ലോകത്ത് ഒരിടത്തും സംഭവിക്കാത്തത് നമ്മുടെ രാജ്യത്ത് സംഭവിച്ചുകൊണ്ടിരിക്കുകയാണ്. ഓരോ രാജ്യത്തിന്റെയും പേരും പെരുമയും വർധിപ്പിക്കാൻ കഠിനാധ്വാനം ചെയ്യുന്നവരാണ് കായികതാരങ്ങൾ. ലോക കായിക ഭൂപടത്തിൽ 140 കോടി ജനങ്ങളെ പ്രതിനിധീകരിക്കുന്ന ഇന്ത്യക്ക് അന്തർദേശീയ മത്സരങ്ങളിൽ സ്ഥാനം ഏറ്റവും പുറകിലാണ്. എങ്കിലും നമ്മുടെ രാജ്യത്ത് കായികതാരങ്ങളിൽ സ്‌ത്രീകൾ മുന്നിലാണ്. എന്നാൽ അവർക്ക് വളരെ കുറഞ്ഞ പരിഗണന മാത്രമേ എല്ലാ മേഖലകളിലും ലഭിക്കുന്നുള്ളൂ. വിവേചനം കൊടുകുത്തി വാഴുന്നു. തൊഴിലിടങ്ങളിൽ ചൂഷണവും പീഡനവും മറ്റേതു രാജ്യത്തേക്കാളും ഇന്ത്യയിൽ കൂടുതലാണ്. ഇതെല്ലാമാണെങ്കിലും കായികമേഖലയിൽ ഇന്ത്യയിലെ പെൺകുട്ടികൾ അഭിമാനാർഹമായ പല സ്ഥാനങ്ങളും നേടിയെടുത്തിട്ടുണ്ട്. അതിൽ ഏറ്റവും പ്രധാനം ഗുസ്‌തിരംഗമാണ്. വടക്കേ ഇന്ത്യയിൽ പ്രത്യേകിച്ചും ഹരിയാനയിൽ ഏറ്റവും പ്രാധാന്യമുള്ള കായികരംഗമാണ് ഗുസ്‌തി.
കുടുംബസമേതം ഗുസ്‌തി പരിശീലനത്തിൽ ഏർപ്പെടുന്നവരുണ്ട്. ആൺകുട്ടികളും പെൺകുട്ടികളും ഗുസ്‌തിരംഗത്ത് അന്തർദേശീയ ഗുസ്‌തിതാരങ്ങളോട് കിടപിടിക്കാൻ പോരുന്ന നിലവാരമുള്ളവരാണ്. ഗുസ്‌തി താരങ്ങളുടെ സംഘടനകളുടെ അഖിലേന്ത്യാ ഫെഡറേഷനുണ്ട്. കഴിഞ്ഞ 10 കൊല്ലമായി ഫെഡറേഷന്റെ പ്രസിഡന്റായി നേതൃത്വം കൊടുക്കുന്ന വ്യക്തിയാണ് ബ്രിജ്‌ഭൂഷൺ ശരൺ സിങ്. ഈ മനുഷ്യൻ കേവലം ഒരു ഫെഡറേഷന്റെ പ്രസിഡന്റ് മാത്രമല്ല. ഉത്തർപ്രദേശിൽ മണിപവറും മസിൽ പവറും ഒരു പോലെ കൈമുതലാക്കിയ ഒരു ബോൺ ക്രിമിനലാണ്. സ്വന്തം മകൻ ആത്മഹത്യ ചെയ്‌തത് അച്ഛനെതിരെ ഒരു കുറിപ്പ് എഴുതിവച്ചുകൊണ്ടാണ്: ‘‘ഇങ്ങനെയും അച്ഛന്മാരുണ്ടാകുമോ’’ എന്ന്. എതിർത്ത് ഒരുവാക്ക് പറയുന്നവരെ പൊലീസുകാർ നോക്കി നിൽക്കെ കഴുത്ത് ഒടിച്ച് താഴെയിടുന്ന രാക്ഷസ മനോഭാവമുള്ള കൊടുംക്രിമിനലാണ് അയാൾ. എന്നാൽ നിരവധി മണ്ഡലങ്ങളെ തന്റെ സ്വാധീനവലയത്തിലാക്കാൻ മാത്രമുള്ള സമ്പത്തും കൈക്കരുത്തും ആ മനുഷ്യനുള്ളതുകൊണ്ട് ഏത് കൊടും കുറ്റം ചെയ്‌താലും അയാളുടെ രോമത്തിനുപോലും പോറലേൽപ്പിക്കാനുള്ള ധൈര്യമോ ആർജവമോ ബിജെപി നേതൃത്വത്തിനില്ല. ഈ മനുഷ്യൻ ബിജെപിയുടെ എംപിയായി വിലസ്സുന്നു എന്നു മാത്രമല്ല ഭരണത്തിന്റെ തണലിൽ ഔദ്യോഗിക പദവി ഉപയോഗിച്ച് ഗുസ്‌തി ഫെഡറേഷന്റെ പ്രസിഡന്റ് സ്ഥാനം നേടിയതിനുശേഷം താരങ്ങളെ പല രൂപത്തിലും സ്വാധീനിക്കാനും കീഴടക്കാനും ശ്രമിക്കാൻ തുടങ്ങി. കായികതാരങ്ങൾ അസ്വസ്ഥരാവാൻ തുടങ്ങിയിട്ട് നാലഞ്ചു വർഷങ്ങളായി എന്നാണ് അവർ നേരിട്ട് പറഞ്ഞത്. തൊഴിലിടങ്ങളിൽ എവിടെയും സ്‌ത്രീകളോട് അനാശാസ്യമായും ലൈംഗിക ചേഷ്ടകളോടും കൂടി ഇടപെടുന്നത് ഒരു വാർത്തയല്ല. എന്നാൽ വനിതകളായ ഗുസ്‌തിതാരങ്ങളോട് ബിജെപി എംപി കാണിച്ചുകൊണ്ടിരുന്ന ലൈംഗികാതിക്രമങ്ങൾ അതിരു കടക്കാൻ തുടങ്ങി. സ്വസ്ഥതയും സമാധാനവും അവർക്ക് നഷ്‌ടപ്പെടാൻ തുടങ്ങി. ഈ ഘട്ടത്തിൽ കുടുംബാംഗങ്ങളോടു കൂടി ആലോചിച്ചാണ് ബ്രിജ് ഭൂഷണിനെതിരെ പരാതി കൊടുക്കണം എന്ന് അവർ തീരുമാനിച്ചത്. അധികാരവും പണവും സ്വാധീനവും പദവിയുമുള്ള ഒരു വലിയ പർവതത്തോടാണ് ഏറ്റുമുട്ടാൻ പോകുന്നത് എന്നറിഞ്ഞുകൊണ്ട് തന്നെ ഏഴ് വനിതാഗുസ്‌തി താരങ്ങൾ രംഗത്തിറങ്ങി. സ്‌പോർട്സ് മന്ത്രിക്കും പ്രധാനമന്ത്രിക്കും പൊലീസ് അധികാരികൾക്കും അവർ പരാതി നൽകി.
സാക്ഷി മാലിക്ക്, വിനേഷ് ഫോഗട്ട്, സംഗീത ഫോഗട്ട് തുടങ്ങിയ വനിതാ താരങ്ങൾ കേവലം സാധാരണ ഗുസ്‌തി താരങ്ങളായിരുന്നില്ല. രാജ്യത്ത് ഇന്ന് ലഭിക്കുന്ന കായികരംഗത്തെ പരമോന്നത ബഹുമതിയായ ഖേൽരത്‌ന അവാർഡ് ജേതാക്കളാണ് അവർ. അടുത്ത ഒളിംമ്പിക്‌സിൽ നമ്മുടെ രാജ്യത്തിനു വേണ്ടി മെഡൽ നേടിക്കൊണ്ടു വരാൻ കഴിവുള്ളവരാണ്. അന്താരാഷ്ട്ര മത്സരവേദികളിൽ നമ്മുടെ രാജ്യത്തിന്റെ ദേശീയ പതാക ഉയർത്തിയവരാണ്.
16 വയസ്സുകാരിയുൾപ്പെടെ 7 പേരടങ്ങിയ നാടിന്റെ പ്രിയപ്പെട്ട യുവതാരങ്ങളാണ് ബ്രിജ് ഭൂഷൺ ശരൺ സിങ്ങിനെതിരെ ലൈംഗിക പീഡനത്തിന് പരാതികൊടുത്തത്. മാസങ്ങൾ പിന്നിട്ടിട്ടും ഒരു നടപടിയുമില്ല. കാത്തിരുന്നു. നടപടിയെടുക്കാത്തതിൽ പ്രതിഷേധിച്ചാൽ ഉണ്ടാകുന്ന വരുംവരായ്‌കകളെക്കുറിച്ച് നല്ല ബോധ്യത്തോടെ തന്നെയാണ് ഏഴു വനിതാ താരങ്ങളും പ്രത്യക്ഷ സമരത്തിനിറങ്ങിയത്. പ്രതിഷേധം കാണുമ്പോൾ സർക്കാർ നടപടിയെടുക്കുമെന്ന് ആ പാവങ്ങൾ പ്രതീക്ഷിച്ചു. ബിജെപി സർക്കാർ കണ്ടെന്ന് നടിച്ചുപോലുമില്ല. ബഹുമാനപ്പെട്ട കോടതിയുടെ ഇടപെടലിലൂടെയാണ് എഫ്‌ഐആർ ഇടാമെന്നും കേസെടുക്കാമെന്നും വന്നത്. അവിടെയും സർക്കാർ കള്ളക്കളി കളിച്ചു. എഫ്‌ഐആർ ഇട്ടു. കേസെടുത്തില്ല.
ദിവസങ്ങൾ കഴിഞ്ഞു. പരാതിയുടെ മേൽ ഒരു കേസും രജിസ്‌റ്റർ ചെയ്‌തില്ല. ‘‘അളമുട്ടിയാൽ ചേരയും കടിക്കും’’ എന്നതുപോലെ നമ്മുടെ രാജ്യത്തിന്റെ സ്വാതന്ത്ര്യാനന്തര ചരിത്രത്തിൽ ,ആദ്യമായി യുവതികളായ ഗുസ്‌തിതാരങ്ങൾ പാർലമെന്റിന്റെ മുന്നിൽ ജന്തർമന്ദറിൽ രാപകൽ സമരം പ്രഖ്യാപിച്ചു. എല്ലാവരുടെയും പിന്തുണ അവർ അഭ്യർഥിച്ചു. ഈ ഘട്ടത്തിലും നമ്മുടെ പ്രിയപ്പെട്ട കായികരതാരങ്ങളെ ഒന്ന് കാണാനോ കാര്യമന്വേഷിക്കാനോ ഭരിക്കുന്നവരുടെ ഭാഗത്തുനിന്ന് ആരും വന്നില്ല. ഒളിമ്പിക്‌സ് അസോസിയേഷന്റെ പ്രസിഡന്റ് പി ടി ഉഷ എംപിയെക്കൊണ്ട് അവരുടെ നേരെ അധിക്ഷേപ വാക്കുകൾ പറയിക്കുകയും ചെയ്‌തു.
സമരപ്പന്തലിലേക്ക് എല്ലാ ജനവിഭാഗങ്ങളും ഒഴുകിയെത്തി. കായികതാരങ്ങൾക്ക് പിന്തുണ പ്രഖ്യാപിച്ചു. ബ്രിജ്‌ഭൂഷണെ അറസ്‌റ്റ് ചെയ്യുക എന്നതിൽ നിന്ന് ഒരിഞ്ചു പിറകോട്ടേക്കില്ല. തങ്ങൾ സമരവുമായി മുന്നോട്ട് പോകുമെന്ന് നിശ്‌ചയദാർഢ്യത്തോടെ കായികതാരങ്ങളും അവരുടെ കുടുംബാംഗങ്ങളും പ്രഖ്യാപിച്ചു.
പോക്‌സോ നിയമപ്രകാരം കേസ് രജിസ്‌റ്റർ ചെയ്‌തു മണിക്കൂറുകൾക്കുള്ളിൽ പ്രതിയെ അറസ്‌റ്റ് ചെയ്യണം എന്നാണ് പോക്‌സോ നിയമം അനുശാസിക്കുന്നത്. എന്നാൽ കേന്ദ്രം നയിക്കുന്ന ഡൽഹി പൊലീസ് അനങ്ങിയില്ല. നീതിയിലും നിയമത്തിലുമുള്ള വിശ്വാസം ജനങ്ങൾക്ക് നഷ്ടപ്പെടുന്ന നിലപാടാണ് കേന്ദ്ര സർക്കാർ സ്വീകരിച്ചത്. നാൽപ്പതോളം കേസുകളിൽ പ്രതിയായ ഒരാളാണ് ഈ ബിജെപി എം പി ബ്രിഷ്‌ഭൂഷൺ. ആ മനുഷ്യൻ സർക്കാരിന്റെയും അധികാരത്തിന്റെയും തണലിൽ സുരക്ഷിതനായി വിലസുകയാണ്.
ഏറ്റവും അവസാനമായി വന്ന ഒരു വാർത്ത പോക്‌സോ കേസ് ഭേദഗതി ചെയ്യാൻ ബ്രിജ്‌ഭൂഷൺ ജൂൺ 5ന് സന്ന്യാസിമാരുടെ യോഗം അയോദ്ധ്യയിൽ വിളിച്ചിരിക്കുന്നു എന്നതാണ്. ഭരണഘടനയും നിയമവും ഒന്നും ബാധകമല്ലാത്ത വിധത്തിലേക്ക് കുറേ ക്രിമിനലുകളായ ധനാഢ്യരും ഒപ്പം ഭരണസംവിധാനവും മാറുകയാണോ? ഈ ക്രിമിനലിനെതിരെ ഒരക്ഷരം പ്രതികരിക്കാൻ ബിജെപിക്ക് ഒരു ദേശീയ നേതൃത്വവും ധൈര്യത്തോട പ്രതികരിക്കാൻ ഒരു നേതാവുമില്ലേ? പ്രധാനമന്ത്രി ഇതെല്ലാം മൂകസാക്ഷിയെപ്പോലെ കണ്ടു നിൽക്കുകയാണോ? ഇന്ത്യയുടെ രാഷ്‌ട്രപതി ഒരു വനിതയാണ്. വനിതകൾക്ക് രക്ഷയില്ല എന്നത് മാത്രമല്ല നീതി ലഭിക്കുന്നതിന് ഒരു പരാതി കൊടുത്താൽ അതിന്മേൽ പോലും ഒരു നടപടി എടുക്കാൻ ഭരണ നേതൃത്വം തയ്യാറാവുന്നില്ലെങ്കിൽ അതിൽ ഇടപെടാൻ കഴിയുന്ന ഒരു രാഷ്‌ട്രപതിയെയാണ് ജനങ്ങൾ ആഗ്രഹിക്കുന്നത്. ഇവിടെ കേരളത്തിൽ രാഷ്‌ട്രപതിയുടെ പ്രതിപുരുഷനായ ഗവർണർ എന്തെല്ലാം തരത്തിലുള്ള ഇടപെടലുകൾക്കാണ് ശ്രമിക്കുന്നത്. ചുരുക്കിപ്പറഞ്ഞാൽ ബ്രിജ്‌ഭൂഷനെതിരെ എന്തെങ്കിലും നടപടിയെടുക്കാൻ ത്രാണിയില്ലാത്തവരായി ബിജെപി നേതൃത്വവും സർക്കാരും മാറി.
മെയ് 28 ഓടുകൂടി ഗുസ്‌തി താരങ്ങളുടെ സമരം കടുത്ത നടപടികളുമായി മൂന്നാം ഘട്ടത്തിലേക്ക് കടന്നു. വെടിവച്ചുകൊല്ലും എന്ന് ക്രിമിനലുവേണ്ടി ഒരു ഉന്നത പൊലീസുദ്യോഗസ്ഥൻ പ്രഖ്യാപിച്ചപ്പോൾ ഗുസ്‌തി താരം ബജ്‌രംഗ് പുനിയ പറഞ്ഞത് ഞങ്ങളെ കൊന്നോളൂ, അങ്ങോട്ട് വന്നേക്കാം’’ എന്നാണ്. പീഡിക്കപ്പെട്ടവരെ ഭീഷണിപ്പെടുത്തുന്നു; കൊല്ലുമെന്ന് പറയുന്നു. അവരുടെ സമരപ്പന്തൽ അടിച്ചുപൊളിക്കുന്നു. രാജ്യത്തിന് ഏറ്റവും അപമാനമുണ്ടാക്കുന്ന വിധത്തിൽ വനിതാ കായികതാരങ്ങളെ ചുട്ടുപൊള്ളുന്നവെയിലിൽ പൊലീസ് നടുറോഡിലൂടെ വലിച്ചിഴയ്-ക്കുന്നു. പിന്നീട് അറസ്‌റ്റ് ചെയ്‌ത് കൽതുറുങ്കിലടയ്ക്കുന്നു. മെയ് 28ന് ബ്രിജ്‌ഭൂഷൺ പുതിയ പാർലമെന്റ് കെട്ടിടത്തിൽ. എത്തിയപ്പോൾ അയാൾക്ക് ഏറ്റവും നല്ല സീറ്റ് പുതിയ മന്ദിരത്തിൽ കൊടുക്കുന്നതിന് ബിജെപി നേതാക്കൾ മത്സരിക്കുന്നു.
ജനാധിപത്യമര്യാദയും നീതിബോധവും നഷ്ടപ്പെട്ട് സ്‌ത്രീ വിരുദ്ധമായ നിലപാടുകൾ തുടരെ തുടരെ സ്വീകരിക്കുകയാണ് മോദി സർക്കാർ. ഗുസ്‌തിതാരങ്ങൾ അവർക്ക് കിട്ടിയ വില പിടിച്ച മെഡൽ ഹരിദ്വാറിൽ ചെന്ന് ഗംഗയിൽ ഒഴുക്കാൻ തീരുമാനിച്ചപ്പോഴും അരുത് എന്നു പറയാൻ ഒരു ബിജെപി നേതാവിനെയും കണ്ടില്ല. എന്തിനേറെ പ്രതിപക്ഷത്തിരിക്കുന്ന കോൺഗ്രസിന്റെ നേതാക്കളായ സോണിയയോ രാഹുൽഗാന്ധിയോ പ്രിയങ്കയോ മറ്റാരുമോ പ്രതികരിച്ചു കണ്ടില്ല.
സമരപ്പന്തലിൽ സമാധാനപരമായി പ്രതിഷേധിച്ച വനിതാ ഗുസ്‌തി താരങ്ങളെ അറസ്‌റ്റ് ചെയ്‌ത് തടങ്കലിലാക്കി എന്നുമാത്രമല്ല, നീതി ലഭിക്കുന്നതിന് പരാതി കൊടുത്തവർക്കെതിരെ ജാമ്യമില്ലാ കേസുകൾ ചാർജു ചെയ്യുകയും ചെയ്‌തു. കലാപത്തിന് തിരികൊളുത്തിയവരാണത്രെ ഈ ഗുസ്‌തിക്കാരായ പെൺകുട്ടികൾ. തങ്ങളോടു കാട്ടുന്ന അവഗണനയിലും അവമതിയിലും മനംനൊന്താണ് അവരുടെ വിലപിടിച്ച മെഡൽ ഗംഗയിലൊഴുക്കാൻ അവർ തീരുമാനിച്ചത്. നരേഷ് ടിക്കായത്ത് ഉൾപ്പെടെയുള്ള കർഷകനേതാക്കൾ നടത്തിയ പരിശ്രമത്തിനൊടുവിലാണ് ആ തീരുമാനത്തിൽ നിന്ന് കായികതാരങ്ങൾ പിന്മാറിയത്. നാലോ അഞ്ചോ ദിവസങ്ങൾക്കുള്ളിൽ തീരുമാനമൊന്നുമാകുന്നില്ലെങ്കിൽ മരണം വരെ നിരാഹാരസമരത്തിലേർപ്പെടും എന്ന് അവർ പ്രഖ്യാപിച്ചു. കായികതാരങ്ങളുടെ കണ്ണീരു വീണ് കുതിർന്ന മണ്ണായി രാജ്യം മാറി. ലജ്ജ തോന്നുന്നു. ലൈംഗികമായി പീഡിപ്പിച്ചതിനെതിരെ പരാതികൊടുത്തിട്ട് അതിന്മേൽ ഒരു നടപടിയും സ്വീകരിക്കാൻ തയ്യാറാകാത്ത സർക്കാരാണോ സ്ത്രീശക്തിയെ കുറിച്ച് വാചകമടിക്കുന്നത്. ‘ബേട്ടി ബച്ചാവോ, ബേട്ടി പഠാവോ ആർക്കു വേണ്ടിയാണ്? രാജ്യത്തിന്റെ അഭിമാനതാരങ്ങളെ ലോകത്തിനുമുന്നിൽ നാണം കൊടുത്തിയവർക്ക് വിലകൊടുക്കേണ്ടി വരും.
കോടതിയുടെ നിർദേശപ്രകാരം എഫ്‌ഐആർ ഇട്ടിട്ടും കേസെടുത്തിട്ടും ബ്രിജ് ഭൂഷണെ അറസ്‌റ്റ് ചെയ്യാതെ സംരക്ഷിക്കുകയാണ് മോദി സർക്കാർ. ആ പ്രതി തന്നെയാണ് പോക്‌സോ നിയമം തന്നെ മാറ്റുമെന്ന് പറയുന്നത്. ഇത് രാജ്യത്തെ നിയമവ്യവസ്ഥയോടുള്ള വെല്ലുവിളിയാണ്. ഈ രീതിയിൽ മുന്നോട്ടു പോകാൻ ആരെയും അനുവദിച്ചുകൂടാ. അറസ്‌റ്റ് ചെയ്‌ത് തുറങ്കിലടയ്-ക്കുന്നില്ലെങ്കിൽ രാജ്യവ്യാപകമായ പ്രതിഷേധവും പ്രക്ഷോഭവും ഉയരണം. രാജ്യാന്തര റസ്ലിങ് ഫെഡറേഷൻ ശക്തമായ പ്രതിഷേധവുമായി വന്നത് സ്വാഗതാർഹം തന്നെ. എന്നാൽ ഇന്ത്യയിലെ പെൺകുട്ടികളുടെ കാര്യമായി ചുരുക്കിക്കാണാതെ ക്രിമിനലിനെയും അവരെ സംരക്ഷിക്കുന്നവരെയും തുറന്നുകാണിക്കാനും നടപടിയെടുക്കാനും ഐക്യരാഷ്‌ട്ര സഭ തന്നെ ഇടപെടുകയാണ് വേണ്ടത്. ബ്രിജ് ഭൂഷണെയും സംരക്ഷിക്കുന്ന കൂട്ടുപ്രതികളെയും അറസ്‌റ്റ് ചെയ്‌ത് രാജ്യത്തിന്റെ മാനം കാക്കണം. ♦