Sunday, November 24, 2024

ad

HomeസിനിമPerfect days: ജീവിതം, കല, രാഷ്‌ട്രീയം

Perfect days: ജീവിതം, കല, രാഷ്‌ട്രീയം

അഖിൽ എം എസ്‌

28‐ാമത്‌ അന്താരാഷ്‌ട്ര ചലച്ചിത്രമേളയിൽ പ്രദർശിപ്പിച്ച ജാപ്പനീസ്‌ ചലച്ചിത്രം ‘Perfect days’ ജപ്പാന്റെ ആധുനിക ജീവിതത്തിലേക്കുള്ള അന്വേഷണമാണ്‌. 123 മിനുട്ട്‌ ദൈർഘ്യമുള്ള ഈ ചലച്ചിത്രം പൊതു ശൗചാലയങ്ങൾ വൃത്തിയാക്കുന്ന ‘ഹിരായാമ’ എന്ന വ്യക്തിയുടെ ജീവിതത്തിലൂടെയുള്ള ഒരു യാത്രയാണ്‌. ആധുനിക ജപ്പാന്റെ സാമൂഹ്യമുഖമുള്ള പ്രമേയത്തിനനുസൃതമായി ക്രമീകരിക്കാനും അതിന്റെ ആഴങ്ങളെയും സാമൂഹിക യാഥാർഥ്യങ്ങളെയും കഥയുടെ ഘടനയിൽ ഒതുക്കി ചിത്രീകരിച്ച്‌ ഫലിപ്പിക്കാനും സംവിധായകനായ Wim Wendersന്‌ കഴിഞ്ഞു.

ജപ്പാൻ ജീവിതദർശനങ്ങളിൽ സെൻ ബുദ്ധമതങ്ങൾക്കുള്ള സ്വാധീനം‐ തികച്ചും സമാധാനപരമായ ഒരു ഉൾക്കാഴ്‌ച‐ സമൂഹം എന്ന നിലയിൽ ആർജിച്ചെടുക്കാൻ അവരെ സഹായിച്ചിട്ടുണ്ട്‌.

രണ്ടാംലോക യുദ്ധാനന്തരം സംഭവിച്ച ദുരിതങ്ങളെ മറികടക്കാൻ മിനിമലിസവും ഈ ലളിതജീവിതവും അവരെ സഹായിച്ചിട്ടുണ്ട്‌. ജപ്പാന്റെ വികസിതമുഖം എന്നത്‌, കാലാകാലങ്ങളായി അവർ തുടർന്നുവരുന്ന ചിട്ടയായ ജീവിതരീതികളുടെയും ഉൽപാദനമേഖലയിൽ, തൊഴിൽമേഖലയിൽ പുലർത്തുന്ന അച്ചടക്കവുമാണ്‌. ഈ ചലച്ചിത്രം, ‘ഏഷ്യ’യുടെ സാമൂഹിക രാഷ്‌ട്രീയ അന്തരീക്ഷത്തെയും വ്യക്തിയുടെ ആന്തരിക ജീവിതസാധ്യതകളെയും തുറന്നിടുന്നു.

പൊതുനിരത്തുകളിലെ കക്കൂസുകൾ വൃത്തിയാക്കുന്ന അയാളുടെ വ്യക്തിത്വം ജപ്പാന്റെ സാമൂഹികജീവിതത്തിൽ തൊഴിലിന്‌ നൽകുന്ന ബഹുമാനത്തെ സൂചിപ്പിക്കുന്ന നിരവധി സീനുകൾ ചിത്രത്തിലുണ്ട്‌. ഇവിടെ ഇന്ത്യയിലെ പോലെ തൊഴിലിന്റെ കാര്യത്തിൽ ഉയർന്നതെന്നോ, താഴ്‌ന്നതെന്നോ ഉള്ള വിഭജനമില്ല. തന്റെ ജീവിതത്തിൽ ഹിരായാമ പൂർണ സംതൃപ്‌തനാണ്‌. അയാളുടെ ഭൂതകാലങ്ങളിലേക്ക്‌ ഒരുവേള ചിത്രം സഞ്ചരിക്കുന്നുണ്ട്‌. സംഗീതവും പുസ്‌തകങ്ങളും അയാളെ നിരന്തരം സ്വാധീനിച്ചുകൊണ്ടിരിക്കുന്നു. മരങ്ങളുടെ ചിത്രങ്ങൾ പകർത്തി ഒരുവേള അയാൾ അതിൽ ആനന്ദം കണ്ടെത്തുന്നു. അങ്ങനെ ജീവിതത്തിന്റെ അതിസൂക്ഷ്‌മ ആനന്തങ്ങളിലേക്കും അതിലെ വിസ്‌മയങ്ങളിലേക്കും ഒരു മനുഷ്യൻ എന്ന നിലയിൽ അയാൾ സഞ്ചരിക്കുന്നു.

ചിത്രത്തിന്റെ ഒരു പ്രധാന പ്രത്യേകത സംഭാഷണത്തിനപ്പുറം ദൃശ്യസംവേദനത്തിന്റെ സാധ്യത സംവിധായകൻ തുറന്നിട്ടതാണ്‌. ഭാഷയെ അപ്രസക്തമാക്കുന്ന, ചലച്ചിത്ര ഫ്രെയിമുകൾ കൊണ്ട്‌ പെർഫെക്ട് ഡെയ്‌സ്‌ വേറിട്ടുനിൽക്കുന്നു. മൂന്നാംലോക രാജ്യങ്ങളുടെ വ്യഥ ജപ്പാൻ പേറുന്നില്ല. എന്നാൽ വൻ നഗരങ്ങളിൽ നിരന്തരം തൊഴിലുമായി ഏറ്റുമുട്ടിക്കൊണ്ട്‌ ജീവിക്കുന്ന മനുഷ്യന്റെ പ്രക്ഷുബ്ധമായ മനസ്സ്‌ ഭൂഖണ്ഡങ്ങളുടെയും രാജ്യങ്ങളുടെയും അതിർത്തികളെ അപ്രസക്തമാക്കുന്നു.

സിനിമ, നിരവധി കഥാപാത്രങ്ങളാൽ അതിന്റെ, കഥയുടെ സാധ്യത പൂർത്തിയാക്കുന്നുണ്ട്‌. ലോകത്തെ ഏതൊരു മനുഷ്യനും തന്നെ പിടികൂടിയ മഹാവ്യസനങ്ങളുടെ ഭാരം ചുമക്കുമ്പോഴും അതിൽനിന്ന്‌ വിമോചിതനാകാനുള്ള ഒരു ദർശനം പെർഫെക്ട്‌ ഡെയ്‌സ്‌ അവശേഷിപ്പിക്കുന്നു. അത്രമേൽ അത്‌ ജീവിതത്തെ പ്രസക്തിയുള്ള അസാധാരണമായ അനുഭവമാക്കി മാറ്റുന്നു. എല്ലാത്തിന്റെയും അഭംഗി എന്ന നിർവചനത്തിനുമപ്പുറം മനുഷ്യനോട്‌ ചേർന്നു നിൽക്കുന്ന എന്തിന്റെയോ സൂചനയാകാമത്‌.

ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

1 × two =

Most Popular