Wednesday, October 9, 2024

ad

Homeനിരീക്ഷണംഎന്തുകൊണ്ട് 
മെയ് 28?

എന്തുകൊണ്ട് 
മെയ് 28?

കെ എ വേണുഗോപാലൻ

പുതിയ പാർലമെന്റ് മന്ദിരം 2023 മെയ് 28 ന് രാഷ് ട്രത്തിന് സമർപ്പിക്കപ്പെട്ടിരിക്കുകയാണ്. എന്താണ് മെയ് 28 തന്നെ മോദി സർക്കാർ തെരഞ്ഞെടുക്കാൻ കാരണം എന്ന് അന്വേഷിച്ചാൽ നാം എത്തിച്ചേരുന്ന ഉത്തരം മഹാത്മാ ഗാന്ധി വധക്കേസിൽ പ്രതി ചേർക്കപ്പെടുകയും എന്നാൽ സാങ്കേതിക കാരണങ്ങളാൽ വെറുതെ വിടപ്പെടുകയും ചെയ്ത ആർഎസ്എസിന്റെ താത്വികാചാര്യനായ സവർക്കറുടെ ജന്മദിനമാണ് മെയ് 28 എന്നതാണ്. അവർക്ക് അദ്ദേഹം വീർ സവർക്കറാണ്. ഇന്ത്യയുടെ മഹനീയ പുത്രനുമാണ്. എന്നാൽ ജനാധിപത്യത്തിന്റെ ശ്രീകോവിൽ എന്ന് വിശേഷിപ്പിക്കാവുന്ന പാർലമെന്റ് മന്ദിരം സവർക്കറുടെ ഓർമ്മക്കു മുമ്പിൽ സമർപ്പിക്കാവുന്ന വിധം ജനാധിപത്യവാദിയോ സ്വാതന്ത്ര്യ സമര സേനാനിയോ ആയിരുന്നോ സവർക്കർ?

സവർക്കറുടെ ലേഖനങ്ങളും പ്രസംഗങ്ങളുമൊക്കെ സമാഹരിക്കപ്പെട്ടിട്ടുണ്ട്. അതിലൊന്നാണ് ‘വിനായക് ദാമോദർ സവർക്കേഴ്സ് വേൾവിൻഡ് പ്രൊപ്പഗാണ്ട’ എന്ന പുസ്തകം. അതിന്റെ 256-, 257 പേജുകളിൽ താഴെ പറയും പ്രകാരം പറഞ്ഞിരിക്കുന്നത്. “‘ഇന്ന് രാജ്യത്ത് നിലനില്ക്കുന്ന എല്ലാ സാധ്യതകളും കണക്കിലെടുത്താൽ ഷിസോദിയ രാജവംശത്തിലെ ഇളമുറക്കാരനായ നേപ്പാൾ മഹാരാജാവിനെ ഇന്ത്യൻ സാമ്രാജ്യത്തിന്റെ കിരീടം ഏല്പിച്ചു കൊടുക്കാനാണ് സൈദ്ധാന്തികമായ സാധ്യത. അത്ഭുതകരമായ കാര്യം നാം ഹിന്ദുക്കൾക്കറിയാവുന്നതിനേക്കാൾ നന്നായി ഇക്കാര്യം ഇംഗ്ലീഷുകാർക്കറിയാം എന്നതാണ്. ഇന്ത്യക്കാരുടെ വിധി നിർണയിക്കാൻ നേപ്പാളിനെ നിയോഗിക്കുന്ന കാര്യം അസാധ്യമായ ഒന്നല്ല. തങ്ങളുടെ കൈകളിൽ നിന്ന് ഇന്ത്യയുടെ അധികാരം കൈവിട്ടു പോകാനിട വന്നാൽ തങ്ങളുടെ അടിമയും തകർന്നടിഞ്ഞവനുമായ നൈസാമിനല്ല മറിച്ച് തുല്യനും സ്വതന്ത്രനും സഖ്യശക്തിയുമായ നേപ്പാൾ മഹാരാജാവിന് കൈമാറാനാണ് ബ്രിട്ടൻ ആഗ്രഹിക്കുക’’. ബ്രിട്ടീഷ് രാജ്ഞി അധികാരം വിട്ടൊഴിഞ്ഞ് ഇന്ത്യ സ്വതന്ത്രമായാൽ ഇതൊരു ജനാധിപത്യ രാജ്യമാവണമെന്നല്ല മറിച്ച് ഹിന്ദുവായ നേപ്പാൾ രാജാവിനാൽ ഇന്ത്യ ഭരിക്കപ്പെടണം എന്നായിരുന്നു സവർക്കറുടെ മോഹം എന്നാണ് ഇത് വ്യക്തമാക്കുന്നത്. ഇന്ത്യ ഹിന്ദു രാജഭരണത്തിലേക്ക് തിരിച്ചു പോകണം എന്നാഗ്രഹിച്ച സവർക്കറുടെ ഓർമ്മയ്ക്കായി ജനാധിപത്യത്തിന്റെ ശ്രീകോവിൽ സമർപ്പിക്കുന്ന വിരോധാഭാസത്തിനാണ് ഇന്ത്യൻ ജനത സാക്ഷിയായത്.

ഇന്ത്യൻ സ്വാതന്ത്ര്യ സമരത്തിൽ സവർക്കർ സ്വീകരിച്ച നിലപാടെന്ത് എന്ന് പരിശോധിച്ചാൽ ഇക്കാര്യം കൂടുതൽ വ്യക്തമാവും. മുസ്ലീം ലീഗിന്റെ നേതാവായിരുന്നു മുഹമ്മദാലി ജിന്ന. 1940 മാർച്ചിലാണ് ഇന്ത്യയെ രണ്ടായി വെട്ടിമുറിക്കണമെന്നും മുസ്ലിങ്ങൾക്ക് പാകിസ്താൻ എന്ന ഒരു സ്വതന്ത്ര രാഷ്ട്രം വേണമെന്നും അദ്ദേഹം ആവശ്യപ്പെടുന്നതും. 1937 ലാണ് സവർക്കർ ഹിന്ദുമഹാസഭയുടെ നേതൃത്വം ഏറ്റെടുക്കുന്നത്. അഹമ്മദാബാദിൽ വച്ച് അതിന്റെ പത്തൊമ്പതാം സമ്മേളനം നടക്കുമ്പോൾ തന്റെ അധ്യക്ഷ പ്രസംഗത്തിൽ സവർക്കർ വളരെ ശ്രദ്ധേയമായ ഒരു സിദ്ധാന്തം മുന്നോട്ടുവച്ചു. അത് ഇങ്ങനെയായിരുന്നു: “‘ഇന്ത്യയിൽ ഇന്ന് പരസ്പര വിരുദ്ധ സ്വഭാവമുള്ള രണ്ട് രാഷ്ട്രങ്ങൾ അടുത്തടുത്തായി കഴിയുന്നുണ്ട്. കുട്ടിത്തം വിട്ടുമാറാത്ത ചില രാഷ്ട്രീയ പ്രവർത്തകർ ഇന്ത്യ സഹിഷ്ണുതയോടെ കൂട്ടിച്ചേർക്കപ്പെട്ട് ഒറ്റ രാഷ്ട്രമായി കഴിഞ്ഞതായി തെറ്റിദ്ധരിച്ചിട്ടുണ്ട്; അല്ലെങ്കിൽ അങ്ങനെ കൂട്ടിച്ചേർക്കാമെന്ന് ആഗ്രഹിക്കുന്നുണ്ട്. ഇന്ത്യ അങ്ങനെയൊരു ഏകീകൃതമോ സജാതീയമോ ആയ രാഷ്ട്രമായി കരുതാനാവില്ല; മറിച്ച് അതിന് വിരുദ്ധമായി മുഖ്യമായും അതിൽ രണ്ട് രാഷ്ട്രങ്ങളുണ്ട്; ഇന്ത്യയിലെ ഹിന്ദുക്കളും മുസ്ലിങ്ങളും’’. ഇന്ത്യയിൽ ആദ്യമായി ദ്വിരാഷ്ട്രവാദം ഉന്നയിച്ച നേതാവായിരുന്നു സവർക്കർ. (സമഗ്ര സവർക്കർ വാങ്മയ: ഹിന്ദു രാഷ്ട്ര ദർശൻ)

1942 ൽ കാൺപൂരിൽ വെച്ചാണ് ഹിന്ദു മഹാസഭയുടെ 24ാം വാർഷിക സമ്മേളനം നടക്കുന്നത്. അതിൽ വെച്ചാണ് ബ്രിട്ടീഷുകാരുമായി പ്രതികരണാത്മക സഹകരണം എന്ന സമീപനം സവർക്കർ പരസ്യമായി പ്രഖ്യാപിക്കുന്നത്. ആ പ്രഖ്യാപനവും ഹിന്ദു രാഷ്ട്രദർശന്റെ ആറാം വാള്യത്തിൽ സമാഹരിക്കപ്പെട്ടിട്ടുണ്ട്: “‘എല്ലാ പ്രായോഗിക രാഷ്ട്രീയത്തിന്റെയും നയം എന്നത് പ്രതികരണാത്മക സഹകരണമാണ്’’ എന്നു പ്രഖ്യാപിച്ച സവർക്കർ ഹിന്ദുമഹാസഭക്കാരായ കൗൺസിലർമാർ, മന്ത്രിമാർ, നിയമസഭാംഗങ്ങൾ, മുനിസിപ്പാലിറ്റികൾ, മറ്റു പൊതു സമിതികൾ എന്നിവരോട് പ്രതികരണാത്മക സഹകരണം ബ്രിട്ടീഷ് ഭരണത്തിന് നൽകണമെന്ന് ഉപദേശം നൽകി. പ്രതികരണാത്മക സഹകരണം എന്നത് ദേശാഭിമാനപ്രചോദിതമായ പ്രവർത്തനങ്ങളെല്ലാം മാറ്റി വെച്ച് സായുധമായ പ്രതിരോധത്തിലടക്കം ഉപാധിരഹിതമായ സഹകരണം നൽകലാണെന്ന് തുടർന്ന് സവർക്കർ വ്യക്തമാക്കുന്നുണ്ട്.

1941 ൽ ഭഗൽപൂരിൽ നടന്ന ഹിന്ദു മഹാസഭയുടെ ഇരുപത്തിമൂന്നാം സമ്മേളനത്തോടനുബന്ധിച്ച് നടത്തിയ പ്രസംഗത്തിൽ ഈ സഹകരണം നടപ്പിലാക്കുന്നതിന്റെ പ്രായോഗിക പ്രവർത്തനം എന്ത് എന്ന് അദ്ദേഹം വിശദീകരിക്കുന്നുണ്ട്. നമ്മുടെ മഹത്തായ ദേശീയ താൽപര്യം ആവശ്യപ്പെടുന്നത് ഇപ്പോൾ ഇന്ത്യയുടെ പ്രതിരോധ ആവശ്യങ്ങൾക്കു വേണ്ടി ഹിന്ദുക്കൾ സംശയരഹിതമായ വിധത്തിൽ ബ്രിട്ടീഷുകാരോട് സഖ്യം ചെയ്യണമെന്നാണ്. പ്രതികരണാത്മക സഹകരണത്തിന്റെ അടിസ്ഥാനത്തിൽ ഇന്ത്യ ഗവൺമെന്റ് നടത്തിക്കൊണ്ടിരിക്കുന്ന യുദ്ധസന്നാഹങ്ങളുടെ ഭാഗമായി ഹിന്ദു താല്പര്യങ്ങളുടെ സംരക്ഷണാർത്ഥം കരസേനയിൽ ,നാവികസേനയിൽ ,വ്യോമസേനയിൽ ഒക്കെ പരമാവധി ഹിന്ദുക്കൾ ചേരണം. ആയുധ നിർമ്മാണ സ്ഥാപനങ്ങളിൽ,യുദ്ധോപകരണ ശാലകളിൽ, ഒക്കെ ചേരുകയും പരിശീലനം നേടുകയും വേണം…..യുദ്ധത്തിലേക്ക് ജപ്പാന്റെ കടന്നുവരവ് തുറന്നു കാണിച്ചിരിക്കുന്നത് ബ്രിട്ടന്റെ ശത്രുക്കളുടെ ആക്രമണം ഉടൻ ഉണ്ടാവും എന്നാണ്. അതുകൊണ്ട് ഹിന്ദുമഹാസഭക്കാരെല്ലാം ഹിന്ദുക്കളെ ഉണർത്തുകയും വിശിഷ്യാ ബംഗാളിലെയും ആസാമിലെയും ഹിന്ദുക്കളോട് സൈന്യത്തിൽ ചേരാനും ആയുധമെടുത്ത് പോരാടാനും അല്പം പോലും സമയം കളയാതെ തയ്യാറാവാൻ ആവശ്യപ്പെടണം. ഒരു ലക്ഷം ഹിന്ദുക്കളെ എങ്കിലും ഇതിന്റെ ഭാഗമായി ബ്രിട്ടീഷ് സൈന്യത്തിൽ ചേർക്കാൻ സവർക്കർക്ക് കഴിഞ്ഞു എന്നാണ് ഹിന്ദു മഹാസഭയുടെ രേഖകൾ വ്യക്തമാക്കുന്നത്.

ശിക്ഷിക്കപ്പെട്ട കുറ്റവാളികൾ മാപ്പെഴുതി കൊടുക്കുന്നതിൽ തെറ്റൊന്നുമില്ല. നിയമപ്രകാരം അതിന് അവർക്ക് അവകാശമുണ്ട്. എന്നാൽ തന്നെ വെറുതെ വിട്ടാൽ “‘ഭരണഘടനാപരമായ ശക്തനായ വക്താവും ഇംഗ്ലീഷ് ഗവൺമെന്റിന്റെ വിനീത ദാസനും’’ ആയി പ്രവർത്തിക്കാമെന്ന് വാഗ്ദാനം നൽകുകയും അതിനനുസരിച്ച് അവരിൽ നിന്ന് ശമ്പളം പറ്റി ജീവിക്കുകയും ചെയ്ത വ്യക്തിയായിരുന്നു സവർക്കർ. ആ സവർക്കറുടെ ജന്മദിനത്തിൽ തന്നെ വേണം ഇന്ത്യൻ സ്വാതന്ത്ര്യത്തിന്റെയും ജനാധിപത്യത്തിന്റെയും മതനിരപേക്ഷതയുടേയും പ്രതീകമായ പാർലമെന്റ് മന്ദിരം ഉദ്ഘാടനം ചെയ്യേണ്ടത് എന്ന് തീരുമാനിക്കുന്നിടത്താണ് ബിജെപിയുടെ ഹിന്ദുത്വ വാദം പുറത്തുചാടുന്നത്.

സവർക്കറെ യുക്തിവാദിയും തൊട്ടുകൂടായ്മക്കെതിരായ പോരാളിയും ഒക്കെയായി ആർ എസ് എസുകാർ പലപ്പോഴും വാഴ്ത്താറുണ്ട്. എന്നാൽ ഇന്ത്യൻ ജാതിവ്യവസ്ഥയുടേയും ചാതുർവർണ്യ വ്യവസ്ഥയുടേയുമൊക്കെ മാഗ്നകാർട്ടയാണ് മനു സ്മൃതി. ആ മനുസ്മൃതിയെക്കുറിച്ച് എന്തായിരുന്നു സവർക്കറുടെ നിലപാട്? മനുസ്മൃതിയിലെ സ്ത്രീ എന്ന ലേഖനത്തിൽ അദ്ദേഹം എഴുതിയത് ഇങ്ങനെയായിരുന്നു: ‘‘നമ്മുടെ ഹിന്ദു രാഷ്ട്രത്തെ സംബന്ധിച്ചിടത്തോളം വേദങ്ങൾ കഴിഞ്ഞാൽ ഏറ്റവുമേറെ ആരാധ്യമായ വേദ ഗ്രന്ഥമാണത്…… ഇന്ന് മനുസ്മൃതി ഹിന്ദു നിയമമാണ്. അതാണ് അടിസ്ഥാനപരമായത്’’. അത് നടപ്പിലാക്കാനാണ് ആർ എസ് എസ് നിലകൊള്ളുന്നത് എന്ന് സവർണേതര ഹിന്ദുക്കൾ മനസ്സിലാക്കുന്നത് നല്ലതാണ്. 

ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

four × four =

Most Popular