Tuesday, April 8, 2025

ad

Homeപ്രതികരണംഇ ഗവേണൻസ് പൂർണതയിലേക്ക‍്

ഇ ഗവേണൻസ് പൂർണതയിലേക്ക‍്

പിണറായി വിജയൻ

കേരളത്തെ സമ്പൂര്‍ണ്ണ ഇ -ഗവേണന്‍സ് സംസ്ഥാനമായി പ്രഖ്യാപിച്ചു. ജനാധിപത്യത്തിന്റെ കേരള മാതൃകയുടെ ചരിത്രത്തിലെ ഒരു നാഴികക്കല്ലായിരിക്കുമിത്. ‘സര്‍ക്കാര്‍ സേവനങ്ങള്‍ ജനങ്ങളിലേക്ക്’ എന്ന എൽഡിഎഫ് സർക്കാർ നയം സാങ്കേതികവിദ്യയെ പൊതുസേവന മേഖലയുമായി കൂട്ടിച്ചേര്‍ത്തു നടപ്പാക്കുന്ന ഇ- ഗവേണന്‍സിലൂടെ യാഥാർത്ഥ്യമാവുകയാണ്.

ചരിത്രത്തിന്റെ വിവിധ ഘട്ടങ്ങളില്‍ ഗവണ്‍മെന്റ്, ഗവേണന്‍സ് എന്നീ കാഴ്ചപ്പാടുകള്‍ക്ക് വിവിധ നിര്‍വ്വചനങ്ങളാണ് ഉണ്ടായിട്ടുള്ളത്. രാജാധികാരത്തിന്റെ കാലത്ത് അത് രാജാവും രാജഭരണവുമായിരുന്നു. കാലം മാറി, ജനാധിപത്യ സര്‍ക്കാരുകള്‍ വന്നു, പരമാധികാരം ജനങ്ങളിലേക്കെത്തി. ജനങ്ങളാല്‍ ജനങ്ങള്‍ക്കുവേണ്ടി എന്നൊക്കെ പറയപ്പെടുന്നുണ്ടെങ്കിലും ജനങ്ങള്‍ യഥാര്‍ത്ഥത്തില്‍ ഇച്ഛിക്കുന്ന ഭരണമല്ല പല ജനാധിപത്യ സംവിധാനങ്ങളിലും ഉണ്ടാകുന്നത്.

എന്തുകൊണ്ടാണ് അങ്ങനെ സംഭവിക്കുന്നത്? ജനങ്ങള്‍ക്കു നല്‍കിയ വാഗ്ദാനങ്ങള്‍ പാലിക്കാന്‍ സര്‍ക്കാരുകള്‍ തയ്യാറാകാത്തതാണ് പ്രധാന കാരണം. തിരഞ്ഞെടുപ്പ് വരുമ്പോള്‍ രാഷ്ട്രീയ പാര്‍ട്ടികള്‍ ഒരു പ്രകടനപത്രിക ജനങ്ങള്‍ക്കു മുന്നില്‍ അവതരിപ്പിക്കുന്നു. അവയില്‍ നിന്ന് തങ്ങള്‍ക്ക് ഹിതകരമായത് ജനങ്ങള്‍ തിരഞ്ഞെടുക്കും. എന്നാല്‍, വിജയിച്ച് അധികാരത്തില്‍ വരുന്നതോടെ തങ്ങളുടെ കടമ കഴിഞ്ഞു എന്നു കരുതുന്ന രാഷ്ട്രീയ പാര്‍ട്ടികളാണ് പലതും. അപ്പോള്‍ പിന്നെ എങ്ങനെയാണ് ജനങ്ങളുടെ ഇച്ഛയ്ക്കനുസരിച്ച് ഭരണം നടക്കുക?

എന്നാല്‍ കേരളം ഭരിക്കുന്ന ഇടതുപക്ഷ ജനാധിപത്യ മുന്നണിക്ക് അത്തരമൊരു സമീപനമല്ല ഉള്ളത്. വാഗ്ദാനങ്ങള്‍ പാലിക്കപ്പെടേണ്ടവ തന്നെയാണ് എന്ന കാര്യത്തില്‍ ഈ മുന്നണിയ്ക്ക് സംശയമില്ല. അതുകൊണ്ടാണല്ലൊ 2016 ല്‍ മുന്നോട്ടുവെച്ച 600 വാഗ്ദാനങ്ങളില്‍ 580 എണ്ണവും ഭരണസമാപനമായപ്പോഴേക്കും നിറവേറ്റിയത്. വീണ്ടും ജനവിധി തേടിയപ്പോള്‍ 900 വാഗ്ദാനങ്ങളാണ് മുന്നോട്ടുവെച്ചത്. 900 വാഗ്ദാനങ്ങളും നിറവേറ്റുമെന്ന ഉത്തമവിശ്വാസം ജനങ്ങള്‍ക്കുണ്ടായി. അതുകൊണ്ടാണ് അവര്‍ ഇടതുപക്ഷ ജനാധിപത്യ മുന്നണിക്ക് തുടര്‍ഭരണം നല്‍കിയത്.

ജനങ്ങള്‍ അര്‍പ്പിച്ച ആ വിശ്വാസം കാത്തുസൂക്ഷിച്ച് മുന്നോട്ടുപോവുകയാണ് എല്‍ ഡി എഫ് സര്‍ക്കാര്‍. 900 വാഗ്ദാനങ്ങളില്‍ 809 എണ്ണത്തില്‍ രണ്ടു വര്‍ഷംകൊണ്ടു തന്നെ നടപടികള്‍ സ്വീകരിക്കാന്‍ നമുക്കു കഴിഞ്ഞിട്ടുണ്ട്. അത് വിശദമായി പ്രതിപാദിക്കുന്ന പ്രോഗ്രസ് റിപ്പോര്‍ട്ടും പുറത്തിറക്കിയിട്ടുണ്ട്. തങ്ങള്‍ ആഗ്രഹിച്ച കാര്യങ്ങള്‍ എത്രത്തോളം നടപ്പാക്കാന്‍ സര്‍ക്കാരിനു കഴിഞ്ഞു എന്നത് ജനങ്ങള്‍ക്ക് ഇതിലൂടെ വിലയിരുത്താം. അതായത് ഗവണ്‍മെന്റ് എത്രത്തോളം ഗവേണ്‍ ചെയ്യുന്നു എന്നത് ജനങ്ങള്‍ക്കുതന്നെ തീരുമാനിക്കാം. ഗവേണന്‍സ് എന്ന പദം കൊണ്ട് ഇടതുപക്ഷ ജനാധിപത്യ മുന്നണിയുടെ ഭരണം അര്‍ത്ഥമാക്കുന്നത് ജനങ്ങളോടുള്ള പരിപൂര്‍ണ്ണ ഉത്തരവാദിത്വം നിറവേറ്റല്‍ എന്നതാണ്.

ഗവണ്‍മെന്റും ഗവേണന്‍സും ജനങ്ങളിലേക്ക് കൂടുതലായി ഇറങ്ങിച്ചെല്ലുന്നു. സേവനങ്ങള്‍ ജനോന്മുഖമായി മാറിത്തീരുന്നു, പൊതുസ്ഥാപനങ്ങള്‍ ജനസൗഹൃദമാകുന്നു, അഴിമതി കുറയുന്നു. ഇതെല്ലാം കഴിഞ്ഞ 7 വര്‍ഷത്തിനുള്ളില്‍ നാം നേരിട്ട് അനുഭവിച്ചിട്ടുള്ളതാണ്. എന്നാല്‍, ഇത്രയും മതി എന്ന നിലപാടല്ല ഇടതുപക്ഷ ജനാധിപത്യ മുന്നണി സര്‍ക്കാരിനുള്ളത്. സേവനങ്ങള്‍ കൂടുതലായി ജനങ്ങളിലേക്കെത്തിച്ചേരണം. ജനങ്ങള്‍ക്ക് ഓഫീസുകള്‍ കയറിയിറങ്ങാതെ കാര്യങ്ങള്‍ സാധിക്കാന്‍ കഴിയണം. ജനങ്ങള്‍ സര്‍ക്കാര്‍ ഓഫീസുകളിലേക്ക് എന്നതിനുപകരം സര്‍ക്കാര്‍ സേവനങ്ങള്‍ ജനങ്ങളിലേക്ക് എന്ന ചിന്തയാണ് നമ്മെ നയിക്കുന്നത്. അതിനായി സാങ്കേതികവിദ്യയെ പൊതുസേവന മേഖലയുമായി കൂട്ടിച്ചേര്‍ത്തുകൊണ്ട് നൂതന സാധ്യതകള്‍ ഉപയോഗപ്പെടുത്തുകയാണ്. അതിന്റെ ഭാഗമായാണ് ഇ- ഗവേണന്‍സ് സംവിധാനങ്ങളെ ശക്തിപ്പെടുത്തുന്നത്.

ഇ -ഗവേണന്‍സ് സംവിധാനങ്ങളെ ശക്തിപ്പെടുത്തുക എന്നതുകൊണ്ട് ഉദ്ദേശിക്കുന്നത് സര്‍ക്കാര്‍ ഓഫീസുകള്‍ക്കും സേവനം ആവശ്യമുള്ള പൗരര്‍ക്കും മാത്രമായുള്ള ഒരു ശൃംഖല രൂപപ്പെടുത്തുക എന്നതല്ല. മറിച്ച്, നാടിന്റെ അടിസ്ഥാന സൗകര്യ വികസനത്തിലും സാങ്കേതികവിദ്യാ നവീകരണത്തിലും ശ്രദ്ധ കേന്ദ്രീകരിച്ചുകൊണ്ട് ഇ- ഗവേണന്‍സ് സംവിധാനങ്ങളെയും ശക്തിപ്പെടുത്തുക എന്നതാണ്. സാങ്കേതികവിദ്യകളും അവയില്‍ അധിഷ്ഠിതമായ സേവനങ്ങളും സമൂഹത്തിനാകെ പ്രയോജനപ്പെടണം എന്നുണ്ടെങ്കില്‍ സമൂഹത്തിലെ ഡിജിറ്റല്‍ ഡിവൈഡ് ഇല്ലാതാക്കണം. അതിനുവേണ്ട ഇടപെടലുകള്‍ കൂടിയാണ് സംസ്ഥാന സര്‍ക്കാര്‍ നടത്തുന്നത്.

എന്നാല്‍, ഇന്ന് ലോകത്ത് ഏറ്റവുമധികം ഇന്റര്‍നെറ്റ് ഷട്ട്ഡൗണുകള്‍ ഏര്‍പ്പെടുത്തുന്ന രാജ്യമാണ് ഇന്ത്യ. അത്തരമൊരു രാജ്യത്താണ് കേരളം എന്ന സംസ്ഥാനം ഇന്റര്‍നെറ്റ് ജനങ്ങളുടെ അവകാശമാണെന്ന് പ്രഖ്യാപിച്ചത്. പ്രഖ്യാപനം മാത്രമായി അത് ഒതുങ്ങിയില്ല. കുറഞ്ഞ ചെലവിലോ സൗജന്യമായോ ഇന്റര്‍നെറ്റ് ലഭ്യമാക്കുന്നതിനായി കെ-ഫോണ്‍ എന്ന പദ്ധതി നമ്മള്‍ ആവിഷ്കരിച്ചു. അടുത്ത മാസം അത് നാടിനു സമര്‍പ്പിക്കപ്പെടുകയാണ്.

അത് യാഥാര്‍ത്ഥ്യമാകുന്നതോടെ നമ്മുടെ ഇന്റര്‍നെറ്റ് സാന്ദ്രതയില്‍ വര്‍ദ്ധനവുണ്ടാകും. അതോടെ ജനങ്ങള്‍ക്ക് ഓണ്‍ലൈന്‍ സേവനങ്ങളെ കൂടുതല്‍ പ്രയോജനപ്പെടുത്താം. അങ്ങനെ ജനങ്ങളും സര്‍ക്കാരുകളും തമ്മിലുള്ള ബന്ധം കൂടുതല്‍ ദൃഢമാകും. ഇ- ഗവേണിങ് സംവിധാനങ്ങളെ ശക്തിപ്പെടുത്തുന്നതിന് സ്റ്റേറ്റ് ഡേറ്റാ സെന്റര്‍ സ്ഥാപിച്ചിട്ടുണ്ട്. ഈ ഡേറ്റാ സെന്ററിനെ 14 ജില്ലാ ആസ്ഥാനങ്ങളുമായും 152 ബ്ലോക്ക് ആസ്ഥാനങ്ങളുമായും ബന്ധിപ്പിക്കുന്നതിന് കേരള സ്റ്റേറ്റ് വൈഡ് ഏര്യാ നെറ്റ്–വര്‍ക്ക് പദ്ധതി ആവിഷ്കരിച്ചിട്ടുണ്ട്.

പൊതുസ്ഥലങ്ങളില്‍ വൈഫൈ ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെ കെ-ഫൈ പദ്ധതി നടപ്പാക്കിവരികയാണ്. നിലവില്‍ 2,000 ത്തിലധികം ഹോട്ട്സ്പോട്ടുകള്‍ തയ്യാറായിക്കഴിഞ്ഞു. ഇത്തരത്തില്‍ ഇന്റര്‍നെറ്റ് എന്ന ജനങ്ങളുടെ അവകാശം ഉറപ്പുവരുത്താന്‍ പല തലങ്ങളിലുള്ള ഇടപെടലുകളാണ് സംസ്ഥാന സര്‍ക്കാര്‍ നടത്തുന്നത്. ഇതിനുപുറമെ 2,000 ഹോട്ട്സ്പോട്ടുകള്‍ കൂടി ഒരുങ്ങുകയാണ്. ഇന്റര്‍നെറ്റ് കണക്ടിവിറ്റി ഒരുക്കാനായി ബന്ധപ്പെട്ട ഈ അടിസ്ഥാന സൗകര്യവികസന പദ്ധതികളെല്ലാം തന്നെ ഇ- ഗവേണന്‍സ് സംവിധാനങ്ങള്‍ ജനങ്ങള്‍ക്കു പ്രാപ്യമാക്കാനും സര്‍ക്കാര്‍ സംവിധാനങ്ങളുടെ പ്രവര്‍ത്തനങ്ങള്‍ വേഗത്തിലാക്കാനും കൂടി ഉപകരിക്കും.

സര്‍ക്കാര്‍ സേവനങ്ങള്‍ ജനങ്ങള്‍ക്കു കൂടുതല്‍ പ്രാപ്യമാക്കാനുള്ള പ്രത്യേക പദ്ധതികളും നടപ്പാക്കുന്നുണ്ട്. സര്‍ക്കാര്‍ സേവനങ്ങള്‍ ജനങ്ങള്‍ക്കു ലഭ്യമാക്കുന്നതിനായി ഇ -സേവനം പോര്‍ട്ടല്‍ എന്ന പേരില്‍ ഒരു ഏകജാലക സംവിധാനം നിലവില്‍വന്നിട്ടുണ്ട്. തൊള്ളായിരത്തോളം സേവനങ്ങള്‍ നിലവില്‍ ഈ പോര്‍ട്ടല്‍ മുഖേന ലഭ്യമാണ്. ഇതേ മാതൃകയിലുള്ള മറ്റൊരു ജനകീയ പദ്ധതിയാണ് ഇ- ഡിസ്ട്രിക്റ്റ് പദ്ധതി. ഏകദേശം ഏഴരക്കോടിയോളം സര്‍ട്ടിഫിക്കറ്റുകളാണ് ഇതുവഴി ലഭ്യമാക്കിയത്.

സര്‍ക്കാര്‍ ഓഫീസുകള്‍ക്കുള്ളിലെ ഫയല്‍ നീക്കം വേഗത്തിലാക്കുക എന്ന ലക്ഷ്യത്തോട ഇ -ഓഫീസ് സംവിധാനം ഏര്‍പ്പെടുത്തിയിട്ടുണ്ട്. സെക്രട്ടറിയറ്റിലും കളക്ടറേറ്റുകളിലും സബ് കളക്ടറേറ്റുകളിലും കമ്മീഷണറേറ്റുകളിലും ഡയറക്ടറേറ്റുകളിലും മറ്റും ഇ- ഓഫീസ് സംവിധാനം നിലവില്‍ വന്നു കഴിഞ്ഞു. താലൂക്ക് തലത്തിലും ഇ -ഓഫീസ് സംവിധാനം സജ്ജമാക്കാനുള്ള പ്രവര്‍ത്തനങ്ങള്‍ നടന്നുവരികയാണ്.

ജനങ്ങളുമായി നേരിട്ടിടപെടുന്ന വകുപ്പുകളുടെ കാര്യത്തില്‍ സവിശേഷമായ ശ്രദ്ധയാണ് സംസ്ഥാന സര്‍ക്കാര്‍ പുലര്‍ത്തുന്നത്. കാരണം അവരുടെ പ്രവര്‍ത്തനങ്ങളിലൂടെ ആയിരിക്കുമല്ലോ ജനങ്ങള്‍ ഒരു പരിധി വരെ സര്‍ക്കാരിനെ വിലയിരുത്തുക. റവന്യൂ വകുപ്പിന്റെ കാര്യമെടുത്താല്‍ എല്ലാ വില്ലേജ് ഓഫീസുകളെയും സ്മാര്‍ട്ട് വില്ലേജ് ഓഫീസുകളാക്കി മാറ്റുകയാണ്. റീ-സര്‍വ്വേ നടപടികളെ ശാസ്ത്രീയവും സുതാര്യവും വേഗതയുള്ളതും ആക്കുന്ന ഡിജിറ്റല്‍ റീ-സര്‍വ്വേ പദ്ധതിക്ക് തുടക്കമായിട്ടുണ്ട്. ഒരാള്‍ക്ക് ഒരു തണ്ടപ്പേര്‍ ലഭ്യമാക്കുന്ന യുണീക്ക് തണ്ടപ്പേര്‍ പദ്ധതി നടപ്പാക്കിവരികയാണ്. ഇതെല്ലാം തന്നെ ജനോപകാരപ്രദമായ പദ്ധതികളാണെന്ന കാര്യം എടുത്തുപറയേണ്ടതില്ല.

കേരളത്തിലെ എല്ലാ പഞ്ചായത്തുകളിലും കഴിഞ്ഞ വര്‍ഷം സംയോജിത പ്രാദേശിക ഭരണ മാനേജ്മെന്റ് സമ്പ്രദായം നടപ്പാക്കി. 250 സേവനങ്ങളാണ് ഇതുവഴി ഓണ്‍ലൈനായി ലഭിക്കുക. ഫയലിന്റെ സ്ഥിതി അപ്പപ്പോള്‍ തന്നെ ഓണ്‍ലൈനായി അറിയാന്‍ കഴിയും. ഓരോ അപേക്ഷയോടുമൊപ്പം ഹാജരാക്കേണ്ട രേഖകള്‍ എന്തൊക്കെയെന്നും മനസ്സിലാക്കാന്‍ കഴിയും. ഒരു കൊല്ലം കൊണ്ടുതന്നെ ഒരു കോടിയോളം ഫയലുകളില്‍ തീര്‍പ്പു കല്‍പ്പിക്കാന്‍ ഇതുവഴി കഴിഞ്ഞിട്ടുണ്ട്. കേരള സ്പേഷ്യല്‍ ഡേറ്റാ ഇന്‍ഫ്രാസ്ട്രക്ചര്‍ മുഖേന കേരള ജിയോ പോര്‍ട്ടല്‍ 2 ആരംഭിച്ചിട്ടുണ്ട്. ഇതുവഴി കേരളത്തിലെ 600 പഞ്ചായത്തുകളിലും 31 മുനിസിപ്പാലിറ്റികളിലും ദുരന്തനിവാരണ മാപ്പിങ് പൂര്‍ത്തിയാക്കിയിട്ടുണ്ട്.

ജനങ്ങളുമായി അടുത്തിടപഴകുന്നവരാണ് പൊലീസുകാര്‍. സൈബര്‍ സാങ്കേതികതയുടെ ഈ കാലത്ത് കേരളാ പൊലീസിനെയും നവീകരിച്ചു മുന്നോട്ടു കൊണ്ടുപോവുകയാണ് നമ്മള്‍. സൈബര്‍ കുറ്റകൃത്യങ്ങള്‍ തടയുന്നതിലും ഓണ്‍ലൈന്‍ സേവനങ്ങള്‍ ലഭ്യമാക്കുന്ന കാര്യത്തിലുമെല്ലാം കേരളാ പൊലീസ് രാജ്യത്തിനു തന്നെ മാതൃകയാണ്. സൈബര്‍ ഡോമും ഡ്രോണ്‍ ഫോറന്‍സിക് റിസര്‍ച്ച് ലാബും അടക്കമുള്ള അത്യാധുനിക സൗകര്യങ്ങളും കേരളാ പൊലീസിനായി ഒരുക്കിയിട്ടുണ്ട്.

ആരോഗ്യ രംഗത്തും ഇ- ഗവേണന്‍സിന്റെ ഭാഗമായിട്ടുള്ള നവീകരണം നടന്നുവരികയാണ്. അതിന്റെ ഭാഗമായി ഇ- ഹെല്‍ത്ത് പദ്ധതി ആവിഷ്കരിച്ചു നടപ്പാക്കിവരികയാണ്. ഒരാള്‍ക്ക് ഒരു ഹെല്‍ത്ത് കാര്‍ഡ്, ഓണ്‍ലൈന്‍ അപ്പോയ്ന്റ്മെ്ന്റ്, ടെലി മെഡിസിന്‍ സംവിധാനം എന്നിവ ഇ -ഹെല്‍ത്ത് മുഖേന നടപ്പാക്കും. 509 ആശുപത്രികളില്‍ ഇത് നിലവില്‍ വന്നു കഴിഞ്ഞിട്ടുണ്ട്. ശേഷിക്കുന്ന ആരോഗ്യ കേന്ദ്രങ്ങളില്‍ വൈകാതെ തന്നെ ഈ സംവിധാനങ്ങള്‍ ലഭ്യമാക്കും.

ഇ- ഗവേണന്‍സ് സംവിധാനങ്ങള്‍ ശക്തിപ്പെടുത്തുകയും ഇന്റര്‍നെറ്റ് അവകാശമാക്കി മാറ്റുകയും ചെയ്യുമ്പോള്‍ തന്നെ അത്തരം സാങ്കേതികവിദ്യകളെ പ്രയോജനപ്പെടുത്താനുള്ള കഴിവ് പൊതുജനങ്ങള്‍ക്കിടയില്‍ സൃഷ്ടിക്കേണ്ടത് അനിവാര്യമാണ്. അത്തരത്തില്‍ ഡിജിറ്റല്‍ പഠനത്തിന് കഴിയുന്ന അന്തരീക്ഷം ഉണ്ടാക്കിയെടുക്കുക എന്ന ലക്ഷ്യത്തോടെയാണ് ഇന്ത്യയിലെ ആദ്യത്തെ ഡിജിറ്റല്‍ യൂണിവേഴ്സിറ്റി കേരളത്തില്‍ സ്ഥാപിക്കപ്പെട്ടത്. ഇന്ത്യയിലെ ആദ്യത്തെ ഐ ടി പാര്‍ക്കും ഇലക്ട്രോണിക് പ്രൊഡക്ഷന്‍ കമ്പനിയുമെല്ലാം കേരളത്തില്‍ നിന്നായിരുന്നു. ഇപ്പോള്‍ ഇന്ത്യയിലെ ആദ്യത്തെ ഡിജിറ്റല്‍ സയന്‍സ് പാര്‍ക്കും കേരളത്തില്‍ ഒരുങ്ങുകയാണ്. 1,500 കോടി രൂപ ചെലവ് പ്രതീക്ഷിക്കുന്ന പാര്‍ക്കിന്റെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചു കഴിഞ്ഞു.

ഡിജിറ്റല്‍ സാക്ഷരത വര്‍ദ്ധിപ്പിക്കുന്നതിനുള്ള പ്രാദേശിക ഇടപെടലുകള്‍ നടപ്പാക്കിവരികയാണ്. ഇതിന്റെ ഭാഗമായി തിരുവനന്തപുരം ജില്ലയിലെ പുനമ്പാറ ഗ്രാമപഞ്ചായത്തിനെ ഡിജിറ്റല്‍ സാക്ഷരത നേടിയ ആദ്യത്തെ പഞ്ചായത്തായി പ്രഖ്യാപിച്ചു കഴിഞ്ഞു. ഡിജിറ്റല്‍ സാക്ഷരതയ്ക്കായുള്ള സംസ്ഥാനതല പദ്ധതിക്ക് തുടക്കമായിട്ടുണ്ട്. ഇങ്ങനെ അടിസ്ഥാന സൗകര്യ വികസന തലത്തിലും പ്രവര്‍ത്തന തലത്തിലും വിനിയോഗ തലത്തിലും കാര്യക്ഷമമായി ഇടപെട്ടുകൊണ്ട് ഇ- ഗവേണന്‍സ് സംവിധാനങ്ങളെ പൂര്‍ണ്ണതയിലേക്ക് എത്തിക്കുന്നതിനുള്ള നടപടികളാണ് സംസ്ഥാന സര്‍ക്കാര്‍ സ്വീകരിച്ചുവരുന്നത്. 

 

 

ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

thirteen + 9 =

Most Popular