Friday, May 3, 2024

ad

Homeനിരീക്ഷണംനോട്ട് പിൻവലിക്കലിന്റെ പിന്നാമ്പുറങ്ങളെന്ത്?

നോട്ട് പിൻവലിക്കലിന്റെ പിന്നാമ്പുറങ്ങളെന്ത്?

ഡോ. കെ ഡി ബാഹുലേയൻ

മെയ് 19നാണ് റിസർവ് ബാങ്ക് ഓഫ് ഇന്ത്യ 2000 രൂപയുടെ കറൻസി നോട്ട് പിൻവലിച്ചുകൊണ്ടുള്ള തീരുമാനമെടുത്തത്. 2000 രൂപയുടെ നോട്ട് പിൻവലിച്ചതിന് ന്യായീകരണമായി സർക്കുലറിൽ ചില വിശദീകരണങ്ങൾ റിസർവ് ബാങ്ക് കൊടുത്തിട്ടുണ്ട്. എന്നാൽ സാധാരണ ജനങ്ങൾക്ക് തീരെ ബോധ്യപ്പെടാനാവാത്ത വിധം ഒട്ടും യുക്തിസഹമല്ലാത്ത വിശദീകരണങ്ങളാണ് അവ. രാജ്യത്തിന്റെ പരമോന്നത ബാങ്കായ റിസർവ് ബാങ്ക് തന്നെ പുറമേകയ്ക്ക് ചില ലക്ഷ്യങ്ങൾ പറഞ്ഞ്, യഥാർഥത്തിൽ കേന്ദ്ര സർക്കാരിനു വേണ്ടി ഒരു ഹിഡൻ അജൻഡയാണ് 2000 രൂപാ നോട്ട് പിൻവലിച്ചതിലൂടെ നടപ്പാക്കിയത്.

2016 നവംബറിൽ, 500 രൂപയുടെയും 1000 രൂപയുടെയും കറൻസി നോട്ടുകളുടെ നിരോധനം കേന്ദ്ര സർക്കാരും പ്രധാനമന്ത്രിയും തന്നെയാണ് പ്രഖ്യാപിച്ചത്. അന്ന് ആ തീരുമാനമെടുത്തതിന് വാസ്തവത്തിൽ റിസർവ് ബാങ്കിന് വല്ല പങ്കുമുണ്ടായിരുന്നോ, ആ നടപടിക്ക് റിസർവ് ബാങ്കിന്റെ അംഗീകാരം ഉണ്ടായിരുന്നോ എന്നീ കാര്യങ്ങളിലെല്ലാം അന്നും ഇന്നും സംശയം പ്രബലമാണ്. ബാങ്കിന്റെ അധികൃതർ സമഗ്രമായ വിശകലനത്തിനു ശേഷം അത്തരമൊരു തീരുമാനത്തിന‍് പിന്തുണ കൊടുത്തു എന്ന വിധത്തിലുള്ള യാതൊരു സൂചനയും തീരുമാനം പ്രഖ്യാപിക്കുന്ന ഘട്ടത്തിൽ ഉണ്ടായിരുന്നില്ല. ഇപ്പോഴാകട്ടെ, 2000 രൂപയുടെ കറൻസി നോട്ട് പിൻവലിച്ച തീരുമാനം പൂർണമായും റിസർവ് ബാങ്കിന്റെ ആധികാരികമായ തീരുമാനമായിട്ടാണ് വന്നിരിക്കുന്നത്. ഇത്തവണ പരോക്ഷമായിപോലും ഈ നടപടിക്ക് വിശദീകരണവുമായി കേന്ദ്ര സർക്കാർ മുന്നോട്ടുവന്നിട്ടില്ല.

2000 രൂപയുടെ നോട്ട് പിൻവലിച്ചതിനുള്ള പ്രധാന കാരണമായി റിസർവ് ബാങ്ക് പ്രസ്താവിക്കുന്നത് 2016ൽ 2000 രൂപയുടെ നോട്ട് ഇറക്കിയത്, 500 രൂപ, 1000 രൂപ നോട്ടുകൾ നിയമാനുസൃത പണം അല്ലാതാക്കി റദ്ദ് ചെയ്ത സാഹചര്യത്തിൽ, സമ്പദ്-വ്യവസ്ഥ നേരിട്ട കറൻസി ക്ഷാമം പരിഹരിച്ച് ആവശ്യത്തിന് കറൻസി എത്തിക്കാനായിരുന്നു എന്നാണ്. പിന്നീട് 500 രൂപയുടെയും മറ്റും പുതിയ നോട്ടുകൾ ലഭ്യമാക്കിയതോടെ 2000 രൂപ നോട്ടിന്റെ ആവശ്യകത കുറഞ്ഞു എന്നുമാണ്. 2000 രൂപ എന്ന പുതിയ ഡിനോമിനേഷൻ നിശ്ചയിച്ചതിന് മറ്റ് പ്രാധാന്യമൊന്നും ഉണ്ടായിരുന്നില്ല എന്നു തന്നെയാണ് ഇതിനർഥം.

രണ്ടാമതായി പറയുന്നത്, 2018 മാർച്ചിൽ 26.73 ലക്ഷം കോടി രൂപയ്ക്കുള്ള 2000 രൂപ നോട്ട് ഉണ്ടായിരുന്ന സ്ഥാനത്ത് 2023 മാർച്ച് 31ന് 23.62 ലക്ഷം കോടി രൂപയ്ക്കുള്ള 2000 രൂപയുടെ നോട്ട് മാത്രമേ നിലവിലുള്ളൂ എന്നാണ്. അതായത്, ആകെ വിതരണത്തിലുള്ള കറൻസിയുടെ ശതമാനമെന്ന നിലയിൽ 2000 രൂപയുടെ കറൻസി 2018ലെ 37.3 ശതമാനത്തിൽനിന്ന് 2023ൽ 10.8 ശതമാനമായി കുറഞ്ഞിരിക്കുന്നു. 2018 മാർച്ചിൽ 37.3 ശതമാനമായി കുറഞ്ഞപ്പോൾ തന്നെ 2018–19ൽ 2000 രൂപയുടെ നോട്ട് അടിക്കുന്നത് നിർത്തിയെന്നും പറയുന്നു.

പണമിടപാടുകൾക്കു വേണ്ടി ധാരാളമായി ഉപയോഗിക്കുന്ന ഒന്നല്ല 2000 രൂപയുടെ നോട്ട് എന്നാണ് മറ്റൊരു കണ്ടുപിടിത്തം. 2016ൽ 2000 രൂപയുടെ നോട്ട് ഇറക്കിയതിന്റെ യുക്തിയെത്തന്നെ ചോദ്യം ചെയ്യുന്നതാണ് ഈ പ്രസ്താവം. നോട്ടുനിരോധനകാലത്തുതന്നെ, ഇടപാടുകൾ നടത്താൻ 2000 രൂപയുടെ നോട്ട് സാധാരണക്കാർക്ക് പ്രയാസമുണ്ടാക്കിയിരുന്നു എന്നതാണ് വാസ്തവം. ഏഴുകൊല്ലത്തിനു ശേഷമാണോ റിസർവ് ബാങ്ക് ഇത് തിരിച്ചറിഞ്ഞത്?

മുഷിഞ്ഞ നോട്ടുകൾ പിൻവലിക്കുന്നത് റിസർവ് ബാങ്കിന്റെ നയമാണ് എന്നാണ് സർക്കുലറിലെ മറ്റൊരു വിശദീകരണം. മുഷിഞ്ഞ നോട്ടുകൾ പിൻവലിച്ചാൽ അതേ രൂപയുടെ പുതിയ നോട്ടുകൾ ഇറക്കുകയാണല്ലോ പതിവ്. മുഷിഞ്ഞ നോട്ടുകൾ പിൻവലിക്കുന്നതിന് ഒരു മൂല്യത്തിലുള്ള മൊത്തം നോട്ടുകൾ തന്നെ പിൻവലിക്കണമെന്ന യുക്തി സാമാന്യബോധത്തിന് ചേരുന്നതാണോ?

റിസർവ് ബാങ്കിനു പുറമെ, രാജ്യത്തുള്ള മറ്റു ചില സാമ്പത്തിക വിദഗ്ധരും മാധ്യമങ്ങളിലൂടെ 2000 രൂപയുടെ നോട്ട് പിൻവലിച്ചതിനെ ന്യായീകരിക്കുന്നുണ്ട്. അവർ പറയുന്ന ഒരു ന്യായം ഇപ്പോൾ ആകെ പണമിടപാടുകളിൽ ഡിജിറ്റൽ ഇടപാടുകൾ നാൽപ്പത് ശതമാനത്തോളം വരും, അതുകൊണ്ട് കറൻസിയുടെ ആവശ്യം കുറഞ്ഞിരിക്കുന്നു എന്നാണ്. അങ്ങനെയാണെങ്കിൽ, എല്ലാ മൂല്യത്തിലുമുള്ള കറൻസി നോട്ടുകളും ആനുപാതികമായി കുറയ്ക്കാമല്ലോ. ഇവിടെ ചെയ്തിരിക്കുന്നത് 2000 രൂപയുടെ നോട്ട് മാത്രം പൂർണമായും പിൻവലിച്ചു എന്നതല്ലേ? അതിന്റെ യുക്തി എന്താണ്?

കള്ളപ്പണം നിയന്ത്രിക്കാൻ 2000 രൂപ നോട്ട് പിൻവലിച്ച നടപടി സഹായിക്കും എന്നതാണ് മറ്റൊരു വിശദീകരണം. പണമായി കള്ളപ്പണം സൂക്ഷിക്കുമ്പോൾ അത് കൂടുതലായും ഉയർന്ന മൂല്യമുള്ള നോട്ടുകളിലാണ് എന്നത് ശരിയാണ്. എന്നാൽ 2000 രൂപയുടെ നോട്ട് ലീഗൽ ടെൻഡറായി (നിയമാനുസൃത പണം) തുടരുകയാണ‍്. സെപ്തംബർ 30ന് ശേഷവും അത് അങ്ങനെ തന്നെ തുടരാം. റിസർവ് ബാങ്ക് ഉദ്ദേശിക്കുന്നത് ക്രമേണ 2000 രൂപ നോട്ടിലുള്ള ഇടപാടുകൾ കുറയുന്നതോടെ അത് സ്വാഭാവികമായി നിയമാനുസൃത പണമെന്ന നിലയിലുള്ള അന്ത്യത്തിലെത്തും എന്നാണ‍്. അന്ന് വേണമെങ്കിൽ ലീഗൽ ടെൻഡർ അല്ലാതാക്കാം. എന്നാൽ 2000 രൂപയുടെ നോട്ട് ലീഗൽ ടെൻഡറായി തുടരുന്നിടത്തോളം നോട്ട് പിൻവലിച്ചതുകൊണ്ട് കള്ളപ്പണക്കാർക്ക് ഒരു പദ്രവവും ഉണ്ടാകാൻ പോകുന്നില്ല എന്നതാണ് യാഥാർഥ്യം. നോട്ട് നിരോധനക്കാലത്ത് 2000 രൂപ നോട്ട് ഇറക്കിയത് കള്ളപ്പണക്കാർക്ക് സൗകര്യം ഒരുക്കുകയാണ് ചെയ്തത് എന്ന് ഓർക്കുക.

കള്ളപ്പണം ഇല്ലാതാക്കുക എന്നതാണ് നോട്ടു നിരോധനത്തിന്റെ ഒരു പ്രഖ്യാപിത ലക്ഷ്യമായി കേന്ദ്ര സർക്കാർ അവകാശപ്പെട്ടിരുന്നത്. എന്നാൽ 500, 1000 രൂപയുടെ നോട്ടുകൾ നിരോധിക്കപ്പെട്ടതിനുശേഷം, 99 ശതമാനം പഴയ നോട്ടുകളും ബാങ്കുകളിൽ തിരിച്ചെത്തിയതോടെ ഇൗ അവകാശവാദം പൊളിഞ്ഞു എന്ന് നമ്മൾ തിരിച്ചറിഞ്ഞതാണ്. ഇപ്പോൾ 2000 രൂപ നോട്ട് പിൻവലിച്ച നടപടി കള്ളപ്പണം തടയാൻ ഉപകരിക്കും എന്ന് വാദിക്കുന്ന വിദഗ്ധരുടെ അഭിപ്രായവും നേരത്തെ പൊളിഞ്ഞ വാദത്തിന്റെ തുടർച്ച മാത്രമാണ‍്.

2024ലെ പൊതുതിരഞ്ഞെടുപ്പ് വേളയിലും ഈ വർഷാവസാനം നടക്കാൻ പോകുന്ന സംസ്ഥാന തിരഞ്ഞെടുപ്പുകളുടെ വേളയിലും രാഷ്ട്രീയ പാർട്ടികളുടെ പണച്ചെലവ് കൂടാൻ പോവുകയാണ്. ശിങ്കിടി മുതലാളിത്തത്തെ ഗാഢമായി പുണർന്നുകൊണ്ടും തിരഞ്ഞെടുപ്പ് ബോണ്ട് വഴി ഭീമമായ സംഖ്യ സമാഹരിച്ചുകൊണ്ടും ബിജെപി വലിയ പണക്കൂമ്പാരത്തിന്മേലാണ് ഇന്ന് അടയിരിക്കുന്നത്. ബോണ്ട് വഴി സ്വരൂപിച്ച പണത്തിന്റെ സിംഹഭാഗവും ബിജെപിക്ക് മാത്രമായിട്ടാണ് കിട്ടിയത്. മറ്റ് രാഷ്ട്രീയപാർട്ടികൾക്ക് ഏതെങ്കിലും കമ്പനികൾ എന്തെങ്കിലും തുക സംഭാവന ചെയ്താൽ ബാങ്കിങ് വ്യവസ്ഥ വഴി കേന്ദ്ര സർക്കാരിന് അത് അറിയാൻ കഴിയും. അതേ സമയം ബിജെപിക്ക് കിട്ടുന്ന ഫണ്ട് സുത്യാര്യമല്ലാതാക്കാനും അവർക്ക് കഴിയുന്നു.

പ്രത്യക്ഷത്തിൽ കേന്ദ്ര സർക്കാർ അംഗീകരിക്കില്ലെങ്കിലും 2000 രൂപ നോട്ട് പിൻവലിച്ച നടപടിയും നോട്ടു നിരോധന നടപടികളെ അസാധുവാക്കലാണ്. മുമ്പ് ചെയ്ത തെറ്റുകളെ തള്ളിപ്പറയുന്നതിന് റിസർവ് ബാങ്കിനെ രാഷ്ട്രീയമായി ഉപയോഗപ്പെടുത്തിയതിന്റെ ഉദാഹരണമാണ് 2000 രൂപ നോട്ട് പിൻവലിച്ച നടപടി. 

ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

five × 3 =

Most Popular