Saturday, May 11, 2024

ad

Homeസാമ്പത്തിക കുറിപ്പുകള്‍കേരളത്തിനെതിരെ 
സാമ്പത്തിക ഉപരോധം

കേരളത്തിനെതിരെ 
സാമ്പത്തിക ഉപരോധം

ഡോ. ടി.എം. തോമസ് ഐസക്

രു സംസ്ഥാനത്തിനുനേരെ കേന്ദ്ര സർക്കാർ ഉപരോധം ഏർപ്പെടുത്തുന്നത് ആദ്യമായിട്ടായിരിക്കും. കേരള സർക്കാരിന്റെ വായ്പാ പരിധി വെട്ടിക്കുറച്ചത് സംസ്ഥാന വികസനത്തിനു നേരെയുള്ള ബിജെപി നേതൃത്വത്തിലുള്ള കേന്ദ്ര സർക്കാരിന്റെ കടന്നാക്രമണമാണ്. നിലവിലുള്ള നിയമ പ്രകാരം സംസ്ഥാന വരുമാനത്തിന്റെ 3 ശതമാനം പൊതുകടമെടുക്കാൻ സംസ്ഥാനത്തിന് അവകാശമുണ്ട്. ഈ വർഷം വൈദ്യുതി പരിഷ്കാരങ്ങളുടെ പേരിൽ 0.5 ശതമാനം അധികവായ്പയെടുക്കാം. അങ്ങനെ 3.5 ശതമാനം. എന്നാൽ 2 ശതമാനം വായ്പയേ അനുവദിക്കൂവെന്നാണ് കേന്ദ്ര സർക്കാർ അയച്ചിരിക്കുന്ന ഇണ്ടാസിന്റെ അർത്ഥം.

കഴിഞ്ഞ വർഷവും അവർ ഇതുതന്നെ ചെയ്തു. അർഹതയുള്ള 3.5 ശതമാനത്തിനു പകരം 2.2 ശതമാനമേ വായ്പയെടുക്കാൻ അനുവദിച്ചുള്ളൂ. ഈ വർഷം അത് 2 ശതമാനമായി കുറച്ചിരിക്കുകയാണ്.

സംസ്ഥാനത്തിന്റെ പ്രതീക്ഷിത ജിഡിപി 11 ലക്ഷം കോടി രൂപയാണ്. അതിന്റെ 3.5 ശതമാനം 38,000 കോടി രൂപവരും. 3 ശതമാനംവച്ച് കണക്കാക്കിയാൽപോലും 33000 കോടി രൂപ വരും. എന്നാൽ കേന്ദ്രത്തിന്റെ കണക്ക് പ്രകാരം നമുക്ക് അനുവദനീയമായ വായ്പ 2023–-24-ൽ 32,442 കോടി രൂപയാണ്. നമ്മുടെ ബജറ്റ് കണക്കിൽ വച്ചിരിക്കുന്നതിനേക്കാൾ കുറഞ്ഞ തുകയാണ് ദേശീയവരുമാനമായി കേന്ദ്രം കണക്കാക്കിയിട്ടുള്ളത്. കൂടാതെ വൈദ്യുതി പരിഷ്കാരത്തിന്റെ ഭാഗമായുള്ള 0.5 ശതമാനത്തെക്കുറിച്ച് ഇപ്പോൾ ഒന്നും പറയാനും കേന്ദ്രം തയ്യാറല്ല.

2023-–24-ൽ ആദ്യത്തെ 9 മാസത്തേക്ക് കടമെടുക്കാൻ അനുവാദം നൽകിയിട്ടുള്ളത് 15,390 കോടി രൂപയാണ്. ഇതിൽ ആദ്യമാസം തന്നെ പ്രത്യേക അനുവാദത്തിന്റെ അടിസ്ഥാനത്തിൽ കടമെടുത്ത 2,000 കോടി രൂപയും ഉൾപ്പെടും. ഇനി അവസാന മൂന്ന് മാസം 5,131 കോടി രൂപകൂടി കടമെടുക്കാൻ അനുവദിക്കുമെന്നാണ് മുരളീധരൻ മന്ത്രി പറയുന്നത്. എന്നുവച്ചാൽ 2023–-24-ൽ 20,690 കോടി രൂപയാണ് വായ്പയായി അനുവദിക്കുക.

വായ്പാ പരിധി 3.5 ശതമാനമാണെങ്കിൽ കേരളത്തിനു നിഷേധിക്കപ്പെടുന്നത് 17,000 കോടി രൂപയാണ്. 3 ശതമാനം പരിധി വച്ചാണെങ്കിൽ കേരളത്തിന്റെ നഷ്ടം ഏതാണ്ട് 12,000 കോടി രൂപയാണ്. എന്താണ് സംഭവിക്കുകയെന്നു നമുക്കു തീർച്ച പറയാൻ കഴിയുന്നില്ല. ആദ്യത്തെ ഒൻപത് മാസത്തേക്ക് 15,390 കോടി രൂപയാണെന്നതിന് അപ്പുറത്തേക്ക് കേന്ദ്ര സർക്കാർ ഒരു വിശദീകരണവും നൽകിയിട്ടില്ല. എത്ര വലിയ അനിശ്ചിതത്വമാണ് സംസ്ഥാന ധനകാര്യത്തിൽ കേന്ദ്ര സർക്കാർ സൃഷ്ടിച്ചിട്ടുള്ളത്? ഇത് മനഃപൂർവ്വമാണ്. കേന്ദ്ര സർക്കാരിന്റെ വളഞ്ഞ ബുദ്ധി മനസിലാക്കണമെങ്കിൽ സർക്കാർ വായ്പയുടെ നിർവ്വചനത്തെക്കുറിച്ച് കുറച്ചുകൂടി ആഴത്തിൽ മനസിലാക്കേണ്ടതുണ്ട്.

സർക്കാരുമായി ബന്ധപ്പെട്ട വായ്പകൾ
സംസ്ഥാന സർക്കാരും ബന്ധപ്പെട്ട സ്ഥാപനങ്ങളും എടുക്കുന്ന വായ്പകൾ അഞ്ച് തരത്തിലുള്ളവയാണ്.

(1) പൊതുകടം വായ്പ: സംസ്ഥാന സർക്കാർ ബോണ്ടുകൾ ഇറക്കി കമ്പോളത്തിൽ നിന്നോ ധനകാര്യ സ്ഥാപനങ്ങളിൽ നിന്നോ കേന്ദ്ര സർക്കാർ വഴി വിദേശത്തു നിന്നോ, കേന്ദ്ര സർക്കാരിൽ നിന്നോ എടുക്കുന്ന വായ്പകളെയാണ് പൊതുകടം വായ്പ അഥവാ പബ്ലിക് ബോറോയിംഗ് എന്നു വിളിക്കുന്നത്. ഈ വായ്പകൾ സർക്കാരിന്റെ സഞ്ചിതനിധിയിലേക്കാണു വരുന്നത്. അതിൽ നിന്നാണു ചെലവഴിക്കുന്നത്.

(2) പബ്ലിക് അക്കൗണ്ട് വായ്പ: സർക്കാരിന് രണ്ട് തരത്തിലുള്ള അക്കൗണ്ടുകളാണ് ഉള്ളത്. സഞ്ചിതനിധി അക്കൗണ്ടും പബ്ലിക് അക്കൗണ്ടും. സർക്കാരിനു ലഭിക്കുന്ന സെക്യൂരിറ്റി ഡെപ്പോസിറ്റുകളും ട്രഷറി സേവിംഗ്സ് ബാങ്കിലെ ഡെപ്പോസിറ്റുകളും ജനങ്ങൾ സർക്കാരിനെ സൂക്ഷിക്കാൻ ഇത്തരത്തിൽ ഏൽപ്പിക്കുന്ന മറ്റു തുകകളും പബ്ലിക് അക്കൗണ്ടിലാണ് വരിക. ഈ അക്കൗണ്ടിൽ അതതു വർഷം ഉണ്ടാകുന്ന അസൽ വർദ്ധന മാത്രമാണ് സംസ്ഥാന സർക്കാരിന്റെ മൂലധന വരുമാനമായി കണക്കാക്കപ്പെടുക. ബജറ്റിൽ ഇതു പ്രത്യേകം രേഖപ്പെടുത്തും.

(3) ഓഫ് ബജറ്റ് ബോറോയിംഗ്: സർക്കാർ ബജറ്റ് അക്കൗണ്ടിൽ ഉൾപ്പെടുത്തി നടത്തുന്ന ചില സ്കീമുകൾക്ക് സർക്കാരിന്റെ കീഴിൽ തൽക്കാലത്തേക്ക് പണം ഉണ്ടാകണമെന്നില്ല. അപ്പോൾ ബന്ധപ്പെട്ട പൊതുമേഖലാ സ്ഥാപനങ്ങളും ഏജൻസികളും വഴി ആ തുകകൾ ചെലവഴിക്കുകയും പിന്നീട് സർക്കാർ ഈ തുക ബജറ്റിൽ നിന്ന് ഏജൻസികൾക്കു നൽകുകയും ചെയ്യും. ഉദാഹരണത്തിന് കേന്ദ്ര സർക്കാർ ധാന്യം സംഭരിക്കുമ്പോൾ പലപ്പോഴും എഫ്.സി.ഐ വഴി വായ്പയെടുത്താണ് പണം നൽകുക. ഇത് ഓഫ് ബജറ്റ് ബോറോയിംഗാണ്. ദേശീയപാത അതോറിറ്റി പോലുള്ളവയ്ക്ക് സർക്കാർ നൽകാനുള്ള പണവും ഇത്തരത്തിൽ അവർ തന്നെ വായ്പയെടുക്കാറുണ്ട്.

കേരളത്തിലെ പെൻഷൻ കമ്പനിയുടെ വായ്പ, ഓഫ് ബജറ്റ് ബോറോയിംഗിന് ഉദാഹരണമാണ്. പെൻഷൻ കൊടുക്കാനുള്ള തുക ബജറ്റിൽ വകയിരുത്തിയിട്ടുണ്ട്. എന്നാൽ താല്ക്കാലികമായി പണം ഇല്ലാത്ത അവസ്ഥ വരും. അപ്പോൾ പെൻഷൻ കമ്പനി വായ്പയെടുത്ത് പെൻഷൻ വിതരണം ചെയ്യും. അത് പിന്നീട് സർക്കാർ പെൻഷൻ കമ്പനിക്കു നൽകും.

(4) എക്സ്ട്രാ ബജറ്ററി വായ്പ: ബജറ്റ് അക്കൗണ്ടിൽ ഉൾപ്പെടുത്താത്തതും എന്നാൽ സർക്കാരിന്റെ ഗ്യാരണ്ടിയുടെയും ധനസഹായത്തിന്റെയും അടിസ്ഥാനത്തിൽ പൊതുമേഖലാ സ്ഥാപനങ്ങൾ എടുക്കുന്ന വായ്പകളെ എക്സ്ട്രാ ബജറ്ററി വായ്പ എന്നു വിളിക്കുന്നു. കിഫ്ബി വായ്പകൾ ഇതിന് ഉദാഹരണമാണ്. കിഫ്ബി പ്രൊജക്ടുകളൊന്നും ബജറ്റിന്റെ ഭാഗമല്ല. കിഫ്ബിയുടെ വരുമാനമോ ചെലവോ സർക്കാർ ബജറ്റ് രേഖകളിൽ വരുന്നില്ല. ചില പ്രൊജക്ടുകൾ നടപ്പിലാക്കാൻ സർക്കാർ കിഫ്ബിയെ ചുമതലപ്പെടുത്തിയിരിക്കുകയാണ്. കിഫ്ബി വായ്പെയെടുത്ത് പ്രൊജക്ടുകൾ നടപ്പാക്കും. സർക്കാർ ആന്വിറ്റി മോഡലിൽ കിഫ്ബിക്ക് എല്ലാ വർഷവും മോട്ടോർ വാഹന നികുതിയുടെ പകുതി ഗ്രാന്റായി നൽകും.

(5) സർക്കാർ ഗ്യാരണ്ടിയോ ധനസഹായമോ ഇല്ലാതെ പൊതുമേഖലാ സ്ഥാപനങ്ങൾ നേരിട്ട് എടുക്കുന്ന വായ്പകൾ: ഈ വായ്പകളുടെ ബാധ്യതകൾ ഒരു കാരണവശാലും സർക്കാരിനുമേൽ വരുന്നില്ല. എക്സ്ട്രാ ബജറ്ററി വായ്പകൾ പൊതുമേഖലാ സ്ഥാപനം തിരിച്ചടയ്ക്കുന്നത് സർക്കാരിന്റെ സഹായത്തോടെയാണ്. തിരിച്ച് അടച്ചില്ലെങ്കിൽ അതിനുള്ള ബാധ്യത സർക്കാരിന്റെ ചുമലിൽ വരും. ഇത്തരത്തിലുള്ള ബാധ്യതകൾ സൃഷ്ടിക്കാത്ത പൊതുമേഖലാ വായ്പകളെയാണ് ഈ ഇനത്തിൽപ്പെടുത്തുക.

എന്താണു സർക്കാരിന്റെ 
കടബാധ്യതകൾ?
ഇതുവരെയുള്ള അംഗീകൃത കണക്കെഴുത്ത് രീതിപ്രകാരം സർക്കാരിന്റെ കടബാധ്യതകൾ ഒന്നും രണ്ടും ഇനങ്ങളിൽപ്പെട്ട വായ്പകളാണ്. ഈ രണ്ട് ഇനങ്ങളെയും ബജറ്റ് കണക്കുകളിൽ പ്രത്യേകമായി രേഖപ്പെടുത്തിയിട്ടുണ്ടാകും. ഇവ രണ്ടും ചേരുന്നതാണ് സർക്കാരിന്റെ ഒരു വർഷത്തെ മൂലധന വരുമാനം.

പബ്ലിക് അക്കൗണ്ട് വഴി പ്രതീക്ഷിക്കുന്ന വരുമാനം ബജറ്റ് രേഖകളിൽ ഉണ്ടാകും. എന്നാൽ ധനകാര്യ വർഷം അവസാനിക്കുമ്പോൾ പബ്ലിക് അക്കൗണ്ടിൽ നിന്നുള്ള വരുമാനം ഇതിൽ നിന്നു വളരെ വ്യത്യസ്തമാകാം. ഉദാഹരണത്തിന് ശമ്പള പരിഷ്കരണത്തിന്റെ കുടിശ്ശിക പബ്ലിക് അക്കൗണ്ടിൽ നിക്ഷേപിക്കാൻ തീരുമാനിച്ചെന്നിരിക്കട്ടെ. സ്വാഭാവികമായും പബ്ലിക് അക്കൗണ്ടിലെ ബാലൻസ് ഉയരും. ട്രഷറി സേവിംഗ്സ് ബാങ്ക് വഴി പണം ഡെപ്പോസിറ്റ് ചെയ്യാൻ ജനങ്ങളെ പ്രേരിപ്പിച്ചാലും പബ്ലിക് അക്കൗണ്ട്സിലെ ബാലൻസ് ഉയരും. ആദ്യം ബജറ്റിൽ അവതരിപ്പിച്ച തുകയേക്കാൾ പബ്ലിക് അക്കൗണ്ടിൽ നിന്നുള്ള വായ്പാ വരുമാനം വളരെ ഉയർന്നതാകാം.

ഇത്തരത്തിൽ ഉണ്ടാകുന്ന വർദ്ധനയോട് ഉദാരമായ സമീപനമാണ് സ്വീകരിച്ചുകൊണ്ടിരുന്നത്. അതുകൊണ്ട് സാമ്പത്തികഞെരുക്കം ഉണ്ടായാൽ ട്രഷറി സേവിംഗ്സ് ബാങ്കിൽ കൂടുതൽ ഡെപ്പോസിറ്റ് ശേഖരിക്കുക കേരളത്തിൽ പതിവായിരുന്നു. എന്നാൽ എൻഡിഎ സർക്കാർ വന്നശേഷം ഇതിൽ കർശനമായ നിലപാട് സ്വീകരിച്ചു. വർഷാദ്യം പറഞ്ഞതിനേക്കാൾ കൂടുതൽ തുക പബ്ലിക് അക്കൗണ്ട് വഴി സമാഹരിച്ചാൽ അതിന് ആനുപാതികമായി അടുത്ത വർഷത്തെ വായ്പാ പരിധിയിൽ കുറവു ചെയ്യുന്ന സമ്പ്രദായം കൊണ്ടുവന്നു. 2017-ലാണ് ഈ പരിഷ്കാരം കൊണ്ടുവന്നത്. ഈയൊരു സമീപനം ഉൾക്കൊണ്ടുകൊണ്ടാണ് കേരളത്തിൽ അതിനുശേഷം ബജറ്റ് തയ്യാറാക്കുന്നത്.

എന്നാൽ ഇപ്പോൾ കേന്ദ്രം പറയുന്നത് മൂന്നും നാലും ഇനങ്ങളിലായി പൊതുമേഖലാ സ്ഥാപനങ്ങൾ എടുക്കുന്ന വായ്പകളും കടപരിധി നിശ്ചയിക്കുന്നതിൽ ഉൾപ്പെടുത്തുമെന്നാണ്. ഇതാണ് ഇപ്പോഴുള്ള വിവാദത്തിന്റെ കാതൽ. കേന്ദ്ര സർക്കാരാണ് ഇപ്രകാരം ഓഫ് ബജറ്റ് വായ്പകളും എക്സ്ട്രാ ബജറ്റ് വായ്പകളും കൂടുതലായി എടുക്കുന്നത്. അവയൊന്നും കേന്ദ്ര സർക്കാരിന്റെ കടബാധ്യതകളിൽ ഉൾപ്പെടുത്തുന്നില്ല. എന്നാൽ ഇപ്പോൾ സംസ്ഥാന ധനകാര്യ സ്വാതന്ത്ര്യത്തിനു പൂട്ടിടാൻ ഇവ രണ്ടും സംസ്ഥാന സർക്കാരുകളുടെ കടബാധ്യതയായി കണക്കാക്കുമെന്നു പ്രഖ്യാപിച്ചിരിക്കുകയാണ്.

ഇത്തരത്തിൽ എടുക്കുന്ന വായ്പകൾ തുടർന്നുള്ള വർഷത്തിൽ സംസ്ഥാനത്തിന്റെ വായ്പാ പരിധിയിൽനിന്നു കിഴിവ് ചെയ്യുമെന്നാണ് കേന്ദ്രത്തിന്റെ നിലപാട്. തങ്ങൾക്ക് ആകാം. സംസ്ഥാനങ്ങൾക്കു പാടില്ലായെന്നാണ് ആ ഇരട്ടത്താപ്പ്. അങ്ങനെ കേരളത്തിലെ പെൻഷൻ കമ്പനിയും കിഫ്ബിയും എടുത്തിട്ടുള്ള വായ്പകൾ സംസ്ഥാന സർക്കാരിന്റെ വായ്പാ പരിധിയിൽ നിന്ന് ഏതാനും തവണകളായി കുറയ്ക്കുന്നതിനു കേന്ദ്ര സർക്കാർ തീരുമാനിച്ചിരിക്കുകയാണ്. ഇതാണ് കേരളത്തിലെ ഇന്നത്തെ ധനകാര്യ പ്രതിസന്ധിയുടെ മുഖ്യഘടകം.

ഓഫ് ബജറ്റ് വായ്പയും 
കേന്ദ്ര സർക്കാരും
ആദ്യം ഓഫ് ബജറ്റ് വായ്പകൾ എടുക്കാം. നിർമ്മല സീതാരാമൻ ധനമന്ത്രി ആയതിനുശേഷം കേന്ദ്ര സർക്കാർ എടുക്കുന്ന ഓഫ് ബജറ്റ് വായ്പകളുടെ തുക കേന്ദ്ര ബജറ്റിന്റെ അനുബന്ധമായി നൽകുന്നുണ്ട്. 2019-–20-ൽ ഇത് 1.48 ലക്ഷം കോടി രൂപ ആയിരുന്നു. എന്നാൽ ഇതിൽ ഉൾപ്പെടുത്താതെ 1.69 ലക്ഷം കോടി രൂപ കേന്ദ്രസർക്കാർ ഒളിപ്പിച്ചുവെന്നാണ് സിഎജിയുടെ പ്രത്യേക റിപ്പോർട്ടിൽ പറയുന്നത്.

സിഎജി റിപ്പോർട്ടിൽ ഇവ അക്കമിട്ട് നൽകുന്നുണ്ട്. എയർ ഇന്ത്യ അസറ്റ് ഹോൾഡിംഗ് കമ്പനിയുടെ 14,985 കോടി രൂപയും, ഇന്ത്യൻ റെയിൽവേ ഫിനാൻസ് കോർപ്പറേഷന്റെ 36,440 കോടി രൂപയും, ഫുഡ് കോർപ്പറേഷൻ ഓഫ് ഇന്ത്യയുടെ 43,483 കോടി രൂപയും, നാഷണൽ ഹൈവേ അതോറിറ്റിയുടെ 74,988 കോടി രൂപയും ഉണ്ട്. ഇവകൂടി ചേർത്താൽ കേന്ദ്രസർക്കാരിന്റെ ഓഫ് ബജറ്റ് ബോറോയിംഗ് 3.17 ലക്ഷം കോടി രൂപ വരും!

രസകരമായ മറ്റൊരു കാര്യവുംകൂടിയുണ്ട്. ബജറ്റിന്റെ അനുബന്ധത്തിൽ ഓഫ് ബജറ്റ് ബോറോയിംഗ് പ്രത്യേകം എടുത്തുകൊടുക്കുന്നുണ്ട് എന്നതു ശരിതന്നെ. എന്നാൽ ആ തുക കേന്ദ്രസർക്കാരിന്റെ വാർഷിക വായ്പയിൽ ഉൾപ്പെടുത്തിയിട്ടുമില്ല. സിഎജി കണ്ടുപിടിച്ചതുകൂടി ഉൾപ്പെടുത്തിയാൽ ധന കമ്മി കുത്തനെ ഉയരും. കേന്ദ്ര ബജറ്റിനെക്കുറിച്ചുള്ള സിഎജി റിപ്പോർട്ടിൽ എത്ര പരതിയിട്ടും ഇതു കേന്ദ്രത്തിന്റെ വാർഷിക വായ്പയിൽ ഉൾപ്പെടുത്തണമെന്നുള്ള നിർദ്ദേശം കണ്ടെത്താനായില്ല.

കേരള പെൻഷൻ കമ്പനി
പാവങ്ങൾക്കുള്ള പെൻഷൻ മുടക്കം കൂടാതെ മാസംതോറും കൊടുക്കാനുള്ള സംവിധാനമാണിത്. എന്തെങ്കിലും കാരണവശാൽ ഖജനാവിൽ ഇതിനുള്ള പണം ഇല്ലാതെ വന്നാൽ തല്ക്കാലം വായ്പയെടുത്ത് പെൻഷൻ നൽകുന്നതിനാണ് ഈ കമ്പനി. ഇത് ഓഫ്‍ ബജറ്റ് കടമെടുപ്പാണ് എന്ന വിമർശനം ശരിയാണ്. പക്ഷേ, കേന്ദ്രത്തിന്റെ ഓഫ് ബജറ്റ് ബോറോയിംഗ് കേന്ദ്രത്തിന്റെ കടമായി കൂട്ടണമെന്നു ശഠിക്കാത്തത് എന്ത്? ഇങ്ങനെയുണ്ടോ ഇരട്ടത്താപ്പ്?

മറ്റൊരു ഗൗരവമായ പ്രശ്നംകൂടിയുണ്ട്. 2018–-19 മുതൽ പെൻഷൻ കമ്പനി 32,991 കോടി രൂപ വായ്പയെടുത്തിട്ടുണ്ട്. ഇതിൽ പലിശയടക്കം 24,000 കോടി രൂപ സർക്കാർ തിരിച്ച് അടച്ചിട്ടുമുണ്ട്. എന്നാൽ അസൽ വായ്പയായി ബാക്കിയുള്ള 11,000 കോടി രൂപയല്ല മുഴുവൻ വായ്പയും സംസ്ഥാന സർക്കാർ അനധികൃതമായി വായ്പയെടുത്തുവെന്ന ശാഠ്യത്തിലാണ്. 2022–-23-ൽ പെൻഷൻ കമ്പനി ഏതാണ്ട് 3,000 കോടി രൂപയേ വായ്പയെടുത്തിട്ടുള്ളൂ. ഏതാണ്ട് അത്രതന്നെ തുക സർക്കാർ കമ്പനിക്ക് തിരിച്ചടവായി നൽകിയിട്ടുണ്ട്. എന്നാൽ മുൻകാല പ്രാബല്യത്തോടെ പുതിയ നിയമം തുടക്കം മുതൽ നടപ്പാക്കാനാണ് കേന്ദ്ര സർക്കാരിന്റെ പുറപ്പാട്.

കിഫ്ബി – എക്സ്ട്രാ ബജറ്ററി വായ്പ
കിഫ്ബിയും ഒരു ഓഫ് ബജറ്റ് വായ്പാ പരിപാടിയായിട്ടാണ് കേന്ദ്ര സർക്കാർ സിഎജി രേഖകളിൽ വിശദീകരിക്കുന്നത്. ഇത് തെറ്റാണ്. കിഫ്ബിയുടെ ഒരു പ്രൊജക്ടും ബജറ്റ് അക്കൗണ്ടിൽ ഉൾപ്പെടുന്നതല്ല. ഓഫ് ബജറ്റ് അതല്ല. ബജറ്റിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. പക്ഷേ, ചെലവ് തല്കാലികമായി ബജറ്റിനു പുറത്തു നിന്നാണ്. ഇത്തരം ഓഫ് ബജറ്റ് ബോറോയിംഗ് ബജറ്റ് വായ്പയായി കണക്കാക്കണമെന്നു പറയുന്നതിൽ വേണമെങ്കിൽ ഒരു ന്യായമുണ്ട്. എന്നാൽ ബജറ്റ് രേഖയിലേ വരാത്ത പ്രൊജക്ടുകൾക്ക് ബജറ്റിനു പുറത്ത് വായ്പയെടുത്തു നടപ്പാക്കുന്നത് വ്യത്യസ്തമായി കാണണം. അതുകൊണ്ടാണ് കിഫ്ബി വായ്പയ്ക്ക് എക്സ്ട്രാ ബജറ്ററി വായ്പ എന്നു പേര് കൊടുത്തിരിക്കുന്നത്.

ഇതിനു മറുപടിയായി കേന്ദ്രം പറയുന്നത് ഇതാണ്: ബജറ്റിൽ പേരില്ലെങ്കിലും കിഫ്ബി എടുക്കുന്ന വായ്പകൾ തിരിച്ച് അടയ്ക്കുന്നതിന് പൂർണ്ണമായും ബജറ്റിൽ നിന്നാണല്ലോ പണം നൽകുന്നത്. ഈ പ്രസ്താവനയും തെറ്റാണ്. കിഫ്ബിയുടെ പ്രൊജക്ടുകളിൽ ഏതാണ്ട് 30 ശതമാനത്തോളം സെൽഫ് ഫിനാൻസിംഗ് ആണ്. അതായത്, ആ പ്രൊജക്ടുകളിൽ നിന്നുള്ള വരുമാനംകൊണ്ട് തിരിച്ചടവ് ഉണ്ടാകുന്നതാണ്. ഉദാഹരണത്തിന് വൈദ്യുതി ബോർഡ്, കെ ഫോൺ, വ്യവസായ ഭൂമി തുടങ്ങിയവയ്-ക്കു നൽകുന്ന വായ്പകൾക്ക് കിഫ്‌ബിക്ക് തിരിച്ചടവ് ഉണ്ട്.

കിഫ്ബി മറ്റൊരു ആന്വിറ്റി സ്കീം
കിഫ്ബി കേന്ദ്ര-സംസ്ഥാന സർക്കാരുകൾ നടപ്പാക്കുന്ന ആന്വിറ്റി മാതൃകയിലുള്ള പദ്ധതിപോലൊന്നാണ്. റോഡോ പാലമോ പോലുള്ള നിർമ്മാണ പ്രവൃത്തികൾ ടെണ്ടർ ചെയ്യുമ്പോൾ തന്നെ പതിനഞ്ചോ ഇരുപതോ വർഷം കൊണ്ടു മാത്രമേ മുഴുവൻ തുകയും നൽകിത്തീർക്കുകയുള്ളൂ എന്ന് വ്യക്തമാക്കിയിരിക്കും. കോൺട്രാക്ടർ വായ്പ എടുത്ത് പണിതു കൊള്ളണം. ഈ വായ്പയുടെ പലിശ കൂടി കണക്കാക്കിയിട്ടാണ് കരാറുകാർ ടെണ്ടറിൽ തുക കോട്ട് ചെയ്യുക. ഇവിടെ പൂർണ്ണ ബാധ്യത സർക്കാരിന്റേതാണ്. ഗഡുക്കളായേ കൊടുത്തു തീർക്കൂ എന്നു മാത്രം. എന്നുവച്ച് കേന്ദ്ര സർക്കാരോ ഏതെങ്കിലും സംസ്ഥാന സർക്കാരോ ആന്വിറ്റി കരാർ തുക വായ്‌പ ആയി ബജറ്റ് കണക്കിൽ ഉൾപ്പെടുത്തിയിട്ടുണ്ടോ?

2019 അവസാനത്തിൽ കേന്ദ്ര സർക്കാറിന് ഇത്തരത്തിൽ ഏതാണ്ട് ഒരു ലക്ഷം കോടി രൂപയ്ക്കുള്ള 93 പദ്ധതികൾ ഉണ്ടായിരുന്നു. എല്ലാ സംസ്ഥാന സർക്കാരുകൾക്കും കൂടി പതിനായിരത്തിൽ പരം കോടി രൂപയുടെ ഇത്തരം പദ്ധതികൾ ഉണ്ടായിരുന്നു. കിഫ്ബിയുടെ കാര്യത്തിൽ എന്ന പോലെ ഈ പദ്ധതികളിൽ ഏതെങ്കിലും ഒന്നിനെക്കുറിച്ച് സിഎജി ഇതുവരെ വിമർശനം ഉന്നയിച്ചിട്ടുണ്ടോ?

കിഫ്-ബിയും ഒരു ആന്വിറ്റി മാതൃകയിലുള്ള പരിപാടിയാണ്. ബജറ്റ് പ്രസംഗങ്ങളിൽ പ്രഖ്യാപിച്ച ഏതാണ്ട് 70,000 കോടിയോളം രൂപ വരുന്ന പദ്ധതികൾ ഏറ്റെടുത്ത് നടപ്പിലാക്കാൻ കിഫ്‌ബിയെ ചുമതലപ്പെടുത്തുന്നു. ഇതിനു ആന്വിറ്റി പേയ്‌മെന്റ് ആയി കിഫ്ബിക്ക് മോട്ടോർ വാഹന നികുതിയുടെ പകുതിയും പെട്രോൾ സെസ്സ് തുകയും നൽകുമെന്ന് സർക്കാർ നിയമം മൂലം ഉറപ്പു നൽകുന്നു. കിഫ്‌ബി ഒരു വമ്പൻ അന്വിറ്റി സ്‌കീം മാത്രമാണ്. ഇത് ഓഫ് ബജറ്റ് ബോറോയിംഗും ധനഉത്തരവാദിത്വ നിയമത്തിന്റെ ലംഘനവുമാണെന്നു പറയുന്ന സിഎജിയുടെ നിലപാട് ഇരട്ടത്താപ്പാണ്.

കിഫ്‌ബി ഏറ്റെടുക്കുന്ന പദ്ധതികൾക്ക് പണം നൽകേണ്ടത് സംസ്ഥാന സർക്കാർ അല്ലേ? അത് സംസ്ഥാന സർക്കാരിന്റെ ഡയറക്ട് വായ്പ അല്ലേ? അതുകൊണ്ട് അത് സംസ്ഥാന സർക്കാരിന്റെ പ്രത്യക്ഷ ബാധ്യത അല്ലേ? എന്നൊക്കെയാണ് ചോദ്യങ്ങൾ. ഇതൊക്കെത്തന്നെ അല്ലെ സ്വകാര്യ ആന്വിറ്റി സ്കീമുകളുടെ സ്ഥിതി എന്നതാണ് ഞങ്ങളുടെ മറുചോദ്യം. കരാറുകാർക്ക് കൊടുക്കാനുള്ള തുക സർക്കാരിന്റെ പ്രത്യക്ഷ ബാധ്യതയാണ്. എന്നുവച്ച് സിഎജിയോ കേന്ദ്ര സർക്കാരോ ഇന്നുവരെ അതിനെ എവിടെയെങ്കിലും സർക്കാർ വായ്പയായി ഉൾപ്പെടുത്തണം എന്ന് ശഠിച്ചിട്ടുണ്ടോ ?

കിഫ്ബിയുടെ കാര്യത്തിൽ നാലിലൊന്ന് പ്രൊജക്ട് എങ്കിലും വരുമാനദായകമാണെന്നു പറഞ്ഞല്ലോ. അതും നിയമംമൂലം സർക്കാരിൽ നിന്ന് ലഭിക്കുന്ന നികുതി വിഹിതവും ചേർത്താൽ കിഫ്‌ബി ഒരിക്കലും കടക്കെണിയിലാവില്ല. ഇതിനു എന്താണ് ഇത്ര ഉറപ്പ് എന്ന് ന്യായമായും ചോദിക്കാം. കാരണം ഓരോ പ്രൊജക്ട് എടുക്കുമ്പോഴും അതിന്റെ ബാധ്യതകൾ എന്തെല്ലാമാണ് കൊടുക്കേണ്ടി വരിക എന്ന് കൃത്യമായി കംപ്യൂട്ടർ വഴി ഗണിച്ചെടുക്കാൻ ആവും. അതുപോലെ കിഫ്ബിക്ക് വരും വർഷങ്ങളിൽ ലഭിക്കുന്ന വരുമാനവും കൃത്യമായി കണക്കു കൂട്ടാനാവും. ഭാവിയിൽ ഒരു ഘട്ടത്തിലും കിഫ്‌ബിയുടെ ബാധ്യതകൾ വരുമാനത്തെ അധികരിക്കില്ല എന്ന് ഉറപ്പു വരുത്തിക്കൊണ്ടുമാത്രമേ കിഫ്‌ബി ഡയറക്ടർ ബോർഡ് പ്രോജക്ടുകൾ അംഗീകരിക്കൂ. അസറ്റ് – ലയബിലിറ്റി മാച്ചിങ് മോഡൽ നടത്താൻ കഴിയുന്ന സോഫ്റ്റ്-വെയർ അടിസ്ഥാനത്തിലാണ് കിഫ്‌ബി പ്രവർത്തിക്കുന്നത്, അതുകൊണ്ടാണ് കിഫ്‌ബി സംസ്ഥാനത്തെ കടക്കെണിയിലാക്കും എന്നും മറ്റുമുള്ള ആക്ഷേപങ്ങൾ അസംബന്ധം ആണെന്ന് പറയുന്നത്.

നിയമപ്രകാരം കൊടുക്കേണ്ടതിന് അപ്പുറം ഒരു പൈസയും സർക്കാർ കിഫ്‌ബിക്ക് ഭാവിയിൽ കൊടുക്കേണ്ടി വരില്ല. ആ നിയമം ആവട്ടെ ഭരണകക്ഷിയും പ്രതിപക്ഷവും ഏകകണ്ഠമായി പാസ്സാക്കിയതാണ്.

ധനപരമായ അച്ചടക്കം പാലിക്കുന്നത് 
കേന്ദ്രമോ സംസ്ഥാനങ്ങളോ?
കേരളത്തിന്റെ ധൂർത്തിനെക്കുറിച്ചും ധനപരമായ അച്ചടക്കത്തിന്റെ പ്രാധാന്യത്തെക്കുറിച്ചുമെല്ലാം ഗീർവാണ പ്രസംഗം നടത്തുന്ന മന്ത്രി വി. മുരളീധരൻ യാഥാർത്ഥ്യം പരിശോധിക്കുക. ആരാണ് ധനപരമായ അച്ചടക്കം പാലിക്കുന്നത്? കേന്ദ്ര സർക്കാരോ, സംസ്ഥാന സർക്കാരുകളോ? അവർതന്നെ നിശ്ചയിച്ച മാനദണ്ഡങ്ങൾ പ്രകാരം ധന അരാജകത്വത്തിന്റെ പര്യായമാണ് കേന്ദ്ര സർക്കാർ. തർക്കമുള്ളവർ ചിത്രത്തിലെ കണക്കുകൾ നോക്കൂ.

കേന്ദ്ര സർക്കാരും സംസ്ഥാന സർക്കാരും കടമെടുക്കുന്നതു നിയന്ത്രിക്കുന്നതിന് പാർലമെന്റും നിയമസഭയും ധനഉത്തരവാദിത്വ നിയമം പാസ്സാക്കിയിട്ടുണ്ട്. അതുപ്രകാരം ജിഡിപിയുടെ 3 ശതമാനത്തിനപ്പുറം ഒരു വർഷം വായ്പയെടുക്കാൻ പാടില്ല. അതോടൊപ്പം വായ്പയെടുക്കുന്ന തുക സർക്കാരിന്റെ ദൈനംദിന റവന്യു ചെലവിനായി ഉപയോഗിക്കാനും പാടില്ല. അഥവാ ധന കമ്മി 3 ശതമാനത്തിൽ അധികരിക്കാൻ പാടില്ല. റവന്യു കമ്മി പൂജ്യവും ആയിരിക്കണം.

കേന്ദ്രം ഒരിക്കൽപ്പോലും ഈ നിയമം അനുസരിച്ചിട്ടില്ല. സംസ്ഥാനങ്ങളെ മൊത്തത്തിലെടുത്താൽ നിയമാനുസൃതമായാണ് അവ ബജറ്റുകൾ നടപ്പാക്കിയത്. 2002-–04 കാലയളവിലാണ് ധനഉത്തരവാദിത്വ നിയമങ്ങൾ പാസ്സാക്കിയത്. അതിനു മുമ്പ് കേന്ദ്രത്തിന്റെയും സംസ്ഥാനത്തിന്റെയും കമ്മിയും കടവും വളരെ ഉയർന്നതായിരുന്നു. പക്ഷേ, 2000-–01 കണക്കുകൾ നോക്കിയാൽ ഒരു കാര്യം വ്യക്തമാണ്: കേന്ദ്രത്തിന്റെ കമ്മിയുടെയും കടത്തിന്റെയും തോത് സംസ്ഥാനങ്ങളേക്കാൾ വളരെ ഉയർന്നതാണ്. ധനഉത്തരവാദിത്വ നിയമങ്ങൾക്കുശേഷം എന്തു സംഭവിച്ചു?

1) പത്തുവർഷംകൊണ്ട് സംസ്ഥാനങ്ങൾ റവന്യു കമ്മി ഇല്ലാതാക്കി. ചില സംസ്ഥാനങ്ങൾ റവന്യു മിച്ച സംസ്ഥാനങ്ങളായി. എന്നാൽ കേന്ദ്ര സർക്കാരിന്റെ റവന്യു കമ്മി 2.5 –3.5 ശതമാനമായി തുടർന്നു.

2) അഞ്ചുവർഷംകൊണ്ട് സംസ്ഥാനങ്ങളുടെ ധന കമ്മി അനുവദനീയ പരിധിയായ 3 ശതമാനത്തിനു താഴെയായി. ഒരു ഘട്ടത്തിൽ 2 ശതമാനത്തിനും താഴെയായി. എന്നാൽ കേന്ദ്രത്തിന്റെ ധന കമ്മിയാകട്ടെ 5.0–3.5 ശതമാനത്തിനിടയിൽ ഉയർന്നു നിന്നു.

3) സംസ്ഥാനങ്ങളുടെ കടബാധ്യത 25 ശതമാനമായി താഴ്ന്നു. കേന്ദ്രത്തിന്റേത് ഇപ്പോഴും 50 ശതമാനമാണ്.

ഇങ്ങനെ തുടർച്ചയായി നിയമലംഘനം നടത്തിയ കേന്ദ്ര സർക്കാരാണ് കേരളം പോലുള്ള ചില സംസ്ഥാനങ്ങൾ നിയമം ലംഘിച്ചുവെന്നു പറഞ്ഞു വാളെടുത്തിരിക്കുന്നത്. എല്ലാ സംസ്ഥാനങ്ങളിലും കമ്മിയിലും കടബാധ്യതയിലും ഉണ്ടായിരിക്കുന്ന കുറവ് ഒരുപോലെ ആകാൻ കഴിയില്ല. കേരളവും ഈ നിയമത്തെ ചോദ്യം ചെയ്യുന്നില്ല. പക്ഷേ അതിലേക്ക് എത്താൻ കൂടുതൽ നാൾ വേണ്ടിവരും, പ്രത്യേകിച്ച് റവന്യു കമ്മി ഇല്ലാതാക്കുന്ന കാര്യത്തിൽ. വിദ്യാഭ്യാസത്തിനും ആരോഗ്യത്തിനും ഊന്നൽ നൽകുന്ന കേരള സർക്കാരിന് ഇതിനു ചില പരിമിതികളുണ്ട്.

കേന്ദ്ര ഉപരോധത്തിനെതിരെ 
കേരളം ഒന്നിക്കണം
കേന്ദ്ര സർക്കാർ കേരളത്തിനെതിരെ ഏർപ്പെടുത്തുന്ന ഈ ഉപരോധത്തിന്റെ ലക്ഷ്യം വികസനത്തെ അട്ടിമറിക്കലാണ്. പെൻഷൻ കമ്പനിക്ക് ഏർപ്പെടുത്തിയ നിരോധനം നമ്മുടെ പെൻഷൻ വിതരണത്തെ പ്രതികൂലമായി ബാധിച്ചു കഴിഞ്ഞു. പ്രതിമാസം വിതരണം തുടരാൻ കഴിയുന്നില്ല. ബജറ്റ് വരുമാനത്തിൽ ഉണ്ടായിരിക്കുന്ന ഇടിവുമൂലം പെൻഷൻ ക്ഷേമ പ്രവർത്തനങ്ങളും ആഗ്രഹിക്കുന്നപോലെ വിപുലപ്പെടുത്താൻ കഴിയുന്നില്ല. ഒരുവർഷം പെൻഷൻ നൽകുന്നതിനു വേണ്ടിവരുന്നതിനേക്കാൾ വലിയ തുകയാണ് കേന്ദ്ര സർക്കാർ വെട്ടിക്കുറച്ചിരിക്കുന്നത്.

കിഫ്‌ബി നൂതന രീതിയിൽ സംസ്ഥാനത്ത് പശ്ചാത്തല സൗകര്യ സൃഷ്ടിയിൽ വലിയ കുതിപ്പ് സൃഷ്ടിച്ചുകൊണ്ടിരിക്കുകയാണ്. അടുത്ത മൂന്നു വർഷങ്ങൾക്കുള്ളിൽ കേരളത്തിന്റെ മുഖച്ഛായ മാറും. ഇത് അട്ടിമറിക്കുകയാണ് കേന്ദ്ര സർക്കാരിന്റെ ലക്ഷ്യം.

ഒരു പുതിയ നിയമം കേന്ദ്ര സർക്കാർ ഉണ്ടാക്കിയിരിക്കുന്നു. സംസ്ഥാനങ്ങളെ മുൻകൂറായി അറിയിച്ച് നടപ്പാക്കേണ്ടുന്ന ഒന്നല്ലേ ഇത്? ഇതിനു പകരം കേരളത്തിൽ ഈ നിയമം മുൻകൂർ പ്രാബല്യത്തോടെ നടപ്പാക്കുകയാണ്. കിഫ്ബി തുടങ്ങിയകാലം മുതൽ എടുത്ത വായ്പകൾ ഭാവിയിൽ ഗഡുക്കളായി സംസ്ഥാനത്തിന്റെ വായ്പയിൽ നിന്നും കിഴിക്കുംപോലും. ഒരൊറ്റക്കാര്യം മാത്രം മതി കേന്ദ്ര സർക്കാരിന്റെ ഈ നീക്കം എത്ര ദുരുപദിഷ്ടമാണെന്നു മനസിലാക്കാൻ.

ഇത്ര വലിയ അനീതി നടന്നിട്ടും എന്തുകൊണ്ടാണ് കേരളത്തിൽ വലിയൊരു പ്രതിഷേധം ഉയരാത്തത്? യുഡിഎഫും ബിജെപിയും മാധ്യമങ്ങളും ചേർന്ന് കേരളം കടക്കെണിലാണെന്നൊരു പൊതുബോധം ഇവിടെ സൃഷ്ടിച്ചിരിക്കുകയാണ്. ഇതിനു ചൂട്ടുപിടിച്ച ചില പണ്ഡിതരും ഉണ്ട്. അഞ്ചാംപത്തികളുടെ പണിയാണ് അവർ എടുത്തത്. ഇത്ര വലിയ കടന്നാക്രമണം കേരളത്തിനുനേരെ ഉണ്ടായിട്ടും അതിൽ പ്രതിഷേധിക്കുന്നതിന് യുഡിഎഫ് തയ്യാറായിട്ടുണ്ടോ? അവരുടെ കാലത്ത് പഴയ കിഫ്ബിയിൽ എടുത്ത വായ്പകൾ സംസ്ഥാനത്തിന്റെ കടബാധ്യതകളിൽ ഉൾപ്പെടുത്തിയിട്ടുണ്ടോ? അവരുംകൂടി പിന്തുണച്ച് ഏകകണ്ഠമായിട്ടല്ലേ നിയമസഭ കിഫ്ബി നിയമം പാസ്സാക്കിയത്? കിഫ്ബി പ്രൊജക്ടുകൾ തെരഞ്ഞെടുത്തതിൽ നാടിന്റെ താല്പര്യമല്ലാതെ മറ്റു രാഷ്ട്രീയ പരിഗണനകൾ ഉണ്ടായിട്ടുണ്ടോ? കേരളത്തിന്റെ വികസന താല്പര്യങ്ങൾക്കെതിരെ ബിജെപിക്ക് കുഴലൂത്ത് നടത്തുന്നവരായി യുഡിഎഫും മാധ്യമങ്ങളും അധ:പതിച്ചിരിക്കുന്നു. 

ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

4 × three =

Most Popular