Thursday, April 18, 2024

ad

Homeകവര്‍സ്റ്റോറിഡാറ്റ പ്രൊട്ടക്ഷൻ ബിൽ 
ലക്ഷ്യമിടുന്ന 
രാഷ്ട്രീയം

ഡാറ്റ പ്രൊട്ടക്ഷൻ ബിൽ 
ലക്ഷ്യമിടുന്ന 
രാഷ്ട്രീയം

ടി ഗോപകുമാർ

പൗരരുടെ ഡാറ്റ സ്വകാര്യത സംരക്ഷിക്കുക എന്ന ഉദ്ദേശ്യത്തോടെ അവതരിപ്പിക്കപ്പെടുന്നു എന്നുപറയുമ്പോഴും ഡിജിറ്റൽ പേഴ്‌സണൽ ഡാറ്റ പ്രൊട്ടക്ഷൻ ബിൽ 2022 പക്ഷേ ആ ലക്ഷ്യങ്ങൾക്കുമപ്പുറം ചില രാഷ്ട്രീയ മൂലധന താല്പര്യങ്ങൾകൂടി ലക്ഷ്യം വയ്ക്കുന്നുണ്ട്. സർക്കാരിനും വൻകിട ഡാറ്റാ കുത്തകകൾക്കും ഈ ഡാറ്റ എങ്ങനെ കൈവശപ്പെടുത്താനും ഉപയോഗിക്കാനും കഴിയും എന്ന അന്വേഷണത്തിന്റെ ഉൽപ്പന്നം കൂടിയാണ് ഈ ബിൽ എന്ന് ന്യായമായും സംശയിക്കാവുന്നതാണ്.

സർക്കാരിന്റെ ഇഷ്ടത്തിന് എടുക്കാനും യഥേഷ്ടം കോർപ്പറേറ്റുകൾക്ക് ഉപയോഗിക്കാനും (deemed consent) ഉള്ള പഴുത് കൃത്യമായി ഉണ്ടാക്കിവച്ചിരിക്കുന്നു എന്നതാണ് അതിൽ ആദ്യത്തേത്. ഇപ്പറയുന്നതിൽ സർക്കാരിന്റെ ആവശ്യം എന്തൊക്കെയാണ് എന്നത് വ്യക്തമല്ല. സർക്കാർ തീരുമാനിച്ചാൽ എന്തും സർക്കാരിന്റെ ആവശ്യമായി മാറാം. സർക്കാരിന്റെ ജനാധിപത്യ വിരുദ്ധതയ്ക്കും നിയമവിരുദ്ധമായി ആളുകളെ പീഡിപ്പിക്കുന്നതിനായി വിവരവിദ്യാ സങ്കേതങ്ങളെ ഉപയോഗിച്ചതിനും പേരുകേട്ട സർക്കാരാണിത് എന്നത് നാം മറക്കരുത്. ഭീമാ കോറേഗാവ് കേസ് ഇതിന്റെ ഏറ്റവും നല്ല ഉദാഹരണമാണ്.

ഭിമാ കൊറേഗാവ് കേസിലെ പ്രതികളായ റോണാ വിൽസൺ, ഹാനി ബാബു, സ്റ്റാൻ സ്വാമി എന്നിവരുടെ കമ്പ്യൂട്ടറുകളിൽ നിന്ന് പല തെളിവുകളും കിട്ടി എന്ന് അന്വേഷണ ഏജൻസിയായ എൻഐഎ പറഞ്ഞിരുന്നു. ഒരുപക്ഷേ അവർക്കെതിരെയുള്ള തെളിവുകളെല്ലാം ഡിജിറ്റൽ തെളിവുകളാണ്. റോണ വിത്സന്റെ കമ്പ്യൂട്ടറിൽ നിന്ന് കണ്ടെത്തിയെന്ന് പൊലീസ് പറയുന്നത് പ്രധാനമന്ത്രിയെ വധിക്കാൻ പ്ലാൻ ചെയ്യുന്ന ചില കത്തുകൾ അതിലുണ്ടായിരുന്നുവെന്നാണ്. എന്നാൽ ഈ കത്ത് മാൽവേയറുകൾ ഉപയോഗിച്ച് റോണയുടെ ലാപ്ട്ടോപ്പിൽ കൃത്രിമമായി പ്ലാന്റ് ചെയ്തതാണെന്ന് ആർസനൽ കൺസൾട്ടിംഗ് എന്ന അമേരിക്കയിലെ പ്രശസ്ത ഡിജിറ്റൽ ഫോറെൻസിക് ഏജൻസി കണ്ടെത്തുകയും അത് വാഷിങ്ടൺ പോസ്റ്റ്‌ റിപ്പോർട്ട് ചെയ്യുകയും ചെയ്തു.

ഹാനി ബാബുവിന്റെ കാര്യത്തിലും ഇതുതന്നെ സംഭവിച്ചു. ഹാനി ബാബുവിന്റെ ലാപ്ടോപ് അറസ്റ്റിനും മാസങ്ങൾക്കുമുൻപ് കസ്റ്റഡിയിലെടുത്ത് 62 ഡോക്യുമെന്റുകൾ അതിൽ ഇടുകയായിരുന്നു. ഇതേ കേസിലെ പ്രതിയും തെലുങ്ക് കവിയും വയോധികനുമായ വരവര റാവുവിന്റെ ഇ മെയിലും ഹാക്കുചെയ്യപ്പെട്ടു; അതുവഴി 22 മെയിലുകൾ അയച്ചിരുന്നു. അറസ്റ്റുചെയ്യപ്പെട്ട അഭിഭാഷകനായ സുരേന്ദ്ര ഗാഡ്ഗിലിന്റെ ലാപ്ടോപ്പിൽ നിന്നും ഇത്തരം മെയിലുകൾ കണ്ടെത്തിയിരുന്നു. മുമ്പ് കാരവാൻ മാഗസിൻ മുൻകൈ എടുത്ത് നടത്തിയ ഫോറെൻസിക് പരിശോധനയിലും തെളിവുകൾ കൃത്രിമമായി സൃഷ്ടിക്കപ്പെട്ടതാണെന്ന് കണ്ടെത്തിയിരുന്നു. ഭരണകൂടം പീഡിപ്പിച്ച് കൊലപ്പെടുത്തിയ ഫാ. സ്റ്റാൻസ്വാമിയുടെ കമ്പ്യൂട്ടറിൽ നിന്ന് കണ്ടെത്തിയ ഫയലുകളും കൃത്രിമമായി സൃഷ്ടിച്ച് അദ്ദേഹത്തിന്റെ കമ്പ്യൂട്ടറിൽ കടത്തിവിട്ടതാണെന്ന് അർസനൽ കൺസൾട്ടിംഗ് കണ്ടെത്തിയിരിന്നു. വാഷിങ്ടൻ പോസ്റ്റ്‌ അതും റിപ്പോർട്ട് ചെയ്തിരുന്നു.

2019ലെ ലോക്-സഭാ തിരഞ്ഞെടുപ്പിന് തൊട്ട് മുൻപുള്ള കാലയളവിൽ ഇന്ത്യയിലെ പ്രതിപക്ഷ നേതാക്കളുടെ ഫോണുകൾ വ്യാപകമായി ചോർത്തപ്പെട്ടു എന്ന് വാർത്തയുണ്ടായിരുന്നു. ഏതാണ്ട് മുന്നൂറ് പേരുടെ ഫോൺ ചോർത്തി എന്നാണ് പുറത്തുവന്ന റിപ്പോർട്ടുകൾ പറയുന്നത്. ഇതൊരു നിസ്സാര കാര്യമല്ല, 300 രാഷ്ട്രീയ നേതാക്കളുടെ ഫോൺ ചോർത്തൽ ഒരു ഒറ്റപ്പെട്ട സംഭവമല്ലല്ലോ? അതുമാത്രമല്ല, ഫോൺ ചോർത്തൽ അത്ര നിസ്സാരമായി ചെയ്യാവുന്ന ഒരു കാര്യവുമല്ല.

പൗരരുടെ സ്വകാര്യ വിവരങ്ങൾ ഉപയോഗിച്ച് തിരഞ്ഞെടുപ്പുകളെത്തന്നെ അട്ടിമറിക്കുന്ന രീതി ഇപ്പോൾ പല രാജ്യങ്ങളിൽ നിന്നും കേൾക്കുന്നുണ്ട്. ഇന്ത്യയിലെ ഏതാണ്ട് മുഴുവൻ മനുഷ്യരുടെയും ഡാറ്റ കൈകാര്യം ചെയ്യാൻ അധികാരമുള്ള ഒരു സർക്കാർ അതിന് കൃത്യമായ മാനദണ്ഡങ്ങളില്ലാതെ ഇങ്ങനെയുള്ള നിയമങ്ങൾ ഉണ്ടാക്കിയാൽ അത് എങ്ങനെ പ്രയോഗിക്കപ്പെടുമെന്നും അത് ജനാധിപത്യത്തെ എങ്ങനെ അട്ടിമറിക്കുമെന്നും ആശങ്കയുയരുക സ്വാഭാവികമാണ്.

പോണ്ടിച്ചേരിയിൽ ആധാർ ഡാറ്റ വഴി വോട്ടർമാരുടെ വിവരങ്ങൾ ചോർത്തി പ്രചാരണം നടത്തിയതിന് ബിജെപിക്ക് എതിരെ കേസ് നിലനിൽക്കുന്നുണ്ട്. ഈയടുത്തു നടന്ന കർണാടക നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി വോട്ടർ അവകാശ ബോധവൽക്കരണം എന്ന വ്യാജേന ആയിരക്കണക്കിന് വോട്ടർമാരുടെ സ്വകാര്യ വിവരങ്ങൾ ബംഗളൂരു കോർപറേഷൻ കരാർ ഏൽപ്പിച്ച ഒരു ബിജെപി എൻജിഒ ചോർത്തുകയുണ്ടായി.

ഇങ്ങനെ ഡിജിറ്റൽ ഡാറ്റ ഉപയോഗിച്ചു തിരഞ്ഞെടുപ്പുകൾ അട്ടിമറിക്കാനും ഡിജിറ്റൽ തെളിവുകൾ സൃഷ്ടിച്ചും ശേഖരിച്ചും പൗരരെ വേട്ടയാടാനും ശ്രമിക്കുന്ന ഒരു ഭരണകൂടത്തിന്റെ കയ്യിൽ ഒരുപാധിയുമില്ലാതെ ഏതു പൗരന്റെയും ഏത് വിവരവും എപ്പോഴും എങ്ങനെയും ദുരുപയോഗം ചെയ്യാൻ കഴിയും വിധം ഏല്പിച്ചുകൊടുക്കുകയാണ് ഈ ബില്ലിലെ വ്യവസ്ഥകൾ. ഡാറ്റാ പ്രൊട്ടക്ഷനുമായി ബന്ധപ്പെട്ട കാര്യങ്ങളിലെ നീതിയും ന്യായവും നൽകുന്നതിനുള്ള ഏജൻസിയായി പറഞ്ഞിരിക്കുന്നത് ഡാറ്റാ പ്രൊട്ടക്ഷൻ ബോർഡ് ആണ്. ഈ ബോർഡ് രൂപീകരിക്കാനുള്ള പൂർണ അധികാരവും കേന്ദ്രസർക്കാരിൽ നിക്ഷിപ്തമാണ്. കേന്ദ്രസർക്കാരിനെതിരായ പരാതികൾ അതേസർക്കാർ തന്നെ പരിശോധിക്കുന്ന അവസ്ഥ! ഹെെക്കോടതികളിലേക്കും സുപ്രീം കോടതികളിലേക്കും ജഡ്ജിമാരെ നിയമിക്കുമ്പോൾ പോലും സ്ഥിരം ആക്ഷേപങ്ങൾ ഉണ്ടാക്കുന്ന ഒരു സർക്കാരിന്റെ കാലത്ത് ഇതും ദുരുപയോഗിക്കപ്പെടും എന്നകാര്യത്തിൽ ഒരു സംശയവും വേണ്ട.

സെൻസിറ്റീവ് ഡാറ്റ എങ്ങനെ സംരക്ഷിക്കപ്പെടും എന്നത് ഇപ്പോഴും വ്യക്തമല്ലാത്ത ബില്ലിൽ പക്ഷേ, പൗരരുടെ ഡാറ്റ കൊടുക്കാവുന്ന രാജ്യങ്ങളുടെയും മേഖലകളുടെയും പട്ടിക തയ്യാറാക്കാനുള്ള അധികാരം സർക്കാരിനെ ഏൽപ്പിച്ചിട്ടുണ്ട്! ഇത് വ്യക്തിഗത ഡാറ്റ അന്താരാഷ്ട്ര കോർപ്പറേറ്റ് കമ്പനികൾക്ക് കൈമാറാനുള്ള സർക്കാർ ഉദ്ദേശ്യം വെളിവാക്കുകയാണ്. ഇത് വെറും ഒരു പേടിയല്ല, ആഗോളതലത്തിൽ ഡാറ്റാ കൈമാറ്റ ആവശ്യവുമായി ഏഷ്യ ഇന്റർനെറ്റ് സഖ്യം മുന്നോട്ട് വന്നുകഴിഞ്ഞു. കമ്പോള താൽപ്പര്യം മാത്രമുള്ള മെറ്റാ, ഗൂഗിൾ, ആമസോൺ തുടങ്ങിയ ആഗോളഭീമന്മാർ അടങ്ങുന്ന കൂട്ടായ്മയാണ് ഏഷ്യ ഇന്റർനെറ്റ് സഖ്യം. അവർ പലരൂപത്തിലും ഡാറ്റ ശേഖരിക്കുന്നുണ്ടെങ്കിലും സർക്കാരിന്റെ സ്റ്റാറ്റ്യൂട്ടറി സംവിധാനങ്ങൾ വഴി ആധികാരികമായി എടുക്കുന്ന കൃത്യതയുള്ള ഡാറ്റയ്ക്ക് പൊന്നുവിലയാണ്. അത് ഒത്തുകളിയിലൂടെ കൈക്കലാക്കാൻ സ്വകാര്യ കോർപ്പറേറ്റുകൾ വരുന്നത് സ്വാഭാവികമാണ്. അതിന് സൗകര്യം ചെയ്തുകൊടുക്കാൻ ഒരു നിയമം തന്നെ നിർമ്മിക്കുകയാണ് മോദി സർക്കാരിവിടെ. ഈ ബില്ലുമായി ബന്ധപ്പെട്ട് ഏഷ്യ ഇന്റർനെറ്റ് കൊയലിഷൻ (AIC) 2022 ഡിസംബറിൽ കേന്ദ്ര ഇലക്ട്രോണിക്സ്, ഐടി മന്ത്രി അശ്വിനി വൈഷ്ണവിനയച്ച കത്തിൽ ഇതിന് മുമ്പുനടന്ന ചർച്ചകളിൽ അവർ ശുപാർശ ചെയ്ത പോയിന്റ്സ് ഉൾപ്പെടുത്തിയതിന് നന്ദി പറയുന്നുണ്ട്.

സ്വകാര്യ കോർപ്പറേറ്റുകൾക്ക് ഇന്ത്യൻ പൗരരുടെ ഡാറ്റ കൈവശമാക്കാനുള്ള വഴി കേന്ദ്ര സർക്കാർ തുറന്നു കൊടുക്കുകയാണ് ചെയ്യുന്നതെങ്കിൽ, പാശ്ചാത്യ വികസിത രാജ്യങ്ങളിലെ സർക്കാരുകൾ പൗരരുടെ സ്വകാര്യ വിവരങ്ങൾ രാജ്യത്തിനു വെളിയിൽ പോകാതിരിക്കാൻ നിയമം നടപ്പിലാക്കുകയാണ് ചെയ്യുന്നത്. ഉപഭോക്താക്കളുടെ സ്വകാര്യ വിവരങ്ങള്‍ അമേരിക്കയിലേക്ക് മാറ്റിയതിന് മെറ്റയ്ക്ക് 130 കോടി ഡോളര്‍ ഈയിടെയാണ് യൂറോപ്യന്‍ യൂണിയന്‍ പിഴയിട്ടത്. യൂറോപ്യൻ യൂണിയൻ രാജ്യങ്ങളിലെ ഉപഭോക്താക്കളുടെ വിവരം യൂറോപ്യന്‍ യൂണിയനില്‍ തന്നെ സൂക്ഷിക്കണമെന്നാണ് നിയമം. ഇതിനോടൊപ്പം വിവരങ്ങള്‍ കൈമാറ്റം ചെയ്യുന്നത് ‌ഒക്ടോബറോടെ അവസാനിപ്പിക്കണമെന്നും ഉത്തരവിട്ടു. സ്വകാര്യതാ നയങ്ങളുമായി ബന്ധപ്പെട്ട് യൂറോപ്യന്‍ യൂണിയന്‍ ചുമത്തിയ ഏറ്റവും വലിയ പിഴത്തുകയാണിത്. യൂറോപ്പിലെ ഉപയോക്താക്കൾക്കുള്ള സേവനങ്ങൾ വിച്ഛേദിക്കുമെന്നു ഭീഷണി മുഴക്കിയതൊന്നും മെറ്റയെ സഹായിച്ചില്ല.

പൗരരുടെ ഏറ്റവും പ്രധാനപ്പെട്ട ആധാർഡാറ്റ കരിഞ്ചന്തയിൽ തൂക്കിവാങ്ങാൻ കഴിയുന്നു എന്ന പരാതി ഉയർന്ന രാജ്യമാണ് ഇന്ത്യ എന്ന് നാം മറക്കരുത്. നവരത്ന കമ്പനികളും പ്രധാനപ്പെട്ട ആസ്തികളും തുച്ഛവിലയ്ക്ക് സ്വന്തം ചങ്ങാതിമാരായ മുതലാളിമാർക്ക് തൂക്കിവിൽക്കുന്ന ഒരുസർക്കാർ പൊന്നുംവിലയുള്ള ഡാറ്റ കിട്ടിയാൽ അതും വിൽക്കില്ല എന്ന് എങ്ങനെ പറയാനാകും? ആഗോളതലത്തിൽ ‘Data is the new oil’ എന്നാണ് ഇപ്പോഴത്തെ ആപ്തവാക്യം. 

ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

two × one =

Most Popular