മനുഷ്യനും പ്രകൃതിയും തമ്മിലുള്ള ബന്ധം ഇഴചേർന്ന് നിൽക്കുന്നതിനുപകരം മനുഷ്യൻ പ്രകൃതിയിൽ നിന്ന് അകന്ന് ഭൂമിയെ വികലമാക്കുകയും പ്രകൃതിയെ പുറത്താക്കി വാതിലടയ്ക്കുകയും ചെയ്യുന്ന കാലത്താണ് നാം ജീവിക്കുന്നത്. വികസനവഴികളിൽ പ്രകൃതിയെ മറന്നു പോകുന്നു. പ്രകൃതിയെ ജീവിതത്തിന്റെ ഭാഗമായി തിരിച്ചറിയുവാനും പ്രകൃതിയുമായുള്ള ബന്ധം ആഴത്തിൽ നമ്മെ ഓർമ്മപ്പെടുത്തുന്ന സർഗാത്മക രചനകൾ എഴുത്തായും വരയായും സിനിമയായും സംഗീതമായുമൊക്കെ നാം അനുഭവിച്ചറിയുമ്പോഴും പ്രകൃതിയുടെ തേങ്ങൽ നാം കേൾക്കുന്നു, കാണുന്നു. നിശബ്ദതയിലും കേൾക്കുന്ന ഈ തേങ്ങലാണ് ഇവിടെ ചിത്ര ഭാഷയായി രണ്ട് ചിത്രകാരന്മാർ നമുക്ക് കാട്ടി തരുന്നത്. നമ്മുടെ ചുറ്റുപാടുകളിൽ നിന്നും നിറക്കൂട്ടുകളിൽ നിന്നു മാണ് മനുഷ്യരെയും പ്രകൃതിയെയും പുതിയൊരു കാഴ്ചയായി.ചിത്രതലത്തിലേക്ക് ആവാഹിച്ചിരിക്കുന്നത് എന്നാണ് ഈ കലാകാരന്മാർ പറയുന്നത്. മണ്ണുമായുള്ള മനുഷ്യന്റെ ബന്ധം അവനെ മനുഷ്യത്വമുള്ളവനാക്കി നിലനിർത്തുന്നതെന്നും ഇവർ കൂട്ടിച്ചേർക്കുന്നു.
തിരുവനന്തപുരം കോളേജ് ഓഫ് ഫൈൻ ആർട്സില്‍ നിന്ന് പഠനം കഴിഞ്ഞ് കേന്ദ്ര പുരാവസ്തു വകുപ്പിൽ ചിത്രകാരനായി ജോലി ചെയ്തിരുന്ന എസ് വിപിന ചന്ദ്രൻ ചിത്രകലാ രംഗത്ത് കൂടുതൽ സജീവമാകുന്നത് വിരമിച്ചതിന് ശേഷമാണ്. യഥാതഥമായി വസ്‌തുക്കളെ ലഘൂകരിച്ച് പുതിയൊരു കാഴ്ചാനുഭവമാക്കിയാണ് തന്റെ രചനകൾ ഈ പ്രദർശനത്തിൽ ഒരുക്കിയിട്ടുള്ളത്. മറ്റൊരർത്ഥത്തിൽ അത്യഗാധമായ വർണ്ണാനുഭവങ്ങളെ ശാന്തമായ ഉൾക്കാഴ്ചയെ ആവാഹിച്ചവതരിപ്പിക്കുകയാണ് ഇദ്ദേഹം. കലാത്മകത ജീവിത സമീപനമാണെന്ന വസ്തുതയിലൂന്നി നിന്ന കലാവിഷ്കാരങ്ങളാണ് വിപിനചന്ദ്രന്റെത്. ജലസമൃദ്ധമായ പുഴയും, മരങ്ങളും, പൂക്കളും, ആകാശവുമൊക്കെ ജ്യാമതീയ രൂപമാതൃകകളിലൂടെയാണ് അവതരിപ്പിച്ചിട്ടുള്ളത്.
ജലച്ചായ രചനകളിലെ പ്രകൃതി ദൃശ്യങ്ങളിലും ഈയൊരു സ്വഭാവമാണ് ഉൾക്കൊള്ളുന്നത്. പെയിന്റിങ്ങുകളോടൊപ്പം മൂന്ന് നാല് ശില്പങ്ങളും വിപിനചന്ദ്രൻ പ്രദർശനത്തിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ചിത്രങ്ങളോട് ചേർന്നു നിൽക്കുന്ന ശൈലി സങ്കേതങ്ങളിലൂടെ കരിങ്കല്ല് മാധ്യമമാക്കിയ ശില്പങ്ങളും പെയിന്റിങ്ങുകളോടൊപ്പം ആസ്വാദകരുടെ ശ്രദ്ധആകർഷിക്കുന്നവയായിരുന്നു. തിരുവനന്തപുരം വൈലോപ്പിള്ളി സംസ്കൃതി ഭവനിലെ ലളിതകലാ അക്കാദമി ഗ്യാലറിയിലായിരുന്നു വിപിനചന്ദ്രന്റെ ഏകാങ്ക ചിത്രപ്രദർശനം നടന്നത്.
കലാധ്യാപകനായും കലാസംവിധായകനുമായി പ്രകൃതി ബാബുവിന്റെ പുതിയ പെയിന്റിങ് കളുടെ പ്രദർശനം തിരുവനന്തപുരം മ്യൂസിയം ഗ്യാലറിയിലാണ് സംഘടിപ്പിച്ചത്. വിപിനചന്ദ്രന്റെ ചിത്രങ്ങൾ യഥാതഥമായ കാഴ്ചകളുടെ രൂപ പരിണാമ സ്വഭാവമാണ് പ്രകടമാക്കുന്നതെങ്കിൽ പ്രകൃതി ബാബുവിന്റെ ചിത്രങ്ങളുടെ പൂർണ്ണത യഥാതഥമായ രൂപ മാതൃകകളുടെ ആവിഷ്കാരങ്ങളാണ്. നമ്മുടെ ചുറ്റുമുള്ള പ്രകൃതിക്കാഴ്ചകളും / മനുഷ്യരൂപങ്ങളുമാണ് ബാബു ചിത്രങ്ങൾക്ക്. വിഷയമാക്കിയിട്ടുള്ളത്. കലാസ്രോതസ്സിന്റെ ഉറവിടമായ പ്രകൃതിയിൽ മനുഷ്യ ജീവിത സാകല്യത്തിന്റെ അന്വേഷണം ബാബുവിന്റെ ചിത്രങ്ങളിൽ ദർശിക്കാവുന്നതാണ്. പ്രകൃതിയുടെ/സൗന്ദര്യ തികവിലാണ് ബാബു കൂടുതൽ ശ്രദ്ധിക്കുന്നത്. മനുഷ്യ മുഖങ്ങളുടെ ഭാവതലങ്ങൾ, പക്ഷേ മൃഗാദികളും പ്രകൃതിയുമായുള്ള ഇഴ ചേരൽ ഇവയൊക്കെചേരുന്ന ലാവണ്യ മുഹൂർത്തങ്ങൾ ഉൾപ്പെടുന്ന വലിപ്പമുള്ള ചിത്രങ്ങളാണ് ബാബു പ്രദർശനത്തിൽ ഉൾപ്പെടുത്തിയിട്ടുള്ളത്. ആധുനിക കലാസങ്കേതങ്ങളുമായി ചേർന്നു നിൽക്കുന്ന ചില ചിത്രങ്ങളും ഒപ്പമുണ്ട്. പാരസ്പര്യത്തിന്റെയും സൗഹൃദത്തിന്റെയും സൗന്ദര്യത്മക ലോകത്തിലേക്ക് ആസ്വാദകരെ കൂട്ടിക്കൊണ്ടുപോകുന്ന പ്രദർശനങ്ങളായിരുന്നു ഇവ.
പ്രകൃതി വസ്തുക്കളെയും കാഴ്ചകളെയും ലഘൂകരിച്ച് രൂപങ്ങളെ ലളിതവത്കരിച്ചു കൊണ്ടാണ് വിപിനചന്ദ്രൻ തന്റെ ചിത്രതലങ്ങൾ സമ്പന്നമാക്കിയത്. ♦