Saturday, May 4, 2024

ad

Homeവിശകലനംചരിത്രത്തെ പിന്നോട്ടുകൊണ്ടുപോകാനുള്ള നീക്കം

ചരിത്രത്തെ പിന്നോട്ടുകൊണ്ടുപോകാനുള്ള നീക്കം

സി പി നാരായണൻ

പുതുതായി പണികഴിപ്പിച്ച പാർലമെന്റ് മന്ദിരം പ്രധാനമന്ത്രി നരേന്ദ്രമോദി ഉദ്ഘാടനം ചെയ്തത് മെയ് 28 ഞായറാഴ്ചയാണ്. ടി വി ചാനലുകളും മറ്റു മാധ്യമങ്ങളും അത് വിശദമായി റിപ്പോർട്ട് ചെയ്യുകയുണ്ടായി. മോദി ഉദ്ഘാടനം ചെയ്തത് അദ്ദേഹത്തിന്റെ സ്വകാര്യ വസതിയല്ല; ഇന്ത്യയിലെ 141 കോടിയോളം വരുന്ന ജനങ്ങളെ പ്രതിനിധാനം ചെയ്യുന്ന പാർലമെന്റിന്റെ ഇരുസഭകൾക്കും യോഗം ചേരാനും കമ്മിറ്റിയോഗങ്ങൾ നടത്താനും മറ്റുമുള്ള കെട്ടിട സമുച്ചയമാണ്. ഇവിടെയാണ് രാജ്യത്തിനാകെ ബാധകമായ നിയമങ്ങൾ നിർമിക്കുന്നതും ഭേദഗതി ചെയ്യുന്നതും റദ്ദാക്കുന്നതും.പ്രധാനമന്ത്രിയുടെ നേതൃത്വത്തിൽ ഭരണം നടത്തുന്ന മന്ത്രിസഭയെ അംഗീകരിച്ച് അവരോധിക്കുന്നത് അവിടെയാണ്. രാഷ്ട്രപതിയെ തിരഞ്ഞെടുക്കുന്നതിലും അതിനു പ്രധാന പങ്കുണ്ട്. ഉപരാഷ്ട്രപതിയെ തിരഞ്ഞെടുക്കുന്നത് പാർലമെന്റ് മാത്രമാണ്.

മൂന്നുവർഷം മുമ്പാണ് ഇരുസഭകളും ചേർന്നുള്ള പാർലമെന്റിനായി പുതിയ മന്ദിരം പണിയാൻ മോദി സർക്കാർ തീരുമാനിച്ചത്. നിർമാണം നടന്നു. ഇവിടെ ഓർക്കേണ്ട ഒരു സംഗതിയുണ്ട്. ലോകത്തെ പാർലമെന്റുകളിൽ ഏറ്റവും പഴക്കം ചെന്നത് ബ്രിട്ടീഷ് പാർലമെന്റാണ്. അതിന്റെ മന്ദിരം പണിതിട്ട് ഒന്നര നൂറ്റാണ്ടിലേറെയായി. നിലവിലെ ഇന്ത്യൻ പാർലമെന്റിന്റെ കെട്ടിടം നിർമിച്ചിട്ട് ഒരു നൂറ്റാണ്ടുപോലുമായിലട്ടില്ല. മാറിമാറിവന്ന ബ്രിട്ടീഷ് സർക്കാരുകൾക്ക് ആ പഴയ കെട്ടിടം നിലനിർത്താനാണ് താൽപര്യം, പാർലമെന്റ് അംഗങ്ങളുടെ എണ്ണം ഏറെ വർധിച്ചെങ്കിലും.

ഇന്ത്യയുടെ ഭരണഘടന (അനുച്ഛേദം 79) അനുസരിച്ച് രാഷ്ട്രപതിയും ലോക്–സഭയും രാജ്യസഭയും ചേർന്നതാണ് പാർലമെന്റ്. അതിൽ ഭരണഘടനാപരമായി ഏറ്റവും ഉയർന്ന പദവി രാഷ്ട്രത്തലവനായ പ്രസിഡന്റിന്റേതാണ്. സ്വാഭാവികമായും പ്രസിഡന്റായിരുന്നു പുതിയ മന്ദിരം ഉദ്ഘാടനം ചെയ്യേണ്ടിയിരുന്നത്. ഇരുസഭകളുടെയും അധ്യക്ഷർ ഉൾപ്പെടെയുള്ള ഒരു സമിതി വേണമായിരുന്നു ഉദ്ഘാടകനെ നിശ്ചയിക്കാനും മറ്റു പരിപാടികൾ ആവിഷ്കരിക്കാനും.

എന്നാൽ, അങ്ങിനെയൊരു കൂടിയാലോചന നടന്നിട്ടില്ല. ഏകപക്ഷീയമായി ബിജെപിയുടെ തലത്തിൽ തീരുമാനമെടുക്കുകയായിരുന്നു. ഇതിൽ 21 പാർട്ടികൾ പ്രതിഷേധിച്ചു. വാർത്തകൾ പ്രകാരം പ്രധാനമന്ത്രിയും അദ്ദേഹം നിശ്ചയിച്ച തമിഴ്നാട്ടിലെ വിവിധ മഠങ്ങളുടെ പ്രധാന പൂജാരിമാരുമാണ‍് ഉദ്ഘാടന കർമങ്ങൾക്ക് സന്നിഹിതരായിരുന്നത്. അവരെല്ലാം ചേർന്ന് ഇന്ത്യയിലെ ജനാധിപത്യവ്യവസ്ഥയുടെ ആസ്ഥാനമായ പാർലമെന്റ് മന്ദിരത്തെ ഹിന്ദുമതവിഭാഗത്തിലെ പൂജാരിമാരുടെ വിളയാട്ടഭൂമിയാക്കി മാറ്റി.

നമ്മുടെ ഭരണഘടന വ്യക്തമായി ഉദ്ഘോഷിക്കുന്നത് ഇന്ത്യയുടെ ഭരണകൂടം പരമാധികാര സോഷ്യലിസ്റ്റ് മതനിരപേക്ഷ ജനാധിപത്യ റിപ്പബ്ലിക്ക് ആണെന്നാണ്. എല്ലാ ജാതി–മതക്കാർക്കും വർണക്കാർക്കും ലിംഗക്കാർക്കും തുല്യ അവകാശങ്ങളും പരിഗണനകളുമാണ് ഭരണഘടനാവ്യവസ്ഥകൾ അനുസരിച്ചുള്ളത്. ഒരു മതത്തിലും വിശ്വസിക്കാത്തവർക്കും അതേ പരിഗണന ലഭിക്കുന്നു. അങ്ങനെയൊരു രാജ്യത്ത് പ്രധാനമന്ത്രി മോദി മെയ് 28ന് പുതിയ പാർലമെന്റ് മന്ദിരത്തിൽ കാട്ടിക്കൂട്ടിയത് നഗ്നമായ ഭരണഘടനാലംഘനമാണ്. പ്രധാനമന്ത്രിക്ക് മന്ത്രിസഭയുടെ തലവൻ എന്ന നിലയ്ക്കേ സ്ഥാനമുള്ളൂ. ജനാധിപത്യ വ്യവസ്ഥയിൽ വ്യക്തിക്കല്ല പ്രാധാന്യവും അധികാരവും. അവരുടെ കൂട്ടായ്മകൾക്കാണ്. അതിനെ തീർത്തും ലംഘിക്കുകയും വെല്ലുവിളിക്കുകയുമാണ് മോദി ചെയ്തത്.

പാർലമെന്റ് യോഗം ചേരണമെങ്കിൽ അത് വിളിച്ചുകൂട്ടാൻ മന്ത്രിസഭ രാഷ്ട്രപതിയോട് അഭ്യർഥിക്കണം. അദ്ദേഹം അനുവദിക്കണം. കാരണം, എന്തെന്നാൽ രാഷ്ട്രപതി, ലോക്-സഭ, രാജ്യസഭ ഇവ ചേർന്നതാണ് പാർലമെന്റ് എന്നു ഭരണഘടനയിലെ 79–ാം അനുച്ഛേദം പറയുന്നു. പ്രസിഡന്റിന്റെ നയപ്രഖ്യാപന പ്രസംഗത്തോടെയാണ് ഓരോ വർഷവും പാർലമെന്റ് യോഗം തുടങ്ങുക. പാർലമെന്റ് പാസാക്കുന്ന ഏത് നിയമവും സാധുമാകുന്നത് പ്രസിഡന്റ് അംഗീകരിച്ച് ഒപ്പുവെക്കുന്നതോടെയാണ്. പാർലമെന്റിന്റെ അവിഭാജ്യ ഘടകമാണ് പ്രസിഡന്റ് എന്നു ചുരുക്കം.

വായനക്കാർക്കെല്ലാം അറിയാവുന്ന ഇക്കാര്യം എടുത്തെഴുതുന്നത് പുതിയ പാർലമെന്റ് മന്ദിരോദ്ഘാടനവുമായി ബന്ധപ്പെട്ട് പ്രധാനമന്ത്രി നരേന്ദ്രമോദി കാട്ടിക്കൂട്ടിയ വിക്രിയകൾ ഭരണഘടനാ വ്യവസ്ഥകൾക്കോ പാർലമെന്റിന്റെ നടപടിക്രമത്തിനോ കീഴ്–വഴക്കങ്ങൾക്കോ നിരക്കുന്നതല്ല എന്നു ചൂണ്ടിക്കാട്ടാനാണ്. പാർലമെന്റ് തന്റെ മാത്രമോ. തന്റെ പാർട്ടിയുടെയോ സ്വകാര്യ സ്വത്താണ് എന്നാണ് അന്നത്തെ നടപടികൾവഴി മോദി സ്ഥാപിക്കാൻ ശ്രമിച്ചത്. പ്രധാനമന്ത്രിക്ക് നിയമസാധുത ലഭിക്കുന്നത് മന്ത്രിസഭയുടെ തലവനാകുമ്പോഴാണ‍്. ഭരണഘടന അനുസരിച്ച് വ്യക്തിഗത സ്ഥാനമാനങ്ങൾക്കല്ല പ്രാധാന്യവും പ്രാമാണ്യവും, കൂട്ടായ്മകൾക്കാണ്. മന്ത്രിസഭയുടെ തലവൻ എന്ന നിലയ്ക്ക് പ്രധാനമന്ത്രിയും മന്ത്രിസഭയുടെ ഉപദേശപ്രകാരം പ്രവർത്തിക്കുന്നു എന്ന നിലയിൽ പ്രസിഡന്റും അധികാരവും ഉത്തരവാദിത്വവും കയ്യാളുന്നു.

അദ്ദേഹം പുതിയ പാർലമെന്റ് മന്ദിരത്തിൽ ചെയ്തതാകട്ടെ, മറ്റൊരു ഭരണഘടനാലംഘനമാണ്. ഭരണഘടന എല്ലാ മതങ്ങൾക്കും തുല്യമായ അംഗീകാരവും പ്രസക്തിയും പ്രാധാന്യവുമാണ് നൽകുന്നത്. ഒരു മതത്തോടും അത് പ്രത്യേക മമത കാണിക്കുന്നില്ല. മാത്രമല്ല, മതത്തെ ഭരണകൂട വ്യവഹാരങ്ങളിൽനിന്ന് അകറ്റിനിർത്തുകയും ചെയ്യുന്നു. ഇത് നിഷ്–കൃഷ്ടമായി പാലിക്കുന്നതിനു 1947ലെ സ്വാതന്ത്ര്യ പ്രഖ്യാപനവേളയിലും 1950ൽ രാഷ്ട്രത്തെ പരമാധികാര റിപ്പബ്ലിക്കായി പ്രഖ്യാപിക്കുന്ന വേളയിലുമെല്ലാം അന്നത്തെ നേതാക്കൾ പ്രത്യേകം ശ്രദ്ധിച്ചിരുന്നു.

എഴുപത്തഞ്ചു വർഷമായി പാലിച്ചുപോരുന്ന ആ മതനിരപേക്ഷതയുടെ നഗ്നമായ നിഷേധമാണ് പുതിയ പാർലമെന്റ് മന്ദിരോദ്ഘാടന വേളയിൽ മോദി നടത്തിയത്. ഭരണപക്ഷത്തും പ്രതിപക്ഷത്തുമുള്ള അംഗങ്ങൾ സന്നിഹിതരാകുമ്പോഴാണ് ഒരു മന്ദിരം പാർലമെന്റ് മന്ദിരമാകുക. 21 പ്രതിപക്ഷ പാർടികൾ മന്ദിരോദ്ഘാടനച്ചടങ്ങ് ബഹിഷ്കരിക്കുന്നതായി മുൻകൂട്ടി അറിയിപ്പുനൽകി. ഭരണകക്ഷിയിൽനിന്നുതന്നെ സ്പീക്കർ ഓം ബിർള ഒഴിച്ച് മറ്റാരും, എന്തിന് അമിത്ഷാപോലും മോദിയുടെ പൂജാ ചടങ്ങിലും തുടർന്നും പങ്കെടുത്തില്ല.

പുതിയ പാർലമെന്റ് മന്ദിരോദ്ഘാടനം ഒറ്റയ്ക്ക് നടത്തുമ്പോൾ നരേന്ദ്ര മോദിക്ക് മറ്റൊരു ലക്ഷ്യം ഉണ്ടായിരുന്നതായി അന്നത്തെ നടപടിക്രമങ്ങളിൽനിന്നും വെളിപ്പെട്ടു. അത് ലോക്-സഭാ യോഗം ചേരുന്ന ഹാളിൽ സ്പീക്കറുടെ അധ്യക്ഷ വേദിയിൽ വലതുവശത്തായി ഒരു ചെങ്കോൽ സ്ഥാപിച്ചതാണ്. ചെങ്കോൽ അധികാരത്തിന്റെ പ്രതീകമായാണ് പണ്ടുകാലത്ത് കണക്കാക്കപ്പെട്ടിരുന്നത് – രാജാവിന്റെയോ ചക്രവർത്തിയുടെയോ അധികാരചിഹ്നമായി.

ഇന്ത്യ സ്വതന്ത്രമാവുകയും പാർലമെന്ററി ജനാധിപത്യം സ്ഥാപിക്കപ്പെടുകയും ചെയ്തതോടെ സാമ്രാജ്യാധിപത്യത്തിന്റെയും ഏകാധിപത്യത്തിന്റെയും പ്രതീകമായ ചെങ്കോലിനു സ്ഥാനമില്ലാതായി. ചെങ്കോൽ ഉൾപ്പെടെ രാജവാഴ്ചയുടെയും നാടുവാഴിത്തത്തിന്റെയും മിക്ക പ്രതീകങ്ങളും കീഴ്-വഴക്കങ്ങളും ചട്ടങ്ങളുമെല്ലാം ചരിത്രത്തിന്റെ ചവറ്റുകുട്ടയിൽ വലിച്ചെറിഞ്ഞാണ് ജനാധിപത്യം പ്രായപൂർത്തി വോട്ടവകാശത്തിന്റെ അടിസ്ഥാനത്തിൽ ഭരണഘടനാപരമായി ഏർപ്പെടുത്തപ്പെട്ടത്. അതാണ് അടിയന്തരാവസ്ഥയുടെയും മറ്റും വെല്ലുവിളികളെ അതിജീവിച്ചുകൊണ്ട് നിലനിർത്തപ്പെട്ടത്. പുതിയ പാർലമെന്റ് മന്ദിരത്തിൽ പ്രധാനമന്ത്രി നരേന്ദ്രമോദി ഏകപക്ഷീയമായി ചെങ്കോൽ സ്ഥാപിച്ചത്, സ്വാതന്ത്ര്യസമര പ്രസ്ഥാനം ഉയർത്തിയ ലക്ഷ്യങ്ങളുടെയും ഭരണഘടനാ ചട്ടങ്ങളുടെയും കീഴ്-വഴക്കങ്ങളുടെയും നേരെ ഉയർത്തുന്ന വെല്ലുവിളിയാണ്. അത് നരേന്ദ്രമോദി ഒറ്റക്ക് ചെയ്തതാണോ ഭരണകക്ഷിയായ ബിജെപിയുടെയും സംഘപരിവാരത്തിന്റെയും അംഗീകാരത്തോടെ ചെയ്തതാണോ എന്നു മാത്രമേ വെളിവാക്കപ്പെടേണ്ടതുള്ളൂ. രണ്ടായാലും, അത്‌ ഇന്ത്യയിലെ മതനിരപേക്ഷ ജനാധിപത്യ വ്യവസ്ഥയുടെയും ജനങ്ങളുടെയും സാഹോദര്യത്തിന്റെയും നേരെ ഉയർത്തുന്ന വെല്ലുവിളിയാണ്‌.

ഇന്ത്യയുടെ ഭരണഘടനയുടെ അടിത്തറയെയും കഴിഞ്ഞ 75 വർഷങ്ങൾക്കിടയിൽ അതിനുണ്ടായ വികാസപരിണാമങ്ങളെയും ജനങ്ങൾ ത്യാഗം ചെയ്‌തും ഏകോപിച്ചുനിന്നും അതിൽ വരുത്തിയ അർഥവത്തായ ഭേദഗതികളിലൂടെ നേടിയെടുത്ത സ്വാതന്ത്ര്യത്തിനും മതനിരപേക്ഷതയ്ക്കും തുല്യതയ്ക്കും സാഹോദര്യത്തിനും നൽകപ്പെട്ട അർഥതലങ്ങളെയും തകർക്കുകയാണ്‌ മോദി വാഴ്‌ച ചെയ്യുന്നത്‌. അതിനു കാരണം മോദി നയിക്കുന്ന പാർട്ടി സ്വാതന്ത്ര്യ സമരപാരമ്പര്യത്തിലോ ജനാധിപത്യത്തിലോ മതനിരപേക്ഷതയിലോ ജനങ്ങൾ തമ്മിലുള്ള സമത്വത്തിലോ സാഹോദര്യത്തിലോ സഹവർത്തിത്വത്തിലോ വിശ്വസിക്കാത്തതാണ്‌. അവർ ലക്ഷ്യമിടുന്നത്‌ വിവിധ മതങ്ങളെയും ഭാഷകളെയും സംസ്‌കാരകങ്ങളെയും തമ്മിലടിപ്പിക്കാനാണ്. ബ്രിട്ടീഷ്‌ വാഴ്‌ച നിലനിർത്തപ്പെട്ടത്‌ അങ്ങനെ ചെയ്‌തുകൊണ്ടായിരുന്നല്ലോ–- ഭിന്നിപ്പിച്ച്‌ ഭരിച്ചുകൊണ്ട്‌. അതിന്റെ ഹിന്ദുത്വപ്പതിപ്പാണ്‌ സംഘപരിവാരത്തിനുവേണ്ടി നരേന്ദ്രമോദി സർക്കാർ നടപ്പാക്കാൻ ശ്രമിക്കുന്നത്‌.

മഹാത്മാഗാന്ധിയുടെ നേതൃത്വത്തിൽ സ്വാതന്ത്ര്യസമരപ്രസ്ഥാനം ചെയ്‌തത്‌ ഭരണാധികാരികൾ ഇങ്ങനെ തമ്മിലടിപ്പിച്ചു ഭിന്നിപ്പിച്ചു നിർത്തിയ വിവിധ ജനവിഭാഗങ്ങളെ ഒന്നിപ്പിച്ച്‌ അണിനിരത്തുകയായിരുന്നു. ഓരോ കൂട്ടരുടെയും മതജാതികൾക്കും മറ്റു ഭേദങ്ങൾക്കും അതീതമായി ഇന്ത്യക്കാർ എന്ന നിലയിൽ അവരെ ഏകോപിപ്പിച്ചുകൊണ്ടായിരുന്നു അത്‌. നരേന്ദ്രമോദി വാഴ്‌ച ചെയ്‌തുകൊണ്ടിരിക്കുന്നത്‌, ജനങ്ങളെ മതത്തിന്റെയും ഭാഷയുടെയും മറ്റും പേരിൽ തമ്മിലടിപ്പിക്കുകയാണ്‌. അങ്ങനെ അവരെ പരസ്‌പരം പോരടിപ്പിച്ചുകൊണ്ട്‌ സ്വന്തം വാഴ്‌ച അരക്കിട്ടുറപ്പിക്കാനാണ്‌ നീക്കം. ഇതിന്റെ ഭാഗമായാണ്‌ ഹിന്ദുബോധമുള്ളവരെ തങ്ങൾക്കൊപ്പം നിർത്താൻ പുതിയ പാർലമെന്റ്‌ മന്ദിരോദ്‌ഘാടനത്തെ മതനിരപേക്ഷമായ ചടങ്ങിനുപകരം ബ്രാഹ്മണ നേതൃത്വത്തിൽ നടത്തപ്പെട്ട മതാചാരമാക്കി തരംതാഴ്‌ത്തിയത്‌.

ആ നടപടിക്രമത്തിനിടയിൽ നരേന്ദ്രമോദിയുടെ ഉള്ളിലിരിപ്പ്‌ വ്യക്തമായി വെളിപ്പെട്ടു. അദ്ദേഹവും അദ്ദേഹത്തിന്റെ പാർട്ടിയും പാർലമെന്റിൽ ചെങ്കോൽ സ്ഥാപിച്ചു. ചെങ്കൊൽ രാജവാഴ്‌ചയുടെ (അല്ലെങ്കിൽ ചക്രവർത്തി വാഴ്‌ചയുടെ) പ്രതീകമാണ്‌. അങ്ങനെയാണ്‌ ദക്ഷിണേന്ത്യയിൽ പണ്ട്‌ ചേരൻ ചെങ്കുട്ടവന്റെയും മറ്റും കാലത്ത്‌ ചെങ്കോലേന്തിയ രാജാക്കന്മാർ ഉണ്ടായത്‌. ആ പാരമ്പര്യം പുനരാവർത്തിക്കണം എന്ന മനസ്സിലിരിപ്പാണ്‌ ദക്ഷിണേന്ത്യയിൽനിന്നു പല മഠങ്ങളിലെ പൂജാരിമാരെയും ചെങ്കോലിനെയും ഡൽഹിയിൽ എത്തിച്ച്‌ പുതിയ പാർലമെന്റ്‌ മന്ദിരത്തിൽ സ്‌പീക്കറുടെ കസേരക്കു സമീപം ചെങ്കോൽ സ്ഥാപിക്കാൻ ഇടയാക്കിയത്‌.

ദരിദ്രരും സമൂഹത്തിന്റെ പൊതുധാരയുടെ അരികുകളിൽ തള്ളപ്പെട്ടവരുമാണ്‌ ഇന്ത്യയിലെ ജനസാമാന്യത്തിലധികവും. ഒമ്പതുവർഷം മുമ്പ്‌, തങ്ങളെ തിരഞ്ഞെടുപ്പിൽ വിജയിപ്പിച്ചാൽ ഓരോരുത്തരുടെയും ബാങ്ക്‌ അക്കൗണ്ടിൽ 15 ലക്ഷം രൂപ വീതം ഇടുമെന്നായിരുന്നു മോദിയുടെ ആദ്യത്തെ വഞ്ചനാപരമായ വാഗ്‌ദാനം. ഇന്ത്യയിലെ വൻപണക്കാർ വിദേശത്തേക്ക്‌ നിയമവിരുദ്ധമായി കടത്തിയ പണം താൻ അധികാരത്തിൽ എത്തിയാൽ പിടിച്ചെടുക്കും, അതു വീതിച്ചു 15 ലക്ഷം വീതം ഓരോ ആൾക്കും നൽകും എന്നായിരുന്നു മോദിയുടെ നിറംപിടിപ്പിച്ച നുണ. ജനങ്ങൾ വാക്കു പാലിച്ചു; മോദി അധികാരത്തിൽ അവരോധിക്കപ്പെട്ടു. എന്നാൽ, സംഭവിച്ചത്‌ പണക്കാരിൽനിന്നു കള്ളപ്പണം പിടിച്ച്‌ ദരിദ്രർക്കും പാവപ്പെട്ടവർക്കും നൽകുകയല്ല, മറിച്ച് പാവപ്പെട്ടവരുടെ ഓട്ടക്കലത്തിൽ കയ്യിട്ടു വാരി കുബേരന്മാരുടെ പണപ്പെട്ടി നിറയ്‌ക്കുകയായിരുന്നു. കൂട്ടത്തിൽ പറയട്ടെ, രാജ്യത്തിന്റെ കടം 2014 ജൂണിലെ 54,90,763 കോടി രൂപയിൽനിന്ന് 2023 മാർച്ചിൽ 155,77,000 കോടി രൂപയായി വർധിച്ചത്‌ അതിനൊരു തെളിവാണ്‌; കടത്തിന്റെ വർധന ഒരു കോടിയിലേറെ രൂപയായി ഉയർന്നത്‌.

തൊഴിലില്ലായ്‌മ ഈ വർഷങ്ങൾക്കുള്ളിൽ 6 ശതമാനത്തിൽനിന്നു 18 ശതമാനമായി വർധിച്ചു, മൂന്നിരട്ടിയായി. 5 വയസ്സിനു താഴെയുള്ള കുട്ടികളിൽ ഭക്ഷണം കിട്ടാത്തവരുടെ എണ്ണവും ശതമാനവും ഏറ്റവും കൂടുതൽ ഇന്ത്യയിലാണ്‌. പോഷകാഹാരക്കുറവ്‌ കൂടുതലുള്ളതും ഇവിടെത്തന്നെ. മുമ്പ്‌ ബംഗ്ലാദേശ്‌, ശ്രീലങ്ക തുടങ്ങിയ രാജ്യങ്ങളായിരുന്നു പട്ടികയിൽ ഏറ്റവും താഴെ. ഇപ്പോൾ ആ സ്ഥാനം ഇന്ത്യ ഏറ്റെടുത്തിരിക്കുന്നു. സ്‌ത്രീകളുടെ സ്ഥിതിയും സമാനമാണ്‌.

പാചകവാതകം, പെട്രോൾ, ഡീസൽ മുതലായവയുടെ വിലകൾ ലോകത്താകെ ഇടിഞ്ഞുകൊണ്ടിരിക്കുമ്പോഴും നികുതിവർധനമൂലം ഇവിടെ ഇവയുടെ വില ഉയർന്നുതന്നെ നിൽക്കുന്നു. മോദി സർക്കാർ വൻകിട വ്യവസായി വ്യാപാരികൾക്കും മറ്റു വൻപണക്കാർക്കും വലിയ തോതിൽ നികുതി വെട്ടിക്കുറച്ചു. ആ കമ്മി നികത്തുന്നതിനാണ്‌ സാധാരണക്കാർ ഉൾപ്പെടെ ഉപയോഗിക്കുന്ന പാചകവാതകത്തിനും പെട്രോളിനും ഡീസലിനും കുത്തനെ വില വർധിപ്പിച്ചത്‌. അതിനു പ്രത്യുപകാരമായി വൻപണക്കാർ ബിജെപിയുടെ ബാങ്ക്‌ അക്കൗണ്ടിൽ രഹസ്യമായി ശതകോടിക്കണക്കിനു രുപ സംഭാവനയായി നിക്ഷേപിക്കുന്നു. ജനാധിപത്യവാഴ്‌ചയുടെ നേർവീപരിതമാണ്‌ മോദി വാഴ്‌ച.

ജനങ്ങളെ മതം, ജാതി, ഗോത്രം മുതലായവയുടെ പേരിൽ തമ്മിലടിപ്പിക്കുന്നു. അതിന്റെ മറവിൽ അവരെ കൊടുംചൂഷണത്തിനു വിധേയരാക്കുന്നു. അതിനു ജനങ്ങൾ നൽകിയ തിരിച്ചടിയാണ്‌ കർണാടകത്തിൽ കണ്ടത്‌. സംസ്ഥാനങ്ങളിൽ അധികാരം ലഭിച്ചാൽ അതിന്റെ മറവിലും ഇല്ലെങ്കിൽ അതിനുള്ള പ്രതികാരമായും ജനങ്ങളുടെ നേരെ സംഘപരിവാർ അക്രമം കെട്ടഴിച്ചുവിടുന്നു. മണിപ്പൂരിൽ ബിജെപി ഭരണത്തിലുണ്ട്‌; കേന്ദ്രത്തിലും. എന്നിട്ടും അവിടെ പട്ടികവർഗങ്ങളായ വിഭിന്ന ആദിവാസി വിഭാഗങ്ങളെ തമ്മിലടിപ്പിക്കുന്നതിനു ബിജെപി നേതൃത്വം നൽകുന്നു. മഹാത്മാഗാന്ധി എന്തു പ്രചരിപ്പിച്ചോ അതിനു തീർത്തും വിപരീതമായിട്ടാണ്‌ ഗാന്ധിയുടെ ഘാതകരെ പോറ്റി വളർത്തിയവർ പ്രവർത്തിക്കുന്നത്‌.

ആർഎസ്‌എസിന്റെ അടിസ്ഥാന സ്വഭാവങ്ങളാണ്‌ സാമ്രാജ്യത്വഭക്തിയും ജനസാമാന്യത്തെ തമ്മിലടിപ്പിക്കലും. നാനാത്വത്തിലെ ഏകത്വം എന്നാണ്‌ ഇന്ത്യയെക്കുറിച്ച്‌ കാലങ്ങളായി പറയാറുള്ളത്‌. ജനങ്ങൾ ഭിന്ന ഭാഷക്കാരും സംസ്‌കാരക്കാരും ജാതിമതക്കാരും മറ്റുമായി ആണ്‌ എത്രയോ കാലമായി ആസേതു ഹിമാചലം ജീവിക്കുകയും പണിയെടുക്കുകയും ചെയ്യുന്നത്‌. ബ്രിട്ടീഷ്‌ സർക്കാരിന്റെ അടിച്ചമർത്തൽ അതുവരെ ഭിന്നിച്ചു കിടന്നിരുന്ന വിവിധ പ്രദേശക്കാരും മതഭാഷക്കാരും മറ്റുമായ ജനങ്ങൾ ഏകോപിക്കാൻ ഇടയാക്കി. അങ്ങനെയാണ്‌ സ്വാതന്ത്ര്യസമര പ്രസ്ഥാനം ഉണ്ടാകുന്നതും ഇന്ത്യ സ്വാതന്ത്ര്യം നേടുന്നതും. അന്നൊക്കെ ആർഎസ്‌എസ്‌ ബ്രിട്ടന്റെ പാദസേവകരായിരുന്നു. കഴിഞ്ഞ നൂറ്റാണ്ടിൽ ദേശീയതലത്തിൽ ഉയർന്നു കേട്ട ഒരു മുദ്രാവാക്യം ദേശീയോദ്ഗ്രഥനമായിരുന്നു. എന്നാൽ മോദി സർക്കാരിന്റെ മുദ്രാവാക്യം ദേശീയ ശിഥിലീകരണമാണ്‌.

മതാധിഷ്‌ഠിതമായ വിഘടനപ്രവണതകളെ പ്രോത്സാഹിപ്പിക്കുകയാണ്‌ ബിജെപിയും ആർഎസ്‌എസും. അതിനാണ്‌ പാർലമെന്റിൽതന്നെ മതപ്രതീകങ്ങളെ പ്രകോപനപരമായ രീതിയിൽ എടുത്തുപയോഗിക്കുന്നത്‌. അതുവഴി ഹിന്ദുരാഷ്‌ട്രം എന്ന ലക്ഷ്യം ജനങ്ങൾക്കിടയിൽ പ്രചരിപ്പിക്കുന്നതും. ഇങ്ങനെ ശത്രുത പരത്തി ജനവികാരം വിജ്രംഭിപ്പിക്കാനാണ്‌ മോദി സർക്കാരിന്റെയും അനുയായികളുടെയും നീക്കം.

മെയ്‌ 28 ന് സവർക്കറുടെ ജന്മദിനമായിരുന്നു. മഹാത്മാഗാന്ധിയെ വധിക്കുന്നതിനു നടത്തിയ ഗൂഢാലോചനയിൽ പ്രമുഖനായിരുന്നു സവർക്കർ എന്നു ഗാന്ധി വധക്കേസിൽ പ്രതിയാക്കപ്പെട്ടതിൽ നിന്നു സ്‌പഷ്ടം. ആ സവർക്കറുടെ ജന്മദിനത്തെ പുതിയ പാർലമെന്റ്‌ മന്ദിരോദ്‌ഘാടനവുമായി ബന്ധിപ്പിച്ചതിന്റെ ലക്ഷ്യം സുവ്യക്തം. പുതിയ പാർലമെന്റ്‌ മന്ദിരത്തെ ജനങ്ങളെ തമ്മിലടിപ്പിക്കാനാണ്‌ മുഖ്യമായി പ്രയോജനപ്പെടുത്തുക എന്ന് അർഥശങ്കയ്ക്കിടനൽകാതെ മോദി പ്രഭൃതികൾ പ്രതീകാത്മകമായി പ്രഖ്യാപിച്ചിരിക്കുന്നു. 

ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

13 − 11 =

Most Popular