Friday, May 17, 2024

ad

Homeവിപ്ലവപ്പാതയിലെ ആദ്യപഥികര്‍കുഞ്ഞാക്കമ്മയും ചെറിയമ്മയും

കുഞ്ഞാക്കമ്മയും ചെറിയമ്മയും

കെ ബാലകൃഷ്ണൻ

വിപ്ലവപാതയിലെ ആദ്യപഥികർ‐ 16

ചിറക്കൽ താലൂക്കിനെയും ഇരിക്കൂർ ഫർക്കയെയും ചുവപ്പിക്കുന്നതിൽ വനിതകളായ വിപ്ലവകാരികൾ നിസ്തുല പങ്ക് വഹിക്കുകയുണ്ടായി. കണ്ടക്കൈയിലെ കുഞ്ഞാക്കമ്മയും കാവുമ്പായിയിലെ ചെറിയമ്മയും കൃഷിക്കാരെയും സ്ത്രീകളെയും സംഘടിപ്പിച്ച് സാമ്രാജ്യത്വവിരുദ്ധ പോരാട്ടത്തിലും നാടുവാഴിത്തവിരുദ്ധസമരത്തിലും അണിനിരത്താൻ ത്യാഗപൂർണമായ പ്രവർത്തനമാണ് നടത്തിയത്. പുല്ലുപറിസമരത്തെയും (1946 ഡിസംബർ 19) വിളകൊയ്ത്ത് സമരത്തെയും തുടർന്ന് കണ്ടക്കൈയിൽ പോലീസിന്റെ ഭീകരതാണ്ഡവമാണ് നടന്നത്. വീടുകൊള്ളയടിയും വീട് കത്തിക്കലും വിള നശിപ്പിക്കലും സ്ത്രീകളെ ബലാൽക്കാരംചെയ്യലുമടക്കം കൊടുംക്രൂരതയാണ് നടമാടിയത്.

ഈ സന്ദർഭത്തിലാണ് 65 വയസ്സുള്ള കുഞ്ഞാക്കമ്മ നാട്ടിലെ സ്ത്രീകളെ സംഘടിപ്പിച്ച് നാടുവാഴിത്തത്തിനും പോലീസ് ഭീകരവാഴ്ചക്കുമെതിരെ പോരിനിറങ്ങിയത്. പോലീസ് തല്ലിപ്പൊളിച്ച ചട്ടിയും കലവും മറ്റ് വീട്ടുപകരണങ്ങളുമായി സ്ത്രീകൾ ജന്മിയായ അധികാരിയുടെ വീട്ടിലേക്ക് മാർച്ച് ചെയ്തു. ഈ സംഭവവുമായി ബന്ധപ്പെട്ട് കുഞ്ഞാക്കമ്മയെ പോലീസ് അറസ്റ്റു ചെയ്ത് ജയിലിലടച്ചു. സ്വന്തമായി വീടില്ലാത്തതിനാൽ ഒരു ബന്ധുവിന്റെ വീട്ടിന്റെ തിണ്ണയിലാണ് അക്കാലത്ത് കുഞ്ഞാക്കമ്മയും മക്കളും താമസിച്ചിരുന്നത്. അവിടവെച്ചാണ് കുഞ്ഞാക്കമ്മയെ മർദ്ദിച്ചവശയാക്കിയശേഷം അറസ്റ്റു ചെയ്ത് ജയിലിലടച്ചത്. കുഞ്ഞാക്കമ്മയെയും 15 പുരുഷന്മാരെയും പ്രതികളാക്കിയാണ് കേസ് കൊടുത്തത്. കലംകെട്ട് സമരത്തിൽ പങ്കെടുത്ത മറ്റ് സ്ത്രീകളെയെല്ലാം കേസിൽനിന്ന് ഒഴിവാക്കി. 1947 ഫെബ്രുവരി 18ന് അറസ്റ്റു ചെയ്ത കുഞ്ഞാക്കമ്മയെ കുറേദിവസം പോലീസ് ലോക്കപ്പിലും പിന്നെ കണ്ണൂർ ജയിലിലും അടയ്ക്കുകയായിരുന്നു. ഏപ്രിൽ അഞ്ചുവരെ ആ വൃദ്ധമാതാവിന് തടവിൽ കഴിയേണ്ടിവന്നു.

കുഞ്ഞാക്കമ്മയെ അറസ്റ്റു ചെയ്യുകയും സമരത്തിൽ പങ്കെടുത്ത മറ്റ് 12 സ്ത്രീകളെ കേസിൽനിന്ന് ഒഴിവാക്കുകയും ചെയ്തെങ്കിലും പോലീസും ജന്മിയുടെ ഗുണ്ടകളും അവരെ വെറുതെ വിട്ടില്ല. അവരുടെയടക്കം വീടുകൾ കൊള്ളയടിച്ചു. തല്ലിത്തകർത്തു. നാട്ടിൽനിൽക്കാനനുവദിക്കാതെ തുരത്തി. കണ്ടക്കൈ സമരത്തിന്റെ കേന്ദ്രമായ എസ്.ജെ.എം.വായനശാല കത്തിച്ചു. സമരനായകരിലൊരാളായ വി.കമ്മാരൻ മാസ്റ്ററുടെ വീട് കത്തിച്ചു. നിരവധി വീടുകൾ കണ്ടുകെട്ടി. കന്നുകാലികളെ പിടിച്ചുകൊണ്ടുപോയി വിറ്റു. കണ്ടോത്ത് രാമൻ നായർ എന്ന പ്രവർത്തകന്റെ വീട് കണ്ടുകെട്ടിയതിനാൽ അദ്ദേഹത്തിന്റെ സഹോദരിക്ക് മരച്ചുവട്ടിൽ താമസിക്കേണ്ടിവന്നു. അവിടവെച്ച് അവർ പ്രസവിച്ചു. രണ്ടാം വിള നെല്ലു കൊയ്യാനനുവദിക്കാത്തതിനാൽ ആയിരക്കണക്കന് സേർ നെല്ല് നശിച്ചു.

1942ൽ 61‐ാംവയസ്സിലാണ് കുഞ്ഞാക്കമ്മ കമ്യൂണിസ്റ്റ് പാർട്ടി അംഗമായത്. അക്കാലത്ത് കണ്ടക്കൈ എസ്.ജെ.എം. വായനശാല കേന്ദ്രീകരിച്ച് പാർട്ടിയുടെ മലബാർ മേഖലാ ക്യാമ്പ് നടക്കുകയുണ്ടായി. കുന്തക്കാരൻ പത്രോസ്, പി.സി.രാഘവൻ നായർ, ടി.കെ.കൃഷ്ണൻ (തൃശൂർ) അടക്കമുള്ളവർ പരിശീലകരായെത്തിയ ആഴ്ചകൾ നീണ്ട ക്യാമ്പ്. ക്യാമ്പിന്റെ വിജയത്തിനു വേണ്ടി കുഞ്ഞാക്കമ്മ അക്ഷീണം പ്രവർത്തിച്ചു. പയ്യന്നൂരിനടുത്ത് വെള്ളൂരിൽ ചെറിയാണ്ടിയിൽ കണ്ണോത്ത് വീട്ടിൽ 1881‐ലാണ് കുഞ്ഞാക്കമ്മ ജനിച്ചത്. കണ്ടക്കൈയിൽ വിവാഹിതയായി എത്തിയതാണ്. ഭർത്താവ് കെ.കെ.കേളുനമ്പ്യാർ 1930കളുടെ അന്ത്യത്തിൽ അകാലത്തിൽ മരിച്ചതോടെ അക്കാലത്തെ ആചാരപ്രകാരം ഭർത്തൃഗൃഹത്തിൽനിന്ന് ഇറങ്ങേണ്ടിവന്ന അവർ നാല് മക്കളോടൊപ്പം പലപല വീടുകളുടെ ഇറയങ്ങളിൽ താമസിക്കുകയായിരുന്നു. താമസിക്കുന്ന വീടുകളിലെ സ്ത്രീകളെയാകെ പാർട്ടിയിലേക്ക് ആകർഷിക്കുകയായിരുന്നു അവർ. വീടില്ലാത്തത് കുറച്ചിലായി കാണാതെ അത് രാഷ്ട്രീയപ്രവർത്തനത്തിനുള്ള സാധ്യതയായി ഉപയോഗപ്പെടുത്തുകയായിരുന്നു.

കുഞ്ഞാക്കമ്മയെ അറസ്റ്റു ചെയ്തതുമായി ബന്ധപ്പെട്ട സംഭവങ്ങൾ സംബന്ധിച്ച് ദേശാഭിമാനിയിൽ (1947 ഏപ്രിൽ 8) പി.യശോദ എഴുതിയ റിപ്പോർട്ട് ഇങ്ങനെ: ‘‘കണ്ണൂർ ജയിലിലുള്ള 65 വയസ്സായ കുഞ്ഞാക്കമ്മയുടെ ജ്യേഷ്ഠത്തിയെയും മക്കളെയും എം.എസ്.പി. മർദിച്ചു. മർദനംമൂലം കിടപ്പിലായ കുഞ്ഞാക്കമ്മയുടെ മകനെ ഞങ്ങൾ കണ്ടുസംസാരിച്ചു. ആ സഖാവിനും എഴുന്നേൽക്കാനോ നടക്കാനോ സാധിക്കാത്ത രീതിയിൽ മർദനം കൊണ്ട് ശരീരത്തിന് കേടുപറ്റിയിരിക്കുന്നു. ഒരടിപോലും നടക്കാൻ സാധ്യമല്ല.

കുഞ്ഞാക്കമ്മയുടെ 70 വയസ്സായ ജ്യേഷ്ഠത്തിയും വിധവയായ മകളും നാലു പിഞ്ചുകിടാങ്ങളും ആ വീടിന്റെ കോലായിൽ താമസിക്കുന്നു. അവരുടെ വീട് കൊള്ളചെയ്ത വിവിരം ആ അമ്മതന്നെ പറഞ്ഞുകേട്ടപ്പോൾ ഞങ്ങളോരോരുത്തരുടെയും ഹൃദയം പൊട്ടുന്നതായി ഞങ്ങൾക്കനുഭവപ്പെട്ടു. വീട് കൊള്ളചെയ്യുവാൻ വന്ന ഇൻസ്പക്ടർ ആ സ്ത്രീയുടെ കയ്യിൽനിന്ന് ഒരു കീറിയ തുണിയിൽ കെട്ടിവെച്ച 25 ഉറുപ്പികയുടെ കിഴി തട്ടിപ്പറിച്ചു. പണം എടുത്ത് തുണിമാത്രം മടക്കിക്കൊടുത്തു. ആ പഴയ തുണിക്കഷണം ഞങ്ങളെ കാണിച്ചുകൊണ്ട് അവർ ആ സംഭവങ്ങളെ കരഞ്ഞുകൊണ്ട് വിവരിച്ചു. “ഏതായാലും മരിക്കുന്നത് ഈ കോലായിൽ കിടന്നുതന്നെ ആയിക്കൊള്ളട്ടെ. അല്ലെങ്കിൽ എം.എസ്.പി. മർദിച്ചുകൊല്ലുന്നുവെങ്കിൽ അതും ഇവിടെവെച്ചുതന്നെ ആയിക്കൊള്ളട്ടെ. ഞങ്ങൾ ഒരു കുറ്റവും ചെയ്തിട്ടില്ല. എം.എസ്.പി. തല്ലിപ്പൊളി്ച്ച സാധനങ്ങൾ അധികാരിയെ കാണിച്ചുകൊടുത്തു സങ്കടം പറഞ്ഞതിന് നിരപരാധിയായ എന്റെ അനുജത്തിയെ പോലീസ് പിടിക്കുകയാണുണ്ടായത്. അധികാരി ജാമ്യത്തിന് പോകേണ്ടവർക്ക് സ്വത്തുണ്ടെങ്കിലും സർട്ടിഫിക്കറ്റ് കൊടുക്കുന്നില്ല. അവളുടെ (കുഞ്ഞാക്കമ്മയുടെ) മകനെ തല്ലിക്കൊല്ലാറാക്കി.. ഞങ്ങളെ കൊന്നാലും ഇവിടെനിന്നും പോകില്ല’’.

1943 മാർച്ചിൽ മലപ്പട്ടത്തുനടന്ന കമ്യൂണിസ്റ്റ്‐ കർഷകറാലിയിൽ‐ പി.സി.ജോഷി പങ്കെടുത്ത റാലിയിൽ കുഞ്ഞാക്കമ്മയും നേതൃസ്ഥാനത്തുണ്ടായിരുന്നു, പാർട്ടി അംഗത്വത്തിലെത്തിയ വനിതകളിലൊരാൾ എന്നനിലയിൽ. മൊറാഴ കേസിൽ ജീവപര്യന്തം ശിക്ഷിക്കപ്പെട്ട അറാക്കൽ കുഞ്ഞിരാമന്റെ പത്നി മാധവിയും ആ റാലിയിലുണ്ടായിരുന്നു. അവർ ജോഷിയുടെ സാന്നിധ്യത്തിൽ പ്രസംഗിക്കുകയും ചെയ്തു. ആ റാലിയെക്കുറിച്ച് പി.കൃഷ്ണപിള്ള എഴുതിയത് ഇങ്ങനെ: “സ്പെഷ്യൽ ബോട്ടുവഴി സഖാവ് ജോഷി ചിറക്കൽ താലൂക്കിലെ ചുവപ്പു ഫർക്കയായ ഇരിക്കൂറിലേക്ക് പുറപ്പെട്ടു. (ഇരിക്കൂർ ഫർക്കയിലെ മലപ്പട്ടത്താണ് ജോഷി എത്തിയത്) ഒരു വമ്പിച്ച ജനസമൂഹവും വളണ്ടിയർമാരും സ്ത്രീകളും ബാലന്മാരും സഖാവ് ജോഷിയെ സ്വീകരിച്ച് വാദ്യഘോഷങ്ങളോടെ യോഗസ്ഥലത്തേക്ക് കൊണ്ടുപോയി. സ്ത്രീകളും കുട്ടികളുമടങ്ങുന്ന ഒരു വമ്പിച്ച കർഷകയോഗത്തിൽ സഖാവ് ജോഷി പ്രസംഗിച്ചു. യോഗത്തിന് മുമ്പ് ചെറുകുട്ടികളുടെ കോൽക്കളി, പെൺകുട്ടികളുടെ കുമ്മി മുതലായവയും പാട്ടും ഉണ്ടായിരുന്നു. പല സംഘടനകളും മാലകളണിയിക്കുകയും സംഭാവനനൽകുകയുമുണ്ടായി. യോഗത്തിൽ ഭക്ഷ്യോൽപാദനം വർധിപ്പിക്കേണ്ടതിനെപ്പറ്റി ജോഷി ഊന്നിപ്പറഞ്ഞു. “കൃഷിക്കാർ സംഘടിച്ചാൽ ഭൂമി കിട്ടും. ഭക്ഷണസാധനമുണ്ടാക്കി അവർ നാടു രക്ഷിക്കണം. അങ്ങനെ ചെയ്യാത്തപക്ഷം നാട്ടിൽ ഭയങ്കര കലഹമുണ്ടാകും. നാട്ടിൻപുറത്തുകാരെ നഗരക്കാർ ആക്രമിക്കും. നഗരത്തിലെ ജനങ്ങളുടെ സഹായത്തോടെ കൃഷിക്കാർ ഭൂമിയും കൃഷിചെയ്യുവാൻ ഗവർമെന്റിൽനിന്ന് കടമായി പണവും സമ്പാദിക്കുവാൻ സാധിക്കും. കൃഷിക്കാർ കർഷകസംഘത്തിലും സ്ത്രീകൾ, കുട്ടികൾ ഇവർ അവരവരുടെ സംഘടനയിലും സംഘടിക്കണം. ഒരൊറ്റ ആൾപോലും സംഘടിക്കാതെ നിൽക്കരുത്.’ (1943 ഏപ്രിൽ നാലിന്റെ ദേശാഭിമാനിയിൽ പ്രസിദ്ധപ്പെടുത്തിയത്‐ സഖാക്കളെ മുന്നോട്ട് എന്ന പുസ്തകത്തിൽ ചേർത്തത്.)

ഇരിക്കൂർ ഫർക്കയിലെ കണ്ടക്കൈ മേഖലയിൽ പുല്ലുപറി‐കലംകെട്ട് സമരത്തെ തുടർന്നും അതിനും മുമ്പ് മൊറാഴ ചെറുത്തുനിൽപ്പിനെ തുടർന്നും പോലീസ് ഭനടത്തിയത് വിവരണാതീതമായ ഭീകരവാഴ്ചയാണ്.

ഈ സംഭവങ്ങൾ നടക്കുന്നതിനിടയിൽ പോലീസുകാർ വീടു കയ്യേറി മൂന്നു സ്ത്രീകളെ ബലാൽസംഗം ചെയ്ത സംഭവമുണ്ടായി. അതുസംബന്ധിച്ച് ദേശാഭിമാനിയിൽ അന്നത്തെ പ്രാദേശിക ലേഖകൻ പി.കെ.കുഞ്ഞിക്കണ്ണൻ മാസ്റ്റർ അയച്ച് പ്രസിദ്ധപ്പെടുത്തിയ വാർത്ത ചുവടെ: ‘‘മൂന്നു സ്ത്രീകള ബലാൽസംഗം ചെയ്തു. കണ്ടക്കൈ.. ഫെബ്രുവരി15 (പ്രാ.ലേ.) എം.എസ്.പിക്കാരും അവരുടെ പിന്നാലെ ജനങ്ങളെ ഒറ്റിക്കൊടുക്കാനും കൊള്ളയടിക്കാനും നടക്കുന്ന ഖദറിൽ മൂടിയ ചെറ്റകളും കൂടി മിനിഞ്ഞാന്ന് കോട്ടയാട്ട് ചെന്ന് മൂന്ന് കർഷകസത്രീകളുടെ ചാരിത്ര്യം നശിപ്പിച്ചിരിക്കുന്നു. യുവതികളായ മൂന്ന് സ്ത്രീകളെ അവർ പിടികൂടി. ആ വീട്ടിലെ മറ്റ് സ്ത്രീകളെ വലിച്ചിഴച്ച് അടുത്തുള്ള വേറൊരു വീട്ടിൽകൊണ്ടുപോയി അടച്ചു. പാവങ്ങളായ മൂന്ന് സ്ത്രീകളും വാവിട്ടുനിലവിളിക്കുന്നുണ്ടായിരുന്നു. ഘാതകന്മാരും മൃഗപ്രായരും ഖദറിൽ മൂടിയവരുമായ ആ തെമ്മാടികൾ സാധുസ്ത്രീകളെ പിടികൂടി. നിലവിളി പുറത്തുകേൾക്കാതിരിക്കാൻ വായിൽ തുണി ചുരുട്ടിത്തിക്കിക്കയറ്റി അവരെ തള്ളിയിട്ട് മൃഗീയമായി എല്ലാ പിശാചുക്കളും ചാരിത്ര്യഭംഗം ചെയ്തു. ഒരു സ്ത്രീക്ക് ബോധക്കേടുവന്നു. അവരെല്ലാം കെ.പി.സി.സി അന്വേഷണക്കോടതി മുമ്പാകെ തെളിവു കൊടുക്കാൻ തയ്യാറാണ്. വീണ്ടും എം.എസ്.പി. ഇന്നലെ വൈകുന്നേരം അതേ വീട് പരിശോധിച്ച് സ്ത്രീകളെ വന്ന് അന്വേഷിച്ചു. പക്ഷേ ആരെയും കണ്ടില്ല’ ‐ ഈ വാർത്തയുമായി ബന്ധപ്പെട്ട് ദേശാഭിമാനിക്കെതിരെ ദീർഘനാൾ നീണ്ടുനിന്ന കേസുണ്ടായി. (അതുമായി ബന്ധപ്പെട്ട വിവരങ്ങൾ പാടിക്കുന്ന് രക്തസാക്ഷികളെക്കുറിച്ചുള്ള ഭാഗത്ത് വരാനുണ്ട്.)

ജയിൽമോചിതയായ കുഞ്ഞാക്കമ്മ പിന്നീട് മലബാറിലാകെ പാർട്ടിയുടെ പ്രചാരണയോഗങ്ങളിൽ അനുഭവവിവരണം നടത്തുകയുണ്ടായി. അവരോടൊപ്പം ചെറിയമ്മയും. ചെറിയമ്മ കരക്കാട്ടിടം നായനാരുടെ‐ ജന്മിയെന്നതിനപ്പുറം നാടുവാഴിതന്നെയായ നായനാരുടെ വീട്ടിലേക്ക്‐ വീട്ടിലേക്ക് കുടിയാന്മാരുടെ വീടുകളിൽനിന്ന് പാലും മോരും ശേഖരിച്ചെത്തിക്കുന്ന തൊഴിലാളിയായിരുന്നു. നാടുവാഴിത്തകാലത്ത് തൊഴിലാളിയല്ല, അടിമതന്നെ. ജന്മിയുടെ ആജ്ഞാനുവർത്തിയായ ചെറിയമ്മയ്ക്ക് നാട്ടിൽ നടന്നുകൊണ്ടിരിക്കുന്ന പുതിയ കാര്യങ്ങളെക്കുറിച്ചൊന്നുമറിയില്ലായിരുന്നു. രാജാപ്രത്യക്ഷ ദൈവതം എന്ന പോലെ അവർ ജന്മിയെ ദൈവമായി കണക്കാക്കി ആജ്ഞയ്‌ക്ക് കാത്തുനിൽക്കുന്നവരായിരുന്നു. ജന്മിക്കുവേണ്ടി എന്തുചെയ്യാനും തയ്യാർ. കർഷകസംഘം പ്രവർത്തകർ അവരെ സമീപിച്ച് അടിമത്വത്തിൽനിന്ന് മോചനംനേടണമെന്നാവശ്യപ്പെട്ടുവെങ്കിലും അവരും ബന്ധുക്കളും അത് പുച്ഛിച്ചുതള്ളി. കർഷകസംഘത്തിന്റെ ചില പ്രവർത്തകർ അതൊരു വെല്ലുവിളിയായി ഏറ്റെടുത്തു. ഒരുനാൾ അവർ തക്കംപാർത്തുനിന്നു. വീടുകളിൽനിന്ന് ജന്മിക്കായി പിരിച്ചെടുത്ത മോരുമായി പോവുകയായിരുന്നു അവർ. ആരോ ഉന്നംവെച്ച ഒരേറ്. പിന്നെ കാണുന്നത് മോരിൽ കുളിച്ച ചെറിയമ്മയെയാണ്. അപമാനിതയും കുപിതയുമായ അവർ കരക്കാട്ടിടം നായനാരുടെ അടുത്തെത്തി സങ്കടം ബോധിപ്പിച്ചു. ജന്മി പോലീസിൽ പരാതി നൽകിച്ചു. കമ്യൂ ണിസ്റ്റുകാർ മോരുകലം പൊട്ടിച്ചു. പിന്നീട് കൂട്ടബലാൽസംഗം ചെയ്തു എന്നാണ് പരാതി. നായനാർ എഴുതിച്ച പരാതിയിൽ ചുണ്ടൊപ്പുവെക്കുക മാത്രമാണ് ചെറിയമ്മ ചെയ്തത്. കേസ് കൂട്ടബലാൽസംഗം. പ്രതികൾ കർഷകസംഘം പ്രവർത്തകർ. കേസ് മുറുകി. ഊരിവരാൻ സാധ്യതയേയില്ലെന്ന അവസ്ഥയിൽ വക്കീലന്മാർ കയ്യൊഴിയുന്ന സ്ഥിതിയോളമെത്തി. ഐച്ചേരിയിലെ കർഷകസംഘം ഓഫീസിൽ എന്നും കൂടിയാലോചനകൾ. പരക്കേ അങ്കലാപ്പും.

അപ്പോഴാണ് പാർട്ടി പ്രവർത്തകനായ മരുതിയോടൻ ഒതേനൻ നമ്പ്യാർ ഒരു വഴി കണ്ടെത്തിയത്. രണ്ടണ പുടവയും നാലാളുമുണ്ടെങ്കിൽ ഒരു മാർഗമുണ്ട്. അമ്പതുവയസ്സോളമുള്ള ചെറിയമ്മയെ ഒതേനൻ സംബന്ധം കഴിക്കാൻ തീരുമാനിക്കുകയാണ്. അദ്ദേഹം ആവശ്യപ്പെട്ടതുപ്രകാരം നാലഞ്ചാളുകളെ സംഘം ഏർപ്പാടാക്കിക്കൊടുത്തു. പുടവയും വാങ്ങി. സംബന്ധം കഴിഞ്ഞു. ഒന്നിച്ചുപാർപ്പ് തുടങ്ങി. കുറച്ചുനാൾ കഴിഞ്ഞപ്പോൾ ഒതേനൻ നമ്പ്യാർ ചോദിക്കുകയാണ്, എന്തിനാ ചെറിയേ നമ്മളീ കേസും കൂട്ടോംകുറീമായിപ്പോകുന്നത്. നാട്ടുകാരെല്ലാം സംഘത്തിനൊപ്പമാണ്. അവരെയെല്ലാം വെറുപ്പിച്ചാൽ നമ്മൾക്കല്ലേ വിഷമം. പേടിത്തൊണ്ടനായ കരക്കാട്ടിടം നായനാരുണ്ടോ നമ്മളെ തിരിഞ്ഞുനോക്കുന്നു. ഇങ്ങനെ നിർദോഷമായിട്ടെന്നോണം തലയണമന്ത്രം. അത് ഫലിച്ചു.

അടുത്തപ്രാവശ്യം കേസിന് പോയ ചെറിയമ്മയക്കൊപ്പം ഒതേനൻ നമ്പ്യാരുമുണ്ടായിരുന്നു. തലശ്ശേരി കോടതിയിലാണ് കേസ്. തന്നെ ആരും ബലാൽസംഗം ചെയ്തിട്ടില്ലെന്നും കരക്കാട്ടിടം നായനാർ പറഞ്ഞിട്ടാണ് കള്ളപ്പരാതി നൽകിയതെന്നും നായനാർ പറഞ്ഞ കാര്യങ്ങളാണ് മൊഴിയായി പറഞ്ഞതെന്നും ചെറിയമ്മ കോടതിയിൽ പറഞ്ഞു. എല്ലാ പ്രതികളെയും വെറുതെവിട്ട കോടതി ജന്മിക്കും ചെറിയമ്മയ്‌ക്കും ചെറിയ ശിക്ഷ നൽകി. കള്ളപ്പരാതി നൽകിയതിന്.

ഈ സംഭവത്തോടെ ചെറിയമ്മ കർഷകപ്രസ്ഥാനത്തിന്റെ പ്രവർത്തകയായി. ജന്മിത്തത്തിനെതിരെ അവർ സ്വന്തം ഗ്രാമത്തിൽ മാത്രമല്ല അയൽ ഗ്രാമങ്ങളിലും പോയി പ്രവർത്തിച്ചു. 1946‐ൽ കെ.പി.ആറിനെ ജയിൽ മോചിതനാക്കിയപ്പോൾ കെ.പി.ആറിന് സ്വീകരണംനൽകിയ വേദികളിലെല്ലാം കുഞ്ഞാക്കമ്മയും ചെറിയമ്മയും പ്രസംഗകരായി ഉണ്ടായിരുന്നു. ഒന്നാം പാർലമെന്റ് തിരഞ്ഞെടുപ്പിൽ എ.കെ.ജി.യോടൊപ്പം കുഞ്ഞാക്കമ്മയും ചെറിയമ്മയും പ്രചാരണ പര്യടനം നടത്തുകയുണ്ടായി.

ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

14 − ten =

Most Popular