Monday, May 6, 2024

ad

Homeപുസ്തകംമാർക്‌സിയൻ ചിന്തകളുടെ സത്ത

മാർക്‌സിയൻ ചിന്തകളുടെ സത്ത

പി ടി രാഹേഷ്

മനുഷ്യനെ തൊടുന്നതൊന്നും എനിക്കന്യമല്ല
ഐജാസ്‌ അഹമ്മദ്‌/വിജയ്‌ പ്രഷാദ്‌
ചിന്ത പബ്ലിഷേഴ്‌സ്‌
വില: 280/-

‘‘ഞാൻ ഒരുപാട് കാര്യങ്ങൾ വായിച്ചു, ഇപ്പോഴും ഒരുപാട് ആളുകളെ വായിക്കുന്നു. അവരുടെ ജോലിയോട് എനിക്ക് അനിഷ്ടമുണ്ട്. അവരുടെ രാഷ്ട്രീയത്തോട് എനിക്ക് അഗാധമായ അനിഷ്ടമുണ്ട്. ആ രചനകൾ സൃഷ്ടിക്കുന്ന രാഷ്ട്രീയത്തോട് എനിക്ക് അനിഷ്ടമുണ്ട്. എങ്കിലും ഞാൻ അവ വളരെ ചിട്ടയോടെ വായിച്ചു. അവർ പറയുന്നതെല്ലാം തെറ്റല്ല, നിങ്ങൾ ആരെയെങ്കിലും എതിർക്കാൻ പോകുകയാണെങ്കിൽ പോലും അവർ എന്താണ് ചിന്തിക്കുന്നത്, എന്തുകൊണ്ടാണ് അവർ അങ്ങനെ ചിന്തിക്കുന്നത് എന്നൊക്കെ വിശദമായി അറിയേണ്ടത്’’. – ബ്രിട്ടീഷ് ഇന്ത്യയിലെ മുസാഫർ നഗറിൽ ജനിച്ച ഐജാസ് അഹമ്മദ് എന്ന മഹാനായ ഒരു മാർക്സിസ്റ്റിന്റെ വാക്കുകളാണിത്. വിഭജനകാലത്ത് പാക്കിസ്ഥാനിലേക്ക് കുടിയേറുകയും, ഔപചാരിക വിദ്യാഭ്യാസത്തിനൊപ്പം, സമൂഹത്തിൽ നിന്നാകെ വിദ്യാഭ്യാസം നേടുന്ന പ്രക്രിയയിലൂടെ വളരുകയും, ഉറുദു സാഹിത്യത്തിലെ മികച്ച എഴുത്തുകാരനായി മാറുകയും ചെയ്ത ഐജാസ് അഹമ്മദ് ജീവിതാവസാനം വരെ തുടർന്ന അതിരുകളില്ലാത്ത ജീവിത വീക്ഷണത്തെ കുറിച്ചാണ് ചിന്ത പബ്ലിഷേഴ്സ് പുറത്തിറക്കിയ ഏറ്റവും പുതിയ പുസ്തകങ്ങളിൽ ഒന്നായ ‘മനുഷ്യനെ തൊടുന്നതൊന്നും എനിക്കന്യമല്ല’ സംസാരിക്കുന്നത്. ഐജാസ് അഹമ്മദും വിജയ് പ്രഷാദും തമ്മിലുള്ള ദീർഘ സംഭാഷണത്തിന്റെ വിവർത്തനം നടത്തിയിരിക്കുന്നത് ശില്പ ഷാജിയും, നിതീഷ് നാരായണനും ചേർന്നാണ്. ഇടതുപക്ഷ ചിന്തകളുടെ ആഴങ്ങൾ നന്നായി തിരിച്ചറിഞ്ഞ രണ്ടുപേരുടെ ദീർഘ സംഭാഷണങ്ങളിലൂടെ രചിക്കപ്പെട്ട ഈ പുസ്തകം സൈദ്ധാന്തികലോകത്തെ നവചലനങ്ങൾ അറിയാനും, മഹാനായ ഒരു ചിന്തകന്റെ ധൈഷണിക ജീവിതത്തെ അടുത്തറിയാനും നമുക്ക് സഹായകരമാവും.

രാഷ്ട്രീയ സംഘടനകളുടെ സെല്ലുകളിലൂടെ മാർക്സിസത്തിന്റെ ആഴമറിയുകയും, പാക്കിസ്ഥാനിലെ ഇടതുപക്ഷ മുന്നേറ്റത്തിലെ സജീവ പങ്കാളിയായി മാറുകയും ചെയ്ത ഐജാസ് അഹമ്മദ് അധികാരികളുടെ നോട്ടപ്പുള്ളിയായി മാറി. അദ്ദേഹത്തിന്റെ അഭിനിവേശങ്ങളായ കവിതയും രാഷ്ട്രീയവും ഐജാസ് പിന്നീട് കുടിയേറിയെത്തിയ അമേരിക്കയിലെ ന്യൂയോർക്കിലാകെ പൂത്തുലഞ്ഞു. ദക്ഷിണേഷ്യയിൽ നടക്കുന്ന അതിക്രമങ്ങൾക്കെതിരെ നിലപാടെടുക്കുകയും, പാക്കിസ്ഥാൻ ഫോറം എന്ന ജേണൽ തയ്യാറാക്കാൻ ഫിറോസ് അഹമ്മദിനൊപ്പം പ്രവർത്തിക്കുകയും ചെയ്തതും ഇക്കാലത്താണ്. ഉത്തരാധുനികതയും, പോസ്റ്റ് കൊളോണിയലിസവും, ഹിന്ദുത്വവും ഉദാരവൽക്കരണവും അമേരിക്കയും കേന്ദ്രീകരിച്ചുള്ള പുതിയ ലോകക്രമവും അവർ നയിക്കുന്ന ആഗോളവൽക്കരണവും സംബന്ധിച്ച വ്യത്യസ്ത മേഖലകളിലെ അന്വേഷണങ്ങളിലേക്ക് അദ്ദേഹം ചേക്കേറി. സംസ്കാരത്തോടും, സാഹിത്യത്തോടും ഉന്നതമായ മതിപ്പു പുലർത്തിയ ഐജാസ് മൂന്നാം ലോകത്തിന്റെ സംസ്കാരങ്ങൾ വിലയിരുത്തുന്നതിൽ വലിയ പങ്കുവഹിക്കുകയും, കരുത്തുറ്റ വിലയിരുത്തലുകളുമായി അദ്ദേഹത്തിന്റെ എഴുത്തുകൾ വികസിക്കുകയും ചെയ്തു. ഉത്തരാധുനികതയുടെയും, കൊളോണിയലിസത്തിന്റെയും കാതൽ മാർക്സിസത്തോടുള്ള നിഷേധമാണെന്ന് അദ്ദേഹം ലോകത്തോട് വിളിച്ചു പറഞ്ഞു. ഐജാസിന്റെ എക്കാലത്തെയും ക്ലാസിക് പുസ്തകമായ ‘ഇൻതീയറി’യുടെ രചനയും അതുണ്ടാക്കിയ അനുരണനങ്ങളും സംഭാഷണത്തിനിടയിലൂടെ നമുക്കിവിടെ വായിച്ചെടുക്കാനാവും. വായിക്കാത്ത എല്ലാവരേയും ആ പുസ്തകത്തിലേക്ക് അടുപ്പിക്കാൻ ഇതിലൂടെ കഴിയുന്നുണ്ട്. ഇൻതിയറി വായിക്കാനുള്ള താൽപ്പര്യം ഇതിലൂടെ എന്നിൽ മാത്രമാകില്ല ഉൽപ്പാദിക്കപ്പെട്ടിട്ടുണ്ടാവുക.

‘മാർക്സിനെ നിരാകരിക്കുകയെന്നാൽ മുതലാളിത്ത വ്യവസ്ഥിതിയേയും, മനുഷ്യരാശിയുടെ മേലുള്ള അതിന്റെ അമർത്തി പിടുത്തത്തേയും, മനസ്സിലാക്കാനുതകുന്ന ഏറ്റവും മികച്ച ഉപകരണങ്ങളുടെ ഒരു നിര തന്നെ നിരസിക്കുകയാണ്’ എന്ന ഈ മാർകിസ്റ്റ് ധിഷ്ണാശാലിയുടെ ഓർമ്മപ്പെടുത്തൽ തീവ്രവലതുപക്ഷ കാലത്ത് ജീവിക്കുന്ന മനുഷ്യരോടുള്ളതാണ്. ഉദാരവൽക്കരണത്തിന്റെയും ഹിന്ദുത്വത്തിന്റേയും ദ്രുതഗതിയിലുള്ള വളർച്ചയിൽ അന്ധാളിച്ച ഇന്ത്യയിലെ ഒരു തലമുറയാകെ രാജ്യത്തെ വലത് തീവ്ര വലതുപക്ഷ ഉദയത്തിന്റെ സ്വഭാവം വെളിപ്പെടുത്തുന്ന ഐജാസ് രചനകളിൽ അഭയം പ്രാപിച്ചത് അതുകൊണ്ടുതന്നെ സ്വാഭാവികമാണ്. തീവ്ര വലതുപക്ഷത്തിന്റെ വളർച്ചയെ ചരിത്രപരവും, കണിശവുമായ ഭാഷയിൽ വിശദീകരിക്കുന്ന അദ്ദേഹത്തിന്റെ വിടവ് നികത്താനാവുന്നതല്ല. വലിയ രാഷ്ട്രീയ കുഴപ്പം നില നിന്നിരുന്ന കാലത്ത് ഇന്ത്യയിലുടനീളം നടന്ന അദ്ദേഹത്തിന്റെ പ്രഭാഷണങ്ങൾ ഇപ്പോഴും ക്ലാസിക്കുകളായി തുടരുകയാണ്. പ്രഭാഷണം പോലെ തന്നെ ഈ ദീർഘസംഭാഷണവും ഒരു ക്ലാസിക്കാണ്. അതു കൊണ്ടു തന്നെ മാർക്‌സിസ്റ്റ്‌ വിദ്യാർത്ഥികൾക്കുള്ള പാഠപുസ്തകങ്ങൾക്കിടയിലെ ഒരു ക്ലാസിക്കായി ഈ പുസ്തകം മാറും.

ഫാസിസത്തിന് തൊഴിലാളികൾക്കിടയിലുള്ള ബഹുജനാടിത്തറ വർഗ്ഗപദവിയുമായി കെട്ടുപിണഞ്ഞതല്ല, മറിച്ച് വർഗ്ഗപരവും ജാതിപരവുമായ പീഡാനുഭവങ്ങളുമായി ബന്ധപ്പെട്ടതാണ്. ബാബറി മസ്ജിദ് തകർക്കപ്പെടുന്നതിന്റെ ദൃശ്യങ്ങളിൽ മിനാരങ്ങളുടെ മുകളിലേക്ക് കയറിയ ആളുകളാരാണ്? അവർ ഏതു വർഗ്ഗത്തിൽ പെട്ടവരാണ്, ഉന്നത വർഗ്ഗത്തിൽ നിന്നോ ജാതിയിൽ നിന്നോ വരുന്നവരല്ല. മുതലാളിത്തത്തിന്റെയും, ജാതി സമൂഹത്തിന്റെയും പരമമായ ഇരകളാണ് ആ മനുഷ്യർ. ഇത്തരത്തിൽ സ്വമേധയാ ചെയ്യുന്ന ഹിംസാത്മക പ്രവർത്തനങ്ങൾ അവർക്ക് ഒരു അധികാരവും നൽകുന്നു. ഒപ്പം തങ്ങളുടെ ദുർബല അവസ്ഥ മറികടന്നതായുള്ള മിഥ്യാ ധാരണയും. അവരെ സംബന്ധിച്ചിടത്തോളം അത് അവരുടെ മേന്മയുടെ പ്രകാശനമാണ്. കാരണം മറ്റൊരു തരത്തിലും അന്തസ്സ് തോന്നാനുള്ള മാർഗം അവർക്കുമുന്നിലില്ല. ഹിന്ദു എന്ന് വിളിക്കപ്പെടാനുള്ള അന്തസ്സ് അവർണർക്ക് നൽകപ്പെടുന്നതിനാൽ സംഘപരിവാരത്തിന് ഹിന്ദുയിസത്തിന്റെ പേരിൽ ഇതെല്ലാം ഉപയോഗപ്പെടുത്താം. വളരെ കൃത്യമായി ഇന്ത്യയിലേക്ക് കടന്നുവരുന്ന ഫാസിസത്തെക്കുറിച്ചാണ് ഐജാസ് അഹമ്മദ് സംസാരിക്കുന്നത്. ‘ഓരോ രാജ്യത്തിനും അത് അർഹിക്കുന്ന ഫാസിസം ലഭിക്കുന്നു’ എന്ന അദ്ദേഹത്തിന്റെ വിഖ്യാതമായ നിരീക്ഷണം ലോകത്തെമ്പാടുമുള്ള ഫാസിസത്തിന്റെ കടന്നു വരവിന്റെയും പ്രയോഗവൽക്കരണത്തിന്റെയും ചരിത്ര ചരിത്രപശ്ചാത്തലത്തിൽ മനസ്സിലാക്കാൻ നമുക്കിവിടെ കഴിയും. മതാത്മകതയുടെ പുതിയ ഇന്ത്യൻ സാഹചര്യത്തിലെ രാമക്ഷേത്ര നിർമ്മാണവും, അതിൽ പങ്കെടുക്കാനുള്ള ചിലരുടെ അമിതാവേശവും ഇതിന്റെ അടിസ്ഥാനത്തിൽ നമുക്ക് മനസ്സിലാക്കാനാവും.

ദളിത്, ആദിവാസി ന്യൂനപക്ഷ വിഭാഗങ്ങൾക്കെതിരായ സമൂഹത്തിന്റെ ഘടനാപരമായ അതിക്രമത്തെ ‘ക്രൂരതയുടെ സംസ്കാരം’ എന്നാണ് ഐജാസ് അഹമ്മദ് വിശേഷിപ്പിക്കുന്നത്. ന്യൂനപക്ഷത്തെ ഇല്ലാതാക്കാൻ ഇസ്രയേലി സയണിസ്റ്റ് ഭീകരന്മാർക്ക് നാസിസം യഥാർത്ഥ മാതൃകയായതുപോലെ, ഇന്ത്യയിൽ സംഘപരിവാർ സ്വീകരിക്കുന്ന വർഗീയതയുടെ മറവിൽ ദളിതർക്കെതിരായ അതിക്രമം വേണ്ടത്ര ശ്രദ്ധ ലഭിക്കാതെ പോകുകയാണെന്ന് അദ്ദേഹം പറയുന്നു. ഇന്ത്യയിൽ ചരിത്രപരമായി സ്വത്തിനുമേൽ ഉടമസ്ഥാവകാശം ഉള്ള വർഗ്ഗങ്ങൾക്കും, ഉന്നത ജാതികൾക്കും കൈമുതലായുള്ള ഈ സംസ്കാരം ഇക്കാലത്ത് വളരെ പ്രസക്തമാണ്. ഈ സംസ്കാരം ഏറ്റവും മൂർത്തമായ രീതിയിൽ പുറത്തുവരുന്ന കാലമാണിത്. ആർഎസ്എസിന് നൂറ് വയസ്സ് പൂർത്തിയാകുന്ന സന്ദർഭത്തിൽ ഇന്ത്യയെ പൂർണ്ണമായും ഹിന്ദു രാഷ്ട്രമായി പ്രഖ്യാപിക്കാനുള്ള അവസാനഘട്ട ശ്രമത്തിന്റെ ഭാഗമായാണ് ‘ക്രൂരതയുടെ സംസ്കാരം’ അതിന്റെ എല്ലാ രൗദ്രഭാവത്തിലും പുറത്തെത്തുന്നത്. ലെനിൻ വിപ്ലവകരമായ ക്ഷമ എന്ന് വിശേഷിപ്പിച്ച പ്രത്യേകത ആർഎസ്എസിന് ഉള്ളതിനാലാണിത്.

ഫാസിസം എന്ന വാക്ക് ധാരാളം ഉപയോഗിക്കപ്പെടുന്നുണ്ടെങ്കിലും, ഫാസിസം എന്താണെന്ന് ശരിയായ ചർച്ചകൾ നടക്കുന്നില്ല. ഈ ആളുകൾ വർഗീയരാണ്, അതിനാൽ ഈ ആളുകൾ ഫാസിസ്റ്റുകളാണ് – ഈ രീതിയിൽ പക്ഷങ്ങൾ സ്വീകരിക്കപ്പെട്ടതിനാൽ ചർച്ച വെറും തർക്കമായി മാറുകയാണ്. അദ്ദേഹത്തിന്റെ ഇത്തരം ചില വിമർശനങ്ങൾ പാർട്ടിക്കെതിരായ വിമർശനങ്ങളായി മാറുകയും, കമ്മ്യൂണിസ്റ്റ് വിരുദ്ധർക്ക് ഉപയോഗിക്കാവുന്ന നന്നായി തീരുകയും ചെയ്തു സാഹചര്യത്തെക്കുറിച്ചും ഐജാസ് പറയുന്നുണ്ട്. അതിന്റെ ഭാഗമായി വളരെയധികം മുറിവേറ്റങ്കിലും, അതുകൊണ്ടുതന്നെ അങ്ങനെ ഉപയോഗിക്കപ്പെടാൻ ആഗ്രഹിക്കുന്നില്ല എന്നതിനാലും, എനിക്കെന്തെങ്കിലും വിമർശനം ഉണ്ടെങ്കിൽ അത് പാർട്ടിയെ നേരിട്ട് അറിയിക്കാറാണ് പിന്നീടെന്ന് അദ്ദേഹം സൂചിപ്പിക്കുന്നുമുണ്ട്. കമ്മ്യൂണിസ്റ്റ് പാർട്ടികൾ എന്താണ് ചെയ്യേണ്ടതെന്ന് പഠിപ്പിക്കാൻ ശ്രമിക്കുന്നവരിൽ ഒരാളായി മാറാതിരിക്കുക എന്നത് എന്റെ ഉറച്ച നിലപാടാണ് എന്നദ്ദേഹം അടിവരയിടുന്നുണ്ട്. അത്തരം സമരങ്ങളിൽ കമ്മ്യൂണിസ്റ്റുകാരുടെ യഥാർത്ഥ പങ്കിനെ കുറിച്ച് എനിക്ക് എന്തെങ്കിലും പറയാനുണ്ടെങ്കിൽ ഞാൻ അത് അവരോട്, അല്ലെങ്കിൽ എന്നോട് സംസാരിക്കാൻ താല്പര്യമുള്ളവരോട് പറയും. വർത്തമാന ലോകത്തെ ഏറ്റവും മഹാനായ മാർക്സിസ്റ്റ് പണ്ഡിതനായി നിലനിൽക്കുമ്പോഴും അദ്ദേഹം സ്വീകരിച്ച ഈ രീതി എല്ലാവർക്കുമൊരു മാതൃകയാണ്.

ഒരു തലമുറ ഓരോ സംഭവത്തെക്കുറിച്ച് മാത്രമല്ല, ഘടനാപരമായ ലോകത്തെ മൊത്തത്തിൽ എങ്ങനെ കാണാമെന്നും, നമ്മുടെ കാലത്തെ മഹത്തായ പ്രക്രിയകളവുമായുള്ള ബന്ധത്തിൽ സംഭവങ്ങൾ എങ്ങനെ മനസ്സിലാക്കണം എന്നും പഠിപ്പിക്കുകയാണ് ഐജാസ് അഹമ്മദ് ജീവിതത്തിലുടനീളം ചെയ്തത്. തന്റെ ജീവിത കാലം മുഴുവൻ ചരിത്രത്തിന്റെ യഥാർത്ഥ ചലനം മനസ്സിലാക്കാനും, തീർച്ചയായും ചരിത്രത്തിന്റെ യഥാർത്ഥ ചലനം സോഷ്യലിസത്തിലേക്കുള്ള മനുഷ്യരാശിയുടെ ചലനമാണെന്ന് പഠിപ്പിക്കാനും ശ്രമിച്ച ഐജാസ് അഹമ്മദ് പകരം വെക്കാനില്ലാത്ത പ്രതിഭയാണ്. ലോകത്തായാകെ ചിന്തിപ്പിച്ച ഐജാസിന്റെ അഭാവം നികത്താൻ മൂർച്ചയേറിയതും അദ്ദേഹത്തിന്റെ വ്യക്തയുള്ളതുമായ എഴുത്തുകളിലൂടെ തന്നെയാണ് കഴിയുക. ‘ഹിന്ദു ഇന്ത്യയ്ക്ക് പ്രത്യേകമായുള്ള രാഷ്ട്രീയ, മത, സാമൂഹിക ചരിത്ര സാഹചര്യങ്ങൾ കൃത്യമായി മനസ്സിലാക്കാനായില്ലെങ്കിൽ ഫാസിസത്തിന്റെ ആർഎസ്എസ് ബ്രാൻഡിനെക്കുറിച്ച് നിങ്ങളെ അതൊന്നും പഠിപ്പിക്കില്ല’ എന്ന സ്ഫടികസമാനമായ നിരീക്ഷണം പുതിയ ഇന്ത്യയിൽ നമുക്ക് ജീവിക്കാനും പൊരുതാനുള്ള ദിശാബോധമാണ് നൽകുന്നതാണ്. അദ്ദേഹത്തിന്റെ മറ്റെല്ലാ രചനകളും തേടിപ്പിടിച്ച് വായിക്കാനുള്ള വെഗ്രതതയിലേക്ക് നമ്മളെ എത്തിക്കുന്ന രീതിയാണ് ഈ പുസ്തകം സ്വീകരിക്കുന്നത്. ഐജാസിനെ വായിക്കുക എന്നത് ജീവിക്കുന്ന ലോകത്തെ തിരിച്ചറിയാനും, വലതുപക്ഷ സമൂഹത്തിൽ ജീവിക്കാനുള്ള വഴി അന്വേഷിക്കാനും നമ്മളെ സഹായിക്കും. അതിലൂടെ കണ്ടെത്തുന്ന നിങ്ങളുടെ രാഷ്ട്രീയ ധാരണകൾക്ക് വ്യക്തത വരുത്താനും, കരുത്തുപകരാനും ഈ ദീർഘ സംഭാഷണത്തിന്റെ പുസ്തകം വെളിച്ചമാകും.

ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

eleven − 3 =

Most Popular