റോമാനഗരം കത്തിയെരിയുമ്പോൾ നീറോ ചക്രവർത്തി വീണ വായിക്കുകയാണെന്ന ചൊല്ല് പ്രസിദ്ധമാണ്. മണിപ്പൂരിന്റെ ഇന്നത്തെ അവസ്ഥ അതാണ് ഓർമിപ്പിക്കുന്നത്. ന്യൂനപക്ഷമായ കുക്കി ഗോത്രവിഭാഗവും ഭൂരിപക്ഷമായ മെയ്‌തേയികളും തമ്മിൽ തുറന്ന പോരിൽ ഏർപ്പെടുമ്പോഴും ബിജെപി ഭരിക്കുന്ന സംസ്ഥാന സർക്കാരും കേന്ദ്രവും അത് തടയുന്നതിനുപകരം ഒരുഭാഗം ചേർന്ന് കലാപത്തീ ആളിക്കത്തിക്കുകയാണ്. ഔദ്യോഗിക കണക്കനുസരിച്ചുതന്നെ 80 പേർ കൊല്ലപ്പെട്ടിരിക്കുന്നു. അനൗദ്യോഗിക കണക്കനുസരിച്ച് 100 ലധികം പേർ കൊല്ലപ്പെട്ടിട്ടുണ്ട്. ക്രിസ്‌ത്യൻ മതിവിശ്വാസികളായ കുക്കി ഗോത്ര വിഭാഗത്തിനാണ് ആൾനാശവും സ്വത്ത് നാശവും ഏറെയും ഉണ്ടായിട്ടുള്ളത്. റവറന്റ് ഡോ. ജാക്കി സിംറ്റേ ‘ദി ടെലിഗ്രാഫ്’പത്രത്തിനോട് വെളിപ്പെടുത്തിയത് 250 ലധികം ക്രിസ്‌ത്യൻ പള്ളികൾ തകർക്കപ്പെട്ടുവെന്നാണ്.
കലാപം തുടങ്ങി ഒരു മാസമായിട്ടും അത് നിയന്ത്രിക്കാൻ കഴിഞ്ഞിട്ടില്ലെന്ന് അറിയുമ്പോഴേ കലാപത്തിന്റെ വ്യാപ്‌തി മനസ്സിലാകൂ. ആർമിയെയും അസം റൈഫിൾസിനെയും ഇറക്കിയിട്ടും കലാപം നിയന്ത്രിക്കാൻ കഴിഞ്ഞില്ല. 26–ാം ദിവസം മാത്രമാണ് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ മണിപ്പൂരിലെത്തിയത്. ഒരു സംസ്ഥാനം കത്തിയമരുമ്പോഴും പ്രധാനമന്ത്രിക്കും ആഭ്യന്തരമന്ത്രിക്കും സംസ്ഥാനം സന്ദർശിക്കാനോ ഉന്നതതലയോഗം വിളിച്ചുചേർത്ത് സ്ഥിതിഗതികൾ നിയന്ത്രിക്കാനോ സമയമുണ്ടായിരുന്നില്ല. മെയ് 3 ന് മണിപ്പൂരിൽ കലാപം ആരംഭിക്കുമ്പോൾ ഇരുവരും കർണാടകത്തിൽ തിരഞ്ഞെടുപ്പ് പ്രചാരണത്തിലായിരുന്നു. കർണാടകത്തിൽ തോറ്റ സന്ദർഭത്തിലെങ്കിലും ഇരുവരും മണിപ്പൂരിൽ ശ്രദ്ധ കേന്ദ്രീകരിക്കുമെന്ന് പ്രതീക്ഷിച്ചു. എന്നാൽ അതുണ്ടായില്ല. ഹൈന്ദവ ആചാരപ്രകാരം മതനിരപേക്ഷ ഭരണഘടനയെ തകർത്തെറിഞ്ഞുകൊണ്ട് പാർലമെന്റിന്റെ പുതിയ മന്ദിരം ഉദ്‌ഘാടനം ചെയ്യുന്നതിന്റെ തിരക്കിലായിരുന്നു ഇരുവരും. 2024 ലെ പാർലമെന്റ് തിരഞ്ഞെടുപ്പിൽ ജയിക്കണമെങ്കിൽ വർഗീയധ്രുവീകരണം മാത്രമാണ് അത്താണിയെന്ന് മനസ്സിലാക്കിയിട്ടായിരിക്കണം കാവിയണിയിച്ചുള്ള മോദി ഷോയ്ക്ക് പുതിയ പാർലമെന്റ് മന്ദിരം വേദിയായത്. അതിനുശേഷം മാത്രമാണ് മണിപ്പൂർ സന്ദർശിക്കാൻ കേന്ദ്ര ആഭ്യന്തരമന്ത്രി സമയം കണ്ടെത്തിയത്. മ്യാൻമറുമായും ബംഗ്ലാദേശുമായും അതിർത്തി തീർക്കുന്ന സംസ്ഥാനമായിട്ടും മണിപ്പൂരിലെ കലാപം നിയന്ത്രിക്കാൻ ഒരു ശ്രമവും നടത്താത്ത കേന്ദ്ര സർക്കാരിന്റെ സമീപനം രാജ്യദ്രോഹത്തിൽ കുറഞ്ഞ ഒന്നുമല്ല.
നാല് ദിവസം നീണ്ട അമിത് ഷായുടെ മണിപ്പൂർ സന്ദർശനം എന്ത് ഫലമാണുണ്ടാക്കുക എന്ന് ഇപ്പോൾ പറയാനാവില്ല. കലാപത്തിൽ മരിച്ചവരുടെ കുടുംബാംഗങ്ങൾക്ക് 10 ലക്ഷം രൂപ വീതം നഷ്ടപരിഹാരം നൽകുമെന്നും കുടുംബത്തിൽ ഒരാൾക്ക് ജോലി നൽകുമെന്നും അമിത് ഷാ പ്രഖ്യാപിച്ചിട്ടുണ്ട്. എന്നാൽ ഇതുകൊണ്ടു മാത്രം മണിപ്പൂരിലെ മുറിവുണങ്ങുമെന്ന് ആരും കരുതുന്നില്ല. അമിത് ഷായുടെ സന്ദർശന വേളയിൽ പോലും ഇരുവിഭാഗം ജനങ്ങളും തമ്മിൽ ഏറ്റുമുട്ടി പത്തോളം പേർ കൊല്ലപ്പെടുകയുണ്ടായി.
കുക്കികളെ ലക്ഷ്യംവെച്ച് ‘ഭീകരവാദികളും തീവ്രവാദികളുമാണ്’ പ്രശ്‌നം സൃഷ്ടിക്കുന്നതെന്ന മണിപ്പൂർ മുഖ്യമന്ത്രിയുടെ ആഖ്യാനത്തെ ചീഫ് ഓഫ് ഡിഫൻസ് സ്‌റ്റാഫ് ജനറൽ അനിൽ ചൗഹാൻ തന്നെ തള്ളിപ്പറഞ്ഞതും ശ്രദ്ധേയമായി. വംശീയ സംഘർഷമാണ് മണിപ്പൂരിൽ നടക്കുന്നതെന്നാണ് അനിൽ ചൗഹാന്റെ വാദം. സത്യത്തോട് അടുത്തുനിൽക്കുന്നതും ഈ ആഖ്യാനമാണെന്നാണ് ഭൂരിപക്ഷം പേരുടെയും വാദം.
അമിത് ഷാ മണിപ്പൂർ സന്ദർശിക്കുമ്പോഴേക്കും സ്ഥിതിഗതികൾ കൈവിട്ട അവസ്ഥയിലായിരുന്നു. 10 കുക്കി എംഎൽഎമാർ(ഇതിൽ ഏഴ് പേരും ബിജെപിക്കാരാണ്. രണ്ട് പേർ കുക്കി പീപ്പിൾസ് അലയൻസ് പാർടിയിൽപെട്ടവരും) അമിത്‌ഷായ്ക്ക് എഴുതിയ കത്തിൽ ഉപയോഗിച്ച രണ്ട് പദപ്രയോഗങ്ങൾ തന്നെ ഇതിന് തെളിവാണ്. വംശഹത്യയാണ് ഗോത്രവിഭാഗത്തിനെതിരെ നടക്കുന്നത് എന്നാണ് അതിലെ ഒരു പരാമർശം. രണ്ടാമത്തെ പരാമർശം വിഭജനമെന്നതാണ്. ബിജെപി ഹിന്ദുവൽക്കരിച്ച മെയ്‌തേയി വിഭാഗം സംസ്ഥാന സർക്കാരിന്റെയും പൊലീസിന്റെയും സഹായത്തോടെ കുക്കികളെ വംശഹത്യക്ക് വിധേയമാക്കുകയാണെന്നാണ് ഒന്നാമത്തെ ആരോപണം. അതിനാൽ കുക്കികൾക്ക് പ്രത്യേക ഭരണസംവിധാനം വേണമെന്നും അവർ വാദിക്കുന്നു.
മെയ്‌തേയികൾ ആദിവാസി സനമാഹിസം എന്ന വിശ്വാസ പദ്ധതി കാത്തുസൂക്ഷിക്കുന്നവരായിരുന്നു. അവരിലുള്ള ഗൗദിയ വൈഷ്‌ണവിസം ഹിന്ദുത്വവൽക്കരിക്കപ്പെടുന്നത് ബിജെപിയുടെ രംഗപ്രവേശത്തോടെയാണ്. ബിജെപിയുടെ പ്രേരണയാലാണ് സാംസ്കാരിക സംഘടനകൾ എന്ന പേരിൽ അരംഭായ് തെങ്കോൾ, മെയ്‌തേയി ലീപുൻ മെയ്‌ത്തേയ് എന്നീ സംഘടനകൾ രൂപംകൊണ്ടതെന്നും അവരെ ഉപയോഗിച്ചാണ് ഗോത്രവിരോധം കുത്തിവെച്ചതെന്നും കുക്കികൾ ആരോപിക്കുന്നു.അമോം മലേംഗാൻബ സിങ്ങിനെപോലെയുള്ള ഗവേഷകരും(ഇംഫാൽ സർവകലാശാലയിലെ പൊളിറ്റിക്കൽ സയൻസ് അധ്യാപകൻ)ഇതിന് സമാനമായ വാദം ഉയർത്തുന്നുണ്ട്. മെയ്തേയ് സംസ്‌ക്കാരത്തിന് പുതിയ രൂപവും ഭാവവും നൽകി ഹിന്ദുവികാരം കുത്തിവെച്ച് മെയ്‌തേയി ഭൂരിപക്ഷവാദം ശക്തമാക്കിയതാണ് കുക്കികളും സമാനമായ രീതിയിൽ സംഘടിക്കാൻ കാരണമായതെന്ന് സിങ്ങ് ‘ഇക്കോണമിക്ക് ആന്റ് പൊളിറ്റിക്കൽ വീക്ക്ലി’യിൽ എഴുതിയ ലേഖനത്തിൽ വാദിക്കുന്നുണ്ട്. (ജനുവരി 7, 2023 ലക്കം) ബിജെപിയാൽ പ്രോത്‌സാഹിപ്പിക്കപ്പെട്ട ഈ ഭൂരിപക്ഷ രാഷ്ട്രീയത്തിന്റെ ഭാഗമായാണ് കുക്കികൾ ‘വിദേശി’കളാണെന്നും മ്യാന്മറിൽ നിന്ന് അനധികൃതമായി ‘കുടിയേറിവരാ’ണെന്നും ‘അഭയാർഥി’ കളാണെന്നും ‘ഭീകരവാദി’കളാണെന്നുമുള്ള ആഖ്യാനം പ്രചരിപ്പിക്കപ്പെട്ടത്. സ്വന്തം ഭൂമിയിൽ വിദേശികളായി ജീവിക്കേണ്ട ഗതികേടാണ് കുക്കികൾക്ക് സംജാതമായത്. ഡൽഹിയിൽ കഴിഞ്ഞ ദിവസം കുക്കികൾ നടത്തിയ റാലിയിൽ ഉയർന്ന ഒരു ബാനറിലുള്ള വാക്കുകൾ ഇതായിരുന്നു.‘ പ്രിയ മോദിജീ ഞങ്ങളും ഈ രാജ്യത്തിലെ മകനും മകളുമാണ്. ഞങ്ങളുടെ ജീവന് വിലയില്ലേ? ’ സർക്കാർ അവരുടെ ജീവന് വില കൽപിക്കുന്നില്ല എന്ന വികാരം ശക്തമാണിന്ന്.
താഴ്‌വരയിൽ നിന്നും കുക്കികൾ പൂർണമായും ഒഴിഞ്ഞുപോയിരിക്കുന്നു. മലകളിൽ നിന്നും മെയ്‌തേയികളും പൂർണമായും താഴ്‌വരയിലേക്ക് നീങ്ങിയിരിക്കുന്നു. ഇനി ഇംഫാലിന്റെ ഭരണത്തിൻകീഴിൽ ജീവിക്കാനാവില്ലെന്ന വികാരമാണ് കുക്കി എംഎൽഎമാർ പങ്കുവെക്കുന്നത്. പ്രത്യേക സംസ്ഥാനം അതല്ലെങ്കിൽ കേന്ദ്രഭരണപ്രദേശം അതുമല്ലെങ്കിൽ രാഷ്ട്രപതിഭരണം എന്ന ആവശ്യമാണ് അവർ മുന്നോട്ടുവെക്കുന്നത്. കുക്കികളുടെ പ്രതിനിധികൾ അമിത് ഷായെ കണ്ട് രാഷ്ട്രപതി ഭരണം എന്ന ആവശ്യം ഉയർത്തിയിട്ടുണ്ട്. ബിരേൻസിങ്ങ് എന്ന മെയ്തേയി വംശജൻ നിയന്ത്രിക്കുന്ന ഭരണസംവിധാനത്തിൽ കുക്കികൾക്ക് പൂർണമായും വിശ്വാസം നഷ്ടപ്പെട്ടിരിക്കുന്നു. പ്രസിദ്ധ മാധ്യമപ്രവർത്തകനായ ശേഖർ ഗുപ്‌ത ‘ബിസിനസ്സ് സ്‌റ്റാൻഡേർഡിൽ’എഴുതിയ ലേഖനത്തിൽ പറയുന്നത് ഇംഫാൽ സെക്രട്ടറിയറ്റിൽ ഒരു കുക്കി ഓഫീസർപോലും ഇല്ലെന്നാണ്. ഡിജിപി കുക്കി വിഭാഗത്തിൽ നിന്നുള്ളയാളാണെങ്കിലും അദ്ദേഹത്തെ എവിടെയും കാണാനാകുന്നില്ലെന്നും അതിന് അദ്ദേഹത്തെ കുറ്റപ്പെടുത്താനാവില്ലെന്നുമാണ് അദ്ദേഹം പറയുന്നത്. സംസ്ഥാനം സന്ദർശിച്ച കേന്ദ്ര ആഭ്യന്തരസഹമന്ത്രി നിത്യാനന്ദ റായിയോട് സംസ്ഥാന ബിജെപി സെക്രട്ടറിമാരിൽ ഒരാളായ പാവോകാം ഹാവോകിപ് പറഞ്ഞത് സംസ്ഥാനത്തെ സർക്കാരിനും ബിജെപിക്കും തങ്ങളുടെ സുരക്ഷ ഉറപ്പുവരുത്താൻ കഴിയുമെന്ന വിശ്വാസം നഷ്ടപ്പെട്ടിരിക്കുന്നുവെന്നാണ്.(ഇക്കോണമിക്ക് ടൈംസ്‐മെയ്31) പരിതാപകരമായ സ്ഥിതിയാണിപ്പോൾ മണിപ്പൂരിലേത്. കഴിഞ്ഞ ദിവസം ഭീകരവാദികൾ എന്നുപറഞ്ഞ് 40 കുക്കികളെ വെടിവെച്ചുകൊന്നതായി മുഖ്യമന്ത്രി ബിരേൻ സിങ്ങ് നടത്തിയ പ്രസ്‌താവന സ്ഥിതി നിയന്ത്രണവിധേയമാക്കാൻ സഹായിച്ചില്ലെന്ന് മാത്രമല്ല സ്ഥിതി കുടുതൽ വഷളാക്കുകയാണ് ചെയ്‌തതെന്ന് തുടർന്നുള്ള സംഭവവികാസങ്ങൾ തെളിയിക്കുന്നു.
എല്ലാ ഗ്രാമത്തിൽ നിന്നും വെടിയൊച്ച കേൾക്കാമെന്ന് വാർത്ത ഏജൻസികൾ റിപ്പോർട്ട് ചെയ്യുന്നു. ഹൈവേയിലൂടെ സഞ്ചരിക്കുമ്പോൾ പോലും സമീപപ്രദേശങ്ങളിൽ നിന്ന് വെടിയൊച്ച ഉയരുന്നതായി അവർ റിപ്പോർട്ട് ചെയ്‌തു. പലരുടെയും ശരീരത്തിൽ ബോംബ് സ്‌ഫോടനത്തിന്റെ ഫലമായി കുപ്പിച്ചില്ലുകൾ കൊണ്ടുള്ള മുറിവുകളും വെടിയുണ്ടകളുടെ മുറിവുകളും കാണാൻ കഴിയുമെന്നും അവർ റിപ്പോർട്ട് ചെയ്‌തു. സ്‌ത്രീകൾ വരെ ആയുധങ്ങളുമായി എതിർവിഭാഗത്തെ നേരിടുന്ന കാഴ്‌ചയും ദൃശ്യമാണത്രെ. ആശുപത്രികളിൽ എവിടെയും ജീവൻരക്ഷാ ഔഷധങ്ങൾപോലും കിട്ടാനില്ലെന്ന റിപ്പോർട്ടുമുണ്ട്. പെട്രോൾ പന്പുകൾക്കു മുന്നിൽ രാപകൽ ക്യൂ ദൃശ്യമാണ്. എടിഎമ്മുകളിൽ പണമില്ല. സർക്കാർ സംവിധാനം തീർത്തും അപ്രത്യക്ഷമായിരിക്കുന്നു.
രാമനവമിയുമായി ബന്ധപ്പെട്ട് രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലുണ്ടായ വർഗീയ സംഘർഷങ്ങൾ നടന്നതിന് സമാനമായാണ് മണിപ്പൂരിലും കലാപം നടക്കുന്നതെന്ന് ഈസ്‌റ്റേൺ കമാൻഡിലെ ഒരു ആർമി ഓഫീസറെ ഉദ്ധരിച്ച് ‘ദി ടെലിഗ്രാഫ്’ റിപ്പോർട്ടുചെയ്യുകയുണ്ടായി. അതിനർഥം ഹിന്ദുത്വവാദികളാണ് ഈ കലാപത്തിന് പിന്നിൽ പ്രവർത്തിക്കുന്നത് എന്നതിന്റെ വ്യക്തമായ സൂചനയാണെന്നാണ് പേര് പറയാൻ ആഗ്രഹിക്കാത്ത ഈ ആർമി ഓഫീസർ പങ്കുവെക്കുന്നത്. എന്നാൽ ഇതാണ് യാഥാർഥ്യം. ബിജെപി എവിടെ ചുവടുറപ്പിച്ചാലും അവിടെ സംഭവിക്കാൻ പോകുന്നത് ഗുജറാത്തും കന്ദമലും മുസഫർനഗറും മണിപ്പൂരുമായിരിക്കും. ബിജെപിയുമായി അടുക്കാൻ മത്‌സരിക്കുന്നവർ ഈ ചരിത്രം മനസ്സിലാക്കുന്നത് നാടിന്റെ ഭാവിക്ക് നല്ലതായിരിക്കും. ♦