ ശ്രമിക്കുന്ന ഏഷ്യാനെറ്റ് ന്യൂസ് ഉടമ രാജീവ് ചന്ദ്രശേഖർ, വക്കം അബ്ദുൾഖാദർ മൗലവിയെപ്പോലെ രാജ്യം നന്നാക്കാനുള്ള അദമ്യമായ ആഗ്രഹം കൊണ്ടൊന്നുമല്ല ഏഷ്യാനെറ്റിനെ കെെയടക്കിയിരിക്കുന്നത്. അതുകൊണ്ട് ഇത്തരം ചാനലുകളിൽ നിന്ന് ഇനിയും പലതും പുറത്തുവന്നെന്നിരിക്കും.

പ്രസ് കൗൺസിൽ പണ്ടേ പറഞ്ഞു
ഒന്നിലധികം പത്രങ്ങളിലോ ചാനലുകളിലോ ഒരേപോലെ വാർത്തകൾ വരുന്നത് മാധ്യമ ധാർമികതയ്ക്ക് ചേർന്നതല്ല എന്നു മാത്രമല്ല, ഇങ്ങനെയുള്ള വാർത്തകളെ പണം വാങ്ങി നൽകുന്ന വാർത്തകൾ, അഥവാ പെയ്-ഡ് ന്യൂസ് (Paid news) ആയി കണക്കാക്കേണ്ടി വരുമെന്ന് പ്രസ് കൗൺസിൽ ഓഫ് ഇന്ത്യ 2010ൽത്തന്നെ പറഞ്ഞിട്ടുള്ളതാണ്. അടുത്തയിടെ, കർണാടക നിയമസഭ തിരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തിൽ കഴിഞ്ഞ ഏപ്രിൽ 18ന് പ്രസ് കൗൺസിൽ ഇതാവർത്തിച്ചുകൊണ്ട് ഒരു പത്രക്കുറിപ്പ് പ്രസിദ്ധീകരിക്കുകയുണ്ടായി. പെയ്-ഡ് ന്യൂസ് സംബന്ധിച്ച് മാധ്യമപ്രവർത്തകർക്കുള്ള പെരുമാറ്റച്ചട്ടം, 2022 എന്ന പേരിലാണ് ഇതു പ്രസിദ്ധീകരിച്ചത്. രാഷ്ട്രീയ നേതാക്കളുടെ പ്രസ്താവനകളെ തെറ്റായി ഉദ്ധരിക്കുകയോ, ദുർവ്യാഖ്യാനം ചെയ്യുകയോ ചെയ്യാൻ പാടില്ല. ഒരേ ഉള്ളടക്കമുള്ള രാഷ്ട്രീയ വാർത്തകൾ നൽകിയാൽ അവ പെയ്ഡ് ന്യൂസ് ആയി പരിഗണിക്കപ്പെടും. ഇത് പ്രസ് കൗൺസിൽ ഒന്നുകൂടി വിശദീകരിക്കുന്നുണ്ട്. ഒരേ വാർത്ത വള്ളിപുള്ളി വ്യത്യാസമില്ലാതെ രണ്ടു മാധ്യമങ്ങളിൽ വന്നാൽ, അത് കേവലമായ യാദൃച്ഛികതയായി കാണാനാവില്ലെന്നും, അത്തരം വാർത്തകളും പെയ്ഡ് ന്യൂസായി കണക്കാക്കേണ്ടി വരുമെന്നും തുടർന്നു പറയുന്നുണ്ട്. എന്നു പറഞ്ഞാൽ, എൽഡിഎഫ് സർക്കാരിനെ മോശമാക്കാൻവേണ്ടി ഏഷ്യാനെറ്റ് ന്യൂസും ജയ്ഹിന്ദ് ടിവിയും നൽകിയ വാർത്തകൾ ഒരേ പാത്രത്തിൽ വേവിച്ചെടുത്തതാണെന്നും, അതിനുപിന്നിൽ രാഷ്ട്രീയ ലക്ഷ്യമാണെന്നും, അത് ചാനൽ വഴി സാധിച്ചെടുക്കാൻവേണ്ടി പെയ്ഡ് ന്യൂസിന്റെ സാധ്യതകൾ ഉപയോഗപ്പെടുത്തിയിട്ടുണ്ടെന്നും അനുമാനിക്കാവുന്നതാണ്. അതുകൊണ്ടുതന്നെ പി വി അൻവർ എംഎൽഎ നടത്തിയ പ്രസ്താവന ശരിയായിത്തീരുന്നു.

പെയ്ഡ് ന്യൂസ് എന്ത്, 
എങ്ങനെ?
പെയ്ഡ് ന്യൂസിന്റെ ചരിത്രം പതിനെട്ടാം നൂറ്റാണ്ടിന്റെ ആദ്യ പാദംവരെ നീളുന്നതാണ്. അക്കാലത്ത് ഇംഗ്ലണ്ടിലെ വർത്തമാന പത്രങ്ങൾ പലതും അഴിമതിയിലും കെെക്കൂലിയിലും അകപ്പെട്ട് വലിയതോതിൽ വിമർശന വിധേയമായതായി പത്രവാർത്താ ചരിത്രത്തിൽ പറയുന്നുണ്ട്. ഇതേ തുടർന്ന് 1742ൽ ഒരു അനേ-്വഷണ കമ്മീഷനെ സർക്കാർ നിയോഗിച്ചു. കമ്മീഷൻ റിപ്പോർട്ടിൽ പ്രധാനമന്ത്രിയായിരുന്ന റോബാർട്ട് വാൽപോൾ പത്രങ്ങൾ വഴി സ്വന്തം പ്രതിഛായ വർധിപ്പിക്കാൻവേണ്ടി പത്തുവർഷത്തിനിടയിൽ 50,000 പൗണ്ട് പത്രങ്ങൾക്കു നൽകിയതായി തെളിഞ്ഞു.

ഒളിഞ്ഞും തെളിഞ്ഞുമൊക്കെ ഈ പ്രവണത പല ഘട്ടങ്ങളിലും അരങ്ങേറിയിരുന്നുവെങ്കിലും, ഇന്ത്യയിൽ ഇതു സംബന്ധിച്ച വ്യാപകമായ ചർച്ചകൾ ഉണ്ടാകുന്നത് 2010ൽ പ്രസ് കൗൺസിലിന്റെ അനേ-്വഷണ റിപ്പോർട്ട് പുറത്തുവന്നതോടെയാണ്. രാഷ്ട്രീയക്കാരും ചില സംഘടനകളും പണം നൽകി വാർത്ത കൊടുക്കുന്നുണ്ടെന്ന ആരോപണം വ്യാപകമായതോടെയാണ് പ്രസ് കൗൺസിൽ അനേ-്വഷണം പ്രഖ്യാപിച്ചത്. പ്രസ് കൗൺസിൽ അംഗങ്ങളായിരുന്ന പരഞ്ചോയ് ഗുഹ താർക്കുർത്ത, കളിമേകോളൻ എസ് റെഡ്ഡി എന്നിവരായിരുന്നു അനേ-്വഷണ കമ്മീഷൻ അംഗങ്ങൾ. 2009ലെ തിരഞ്ഞെടുപ്പിനെ അടിസ്ഥാനപ്പെടുത്തിയായിരുന്നു അന്വേഷണം.

പെയ്ഡ് ന്യൂസ് സംബന്ധിച്ച വിവരങ്ങൾ അന്വേഷണ കമ്മീഷന് മനസ്സിലാക്കാൻ കഴിഞ്ഞെങ്കിലും ഭാഗികമായ റിപ്പോർട്ട് മാത്രമേ പ്രസ് കൗൺസിൽ പുറത്തുവിട്ടുള്ളൂ. എന്നാൽ, കേന്ദ്ര തിരഞ്ഞെടുപ്പു കമ്മീഷൻ പെയ്ഡ‍് ന്യൂസിന്റെ പേരിൽ മുൻ മഹാരാഷ്ട്ര മുഖ്യമന്ത്രിയും മുതിർന്ന കോൺഗ്രസ് നേതാവുമായ അശോക് ചവാന് നോട്ടീസ് അയച്ചതോടെ പെയ്ഡ് ന്യൂസ് വീണ്ടും ചർച്ചയായി. പരസ്യങ്ങൾ എന്ന വ്യാജേന പത്രങ്ങൾക്ക് 2009 ലെ മഹാരാഷ്ട്ര നിയമസഭ തിരഞ്ഞെടുപ്പിൽ കോടിക്കണക്കിനു രൂപ നൽകി എന്നതായിരുന്നു ആരോപണം. ഇതുമായി ബന്ധപ്പെട്ട് പി സായ‍്നാഥ് പുറത്തുകൊണ്ടുവന്ന റിപ്പോർട്ടിൽ പറഞ്ഞത് അശോക് ചവാനെ പുണ്യവാനാക്കുന്ന വാർത്തകളും കുറിപ്പുകളും ഒരുപോലെ അക്ഷരംപ്രതി മൂന്നു പത്രങ്ങളിൽ വന്നുവെന്നായിരുന്നു. അഞ്ചു വർഷത്തിനുശേഷം മഹാരാഷ്ട്ര ഹെെക്കോടതി സംശയത്തിന്റെ ആനുകൂല്യം നൽകി ചവാനെ കുറ്റവിമുക്തനാക്കി.

2009ൽ ഹരിയാനയിലെ കോൺഗ്രസ് മുഖ്യമന്ത്രി ഭുപീന്ദർ സിങ് ഹൂഡ പണം നൽകി വാർത്ത വരുത്തിയതായി തിരഞ്ഞെടുപ്പ് കമ്മീഷനോടു സമ്മതിക്കുകയുണ്ടായി. 2009ൽത്തന്നെ ‘പഞ്ചാബ് കേസരി’ എന്ന പ്രാദേശിക ഹിന്ദി പത്രത്തിന്റെ റീജിയണൽ എഡിറ്റർ അനുരാധ രാമൻ പെയ്-ഡ് ന്യൂസ് വഴി 10 കോടി രൂപ തരപ്പെടുത്തിയെടുത്തുവെന്ന് പരസ്യമായി സമ്മതിച്ചതായി റിപ്പോർട്ടുവന്നു. യുപിയിലെ ബിസൗളി മണ്ഡലത്തിൽ നിന്ന് 2007 ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ ജയിച്ച ഉമ്ലേഷ് യാദവിനെ (Umlesh Yadav) പെയ്ഡ‍് ന്യൂസിന്റെ പേരിൽ തിരഞ്ഞെടുപ്പു കമ്മീഷൻ അയോഗ്യയാക്കി. 2009–2013 കാലത്ത് 1400 പെയ്ഡ് ന്യൂസ് കേസുകളാണ് തിരഞ്ഞെടുപ്പു കമ്മീഷന്റെ പരിഗണനയ്ക്കു വന്നത്.

2018ൽ കോബ്രാപോസ്റ്റ്, സ്റ്റിങ് ഓപ്പറേഷനിലൂടെ പുറത്തുകൊണ്ടുവന്നത് 500 കോടി രൂപവരെ കെെപ്പറ്റി ഹിന്ദുത്വ ആശയപ്രചാരണത്തിനു തയ്യാറായി ടെെംസ് ഓഫ് ഇന്ത്യയും ഇന്ത്യാ ടുഡേയും ഇന്ത്യൻ എക്-സ്-പ്രസും അടക്കമുള്ള ദേശീയ മാധ്യമങ്ങൾവരെ വന്നു എന്നാണ്. ഏതായാലും സ്റ്റിങ് ഓപ്പറേഷനിൽ പിടിക്കപ്പെട്ട പെയ്ഡ് ന്യൂസ് ശ്രമം പുറത്തായതോടെ സംഗതി നടന്നില്ല.

പ്രൈവറ്റ് ട്രീറ്റി ജേർണലിസം
പെയ്ഡ് ന്യൂസിന്റെതന്നെ മറ്റൊരുവശമാണ് ‘പ്രൈവറ്റ് ട്രീറ്റി’ ജേണലിസം. ഒരർഥത്തിൽ കാശുവാങ്ങി വാർത്ത നൽകുന്നതിന്റെ രണ്ടു രീതികളാണിവ. പ്രൈവറ്റ് ട്രീറ്റിയിൽ പണം നേരിട്ടു വാങ്ങുന്നില്ല എന്നേയുള്ളൂ. ടെെംസ് ഓഫ് ഇന്ത്യയും അംബാനിയും തമ്മിൽ പ്രൈവറ്റ് ട്രീറ്റി പരീക്ഷിക്കാൻ തയ്യാറായതായാണ് വാർത്ത വന്നത്. അംബാനി ഗ്രൂപ്പിന്റെ വിവിധ സംരംഭങ്ങളെപ്പറ്റിയുള്ള വാർത്തകൾ ടെെംസ് ഓഫ് ഇന്ത്യ നൽകും. ഇതിനു ബദലായി അംബാനി ഗ്രൂപ്പ് റിലയൻസ് ഇൻഡസ്ട്രിയിലെ നിശ്ചിത ശതമാനം ഓഹരികൾ ടെെംസ് ഓഫ് ഇന്ത്യയ്ക്കു നൽകും. ഇതാണ് പ്രൈവറ്റി ട്രീറ്റിയുടെ തത്വശാസ്ത്രം.

പെയ്ഡ് ന്യൂസ് ആയാലും, പ്രൈവറ്റ് ട്രീറ്റി ആയാലും മാധ്യമ ധാർമികതയ്ക്ക് എതിരാണെന്നു മാത്രമല്ല, ജനാധിപത്യമൂല്യങ്ങളുടെ നിരാസവുമാണ്. പണം നൽകാൻ ശേഷിയുള്ളവർ മാത്രം വാർത്തകളിൽ നിറഞ്ഞുനിൽക്കുമ്പോൾ, അതിനു കഴിയാത്തവർ ഈ മേഖലയിൽ നിന്നു നിഷ്-കാസിതരാകും. അവിടെ ജനാധിപത്യം അസ്തമിക്കുകയും ചെയ്യും.

പണം സ്വീകരിച്ചു വാർത്ത നൽകുന്ന പത്രപ്രവർത്തകരെ പരിഹസിച്ചുകൊണ്ട് ഇതുമായി ബന്ധപ്പെട്ട് പി സായ്നാഥ് എഴുതിയ ഒരു ലേഖനത്തിൽ അമേരിക്കൻ എഴുത്തുകാരൻ മാർക്ക് ടെെ-്വൻ പറഞ്ഞ ഒരു പരാമർശം ഉദ്ധരിക്കുന്നുണ്ട്. അതിങ്ങനെയാണ്.

‘‘തുടക്കത്തിൽ നിങ്ങളുടെ ചെയ്തികൾക്ക് ക്രിമിനൽ സ്വഭാവം ഉണ്ടായിരുന്നില്ല. പക്ഷേ സാഹചര്യങ്ങൾ മാറ്റം വരുത്തി. ഒമ്പതാം വയസ്സിൽ നിങ്ങൾ പഞ്ചസാര മോഷ്ടിച്ചു. പതിനഞ്ചാം വയസ്സിൽ പണം മോഷ്ടിച്ചു. ഇരുപതിലെത്തിയപ്പോൾ കുതിരകളെ മോഷ്ടിച്ചു. ഇരുപത്തിയഞ്ചായപ്പോൾ തീവെട്ടിക്കൊള്ള നടത്തി. മുപ്പതാം വയസ്സിൽ എന്ത‍് ഭീകരകുറ്റവും ചെയ്യാവുന്ന അവസ്ഥയിലായപ്പോൾ നിങ്ങൾ ഒരു എഡിറ്ററായി.’’
ഒന്നേ കാൽ നൂറ്റാണ്ടു പിന്നിടുമ്പോഴും മാർക്ക് ടെെ-്വനിന്റെ ഈ വാക്കുകൾ പ്രസക്തമാകുന്നു എന്നുവേണം കരുതാൻ. 

ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

thirteen − six =

Most Popular