Wednesday, October 9, 2024

ad

Homeനിരീക്ഷണംമുപ്പതുക്ക് മുപ്പത് 
ഡബ്ല്യുടിഒയിൽ ഇന്ത്യ

മുപ്പതുക്ക് മുപ്പത് 
ഡബ്ല്യുടിഒയിൽ ഇന്ത്യ

എ കെ രമേശ്

മുപ്പതു വർഷമായി ഡബ്ല്യുടിഒ രൂപംകൊണ്ടിട്ട്. 2024 ഡിസംബറിൽ മുപ്പത് തികയും. 30 തികഞ്ഞ ഡബ്ല്യുടിഒ അതിന്റെ നിറവിൽ മാറിത്തീരാൻ പാകത്തിൽ 30 നിർദേശങ്ങളുമായി ഇന്ത്യ രംഗത്തെത്തിയിരിക്കുന്നു. പറഞ്ഞു പറഞ്ഞുവന്നപ്പോൾ 30 മുപ്പതിൽ നിന്നില്ല. പേര് തേർട്ടി ഫോർ തേർട്ടി എന്നാണെങ്കിലും നിർദേശങ്ങൾ 34 എണ്ണമുണ്ട്.

ഡബ്ല്യുടിഒയുടെ കാര്യക്ഷമത വർദ്ധിപ്പിക്കാനായി മെക്കിൻസി ആൻഡ് കമ്പനിക്ക് പത്തു ലക്ഷം സ്വിസ് ഫ്രാങ്ക് നൽകിക്കൊണ്ട് എഴുതി വാങ്ങിച്ച ശുപാർശകൾ ഇതുവരെ പുറത്തെടുത്തിട്ടില്ലത്രെ. പക്ഷേ അതിന്റെ നിർദേശങ്ങൾ ആരോടും ചോദിക്കാതെയും പറയാതെയും നടപ്പാക്കിപ്പോരുകയാണ്. മെകിൻസിക്ക് പ്രവർത്തിക്കാനായി ഡബ്ല്യുടിഒയുടെ ജനീവയിലുള്ള ആസ്ഥാനത്ത് സ്ഥലവും ഒരുക്കിക്കൊടുത്തിരിക്കുന്നു. ഡബ്ല്യു ടി ഒയുടെ സെക്രട്ടേറിയറ്റിന്റെ പ്രവർത്തനങ്ങൾതന്നെ കുളത്തിലാക്കുംവിധം മെക്കിൻസി ഇടപെട്ടുകൊണ്ടിരിക്കുകയാണ്.

അവിടെയാണ്, 34 നിർദ്ദേശങ്ങളുമായി ഇന്ത്യ കളത്തിലിറങ്ങുന്നത്. മെയ് 1 ന്റെ ഡബ്ല്യുടിഒ ജനറൽ കൗൺസിലിൽ ഈ നിർദേശങ്ങൾ അവതരിപ്പിക്കപ്പെട്ടു. യൂറോപ്യൻ യൂണിയൻ ഈയിടെ ഡബ്ല്യുടിഒ നടത്തിപ്പിനെ സംബന്ധിച്ച് ഒരു സമഗ്ര നിർദേശം സമർപ്പിച്ചിരുന്നു. കാലാവസ്ഥാ വ്യതിയാനമടക്കം കൈകാര്യം ചെയ്യുന്ന ആ നിർദേശം ഉടൻ നടപ്പാക്കണമെന്നു പറഞ്ഞ് അവർ കൊട്ടും കുരവയുമായി ഇറങ്ങിത്തിരിച്ചിട്ടുണ്ട്. വികസ്വര രാജ്യങ്ങളിൽ പലതും അതിനോട് കൊമ്പുകോർത്തിട്ടുമുണ്ട്.

അമേരിക്കയുടെ കടുംപിടുത്തം കാരണം ഡബ്ല്യുടിഒയുടെ തർക്കപരിഹാര വേദിക്ക് അതിന്റെ പല്ലും നഖവും നഷ്ടപ്പെട്ടിരിക്കുന്നു. തങ്ങളാഗ്രഹിച്ചതിൻ പടി കാര്യങ്ങൾ നടത്തിക്കൊണ്ടുപോകുന്നതിന് തടസ്സമുണ്ടാക്കുന്ന ഏടാകൂടമാണ് ഡബ്ല്യു ടി ഒ യുടെ തർക്കപരിഹാര സമിതിയുടെ അപ്പലെറ്റ് ബോഡി. അതിൽ വന്ന ഒഴിവുകൾ നികത്താനനുവദിക്കാതെ കടുംപിടുത്തം പിടിച്ചുകൊണ്ട് എടങ്ങേറുണ്ടാക്കുകയാണ് അമേരിക്ക. 2019 ൽ തുടങ്ങിയതാണ് ഈ ഗുസ്തി. അതിനിടയ്-ക്കാണ് ഇന്ത്യയുടെ ഈ മുപ്പതുക്ക് മുപ്പത് എന്ന 34 നിർദേശങ്ങൾ.

വിസ്തരിച്ചു പറയാൻ ഏറെയുണ്ടെങ്കിലും, ഏറ്റവും പ്രധാനപ്പെട്ടവ ചുരുക്കി പറഞ്ഞാൽ ഇങ്ങനെയിരിക്കും.
1. ഡബ്ല്യുടിഒ യോഗങ്ങൾക്ക് മുൻകൂട്ടിത്തന്നെ ഒരു കലണ്ടർ തയാറാക്കുക. ഓരോ വർഷവും ജനുവരി 15 നു മുമ്പായി ഇത് പ്രസിദ്ധപ്പെടുത്തിയാൽ വിവിധ സബ് കമ്മിറ്റികളുടെ തീയതികൾ തമ്മിൽ കൂട്ടിമുട്ടില്ല. അംഗരാജ്യങ്ങളിലെ ആഘോഷ വേളകൾകൂടി കണക്കിലെടുത്തു വേണം തീയതികൾ കണ്ടെത്താൻ.
2. ഡബ്ല്യുടിഒയുടെ സ്ഥിരം സമിതികളുടെ അജൻഡാ ഫോർമാറ്റിന് ഒരു നിയതരൂപമുണ്ടാക്കണം. പലപ്പോഴും പല യോഗങ്ങളും തോന്നും പടി ചേർന്ന് തോന്നുന്ന തീരുമാനങ്ങളുമെടുത്തു പിരിയുന്ന നടപ്പുരീതി മാറ്റാനാവണം ഇങ്ങനെയൊരു നിർദേശം.
3. ഡബ്ല്യുടിഒ കമ്മിറ്റികളുടെ യോഗ നടപടികളുടെ മിനിറ്റ്സ് പെട്ടെന്നു തന്നെ കിട്ടണം. ഒറ്റ ദിവസ യോഗമാണെങ്കിൽ രണ്ടാഴ്ചയ്-ക്കകം, രണ്ടു ദിവസ യോഗമാണെങ്കിൽ 3 ആഴ്ചയ്-ക്കകം, അതിൽക്കൂടുതലാണെങ്കിൽ 4 ആഴ്ചയ്-ക്കകം എന്നാണ് നിർദേശം.
4. ഡബ്ല്യു ടി ഒയുടെ ഡിജിറ്റൽ ടൂൾസിന്റെ പൊതു അവലോകനത്തിനായി രണ്ട് സെഷനുകൾ നടത്തണം എന്നതാണ് മറ്റൊരു നിർദേശം.
5. ഡബ്ല്യുടിഒയുടെ സ്ഥിരം സമിതികൾക്കൊക്കെയും അവരവരുടെ വിവരങ്ങൾ അറിയിക്കാനായി ഡബ്ല്യുടിഒ വെബ്സൈറ്റിൽ സമാനരൂപത്തിൽ ഇടം നൽകണം.
6. വെബ്സൈറ്റ് മാനേജ്മെന്റിനെ സംബന്ധിച്ച നിർദേശമാണ് അടുത്തത്. ഒരു ഏകീകൃത കണ്ടന്റ് മാനേജ്മെന്റ് സിസ്റ്റം ഉണ്ടാക്കുന്നതിനായി ഡിജിറ്റൽ ആസ്തി കൈകാര്യം ചെയ്യാനുള്ള ഏർപ്പാട് വേണം എന്നാണ് നിർദേശം.
7. ഓരോ അംഗരാജ്യവും ഉയർത്തുന്ന നിശ്ചിത വ്യാപാര ഉൽക്കണ്ഠകൾ (specific trade concerns ) ഡബ്ല്യു ടി ഒ യുടെ വിവിധ സ്ഥിരം സമിതികളിൽ എങ്ങനെ പ്രതിഫലിക്കുന്നു എന്ന് അംഗരാജ്യങ്ങൾക്ക് അപ്പപ്പോൾ മനസ്സിലാക്കാനുതകും വിധം ഒരു ഡാഷ്ബോഡ് ഉണ്ടാക്കണം.
8. സ്ഥാപനങ്ങളുടെ ഉൽപ്പാദനക്ഷമത വർദ്ധിപ്പിക്കാനും ആശയവിനിമയം എളുപ്പത്തിലാക്കാനുമായി മൊബൈൽ പ്ലാറ്റ്ഫോമുകൾക്കിണങ്ങിയ ഒരു പ്രൊഡക്ടിവിറ്റി ആപ്പ് തയാറാക്കണം. പ്രതിനിധികളുടെ ഡയറക്ടറി, യോഗങ്ങളുടെ കലണ്ടർ, യോഗങ്ങൾക്കുള്ള അറിയിപ്പ്, യോഗങ്ങൾക്കുള്ള റൂം ബുക്കിങ് എന്നിവ കൈകാര്യം ചെയ്യാൻ ഈ ആപ്പിന് കഴിയണം എന്നാണ് നിർദേശം.
9. ഡബ്ല്യുടിഒ വെബ്സൈറ്റ് ഉള്ളടക്കം അംഗരാജ്യങ്ങൾക്ക് പരിശോധിച്ചാൽ പെട്ടെന്ന് മനസ്സിലാകത്തക്കവിധം ക്രമീകരിക്കണം.
10. ഡബ്ല്യുടിഒ സെക്രട്ടേറിയേറ്റ് പ്രസിദ്ധീകരിക്കാൻ ഉദ്ദേശിക്കുന്ന റിപ്പോർട്ടുകൾ സംബന്ധിച്ച് ഒരു വാർഷിക കലണ്ടർ പ്രസിദ്ധപ്പെടുത്തുക. മുമ്മൂന്ന് മാസം കൂടുമ്പോൾ ഈ കലണ്ടർ പുതുക്കുകയുമാവാം.
11. ഡബ്ല്യു ടി ഒ സെക്രട്ടേറിയറ്റ് ബാഹ്യ ഏജൻസികളുടെ സഹായത്തോടെ തയാറാക്കുന്ന റിപ്പോർട്ടുകളിൽ അത് അംഗരാജ്യങ്ങളുടെ സമ്മതത്തോടെ തയാറാക്കിയതല്ല എന്ന നിഷേധപ്രസ്താവം (disclaimer) ചേർത്തിരിക്കണം. വികസിത സമ്പന്ന രാജ്യങ്ങളുടെ താൽപര്യ സംരക്ഷണാർത്ഥം ലോകബാങ്ക്, ഐ എം എഫ് തുടങ്ങിയ സ്ഥാപനങ്ങളുടെ പങ്കാളിത്തത്തോടെ ഡബ്ല്യു ടി ഒ റിപ്പോർട്ടുകൾ എന്ന പേരിൽ ഒളിച്ചുകടത്തുന്ന പ്രസിദ്ധീകരണങ്ങൾ പെരുകുന്ന ഒരു കാലത്ത് ഇതിന് സവിശേഷ പ്രാധാന്യമുണ്ട്.
12. ഡബ്ല്യുടിഒ പൊതു ഫോറങ്ങളുടെ സമയ ക്രമീകരണത്തിൽ മാറ്റം വേണം. അത് ജൂലായ് ആദ്യം നടത്തിയാലേ ഡബ്ല്യുടിഒയുടെ സ്ഥിരം സമിതികളുടെ സെപ്തംബർ അവസാനം / ഒക്ടോബർ ആദ്യ യോഗങ്ങൾക്കിടയ്-ക്ക് സമയം കിട്ടൂ.അതിനാണ് ഈ നിർദേശം.
13. ഡബ്ല്യുടിഒ റിപ്പോർട്ടുകളുടെ പ്രത്യവലോകനത്തിന് ഏർപ്പാടുണ്ടാക്കണം എന്നാണ് മറ്റൊരു നിർദേശം. എല്ലാ സ്ഥിരം റിപ്പോർട്ടുകളുടെയും(എയ്ഡ് ഫോർ ട്രെയ്ഡ്, ട്രെയ്ഡ് ഫോർ കാസ്റ്റ് തുടങ്ങിയവ) ഘടനയെക്കുറിച്ച് വിശകലനം ചെയ്യാൻ ഒരു പ്രക്രിയ വേണം എന്നാണാവശ്യം. റിപ്പോർട്ടുകൾ അവലംബിച്ച രീതിശാസ്ത്രത്തെക്കുറിച്ചും അതിന് ആധാരമായ നിഗമനങ്ങളെക്കുറിച്ചും മനസ്സിലാക്കാനും പുനരവലോകനം നടത്താനും അവസരം ലഭിക്കാനാണ് ഇങ്ങനെയൊരാവശ്യം ഉയർത്തുന്നത്.
14. സോഷ്യൽ മീഡിയ വഴി റീച്ച് കൂട്ടുന്നതിനുള്ള സാധ്യതകൾ ഡബ്ല്യു ടി ഒ പ്രയോജനപ്പെടുത്തണം. അതേയവസരത്തിൽ, ഇങ്ങനെ ലഭിക്കുന്ന പ്ലാറ്റ്ഫോമുകൾവഴി പുറത്തുവിടുന്ന ഉള്ളടക്കം പക്ഷപാതപരമാവാതെ നോക്കണം. വസ്തുനിഷ്ഠമാവണം, അംഗരാജ്യങ്ങളുടെ വൈവിധ്യപൂർണമായ സമീപനങ്ങൾ ഉൾക്കൊണ്ടായിരിക്കണം. സെക്രട്ടേറിയറ്റ് സ്റ്റാഫിന്റെ സോഷ്യൽ മീഡിയ ഇടപെടലിന്റെ കാര്യത്തിൽ ഒരു നയം രൂപപ്പെടുത്തേ ണ്ടതുണ്ട്. ഡയറക്ടർ ജനറൽ തന്നെ ഏകപക്ഷീയമായി യാതൊരു കൂടിയാലോചനയുമില്ലാതെ പ്രസ്താവനകൾ ഇറക്കുന്ന ഒരു കാലത്ത് ഇങ്ങനെയൊരു നിർദേശത്തിന് പ്രസക്തിയേറും.
15. ഡബ്ല്യുടിഒ വാർത്തകൾ പ്രസിദ്ധപ്പെടുത്തുംമുമ്പ് ഒരു പരിശോധനയ്ക്ക് വിധേയമാവണം. തെറ്റായ വാർത്തകൾ പക്ഷപാതപരമായി ആവർത്തിച്ചിറങ്ങുകയും നടന്ന ചർച്ചകളെ സംബന്ധിച്ച് വസ്തുതാവിരുദ്ധമായ വാർത്തകൾ പുറത്തുവരികയും ചെയ്യുന്ന ഒരു കാലത്ത് ഈ ആവശ്യം ഏറെ ന്യായമാണ്.
16. ചില അംഗരാജ്യങ്ങൾ വിയോജിച്ചു , മറ്റു ചില രാജ്യങ്ങൾ യോജിച്ചു എന്ന മട്ടിൽ മാധ്യമങ്ങളിൽ വാർത്തകൾ വന്നുകൂടാ. എതിർത്തവരാര് , യോജിച്ചവരാര് എന്ന് തെളിച്ചു പറഞ്ഞേ മതിയാവൂ.
17. അവികസിത രാജ്യങ്ങളുടെ (Least developed countries ) അനുഭവങ്ങൾ പങ്കുവെക്കാനായി ഒരു ദിവസം കണ്ടെത്തി ഒരു എൽഡിസി എക്സ്പീരിയൻസ് ഷെയറിങ് ഡേ എല്ലാ വർഷവും ആചരിക്കണം എന്നാണ് മറ്റൊരു നിർദേശം.
18. ഡബ്ല്യു ടി ഒയുടെ പേരിൽ വിവിധ അന്താരാഷ്ട്ര സംഘടനകളുടെ സംയുക്താഭിമുഖ്യത്തിൽ നടക്കുന്ന പല പഠനങ്ങളിലും അംഗരാജ്യങ്ങൾക്ക് ഒരു ബന്ധവുമില്ല. വിഷയം തിരഞ്ഞെടുക്കുന്നതിലും പഠനത്തിന് ഏജൻസികളെ നിശ്ചയിക്കുന്നതിലും യാതൊരു പങ്കും അംഗരാജ്യങ്ങൾക്കില്ലെങ്കിലും, അവയുടെ കൂടി കൈയൊപ്പുണ്ട് എന്ന മട്ടിലാണ് റിപ്പോർട്ടുകൾ പലപ്പോഴും പക്ഷപാതപരമായി പുറത്തിറങ്ങുന്നത്. അംഗരാജ്യങ്ങൾക്കുകൂടി പ്രാതിനിധ്യമുള്ള തരത്തിലേക്ക് ഇത് മാറേണ്ടതുണ്ട്, മാറ്റണം.
19. ദോഹാ ഫിഷറീസ് സബ്സിഡി ചർച്ചകളിൽ അധ്യക്ഷനായിരുന്ന കൊളംബിയൻ അംബാസിഡർ സാന്റിയാഗോ വിൽസിനെ ഡബ്ല്യുടിഒ കൗൺസിലിലേക്കും ടിഎൻസി ഡിവിഷനിലേക്കും ഡയറക്ടറായി നിയമിച്ച രീതിയിൽ തോന്നും പടി നിയമനം അവസാനിപ്പിക്കാനായുള്ള നിർദേശമാണ്, നിയമനത്തിന് 12 മാസത്തെ കൂളിങ് ഓഫ് സമയം നൽകണം എന്നത്. സ്ഥിരം കൺസൾട്ടന്റുമാരായി നിയമിതനാവാൻ ഒരംബാസിഡർ 12 മാസമെങ്കിലും കാത്തിരിക്കട്ടെ എന്നാണ് നിർദേശം. വരമ്പത്ത് കൂലി എന്ന മട്ടിൽ പറഞ്ഞതിനും ചെയ്തതിനുമുള്ള പ്രത്യുപകാരമായി പിറ്റേന്ന് മുതൽ ചെല്ലം ചുമക്കാനുള്ള കല്പന നൽകാൻ പറ്റില്ല എന്നുതന്നെ ഇതിനർഥം.
20. തടസ്സമുണ്ടാക്കുന്ന നിയന്ത്രണങ്ങൾ ഏതെന്ന് കണ്ടെത്തി അവ കണക്കിലെടുത്തു കൊണ്ടു വേണം പരിഷ്കാര പ്രക്രിയകൾ പുരോഗമിക്കാൻ എന്നതാണ് ഒരു നിർദേശം.
21. ഡബ്ല്യുടിഒ നിയമങ്ങളും നടപടികളും സംബന്ധിച്ച് ഇന്ത്യക്ക് വ്യത്യസ്തമായ അഭിപ്രായമുണ്ട്. പരിഹരിക്കാതെ കിടക്കുന്ന പ്രശ്നങ്ങൾ ഒട്ടും പരിഗണിക്കാതെ പുതിയ പ്രശ്നങ്ങൾ ഏറ്റെടുക്കുന്ന രീതി മാറ്റണം. ആദ്യം ഉയർന്നു വരുന്ന പ്രശ്നങ്ങൾ പരിഹരിച്ചിട്ടു മതി പുതിയവ തിരുകിക്കയറ്റാൻ എന്നാണ് നിർദേശം.
22. മന്ത്രിതല യോഗങ്ങളുടെ സംഘാടനത്തെ സംബന്ധിച്ചും ചില ക്രമീകരണങ്ങൾ വരുത്തേണ്ടതുണ്ട്. മുൻ മന്ത്രിതല യോഗങ്ങളുടെ അനുഭവങ്ങൾ കണകിലെടുത്തു വേണം ഇനിയുള്ളവ വിളിച്ചു ചേർക്കാൻ. ഇക്കാര്യത്തിൽ ഒരു ഏകീകൃത മാർഗദർശന രേഖ തയാറാക്കി അംഗരാജ്യങ്ങളുടെ ചർച്ചയ്ക്കുശേഷം അംഗീകരിക്കേണ്ടതാണ്.
23. വ്യാപകമായ വിമർശനങ്ങൾക്ക് വിധേയമായ ഗ്രീൻ റൂം ചർച്ചകളുടെ മട്ടും മാതിരിയും മാറണമെന്നതാണ് ഒരാവശ്യം. ഡബ്ല്യുടിഒയുടെ ജനീവയിലുള്ള ആസ്ഥാന മന്ദിരത്തിലെ പച്ചപ്പെയിന്റടിച്ച മുറിയിൽ നടക്കുന്ന ചർച്ചകൾ ഒട്ടും സുതാര്യമല്ലെന്നും ഒറ്റയൊറ്റ അംഗരാജ്യ പ്രതിനിധികളെ വേറെ വേറെ വിളിച്ച്, കണ്ണുരുട്ടി പേടിപ്പിച്ചോ പ്രലോഭിപ്പിച്ചോ തങ്ങൾ പറയുന്നത് സമ്മതിപ്പിക്കാനുള്ള മുറിയായാണ് ഡബ്ല്യു ടിഒ ഡയറക്ടർമാർ അത് ഉപയോഗപ്പെടുത്തുന്നത് എന്നുമായിരുന്നു വിമർശനം. ഗാട്ടിന്റെ അവസാന ഡയറക്ടർ ജനറലായിരുന്ന ആർതർ ഡങ്കലാണ് ഈ പച്ചമുറി ഭേദ്യമുറിയാക്കി മാറ്റിയത്. തങ്ങൾക്ക് ഇത്രക്കേറെ സഹായം ചെയ്തുതന്നതു കാരണം ആ മുറിക്ക് ഡങ്കൽ റൂം എന്ന് പേരിടണമെന്ന് യൂറോപ്യൻ യൂണിയനും അമേരിക്കയും ആവശ്യപ്പെട്ടിരുന്നു. അതിനെ സുങ്കൽ റൂം എന്നു വിളിച്ചാൽ മതി എന്നാണ് ചില മൂന്നാം ലോകരാജ്യങ്ങൾ പറഞ്ഞത്. സുങ്കൽ എന്ന ജർമ്മൻ വാക്കിന് ഇരുണ്ട എന്ന അർത്ഥമാണത്രെ! ആ ഇരുൾ മുറിച്ചർച്ചകൾ ഇനിയങ്ങനെ തുടരരുത് എന്നു തന്നെയാണ് ഇന്ത്യ പറയുന്നതെങ്കിൽ അത്രയും നല്ലത്!
24. ടെക്സ്റ്റ് അടിസ്ഥാനമായുള്ള ചർച്ചകൾ നടത്തുന്നതിന് രണ്ട് രീതികൾ ഉണ്ട്. അംഗങ്ങൾ നിർദേശിക്കുന്ന ടെക്സ്റ്റ് പ്രകാരമുള്ള ചർച്ചകളാണ് ഒന്ന്. മറ്റേത് ചർച്ചകളുടെ അടിസ്ഥാനത്തിൽ പൊതുധാരണ അധ്യക്ഷൻ നിർദേശിക്കുന്നത്. അത്തരമവസരങ്ങളിൽ അംഗരാജ്യങ്ങളുടെ ഓരൊരുത്തരുടെയും അഭിപ്രായം രേഖടെഡപ്പടുത്തപ്പെടാതെ പോവും. സുതാര്യമല്ല ആ നടപടി. അംഗങ്ങളുടെ ടെക്സ്റ്റ് വെച്ചുള്ള ചർച്ചകളാണെങ്കിലും അധ്യക്ഷൻ മുന്നോട്ടുവെക്കുന്ന ടെക്സ്റ്റാണെങ്കിലും അംഗരാജ്യങ്ങളുടെ നിലപാടുകൾ അതിൽ പ്രതിഫലിക്കണം എന്നാണ് ഇന്ത്യൻ നിലപാട്.
25. അക്കൗണ്ടിങ് രീതികളിലും ഓഡിറ്റർമാരെ നിയോഗിക്കുന്നതിലും നടപടിക്രമങ്ങളിലും റിപ്പോർട്ടിങ്ങിലും ഐക്യരാഷ്ട്ര സഭയുടെ സമ്പ്രദായങ്ങൾതന്നെ പിന്തുടരണം എന്നതാണ് ഇന്ത്യൻ നിലപാട്.
26. ഡബ്ല്യു ടി ഒയുടെ സ്ഥിരം സമിതികളുടെ നിയമങ്ങളും നടപടികളും ഏകീകരിക്കാനായി ഒറ്റത്തവണ പഠനം നടത്തി ഒരു പൊതു പെരുമാറ്റ ചട്ടം രൂപവൽക്കരിക്കണമെന്നാണ് ഒരു നിർദ്ദേശം. വിവിധ സമിതികൾ തമ്മിൽ നടത്തിപ്പിലുള്ള വ്യത്യാസങ്ങൾ മനസ്സിലാക്കാൻ ഇത് അംഗരാജ്യങ്ങളെ സഹായിക്കും.
27.ഡബ്ല്യുടിഒയുടെ സ്ഥിരം സമിതികളുടെ പ്രവർത്തനങ്ങൾ വിലയിരുത്താനായി ഒറ്റത്തവണ റിവ്യൂ നടത്തണം എന്നാണ് മറ്റൊരു നിർദേശം. ബാലൻസ് ഓഫ് പേമെന്റ് കമ്മിറ്റി, വ്യാപാരം, വായ്പ, ധനകാര്യ സംബന്ധിയായ വർക്കിങ് ഗ്രൂപ്പ് , വ്യാപാരത്തിനും, സാങ്കേതിക വിദ്യാ കൈമാറ്റത്തിനുമായുള്ള വർക്കിങ് ഗ്രൂപ്പ് തുടങ്ങിയവയുടെ പ്രവർത്തനങ്ങളാണ് വിലയിരുത്തപ്പെടേണ്ടത്.
28. ഡബ്ല്യു ടി ഒ രേഖകളുടെ ഏകീകരണത്തിന് ഒറ്റത്തവണ പ്രൊജക്റ്റ് എന്നതാണ് ഒരാശയം. (ഉദാഹരണത്തിന് മീറ്റിങ്ങ് മിനിറ്റ്സിന് M എന്നും നോട്ടിഫിക്കേഷന് N എന്നും ചുരുക്കപ്പേര് നൽകുന്ന കാര്യം ) പഴയ ഡബ്ല്യു ടി ഒ രേഖകൾക്ക് വേണമെങ്കിൽ ഒരു പുതുക്കിയ സിംബൽ നൽകാം. പക്ഷേ രേഖകൾ തെരയാൻ സൗകര്യപ്രദമാംവിധം ഇത് പഴയതിനും പുതിയതിനും ബാധകമാവുന്ന രീതിയിൽ പുതുക്കുക. 5 വർഷം കഴിഞ്ഞ് പുതിയ സിംബലുകൾ മാത്രം മതി എന്നാണ് നിർദേശം.
29. കോർപറ്റ് സ്ഥാപനങ്ങളായാലും, സർക്കാർ സ്ഥാപനങ്ങളായാലും താൽപര്യ സംഘട്ടനങ്ങൾ ഒഴിവാക്കിക്കൊണ്ടു വേണം ഒരു പെരുമാറ്റച്ചട്ടം നടപ്പാക്കാൻ. ഇക്കാര്യം കണക്കിലെടുത്തു വേണം ഡബ്ല്യുടിഓയിൽ കമ്മിറ്റി ചെയർമാൻമാരുടെതായാലും സ്റ്റാഫിന്റെതായാലും നിയമനങ്ങൾ നടത്താൻ.
30. ഡബ്ല്യു ടിഒ യുടെ സ്ഥാപകദിനം മുതൽ അതിന്റെ വിവിധ സമിതികളിൽ അധ്യക്ഷരായിരുന്നവരുടെ ഒരു ലിസ്റ്റ് തയാറാക്കണം, അതു വഴി ഭാവിയിൽ തിരഞ്ഞെടുക്കപ്പെടുന്ന ചെയർമാൻമാർക്ക് തെളിവുകൾ മുൻ നിർത്തി തീരുമാനങ്ങൾ എടുക്കാൻ സഹായകമാവും എന്നാണ് ഇന്ത്യ പറയുന്നത്.
31. തർക്ക പരിഹാരസമിതി ഏവർക്കും പ്രാപ്യമാക്കും വിധം സമയബന്ധിതമായി ഒരു പ്രവർത്തന പദ്ധതി തയാറാക്കണം. വികസ്വര രാജ്യങ്ങൾക്ക് അതിനെ സമീപിക്കാനാവുംവിധം കൃത്യമായ നടപടികൾ കൈക്കൊള്ളണം.
32.ഡബ്ല്യു ടി ഒ യുടെ സ്ഥിരം ബജറ്റ് പാസ്സാക്കിക്കിട്ടാൻ താമസം വരുന്നെങ്കിൽ എടുത്തുപയോഗിക്കാൻ കണ്ടിൻജന്റ് സംവിധാനമില്ല. ഇക്കാര്യത്തിൽ ചർച്ചകൾ ഏറെ നടന്നെങ്കിലും, കാര്യങ്ങൾ എവിടെയും എത്തിയിട്ടില്ല. ഈ സുപ്രധാന ഹൗസ് കീപ്പിങ് പ്രശ്നം എത്രയും പെട്ടെന്ന് പരിഹരിക്കേണ്ടതുണ്ട്.
33. തർക്ക പരിഹാരസമിതിയിലെ നടപടിക്രമങ്ങൾ ശക്തിപ്പെടുത്തുന്നതിന് സംവിധാനങ്ങൾ വേണം എന്നതാണ് മറ്റൊരു നിർദേശം. പാനലിസ്റ്റുകൾക്കും അപ്പലെറ്റ് ബോഡിയിലെ അംഗങ്ങൾക്കും നിലവാരമുള്ള സ്വതന്ത്രമായ നിയമോപദേശം ലഭിക്കുന്നതിന് പര്യാപ്തമായ രീതിയിൽ വേണം നിയമനങ്ങൾ നടത്താൻ. ഇപ്പോൾ കെട്ടറ്റുപോയ തർക്കപരിഹാരസമിതിയെ പ്രവർത്തനക്ഷമമാക്കണം എന്നു തന്നെയാണാവശ്യം.
34. ടി പി ആർ എം ( TPRM) എന്നൊരു വിലയിരുത്തൽ സംവിധാനമുണ്ട് ഡബ്ല്യു ടി ഒയിൽ. ട്രെയ്ഡ് പോളിസി റിവ്യൂ മെക്കാനിസം എന്നാണ് അതിന്റെ പേര്. അതിനെ ഏതാണ്ട് ഉടച്ചുവാർക്കണം എന്നതാണ് ഇന്ത്യൻ നിലപാട്. 10 ലക്ഷം സ്വിസ് ഫ്രാങ്ക് ചെലവാക്കി മെക്കിൻസിയോട് എഴുതി വാങ്ങിച്ച നിർദേശങ്ങൾ ഒട്ടും സുതാര്യതയില്ലാതെ നടപ്പാക്കിപ്പോരുന്ന ഡബ്ല്യുടി ഒയെ അടിസ്ഥാനപരമായി ജനാധിപത്യവൽക്കരിക്കുക അത്ര എളുപ്പമല്ല. ഗാട്ട് കരാർ ഒപ്പിടുന്നതിനു തൊട്ടുമുമ്പ് ചർച്ചാവേദികളിൽ മൂന്നാം ലോക രാജ്യങ്ങളുടെ നിലപാടിനൊപ്പം നിന്നിരുന്ന ഇന്ത്യ ക്രമേണ സമ്പന്നരുടെ ക്ലബ്ബിൽ അംഗത്വം നേടി മേനി നടിച്ചു കഴിയുകയായിരുന്നു. അതുകൊണ്ടു തന്നെ വിശ്വാസ്യതയുടെ പ്രശ്നമുണ്ട്. എങ്കിലും ജി-20 അധ്യക്ഷസ്ഥാനത്തിന്റെ പകിട്ടിൽ പെട്ടുപോയ ഇന്ത്യ ഇക്കാര്യത്തിലെങ്കിലും അമേരിക്കയ്ക്കും യൂറോപ്യൻ യൂണിയനും എതിരായ നിലപാടെടുക്കാൻ നിർബന്ധിതമാവുകയാണ്. ഒറ്റക്കല്ലിൽ കൊത്തിയെടുത്ത ഏകശിലാവിഗ്രഹമല്ല ജി. 20 എന്നു തന്നെയാണ് തെളിഞ്ഞുവരുന്നത്. 

ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

13 − two =

Most Popular