Friday, November 22, 2024

ad

Homeമാധ്യമ നുണകള്‍പേട്ടയിൽനിന്നൊരു 
പെയ്ഡ‍് ന്യൂസ‍്

പേട്ടയിൽനിന്നൊരു 
പെയ്ഡ‍് ന്യൂസ‍്

ഗൗരി

ടെലഗ്രാഫ്’ പത്രത്തിന്റെ മെയ് 29ന്റെ തലവാചകം ചരിത്രത്തിൽ ഇടംപിടിക്കേണ്ട ഒന്നാണ്. മെയ് 28ന് പുതിയ പാർലമെന്റ‍് മന്ദിരത്തിന്റെ ഉദ്ഘാടനമെന്ന പേരിൽ നടന്ന അപഹാസ്യമായ, വഷളൻ നാടകത്തെ, കോമാളിത്തരത്തെ ഇതിലും മനോഹരമായി ചിത്രീകരിക്കാനാവില്ല: ‘‘ബി സി 2023’’. 21–ാം നൂറ്റാണ്ടിൽ എത്തിനിൽക്കുന്ന ഇന്ത്യയെ നാലായിരത്തിലേറെ വർഷം പിന്നിലേക്ക്, പ്രാകൃതയുഗത്തിലേക്കാണ് മോദിയും സംഘവും വലിച്ചിഴച്ചുകൊണ്ടുപോകുന്നത് എന്ന് ഭംഗ്യന്തരേണ വ്യക്തമാക്കുന്നതാണ് ആ തലക്കെട്ട് ! ലോകത്തിനു മുന്നിൽ ഓരോ ഇന്ത്യക്കാരനും ലജ്ജിച്ച് തലകുനിച്ച് നിൽക്കേണ്ട ദിവസം.

ചെങ്കോലിനോടും കിരീടത്തോടും വിടപറഞ്ഞാണ് രാജ്യം ജനാധിപത്യ റിപ്പബ്ലിക്കായി മാറിയത്. ബ്രിട്ടീഷ് കൊളോണിയൽ വാഴ്ചയിൽനിന്ന് സ്വാതന്ത്ര്യം പ്രാപിച്ചയുടൻ സർദാർ പട്ടേലിന്റെയും വി പി മേനോന്റെയും നേതൃത്വത്തിൽ നാട്ടുരാജ്യങ്ങളിൽ ചെങ്കോലും കിരീടവും വച്ച് അധികാരം സ്ഥാപിച്ചിരുന്ന ഭരണാധികാരികളെ തൽസ്ഥാനങ്ങളിൽനിന്ന് പടിയിറക്കി വിട്ടത് രാജ്യത്തെ ജനാധിപത്യ റിപ്പബ്ലിക്കാക്കി മാറ്റാനാണ്: അല്ലാതെ നൂറുകണക്കിന് നാട്ടുരാജാക്കന്മാരുടെയും രാജ്ഞിമാരുടെയും സ്ഥാനത്ത് മ്മണി ബല്യ ഒരു രാജാവിനെ, ചക്രവർത്തിയെ പ്രതിഷ്ഠിക്കാനായിരുന്നില്ല. അവസാനത്തെ ബ്രിട്ടീഷ് വെെസ്രോയി മൗണ്ട്ബാറ്റൻ പ്രഭുവിൽനിന്ന് ഇന്ത്യയുടെ പ്രഥമ പ്രധാനമന്ത്രി ജവഹർലാൽ നെഹ്റുവിലേക്കുള്ള അധികാരകെെമാറ്റം ചെങ്കോലും കിരീടവും കെെമാറിയായിരുന്നില്ല.

നെഹ്റു അധികാരമേറ്റെടുത്തശേഷം തമിഴ്നാട്ടിൽനിന്നുള്ള ചില ബ്രാഹ്മണ പുരോഹിതർ നെഹ്റുവിനെ സന്ദർശിച്ച് ചോള രാജാക്കന്മാരുടെ ചെങ്കോലും കിരീടവും എന്ന പേരിൽ ചിലത് സമ്മാനമായി നൽകിയതായാണ് ‘‘സ്വാതന്ത്ര്യം അർധരാത്രിയിൽ’’ എന്ന കൃതിയിൽ ഡൊമിനിക് ലാപ്പിയറും ലാരി കോളിൻസും രേഖപ്പെടുത്തിയിട്ടുള്ളത്. അതൊരിക്കലും അധികാര കെെമാറ്റമായിരുന്നില്ല. നെഹ്റു അത് അർഹിക്കുന്ന ഇടത്ത്, മ്യൂസിയത്തിൽ സൂക്ഷിക്കുകയായിരുന്നു. കാരണം ജനാധിപത്യത്തിൽ ഇത്തരം പുരാവസ്തുക്കൾക്ക് ഇടമില്ല തന്നെ!

മെയ് 28ന് ഡൽഹിയിൽ നടന്ന അപഹാസ്യ നാടകങ്ങൾക്ക് അപകടകരമായ മറ്റൊരു വശം കൂടിയുണ്ട്. ഒരു മതനിരപേക്ഷ രാജ്യമെന്ന നിലയിൽ ഇന്ത്യയുടെ ഏതെങ്കിലും സർക്കാർ പരിപാടി ഏതെങ്കിലുമൊരു മതത്തിന്റെ ആചാരാനുഷ്ഠാനങ്ങളനുസരിച്ച് നിർവഹിക്കുന്നത് ഭരണഘടനാവിരുദ്ധമാണ്. പുതിയ പാർലമെന്റ് മന്ദിരത്തിന്റെ ഉദ്ഘാടനം അങ്ങനെ രാജ്യത്തിന്റെ ജനാധിപത്യ മതനിരപേക്ഷ റിപ്പബ്ലിക്കൻ ഭരണഘടനയുടെ തന്നെ കടയ്ക്കൽ കത്തിവെയ്ക്കുന്ന ഒന്നായി മാറുകയാണുണ്ടായത്. ആ സംഭവങ്ങളുടെ അപഹാസ്യത കൃത്യമായി അവതരിപ്പിക്കുന്നതായി ദ ടെലഗ്രാഫ് പത്രത്തിന്റെ തലക്കെട്ട്.

എന്നാൽ മറ്റു ദേശീയ മാധ്യമങ്ങളോ കേരളത്തിലെ മുഖ്യധാരക്കാരോ ആ അർഥത്തിൽ ആ അപഹാസ്യ നാടകത്തെ അവതരിപ്പിക്കാൻ തയ്യാറായില്ല എന്നതാണ് ദുഃഖകരമായ സത്യം. എന്നാൽ കേരള കൗമുദി പത്രം അക്ഷരാർഥത്തിൽ മോദി സ്തുതിയിൽ അർമാദിക്കുകയാണ് ചെയ്തത്. പലപ്പോഴും ഈ പത്രം അവസരവാദത്തിന്റെയും അധികാരസേവയുടെയും അങ്ങേയറ്റംവരെ പോകാറുണ്ടെങ്കിലും 29ന് പുറത്തിറങ്ങിയത് തികച്ചും ലജ്ജാകരമായ തലക്കെട്ടുമായാണ്. സംഘപരിവാറിനായി പണംപറ്റിയുള്ള വാർത്താവതരണമായല്ലാതെ ഇതിനെ കാണാനാവില്ല. തലക്കെട്ട് നോക്കൂ: ‘‘പുതിയ പാർലമെന്റിന് ശ്രീകോവിൽ മോടി’’ സന്തോഷംകൊണ്ടിരിക്കാൻ വയ്യാതായ കേരള കൗമുദിയുടെ വാക്കുകൾ നോക്കൂ. ‘‘സ്വാതന്ത്ര്യത്തിന്റെയും അധികാരത്തിന്റെയും പ്രതീകമായി മൗണ്ടബാറ്റൺ പ്രഭു നെഹ്റുവിന് കെെമാറിയ സ്വർണചെങ്കോലിനു മുന്നിൽ സാഷ്ടാംഗം നമസ്കരിച്ചശേഷമാണ് പ്രധാനമന്ത്രി പാർലമെന്റ് മന്ദിരം രാഷ്ട്രത്തിനു സമർപ്പിച്ചത്’’. ഇതിൽ ഒന്നാമത്തെ നുണ മൗണ്ട്ബാറ്റൺ പ്രഭു സ്വർണച്ചെ–ങ്കോല് നൽകിയാണ് അധികാരകെെമാറ്റം നടത്തിയത് എന്നതാണ്. ഇവിടെ മോദിയുടെ തള്ള് വെള്ളം തൊടാതെ വിഴുങ്ങുകയാണ് പത്രം. രണ്ടാമത്തെ കാര്യം ‘‘സ്വാതന്ത്ര്യത്തിന്റെ പ്രതീകമാണ് ചെങ്കോൽ എന്നു പറയുന്നതാണ്. ചെങ്കോൽ ഫ്യൂഡൽ രാജവാഴ്ചയുടെ പ്രതീകമാണ്. അതിന് ആധുനികതയുമായോ ജനാധിപത്യവുമായോ മതനിരപേക്ഷതയുമായോ ഒരു ബന്ധവുമില്ലെന്നതാണ് വസ്തുത.

മലയാളത്തിലെ മറ്റു മുഖ്യധാരക്കാരൊന്നും ഇത്രയും ഭീകരമായ തള്ളിന്, മോദി സ്തുതിക്ക് തയ്യാറായിട്ടില്ല എന്നറിയുമ്പോഴാണ് കേരള കൗമുദിയുടെ നിലപാട് കൂടുതൽ അപഹാസ്യമാകുന്നത്. 29ന്റെ മാതൃഭൂമി പോലും സമചിത്തത പ്രകടിപ്പിക്കുന്നതായി കാണാം. ‘‘പുതിയ പാർലമെന്റ് മന്ദിരം രാജ്യത്തിന് സമർപ്പിച്ചു’’ എന്ന വസ്തുതാകഥനത്തോടെ മാതൃഭൂമി ഒഴിഞ്ഞുമാറുന്നു. പോരെങ്കിൽ 6–ാം പേജിൽ (എഡിറ്റ് പേജ്) ‘‘അടിമുടി മോദി ഷോ’’ എന്ന തലക്കെട്ടിനു മുകളിൽ ‘‘പൂജയും ഹോമവും ചെങ്കോലും പിന്നെ ഉച്ചയ്ക്കുശേഷമുള്ള പ്രസംഗം കൂടിയായപ്പോൾ പാർലമെന്റ് ഉദ്ഘാടനം ‘മോദി ഷോ’ ആയി മാറി’’ എന്ന് രേഖപ്പെടുത്താനും തയ്യാറായി. മനോരമയും കേരള കൗമുദിയെ പോലെ അത്രയ്ക്ക് അർമാദിക്കാനോ മോദിക്കുമുന്നിൽ മുട്ടിലിഴയാനോ തയ്യാറായില്ല.

തെക്കേ ഇന്ത്യയിൽനിന്നുള്ള ബ്രാഹ്മണ പൂജാരിമാർ കൊണ്ടുവന്ന ചെങ്കോലും കിരീടവും പാർലമെന്റ് മന്ദിരത്തിന്റെ ഉദ്ഘാടനവുമായി ബന്ധപ്പെട്ട് അവതരിപ്പിച്ചതിനുപിന്നിലും ബിജെപിയുടെ, സംഘപരിവാറിന്റെ രാഷ്ട്രീയ അജൻഡയാണ് പതിയിരിക്കുന്നത്. പഠിച്ച പണി പതിനെട്ടും പയറ്റിയിട്ടും ബിജെപിക്ക് തെക്കേ ഇന്ത്യയിൽ കർണാടകത്തിനപ്പുറം ഒരിടത്തും കാലുകുത്താൻ ഇടം ലഭിച്ചിട്ടില്ല. കർണാടകത്തിൽനിന്നും ബിജെപി ഏറെക്കുറെ തുടച്ചുനീക്കപ്പെട്ടു. അങ്ങനെ ക്ലച്ചു പിടിക്കാതെ പോയ ബിജെപിയുടെ ദക്ഷിണേന്ത്യൻ മോഹം ചോള സാമ്രാജ്യകാലത്തെ ചെങ്കോൽ എന്ന പ്രതീകത്തെ അവതരിപ്പിച്ച് സാക്ഷാത്കരിക്കാനാവുമോയെന്നാണ് സംഘപരിവാർ അറ്റകെെയായി നടത്തുന്ന പരീക്ഷണം.

മെയ് 28നു തന്നെ നടന്ന, ഇന്ത്യയുടെ അഭിമാനഭാജനങ്ങളായ ഗുസ്തിതാരങ്ങൾ നീതിയ്ക്കായി നടത്തുന്ന സമരത്തെ പാർലമെന്റ് സ്ട്രീറ്റിൽ തന്നെയുള്ള ജന്തർ മന്ദറിൽ പൊലീസ് ചവിട്ടിമെതിച്ച, താരങ്ങളെ തെരുവിൽ വലിച്ചിഴച്ച, സംഭവത്തെ പാടെ അവഗണിക്കുകയായിരുന്നു കേരള കൗമുദി. മാതൃഭൂമി ഒന്നാം പേജിൽ ഒരു ചിത്രവും 9–ാം പേജിൽ റിപ്പോർട്ടും നൽകിയപ്പോൾ കേരള കൗമുദി സമ്പൂർണ ബ്ലാക്ക് ഔട്ടിലാക്കി. ഗുസ്തിതാരങ്ങളുടെ സമരത്തെ മാത്രമല്ല, മണിപ്പൂരിൽ കുക്കിഗോത്രവർഗത്തിൽപെട്ട നാൽപതിലേറെ മനുഷ്യരെ ഒരേറ്റുമുട്ടലും തിരിച്ചടിയുമൊന്നുമില്ലാതെ വെടിവെച്ചുകൊന്ന നിഷ്ഠുരമായ സംഭവവും ഇക്കൂട്ടത്തിൽ മുഖ്യധാരക്കാർ അപ്രസക്തമാക്കി അവഗണിക്കുകയാണുണ്ടായത്.

എന്നാൽ, 30–ാം തീയതി കേരള കൗമുദി സംഘപരിവാർ മുഖപത്രത്തെ വെല്ലുന്ന വിധമാണ് മണിപ്പൂർ വെടിവയ്പിന് ന്യായീകരണമായി വ്യാജവാർത്ത പടച്ചിറക്കിയത്. നോക്കൂ, ‘‘സെെന്യത്തെ ആക്രമിക്കാനും പദ്ധതി. മണിപ്പൂർ കലാപത്തിന് ചെെനീസ് ആയുധം’’ എന്നിങ്ങനെ പ്രമാദമായാണ് ഈ പേട്ട പത്രം സംഭവത്തെ അവതരിപ്പിക്കുന്നത്. കൂട്ടനരഹത്യയെ ന്യായീകരിക്കാൻ ഇങ്ങനെയൊരു ചെെനീസ് നിറം കൊടുത്തത് പരമാവധി ‘ദേശസ്നേഹ’ത്തിന്റെ (അതിന്റെ പേരിലുള്ള കാപട്യത്തിന്റെ) നിറം നൽകി തീവ്ര ദേശീയ വികാരം ഇളക്കിവിട്ട് തിരഞ്ഞെടുപ്പിൽ നേട്ടമുണ്ടാക്കനാണ് ഇത്തരമൊരു പ്രചരണം അഴിച്ചുവിട്ടപ്പോൾ സംഘപരിവാർ മുന്നിൽ കണ്ടത് അതാണ്. ജനം അവഗണിച്ചു തള്ളിയ ആ നിറംപിടിപ്പിച്ച നുണയെയാണ് കേരള കൗമുദി എന്തോ വലുത് കിട്ടിപ്പോയി എന്ന മട്ടിൽ അവതരിപ്പിച്ച് അർമാദിക്കുന്നത്.

കഴിഞ്ഞ ദിവസങ്ങളിൽ നാം സാക്ഷ്യം വഹിച്ച അപഹാസ്യ നാടകങ്ങളും അവയ്ക്കെല്ലാം മുഖ്യധാരാ മാധ്യമങ്ങൾ ചൂട്ടുപിടിച്ചുനിൽക്കുന്നതും ഒ വി വിജയന്റെ ‘ധർമപുരാണ’ത്തിലെ ആദ്യ അധ്യായത്തിൽ പറയുന്ന കാര്യങ്ങളെയാണ് അനുസ്മരിപ്പിക്കുന്നത്. പ്രജാപതി കാഷ്ഠിക്കുമ്പോഴും അധോവായു വിടുമ്പോഴും ഉയരുന്ന അസഹനീയമായ ദുർഗന്ധത്തെ സുഗന്ധമായി ചിത്രീകരിച്ച് അർമാദിക്കുന്ന പ്രജാപതി കുട്ടികളെയും ശിങ്കിടികളെയും പ്രചാരകരെയും പ്രജകൾ ഒരു നാൾ ചരിത്രത്തിന്റെ അഴുക്കുചാലുകളിലേക്ക് വലിച്ചെറിയുകതന്നെ ചെയ്യും.

എന്നാൽ മനോരമപോലെയുള്ള മുഖ്യധാര പത്രത്തിനുപോലും ഗുസ്തി താരങ്ങളുടെ സമരത്തിനുനേരെയും അവർക്കുനേരെയുള്ള ഭരണകൂട അടിച്ചമർത്തലിനെതിരെയും കണ്ണടയ്ക്കാൻ ആവുന്നില്ല (അപ്പോഴും മാതൃഭൂമി, കേരള കൗമുദിയാദിയായവ പ്രജാപതിക്കും ശിങ്കിടികൾക്കുമൊപ്പം തന്നെ). 30–ാം തീയതി മനോരമ ‘‘മുറിവിൽ മുളക് തേയ്ക്കരുത്. കായികതാരങ്ങളുടെ സമരം. നീതി തോറ്റുകൂട’’ എന്ന് മുഖപ്രസംഗം എഴുതിയിരിക്കുന്നു. എന്നാൽ, മോദിക്കും സംഘപരിവാറിനുംനേരെ വിമർശനം ഉയർത്താനോ ബ്രിജ് ഭൂഷണെപ്പോലെ ഒരു പക്കാ ക്രിമിനലിനെ, മോഷണം മുതൽ പിടിച്ചുപറിയും സ്ത്രീപീഡനവും അടക്കമുള്ള മുപ്പതിലേറെ കേസുകൾ നേരിടുന്ന ഒരുത്തനെ ചുമലിലേറ്റി നടക്കാൻ മോദി – അമിത്ഷാ സംഘത്തെപോലെയുള്ള ഫാസിസ്റ്റു തഗ്ഗുകൾക്കല്ലാതെ കഴിയില്ല. ഈ രാഷ്ട്രീയം ചൂണ്ടിക്കാണിക്കാൻ പക്ഷേ മനോരമ മുതിരുന്നില്ല.

27–ാം തീയതി മനോരമയും മറ്റു പത്രങ്ങളും കേരളത്തിനുനേരെ കേന്ദ്ര സർക്കാരിന്റെ ശത്രുതാപരവും വിവേചനപരവുമായ ഒരു തീരുമാനത്തെക്കുറിച്ച് ഒന്നാം പേജിൽ റിപ്പോർട്ടു ചെയ്യുന്നുണ്ട്. ദാ നോക്കൂ, മനോരമയുടെ തലക്കെട്ട്: ‘‘ തലസ്ഥാനം ഗുരുതര സാമ്പത്തിക പ്രതിസന്ധിയിലേക്ക്. കടം വെട്ട്. കേരളത്തിനു കടമെടുക്കാവുന്ന 32,442 കോടി രൂപയിൽ 17052 കോടി രൂപ കേന്ദ്രം ഒറ്റയടിക്കു വെട്ടിക്കുറച്ചു’’. എന്നാൽ കേന്ദ്ര സർക്കാരിന്റെ കേരളത്തിനെതിരായ ഈ നടപടിയിൽ പ്രതിഷേധിക്കാനോ പ്രതികരിക്കാനോ നമ്മുടെ മുഖ്യധാരക്കാരും മുഖ്യപ്രതിപക്ഷവും തയ്യാറാകുന്നില്ല. കേരള ജനതയ്ക്കെതിരായ യുദ്ധപ്രഖ്യാപനമാണ് മോദി സർക്കാർ നാനാവിധത്തിൽ നടത്തിക്കൊണ്ടിരിക്കുന്നത്. കേരളം എൽഡിഎഫ് ഭരണകാലത്ത് വായ്പയെടുക്കുന്നത് നാടിന്റെ വികസനത്തിനും ജനങ്ങളുടെ ക്ഷേമത്തിനുംവേണ്ടിയാണ്. അതായത് ജനങ്ങളുടെ കഞ്ഞിയിൽ മോദി സർക്കാർ മണ്ണുവാരി ഇടുമ്പോൾ അതിനെ അപലപിക്കാൻ മുഖ്യധാരാ മാധ്യമങ്ങൾ തയ്യാറാകാത്തതും ജനവിരുദ്ധ സമീപനമാണ്.

എന്നാൽ ഇക്കാര്യത്തിൽ വ്യത്യസ്തമായ സമീപനത്തിന്, എന്തായാലും, മാതൃഭൂമി തയ്യാറായി. 29ന്റെ മാതൃഭൂമിയിൽ ‘‘വായ്പാ പരിധി കുറച്ചതിനു കാരണം പറയണം’’ എന്ന് മുഖപ്രസംഗം ഹഴുതിയിട്ടുണ്ട്. ‘‘കേരളത്തിന്റെ വായ്പാപരിധി തുടർച്ചയായി രണ്ടാം വർഷവും കേന്ദ്രം കുറച്ചു’’ എന്നു തുടങ്ങുന്ന മുഖപ്രസംഗത്തിൽ സംസ്ഥാനത്തിന്റെ ആവശ്യങ്ങളോട് സൗമ്യമായിട്ടാണെങ്കിലും സഹഭാവം പുലർത്തുന്നു മാതൃഭൂമി. കേന്ദ്രം ശതകോടികൾ കടമെടുത്ത് അദാനിമാരുടെ അണ്ണാക്കിൽ തള്ളിക്കൊടുക്കുമ്പോൾ കേരളം നാട്ടിലെ ദാരിദ്ര്യവും പട്ടിണിയും തുടച്ചുനീക്കാനും നാടിന്റെ സമഗ്ര വികസനത്തിനുമാണ് ധനസമാഹരണം നടത്തുന്നത് എന്ന് കൃത്യമായി എന്തായാലും മാതൃഭൂമി ചൂണ്ടിക്കാണിക്കാത്തത് അപാകതയായി നിൽക്കുന്നു.

30–ാം തീയതിയിലെ മനോരമ ഒന്നാം പേജിൽ നൽകീറ്റുള്ള ഒരു കിടു തലക്കെട്ട് നോക്കാം: ‘‘പടിയിറങ്ങുന്നു 10,000 പേർ, വേണ്ടത് 1500 കോടി’’. ശരിയാണ്. ഏപ്രിൽ, മെയ് മാസങ്ങളിലാണ്, പ്രത്യേകിച്ചും മെയ് മാസത്തിൽ, ഏറ്റവുമധികം ആളുകൾ വിരമിക്കുന്നത്. എന്താ അങ്ങനെ? ഏതാണ്ട് 25 വർഷമേ ആയിട്ടുള്ളൂ, സ്കൂളിൽ ചേർക്കുമ്പോൾ ബർത്ത് സർട്ടിഫിക്കറ്റ് ഹാജരാക്കൽ നിർബന്ധമാക്കിയിട്ട്. അതിനുമുൻപ് മഹാഭൂരിപക്ഷം കുട്ടികളെയും രക്ഷിതാക്കൾ മിക്കവാറും മെയ് മാസത്തിലെ ഒരു തീയതി ജനനത്തീയതിയായി വയ്ച്ചിരുന്നു. അവരെല്ലാം അതുകൊണ്ട‍് ഒന്നിച്ച് വിരമിക്കുന്ന സ്ഥിതിയുണ്ടാകും. കുറെക്കാലം കൂടി അങ്ങനെ തുടരുകയും ചെയ്യും. ഈ വർഷം എണ്ണം പതിവിലും അൽപം അധികമാണ്. അത് കണ്ടുകൊണ്ടുതന്നെ എല്ലാവരുടെയും പെൻഷൻ ആനുകൂല്യങ്ങൾ മുടങ്ങാതെ ലഭിക്കാൻ വേണ്ട കരുതൽ സ്വീകരിക്കാറുണ്ട്. ഇപ്പോൾ ആകെ തകരുമെന്ന് സംഭ്രമജനകമായി വാർത്ത നൽകി മനോരമ ജനങ്ങളിൽ ആശങ്ക പരത്താൻ ശ്രമിക്കുകയാണെന്നു മാത്രം.

28ന്റെ മനോരമ പ്രമാദമായവിധം നൽകിയിരിക്കുന്ന തലക്കെട്ട് നോക്കാം: ‘‘കൊല്ലത്തിനും തിരുവനന്തപുരത്തിനും പിന്നാലെ ആലപ്പുഴയിലും മരുന്നു ഗോഡൗണിൽ തീ വീണ്ടും; ദുരൂഹത’’. പത്തു ദിവസത്തിനിടെ മൂന്നാമത്തെ തീപിടിത്തമെന്നും മനോരമ ഓരിയിടുന്നുണ്ട്. എന്തിലും ഏതിലും ദുരൂഹത കാണുന്ന മനോരമയുടെ അസുഖത്തിനു മരുന്നില്ല. രണ്ടു വർഷം മുൻപ് സെക്രട്ടറിയറ്റിൽ ഒരു സെക്ഷനിൽ ഷോർട്ട് സർക്യൂട്ടുമൂലം ഒരു കപ്പ് വെള്ളം കൊണ്ടണയ്ക്കാവുന്ന തരത്തിൽ തീപിടിച്ചപ്പോൾ മനോരമയും മാതൃഭൂമിയും സെക്രട്ടറിയറ്റും കടന്ന് നഗരമാകെ തീപടർന്നു പിടിച്ചുവെന്നു വാർത്ത ചമച്ച കഥയാണ് ഓർമ വരുന്നത്. ഇപ്പോൾ ഈ തീപിടുത്തത്തിൽ ദുരൂഹത കാണുന്ന മനോരമ ആ പഴയ ചരിത്രം ആളുകൾ മറന്നിട്ടില്ലെന്ന് അറിഞ്ഞാൽ നല്ലത്. 

ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

seven − two =

Most Popular