ബിജെപി സര്‍ക്കാര്‍ രാജ്യത്ത് നിലനില്‍ക്കുന്ന ഫെഡറല്‍ സംവിധാനത്തെ അനുദിനം ദുര്‍ബലപ്പെടുത്തുന്ന നിലപാടാണ് സ്വീകരിച്ചുകൊണ്ടിരിക്കുന്നത്. ജനസംഘത്തിന്റെ കാലത്തുതന്നെ സ്വതന്ത്ര കമ്പോളത്തിന്റേയും, കേന്ദ്രീകൃതമായ ഭരണ സംവിധാനത്തിന്റേയും വക്താക്കളായാണ് ഇവര്‍ പ്രത്യക്ഷപ്പെട്ടത്. ഭാഷാ സംസ്ഥാന രൂപീകരണത്തിനുതന്നെ എതിരായി നില്‍ക്കുന്ന സമീപനമാണ് ഇവര്‍ സ്വീകരിച്ചിരുന്നത്.
രാജ്യത്ത് അധികാരത്തില്‍ വന്നതോടെ ഈ പ്രവണത ശക്തമായി നടപ്പിലാക്കാനാണ് ഇവര്‍ ശ്രമിച്ചുകൊണ്ടിരുന്നത്. മോദി സര്‍ക്കാര്‍ സംസ്ഥാനങ്ങളുടെ വികസനത്തിന് സഹായകമായി വര്‍ത്തിച്ച ആസൂത്രണ കമ്മീഷനെ പിരിച്ചുവിട്ടു. അധികാരം കേന്ദ്രീകരിക്കുന്നതിന്റെ ഭാഗമായി ഗ്രാമസഭകളെപ്പോലും കേന്ദ്ര സര്‍ക്കാര്‍ നിയന്ത്രിക്കുന്ന നിലയില്‍ ഇടപെടാനുള്ള പരിശ്രമങ്ങളും നടത്തി. സംസ്ഥാനങ്ങളുടെ അധികാര പരിധിയിലുള്ള വകുപ്പുകളില്‍ തന്നെ ഇടപെടുന്ന നയവും സ്വീകരിച്ചു. കണ്‍കറന്റ് ലിസ്റ്റിലുള്ള വകുപ്പുകളിലാവട്ടെ സംസ്ഥാന സര്‍ക്കാരിന് യാതൊരു പരിഗണനയും അവര്‍ നല്‍കിയതുമില്ല.
സംസ്ഥാനങ്ങളുടെ വിഭവ സമാഹരണത്തിന്റെ സാധ്യതകളെയാകെ അടയ്ക്കുന്നവിധം ജി.എസ്.ടി കൊണ്ടുവന്ന് നികുതി വരുമാനം കേന്ദ്രത്തിന്റെ കൈകളിലേക്ക് എത്തിക്കുന്ന സമീപനം സ്വീകരിച്ചു. സംസ്ഥാനങ്ങളുടെ ശക്തമായ എതിര്‍പ്പുകളെ തുടര്‍ന്ന് ജി.എസ്.ടി നഷ്ടപരിഹാരമെന്ന പേരില്‍ ആദ്യഘട്ടത്തില്‍ ചില സഹായങ്ങള്‍ സംസ്ഥാനങ്ങള്‍ക്ക് നല്‍കിയെങ്കിലും അവയും പടിപടിയായി നിര്‍ത്തലാക്കുന്ന സമീപനമാണ് സ്വീകരിച്ചത്.
നികുതി വരുമാനം കേന്ദ്രം കൈക്കലാക്കുകയും, അവ സംസ്ഥാനങ്ങള്‍ക്ക് പങ്കിട്ടുനല്‍കുന്ന കാര്യത്തില്‍ തെറ്റായ നയ സമീപനങ്ങള്‍ സ്വീകരിച്ച് മുന്നോട്ടുപോകുകയുമാണ്. രാജ്യത്ത് ജനക്ഷേമകരമായ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി വലിയ ബാധ്യതയാണ് സംസ്ഥാനങ്ങള്‍ക്കുള്ളത്. എന്നാല്‍ അവ കണക്കിലെടുത്തുകൊണ്ട് നികുതി വരുമാനം സംസ്ഥാനങ്ങളുമായി പങ്കിടുന്നതില്‍ തെറ്റായ നയ സമീപനമാണ് അവര്‍ സ്വീകരിക്കുന്നത്.
സര്‍ക്കാരിയ കമ്മീഷന്റെ ശുപാര്‍ശകളിലുള്‍പ്പെടെ മുന്നോട്ടുവെച്ച തരത്തില്‍ നികുതി വിഹിതം പങ്കിടാന്‍ കേന്ദ്ര സര്‍ക്കാര്‍ തയ്യാറാകുന്നില്ല. 14–ാം ധനകാര്യ കമ്മീഷന്‍ 42 ശതമാനം നികുതിയാണ് സംസ്ഥാനങ്ങള്‍ക്ക് നല്‍കണമെന്ന് നിര്‍ദ്ദേശിച്ചിട്ടുള്ളത്. എന്നാല്‍ 2021 – 22 ല്‍ ഇത് 33.2 ശതമാനമായിരുന്നു. 2022 – 23 ല്‍ പുതുക്കിയ എസ്റ്റിമേറ്റനുസരിച്ച് 31.2 ശതമാനമായി. 2023 – 24 ലെ ബജറ്റ് മതിപ്പ് പ്രകാരം 30.4 ശതമാനം മാത്രമാണ് സംസ്ഥാനങ്ങള്‍ക്ക് നികുതി പങ്കിടാന്‍ കേന്ദ്ര സര്‍ക്കാര്‍ തയ്യാറായിട്ടുള്ളത്. കേന്ദ്ര പദ്ധതികളിലെ സംസ്ഥാന വിഹിതം പടിപടിയായി വര്‍ദ്ധിപ്പിച്ചുകൊണ്ടിരിക്കുന്ന ഘട്ടത്തിലാണ് ഇത്തരമൊരു സമീപനം സ്വീകരിച്ചിട്ടുള്ളത്.
കേരള സംസ്ഥാനത്തെ സംബന്ധിച്ചിടത്തോളം ആരോഗ്യ , വിദ്യാഭ്യാസ മേഖലയിലുള്‍പ്പെടെ സംസ്ഥാനം നേടിയ നേട്ടങ്ങളുടെ പശ്ചാത്തലത്തില്‍ കേന്ദ്ര വിഹിതം തുടര്‍ച്ചയായി വെട്ടിക്കുറയ്ക്കുന്ന രീതി ഇപ്പോഴും തുടരുകയാണ്. കേരളത്തിന്റെ വികസനത്തിനായി രൂപപ്പെടുത്തിയ ബദല്‍ സാധ്യതകളേയും തകര്‍ക്കുന്ന നടപടികള്‍ സ്വീകരിക്കുകയാണ്. കിഫ്ബിക്കും, ക്ഷേമ പെന്‍ഷന്‍ പദ്ധതികള്‍ക്കുള്‍പ്പെടെ എടുക്കുന്ന കടം സംസ്ഥാനത്തിന്റെ പൊതുകടത്തില്‍ ഉള്‍പ്പെടുത്തുമെന്ന കേന്ദ്ര സര്‍ക്കാരിന്റെ നടപടി സംസ്ഥാനത്തിന്റെ വികസനത്തിലേല്‍പ്പിച്ച കടുത്ത ആഘാതം തന്നെയാണ്.
കേന്ദ്ര സര്‍ക്കാര്‍ സൃഷ്ടിച്ച ഇത്തരം പ്രതിസന്ധികളെയെല്ലാം നേരിട്ടുകൊണ്ട് സംസ്ഥാന സര്‍ക്കാര്‍ മുന്നോട്ടുപോകുകയാണ്. ആ ഘട്ടത്തിലാണ് കൂനിന്മേല്‍ കുരു എന്നപോലെ കേരളത്തിന്റെ വായ്പാപരിധി വെട്ടിക്കുറയ്ക്കാനുള്ള തീരുമാനം കേന്ദ്ര സര്‍ക്കാര്‍ സ്വീകരിച്ചിരിക്കുന്നത്.
ധന ഉത്തരവാദിത്വ നിയമമനുസരിച്ച് സംസ്ഥാനത്തിന്റെ മൊത്തം ആഭ്യന്തര വരുമാനത്തിന്റെ മൂന്ന് ശതമാനം വായ്പയെടുക്കാനുള്ള അനുവാദമുണ്ട്. വൈദ്യുതി പരിഷ്കാരങ്ങളുടെ പേരില്‍ 0.5 ശതമാനവും അധികവായ്പയെടുക്കാം. അതായത് 38,000 കോടി രൂപയെങ്കിലും സംസ്ഥാനത്തിന് വായ്പയെടുക്കാം. എന്നാല്‍ മൂന്ന് ശതമാനമായ 33,420 കോടി രൂപ വായ്പയെടുക്കാന്‍ അനുവദിക്കുന്നതിന് പകരം 15,390 കോടി രൂപ മാത്രമേ അനുവദിക്കാനാകൂ എന്നാണ് കേന്ദ്രം തീട്ടൂരമിറക്കിയിരിക്കുന്നത്. അതായത് 18,030 കോടിയാണ് ഒരു വര്‍ഷം വെട്ടിക്കുറച്ചിരിക്കുന്നത്. ഏകദേശം 54 ശതമാനത്തിന്റെ വെട്ടിക്കുറവാണ് ഒറ്റയടിക്ക് വരുത്തിയിട്ടുള്ളത്.
കഴിഞ്ഞ സാമ്പത്തിക വര്‍ഷവും ഇതേ ക്രൂരത തന്നെയാണ് മോദി സര്‍ക്കാരില്‍ നിന്നും കേരളത്തിന് നേരിടേണ്ടിവന്നത്. 32,437 കോടി രൂപ വായ്പ എടുക്കാമായിരുന്നിട്ടും 23,000 കോടി രൂപമാത്രമാണ് അനുവദിച്ചത്. അതായത് 9,437 കോടി രൂപയുടെ കുറവ്. ഇക്കുറി അതിന്റെ ഇരട്ടിയാണ് വെട്ടിക്കുറവ് വരുത്തിയിട്ടുള്ളത്. രണ്ട് വര്‍ഷത്തില്‍ മാത്രം 27,467 കോടിയുടെ കുറവാണ് വരുത്തിയിട്ടുള്ളത്. ഇതിന് പുറമെയാണ് റവന്യൂഗ്രാന്റിലെ 8,425 കോടിയുടെ കമ്മി. മറ്റെല്ലാ സംസ്ഥാനങ്ങള്‍ക്കും ഗ്രാന്റ് വിഹിതം വര്‍ധിപ്പിക്കുമ്പോള്‍ കേരളത്തിന് മാത്രം 9 ശതമാനത്തോളം കുറവ് വരുത്തിയിരിക്കുകയാണ്.
പകപോക്കല്‍ നടപടി ഇവിടംകൊണ്ട് അവസാനിക്കുന്നില്ല. 10–ാം ധനകാര്യ കമ്മീഷന്‍ സംസ്ഥാനങ്ങള്‍ക്കുള്ള കേന്ദ്ര വിഹിതം തീരുമാനിച്ചപ്പോള്‍ കേരളത്തിന് 3.87 ശതമാനമാണ് അനുവദിച്ചിരുന്നത്. മോദിയുടെ കാലത്തുള്ള 15–ാം ധനകാര്യകമ്മീഷന്റെ കാലത്ത് ഇത് 1.92 ശതമാനമായി കുറച്ചു. ഇവിടെയും വിഹിതം നേര്‍പകുതിയായി കുറച്ചിരിക്കുന്നു.
സാധാരണ നിലയില്‍ കേന്ദ്രം വായ്പാപരിധി കുറയ്ക്കുമ്പോള്‍ അതിനുള്ള വ്യക്തമായ കാരണം പറയാറുണ്ട്. എന്നാല്‍ ഇത്തവണ അതുപോലും ഉണ്ടായില്ല. കേരള സര്‍ക്കാരിനോട് തുടര്‍ന്നുവരുന്ന ശക്തമായ അവഗണനയുടെ ഭാഗമാണിത്. എന്തുകൊണ്ടാണ് ഇത്തരമൊരു സമീപനം സ്വീകരിക്കുന്നതെന്ന് പരിശോധിച്ചാല്‍ അടിസ്ഥാനപരമായ കാരണം കേന്ദ്ര സര്‍ക്കാര്‍ മുന്നോട്ടുവെക്കുന്ന നയസമീപനങ്ങള്‍ക്കെതിരെ ബദല്‍ ഉയര്‍ത്തിപ്പിടിക്കുന്നതുകൊണ്ടാണ്.
രാജ്യത്ത് ബിജെപിയും കോണ്‍ഗ്രസും നവഉദാരവല്‍ക്കരണ നയങ്ങള്‍ അവരുടെ സാമ്പത്തിക നയത്തിന്റെ അടിസ്ഥാനമായി സ്വീകരിച്ചിട്ടുണ്ട്. അതുകൊണ്ടുതന്നെ ഈ നയത്തിന്റെ കാര്യത്തില്‍ അവര്‍ തമ്മില്‍ യാതൊരു ഭിന്നതയുമില്ല. എന്നാല്‍ ഇതില്‍ നിന്നും വ്യത്യസ്തമായി ബദല്‍ നയമാണ് കേരളത്തിലെ എല്‍.ഡി.എഫ് സര്‍ക്കാര്‍ സ്വീകരിക്കുന്നത്.
1991þല്‍ നരസിംഹറാവു സര്‍ക്കാര്‍ നവഉദാരവാദനയം നടപ്പിലാക്കിയശേഷം നടന്ന പൊതുമേഖലാ സ്ഥാപനങ്ങളുടെ സ്വകാര്യവല്‍ക്കരണത്തില്‍ 70 ശതമാനവും നടന്നത് കഴിഞ്ഞ ഒമ്പത് വര്‍ഷക്കാലത്തെ മോദി ഭരണകാലത്താണ്. ഈ നയത്തിന് രാജ്യത്തുതന്നെ ഒരു ബദല്‍ ഉയര്‍ത്തിക്കാട്ടുന്ന സംസ്ഥാനം കേരളമാണ്. കേന്ദ്രം സ്വകാര്യവല്‍ക്കരിക്കാന്‍ തീരുമാനിച്ച ന്യൂസ് പ്രിന്റ് ഫാക്ടറി ഉള്‍പ്പെടെ കേരളം ഏറ്റെടുക്കുകയും ലാഭകരമായി നടത്തുകയും ചെയ്യുകയാണ്. മാത്രമല്ല കേരളത്തിലെ 60 ലക്ഷം പേര്‍ക്കെങ്കിലും പെന്‍ഷനും ഉറപ്പുവരുത്തുന്നു. പെന്‍ഷന്‍ മുടങ്ങാതിരിക്കാനായി ഒരു കമ്പനിക്കും രുപം നല്‍കി. സഹകരണ സ്ഥാപനങ്ങളില്‍ നിന്നും, കെ.എസ്.എഫ്.ഇയില്‍ നിന്നും മറ്റും വായ്പയെടുത്ത് ഈ കമ്പനി പെന്‍ഷന്‍ നല്‍കാനുള്ള ഫണ്ട് ഉറപ്പുവരുത്തുകയും സംസ്ഥാന സര്‍ക്കാര്‍ ഈ പണം കൃത്യമായി കമ്പനിക്ക് നല്‍കുകയും ചെയ്യുന്നു. ഇപ്പോള്‍ ഈ കമ്പനി വായ്പയെടുത്ത 12,000 കോടി രൂപ കൂടി സംസ്ഥാന വായ്പയായി കണക്കാക്കിയിട്ടായിരിക്കാം വായ്പാപരിധി വെട്ടിക്കുറച്ചത് എന്ന് കരുതുന്നു. പെന്‍ഷന്‍ കൃത്യമായി നല്‍കുന്നത് തടയുകയാണ് കേന്ദ്ര ലക്ഷ്യം. സാമൂഹ്യ സുരക്ഷാ പെന്‍ഷന്‍ ലഭിക്കുന്ന പാവങ്ങളുടെ കഞ്ഞിയില്‍ മണ്ണ് വാരിയിടുന്ന നടപടിയാണിത്.
സര്‍ക്കാര്‍ എല്ലാ മേഖലയില്‍ നിന്നും പിന്മാറുകയെന്ന ആഗോളവല്‍ക്കരണ നയങ്ങള്‍ക്ക് ബദലായി സര്‍ക്കാരിന്റെ ഇടപെടല്‍ ശക്തിപ്പെടുത്തുന്ന നയം കോര്‍പ്പറേറ്റുകളുടെ കൊള്ളലാഭത്തില്‍ നിന്ന് ജനങ്ങളെ രക്ഷപ്പെടുത്താനുള്ളതാണ്. എന്നാല്‍ ഇത് കോര്‍പ്പറേറ്റ് þ ഹിന്ദുത്വ നയം നടപ്പിലാക്കുന്ന ബി.ജെ.പി സര്‍ക്കാരിന് അംഗീകരിക്കാനാകില്ല. എല്ലാ മേഖലയില്‍ നിന്നും എതിര്‍ ശബ്ദങ്ങളും ബദല്‍ മാതൃകകളും ഇല്ലാതാക്കി ഏകശിലാരൂപത്തിലേക്ക് രാജ്യത്തെ മാറ്റിയെടുക്കാനുള്ള സംഘപരിവാറിന്റെ ഇടപെടലിന്റെ തുടര്‍ച്ചയാണിത്. കോര്‍പ്പറേറ്റുകള്‍ക്കെല്ലാം വാരിക്കോരി നല്‍കുന്ന ശിങ്കിടി മുതലാളിത്തത്തിന്റെ സമീപനക്കാര്‍ക്ക് സംസ്ഥാന സര്‍ക്കാരിന്റെ നേതൃത്വത്തില്‍ നടത്തുന്ന വികസന മാതൃകകളെ അംഗീകരിക്കാനാകില്ല. അതിന്റെ പ്രതിഫലനം കൂടി ഇത്തരം ഇടപെടലിന് പിന്നില്‍ രൂഢമൂലമായിട്ടുണ്ട് എന്ന് തിരിച്ചറിയേണ്ടതുണ്ട്.
സംഘപരിവാറിനെതിരെ മതനിരപേക്ഷതയുടേയും, ഫെഡറല്‍ തത്വങ്ങളുടേയും സംരക്ഷകരെന്ന പേര് പറഞ്ഞുകൊണ്ട് രംഗപ്രവേശനം ചെയ്യുന്ന യു.ഡി.എഫിന്റെ പ്രവര്‍ത്തനം ആര്‍ക്കുവേണ്ടിയാണ് എന്നത് വ്യക്തമാണ്. കേരളത്തില്‍ നിന്നും ജയിച്ചുപോയ രാഹുല്‍ ഗാന്ധി ഉള്‍പ്പടെയുള്ള കോണ്‍ഗ്രസ് എംപിമാര്‍ കേരളത്തിന്റെ വികസനത്തിനുവേണ്ടി പാര്‍ലമെന്റില്‍ ശബ്ദിച്ചില്ലെന്ന് മാത്രമല്ല കേരളത്തിന്റെ വികസന പദ്ധതികള്‍ക്കെതിരെ തുടര്‍ച്ചയായി നിലപാട് സ്വീകരിക്കുന്നത് നാം കണ്ടുകൊണ്ടിരിക്കുന്നതാണ്.
വായ്പാപരിധി വെട്ടിക്കുറച്ചപ്പോള്‍ അങ്ങിനെ ഒരു നടപടിയും കേന്ദ്രം കൈക്കൊണ്ടിട്ടില്ലെന്ന രീതിയിലാണ് പ്രതിപക്ഷ നേതാവ് വി.ഡി സതീശന്റെയും മറ്റും പ്രതികരണം വന്നിട്ടുള്ളത്. ഒരു വശത്ത് കേരളം കടത്തില്‍ മുങ്ങുകയാണെന്ന് വിലപിക്കുകയും എന്നാല്‍ കേരളത്തെ കേന്ദ്രം സാമ്പത്തികമായി വരിഞ്ഞുകെട്ടുമ്പോള്‍ അതിനെതിരെ മൗനംപാലിക്കുകയും ചെയ്യുന്നവര്‍ ആഗ്രഹിക്കുന്നത് കേരളത്തിന്റെ നാശമാണ്. ബി.ജെ.പിയും ആഗ്രഹിക്കുന്നത് അതുതന്നെയാണ്.
കേരളത്തിന്റേതായ നിരവധി വികസന പ്രശ്നങ്ങള്‍ കേന്ദ്ര സര്‍ക്കാരിന്റെ മുമ്പിലുണ്ട്. റെയില്‍വെ സോണ്‍, എയിംസ് തുടങ്ങിയ പദ്ധതികള്‍ അംഗീകരിക്കപ്പെട്ടില്ല. റബ്ബര്‍ വിലയിടിവും, നാണ്യവിളകളുടെ പ്രതിസന്ധിയും കേരളത്തിന്റെ പ്രധാനപ്പെട്ട പ്രശ്നമാണ്. കേരളത്തിന് ലഭിച്ച കോച്ച് ഫാക്ടറി പോലും പിന്‍വലിക്കപ്പെട്ട അവസ്ഥയാണുണ്ടായത്. എന്നാല്‍ ഇത്തരം വികസന പ്രവര്‍ത്തനങ്ങളിലെല്ലാം യോജിച്ചുനില്‍ക്കേണ്ട കേരളത്തിലെ പ്രതിപക്ഷം മൗനംപാലിച്ചുകൊണ്ട് ബി.ജെ.പി അജൻഡയ്ക്ക് കൂട്ടുനില്‍ക്കുകയാണ്. ഇത്തരം നയങ്ങള്‍ക്കെതിരായി ശക്തമായ ജനകീയ ഇടപെടല്‍ കേരളം ആവശ്യപ്പെടുന്നുണ്ട്. ഇക്കാര്യത്തില്‍ കേരളത്തെ സ്നേഹിക്കുന്നവരെല്ലാം യോജിച്ചുനില്‍ക്കേണ്ടതുണ്ട്. ♦